Wednesday, 11 January 2017

ആത്മീയതയിൽ


ആത്മീയതയിൽ സാധ്യമല്ലാത്തതായി ഒന്നുമില്ല.  ആത്മീയതയിൽ വന്നിട്ട് പലതും സാധ്യമാക്കുന്നില്ലങ്കിൽ അതിനർത്ഥം നാം പലതിനെയും ഇനിയും പിടി വിട്ടിട്ടില്ല എന്നല്ലേ? നമ്മുടെ ഗുരുക്കൻമാർ ആത്മീയതയുടെ വീരശൃoഗങ്ങൾ കയറി പോയത് വെറും കൈയോടെയാണ്. അപ്പോൾ അവർക്ക് എല്ലാം സാധ്യമായി.

എന്റെ മാർഗ്ഗ ബന്ധു ആരാണ്? എന്റെ സാധനാ യാത്രയിൽ എന്നോടോപ്പം യാത്ര ചെയ്യുന്നവർ അല്ലേ? അവരല്ലേ എന്റെ യഥാർത്ഥ ബന്ധു. ആ ബന്ധം എന്നിൽ പൂർണ്ണ വൈരാഗ്യം തരുന്നു എങ്കിൽ എനിക്ക് ഒരുപരിധി വരെ ഗുണം ചെയ്യും. എന്റെ സാധനാ യാത്രയ്ക്ക് ഗുണമില്ലാത്തവരുമായുള്ള ബന്ധം സാധനാ മനസ്സിന് ചലനം സൃഷ്ടിക്കുന്നു എങ്കിൽ ആ ബന്ധം സാധനാ ജീവിതത്തിൽ ഗുണം ചെയ്യുമോ?

സ്വന്തം മാതാവ് സാധനാ ജീവിതത്തിൽ തടസ്സമെങ്കിൽ മനസ്സുകൊണ്ട് അകൽച്ച ആകാം. അതിൽ ധർമ്മ വിരുദ്ധം ഒന്നും തന്നെ ഇല്ല. കാരണം സാധനയ്ക്ക് തടസ്സമായി നിൽക്കുന്നവർ അല്ലേ അധർമ്മികൾ....

കടപ്പാട്  ഗുരുപരമ്പരയോട്

ഭഗവദ്ഗീത( part 19)

അദ്ധ്യായം മൂന്ന് :  കര്മ്മയോഗം

ശ്ലോകം 36,37

അര്ജ്ജുന ഉവാച:

അഥ കേന പ്രയുക്തോ ഽ യം
പാപം ചരതി പുരുഷഃ
അനിച്ഛന്നപി വാര്ഷ്ണേയ
ബലാദിവ നിയോജിതഃ

ശ്രീ ഭാഗവാനുവാചഃ
കാമ ഏഷ ക്രോധ ഏഷ
രജോഗുണസമുത്ഭവ
മഹാശനോ, മഹാപാപ്മാ
വിദ്ധ്യേനമിഹ വൈരിണം

അര്ഥം :

അല്ലയോ വൃഷ്ണി വംശജനായ കൃഷ്ണ, കാര്യം ഇപ്രകാരമാണെങ്കില് എന്തു കാരണത്താല് പ്രേരിതനായിട്ടാണ് ,ഈ പുരുഷന് , താന് ഇച്ഛിക്കുന്നില്ലെങ്കിലും നിര്ബന്ധമായി നിയോഗിക്കപ്പെട്ടവനെ പോലെ, പാപകര്മ്മത്തെ ചെയ്യാന് ഇടയാകുന്നത്?

ഇതു രജോഗുണത്തില് നിന്നുണ്ടായ കാമം (ആശ) ആകുന്നു. ഈ കാമം തടയപ്പെട്ടാല് ക്രോധമായി മാറുന്നു. ഭക്ഷിക്കുന്തോറും അടങ്ങാതെ പെരുകുന്നതും അതു നിമിത്തം ഏതു പാപം ചെയ്യാനും പ്രേരണ നല്കുന്നതുമായ ഈ കാമം ജീവിതത്തില് നമ്മുടെ ശത്രുവാണെന്നറിഞ്ഞാലും.

ഭാഷ്യം :

അര്ജ്ജുനന് ചോദിച്ചു: പ്രഭോ! നാം പലപ്പോഴും കാണുന്നത് പോലെ ജ്ഞാനികള് പോലും ഉന്നതമായ അവരുടെ അവസ്ഥയില് നിന്ന് നിലംപതിച്ച് തെറ്റായ മാര്ഗ്ഗത്തില് കൂടി ചരിക്കുന്നത് എന്തുകൊണ്ടാണ്?മോചനത്തിന്റെ മാര്ഗ്ഗം ഉള്പ്പെടെ എല്ലാ കാര്യങ്ങളും അറിവുള്ളവര് ഉല്പഥരായി പരധര്മ്മം ഏറ്റെടുക്കുന്നത് എന്തു കൊണ്ടാണ് ?അന്ധനായ ഒരുവന് നെല്ലും പതിരും വേര്തിരിക്കാന് കഴിയുകയില്ല. എന്നാല് വ്യക്തമായി കാഴ്ചയുള്ള ഒരാള് എങ്ങിനെയാണ് മതിമയങ്ങി ഭീകരമായ തെറ്റില് വീഴുന്നത്?

ലൗകികബന്ധങ്ങള് ഉപേക്ഷിച്ചവര് വീണ്ടും നൂതന ബന്ധങ്ങള് സൃഷ്ടിച്ച് എന്നും അതൃപ്തരായി കഴിയുന്നു. കാട്ടിലേക്ക് പോയവര് തിരിച്ചു നാട്ടിലേക്ക് വരുന്നു. എല്ലാറ്റില് നിന്നും പിന്മാറി പാപകരമായ കാര്യങ്ങള് നിശ്ശേഷം ത്യജിച്ചവര് , അറിഞ്ഞുകൊണ്ട് തന്നെ പാപ നിഷ്ഠമായ ജീവിതഗതിയിലേക്ക് വലിച്ചിഴക്കപ്പെടുന്നു. മടുപ്പ് തോന്നിയിട്ട് തള്ളികളയാന് ശ്രമിച്ച അതേ കാര്യങ്ങളില് അവര്ക്ക് ഉത്സാഹം തോന്നുകയും അതില് നിന്ന് രക്ഷപ്പെടാന് ശ്രമിക്കുന്തോറും അതു നിര്ദ്ദയമായി അവരെ പിന്തുടരുകയും ചെയ്യുന്നു. ഇപ്രകാരം വിദ്വാന്മാര് പോലും പാപത്തിനും ദുസ്വഭാവത്തിനും ബലിയാടുകളാകുന്നു. തെറ്റു ചെയ്യുന്നതിന് നമ്മെ നിര്ബന്ധിക്കുന്ന ഏതോ ഒരു ശക്തിയുണ്ട്. ക്രൂരമായ ആ ശക്തി ഏതാണു? എന്നോടു ദയവായി അതേപ്പറ്റിയെല്ലാം പറഞ്ഞാലും.

മനുഷ്യഹൃദയത്തിന് ആനന്ദം നല്കുന്നവനും ആശാരഹിതരായ യോഗികളുടെ ആശാകേന്ദ്രവുമായ പുരുഷോത്തമന് പറഞ്ഞത് എന്താണെന്ന് ശ്രദ്ധിക്കുക.

ഭാഗവാന് അരുളി ;”കാമവും ക്രോധവും കനിവിന്റെ സ്പര്ശം പോലും ഇല്ലാത്ത രണ്ടു മഹാവ്യാധികളാണ്. അവര് സംഹാരദേവതയെപ്പോലെയാണ് പ്രവര്ത്തിക്കുന്നത്. അവര് ജാഗ്രതയോടെ ജ്ഞാനത്തിന്റെ നിധി കാത്തു സുക്ഷിക്കുന്ന കരിമൂര്ഖന്മാരാണ്. ജ്ഞാനത്തിന്റെ നിധിയെടുക്കാന് ആഗ്രഹിക്കുന്നവരെ അവര് ദംശിച്ചു കൊല്ലും. പ്രാപഞ്ചിക സുഖങ്ങളുടെ താഴ്വരയില് വിഹരിക്കുന്ന വ്യാഘൃങ്ങളാണവര് .
അവര് കര്മ്മപഥത്തില് പതിയിരിക്കുന്ന കൊലയാളികളാണ്. ഭൗതികശരീരമാകുന്ന ദുര്ഗ്ഗം പടുത്തുയര്ത്താന് ഉപയോഗിച്ച പാറക്കല്ലുകളായ അവര് ദുര്ഗ്ഗത്തെ ചുറ്റി വലയം ചെയ്തിരിക്കുന്ന കിടങ്ങുകള് പോലെ ആത്മാവിനെ ഇന്ദ്രിയ സുഖങ്ങളുടെ തടങ്കലിലാകുന്നു.

