Tuesday, 31 January 2017

ഭഗവദ്ഗീത (part 21)

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 6

അജോഽപി സന്നവ്യയാത്മാ
ഭൂതാനാ മീശ്വരോഽപി സന്
പ്രകൃതിം സ്വാമധിഷ്ഠായ
സംഭാവാമ്യാത്മമായയാ.

ഞാന് ജനനരഹിതനാണ്; നാശരഹിതനാണ്. സര്വ്വജീവജാലങ്ങളുടെയും ഉള്ളിലിരുന്ന് അവയെ നിയന്ത്രിക്കുന്ന ഈശ്വരനാണ്. എങ്കിലും എന്റെ മായയെ വശീകരിച്ചിട്ട് ഞാന് സ്വമായാശക്തികൊണ്ട് , എന്നാല് സൃഷ്ടമായ പ്രകൃതിയെ വശത്താക്കിയിട്ട്, അവതാരം ചെയ്യുന്നു.

അര്ജ്ജുനാ, എന്റെ എല്ലാ മുന് അവതാരങ്ങളെപ്പറ്റിയും എനിക്ക് ഇന്നും ശരിയായ ഓര്മ്മയുണ്ട്. പരമാര്ത്ഥത്തില് ഞാന് ജനിക്കുന്നില്ലെങ്കിലും എന്റെ സ്വന്തം പ്രകൃതിയിലൂടെ ഞാന് സ്വമായകൊണ്ട് ആവിര്ഭവിക്കുന്നു. ഞാന് അവതരിക്കുമ്പോഴും എന്റെ മൗലികമായ ആദ്യന്തരഹിതത്വം അക്ഷയമായും അഖണ്ഡമായും നിലനില്ക്കുന്നു. എന്റെ അവതാരത്തിലും അതില്നിന്നുള്ള വിരാമത്തിലും ദര്ശിക്കുന്ന രൂപങ്ങള് മായാഗുണങ്ങളുടെ സ്വാധീനശക്തിയായി നിന്നുളവാകുന്ന പ്രതിരൂപഭാവങ്ങള് മാത്രമാണ്. ഇതൊന്നും എന്റെ സ്വതന്ത്രാവസ്ഥയെ ഒരിക്കലും ബാധിക്കുന്നില്ല. അവതാരകാലത്തു ഞാന് കര്മ്മാനുഷ്ഠാനത്തിനു വിധേയനായിക്കാണുന്നുണ്ടെങ്കില് അതും യഥാര്ത്ഥത്തില് ഉള്ളതല്ല; വെറും മിഥ്യാബോധത്തിന്റെ ഫലമായിട്ടുണ്ടാകുന്നതാണ്. മിഥ്യാബോധം മറയുമ്പോള് ഞാന് അരൂപിയും നിര്ഗ്ഗുണനുമായി അറിയപ്പെടുന്നതാണ്. ഒരേ വസ്തു കണ്ണാടിയില് പ്രതിഫലിക്കുമ്പോള് രണ്ടെന്നുതോന്നുന്നു. എന്നാല് നേരാംവണ്ണം ചിന്തിക്കുമ്പോള് പ്രതിബിംബമായിക്കണ്ട രണ്ടാമത്തെ വസ്തു യതാര്ത്ഥത്തില് ഉള്ളതല്ലെന്നു ബോദ്ധ്യപ്പെടും. ഏതുപോലെ അല്ലയോ അര്ജ്ജുനാ, ഞാന് യഥാര്ത്ഥത്തില് അരൂപിയായ പരബ്രഹ്മമാണ്. എന്നാല് ഞാന് മായയെ അവലംബിക്കുമ്പോള് ശരീരം സ്വീകരിക്കുന്നു. അതു പ്രത്യേകമായ ചില ഉദ്ദേശ്യത്തോടെയാണ്.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 7

യദാ യദാ ഹി ധര്മ്മസ്യ
ഗ്ലാനിര്ഭവതി ഭാരത,
അഭ്യുത്ഥാനമധര്മ്മസ്യ
തദാത്മാനം സൃജാമ്യഹം

അല്ലയോ ഭരതവംശജ! ഏതേതുകാലത്തില് ധര്മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില് ഞാന് എന്റെ മായ കൊണ്ട് എന്നെത്തന്നെ സൃഷ്ടിക്കുന്നു. (സ്വയം അവതരിക്കുന്നു.)

എല്ലാ കാലങ്ങളിലും ലോകത്തിന്റെ ആത്മീയ ഘടനയെ സംരക്ഷിക്കണമെന്നുള്ളതു ഞാന് അനാദികാലം മുതല്ക്കേ അംഗീകരിച്ചിട്ടുള്ള ആചാര്യമര്യാദയാണ്. അക്കാരണത്താല് തിന്മ നന്മയെ തോല്പിക്കുകയും അപകടത്തിലാക്കുകയും ചെയ്യുന്ന സന്ദര്ഭത്തില് , ഞാന് അരൂപിയും അജനുമാണെന്ന കാര്യം മാറ്റിവെയ്ക്കുകയും അതിനോട് വിട പറയുകയും ചെയ്യുന്നു.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 8

പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്മ്മസംസ്ഥാപനാര്ത്ഥായ
സംഭവാമി യുഗേ യുഗേ.

സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്മ്മത്തെ നിലനിര്ത്തുന്നതിനും വേണ്ടി ഞാന് യുഗംതോറും അവതാരം ചെയ്യുന്നു.

