Thursday, 17 November 2016

സാധന ചെയ്യുന്നത്?

എന്തിനാണ് ഞാൻ സാധന ചെയ്യുന്നത്? എന്റെ ഉള്ളിൽ നിന്ന് ആരാണ് എന്നോട് സാധന ചെയ്യുവാൻ പറയുന്നത്? എന്തുകൊണ്ടാകും സാധന ചെയ്യണം എന്നു തോന്നുന്നത്? ആർക്കാണ് തോന്നുന്നത്?

ആരോടാണ് സാധന ചെയ്യുവാൻ പറയുന്നത്? ആരാണ് ചെയ്യുന്നത്? ആരിലാണ് മാറ്റം വരുന്നത്? സാധനയ്ക്ക് പുരോഗതി ഉണ്ടാക്കുന്നു എന്ന് ആർക്ക് അനുഭവപ്പെടുന്നു. ആരാണ് വിലയിരുത്തുന്നത്?

ആരാണ് തിരുത്തുന്നത്? ആർക്കാണ് ആനന്ദം? ആർക്കാണ് മോക്ഷം കിട്ടുന്നത്?

**കടപ്പാട്  ഗുരുപരമ്പരയോട്**

Wednesday, 16 November 2016

ആരാണ് യഥാർഥ ബ്രഹ്മചാരി

ഒരിക്കൽ നാരദൻ ഒരു നദിക്കരയിലെത്തി മറുക്കര  കടക്കൻ ഒന്നും കിട്ടിയില്ല.  അപ്പോഴാണ് ആ വഴി ഒരു ഋഷി വന്നത്  ആ ഋഷി പറഞ്ഞു ലോകത്തിലെ ഏറ്റവും വലിയ ബ്രഹ്മചാരിയുടെ പേർ പറഞ്ഞാൽ നദി വഴിമാറും എന്ന്. അപ്പോൾ നാരദൻ ആലോചിച്ചു ഓ അതു ഞാൻ തന്നെ ഇന്നേ വരെ  ഒരു സ്ത്രീയേയും നോക്കിയിട്ടില്ല,  അങ്ങനെ നാരദൻ പറഞ്ഞു നാരദനാണ് ലോകത്തിലെ ഏറ്റവും വലിയ ബ്രഹ്മചാരിയെങ്കിൽ  നദീ വഴിമാറൂ.വെന്ന് നദി വഴിമാറിയില്ല.  ആ ഋഷി ചിരിച്ചുകൊണ്ട് പറഞ്ഞു നീ മനസ്സുകൊണ്ട് ബ്രഹ്മചാരിയല്ല. കൃഷ്ണനെ കുറിച്ച് പറഞ്ഞുനോക്കൂ ഒരു പക്ഷേ വഴി മാറിയാലോ .   നാരദൻ പൊട്ടിച്ചിരിച്ചു . ഭാര്യമാരുള്ള കൃഷ്ണനോ ..!! ശരി ഒന്നു പറഞ്ഞു നോക്കൂ ചിലപ്പോൾ വഴി മാറിയാലോ എന്ന് ഋഷി പറഞ്ഞു. അങ്ങനെ നാരദൻ പറഞ്ഞു കൃഷ്ണനാണ് ലോകത്തിലെ  ഏറ്റവും വലിയ ബ്രഹ്മചാരിയെങ്കിൽ നദീ വഴിമാറൂ അത്ഭുതമെന്നു പറയട്ടെ നദി വഴിമാറി.  നാരദൻ അപ്പോഴും ആലോചിക്കുകയായിരുന്നു  കൃഷ്ണൻ വിവാഹങ്ങൾ ചെയ്തീട്ടും  കൃഷ്ണൻ ബ്രഹ്മചാരിയായിരിക്കുന്നു.   അതാണ് കൃഷ്ണനെ കൃഷ്ണനാക്കിയത്. കൃഷ്ണൻ  പറഞ്ഞത് സ്വന്തം ഭാവം എന്താണോ അതായിതീരുക. എന്താണോ നമ്മുടെ സ്വന്തഭാവം ?