അവര് പ്രപഞ്ചത്തിന് ഒരു ഭാരമാണ്. അവര് മനസ്സിന്റെ കുത്സിത പ്രവര്ത്തനങ്ങളില് നിന്നും ജന്മമെടുത്ത പിശാചുക്കളാണ്. അവരെ ഗ്രസിച്ചിരിക്കുന്നതു രജോഗുണമാണ്. അവരെ പരിപോഷിപ്പിക്കുന്നത് അജ്ഞതയാണ്. രജോഗുണത്തില് നിന്നാണ് ജന്മമെടുത്തതെങ്കിലും , അവരെ പോറ്റുന്നതും ലാളിക്കുന്നതും തമോഗുണമാണ്. തമോഗുണം അതിന്റെ സ്ഥിര സ്വഭാവമായ അഹങ്കാരവും അന്ധമായ രാഗ മോഹാദിഗുണങ്ങളും അവര്ക്ക് ദാനമായി കൊടുത്തിട്ടുണ്ട്. അവര് ജീവന് മൃത്യു വരുത്തുന്ന ശത്രുക്കളാകയാല് അവര്ക്കു മൃത്യുദേവന്റെ ആസ്ഥാനത്ത് വളരെയേറെ മതിപ്പുണ്ട്.

ഈ രാക്ഷസന്മാര്ക്ക് വിശക്കുമ്പോള് വിശ്വം മുഴുവന് ഒറ്റ ഉരുളയ്ക്കു മതിയാവില്ല. അവരുടെ പ്രവര്ത്തനങ്ങള് മുന്നോട്ട് കൊണ്ടു പോകുന്നത് പ്രത്യാശയുടെ സഹായത്തോടെയാണ്. പ്രത്യാശയുടെ ഇളയസഹോദരിയാണ് വ്യാമോഹം. അവള് കാമ ക്രോധാദികളുടെ ഉറ്റ ചങ്ങാതി. അവര് തമ്മില് എപ്പോഴും സമ്പര്ക്കം പുലര്ത്തുന്നത്കൊണ്ട് ലോകത്തെ മുഴുവന് അവര് അവരുടെ വിരല് തുമ്പില് നൃത്തമാടിക്കുന്നു.

കാമക്രോധങ്ങള് സത്യത്തിന്റെ ജഠരത്തില് അസത്യം കുത്തി നിറച്ചു കൗടില്യത്തിനു അംഗീകാരം ഉണ്ടാക്കികൊടുക്കുന്നു. അവര് മനസ്സമാധാനമാകുന്ന പതിവ്രതയെ അപഹരിച്ചെടുത്തിട്ട് തല്സ്ഥാനത്ത് അജ്ഞതയാകുന്ന കുലടയെ കുടിയിരുത്തി അവളുടെ ദുഷ്പ്രവര്ത്തികളില്ക്കൂടി അസംഖ്യം സജ്ജനങ്ങളെ കളങ്കപ്പെടുത്തുന്നു. വിശേഷജ്ഞാനത്തിന്റെ ശക്തിയെ അവര് നശിപ്പിക്കുകയും , വൈരാഗ്യത്തിന്റെ തോല്പൊളിക്കുകയും ആത്മനിയന്ത്രത്തിന്റെ കഴുത്ത് ഞെരിക്കുകയും ചെയ്യുന്നു.

സംതൃപ്തിയുടെ കാനനഛായയെ അവര് വെട്ടിത്തെളിക്കുകയും, സഹിഷ്ണുതയുടെ പ്രാകാരത്തെ ഇടിച്ചു നിരത്തുകയും ചെയ്യുന്നു. അവരുടെ അവര് ആത്മീയ ജ്ഞാനത്തിന്റെ മുളകളെ നുള്ളികളയുകയും സന്തോഷത്തിന്റെ പേര് പോലും തുടച്ചു നീക്കുകയും താപത്രയങ്ങളുടെ അഗ്നി മനുഷ്യ മനസ്സില് പടര്ത്തുകയും ചെയ്യുന്നു. അവര് ശരീരത്തോടൊപ്പം ജനിക്കുകയും ജീവനിലും ആത്മാവിലും ലയിച്ചിരിക്കുകയും ചെയ്യുന്നതിനാല് ബ്രഹ്മ ദേവന് പോലും അവരെ കണ്ടു പിടിക്കാന് സാദ്ധ്യമല്ല. അവര് ബുദ്ധിയുടെ സമീപം വസിക്കുന്നു. വിജ്ഞാനത്തോടൊപ്പം സ്ഥാനമാനങ്ങള് വഹിക്കുന്നതില് ആശ്വസിക്കുകയും ചെയ്യുന്നു. തന്മുലം ഒരിക്കല് സംക്ഷുബ്ധമായാല് അവരുടെ സഹാരപ്രവര്ത്തനം അനിയന്ത്രിതമായിത്തീരുന്നു.

അവര് ഒരു മനുഷ്യനെ വെള്ളമില്ലാതെ മുക്കിക്കൊല്ലും. അഗ്നിയില്ലാതെ ചാമ്പലാക്കികളയും. ഒരു വാക്ക് പോലും പറയാതെ നശിപ്പിക്കുകയും ചെയ്യും. അവര് ആയുധമില്ലാതെ ഒരുവനെ ഹിംസിക്കും; പാശമില്ലാതെ ബന്ധിക്കും; വാതു കെട്ടി വിദ്വാന്മാരെ കീഴടങ്ങാന് നിര്ബ്ബന്ധിതരാക്കും; അവര് ചെളിയില്ലാതെ ഒരുവനെ പൂഴ്ത്തിക്കളയും; വലയില്ലാതെ ഒരുവനെ കുടിക്കിലാക്കും; അവരുടെ കാഠിന്യം കൊണ്ട് അവര് ഒരിക്കലും പരാജിതരാവുകയില്ല. അവര് ഓരോരുത്തന്റെയുംയും അന്തര്ഭാഗത്തു വസിക്കുന്നത്കൊണ്ട് നാം അറിയുന്ന മറ്റോന്നിനേയും പോലെ നമുക്ക് അവരെ അറിയാന് കഴിയുന്നില്ല.

അദ്ധ്യായം മൂന്ന് :  കര്മ്മയോഗം
ശ്ലോകം 38, 39

ധുമേനാവ്രിയതേ വഹ്നിഃ
യഥാ ദര്ശോ മലേന ച
യഥോല്ബേനാവൃതോ ഗര്ഭഃ
തഥാ തേനേദമാവൃതം

ആവൃതം ജ്ഞാനമേതേന
ജ്ഞാനിനോ നിത്യവൈരിണാ
കാമരൂപേണ കൗന്തേയ
ദുഷപുരേണാനലേന ച

അര്ഥം :

അഗ്നിപുകയാലും കണ്ണാടി അഴുക്കിനാലും ഗര്ഭത്തിലുള്ള ശിശു ജരായുവാലും എപ്രകാരം മൂടപ്പെട്ടിരിക്കുന്നുവോ അപ്രകാരം ഇത്(ജ്ഞാനം) അതിനാല് (കാമത്താല്)മൂടപ്പെട്ടിരിക്കുന്നു.

അല്ലയോ കൗന്തേയ , എത്രയൊക്കെ അനുഭവിച്ചാലും തൃപ്തിവരാത്തതും , വിറകിടുന്തോറും കൂടുതല് കൂടുതല് കത്തിജ്വലിക്കുന്ന അഗ്നിയെ പോലെ അനുഭവിക്കുന്തോറും കൂടികൊണ്ടിരിക്കുന്നതും ജ്ഞാനിയുടെ നിത്യ ശത്രുവുമായ ഈ കാമത്താല് , ജ്ഞാനം (ആത്മാനുഭവം) മറയ്ക്കപ്പെട്ടിരിക്കുന്നു.

ഭാഷ്യം :

ഒരു സര്പ്പംചന്ദനമരത്തിന്റെ വേരില് ചുറ്റിയിരിക്കുന്നത് പോലെ , ഗര്ഭസ്ഥശിശുവിനെ പൊതിഞ്ഞിരിക്കുന്ന പിണ്ഡചര്മ്മം പോലെ , സുര്യന് കിരണങ്ങളില്ലാതെ നിലനില്പില്ലാത്തതു പോലെ , പുകയില്ലാതെ തീയില്ലാത്തത് പോലെ , പൊടിപിടിക്കാത്ത കണ്ണാടിയില്ലാത്തത് പോലെ ജ്ഞാനത്തെ കാമമില്ലാതെ ഒറ്റയ്ക്ക് നാം ഒരിക്കലും കാണുന്നില്ല. നല്ല വിത്താണെങ്കില് പോലും അത് ഉമികൊണ്ട് മൂടപ്പെട്ടിരിക്കുന്നു.