പുണ്യാത്മാക്കളായ എന്റെ ഭക്തന്മാരുടെ താല്പര്യം പരിരക്ഷിക്കുന്നതിനും അജ്ഞതയുടെ അന്ധകാരം നിശ്ശേഷം നശിപ്പിക്കുന്നതിനുമായി ഞാന് മനുഷ്യരൂപധാരിയായി അവതരിക്കുന്നു. എന്നിട്ട് അധര്മ്മത്തിന്റെ അവസാനത്തെ ദുര്ഗ്ഗംവരെ ഞാന് തകര്ക്കുന്നു; ദുഷ്ടമാരുടെ ദുഷിച്ചതത്ത്വശാസ്ത്രരേഖകളെ പിച്ചിച്ചീന്തിക്കളയുന്നു; സജ്ജനങ്ങളെക്കൊണ്ട് പരമാനന്ദവാഴ്ചയുടെ വിജയപതാക പറപ്പിക്കുന്നു; ദുഷ്ടന്മാരുടെ വംശവിച്ഛേദം വരുത്തുകയും മഹാത്മാക്കളുടെ മാഹാത്മ്യവും മാന്യതയും വീണ്ടെടുക്കുകയും ചെയ്യുന്നു; ധര്മ്മത്തേയും സദാചാരത്തേയും ആനന്ദകരമായി ഒരുമിപ്പിക്കുന്നു; ആത്മാവിന്റെ അഗ്നിജ്വാലയില് പുക പടര്ത്തുന്ന അവിശ്വാസത്തെയും അന്യായത്തെയും തുടച്ചുമാറ്റുന്നു; ആത്മീയദര്ശനത്തിന്റെ തിരിനാളം ദീപ്തിമത്താക്കുന്നു; തന്മൂലം നിത്യമായ ഒരു ദീപാവലിയുടെ നെടുങ്കാലം യോഗികള്ക്ക് സമാഗതമാകുന്നു.

ഈശ്വരഭക്തിയും ധര്മ്മനിഷ്ഠയും ജീവിതത്തില് നിറഞ്ഞുനില്ക്കുമെന്നുള്ളതിനാല് ലോകം മുഴുവന് ആത്മദര്ശനത്തിന്റെ ആനന്ദംകൊണ്ട് വീര്പ്പുമുട്ടും. ഞാന് മനുഷ്യാകൃതി സ്വീകരിക്കുമ്പോള് നന്മ നിറഞ്ഞ ഒരു ജീവിതത്തിന്റെ പൊന്പുലരി പൊട്ടിവിരിയുകയും അതിന്റെ ഒളിയേറ്റ് മലയോളം ഉയര്ന്നു നില്ക്കുന്ന പാപങ്ങള് മഞ്ഞുപോലെ ഉരുകിയൊലിച്ചു പോവുകയും ചെയ്യും. ഈ ലക്ഷ്യം നിറവേറ്റാനാണ് ഞാന് യുഗങ്ങള് തോറും മനുഷ്യനായി അവതരിക്കുന്നത്. എന്നാല് സമ്യഗ്ദര്ശനം സാധിച്ച ഒരു യോഗിക്കുമാത്രമേ ഇതു ശരിയാംവണ്ണം മനസ്സിലാക്കാന് കഴിയൂ.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 9

ജന്മ കര്മ്മ ച മേ ദിവ്യം
ഏവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനര്ജന്മ
നൈതി മാമേതി സോഽര്ജ്ജുന.

അല്ലയോ അര്ജ്ജുന, ദിവ്യമായ എന്റെ അവതാരത്തെയും കര്മ്മത്തയും ഏവന് ഇപ്രകാരം ശരിയായി അറിയുന്നുവോ, അവന് ഈ ദേഹത്തെ ഉപേക്ഷിച്ചശേഷം ഇനിയൊരു ജന്മത്തെ പ്രാപിക്കുന്നില്ല. അവന് മുക്തനായി എന്നെത്തന്നെ പ്രാപിക്കുന്നു.

എന്റെ ജനനരഹിതവും കര്മ്മരഹിതവുമായ സ്വഭാവത്ത യഥാര്ത്ഥത്തില് നിലനിര്ത്തിക്കൊണ്ട് മാത്രമാണ് ഞാന് ജന്മമെടുക്കുന്നതെന്നും കര്മ്മങ്ങള് ചെയ്യുന്നതെന്നുമുള്ള ശാശ്വതമായ സത്യം അറിയുന്നവര് മാത്രമേ മോചിതനാകുകയുള്ളൂ. അങ്ങനെയുള്ളവന് മര്ത്ത്യലോകത്ത് ജീവിക്കുന്നുവെങ്കിലും അവന് ദേഹത്തോടുള്ള ബന്ധം ഇല്ലാത്തവനായിട്ടാണ് വര്ത്തിക്കുന്നത്. കാലക്രമത്തില് അവന്റെ ശരീരം പഞ്ചഭൂതങ്ങളില് അലിഞ്ഞുചേരുമ്പോള് , അവന് എന്റെ ശാശ്വതികമായ സത്തയില് വിലയം പ്രാപിക്കുന്നു.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 10

വീതരാഗഭയക്രോധാഃ
മന്മയാ മാമുപാശ്രിതാഃ
ബഹവോ ജ്ഞാനതപസാ
പൂതാ മദ്ഭാവമാഗതാഃ

രാഗം (ആശ), ഭയം, ക്രോധം എന്നിവയെ പൂര്ണ്ണമായി ഉപേക്ഷിച്ചവരും, സദാ മനസ്സിനെ എന്നില്ത്തന്നെ വെച്ചിരിക്കുന്നവരും, എല്ലായ്പ്പോഴും എന്നെത്തന്നെ ഉപാസിക്കുന്നവരുമായ വളരെ ആളുകള് ജ്ഞാനം കൊണ്ടും തപസ്സുകൊണ്ടും പരിശുദ്ധന്മാരായി എന്റെ സായൂജ്യത്തെ പ്രാപിച്ചിട്ടുണ്ട്.