നമ്മളിൽ പലരും മറ്റുള്ളവരെ അനുകരിക്കാണ് ശ്രമം. റോസപൂവിന് ഒരിക്കലും തമരയാകാനാവില്ല, താമരക്ക്  റോസപൂവും ആകനാവില്ല . താമര താമരയുടെ സ്ഥാനത്തും റോസപൂ റോസപ്പൂവിന്റെ സ്ഥാനത്തും മഹത്തരം ആണ്.  ഈ ലോകത്തിന്റെ ഏത് പുൽകൊടിക്കും   ഉണ്ട് അതിന്റെതായ സ്ഥാനം. ആ പുൽക്കൊടിയില്ലാതെ ഈ ലോകം അപൂർണ്ണമായിരിക്കും. നാം ഓരോരുത്തരും അങ്ങനെ തന്നെയാണ് നാം ഓരോരുത്തരും  ഈ ലോകത്തിലെ കവിതയുടെ ഭാഗമാണ്.   അഥർവ്വവേദത്തിൽ പറയുന്നു.   "പശ്യദേവസ്യകാവ്യം"  എന്ന്  ദേവന്റെ ഈ മഹത്തായ കാവ്യം കണൂ എന്ന്. ഈ കാവ്യത്തിലെ ഓരോ വാക്കുകളും അക്ഷരങ്ങളുമാണ് നാം  ഓരോരുത്തരും.  അതില്ലാത്തെ ഈ കാവ്യം അപൂർണമായിരിക്കും.  ഈശ്വരൻ തൂണിലും തുരുമ്പിലും  ഈശ്വരനുണ്ടെന്ന് പറയുന്നതും ഇതേ അർത്ഥത്തിലാണ്.   ഇവിടെ സ്വന്തം ഭാവം മനസ്സിലാക്കാതെ  എല്ലാവരും സംന്യസിക്കണമെന്ന് ആവിശ്യപ്പെടുന്നവരുമുണ്ട്. അവരോട് ആവിശ്യപ്പെടുന്നത് ഒട്ടലില്ലാതിരിക്കാനാണ്. നമ്മുടെ കാഴ്ചപ്പാട് അനാസക്തിയുടെതാണ്. ഇത് മനസ്സിലാകത്തത് വേദപഠനം ഇല്ലാത്തതിനാലാണ്.  അനാസക്തി എന്നാൽ ഒട്ടലും ഒട്ടലിലായ്മയും രണ്ടും ത്യജിച്ചവൻ എന്നർത്ഥം. ഇതിനു പകരം ചിലർ സ്ത്രീകളെ നോക്കാതിരിക്കും  അവർ വരുന്ന സ്ഥലത്തെക്ക് വരാതിരിക്കും.  അവരുടെ പടങ്ങൾ നോക്കാതിരിക്കും, അവരുടെ ശബ്ദം കേൾക്കാതിരിക്കും.  ഇതെല്ലാം കണ്ടാൽ തോന്നും അവർ വീതരാഗരാകാത്തതിന് കാരണം സ്ത്രീകളാണെന്ന് .   വാസ്തവത്തിൽ ഇത് അനാസക്തിയാണെന്ന് കരുതാൻ വയ്യ.  ഇതും ഒരു തരത്തിൽ ആസക്തിയാണെന്ന്  , തന്റെ ഉള്ളിലുള്ള ആസക്തി നിയന്ത്രിക്കാൻ പറ്റാത്തതിലുള്ള വിഷമമാണ് ഈ കാട്ടിക്കൂട്ടൽ. അതുമല്ലെങ്കിൽ സ്ത്രീകളോടുള്ള വിരോധമാണ് എന്ന് ഗണിക്കാം.  ഈ പ്രപഞ്ചത്തെ നിലനിർത്തുന്നത് സ്ത്രീകളും കൂടിച്ചേർന്നാണ്.  ഓരോരുത്തരും ജന്മമെടുക്കുന്നതും ഈ സ്തീകളിൽ  നിന്നുതന്നെയാണ്.