ജ്ഞാനം സഹജമായ രാഗദ്വേഷങ്ങളില്ലാത്തതാണെങ്കിലും കാമത്താലും ക്രോധത്താലും ആവരണം ചെയ്തിരിക്കുന്നത് കൊണ്ട് അതിന്റെ ഉള്ളറിയാന് കഴിയുന്നില്ല. കാമത്തെ കീഴടക്കിയെങ്കില് മാത്രമേ ഒരുവന് ജ്ഞാനം ലഭിക്കുകയുള്ളൂ. എന്നാല് രാഗദ്വേഷത്തെ അടക്കുക അസാദ്ധ്യമാണ്. അതിനെ നശിപ്പിക്കുന്നതിനായി ശാരീരികശക്തി സംഭരിച്ചാല് തന്നെയും ആ ശക്തി വിറകുഅഗ്നിയെ കൂടുതല് ജ്വലിപ്പിക്കുന്നത്പോലെ കാമക്രോധാദികളെ ഉദ്ദീപിപ്പിക്കുകയായിരിക്കും ചെയ്യുക




അദ്ധ്യായം മൂന്ന് :  കര്മ്മയോഗം

ശ്ലോകം 40,41,42, 43


ഇന്ദ്രിയാണി മനോബുദ്ധിഃ

അസ്യാധിഷ്ഠാനമുച്യതേ

ഏതൈര്വിമോഹയത്യേഷഃ

ജ്ഞാനമാവൃത്യ ദേഹിനം.


ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഈ കാമത്തിന്റെ ഇരിപ്പിടമെന്ന് പറയപ്പെടുന്നു. ഈകാമം ഇന്ദ്രിയങ്ങളെ ആശ്രയിച്ചു ആത്മാനുഭവത്തെ മറച്ചുകൊണ്ട് ജീവനെ പലവിധത്തില് മോഹിപ്പിക്കുന്നു.


തസ്മാത് ത്വമിന്ദ്രിയാണ്യാദൗ

നിയമ്യ ഭരതര്ഷഭ

പാപ്മാനം പ്രജഹി ഹ്യേനം

ജ്ഞാനവിജ്ഞാനനാശനം


ഹേ ഭരതശ്രേഷ്ഠ, അതുകൊണ്ട്നീ ഇന്ദ്രിയങ്ങളെ ആദ്യംതന്നെ നിയന്ത്രിച്ചിട്ടു ആത്മജ്ഞാനത്തേയും ശാസ്ത്രവിജ്ഞാനത്തേയും നശിപ്പിക്കുന്നതും പാപ രൂപമായിരിക്കുന്നതുമായ ഈ കാമത്തെ നശിപ്പിക്കുക.


ഇന്ദ്രിയാണി പരാണ്യാഹുഃ

ഇന്ദ്രിയേഭ്യഃ പരം മനഃ

മനസസ്തു പരാബുദ്ധിഃ

യോ ബുദ്ധേഃ പരസ്തു സഃ


ദേഹാദികളേക്കാള് ഇന്ദ്രിയങ്ങളും ഇന്ദ്രിയങ്ങളേക്കാള് മനസ്സും മനസ്സിനേക്കാള് ബുദ്ധിയും ശ്രേഷ്ഠമാകുന്നു എന്ന് വിദ്വാന്മാര്പറയുന്നു. എന്നാല് ബുദ്ധിയേക്കാള് ശ്രേഷ്ഠമായത് ഏതോ , അത് അവന് (ആത്മാവ്)ആകുന്നു.


ഏവം ബുദ്ധേ പരം ബുദ്ധ്വാ

സംസ്തഭ്യാത്മാനമാത്മനാ

ജഹി ശത്രും മഹാബാഹോ

കാമരൂപം ദുരാസദം


അല്ലയോ അര്ജ്ജുന, ഇപ്രകാരം ബുദ്ധിയേക്കാള് ശ്രേഷ്ഠമായി ആത്മാവിനെ അറിഞ്ഞിട്ട് നിശ്ചയാത്മകമായ ബുദ്ധികൊണ്ട് മനസ്സിനെ അടക്കി ജയിപ്പാന് പ്രയാസമായ കാമരൂപമായ ശത്രുവിനെ ഹനിച്ചാലും.


ഭാഷ്യം :


അര്ജ്ജുന, കാമങ്ങളെ കീഴടക്കാന് പ്രയോഗിക്കുന്ന ഉപായങ്ങളൊക്കെ അതിനെ ശക്തിപ്പെടുത്തുന്നതായിട്ടാണ് കാണുന്നത്. ഹഠയോഗികള്പ്പോലും കാമം കീഴടക്കുന്നു. ഇതിന്റെ പങ്കപ്പാടില് നിന്ന് രക്ഷപ്പെടാന് ഒരു വഴി മാത്രമേയുള്ളൂ. അതാനുഷ്ഠിക്കാനുള്ള ഉള്ക്കരുത്ത് നിനക്ക് ഉണ്ടെങ്കില് ഞാന് അത് വിശദീകരിച്ചു തരാം. കാമത്തിന്റെ ഇരിപ്പിടം എല്ലാ കര്മ്മങ്ങളുടേയും ഉത്ഭവസ്ഥാനമായ ഇന്ദ്രിയങ്ങളാണ്. അത് കൊണ്ട് നീ നിന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയാണ് വേണ്ടത്. അപ്പോള് നിന്റെ മനസ്സ് അലഞ്ഞു തിരിയാതെ ഒരിടത്ത് ഉറച്ചു നില്ക്കും. ബുദ്ധി സ്വതന്ത്രമാകും. കാമത്തിനും ക്രോധത്തിനും ലഭിച്ചിരുന്ന എല്ലാ അവലംബവും പിന്തുണയും ഇല്ലാതാകും. കാമവും ക്രോധവും നാമാവിശേഷമാകുമ്പോള് നിനക്ക് ആത്മജ്ഞാനം ഉണ്ടാവുകയും പരമാനന്ദം അനുഭവിക്കുകയും ചെയ്യും.


സഞ്ജയന് ധൃതരഷ്ട്രനോടു പറഞ്ഞു; മഹാരാജാവേ, ശ്രീകാന്തനായ ശ്രീകൃഷ്ണന്, പരിപൂര്ണ്ണരില് പരിപൂര്ണ്ണനായ ഭഗവാന്, ദേവാദിദേവനായ മഹാവിഷ്ണു അര്ജ്ജുനനോട് ഇപ്രകാരം പറഞ്ഞു.

ഇനിയും പുരാതനമായ ചില കഥകള് ഭഗവാന് അര്ജ്ജുനനോട് പറയും. അതു കേള്ക്കുമ്പോള് പാണ്ഡുപുത്രന് ചോദ്യങ്ങളും ചോദിക്കും. ഭഗവാന്റെ കാവ്യാത്മകമായ മറുപടി കേഴ്വിക്കാരെ ആനന്ദഭരിതരാക്കും.


നിവൃത്തിനാഥിന്റെ ശിഷ്യനായ ജ്ഞാനദേവന് അതു നിങ്ങളോട് പറയുന്നതായിരിക്കും. നിങ്ങളുടെ ധിഷണാശക്തിയെ ഉദ്ദീപിപ്പിക്കുക. ഭഗവാനും അര്ജ്ജുനനും തമ്മിലുള്ള മധുരതരമായ സംഭാഷണം കേട്ട് ആസ്വദിക്കുക.


ജ്ഞാനേശ്വരന് തന്റെ ശ്രോതാക്കളോട് പറഞ്ഞു.

ഓം തത് സത്


ഇതി ശ്രീമത് ഭഗവത്ഗീതാസു ഉപനിഷത്സു

ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ

ശ്രീകൃഷ്ണാര്ജ്ജുനസംവാദേ

കര്മ്മയോഗോ നാമ

തൃതീയോഽദ്ധ്യായഃ


കര്മ്മയോഗം എന്ന മൂന്നാം അദ്ധ്യായം കഴിഞ്ഞു.


**കടപ്പാട്  ഗുരുപരമ്പരയോട്**

Sunday, 8 January 2017

ഭഗവദ്ഗീത (part 18)

അദ്ധ്യായം മൂന്ന് :  കര്മ്മയോഗം

ശ്ലോകം 31, 32

യേ മേ മതമിദം നിത്യം
അനുതിഷ്ഠന്തി മാനവഃ
ശ്രദ്ധാവന്തോ അനസൂയന്തോ
മുച്ച്യന്തേ തേ പി കര്മ്മഭിഃ

യേ ത്വേതദഭ്യസൂയന്തോ
നാനുതിഷ്ഠന്തി മേ മതം
സര്വ്വജ്ഞാനവിമൂഢാംസ്താന്
വിദ്ധി നഷ്ടാനചേതസഃ

അര്ഥം :

ആരൊക്കെയാണോ എന്റെ വാക്കുകള് വിശ്വസിച്ച് എന്നില് ദോഷത്തെ ആരോപിക്കാതെ എന്റെ ഈ ഉപദേശത്തെ അനുസരിച്ചു നടക്കുന്നത്, അവര് ധര്മ്മാധര്മ്മങ്ങളായ സകല കര്മ്മങ്ങളില് നിന്നും മോചിതരാകുന്നു.

എന്നാല് ആരൊക്കെയാണോ എന്റെ ഈ നിര്ദ്ദേശം ദോഷ ദൃഷ്ടിയോട് കൂടി വീക്ഷിച്ച് അനുസരിക്കാതിരിക്കുന്നത്, അവര് വിവേകശൂന്യരും ബ്രഹ്മവിഷയമായും, കര്മ്മവിഷയമായുമുള്ള ജ്ഞാനത്തില് മൂഢന്മാരുമാണ്. അവരെ നശിച്ചു പോയവരായി ധരിച്ചു കൊള്ളൂക.