ഭൂതവര്ത്തമാന കാലങ്ങളെപ്പറ്റി യാതൊരു ആകുലതയും ഇല്ലാത്തവര് രാഗവിമുക്തരാണ്. അവര് ക്രോധത്തിന് അടിപ്പെടുകയില്ല. അവര് ഇന്ദ്രിയവിഷയങ്ങളോട് മമത പുലര്ത്തുകയില്ല. അവര് എപ്പോഴും എന്നില് തന്നെ ലീനരായിരിക്കും. എന്നെ സേവിക്കാന് വേണ്ടി മാത്രമാണ് അവര് ജീവിക്കുന്നത്. അവര് ആത്മചിന്തനത്തില് മുഴുകിക്കഴിയുന്നു. പരമാത്മജ്ഞാനത്തില് അവര് ആനന്ദം കണ്ടെത്തുന്നു. അവര് പവിത്രമായ കഠിനതപസ്സില്നിന്ന് സംജാതമായ മഹത്ത്വത്തിന്റ മിന്നിത്തിളങ്ങുന്ന സങ്കേതങ്ങളാണ്. അവര് അവബോധത്തിന്റെ ആസ്ഥാനങ്ങളാണ്. അവര് പുണ്യപുരുഷന്മാരാണ്. പവിത്രമായ തീര്ത്ഥാടനകേന്ദ്രങ്ങളെ അവര് പവിത്രതരമാക്കുന്നു. അങ്ങനെയുള്ളവരും ഞാനും തമ്മില് വ്യത്യാസ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് അവര് അനായാസേന ഞാനുമായി സാത്മ്യം പ്രാപിക്കുന്നു. ഞങ്ങളെ തമ്മില് വേര്തിരിക്കുന്ന യാതൊരു മറകളും ഇല്ല. പിത്തള ക്ളാവു പിടിച്ച് കറുക്കുകയില്ലെങ്കില് കനകത്തെ ആരെങ്കിലും ശ്രദ്ധിക്കുകയോ അതു സമ്പാദിക്കുന്നതിനുവേണ്ടി ശ്രമിക്കുകയോ ചെയ്യുമോ? അതുപോലെ തീവ്രമായ ആത്മീയ സാധനയിലൂടെയും വിശുദ്ധികൈവന്നവര് ജ്ഞാനതപസ്വികളായി ഒടുവില് പരമാത്മസ്വരൂപമായ എന്നില് നിസ്സംശയം എത്തിച്ചേരുന്നു.


തുടരും.....
                      കടപ്പാട്.ഗുരുപരമ്പരയോട്

ഭഗവദ്ഗീത (part 20)

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 1

ശ്രീഭഗവാനുവാച:

ഇമം വിവസ്വതേ യോഗം
പ്രോക്തവാനഹമവ്യയം
വിവസ്വാന് മനവേ പ്രാഹ
മനുരിക്ഷ്വാകവേഽബ്രവീത്

ഒരിക്കലും നാശമില്ലാത്ത, ഒരു തരത്തിലും തെറ്റിപ്പോകാത്ത ഈ യോഗനിയമത്തെ ഞാന് വിവസ്വാന് (സൂര്യന്) ഉപദേശിച്ചു. സൂര്യന് അതു മനുവിനും മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.

ഭഗവാന് പാണ്ഡുപുത്രനോടു പറഞ്ഞു: ഞാന് ഈ കര്മ്മയോഗത്തെ ഒരിക്കല് ആദിത്യന് ഉപദേശിച്ചു. എന്നാല് അത് അനവധിയുഗങ്ങള്ക്കു മുമ്പായിരുന്നു. പിന്നീട് സൂര്യന് അതു വിശദമായി തന്റെ പുത്രനായ മനുവിനു വെളിപ്പെടുത്തിക്കൊടുത്തു. വൈവസ്വതമനു അത് അനുഷ്ഠിച്ചിട്ട് തന്റെ പുത്രനായ ഇക്ഷ്വാകുവിന് ഉപദേശിച്ചു. ഇപ്രകാരം പരമ്പരാഗതമായുള്ളതാണ് ഈ യോഗം

അദ്ധ്യായം നാല് :  ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 2 – 3

ഏവം പരമ്പരാപ്രാതം
ഇമം രാജര്ഷയോ വിദ്യഃ
സ കാലേനേഹ മഹതാ
യോഗോ നഷ്ടഃ പരന്തപ

സ ഏവായം മയാ തേഽദ്യ
യോഗഃ പ്രോക്തഃ പുരാതനഃ
ഭക്തോഽസി മേ സഖാ ചേതി
രഹസ്യം ഹ്യേതദുത്തമം.

അല്ലയോ പരന്തപ, ഇപ്രകാരം പരമ്പരയായി കിട്ടിക്കൊണ്ടിരുന്ന ഈ കര്മ്മയോഗം പല രാജര്ഷിമാരും (രാജാക്കന്മാര്തന്നെ ഋഷികളായിട്ടുള്ളവര് ) നല്ലതുപോലെഅറിഞ്ഞിരിക്കുന്നു. എന്നാല് ഈ യോഗം കാലം നീണ്ടുപോയതോടെ ലോകത്തിനു നഷ്ടമായിപ്പോയി.

നീ എന്റെ ഭക്തനും സ്നേഹിതനുമായതുകൊണ്ട് പണ്ടുതന്നെ വെളിപ്പെടുത്തിയിട്ടുള്ള ഈ യോഗം ഇപ്പോള് ഞാന് നിനക്ക് ഉപദേശിക്കുകയാണ്. ഇതു രഹസ്യവും ശ്രേഷ്ഠവുമാകുന്നു.

