അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 28
ദ്രവ്യയജ്ഞാസ്തപോയജ്ഞാഃ
യോഗയജ്ഞാസ്തഥാപരേ
സ്വദ്ധ്യായ ജ്ഞാനയജ്ഞാശ്ച
യതയഃ സംശിതവ്രതാഃ
ചിലര് ദ്രവ്യദാനം ചെയ്ത് യജ്ഞം അനുഷ്ഠിക്കുന്നു. മറ്റു ചിലര് തപസ്സനുഷ്ഠിച്ച് യജ്ഞം ചെയ്യുന്നു. ചിലര് മനസ്സിന്റെ സമനിലയെന്ന യോഗം ശീലിച്ച് യജ്ഞം ചെയ്യുന്നു. മറ്റു ചിലര് വേദശാസ്ത്രങ്ങളെ വായിച്ചും അവയുടെ അര്ത്ഥവിചാരം ചെയ്തും യജ്ഞംചെയ്യുന്നു. ഇങ്ങനെ മോക്ഷത്തിനു വേണ്ടി പ്രവര്ത്തിക്കുന്ന ഇവരെല്ലാം അവരവരുടെ നിഷ്ഠയില് മൂര്ച്ചകൂടിയ വ്രതത്തോടു കൂടിയവരാകുന്നു.
സല്പാത്രങ്ങള്ക്ക് യജ്ഞബുദ്ധിയോടുകൂടി ദ്രവ്യദാനത്തെ ചെയ്യുന്നവര് ദ്രവ്യജ്ഞവും യജ്ഞബുദ്ധിയോടുകൂടി തപസ്സുചെയ്യുന്നവര് തപോയജ്ഞവും, പ്രാണായാമം പ്രത്യാഹാരം മുതലായ ലക്ഷണങ്ങളോടു കൂടിയ യോഗമാകുന്ന യജ്ഞം ചെയ്യുന്നവര് യോഗജ്ഞാനവും ചെയ്യുന്നു. ചിലര് ഉദിതമായ വാക്കുള് കൊണ്ട് ഉദിതമായ വാക്കുകളിലേക്ക് അര്പ്പണം നടത്തുന്നു. ഇതിനെ വാഗ് യജ്ഞമെന്ന് പറയുന്നു.
ധ്യാനം ചെയ്ത് വസ്തുവിചാരം നടത്തി ബ്രഹ്മത്തെ അറിയുന്നത് ജ്ഞാനമാകുന്നു. ഈ യജ്ഞങ്ങള് നിര്വ്വഹിക്കുന്നതും അവരുടെ ഗൂഢതത്ത്വങ്ങളെല്ലാം വെളിവാക്കുന്നതും വിഷമകരമായ കാര്യമാണ്. എന്നാല് ഇന്ദ്രിയങ്ങളെ പൂര്ണ്ണമായി നിയന്ത്രിച്ചിട്ടുള്ളവര്ക്ക് അവരുടെ ആത്മീയശക്തികൊണ്ട് ഈ യജ്ഞങ്ങള് വിജയകരമായി നടത്താന് കഴിയും അവരുടെ അഗാധമായ യോഗശക്തിയും അടിയുറച്ച ചിത്തസംയമനവും അവരുടെ ജീവാത്മാവിനെ പരമാത്മാവിന്റെ ബലിപീഠത്തില് അര്പ്പിക്കുന്നതിന് അവരെ കഴിവുള്ളവരാക്കിത്തീര്ക്കുന്നു.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 29
അപാനേ ജുഹ്വതി പ്രാണം
പ്രാണേ ഽ പാനം തഥാപരേ
പ്രാണാപാനഗതീ രുദ്ധ്വാ
പ്രാണായാമ പരായണഃ
പ്രാണായാമം ചെയ്യുന്നവരായ മറ്റുചില യോഗികള് പ്രാണന്റേയും അപാനന്റെയും ഗതികളെ അടക്കിയിട്ട്, അപാനനില് പ്രാണനേയും പ്രാണനില് അപാനനേയും ഹോമം ചെയ്യുന്നു.
ഗതി ഭേദമനുസരിച്ച് പ്രാണനെ പ്രാണനെന്നും അപാനന് എന്നും രണ്ടു പേരുകള് ചൊല്ലി വിളിക്കുന്നു. പുറത്തേക്കു പോകുന്നത് അപാനനും ഉള്ളിലേക്ക് കടക്കുന്നത് പ്രാണനുമാണ്. ചിലര് അപാനനെ പ്രാണനില് ഹോമിക്കുന്നു. പ്രാണനുമായുള്ള അപാനന്റെ ഏകീഭവിപ്പിക്കലാണ് അപാനയജനം. ചിലര് പ്രാണനെ അപാനനില് ഹോമിക്കുന്നു.