ഭാഷ്യം :

വ്യക്തമായ എന്റെ ഈ അനുശാസനങ്ങള് ബഹുമാനത്തോടെ അംഗീകരിക്കുകയും വിശ്വാസ്യതയോടെ അനുഷ്ഠിക്കുകയും ചെയ്യുന്നവര് എല്ലാ കര്മ്മങ്ങളുടെയും ബന്ധനത്തില് നിന്ന് മോചിതരായിത്തീരും. അതുകൊണ്ട് നിശ്ചിത ജോലികള് ശങ്കാവിഹീനം ചെയ്യേണ്ടത് നിന്റെ കര്ത്തവ്യമാണ്.

നേരെ മറിച്ചു മായാ മോഹത്തിന്റെ പിടിയില്പ്പെട്ടു ഇന്ദ്രിയങ്ങളുടെ അതിലാളനകള്ക്കു വിധേയരായി, എന്റെ ഉപദേശങ്ങളെ നിരാകരിക്കുകയോ അത് വെറും വീണ്വാക്കാണെന്നു പറഞ്ഞ് നിന്ദാപൂര്വ്വം പരിഹസിക്കുകയോ ചെയ്യുന്ന ഒരുവന്, കാമോന്മാദമാകുന്ന വീഞ്ഞിന്റെ ലഹരിയല് ഇന്ദ്രിയ വിഷയങ്ങളാകുന്ന വിഷം കൊണ്ട് അഭിഷിക്തനായി, അജ്ഞതയാകുന്ന ചെളിക്കുണ്ടില് പുതഞ്ഞുപോയിരിക്കുന്ന പാപാത്മാവാണ്. ഒരു പിണത്തിന്റെ കൈയ്യില്വെയ്ക്കുന്ന രത്നം ഉപയോഗശൂന്യമാകുന്നത് പോലെ, ഒരന്ധന് പ്രഭാതകിരണങ്ങള് ആസ്വദിക്കാന് കഴിയാത്തത് പോലെ, ചന്ദ്രോദയം കൊണ്ട് കാക്കയ്ക്ക് ഒരു പ്രയോജനവും ഇല്ലാത്തത് പോലെ, മൂഢന്മാര്ക്ക് വിജ്ഞാനം വിവേചിച്ചറിയാന് പറ്റുകയില്ല. എന്റെ ഉപദേശങ്ങള്ക്ക് ഈ വിഡ്ഢികള് ചെവി കൊടുക്കുകയില്ല. പ്രത്യുത അതിനെ അപഹസിക്കുകയും ചെയ്യും. ഈയ്യാംപാറ്റയ്ക്ക് വിളക്കിന്റെ പ്രകാശം നേരിടാന് കഴിയുമോ?അതുപോലെ ഇതു സ്വാഭാവികം മാത്രമാണ്. ദീപത്തെ ആശ്ലേഷിക്കാന് ഒരുമ്പെടുന്ന ഈയ്യാംപാറ്റയേ ദീപം തന്നെ നശിപ്പിക്കുന്നത് പോലെ ഇന്ദ്രിയവിഷയങ്ങളുടെ സുഖാനുഭൂതിയില്പ്പെട്ടു ഈ വിഡ്ഢികള് സ്വയം നശിക്കുന്നു.

അദ്ധ്യായം മൂന്ന് :  കര്മ്മയോഗം

ശ്ലോകം 33

സദൃശംചേഷ്ടതേ സ്വസ്യാഃ
പ്രകൃതേര്ജ്ഞാനവാനപി
പ്രകൃതിം യാന്തി ഭൂതാനി
നിഗ്രഹഃ കിം കരിഷ്യതി.

അര്ഥം :

ആത്മജ്ഞാനി പോലും സ്വന്തം സ്വഭാവത്തിനനുരൂപമായിത്തന്നെ പ്രവര്ത്തിക്കുന്നു. എന്തെന്നാല് സകലപ്രാണികളും പ്രകൃതിയെ (പൂര്വ്വകര്മ്മ സംസ്കാരത്തിന്നധീനമായിരിക്കുന്ന സ്വഭാവത്തെ)അനുസരിക്കുന്നു. ഇന്ദ്രിയങ്ങളെയോ മനസ്സിനേയോ ബലാല് പിടിച്ചടക്കിയത് കൊണ്ട് എന്തു പ്രയോജനമാണ്?

ഭാഷ്യം :

ആകയാല് അങ്ങിനെയുള്ളവരോട് സംസാരിക്കുന്നതിനുകൂടി ഇടയാകരുത്. ജ്ഞാനികള് നേരമ്പോക്കിനായിട്ടു പോലും ഇന്ദ്രിയ വിഷയങ്ങളെ താലോലിക്കരുത്. ഒരുവന് സര്പ്പത്തിനോടൊപ്പം സുരക്ഷിതമായി വിഹരിക്കുവാന് കഴിയുമോ? ഒരു വ്യാഘൃത്തിനോടൊപ്പം സുരക്ഷിതമായി വിഹരിക്കാന് കഴിയുമോ? ഒരു വ്യാഘ്രത്തിനോട് മമത കാണിച്ചുവിജയിക്കുവാന് പറ്റുമോ? മാരകമായ വിഷംകഴിച്ചു ദഹിപ്പിക്കാമോ? തമാശക്കുവേണ്ടി കത്തിച്ച തീയാണെങ്കിലും അതു പടര്ന്നുപിടിക്കാന് ഇടയായാല് അനിയന്ത്രിതമായിത്തീരും. അത്പോലെ ഇന്ദ്രിയങ്ങളെ അതിന്റെ ഇഷ്ടത്തിനു വിട്ടാല് അത് ദുരന്തം വരുത്തിവയ്ക്കും.

പ്രകൃതിയുടെ കാരുണ്യത്തിലാണ് ശരീരത്തിന്റെ നിലനില്പ്പ്. പിന്നെ എന്തിനാണ് ശരീരത്തിനു വിവിധതരത്തിലുള്ള ആനന്ദാനുഭൂതി നല്കാന് നാം കിണഞ്ഞു പരിശ്രമിക്കുന്നത്. ?  സ്വതന്ത്രമല്ലാത്ത ശരീരത്തിനു വേണ്ടി രാവും പകലും ഉഴലുന്നതെന്തിനാണ്? ആവശ്യത്തിലും കവിഞ്ഞ സാധനാസാമഗ്രികള് സംഭരിച്ചുവെച്ചു ജനനം മുതല് മരണം വരെ ഈ ശരീരത്തെ പരിപാലിക്കുന്നത് എന്തിനാണ് ? സ്വധര്മ്മത്തിനു വിലോപം വരുത്തിയിട്ട്, ക്ഷീണിതരാകുന്നതു വരെ പണി എടുത്ത് പണം സമ്പാദിച്ചു ദേഹത്തെ പരിപോഷിപ്പിക്കുന്നത് എന്തിനാണ്? പഞ്ചഭൂതങ്ങളാല് നിര്മ്മിതമായ ഈ ശരീരം പഞ്ചഭൂതങ്ങളിലേക്ക് അലിഞ്ഞു ചേരുമ്പോള് നമ്മുടെ അദ്വാനത്തിന്റെ പ്രതിഫലമായി നമുക്ക് എന്താണ് ലഭിക്കുന്നത്? അതുകൊണ്ട് ശരീര പോഷണത്തിനു വേണ്ടി അനര്ഹമായ ശ്രദ്ധ ചെലുത്തുന്നത് സ്വയം നാശകരമാണെന്നറിഞ്ഞാലും.

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യം
---------------------------------------------------

അദ്ധ്യായം മൂന്ന് :  കര്മ്മയോഗം

ശ്ലോകം 34

ഇന്ദ്രിയസ്യേന്ദ്രിയസ്യാര്ത്ഥേ
രാഗദ്വേഷൌ വ്യവസ്ഥിതൌ
തയോര്ന്ന വശമാഗച്ഛേത്
തൌ ഹൃസ്യ പരിപന്ഥിനൌ

അര്ഥം :

ഓരോ ഇന്ദ്രിയത്തിനും അതിന്റേതായ വിഷയത്തില് ഇഷ്ടമുള്ളതിനോട് രാഗവും ഇഷ്ടമില്ലാത്തതിനോടും ദ്വേഷവും നിയമേന കാണപ്പെടുന്നു. അവയ്ക്ക് അടിമപ്പെട്ടു പോകരുത്. എന്തെന്നാല് അവ ഇവന്റെ ശത്രുക്കളാകുന്നു.