അല്ലയോ അര്ജ്ജുനാ, അതേ യോഗം തന്നെയാണ് നിനക്കു ഞാന് ഇപ്പോള് ഉപദേശിക്കുന്നത്. അതേപ്പറ്റി നീ അശേഷം സംശയിക്കേണ്ട. ഈ കര്മ്മയോഗം എന്റെ അത്യഗാധമായ ജീവിതരഹസ്യമാണ്. എന്നിട്ടും നീ എനിക്ക് ഏറ്റവും പ്രിയങ്കരനായതുകൊണ്ടുമാത്രം ഇതു നിന്നില്നിന്നും രഹസ്യമായി വെയ്ക്കുന്നില്ല.

അല്ലയോ പരന്തപ! ( ശത്രുക്കളെ തപിപ്പികുന്നവനേ!) പിന്നീട് പല രാജര്ഷിമാരും കര്മ്മയോഗം അഭ്യസിക്കുകയും അതില് നിപുണരാവുകയും ചെയ്തു. എന്നാല് ഇപ്പോള് ഇതെപ്പറ്റി അറിവുള്ളവരാരും ഇല്ല. മനുഷ്യന് തന്റെ ശരീരത്തിലും ഇന്ദിയസുഖാനുഭവത്തിലും കൂടുതല് അസക്തനായിരിക്കുന്നതുകൊണ്ട്, ആത്മജ്ഞാനത്തെ അവര് വിസ്മരിക്കുന്നു. ഇന്ദിയസുഖങ്ങളാണ് ആനന്ദത്തിന്റെ പാരമ്യത്തിലെത്തിക്കുന്ന ഉപാധിയെന്നു കരുതുന്ന അവന് ആത്മവിശ്വാസംതന്നെ നശിച്ചിരിക്കുന്നു. ഐഹികജീവിതമാണ് ഏറ്റവും വിലപ്പെട്ടതെന്ന് അവന് വിശ്വസിക്കുന്നു. ദിഗംബരരായ മുനിമാര് വസിക്കുന്ന ഗ്രാമത്തില് ആരാണു പട്ടു വസ്ത്രം അണിയാന് ആഗ്രഹിക്കുന്നത്? അന്ധനായി ജനിച്ച ഒരുവന് സൂരായന്റെ വില അറിയാന്കഴിയുമോ? ബധിരരായ ഒരു കൂട്ടം ആളുകളുടെ ഇടയില് സംഗീതത്തെ അഭിനന്ദിക്കുന്നത്? അപ്രകാരം ആത്മീയദര്ശനത്തെക്കുറിച്ച് അജ്ഞരും സംസാരബന്ധത്തില്നിന്ന് വിമുക്തരായി ആത്മീയജീവിതം നയിക്കണമെന്ന് ആഗ്രഹമില്ലാത്തവരും, അജ്ഞാനന്ധകാരത്തില് വട്ടം കറങ്ങുന്നവരുമായ ആത്മാക്കള്ക്ക് എന്റെ ദിവ്യഭാവത്തിന്റെ ദര്ശനം എങ്ങനെയാണ് സിദ്ധിക്കുന്നത്? എങ്ങനെയാണ് ഈ മോഹജാലം വൃദ്ധി പ്രാപിച്ചതെന്നറിഞ്ഞുകൂടാ. ഇ യോഗമാകട്ടെ ലോകത്തില്നിന്ന് അപ്രത്യക്ഷമായിട്ട് ഇപ്പോള് കാലം ഏറെ കഴിഞ്ഞു.

അല്ലയോ ധനുര്ദ്ധരാ! നീ സ്നേഹത്തിന്റെ മൂര്ത്തീഭാവമാണ്; ഇശ്വരഭക്തിയുടെ ജീവനാഡിയാണ്; സൗഹൃദത്തിന്റെ സ്രോതസ്സാണ്; വിശ്വാസ്യതയുടെ അസ്തിവാരമാണ്. അപ്രകാരമുള്ള നിന്നില് നിന്ന് ഞാന് എന്തെങ്കിലും ഒളിച്ചുവെയ്ക്കുന്നതു ശരിയാണോ? അതുകൊണ്ട് നാം ഒരു വലിയയുദ്ധത്തെ അഭിമുഖീകരിച്ചു നില്കുകയാണെങ്കിലും അതെല്ലാം അല്പ്പനേരം മാറ്റിവച്ചിട്ട് നിന്റെ അജ്ഞതയ്ക്ക് ഞാന് അറുതിവരുത്തുന്നതാണ്. ശല്യത്തെ വകവയ്ക്കാതെ.

അദ്ധ്യായം നാല് :  ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 4 – 5

അര്ജ്ജുന ഉവാച:
അപരം ഭവതോ ജന്മ
പരം ജന്മ വിവസ്വതഃ
കഥമേതദ്വിജാനീയാം
ത്വമാദൗ പ്രോക്തവാനിതി

അങ്ങയുടെ ജനനം പില്കാലത്തുണ്ടായ സംഭവമാണല്ലോ. പക്ഷേ വിവസ്വാന് ജനിച്ചത് അതിനെത്രയോ മുമ്പാണ്. അപ്പോള് അങ്ങ് ആദ്യം അദ്ദേഹത്തിന് ഉപദേശിച്ചു എന്നു പറഞ്ഞാല് ഞാന് വിശ്വസിക്കുന്നതെങ്ങനെ?