ഇതുപോലെയാണ് ചിലർക്ക് പണത്തിനോടുള്ള സമീപനവും. ചിലർ  സ്വയം പ്രഖ്യാപിക്കും ഞാൻ പണം കൈകൊണ്ട്  തൊടില്ലന്ന്  ഇക്കാലമത്രയും പണം ആരെയും ദ്രോഹിച്ചതായി  അറിവില്ല.   പണത്തിനോടുള്ള വെറുപ്പിനെ അനാസക്തി എന്നു പറയാനാവില്ല. എന്താണ് നമ്മൂടെ ഭാവം?  സ്ത്രീയോടും പണത്തിനോടുമുള്ള നമ്മുടെ  ഭാവമെന്താണ്? വെള്ളം ചൂടുള്ളതാണോ തണുത്തതാണോ ?  എന്താണ് വെള്ളത്തിന്റെ ഭാവം ?. ചൂടാക്കുമ്പോൾ വെള്ളം ചൂടാവുന്നു. തണുക്കുമ്പോൾ വെള്ളം തണുക്കുന്നു.    വെള്ളത്തിന്റെ സ്വന്തം ഭാവം ചൂടുള്ളതുമല്ല തണുത്തതുമല്ല.  നമ്മുടെ സ്വന്തം കണ്ണുകളെ പരിശോധിക്കുക. അതു അടഞ്ഞതാണോ തുറന്നതാണോ ?    കണ്ണുകൾ ഉറങ്ങുമ്പോൾ അടഞ്ഞിരിക്കും, ഉണർന്നിരിക്കുമ്പോൾ  തുറന്നിരിക്കണം .  ഇതേ കണ്ണുകൾ പോലെ , ഇതേ വെള്ളം പോലെ തന്നെയാണ്  നമ്മുടെ ഭാവവും. അതിനോട് എന്ത് ചേർക്കുന്നുവോ അതായി നാം മറും. ശ്രീകൃഷ്ണന് ഇക്കാര്യമറിയാമായിരുന്നു. ചിലർക്ക് സ്ത്രീയില്ലാതെ ഒരു ദിവസം പോലും   കാണാൻ കഴിയില്ല.  ചിലരാകട്ടെ സ്ത്രീകളെ കാണുന്നതു തന്നെ വെറുക്കുന്നു.  ഇവ രണ്ടും ഒട്ടൽ തന്നെ.  ഒന്ന് സ്ത്രീയോടുള്ള ഒട്ടൽ മറ്റെത് സ്ത്രീവിരോധത്തോടുള്ള ഒട്ടൽ.  ആദ്യത്തെ ഒട്ടൽ തിരിച്ചറിയാൻ  കഴിയും.  എന്നാൽ രണ്ടാമത്തെത് ഒരിക്കലും തിരിച്ചറിയാനാകില്ല. ഇത് രണ്ടും കൃഷ്ണൻ  തിരിച്ചറിഞ്ഞിരിക്കുന്നു അതിനാൽ  കൃഷ്ണൻ  ബ്രഹ്മചാരിയായി. 

ശ്രീകൃഷ്ണൻ ഗായകനായിരുന്നു, കവിയായിരുന്നു, ഉജ്ജ്വലപ്രഭാഷകനായിരുന്നു,  രാഷ്ട്രീയ അമരക്കരനായിരുന്നു,  യുദ്ധതന്ത്രജ്ഞനായിരുന്നു, ദൂതനായിരുന്നു. നല്ലൊരു   സാരഥിയായിരുന്നു.  ഇതെല്ലാമായിരിന്നിട്ടും  സ്വന്തം ഭാവം അദ്ദേഹം  മറന്നതേയില്ല.    അദ്ദേഹം ഇവിടെ സാധാരണ മനുഷ്യനായി ജീവിച്ചിരുന്നു.  അദ്ദേഹം  ഉച്ചൈസ്തരം ഉദ്ഘോഷിച്ചു.  എന്റെ ഭക്തൻ  എന്നെപ്പോലെയായി തീരുമെന്ന്.   മാത്രമല്ല  ദുര്യോധനനുമായി സന്ധിസംഭാഷണത്തിന്നു യാത്ര തിരിക്കവെ കൃഷ്ണൻ വഴിയിൽ തേരുനിർത്തി സന്ധ്യാവന്ദനം ചെയ്യുന്നുണ്ട്. കൃഷ്ണൻ സന്ധ്യാവന്ദനം ചെയ്യുവാൻ പറയുകയും സ്വയം ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ ആചാരം പരമമായ ധർമ്മമാണ് ആ ആചരണത്തിൽ നിന്ന്  വ്യതിചലിക്കരുതെന്ന്   ശ്രീകൃഷ്ണൻ സ്വന്തം ജീവിതദർശനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ധർമ്മത്തെ നാം രക്ഷിക്കുമ്പോൾ ധർമ്മം നമ്മെയും രക്ഷിക്കുന്നു.   "ധർമ്മോരക്ഷതിരക്ഷിത" എന്ന  ഉക്തിയുടെ അർത്ഥം.