ഭാഷ്യം :

ഇന്ദ്രിയങ്ങള്ക്ക് ഇഷ്ടമുള്ള വിഷയങ്ങള് നല്കിയാല് മനസ്സ് സന്തുഷ്ടമാകുമെന്നാണ് പറയപ്പെടുന്നത്. എന്നാല് ഇത് കേവലം വ്യാമോഹമാണ്. നിര്ദ്ദോഷികളെപ്പോലെ കാണപ്പെടുന്ന കൊള്ളക്കാരുടെ കൂട്ടുകെട്ടു പട്ടണാതിര്ത്തിവരെ മാത്രം മനസ്സമാധാനം നല്കുന്നത് പോലെയാണിത്. ആളൊഴിഞ്ഞ സ്ഥലത്ത് ചെല്ലുമ്പോള് കൂട്ടുകാര് കൊള്ളക്കാരായി പ്രത്യക്ഷപ്പെടും. ഒരുവന് ഇന്ദ്രിയ വിഷയങ്ങളില് ആനന്ദം കണ്ടെത്തുമ്പോള് അവന് അതിനോട് കാമം ജനിക്കുകയും
അത് അവസാനം മാരകമായി ഭവിക്കുകയും ചെയ്യുന്നു. ചൂണ്ടയില് കോര്ത്തിട്ടിരിക്കുന്ന ഇര ഒരു മത്സ്യത്തെ മോഹിപ്പിക്കുന്നത്പോലെ,

ഇന്ദ്രിയങ്ങളില് നൈസര്ഗികമായി അടങ്ങിയിട്ടുള്ള ആഗ്രഹം ആയ യഥാര്ത്ഥമായ ഒരു സുഖ ഭോഗത്തിന്റെ പ്രത്യാശ ഉണര്ത്തുന്നു. തീറ്റി സാധനം കൊണ്ട് മറയ്ക്കപ്പെട്ടിരിക്കുന്ന ഒരു ചൂണ്ട തന്റെ ജീവനെ ഹനിക്കുന്നതാണെന്നു മത്സ്യം അറിയാത്തത് പോലെ, ഇന്ദ്രിയ വിഷയങ്ങളോടുള്ള ആഭിമുഖ്യവും അഭിനിവേശവും ഒരുവന് നാശകരമാണെന്ന് അവന് മനസ്സിലാക്കുന്നില്ല. ഇന്ദ്രിയവിഷയങ്ങളോടുള്ള അവന്റെ ആസക്തി അവനെ ജ്വലിക്കുന്ന കോപാഗ്നിയില് കൊണ്ടുചെന്നു ചാടിക്കും.

ഒരു വേട്ടക്കാരന് എല്ലാ ഭാഗത്തു നിന്നും മാനിനെ തുരത്തി കൊല്ലുന്നതിനു സൗകര്യമുള്ള ഭാഗത്തേക്ക് ഓടിക്കുന്നത് പോലെയാണ്, ഇന്ദ്രിയവിഷയങ്ങള് അനുഭവിച്ച് ആനന്ദിക്കണമെന്നുളള ഒരുവന്റെ ആഗ്രഹം, അവന്റെ വിവേചനശക്തിയേ ഓടിച്ചിട്ടു പിടിച്ച് നശിപ്പിക്കുന്നത്. അത്കൊണ്ട് അല്ലയോ പാര്ത്ഥ, നീ ഒഴിവാക്കേണ്ട അപകടകാരികളും വഞ്ചകന്മാരുമായ രണ്ടു ശത്രുക്കളാണ് രാഗവും ദ്വേഷവും. അതുമായിട്ടു കൂട്ടുപിടിക്കരുതെന്നു മാത്രമല്ല, അവയെപ്പറ്റി ചിന്തിപ്പാന്പോലും പാടില്ല. സഹജമായിട്ടുള്ള നിന്റെ ആനന്ദാവസ്ഥയെ നീ നശിപ്പിക്കരുത്.


അദ്ധ്യായം മൂന്ന് :  കര്മ്മയോഗം


ശ്ലോകം 35


ശ്രേയാന് സ്വധര്മ്മോ വിഗുണഃ

പരധര്മ്മാത് സ്വനുഷ്ഠിതാത്

സ്വധര്മ്മേ നിധനം ശ്രേയഃ

പരധര്മ്മോ ഭയാവഹഃ


അര്ഥം :


നല്ലവണ്ണം അനുഷ്ഠിക്കപ്പെടുന്ന അന്യധര്മ്മത്തെക്കാളും ശ്രേയസ്കരമാണ്, നിന്ദ്യമായിരുന്നാലും സ്വധര്മ്മം. എന്തെന്നാല് സ്വധര്മ്മം അനുഷ്ഠിക്കുന്നവനു മരണം പോലും ശ്രേഷ്ഠമാകുന്നു. അന്യധര്മ്മാനുഷ്ഠാനം, ഭയത്തെ ഉണ്ടാക്കുന്നു.


ഭാഷ്യം :


എത്രത്തോളം പ്രമാദങ്ങളോ പ്രയാസങ്ങളോ ഉള്ളതായിരുന്നാലും സ്വധര്മ്മാനുസൃതമായ കര്മ്മങ്ങള്ക്കു വേണ്ടി അനവരതം യത്നിക്കുന്നത്, ശ്രമരഹിതമായ പരധര്മ്മങ്ങള് അനുഷ്ഠിക്കുന്നതിനേക്കാള് ശ്രേഷ്ഠമാണ്. പരധര്മ്മം മേന്മയുള്ളതാണെന്നു തോന്നിയാല് പോലും ഒരുവന് അവന്റെ ധര്മ്മം മാത്രമാണ് അനുഷ്ഠിക്കേണ്ടത്. എന്തിനാണ് ഒരുവന് അന്യായമായ ആഗ്രഹങ്ങള്വെച്ചു പുലര്ത്തുന്നതും അവ സാദ്ധ്യമാകുമ്പോള് അവയെ സ്വീകരിക്കുന്നതും? മറ്റുള്ളവരുടെ രമ്യഹര്മ്യങ്ങള് കണ്ടിട്ട് ഏന്തിനാണ് ഒരുവന് പുല്ലുമേഞ തന്റെ കുടില് പൊളിച്ചു കളയുന്നത്? 


അഗ്നിസാക്ഷിയായി വിവാഹം കഴിച്ച സ്ത്രീ വിരൂപയാണെങ്കിലും അവളുമൊത്ത് ദാമ്പത്യജീവിതം കഴിക്കുകയാണ് ശരിയായ ധര്മ്മം. അതുകൊണ്ട് ഏറ്റവും അശക്യവും ആയാസകരമാണെങ്കിലും ഒരുവന് അവന്റെ ധര്മ്മം പാലിച്ചെങ്കില് മാത്രമേ പരലോകത്ത് രക്ഷയുള്ളൂ. പഞ്ചസാര ചേര്ത്ത പാല് മാധുര്യം ഏറിയ ഒരു പാനീയമാണ്. പക്ഷേ അത് വിരയുടെ ശല്യമുള്ള ഒരു രോഗിയുടെ ആരോഗ്യത്തിനു ഹാനീകരമാണ്. എന്നിട്ടും അത് കുടിക്കണമെന്നു അപ്രകാരമുള്ള ഒരുരോഗി നിര്ബന്ധം പിടിക്കുന്നത് അവന്റെ അറിവില്ലായ്മ കൊണ്ട് മാത്രമാണ്. അതിന്റെ ദുഷഫലങ്ങള് അവന് അനുഭവിക്കേണ്ടി വരും. അത് കൊണ്ട് ഒരുവന് ശ്രേയസ്കരമായിട്ടുള്ളത് എന്താണെന്ന് അവന് ശ്രദ്ധാപൂര്വ്വം ആലോചിക്കണം. 


മറ്റുള്ളവര്ക്ക് നല്ലതായി കാണപ്പെടുന്ന കാര്യങ്ങള് തനിക്ക് അനുയോജ്യമല്ലെന്ന് തോന്നിയാല് അത് ഉപേക്ഷിക്കണം. സ്വകര്മ്മാനുഷ്ഠാനത്തില് ഒരുവന് മരിക്കുന്നതായാല് പോലും അത് ഇഹത്തിലും പരത്തിലും അവന് ശ്രേയസ്കരമായിരിക്കും.

ദേവാധിദേവനായ ശ്രീകൃഷ്ണന്റെ ഈദൃശവാക്കുകള് കേട്ടപ്പോള് അര്ജുനന് പറഞ്ഞു ;

ഭഗവാനേ, അങ്ങു പറഞ്ഞതെല്ലാം ഞാന് ശ്രദ്ധാപൂര്വ്വം കേട്ടു. എങ്കിലും എന്റെ മനസ്സിലെ സംശയങ്ങള് ദൂരീകരിക്കുന്നതിനുവേണ്ടി ഞാന് ചില കാര്യങ്ങള് ചോദിക്കുകയാണ്,


**കടപ്പാട്  ഗുരുപരമ്പരയോട്**

തുടരും......