അര്ജ്ജുനന് ചോദിച്ചു:അല്ലയോ കരുണാനിധിയായ ദേവാ! ഒരു മാതാവിന് തന്റെ ശിശുവിനോടു സ്നേഹമുണ്ടാകുന്നതില് എന്തെങ്കിലും അത്ഭുതത്തിന് അവകാശമുണ്ടോ? സംസാരജീവിതത്തില് തളര്ച്ചയും ക്ഷീണവും ബാധിക്കുന്നവര്ക്ക് അങ്ങ് ഒരഭയസ്ഥാനമാണ്. അഗതികള്ക്ക് അന്പേറിയ അമ്മയാണ്. ഞങ്ങളുടെ (പാണ്ഡവരുടെ) ജീവിതം തന്നെ അങ്ങയുടെ ദിവ്യമായ അനുഗ്രഹത്തിന് കടപ്പെട്ടിരിക്കുന്നു. അംഗവൈകല്യമുള്ള ഒരു ശിശുവിന് ജന്മം നല്കാന് ഇടയാകുന്ന മാതാവ് അതിനെ ജനനം മുതല്ക്കുതന്നെ പ്രത്യേകം പരിചരിക്കണമെന്ന് പറയേണ്ടതുണ്ടോ? അങ്ങേയ്ക്ക് ഞങ്ങളോടുള്ള ബന്ധം അപ്രകാരമാണ്.

ഞാന് അങ്ങയോട് ചില കാര്യങ്ങള് ചോദിക്കാന് ആഗ്രഹിക്കുന്നു. അത് അങ്ങ് ശ്രദ്ധയോടെ കേള്ക്കണമെന്നും എന്നോട് നീരസം തോന്നരുതെന്നും പ്രത്യേകമായ അപേക്ഷയുണ്ട്. കര്മ്മയോഗരഹസ്യത്തെപ്പറ്റി അങ്ങ് വിവസ്വാന് ഉപദേശിച്ചുവെന്നുള്ള അങ്ങയുടെ പ്രസ്ഥാവന ഒരു നിമിഷ നേരത്തേക്കുപോലും എനിക്കു വിശ്വസിക്കാന് കഴിയുന്നില്ല. ഞങ്ങളുടെ പൂര്വ്വികന്മാര്ക്കുപോലും വിവസ്വാന് ആരായിരുന്നു എന്ന് അറിയാമായിരുന്നില്ല. പിന്നെ എങ്ങനെ, എപ്പോഴാണ്, അങ്ങു വിവസ്വാന് ഉപദേശം നല്കിയത്?

വിവസ്വാന് അതിപുരാതനമായ കാലത്ത് ജീവിച്ച ആളല്ലേ? അങ്ങയുടെ ഉത്ഭവം ഈ അടുത്തകാലത്തും. ആ നിലയ്ക്ക് അങ്ങയുടെ ഈ പ്രസ്ഥാവനയില് വൈരുദ്ധ്യമുണ്ട്. അതേ സമയത്ത്, അല്ലയോ ഭഗവാനേ, അങ്ങയുടെ ജീവിതം ഞങ്ങള്ക്ക് ഒരു നിഗൂഢതത്വമാണ്. ആ നിലയ്ക് അങ്ങു പറഞ്ഞതു സത്യമല്ലെന്ന് എനിക്ക് എങ്ങനെ പറയാന് കഴിയും? ആകയാല് അങ്ങ് സൂര്യദേവന് ഈ ഉപദേശം നല്കിയതിനെപ്പറ്റി, വ്യക്തമായി മനസ്സിലാക്കത്തക്കവിധത്തില് എന്നോടു പറഞ്ഞാലും.

ശ്ലോകം 5
ശ്രീഭഗവാനുവാച:

ബഹൂനി മേ വ്യതീതാനി
ജന്മാനി തവ ചാര്ജ്ജുന
താന്യഹം വേദ സര്വ്വാണി
ന ത്വം വേത്ഥ പരന്തപ

അല്ലയോ അര്ജ്ജുനാ, എന്റെയും നിന്റെയും വളരെ ജന്മങ്ങള് കഴിഞ്ഞുപോയിട്ടുണ്ട്. അവയെ എല്ലാം ഞാന് അറിയുന്നു. നീ അവയെ അറിയുന്നില്ല.

ഭഗവാന് പറഞ്ഞു: ഞാന് വിവസ്വാന്റെ കാലത്ത് ജനിച്ചിരുന്നില്ലെന്നു വിചാരിക്കുന്നു. നിന്റെ മനസ്സ് സങ്കീര്ണ്ണമായതു സ്വാഭാവികമാണ്. നമുക്ക് ഇരുവര്ക്കും അനവധി ജന്മങ്ങള് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്നുള്ള വസ്തുത നിനക്ക് അറിഞ്ഞുകൂടാ. നിന്റെ പൂര്വ്വജന്മങ്ങളൊന്നും നീ ഓര്മ്മിക്കുന്നില്ല. എന്നാല് സന്ദര്ഭത്തിനാവശ്യമായപ്പോഴൊക്കെ ഞാനെടുത്ത എന്റെ എല്ലാ അവതാരങ്ങളെപ്പറ്റിയും എനിക്കു നല്ലതുപോലെ ഓര്മ്മയുണ്ട്.

തുടരും.....
                      കടപ്പാട്.ഗുരുപരമ്പരയോട്

സാധനാ ജീവിതം

സാധനാ ജീവിതം സുഖമുള്ള യാത്ര അല്ല, അത് കുറച്ച് ദുഷ്കരമാണ് കാരണം മനസ്സ് എവിടെ എല്ലാം കുടുങ്ങിക്കിടക്കുന്നു എന്ന് സദാ ജാഗ്രതയിൽ നിന്നാൽ മാത്രമേ അറിയാനാകൂ. എന്നാൽ നമ്മുടെ മനസ്സ്  നമ്മളെ പലപ്പോഴും വഴി തെറ്റിച്ച് സഞ്ചരിക്കുവാൻ പ്രേരിപ്പിക്കും എന്തു കൊണ്ടാണ് മനസ്സ് അങ്ങനെ ഒരു കളി നമ്മളിൽ കളിക്കുന്നത്?