Guru kripa

ധർമ്മം


ധർമ്മം മറ്റൊരുഭാഷയിലും പകരം വെക്കാൻ വാക്കില്ലാത്ത "വാക്ക്" . ഈ പ്രപഞ്ചത്തെ നിലനിത്തുന്ന നിയമവ്യവസ്ഥയാണ് ധർമ്മം. അതിന്റെ ക്രിയാതലമാണ് കർമ്മം.   പ്രപഞ്ചം ഉടലെടുക്കുന്നതും നിലനിൽക്കുന്നതും ഇവ രണ്ടും കൊണ്ടാണ്. പ്രപഞ്ചത്തിലെ ഓരോ അണുവിനും അതിന്റെതായ ധർമ്മവും ആ ധർമ്മം അനുശാസിക്കുന്ന കർമ്മവും ഉണ്ട്. അത് ജീവൻ ഉള്ളതിനും ഇല്ലാത്തതിനും!!!.

അങ്ങനെയെങ്കിൽ ധർമ്മം എവിടെ തുടങ്ങുന്നു.  ധർമ്മം അത് എല്ലാ വസ്തുവിനും അതിൽ വരമ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. അത് ലംഘിക്കുന്ന ജീവിവർഗ്ഗം മനുഷ്യൻ മാത്രമാണെന്നു കാണാം.   ഒരു ജീവിവർഗ്ഗവും ഈ  പ്രപഞ്ചനിയമമായ ധർമ്മത്തെ ലംഘിക്കുന്നില്ല.

എന്നാൽ അവരാരും തന്നെ ഈ പ്രപഞ്ച സൃഷ്ടാവായ ശക്തിയെ പറ്റി ചിന്തിക്കാൻ പ്രാപ്തരല്ല.    അതിനുള്ള ശക്തി പ്രപഞ്ചകാരകൻ മനുഷ്യനു മാത്രമേ കാണുന്നുള്ളു.   ഇവിടെ മനുഷ്യൻ  ആ ധർമ്മ നിയമ വ്യവസ്ഥയിലെ അതിർവരമ്പുകൾ  മറികടന്ന് സ്വാർത്ഥമോഹത്താൽ   കാമ വികാരത്താൽ കൂട്ടിവെക്കാനും അന്യന്റെ കവരാനും ശ്രമിക്കുന്നിടത്താണ് അധർമ്മം തുടങ്ങുന്നത്. അതാകട്ടെ ധർമ്മത്തിന്റെ നിർവചനത്തിനു വിരുദ്ധവും.  

എന്താണ് ധർമ്മത്തിന്റെ നിർവചനം . ഋഗ്വേദത്തിൽ നോക്കാം.  " ത്രീണി പദാ  വിചക്രമേ വിഷ്നുർ ഗോപാ ആദഭ്യഃ അതോ ധർമ്മാണി ധാരയൻ"     വിശ്വത്തെ ധരിച്ചുക്കൊണ്ട് ഭദ്രമായി നിലനിൽക്കുന്നത് എന്തോ അത് ധർമ്മം.

"ധാരാനത്ധർമമിത്യഹുഃ ധരതി ലോകാൻ ധ്രീയതെ, പുന്ന്യാത്മഭിർവ യതോ/ഭ്യുദയനിശ്രേയാസ സിദ്ധിഃ സ ധർമ ജഗത സ്ഥിതി കാരണം.  പ്രാണിനാം സാക്ഷാദ്ഭ്യുദയ നീ ശ്രേയ സഹെതുര്യഹ സ ധർമ "  ഇഹത്തിലും പരത്തിലും ഒരു പോലെ ക്ഷേമവും മോക്ഷവും നൽകുന്നത് എന്ത് അത് ധർമ്മം.  കർമ്മം ചെയ്യുന്നതിന് നമ്മുക്ക് പ്രേരണ നൽക്കുന്ന  നിയമ വ്യവസ്ഥ ധർമ്മം. എല്ലാ ജഗത്തിനും സൃഷ്ടിസ്ഥിതിലയങ്ങൾക്കും  കാരണവും എല്ലാ പ്രാണികൾക്കും  അഭ്യുദയങ്ങൾക്കും ധർമ്മാർത്ഥകാമമോക്ഷങ്ങൾക്കും ശ്രേയസ്സിനും ആയതു ധർമ്മം. 