ഒരേ വിചാരത്താല്‍ ഏകാഗ്രമായിരിക്കുന്നതാണ്‌ ധ്യാനം


ശ്രീ രമണമഹര്‍ഷി

ചോദ്യം: സ്വപ്നത്തില്‍ തോന്നുന്ന കരണേന്ദ്രിയങ്ങളെയാണോ തന്മാത്രകളെന്നു പറയുന്നത്?
രമണ മഹര്‍ഷി: അല്ല. തന്മാത്രകള്‍ അവയെക്കാളും സൂക്ഷമായിട്ടിരിക്കും, ജാഗ്രത്തിലെ കരണേന്ദ്രിയങ്ങളെക്കാളും സ്വപ്നത്തിലെ കരണങ്ങള്‍ സൂക്ഷ്മമായിരുന്നാലും തന്മാത്രകള്‍ കൂടുതല്‍ സൂക്ഷ്മങ്ങളായിരിക്കും. പഞ്ചീകരണത്തിനുശേഷം തന്മാത്രകള്‍ പ്രത്യേകം പ്രത്യേകം കാര്യകാരണങ്ങളോടുകൂടിയവയായിരിക്കും. സത്വഗുണം മുന്തിനില്‍ക്കുമ്പോള്‍ അവ അന്തഃകരണങ്ങളായിത്തീരുന്നു. ഇതിലും ആകാശത്തിന്‍റെ അംശം കൂടിയിരിക്കുമ്പോള്‍ അതു ജ്ഞാനമായിത്തീരുന്നു. വായുവിന്‍റെ അംശത്താല്‍ മനസ്സും തേജസ്സിന്‍റെ അംശത്താല്‍ ബുദ്ധിയും ജലാംശത്താല്‍ ചിത്തവും പൃഥ്വിയുടെ അംശത്താല്‍ ബുദ്ധിയും അഹങ്കാരവും ജനിക്കുന്നു. ഇവ സമഷ്ടിയിലും വ്യഷ്ടയിലും വൃത്തിപ്പെടുന്നു. രാജോഗുണം വര്‍ദ്ധിക്കുമ്പോള്‍ അവ വ്യഷ്ടിയില്‍ ജ്ഞാനേന്ദ്രിയങ്ങളായിത്തീരുന്നു. തമോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ കര്‍മ്മേന്ദ്രിയങ്ങളാകുന്നു. വ്യഷ്ടിസമഷ്ടികള്‍ക്ക് തന്മാത്ര പൊതുവായതിനാല്‍ ലോകത്തിനും ജീവനും തമ്മിലുള്ള സംബന്ധം സഹജമായിരിക്കുന്നു. തന്മാത്രകള്‍ പ്രകൃതിയില്‍ നിന്നുമുണ്ടാകുന്നു. സൃഷ്ടിയെപ്പറ്റിയുള്ള പ്രവചനങ്ങള്‍ പലവിധത്തിലുണ്ട്. ക്രമസൃഷ്ടി (ക്രമപ്രകാരമുള്ളത്), യുഗപദസൃഷ്ടി (ഒന്നിച്ചുള്ളത്). എല്ലാ പ്രവചനങ്ങളുടെയും താല്‍പര്യം ആദിസ്വരൂപത്തെ നോക്കണമെന്നല്ലാതെ ബാഹ്യലോകാന്വേഷണത്തെപ്പറ്റി പറയുന്നില്ല.

ചോദ്യം: ധ്യാനം അന്തര്‍മുഖത്വത്തിനു സഹായകമായിരിക്കുന്നില്ല.
മഹര്‍ഷി: എന്തിനു വേണ്ടിയാണോ അന്തര്‍മുഖമായിരിക്കുന്നത്‌ നാം എപ്പോഴും ആ സ്വരൂപമായിട്ടു തന്നെയിരിക്കുകയാണ്.

ചോദ്യം: അങ്ങനെയിരുന്നാലും നാമതിനെ അറിയുന്നില്ലല്ലോ
മഹര്‍ഷി: അജ്ഞാനം ആര്‍ക്ക്? എന്തിനെപ്പറ്റി? എന്നെ ഞാനറിയുന്നില്ലെങ്കില്‍ രണ്ടാത്മാവുകളുണ്ടായിരിക്കണമല്ലോ?

ചോദ്യം: രണ്ടു ‘ഞാന്‍’ ഇല്ല. എന്നാലും ദേഹാത്മബോധബന്ധം തുടര്‍ന്നിരിക്കുകതന്നല്ലോ ചെയ്യുന്നു?
മഹര്‍ഷി: ആ ബോധം മനസ്സിനുള്ളതാണ്. ആ ബോധം ഉറക്കത്തിലുണ്ടോ? അപ്പോഴും നീ അവിടെയുണ്ട്. അതിനെ നിഷേധിക്കാനാവുകയില്ല. ആ നീ തന്നെ ഇപ്പോള്‍ ജാഗ്രത്തിലുമിരിക്കുന്നത്. എന്നാലും ബന്ധമിരിക്കുന്നുവെന്നാണ് നീ പറയുന്നത്. ഈ വിപരീത ജ്ഞാനത്തിനു കാരണം എന്ത്? ഉറക്കത്തില്‍ മനസ്സില്ലായിരുന്നു. ഇപ്പോള്‍ അതു ഇളകി നില്‍ക്കുന്നു. മനസ്സിലാത്ത ഉറക്കത്തിലും ആത്മാവായ നീ കുറവൊന്നും കൂടാതെ തന്നെ ഇരിക്കുന്നു.

ചോദ്യം: ഭഗവാനരുളിച്ചെയ്യുന്നതു ശരിയാണെന്നിരുന്നാലും ആ സത്യം അനുഭവത്തിനു വഴങ്ങുന്നില്ലല്ലോ.
മഹര്‍ഷി: ക്രമേണ ധ്യാനം തീവ്രമാകുമ്പോള്‍ അതു സ്വയം പ്രകാശിക്കും.

ചോദ്യം: മനസ്സു കൊണ്ടല്ലേ ധ്യാനിക്കുന്നത്? ആ സ്ഥിതിക്ക് മനോനാശം എങ്ങനെയുണ്ടാകും?
മഹര്‍ഷി: ഒരേ വിചാരത്താല്‍ ഏകാഗ്രമായിരിക്കുന്നതാണ്‌ ധ്യാനം. അപ്പോള്‍ മറ്റു വിചാരങ്ങള്‍ ഒഴിയുന്നു. വ്യതിചലനം ദുര്‍ബലത്വത്തെക്കാണിക്കുകയാണ്. ഒരേ വിചാരം നിരന്തരമായാല്‍ ആ വിചാരം ഒഴിയുന്നു. വിചാരമൊഴിഞ്ഞുള്ള വികാസം തന്നെയാണാത്മാവ്. അജ്ഞാനി ആത്മാവ് ദേഹത്തിനുള്ളിലിരിക്കുന്നുവെന്നു കരുതുന്നു. ജ്ഞാനിയാകട്ടെ, ദേഹം ആത്മാവിനെ ആശ്രയിച്ചുള്ളതാണെന്നു കാണുന്നു.

ചോദ്യം: ഭഗവത്സന്നിധിയില്‍ ലഭിക്കുന്ന ശാന്തി തുടര്‍ന്നിരിക്കാത്തതെന്ത്?
മഹര്‍ഷി: ശാന്തി തന്‍റെ നിജപ്രകൃതിയാണ്. ഈ അനുഭവത്തോടു കൂടിയിരിക്കുന്നതാണ് ഭക്തിയും യോഗവും ജ്ഞാനവും. ഇതഭ്യാസബലത്താല്‍ സിദ്ധിക്കുന്നതാണെന്നു തോന്നാം. സത്യം എന്തെന്നു പറഞ്ഞാല്‍ അഭ്യാസബലത്താല്‍ വിപരീത ജ്ഞാനവും ചലനവും ഒഴിയുമ്പോള്‍ താന്‍ സ്വന്തം ശാശ്വതശാന്തിയില്‍ ഇരിക്കുന്ന പൂര്‍വ്വാനുഭവമുണ്ടാകും.

മറ്റൊരു ചോദ്യത്തിനുത്തരമായി ഭഗവാന്‍ പറഞ്ഞു. ഹൃദയമെന്നതാത്മാവാണ്, അതിന്‍റെ ശക്തിയാണ് മനസ്സ്. മനസ്സ് ചലിക്കുമ്പോള്‍ ലോകം തോന്നപ്പെടുന്നു. ഇപ്രകാരം ലോകവും മനസ്സും അത്മാവിലടക്കം ചെയ്തിരിക്കുന്നു. അന്യമായി ഒന്നുമില്ല.

ചോദ്യം: ധ്യാനം ശീലിക്കുന്നതെങ്ങനെ?
രമണ മഹര്‍ഷി: ധ്യാനം താന്‍ തന്നില്‍ തന്നെ നില്‍ക്കുന്ന ആത്മനിഷ്ഠയാണ്. എന്നാല്‍ മനസ്സിലെ വിചാരങ്ങളെ ഒഴിക്കുന്ന ശ്രമത്തെ ധ്യാനമെന്നു പറഞ്ഞുവരുന്നു. ആത്മനിഷ്ഠ നമ്മുടെ സ്വപ്രകൃതിയാണ്. അതിനെ വിട്ടുപിരിയാതിരുന്നാല്‍ മതി.

ചോദ്യം: വിചാരങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അതിനെ മാറ്റാനാണോ ധ്യാനം?
രമണ മഹര്‍ഷി: അതെ. ഒരേ വിചാരത്തിന്‍റെ മുമ്പില്‍ മറ്റു വിചാരങ്ങള്‍ ഒഴിഞ്ഞുപോകുന്നു. ഈ വിചാരനിഷേധത്താല്‍ മറ്റു വിചാരങ്ങളില്ലാതാകുന്നു.

