Tuesday, 7 February 2017

ഭഗവദ്ഗീത (part 24)

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 22

യദൃച്ഛാലാഭസന്തുഷ്ടോ ദ്വന്ദ്വാതീതോ വിമത്സരഃ
സമഃ സിദ്ധാവസിദ്ധൌ ച കൃത്വാപി ന നിബധ്യതേ

യാദൃച്ഛയാ ലഭിക്കുന്നതുകൊണ്ട് സന്തുഷ്ടനും സുഖദുഃഖാദി ദ്വന്ദ്വങ്ങളെ അതിജീവിച്ചവനും നിര്മ്മത്സരനും ജയപരാജയങ്ങളില് സമചിത്തനും ആയവന് കര്മ്മം ചെയ്താലും ബദ്ധനാകുന്നില്ല.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 23

ഗതസംഗസ്യ മുക്തസ്യ
ജ്ഞാനാവസ്ഥിത ചേതസഃ
യജ്ഞാനയാചരതഃ കര്മ്മ
സമഗ്രം പ്രവിലീയതേ

ഞാന് , എന്റേത് എന്ന ഭാവങ്ങള് പൂര്ണ്ണമായി ഉപേക്ഷിച്ചവനും, കാമക്രോധാദികളില് നിന്ന് മോചിച്ചവനും. ജ്ഞാനത്തില്തന്നെ സ്ഥിരമായ മനസ്സോടുകൂടിയവനും, പരമേശ്വരാരാധനമായിട്ട് കര്മ്മം ചെയ്യുന്നവനുമായ അവന്റെ സകല കര്മ്മവും വാസനാസഹിതം നശിച്ചുപോകുന്നു.

മനുഷ്യാകാരത്തില് കാണുന്ന അവന്റെ ശരീരത്തിന്റെ എല്ലാഭാഗങ്ങളിലും ചൈതന്യം സ്ഫുരിക്കുന്നുണ്ടാകും. പരിശോധിച്ചാല് അവന് പരബ്രഹ്മത്തിനോട് തുല്യമായ പരിശുദ്ധിയും നിഷ്കളങ്കതയും ഉള്ളതായി കാണാന് കഴിയും. അപ്രകാരമുള്ള ഒരുവന് യജ്ഞങ്ങളോ തത്തുല്യങ്ങളായ ആരാധനാകര്മ്മങ്ങളോ കൗതുകത്തിനായി നടത്തുകയാണെങ്കില് പോലും ആ കര്മ്മങ്ങളെല്ലാം അവനില്ത്തന്നെ അലിഞ്ഞുചേരും. അകാലത്തില് ആകാശത്ത് അണിനിരക്കുന്ന കര്മേഘങ്ങള് മഴപെയ്യിക്കാതെ അംബരത്തില് ആവിയായി അവിഞ്ഞു ചേരുന്നതു പോലെ വേദവിധി അനുസരിച്ച് അവന് നിര്വ്വഹിക്കുന്ന എല്ലാ ആരാധനാക്രമങ്ങളും മറ്റു കര്മ്മങ്ങളും, അവയുമായി അവനുള്ള ഏകത്വം മൂലം അവനില് അലിഞ്ഞു ചേരുന്നു.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 24

ബ്രഹ്മാര്പ്പണം ബ്രഹ്മഹവിര്
ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകര്മ്മ സമാധിനാ

യജ്ഞത്തില് ഏതു വസ്തു കൊണ്ട് നെയ്യ് മുതലായ ഹവിര്ദ്രവ്യങ്ങളെ അഗ്നിയില് ഹോമം ചെയ്യുന്നുവോ, ആ വസ്തുവും (സ്രുക്ക്,സ്രുവാദി പത്രങ്ങളും) ബ്രഹ്മം തന്നെയാകുന്നു. ഹോമിക്കപ്പെടുന്ന നെയ്യ്, അന്നം മുതലായ ഹോമദ്രവ്യങ്ങളും ബ്രഹ്മം തന്നെ. ബ്രഹ്മമാകുന്ന അഗ്നിയില് ബ്രഹ്മമാകുന്ന യജ്ഞകര്ത്താവിനാല് ഹോമിക്കപ്പെടുന്നുവെന്ന ക്രിയയും ബ്രഹ്മം തന്നെ. ബ്രഹ്മമാകുന്ന ഈ യജ്ഞകര്മ്മത്തില് സമാഹിത ചിത്തനായവനാല് (ക്രമപ്പെടുത്തിയ മനസ്സോടുകൂടിയവനാല് ) പ്രാപിക്കപ്പെടേണ്ടതും ബ്രഹ്മം തന്നെ.