തനിക്ക് പ്രിയമായവ അന്യന് പ്രിയമായിരിക്കണം, സ്വപ്രവർത്തികൾ സദാചാരം ആയിരിക്കണം ,  ദുരാചാരം ആകരുത്.  ധൈര്യം ക്ഷമ  ക്രോധലോഭാദികളുടെ അടക്കം  ആന്തരീകവും ബാഹ്യവുമായ ശുദ്ധി , ഇന്ദ്രീയ നിഗ്രഹം, അറിവ് വിവേകം നല്ലതു തിരിച്ചറിയാനുള്ള ജ്ഞാനം, സത്യം പ്രേമം അഹംഭാവം ഇല്ലായ്ക,  സഹാനുഭൂതി ത്യാഗം സേവന സന്നദ്ധത, ഈശ്വരോമുഖമായ ബുദ്ധി  ഇവ ഏതു ജീവിതത്തിലൂടെയാണോ പ്രതിഫലിച്ചു കാണുന്നത് അതാണ് ധർമ്മ നിഷ്ട്മായ ജീവിതം.

വ്യക്തിധർമ്മം പോലെ സമാജധർമ്മവും ഉണ്ട് അതാണ് സംസ്ക്കാരം . 
പ്രപഞ്ചം നിലനിൽക്കുന്നത് ഈ ധർമ്മം കൊണ്ടും  അതിലുറച്ചു കൊണ്ടുള്ള കർമ്മം കൊണ്ടുമാണ്.

കർമ്മനിരതമായ ജീവിതത്തിൽ ഒരുവൻ യാതോരു ഫല ഇഛയും കൂടാതെ തന്നിൽ അർപ്പിതമായ കർത്തവ്യ നിർവഹണം എന്ന നിലയിൽ  കർമ്മം ചെയ്യുകയാണെങ്കിൽ  നിസ്വാർത്ഥമായി ചെയ്യുന്ന കർമ്മത്തിന്റെ അധികാരി അഥവാ കർത്താവു ഞാൻ എന്നു കരുതാതെ ഇരിക്കുകയും ചെയ്യമെങ്കിൽ അവൻ കർമ്മത്തിലും അകർമ്മത്തെയാണ് ദർശിക്കുന്നത് . എന്നു വെച്ചാൽ സ്വയം ഒന്നും ചെയ്യുന്നില്ല.

ഒരു തോണിയിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് തന്റെ ചുറ്റും വൃക്ഷങ്ങൾ വിവരീത ദിശയിൽ ഓടിപൊകുന്നതായി തോന്നും . എന്നാൽ വൃക്ഷങ്ങളല്ല ഓടിപോകുന്നത് ചലിക്കുന്നത് നമ്മൾ ആണ്എന്ന് നാം ആകുന്നു.  അതു പോലെ ദേഹേന്ദ്രിയങ്ങൾ ചെയ്യുന്ന കർമ്മങ്ങൾ അവയിൽ സംഗം ഇല്ലാതെ ആത്മാവിനെ സ്പ്ർശിക്കുന്നില്ല. ആത്മാവ് കർമ്മ നിരതമായി നിലകൊള്ളുന്നു. സൂര്യൻ എല്ലയിടത്തും എത്തുന്നു. അവിടെ നിന്നു കൊണ്ട് തന്നെ ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കും പോലെ നാം പ്രപഞ്ചത്തോട് താദാത്മ്യം പ്രാപിക്കുന്നിടത്താണ് കർമ്മ സിദ്ധാന്തത്തിന്റെ വിജയം. ആത്മസ്വരൂപം അറിയാത്തവൻ താൻ സുഖിയൻ ആണെന്നും ഒന്നും  താൻ ഒന്നും ചെയ്യുന്നില്ല ഒന്നും കരുതുന്നു. എന്നാൽ അവനും മനോ ബുദ്ധി വികാരം കൊണ്ട്   കർമ്മം ചെയ്യുന്നുണ്ട്. 