ചോദ്യം: “ആത്മാസമസ്തം മനഃ കൃത്വാനകിഞ്ചിദപി ചിന്തയേല്‍”. മനസ്സിനെ ആത്മാവിലൊടുക്കണമെന്നും മറ്റൊന്നും ചിന്തിയ്ക്കരുതെന്നും ഗീത പറയുന്നു. ആത്മാവു മനസ്സിനാല്‍ ബന്ധിക്കപ്പെട്ടതായിരിക്കെ, അതില്‍ മനസിനെ കെട്ടുന്നതെങ്ങനെ? ആത്മാവ്‌ രൂപമില്ലാത്തതല്ലേ?
രമണ മഹര്‍ഷി: ധ്യാനിക്കാന്‍ നാം എന്തിനാഗ്രഹിക്കുന്നു? ധ്യാനിക്കുന്നതിനാഗ്രഹിക്കുന്നവരോട് ‘മനസ്സിനെ ഒരേ നിലയില്‍ നിര്‍ത്തുക’ എന്നു ഗീതയില്‍ പറയുന്നു. ധ്യാനിക്കാതെ സ്വന്തം നിശ്ചഞ്ചലപ്രകൃതിയില്‍ എന്തുകൊണ്ടിരുന്നുകൂടാ? മനസ്സുതന്നെ എന്താണ്‌? വിചാരങ്ങളൊഴിഞ്ഞാല്‍ താന്‍ തന്നില്‍ തന്നെ നില്‍ക്കും.

ചോദ്യം: മനസ്സ് ഏതെങ്കിലും ഒരു രൂപത്തെ പറ്റിനില്‍ക്കാം.
രമണ മഹര്‍ഷി: ആത്മാവ് അരൂപിയല്ലേ? അതിനെ പറ്റിനില്‍ക്കുന്നതെങ്ങനെ?

രമണ മഹര്‍ഷി:മനസിനെ ഏതെങ്കിലും (രൂപ) വിഷയത്തോട് ചേര്‍ത്തു നിര്‍ത്തുന്നതും ധ്യാനവും, താനാരെന്നു താന്‍ തന്നില്‍ തന്നെ അന്വേഷിക്കുന്നതു നിദിധ്യാസനവുമാണ്.

കടപ്പാട്  ഗുരുപരമ്പരയോട്

Tuesday, 3 January 2017

ഭഗവദ്ഗീത( part 17)

അദ്ധ്യായം മൂന്ന് :  കര്മ്മയോഗം

ശ്ലോകം 26

നബുദ്ധിഭേദം ജനയേത്
അജ്ഞാനാം കര്മ്മ സംഗിനാം
ജോഷയേത് സര്വ്വ കര്മ്മാണി
വിദ്വാന് യുക്തഃ സമാചരന്.

അര്ഥം :

ഒരു ജ്ഞാനി, ഫലേച്ഛയോടെ കര്മ്മം ചെയ്യുന്ന അവിവേകികള്ക്ക്, സംശയവും തെറ്റിദ്ധാരണയും ഉളവാക്കരുത്. ആത്മാനുഭവമുള്ള ജ്ഞാനി യോഗയുക്തനായി താന് തന്നെ കര്മ്മത്തെ യഥാവിധി ചെയ്ത് അവരെ കൊണ്ട് സര്വ്വ കര്മ്മങ്ങളും ചെയ്യുകയാണ് വേണ്ടത്.

ഭാഷ്യം :

അര്ജ്ജുന, അമ്മയുടെ മുലപ്പാല് മാത്രം കുടിക്കാന് പ്രായമുളള ഒരു ശിശു ദഹിക്കാന് പ്രയാസമുള്ള ആഹാരം എങ്ങിനെയാണ് കഴിക്കുക? അതുകൊണ്ട് അങ്ങിനെയുള്ള ആഹാരം അതിനു കൊടുക്കാന് പാടില്ല. അതു പോലെ കര്മ്മംചെയ്യാനുള്ള ശക്തി കഷ്ടിച്ചു മാത്രം ലഭ്യമയിട്ടുള്ളവരോട് ആത്മജ്ഞാനി നേരമ്പോക്കിനായിപ്പോലും കര്മ്മരഹിതനാകണമെന്ന് പറയാന് പാടില്ല. ആത്മജ്ഞാനിയായവന് സല്കര്മ്മങ്ങള് ചെയ്യുന്നതിനുവേണ്ടി നേതൃത്വം അവര്ക്ക് കൊടുക്കുകയും, മഹത്തായ കര്മ്മങ്ങളുടെ മാഹാത്മ്യത്തെപ്പറ്റി പ്രകീര്ത്തിച്ച് അവരെ കേള്പ്പിക്കുകയും, നിസ്വാര്ത്ഥമായ കര്മ്മങ്ങളുടെ മാതൃക സ്വന്തം പ്രവര്ത്തികളില് കൂടി അവര്ക്ക് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. രാജാവിന്റെയും രാജ്ഞിയുടെയും വേഷഭൂഷാദികള് അണിഞ്ഞു പ്രത്യക്ഷപ്പെടുന്ന ഒരു നടന് പുരുഷനായും സ്ത്രീയായും കാണികളെ രസിപ്പിക്കുന്നതല്ലാതെ, തന്റെ മനസ്സില് പുരുഷനെന്നും സ്ത്രീയെന്നും ഉള്ള ഭേദ ചിന്ത ഇല്ലാത്തവനായി ഇരിക്കുന്നത് പോലെ, ലോക സംഗ്രഹത്തിനു വേണ്ടിയുള്ള കര്മ്മങ്ങള് ചെയ്യുന്ന ഒരു സത്യദര്ശി ഒരിക്കലും കര്മ്മ ബന്ധത്തില്പ്പെട്ട് ഉഴലുകയില്ല.

അദ്ധ്യായം മൂന്ന് :  കര്മ്മയോഗം

ശ്ലോകം27

പ്രകൃതേഃ ക്രിയമാണാനി
ഗുണൈഃ കര്മ്മാണി സര്വ്വശഃ
അഹങ്കാരവിമൂഢാത്മാ
കര്ത്താഹമിതി മന്യതേ

അര്ഥം :

എല്ലാ നിലയിലും പ്രകൃതിഗുണങ്ങള്ക്ക് അനുസരണയായിട്ടാണ് കര്മ്മങ്ങള് ചെയ്യപ്പെടുന്നത്. എന്നാല് അഹങ്കാരം കൊണ്ട് മൂഢ ബുദ്ധിയായവന് അവയെ ഞാന് ചെയ്യുന്നു എന്ന് വിചാരിക്കുന്നു.

ഭാഷ്യം :

മറ്റൊരാളുടെ ഭാരമാണ് തലയിലേറ്റുന്നതെങ്കിലും ആ ഭാരം കൊണ്ട് നമ്മുടെ തല താണ്പോവുകയില്ലേ? അതുപോലെ ദുഷ്കര്മ്മങ്ങളും സല്കര്മ്മങ്ങളും പ്രകൃതിഗുണങ്ങളില് (സത്വം, രജസ്സ്, തമസ്സ്. ) നിന്നാണുണ്ടാകുന്നതെങ്കിലും , മായാ മോഹം കൊണ്ട് അതിന്റെ കര്ത്തൃത്വം തനിക്കാണെന്ന് മൂഢന്മാര് സങ്കല്പ്പിക്കുന്നു. അസഹിഷ്ണുവും അഹങ്കാരിയും സ്വാര്ത്ഥനും ഹ്രസ്വദര്ശിയും വിഡ്ഢിയുമായ ഒരുവനോട് ആദ്ധ്യാത്മജ്ഞാനത്തിന്റെ ഗൂഢതത്വങ്ങള് വെളിവാക്കരുത്.
ഇപ്പോഴത്തേക്ക് ഇത്രയും മതി. അര്ജ്ജുന നിന്റെ നന്മക്കു വേണ്ടി ഇനി ഞാന് പറയുന്നത് ശ്രദ്ധിച്ചുകേള്ക്കുക.


അദ്ധ്യായം മൂന്ന് :  കര്മ്മയോഗം


ശ്ലോകം 28


തത്വവിത്തു മഹാബാഹോ

ഗുണകര്മ്മവിഭാഗയോഃ

ഗുണാ ഗുണേഷു വര്ത്തന്തേ

ഇതി മത്വാ ന സജ്ജതേ


ശ്ലോകം29


പ്രകൃതേര്ഗുണസംമൂഢാ

സജ്ജന്തേ ഗുണ കര്മ്മസു

താനകൃത്സ്നവിദോ മന്ദാന്

കൃത്സ്നവിന്ന വിചാലയേത്


അര്ഥം :


അല്ലയോ മഹാബാഹോ, ഗുണവിഭാഗത്തിനും കര്മ്മവിഭാഗത്തിനുമുപരി ആത്മാവിനെ വേര് തിരിച്ചറിയുന്ന ആളാകട്ടെ, ഇന്ദ്രിയഗുണങ്ങള് വിഷയഗുണങ്ങളില് പ്രവര്ത്തിക്കുന്നു എന്നു മനസ്സിലാക്കി ഞാന് ചെയ്യുന്നു, ഞാന് അനുഭവിക്കുന്നു, എന്നിങ്ങനെ അവയുമായി കൂടിച്ചേര്ന്നു കുഴങ്ങുന്നില്ല.