കാരണം മനസ്സ് ഒരു പ്രതീക്ഷ പലതിലും ആരോപിച്ചു വച്ചിറ്റുണ്ടാക്കും എന്നിട്ട് അതിനെ ചുറ്റിപറ്റിയോ അല്ലങ്കിൽ അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിച്ച് കൊണ്ടുള്ള ഒരു മാനസ്സിക അവസ്ഥ സ്വയം ഉണ്ടാക്കും. ഇത് സാധകൻ സ്വയം തിരിച്ചറിഞ്ഞില്ലങ്കിൽ ഭാവിയിൽ അത്  നഷ്ടമാക്കുകയോ അല്ലങ്കിൽ അത് ദോഷം ആണ് എന്നറിഞ്ഞ് നമ്മളിൽ നിന്നും അടർത്തിമാറ്റാൻ നോക്കുമ്പോൾ അറിയാനാകും അതിന്റെ അടിവേരുകൾ എത്ര അഗാധമായിരുന്നു എന്ന്.

ഓർക്കുക ഈ സാഹചര്യങ്ങളിൽ എല്ലാം വിവേകത്തിനെ നാം ആശ്രയിച്ചില്ലങ്കിൽ പതറിയ മനസ്സ് നമ്മളെ വലിച്ചു ഗർത്തത്തിലേയ്ക്ക് കൊണ്ടു പോകും. വിവേകത്തിനെ ഉപയോഗിച്ചാൽ മനസ്സ് ദാവിയിൽ എങ്കിലും അംഗീകരിക്കും എന്നതാണ് സത്യം.

വിവേകം ഉപയോഗിച്ചില്ലങ്കിൽ നമ്മുക്ക് ഒരിക്കലും മനസ്സിന്റെ പിടിയിൽ നിന്നും പുറത്ത് കടക്കാനാകില്ല എന്നതാ സത്യം. ഈ സമയം വിവേകം പ്രവർത്തിക്കണം എങ്കിൽ ഞാൻ അത്രയ്ക്കും സാക്ഷി ഭാവത്തിലായിരിക്കണം.

** കടപ്പാട് ഗുരുപരമ്പരയോട് **

അറിവ്, എന്നത്

അറിവ്, എന്നത് എന്താണ്? അറിഞ്ഞത് എല്ലാം അറിവല്ല. അറിഞ്ഞതെല്ലാം അറിവല്ല എന്നു പറയാൻ എന്താ കാരണം? കാരണം എന്തന്നാൽ അറിവ് എന്നത് പൂർണ്ണമാണ്, അതിൽ ഭാഗികമായ അറിവ് പകുതി അറിവ് എന്നില്ല.

അങ്ങനെ നോക്കുമ്പോൾ എന്നിൽ ഉള്ളത് എന്ത്? അതോന്നും അറിവേ അല്ല, എന്നാൽ അതെല്ലാം അറിവിലേയ്ക്ക് എത്തുവാൻ സഹായിക്കാം എന്നതാണ് സത്യം.

എന്നിൽ ഉള്ളത് ചില ചില നിർദ്ദേശങ്ങൾ മാത്രമാണ്. അതും പലരിൽ നിന്നും പിന്നെ കുറെ ഗ്രന്ഥങ്ങളിലും നിന്നും. അതായത് കടം എടുത്ത നിർദേശങ്ങൾ. ചുരുക്കി പറഞ്ഞാൽ അഹങ്കരിക്കാൻ എന്നിൽ എന്തുണ്ട്? ഒന്നുമില്ല എന്നതു തന്നെ സത്യം.

*കടപ്പാട് ഗുരുപരമ്പരയോട്**

Sunday, 29 January 2017

ധ്യാന സാധകൻ

ഒരു ധ്യാന സാധകൻ സദാ മനസ്സിനെ നിരീക്ഷിക്കുന്നവനായിരിക്കണം കാരണം നിരീക്ഷകനെ വെട്ടിച്ചു കൊണ്ട് പല പല വഴികളിലൂടെ മനസ്സ് തന്റെ ചിന്തകളേ പുറം തള്ളും. നാം അത്രയ്ക്കും ജാഗ്രതയിലിരുന്നാൽ മാത്രമേ മനസ്സിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അറിയാനാകൂ. അതറിയാൻ ശ്രമിച്ചില്ലങ്കിൽ എന്താണ് കുഴപ്പം? അറിയാൻ ശ്രമിക്കുന്നില്ലങ്കിൽ നാം അസ്വസ്ഥനായി കൊണ്ടിരിക്കും എന്നത് തന്നെ ഫലം.

കാരണം നമ്മളിൽ അസ്വസ്ഥത അനുഭവിക്കുന്നു എങ്കിൽ ഓർക്കുക അപ്പോൾ നമ്മൾ നിരീക്ഷണത്തിൽ അല്ല എന്നതു തന്നെ. നമ്മുടെ മനസ്സ് കലുഷിതമായിരിക്കുമ്പോൾ ചിന്തകളുടെ തീവ്രത കൂടും ശരിയായ ധ്യാനസാധകൻ ഇത്തരം ചിന്തകളുടെ കാരണത്തിനെ തേടി അതിനു പരിഹാരം കൊടുത്ത് മനസ്സിനെ ശാന്തതയിലെത്തിക്കുന്നു.

