അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 32
ഏവം ബഹുവിധാ യജ്ഞാഃ
വിതതാ ബ്രഹ്മണോ മുഖേ
കര്മ്മജാന് വിദ്ധിതാന് സര്വ്വാന്
ഏവം ജ്ഞാത്വാ വിമോഷ്യസേ
ഇപ്രകാരം അനേകവിധമായ യജ്ഞങ്ങള് വേദമുഖത്തില് വിവരിച്ചു പറഞ്ഞിരിക്കുന്നു. എന്നാല് അവയെല്ലാം ഏതെങ്കിലും തരത്തിലുള്ള കര്മ്മവുമായി ബന്ധപ്പെട്ടവയാണെന്നറിയുക. യജ്ഞങ്ങള് കര്മ്മവുമായി ബന്ധപ്പെട്ടവയാണെന്നറിഞ്ഞാല് സംസാരബന്ധത്തില് നിന്ന് നിനക്ക് മുക്തനാകാന് കഴിയും.
വേദത്തില് വേണ്ടവണ്ണം വിശദമായി വിവരിച്ചിട്ടുള്ള അനവധി യജ്ഞങ്ങളെപ്പറ്റി ഞാന് നിന്നോടു പറഞ്ഞുകഴിഞ്ഞു. അതേപറ്റിയെല്ലാം ഇനിയും കൂടുതലായി വിശദീകരിച്ചിട്ട് യാതൊരു കാര്യവും ഇല്ല. സമസ്ത യജ്ഞങ്ങളും കര്മ്മത്തില് വേരൂന്നി നില്ക്കുന്നു എന്നുള്ളതാണ് യഥാര്ത്ഥ പൊരുള്. ഈ യാഥാര്ത്ഥ്യം മനസ്സിലാക്കിയാല് പിന്നെ കര്മ്മങ്ങള് ഒരിക്കലും നിന്റെ ആത്മാവിനെ തളച്ചിടുകയില്ല.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 33
ശ്രേയാന് ദ്രവ്യമയാദ്യജ്ഞാത്
ജ്ഞാനയജ്ഞഃ പരന്തപ
സര്വ്വം കര്മ്മാഖിലം പാര്ത്ഥ
ജ്ഞാനേ പരിസമാപ്യതേ
ഹേ പരന്തപ, ദ്രവ്യത്തെക്കൊണ്ടു ചെയ്യുന്ന യജ്ഞത്തെക്കാള് ജ്ഞാനമാകുന്ന യജ്ഞം ശ്രേഷ്ഠമാകുന്നു. എന്തുകൊണ്ടെന്നാല് എല്ലാ കര്മ്മവും സമ്പൂര്ണ്ണഭാവത്തില് ഫലസഹിതം ബ്രഹ്മജ്ഞാനത്തില് തന്നെയാണ് പര്യവസാനിക്കുന്നത്.
ഈ യജ്ഞങ്ങളിലെല്ലാം ആവശ്യമായിരിക്കുന്ന ജഡികവും പ്രാപഞ്ചികവുമായ പല കര്മ്മങ്ങളും വേദത്തില് നല്കിയിട്ടുള്ള വിശദീകരണങ്ങളില് നിന്ന് ഉത്ഭവിച്ചിട്ടുള്ളതാകയാല് അവ സ്വര്ഗ്ഗപ്രാപ്തിക്കു വഴിതെളിക്കുന്ന അസാധാരണമായ ഫലത്തെ ഉളവാക്കുന്നു.
ഈ ദ്രവ്യയജ്ഞങ്ങള് യജ്ഞങ്ങളെന്ന നിലയില് ഉത്കൃഷ്ടങ്ങളാണ്. എങ്കിലും ജ്ഞാനത്തില് വേരൂന്നി നില്ക്കുന്ന ജ്ഞാനയജ്ഞവുമായി താരതമ്യപ്പെടുത്തുമ്പോള്, അവ അര്ക്കകാന്തിയില് ഒളിമങ്ങുന്ന താരപ്രഭപോലെ വിളറി വ്യര്ത്ഥമായിപോകുന്നു. ഈ ജ്ഞാനം പ്രബോധിതമായ ആത്മാവിന്റെ ആദ്ധ്യാത്മിക ചഷുസ്സുകള്ക്ക് ദിവ്യമായ നേത്രാഞ്ജനമാണ്.
യോഗികള് ഇതുപയോഗിച്ച് അന്തര്ഗതമായി ഒളിഞ്ഞുകിടക്കുന്ന പരമാനന്ദത്തിന്റെ നിധി കണ്ടെത്തുന്നു. ഈ ആനന്ദം പ്രാപഞ്ചിക കര്മ്മങ്ങളുടെ മഹത്തായ പരിസമാപ്തിയാണ്. മോചനത്തിന്റെ ധന്യമായ ഖനിയാണ്. ഇത് ആത്മീയ ബുഭൂഷയെ തൃപ്തിപ്പെടുത്തുന്നു. ഇതുമൂലം കാമം ശിഥിലമാകുന്നു. യുക്തിവിചാരം താറുമാറാകുന്നു. ഇന്ദ്രിയങ്ങള് വിഷയങ്ങളെ വിസ്മരിക്കുന്നു.