ആരും ഒന്നും ഇവിടെ കർമ്മം ചെയ്യാതെ ഇരിക്കുന്നില്ല. ഇത്തരത്തി കർമ്മം ചെയ്യുന്നവൻ പാപ പുണ്യങ്ങളിൽ നിന്നും വിമുക്തനും ആയിരിക്കും. അതിനാൽ തന്നെ ജനന മരണം എന്ന സംസാരചക്രത്തിൽ നിന്നും ഇയാൾ മോക്ഷപദവിയിലേക്ക് എളുപ്പം യാത്രയാവുന്നു.

സ്വധർമ്മത്തിൽ നിന്നു വ്യതിചലിക്കുവാൻ ധർമ്മത്തെ ലങ്ഘിച്ച്  സ്വധർമ്മത്തിന്റെ വഴിയെ  പോകുന്നവൻ  ധർമ്മകോപത്തിന്നു പാത്രമാവുന്നു.  ധർമ്മ സംരക്ഷണാർത്ഥം ജീവിക്കുന്നവനെ ജീവിതത്തിൽ ഒരിക്കലും ധർമ്മം കൈവിടുന്നില്ല.
  "ധർമ്മോ രക്ഷതി രക്ഷിത   തൃഷ്ണാ നഃ ജീർണ വയ മേവ"
നമ്മുടെ ശരീരത്തിൽ ജരാനരകൾ  സമ്മനിച്ച്  കടന്നു പോയ കാലം  നമ്മുടെ തൃഷ്ണ അഥവ ആഗ്രഹങ്ങളുടെ ശക്തി ക്ഷയിച്ചിട്ടില്ല.

**കടപ്പാട്  ഗുരുപരമ്പരയോട്**

ക്ഷമ

ശരിക്കും എന്നിലെ സകല കുഴപ്പങ്ങളും എന്നിലെ ക്ഷമയില്ലായ്മയിൽ നിന്നും ഉണ്ടായതാണ്. ക്ഷമ ഉണ്ടാകാൻ എന്താ ചെയ്യേണ്ടത്? ക്ഷമ ശീലിച്ചാൽ അല്ലേ ക്ഷമ ഉണ്ടാകൂ.

കണ്ടോ നമ്മളിൽ ഇല്ലാത്തത് ഉണ്ടാവാൻ നിലവിൽ ഇല്ലാത്തതിനെ ഞാൻ തന്നെ ഉപയോഗിക്കേണ്ടി വരുന്നത്. എങ്ങനെ ഉപയോഗിക്കും ഞാൻ? അത് ഉപയോഗിക്കണമെങ്കിൽ ഞാൻ എന്നിൽ ശ്രദ്ധിക്കേണ്ടതായുണ്ട്. ശ്രദ്ധ എന്നിലെ ക്ഷമയുടെ ആഴം കുടുംതോറും കൂടി കൊണ്ടിരിക്കും, ഇവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

എന്നാൽ ക്ഷമയില്ലാത്തവരായി ആരുമില്ല എന്നറിയുക.' എന്നിൽ വികർമ്മം നടക്കുമ്പോൾ ഞാൻ എന്തുമാത്രം ക്ഷമയാണ് കാണിക്കുന്നത്?

** കടപ്പാട്  ഗുരുപരമ്പരയോട്**

Tuesday, 15 November 2016

ചിന്തിക്കുന്നത് നല്ലതാണ്

ചിന്തിക്കുന്നത് നല്ലതാണ്. ചിന്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാൽ വളരെ നല്ലതാണ്. ചിന്തിക്കാതിരുന്നാൽ അതിലും നല്ലതാണ്. ചിന്തകൾക്കല്ലാം ഒരു കാരണം ഉണ്ടാക്കും, കാരണത്തിനെക്കുറിച്ചുള്ള ചിന്ത ചിന്തയെക്കുറയ്ക്കും.

ചിന്തയെ കുറയ്ക്കുന്ന ചിന്തകൾ നല്ലതു തന്നെ. ചിന്തിക്കുന്നവനാരാ എന്ന ചിന്ത നിശബ്ദതയിലേയ്ക്ക് നയിക്കും. ചുമ്മായിരിക്കുവാനായാൽ പിന്നെ ദു:ഖമെവിടെ?

ദു:ഖമില്ലാതിരിക്കാൻ വേണ്ടിയുള്ള മാർഗ്ഗം നമ്മളിൽ തന്നെ ഉള്ളപ്പോൾ നമ്മൾ തന്നെ ദു:ഖിച്ചിരിക്കുന്നത് എന്തു മാത്രം വിരോദാഭാസം ആണ്?