എന്നാൽ ഈ വിധത്തിൽ നിരീക്ഷിച്ച് ശാന്തമാക്കുവാൻ പരാജിതനാക്കുന്ന സാധകൻ തന്റെ സ്വന്തം മനസ്സിന്റെ ചിന്തകളുടെ ഒഴുക്കിൽപ്പെട്ടു അസ്വസ്ഥനായി സ്വയം പഴിച്ച്, സാധനയുടെ ആദർശങ്ങളേ അറിയാതെയെങ്കിലും കുറ്റം പറയുന്ന അവസ്ഥയിലേയ്ക്ക് പതിക്കും. ഓർക്കുക അഹം ബ്രഹ്മാസ്മി എന്നുച്ചരിച്ച നാവിന് സ്വയം പഴിക്കാനാകുമോ? ആക്കുന്നു എങ്കിൽ മനസ്സിന്റെ ചിന്താ രീതിക്ക് മാറ്റം വന്നു എന്നല്ലേ?

നിരീക്ഷണത്തിന്റെ അഭാവം നമ്മളിൽ ആസുരിക ഭാവങ്ങളേ വേഗം വളർന്നു പന്തലിക്കാൻ അവസരം നൽകുന്നു. അതിനാൽ നമ്മുടെ ബുദ്ധിയെ മറയ്ക്കാൻ മനസ്സിനെ അനുവദിക്കരുത് അനുവദിച്ചാൽ നമ്മളിൽ വിവേകം നശിക്കും, നാം നമ്മല്ലാതെ ആയി തീരും.

*കടപ്പാട് ഗുരുപരമ്പരയോട്**

Saturday, 14 January 2017

ഭവാൻ

“ഭവാൻ ഭീഷ്മശ്ച കർണശ്ച കൃപശ്ച സമിതിഞ് ജയഃ 
അശ്വത്മമാ   വികർണശ്ച  സൗമദത്തിസ്തഥൈവച" 

ആദ്യത്തെ ആൾ ദ്വൈതത്തിന്റെ ആചരണ രൂപിയായ ദ്രോണാചാര്യർ.  അടുത്തയാൾ ഭ്രമരൂപിയായ ഭീഷ്മപിതാമഹൻ,   വികാരഉദ്ഗമനമാണ് ഭ്രമം, അവസാനം വരെ ഈ ഭ്രമം നിലനിൽക്കുന്നു.  പിതാമഹൻ എന്നു പറയപ്പെടുന്നത് അതുകൊണ്ടാണ്.   സമസ്ത സേനകളും നാശമടഞ്ഞിട്ടും പിതാമഹൻ ജീവിതം  തുടരുന്നു.  ശരശയ്യയിൽ ചേതന മങ്ങി  കിടന്നപ്പോഴും ജീവിതം നിലനിർത്തിയിരുന്നു.   അങ്ങനെ ഭ്രമരൂപിയായി. ഭ്രമം  മരണപര്യന്തം നിലനിന്നു. പിന്നെയുള്ളത് വിജാതീയ കർമ്മരൂപിയായ കർണനും. സമരവിജയിയായ കൃപാചാര്യനുമാണ്.   സാധകനിലുള്ള കൃപയുടെ ആചരണമാണ് കൃപാചാര്യർ. ലക്ഷ്യപ്രാപ്തിയോടെ പരമാചര്യനായി ശോഭിക്കുന്ന കൃപയുടെ  ധാമമാണ് കൃഷ്ണൻ,  സാധനകൾ നടത്തുമ്പോൾ നാം പരമാത്മാവിൽ നിന്നും  ഭിന്നരത്രേ.  വിജാതീയ പ്രവർത്തനമാകുന്നു ജീവിതം, മോഹരൂപത്തിലുള്ള സമർദ്ദ തന്ത്രമാണത്.  ഈ പരിതഃസ്ഥിതിയിൽ സാധകൻ  ദുർബലനായി കൃപകാണിക്കാൻ തുടങ്ങിയാൽ   പുരോഗതിക്ക് തടസ്സമുണ്ടാകും.  ദയ കാട്ടിയതുകൊണ്ട് സീതക്ക് ലങ്കയിൽ കഴിയേണ്ടിവന്നു. സാധനാകാലത്തിൽ വിശ്വാമിത്രൻ  ത്രിശങ്കുവിന്റെ മേൽ ദയകാട്ടിയതിനാൽ തപോബലം നഷട്ടപ്പെട്ട് പതിതനായി. ശക്തികൾ ഉണരുമ്പോൾ സദ്ധികൾ ഉണ്ടാവുന്നു,  എന്നാൽ അവ കാമക്രോധലോഭാമോഹാതികൾ പോലെ മോക്ഷപ്രാപതിക്ക് തടസ്സമുണ്ടാക്കുന്നു.

മായ അനേകം തടസ്സങ്ങൽ ഉണ്ടാക്കുന്നു.  ഐശ്വര്യം പ്രദാനം ചെയ്യുന്നു. അത്രത്തോളം തന്നെ സിദ്ധനാക്കുകയും ചെയ്യുന്നു.  ഈ നിലയിലെത്തിയ സാധകന്  ആപത്തുകൾ ഇല്ലാതാക്കാം. മരണാസന്നനായ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാം  എന്നാൽ ഇങ്ങനെ പ്രകടിപ്പിക്കുന്നത് തൊഴിലാക്കിയാൽ അയാൾ അധഃപതനത്തിലേക്ക് വഴുതി വിഴും. ഭജന-ചിന്തനക്രമങ്ങൾ തകരാറിലാവും, അങ്ങനെ വഴിതെറ്റി പ്രകൃതിയുടെ പ്രഹരങ്ങൾ   തുടരെ എൽക്കേണ്ടിവരും  ലക്ഷ്യം വിദൂരത്തിലായിരിക്കുമ്പോൾ സാധകൻ വിട്ടുവീഴ്ചകൾ ചെയ്താൽ  ആ അസ്ഥാനത്തുള്ള കരുണ്യപ്രകടനം   യുദ്ധജേതാക്കളാകേണ്ട   തന്റെ ഭടന്മാരെ മുഴുവൻ  അസ്തപ്രജ്ഞരാക്കിയെന്നു വരും അതിനാൽ സാധകൻ വിജയലബ്ധിവരെ  സൂക്ഷിച്ചു കഴിയണം. (ദയ ഇല്ലെങ്കിൽ കശാപ്പുക്കാരനെന്നു കരുതപ്പെടും, ദയ കാട്ടിയാലോ ആപത്തിൽ വിഴുകയും ചെയ്യും.)   