ഇത് ഒരു ഹോമമാണെന്നോ, താനാണു ഹോമം നടത്തുന്നതെന്നോ, ഇതില് ഇന്നയിന്ന കാര്യങ്ങളാണ് ഹോമിക്കപ്പെടുന്നതെന്നോ ഉള്ള ഭേദവിചാരം അയാളുടെ ബോധമനസ്സില് ഉണ്ടായിരിക്കുകയില്ല. ഹോമദ്രവ്യങ്ങളും മറ്റുപ്രകരണങ്ങളും മന്ത്രോച്ചാരണങ്ങളുമെല്ലാം ശാശ്വതമായ പരബ്രഹ്മസ്വരൂപത്തോടുകൂടിയതാണെന്ന് അയാള് വിശ്വസിക്കുന്നു. അപ്രകാരം കര്മ്മം തന്നെ ബ്രഹ്മത്തില് വേരുന്നിനില്ക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള് അയാളുടെ കര്മ്മം പിന്നിട്ട്, വിവേചനാശക്തി ഉപയോഗിച്ച് കാര്യങ്ങള് ഗ്രഹിക്കാന് കഴിവുള്ളവനായി യുവത്വത്തെ പ്രാപിക്കുമ്പോള് , പരിത്യാഗത്തെ പരിണയിച്ചിട്ട് രാത്രിയും പകലും ഒരുപോലെ ഉപാസനയില് മുഴുകി തന്റെ ആത്മീയ ഗുരുവിന്റെ ഉപദേശമാകുന്ന യോ
ഗാഗ്നിയില് തന്റെ മനസ്സും അജ്ഞതയും ഹോമിക്കുന്നു.

-

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 25

ദൈവമേവാപരേ യജ്ഞം
യോഗിനഃ പര്യുപാസതേ
ബ്രഹ്മാഗ്നാവപരേ യജ്ഞം
യജ്ഞേനൈവോപജുഹ്വതി.

ചില കര്മ്മയോഗികള് ഇന്ദ്രാദി ദേവസങ്കല്പങ്ങള്ക്കുതന്നെ പ്രാധാന്യം നല്കിക്കൊണ്ടുള്ള യാഗാദി കര്മ്മങ്ങള് ചെയ്യുന്നു. മറ്റുചില ജ്ഞാനയോഗികള് ബ്രഹ്മാര്പ്പണം തുടങ്ങിയ യജ്ഞോപായത്താല് ജീവാത്മാവിന് ബ്രഹ്മരൂപമായിരിക്കുന്ന അഗ്നിയില് ഹോമം ചെയ്യുന്നു.

ഇപ്രകാരം ഒരുവന് കര്മ്മയോഗത്തിനു മുന്തൂക്കം നല്കി ചെയ്യുന്ന യജ്ഞത്തിന് ദൈവയജ്ഞം എന്നു പറയുന്നു. അവന് അതുവഴി ആത്മാനന്ദം തേടുന്നു. തന്റെ ശരീരം പൂര്വ്വകര്മ്മങ്ങളെ ആധാരമാക്കിയാണ് സംരക്ഷിക്കപ്പെടുന്നതെന്ന് പൂര്ണ്ണബോദ്ധ്യമുള്ള ഒരുവന് ആ ശരീരത്ത പുഷ്ടിപ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കാറില്ല. അങ്ങനെയുളളവന് മഹായോഗി എന്നറിയപ്പെടുന്നു. ചിലര് ബ്രഹ്മരൂപമായി യാഗാഗ്നിയെ ജ്വലിച്ചിട്ട് യജ്ഞത്തെത്തന്നെ (ആത്മാവിനെ) ഹോമദ്രവ്യമായി സങ്കല്പിച്ച് അതില് ആഹുതി ചെയ്യുന്നു.