**കടപ്പാട്  ഗുരുപരമ്പരയോട്**

Monday, 14 November 2016

ധ്യാനിക്കണം


പലപ്പോഴും ധ്യാനിക്കണം എന്നു ചിന്തിക്കാം. എങ്ങനെ ധ്യാനിക്കണം എന്ന ചിന്ത ഉടനെ കൂടെ വരും. ധ്യാനത്തിനെ പറ്റിയുള്ള ചിന്ത ധ്യാനമല്ലല്ലോ. എന്തിനാ ധ്യാനിക്കുന്നത് എന്ന ചിന്തയും ധ്യാനമല്ല.

ധ്യാനത്തിന്റെ ഗുണങ്ങൾ അറിയുന്നതും ധ്യാനമല്ല. എല്ലാ ചിന്തകളും നിഗമനങ്ങളും സംശയങ്ങളും ധാരണകളും അഹത്തിൽ നിന്നാണ് വരുന്നത്. ആ അഹം നിലനിർത്തി കൊണ്ട് ധ്യാനം സാധ്യമല്ല, അഹത്തിനെ പോഷിപ്പിച്ചു നിർത്തുന്നത് മനസ്സിന്റെ സ്വഭാവമാണ്.

മനസ്സിനോടുള്ള ഒട്ടൽ വിട്ടാൽ ജീവന് ആശ്വാസകരമാക്കും, മുട്ടതോട് പൊട്ടി ജീവൻ പുറഞ്ഞു വരുന്നതു പോലെ നമ്മുടെ അഹത്തിന്റെ പുറംതോട് പൊട്ടി ജീവനെ സ്വതന്ത്രമാക്കണം. അത് തന്നെ ധ്യാനം.

**കടപ്പാട്  ഗുരുപരമ്പരയോട്**

മനസ്സിന് തൃപ്തമാകാൻ

മനസ്സിന് തൃപ്തമാകാൻ കഴിയില്ല. അതിനെ തൃപ്തിപ്പെടുത്തുകഅസാധ്യമാണ്. അത് കുറ്റം കണ്ടു പിടിക്കുന്ന ആളാണ്. ദു:ഖം കണ്ടെത്തുന്നവനാണ്. അതു കൊണ്ട് നിങ്ങൾ ജയിക്കുകയോ പരാജിതനാക്കപ്പെടുകയോ ചെയ്യട്ടെ, മനസ്സ് ഒപ്പമുള്ളപ്പോൾ നിങ്ങൾ ദുരിതത്തിലായിരിക്കും. മനസ്സിനെ ഒപ്പം കൂട്ടാനുള്ള വഴികാമനകൾ ഉണ്ടാകുക എന്നതാണ് .മനസ്സിനൊപ്പമാണ് അത് നിലനിൽക്കുന്നത്. അതു കൊണ്ട് മനസ്സിൽ നിന്ന് മുകതമായാൽ കാമനകളിൽ നിന്നും മുക്തമാകുന്നു.

ചിലപ്പോൾ നമ്മൾ നമ്മുടെ അഹങ്കാരത്തിനെ മുഖത്തോടു മുഖം കാണും, ഹോ എന്നു നമ്മൾ തന്നെ അറിയാതെ വിളിച്ചു പോകുന്ന നിമിഷങ്ങളാക്കും, കാരണം എന്നിലെ അഹങ്കാരം ഇത്രമാത്രം വളർന്നുവോ എന്നറിഞ്ഞതുകൊണ്ട് .

കൂടാതെ മനസ്സിനോരു ഓമനകൊട്ടും ഈ അഹങ്കാരത്തിന് ഇത്രയും ആരോഗ്യത്തോടെ വളരാനാകുന്നു യെങ്കിൽ എത്രമാത്രം വളം ഞാൻ ഇട്ടു കൊടുക്കുന്നുണ്ടാക്കും എന്ന ചിന്ത. 

ആ നിമിഷങ്ങൾ തന്നെയാണ് ആത്മന്വേഷികളുടെ ദൈവീക നിമിഷങ്ങൾ. ജീവിതത്തിൽ ഇങ്ങനെയുള്ള ദൈവീക നിമിഷങ്ങൾ കൊണ്ടു നിറഞ്ഞിരുന്നങ്കിൽ...

**കടപ്പാട്  ഗുരുപരമ്പരയോട്**