സൃഷ്ടിയിലുള്ള വസ്തുക്കളാൽ ആകർഷിക്കപ്പെടുന്നത് ആസക്തിമൂലമാകുന്നു. ഇങ്ങനെയുള്ള ആസക്തിയുടെ പ്രതിരൂപമാക്കുന്നു അശ്വത്ഥാമാ. ദ്വൈതത്തിന്റെ ആചരണരൂപമാക്കുന്നു ദ്രോണാചര്യർ.  ദ്വൈമാകുന്നു  ആസക്തിയുടെ  ജന്മദാതാ.  ദ്രോണാചര്യരുടെ കയ്യിൽ  ആയുധം ഉള്ള കാലം വരെ അദ്ദേഹം അജയ്യനാകുന്നു.  അദ്ദേഹത്തെ ആരാലും മരണപ്പെടുത്താൻ സാദ്ധ്യമല്ല. അതിനാൽ ശ്രീകൃഷ്ണന്റെ ഉപായത്താൽ  അശ്വത്ഥാമാവിനെ കൊന്നു  എന്നുപറയുന്നു.ഇതു കേട്ട് തന്റെ മകനാണ് മരിച്ചതെന്ന് വിശ്വസിച്ച ദ്രോണാചര്യർ തപ്തചിത്തനായി ശസ്ത്രവിഹീനനായി നിലംപതിച്ചു. തത്സമയം അദ്ദേഹത്തെ വധിച്ചു. പുത്രന്റെ മേൽ ഉണ്ടായ അത്യാസക്തി മൂലം സ്വയം മൃത്യുവിന് ഇരയായി. അശ്വത്ഥാമാ  ദീർഘജീവിയായിരുന്നു.  എങ്കിലും ജീവിതത്തിന്റെ അന്തിമക്ഷണം  വരെ ആസക്തി എന്ന ഈ ബാധ നിലനിന്നിരുന്നു.  അതിനാൽ ചിരംജീവി എന്നു പറയുന്നു.

വികൽപരൂപി കർണ്ണൻ!  സാധനയുടെ ഉന്നാതാവസ്ഥയിലേക്ക് എത്തുന്നതു  വരെ  മനസ്സിൽ സങ്കൽപവികൽപങ്ങൾ ഉണ്ടാകും.  ഉന്നതാവസ്ഥയിൽ വിശിഷ്ടസങ്കൽപങ്ങൾ ഉണ്ടാകും. സ്വരൂപപ്രാപ്തിയോടെ ഭഗവാനിൽ നിന്നും സദ്ധികളും അലൗകികശക്തികളും കിട്ടും. എന്നാൽ സാധകന്റെ ദൃഷ്ടി എപ്പോഴും കർമ്മത്തിൽ മാത്രമായിരിക്കണം . കർമ്മഫലത്തിൽ ആകാംക്ഷ ഉണ്ടാകാൻ പടില്ല   അന്തുകൊണ്ടെന്നാൽ ഭഗവത് ചിന്തനത്തിനു പകരം   ഐശ്വര്യാദിസിദ്ധികളുടെ സങ്കൽപവികൽപങ്ങൾ ഉണ്ടാകും.  ഇത് സാധകന് ഭയങ്കരബാധയുണ്ടാകും.  ഈ വികൽപമാകുന്നു വികർണൻ.

ഭ്രമമായി ശ്വാസം ഭൂരിശ്രവാകുന്നു. സാധനയുടെ തരം ഉയർന്ന്  ഉന്നതസ്ഥിതിയിൽ എത്തുമ്പോൾ പ്രശംസകൾ കിട്ടാൻ  തുടങ്ങും. ഇദ്ദേഹം സിദ്ധനാകുന്ന ,  ദിവ്യശക്തിയുള്ള മഹാത്മാവാകുന്നു.   ലോകപാലകർ പോലും  ഇദ്ദേഹത്തിന്റെ മുന്നിൽ തലകുനിക്കുന്നു.    മത്രമല്ല  ഇദ്ദേഹത്തിന്റെ  കൂടെയുള്ളവരെയും ലോകർ ബഹുമാനിക്കുന്നു. എന്നിങ്ങനെ പ്രശംസിക്കുന്നത് കേട്ട് സന്തോഷാതിരേകത്തിൽ മുങ്ങി ഒഴുകി പോകും.   ഈ ഭ്രമമായ ശ്വാസമാകുന്നു ഭുരീശ്രുവ  . പ്രശംസകൾ ഒന്നിനു മേൽ  ഒന്ന് എന്നിങ്ങനെയുണ്ടാകുന്നത് അത്യാധികരഞ്ചിതമാവുന്നു.  ഇതിനാൽ സാധകന്റെ സാധനകളിൽ ക്ഷയം സംഭവിക്കുന്നു. ഇതുപോലെ ഭ്രമമായി ശ്വാസമകുന്നു ഭൂരിശ്രവ. സംയമത്തിന്റെ ഉന്നതസ്ഥിതിയിൽ ഉണ്ടാകുന്ന പ്രകൃതികളുടെ നാമമാകുന്നു  ഇത്.    ബാഹ്യപ്രവർത്തികളൂടെ അംഗ ഉപാംഗവുമാകുന്നു.

**കടപ്പാട്  ഗുരുപരമ്പരയോട്**