പ്രകൃതിഗുണങ്ങളാല് മോഹിപ്പിക്കപ്പെട്ടിരിക്കുന്നവര് ‘ഞങ്ങള് ഫലത്തിനായി കര്മ്മംചെയ്യുന്നു’ എന്നു വിചാരിച്ച് അതില് അഭിമാനിക്കുന്നു. കര്മ്മത്തില് സക്തിയുള്ളവരും കര്മ്മഫലത്തെ മാത്രം ദര്ശിക്കുന്നവരും മന്ദബുദ്ധികളുമായ ആ മൂഢന്മാരെ, എല്ലാം അറിയുന്ന ആത്മജ്ഞാനി വല്ലാതെ പിടിച്ചുകുലുക്കരുത്.


ഭാഷ്യം :


അര്ജ്ജുന പ്രകൃതിയിലെ ഗുണ വിഭാഗങ്ങളാണ് കര്മ്മ വിഭാഗത്തെ നിയന്ത്രിക്കുന്നത്. പ്രകൃതിയുടെ പരിണാമത്തില് നിന്നുടലെടുക്കുന്ന കര്മ്മങ്ങള് ജ്ഞാനിയായ ഒരുവനെ ഒരിക്കലും ബാധിക്കുന്നില്ല. അഹംഭാവത്തിന്റെ അര്ത്ഥശൂന്യത മനസ്സിലാക്കിയ അവന് അതില് നിന്നു നിശ്ശേഷം മോചിതനാണ്. തൃഷ്ണയില് നിന്നും മോചിതനായ ജ്ഞാനി ഗുണാതീതനും കര്മ്മാതീതനുമായി ഉയര്ന്നിട്ടു അവന്റെ ശരീരത്തിലിരുന്നു കൊണ്ട് തന്നെ കര്മ്മങ്ങള് സാക്ഷ്യം വഹിക്കുന്നു. സൂര്യകിരണങ്ങളുടെ പ്രകാശം കൊണ്ടാണ് ലോകം മുന്നോട്ട് നീങ്ങുന്നതെങ്കിലും ലോകത്തിലെ യാതൊരു സംഭവവും സുര്യനെ ബാധിക്കാത്തതുപോലെ മനുഷ്യരൂപത്തില് കാണുന്ന തത്വവിത് (ആത്മാവിനെതിരിച്ചറിയുന്ന ആള്) ഒരിക്കലും കര്മ്മങ്ങള് ബന്ധിതനാകുന്നില്ല.


പ്രകൃതിയുടെ വശീകരണത്തില് പെടുകയും പ്രകൃതിഗുണങ്ങളാല് മായാമോഹിതരാവുകയും ചെയ്യുന്നവര് കര്മ്മത്തിന്റെ ചുഴിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു-. ഇന്ദ്രിയങ്ങള് പ്രകൃതിഗുണങ്ങളുടെ ആകര്ഷണത്തില്പെട്ട് സജീവമാകുമ്പോള് അവകള് നടത്തുന്ന കര്മ്മങ്ങളൊക്കെ ‘ഞാന് നടത്തുന്നു ‘ എന്നു പാമരന്മാര് വിചാരിക്കുന്നു. അങ്ങിനെയുള്ളവരെ ചലിപ്പിക്കാതിരിക്കുവാന് സമ്പൂര്ണ്ണജ്ഞാന സമ്പന്നന് മനസ്സിരുത്തണം.



അദ്ധ്യായം മൂന്ന് :  കര്മ്മയോഗം


ശ്ലോകം30


മയി സര്വ്വാണി കര്മ്മാണി

സംന്യസ്യാദ്ധ്യാത്മ ചേതസാ

നിരാശീര്നിര്മ്മാമോ ഭൂത്വ

യുദ്ധ്യസ്വ വിഗതജ്വരഃ


അര്ഥം :


അല്ലയോ അര്ജ്ജുന, സകലകര്മ്മങ്ങളേയും എന്നിലര്പ്പിച്ചിട്ട്, മനസ്സിനെ പരമാത്മാവിലര്പ്പിച്ച് നിഷ്കാമനും മമതയില്ലാത്തവനും വ്യസനത്തെ ത്യജിച്ചവനുമായി യുദ്ധം ചെയ്താലും.


ഭാഷ്യം :


ആകയാല് വിഹിതമായ എല്ലാ കര്മ്മങ്ങളും സമ്പൂര്ണ്ണമായി എന്നില് സമര്പ്പിച്ചുകൊണ്ട് ചെയ്യുക. അപ്പോഴോക്കെയും നിന്റെ മനസ്സ് എന്നില് തന്നെ ഏകാഗ്രമായി ഉറപ്പിച്ചിരിക്കണം. “ഇതാണ് കര്മ്മം, ഞാനാണ് ഇത് ചെയ്യുന്നത്, ഞാന് ഇത് ചെയ്യും. ” എന്ന വിധത്തിലുള്ള അഹന്ത ഒരിക്കലും മനസ്സില് തോന്നരുത്. ശരീരത്തോട് ഉള്ള താല്പര്യം അവസാനിപ്പിക്കണം. ആഗ്രഹങ്ങളെല്ലാം കൈവെടിയണം. അതിനുശേഷം വന്നു ചേരുന്ന എല്ലാ ഇന്ദ്രിയ വിഷയങ്ങളും അനുഭവിച്ചു കൊള്ളുക. ഇനി വില്ല്കൈയ്യിലെടുക്കുക. തേരില് കയറി ശാന്തവും ദൃഢവും ആയ മനസ്സോടുകൂടി ക്ഷാത്രധര്മ്മം പാലിക്കുക. അപ്രകാരം നിന്റെ കീര്ത്തി ലോകത്തെങ്ങും പരക്കട്ടെ. തിന്മയുടെ നിരന്തരമായ പീഡനത്തില്നിന്ന് ലോകത്തെ രക്ഷിക്കുക. അല്ലയോ പാര്ത്ഥ, സംശയങ്ങളെല്ലാം ദൂരെ അകറ്റുക. യുദ്ധത്തെപ്പറ്റി മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക.


തുടരും ...

**കടപ്പാട്  ഗുരു പാരമ്പരയോട് **

വേവലാതി

നിങ്ങൾക്ക് മറ്റൊരാളെപ്പോലെ പാകമാകാൻ കഴിയുകയില്ല. നിങ്ങളെപ്പോലെ പാകമാകാനേ കഴിയൂ. ആളുകൾ പറയുന്നതിനെക്കുറിച്ചുള്ള വേവലാതി നിങ്ങൾ ഉപേക്ഷിക്കണം. ആളുകളാരാണ് ?.

നിങ്ങളിവിടെ നിങ്ങളായിരിക്കാനാണ് ജനിച്ചത്. മറ്റൊരാളുടെ പ്രതീക്ഷ സഫലമാക്കാനുള്ളതല്ല നിങ്ങളുടെ ജീവിതം. എന്നാൽ എല്ലാവരും അതാണ് ചെയ്യാൻ ശ്രമിക്കുന്നത്..... മനസ്സിലാക്കാൻ ശ്രമിക്കുക, ധൈര്യമവലംബിക്കുക.

ജീവിതം സ്വന്തം കൈകളിലെടുക്കുക.അതിൽ ഊർജ്ജത്തിന്റെ ഇരച്ചു കയറ്റം നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങളായിരിക്കാൻ തീരുമാനിക്കുന്ന നിമിഷം തന്നെ നിങ്ങൾക്ക് വലിയ വ്യത്യാസം അനുഭവപ്പെടും.വീര്യം അനുഭവപ്പെടും. നിങ്ങളിൽ ഊർജ്ജം ത്രസിച്ചു കൊണ്ട് പ്രവഹിക്കുന്നത് നിങ്ങളറിയും....

ഓഷോ

ഗുരുഗീത

''ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മം
തസ്മൈ ശ്രീ ഗുരു വേ നമഃ ''

നമുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാൽ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവർ ചുരുക്കമാണ്. 'സ്കന്ദപുരാണ'ത്തിലെ
'ഗുരുഗീത' എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്. മഹാഭാരതത്തിലെ
ഭഗവദ്ഗീതപോലെ.

പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ. മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, 'ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് 'എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ.

പരമശിവൻ പറയുന്നു , 'ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് '.
തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നും ഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികൾ.

'ഗുരുഗീത' നൽകുന്ന സന്ദേശമിതാണ് :
'പരബ്രഹ്മ 'മെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു.
അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.
'മാതാപിതാ ഗുരുർ ദൈവം' എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ ,ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് 'ഗുരുഗീത' ലോകത്തോടു പറയുന്നു, ''ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്''.

**കടപ്പാട്  ഗുരുപരമ്പരയോട്**