[24,25 എന്നീ ശ്ലോകങ്ങള് കൊണ്ട് ബ്രഹ്മജ്ഞാനികള് ചെയ്യുന്ന യജ്ഞാനത്തെ വിവരിച്ച ശേഷം ബ്രഹ്മജ്ഞാനികളല്ലാത്ത നൈഷ്ഠിക ബ്രഹ്മചാരികളും ഗൃഹസ്ഥാശ്രമികളുമായവര് മോക്ഷച്ഛയോടെ ചെയ്യുന്ന യജ്ഞാദികളെപ്പറ്റി പറയുന്നു.]

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 26

ശ്രോത്രാദീനീന്ദ്രിയാണ്യന്യേ
സംയമാഗ്നിഷു ജൂഹ്വതി
ശബ്ദാദീന് വിഷയാനന്യേ
ഇന്ദ്രിയാഗ്നിഷു ജൂഹ്വതി

ചില സാധകര് ചെവി മുതലായ ജ്ഞാനേന്ദ്രിയങ്ങളേയും കൈ, കാല് തുടങ്ങിയ കര്മ്മേന്ദ്രിയങ്ങളേയും സംയമമാകുന്ന അഗ്നികളില് ഹോമിക്കുന്നു. വേറെ ചിലര് ശബ്ദം, സ്പര്ശം തുടങ്ങിയ വിഷയങ്ങളെ ഇന്ദ്രിയങ്ങളാകുന്ന അഗ്നിയില് ഹോമിക്കുന്നു.

ചിലര് ആത്മനിയന്ത്രണം അഥവാ ചിത്തസംയമനം ആകുന്ന യാഗാഗ്നിയാണ് കൊളുത്തുന്നത്. അവര് അതില് ശരീരനിയന്ത്രണം, മനസ്സ്, വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളുടെ നിര്വ്വചനങ്ങള് ഹോമ ദ്രവ്യമായി സങ്കല്പ്പിച്ച മന്ത്രോച്ചാരണത്തോടുകൂടി ഹോമിക്കുന്നു. (യോഗികള് ഇന്ദ്രിയങ്ങളെ വിഷയങ്ങളില് പ്രവേശിപ്പിക്കാതെ നടക്കുന്നുവെന്ന് താല്പര്യം.)

മറ്റു ചിലര് അവരില് വൈരാഗ്യം ഉദിക്കുന്നതോടുകൂടി ചിത്തസംയമനമാകുന്ന ശ്രീകോവില് പഞ്ചേന്ദ്രിയങ്ങളുടെ അഗ്നിയെ ജ്വലിപ്പിക്കുന്നു. ഈ അഗ്നി വൈരാഗ്യത്തിന്റെ തീജ്ജ്വാലയില് മായാമോഹത്തിന്റെ ചുള്ളിക്കെട്ടുകള് എരിച്ചു തീര്ക്കുമ്പോള് തൃഷ്ണയുടെ പുകപടലം അഞ്ച് യജ്ഞകുണ്ഡങ്ങളില് നിന്നും ഉയര്ന്നു മറയുകയും, യജ്ഞകുണ്ഡങ്ങള് വെടിപ്പും തിളക്കവും ഉള്ളതായി കാണപ്പെടുകയും ചെയ്യുന്നു. അപ്പോള് അവര് ‘ഞാന് ബ്രഹ്മമാകുന്നു’ എന്ന ദിവ്യമായ മന്ത്രം ഉച്ചരിച്ചുകൊണ്ട് പഞ്ചേന്ദ്രിയവിഷയങ്ങളെ മുഴുവന് ഹോമദ്രവ്യങ്ങളാക്കി ധര്മ്മശാസ്ത്രാദികളില് നിര്ദ്ദേശിച്ചിട്ടുള്ളതുപോലെ ഇന്ദ്രിയാഗ്നികളില് ഹോമിക്കുന്നു.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 27

സര്വ്വാണീന്ദ്രിയകര്മ്മാണി
പ്രാണകര്മ്മാണി ചാപരേ
ആത്മസംയമയോഗാഗ്നൗ
ജുഹ്വതി ജ്ഞാനദീപിതേ

മറ്റു ചില ധ്യാനനിഷ്ഠന്മാര് ജ്ഞാനകര്മ്മേന്ദ്രിയങ്ങളുടേയും പ്രാണന് മുതലായ പത്തു വായുക്കളുടെയും വ്യാപാരങ്ങളെ ആത്മവിഷയകമായ ജ്ഞാനം കൊണ്ടു ജ്വലിക്കുന്നതായ ആത്മസംയമയോഗമെന്ന അഗ്നിയില് ഹോമിക്കുന്നു.