ചിത്തം ചിത്തവിചാരങ്ങളെ പൊട്ടിച്ചെറിയുന്നു. സംസാരിക്കാനുള്ള ശേഷി സംസാരത്തിനു നഷ്ടപ്പെടുന്നു. അപ്പോള് എല്ലാറ്റിലും ആത്മസ്വരൂപത്ത മാത്രം അയാള് ദര്ശിക്കുന്നു. അതോടെ പരിത്യാഗത്തിന്റെ പരമലക്ഷ്യം പ്രാപിച്ചിരിക്കുന്നു. ത്യാജ്യഗ്രാഹ്യശക്തി കരസ്തമാക്കാനുള്ള ഉന്നം സമ്പൂര്ണ്ണമായി നേടിക്കഴിഞ്ഞിരിക്കുന്നതിനാല് അയാള് അനായാസേന ആത്മാവുമായി താദാത്മ്യം പ്രാപിക്കുന്നു.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 34
തദ്വിദ്ധി പ്രണിപ്രാതേന
പരിപ്രശ്നേന സേവായ
ഉപദേഷ്യന്തി തേ ജ്ഞാനം
ജ്ഞാനിനസ്തത്ത്വദര്ശിനഃ
ആത്മതത്വം അറിഞ്ഞിരിക്കുന്ന ജ്ഞാനികള് ജ്ഞാനത്തെ നിനക്കുപദേശിച്ചുതരും. ഈ ജ്ഞാനം ഗുരുപാദത്തില് സാഷ്ടാംഗം പ്രണമിച്ചും അവസരം നോക്കി ഗുരുവിനോട് തത്വപരമായ ചോദ്യങ്ങള് ചോദിച്ചും ശുശ്രൂഷകൊണ്ട് ഗുരുവിനെ പ്രസാദിപ്പിച്ചും അറിയേണ്ടതാണ്.
വിശിഷ്ടമായ ഈ ജ്ഞാനം സമ്പാദിക്കണമെന്ന് നീ ആഗ്രഹിക്കുന്നവെങ്കില്, നീ അര്പ്പണബോധത്തോടെ ഹൃദയംഗമമായി ജ്ഞാനികളെ സേവിക്കണം. തത്ത്വവിത്തുകളുടെ പാദസേവ അവരുടെ ജ്ഞാനക്ഷേത്രങ്ങളിലേക്കുള്ള പടിവാതിലാണ്. അവരെ ശുശ്രൂഷിച്ച് അവരുടെ വിശ്വാസം നേടിയെടുക്കണം.
വിനയത്തോടെ അവരുടെ പാദത്തില് സാഷ്ടാംഗനമസ്കാരം ചെയ്യണം. അഹംങ്കാരമോ അഹന്തയോ ഇല്ലാതെ സര്വ്വാത്മനാ അവരെ ആശ്രയിക്കണം. അപ്പോള് നീ അവരോട് അര്ത്ഥിച്ചാല് നിനക്ക് അറിയേണ്ടതെല്ലാം അവര് നിനക്കുവെളിവാക്കിത്തരും. ഇപ്രകാരം ലഭിക്കുന്ന ജ്ഞാനം നിന്റെ സംശയങ്ങളെയെല്ലാം ദൂരീകരിക്കും.
ഈ വിജ്ഞാന ദീപത്താല് നിന്റെ ഹൃദയം പ്രഭാപൂരിതമായാല് പിന്നെ അതൊരിക്കലും തൃഷ്ണയ്ക്കും ചാഞ്ചല്യത്തിനും ഇരയായിത്തീരുകയില്ല.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 35
യജ് ജ്ഞാത്വാ ന പുനര്മോഹം
ഏവം യാസ്യസി പാണ്ഡവ!
യേന ഭൂതാന്യശേഷേണ
ദ്രക്ഷ്യസ്യാത്മന്യഥോമയി
അല്ലയോ അര്ജ്ജുന, തത്ത്വദര്ശികളായ ബ്രഹ്മനിഷ്ഠന്മാരില് നിന്നും ജ്ഞാനം ലഭിച്ചുകഴിഞ്ഞാല്, പിന്നെ ഒരിക്കലും ഞാന് എന്റേത് എന്നിങ്ങനെ ഇപ്പോള് സംഭവിച്ചതുപോലെയുള്ള മമതാമോഹം നിനക്കുണ്ടാവുകയില്ല. എന്തുകൊണ്ടെന്നാല് ഈ ജ്ഞാനംകൊണ്ട് നീ സകല പ്രപഞ്ചഘടകങ്ങളേയും നിന്നില്ത്തന്നെ (സ്വന്തം ആത്മാവില്) കാണുകയും, അനന്തരം നിന്റെ ആത്മാവിനെ പരമാത്മാവായിരിക്കുന്ന എന്നില് ദര്ശിക്കുകയും ചെയ്യും.
ജ്ഞാനത്തിന്റെ വെളിവ് ലഭിക്കുമ്പോള് നിന്റെ മനസ്സ് പരബ്രഹ്മത്തെപോലെ ഭയരഹിതവും എല്ലാ പാരതന്ത്ര്യങ്ങളില് നിന്നും സ്വതന്ത്രവും ആകുന്നു. പിന്നീട് നിന്റെ മനസ്സില് യാതൊരു സംശയവും അവശേഷിക്കുന്നില്ല. അപ്പോള് നീ ഉള്പ്പടെ ഏല്ലാ ജീവജാലങ്ങളേയും എന്നില് ദര്ശിക്കാന് നിനക്കു കഴിയും. മഹത്തായ ഗുരുവിന്റെ കാരുണ്യം നിനക്കു ലഭിക്കുമ്പോള് നിന്നില് ജ്ഞാനോദയം ഉണ്ടാവുകയും അതിന്റെ കിരണങ്ങളേറ്റ് മായാമോഹത്തിന്റെ അന്ധകാരം നിന്നില്നിന്ന് അകന്നുപോകുകയും ചെയ്യും.
തുടരും
** കടപ്പാട്. ഗുരുപരമ്പരയോട് **