അല്ലയോ പാര്ത്ഥാ, ഇപ്രകാരം ചിലര് അവരുടെ പാപത്തെ കഴുകികളയുന്നു. ചിലര് വിവേചനമാകുന്ന അരണി ഗുരു ഉപദേശിച്ച പ്രകാരം, ഹൃദയമാകുന്ന അരണിയോടു ചേര്ത്ത് അതിവേഗത്തില് ഉരുമ്മുന്നു. എല്ലാ മാനസികാവസ്ഥകളും ഏകരൂപമാക്കി ദ്രവീഭവിപ്പിച്ചതിനുശേഷമുള്ള ഉരസല് ആയതുകൊണ്ട് ഇതിന് പെട്ടെന്നു ഫലം സിദ്ധിക്കുകയും ജ്ഞാനത്തിന്റെ അഗ്നി കത്തുകയും ചെയ്യുന്നു. എന്നാല് ഈ അഗ്നി കത്തിജ്ജ്വലിക്കുന്നതിനുമുമ്പ് അതില്നിന്നുണ്ടാകുന്നത് അത്ഭുതശക്തികള് സമ്പാദിക്കണമെന്നുള്ള മോഹത്തിന്റെ വശീകരണധൂമമാണ്.

ധൂമപ്രവാഹം നില്ക്കുമ്പോള് ജ്ഞാനത്തിന്റെ തീപ്പൊരികള് കാണാറാവുന്നു. ആത്മീയാനുഷ്ഠാനങ്ങള് കൊണ്ട് ലാഘവമാക്കിത്തീര്ത്ത ചിത്തത്തിന്റെ ബന്ധനരഹിതമായ ചെറിയ അംശങ്ങള് ഈ ജ്ഞാനാഗ്നിയില് ഇട്ടുകൊടുക്കുമ്പോള് , മമതയാകുന്ന നെയ്യിന്റെ സഹായത്തോടെ അഗ്നി ആളിക്കത്തി വാസനകളെ എരിച്ചു കളയുന്നു. അപ്പോള് ഇന്ദ്രിയ കര്മ്മങ്ങളെ ‘ഞാന് ബ്രഹ്മമാകുന്നു, ഞാന് ബ്രഹ്മമാകുന്നു’ എന്ന മന്ത്രോച്ചാരണത്തോടുകൂടി ഈ അഗ്നിജ്വാലയിലേക്കു നിവേദിക്കുന്നു. പിന്നീട് പ്രാണന് മുതലായ വായുക്കളുടെ വ്യാപാരങ്ങളെ അവസാനത്ത ഹോമദ്രവ്യമാക്കി ഈ അഗ്നിയില് ഹോമിക്കുന്നു. ജ്ഞാനത്തിന്റെ പരിസരമാപ്തിയില് ബ്രഹ്മത്തില് നിമഗ്നമായി അവഭൃതസ്നാനവും നടത്തുന്നു.

ആത്മാനിയന്ത്രണമെന്ന യജ്ഞത്തിന്റെ അവസാനത്തില് യജ്ഞശേഷിപ്പായി ലഭിക്കുന്ന ആത്മജ്ഞാനാനന്ദത്തിന്റെ അനുഭൂതിയാകുന്ന ഹവിസ്സ് അവര് യജ്ഞശിഷ്ടമായി അനുഭവിക്കുന്നു. അതുപോലെ യജ്ഞം നടത്തി മോക്ഷം നേടിയവര് പലരുമുണ്ട്. ഇപ്രകാരമുള്ള യജ്ഞകര്മ്മങ്ങള് പലവിധത്തില് ഉള്ളതാണെങ്കിലും പരബ്രഹ്മവുമായി ഐക്യം പ്രാപിക്കുകയെന്നുള്ളതാണ് എല്ലാറ്റിന്റേയും ഏകലക്ഷ്യം.

തുടരും.....
                      കടപ്പാട്.ഗുരുപരമ്പരയോട്

No comments:

Post a Comment