അപാനനുമായുള്ള പ്രാണന്റെ ഏകീഭവിപ്പിക്കലാണ് പ്രാണയജനം. മറ്റു ചിലര് പ്രാണനേയും അപാനനേയും സ്തംഭിപ്പിച്ചുനിര്ത്തുന്നു. ഇപ്രകാരം സ്തംഭിപ്പിച്ചു നിര്ത്തുമ്പോള് കുടത്തില് നിറഞ്ഞിരിക്കുന്ന വെള്ളംപോലെ പ്രാണന് ഉള്ളില് നിശ്ചലമായി നിറഞ്ഞുനില്ക്കാന്ഇടവരുന്നു. ഇപ്രകാരമുള്ള യജ്ഞം ചെയ്യുന്നവരെ പ്രാണായാമികള് എന്നു പറയുന്നു.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 30
അപരേ നിയതാഹാരാഃ
പ്രാണാന് പ്രാണേഷു ജുഹ്വതി
സര്വ്വേഽപ്യേത യജ്ഞവിദോ
യജ്ഞ ക്ഷപിതകല്മഷാഃ
ചിലര് മിതമായി ആഹാരം കഴിച്ചുകൊണ്ട് അന്തര്വായുക്കളെ (ഇന്ദ്രിയങ്ങളുടെ വ്യാപാരങ്ങളെ) വായൂഭേദങ്ങളില് (തങ്ങള്ക്കധീനമായ ഇന്ദ്രിയങ്ങളില്) ഹോമം ചെയ്യുന്നു. മേല്വിവരിച്ച പ്രകാരമുള്ള യജ്ഞങ്ങള് അനുഷ്ഠിക്കുന്ന എല്ലാവരും യജ്ഞത്തെ അറിഞ്ഞവരും യജ്ഞംകൊണ്ട് പാപത്തെ നശിപ്പിച്ചിരിക്കുന്നവരും ആകുന്നു.
ഹഠയോഗം അനുഷ്ഠിക്കുന്നവര് അവരുടെ ആഹാരത്തെ നിയന്ത്രിച്ചിട്ട് ഉള്ളില് അടങ്ങിയൊതുങ്ങുന്ന പ്രാണപ്രസരങ്ങളില് മറ്റെല്ലാ പ്രാണചലനങ്ങളേയും ഹോമിക്കുന്നു. ഇതാണ് പ്രാണനിലെ പ്രാണയജനം. ഈ രീതിയില് സാധനകള് അനുഷ്ഠിക്കുന്നവരെല്ലാം യജ്ഞമെന്തെന്ന് അറിയുന്നവരാണ്.
ഇപ്രകാരം പ്രാണായാമം ദൃഢപ്പെടുന്നതോടെ പ്രാണന് അത്യന്തം സൂക്ഷ്മമായി ഭവിച്ച് ശരീരത്തിലെ എല്ലാ രോമകൂപങ്ങളിലും പരന്നു വ്യാപിച്ചിട്ട് ചിത്തശുദ്ധിയും ദേഹശുദ്ധിയും ഉണ്ടാക്കിത്തീര്ക്കുന്നു. അങ്ങനെ അത് ആത്മാനുഭവത്തിനു വഴിതെളിക്കുന്നു. മോചനം നേടണമെന്ന് ആഗ്രഹിക്കുന്ന അവരെല്ലാം അവരുടെ മനസ്സിന്റെ മാലിന്യങ്ങളെ ഇപ്രകാരം യജ്ഞങ്ങള്വഴിയായി കഴുകിക്കളഞ്ഞ് ചിത്തശുദ്ധി വരുത്തുന്നു. മനസ്സിന്റെ മായാമോഹങ്ങളും അജ്ഞതയും നീങ്ങുമ്പോള് ശേഷിക്കുന്നത് പരിശുദ്ധമായ ആത്മബോധമാണ്.
അങ്ങനെയുള്ള ആത്മബോധത്തില് അഗ്നിയെന്നോ യാചകനെന്നോ ഉള്ള അതിര്ത്തിവരമ്പുകളൊന്നും ഉണ്ടായിരിക്കുകയില്ല. യജ്ഞകര്ത്താവിന്റെ എല്ലാ ആഗ്രഹങ്ങളും പ്രയോജനകരമായി നിറവേറിയിരിക്കുന്നു. നാനാമുഖങ്ങളായ കര്മ്മങ്ങള് അവസാനിച്ചിരിക്കുന്നു. കര്മ്മവാസനകളെല്ലാം ക്ഷയിച്ച് കര്മ്മസാക്ഷിക്ക് തുല്യം പ്രകാശിക്കാന് ഇടയാകുന്ന ആത്മാവില് ദ്വന്ദഭാവത്തിന്റെ നിഴല്പോലും വീഴുകയില്ല.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 31
യജ്ഞശിഷ്ടാമൃതഭുജോ
യാന്തി ബ്രഹ്മ സനാതനം
നായം ലോകോഽസ്ത്യയജ്ഞസ്യ
കുതോഽന്യഃ കുരുസത്തമ
മുന്പറയപ്പെട്ട പ്രകാരമുള്ള യജ്ഞങ്ങളെ ചെയ്തതിന്റെ ശേഷം അമൃതതുല്യമായ വിഹിതാന്നത്തെ ഭുജിക്കുന്നവന് നിത്യമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. യജ്ഞംചെയ്യാത്തവന് ഈ അല്പസുഖത്തോടുകൂടിയ ലോകം തന്നെ ഇല്ല. അപ്പോള്പിന്നെ ബഹുസുഖത്തോടുകൂടിയ സ്വര്ഗ്ഗാദി അന്യലോകങ്ങള് എവിടെ, എങ്ങനെ സിദ്ധിക്കും.
യജ്ഞം കഴിഞ്ഞ് ശേഷിക്കുന്ന അമൃതം എന്താണ്?
ഈ യജ്ഞങ്ങള് കഴിഞ്ഞ് അവശേഷിക്കുന്നത് കേവലം അന്നമാണെന്ന് കരുതരുത്. അത് അകളങ്കവും അനശ്വരവും പരമവുമായ ജ്ഞാനമാണ്.
പരബ്രഹ്മത്തെ തേടുന്ന ഒരു സത്യാന്വേഷി ഈ ജ്ഞാനത്തെ ‘ഞാന് ബ്രഹ്മമാകുന്നു’ എന്നുള്ള മന്ത്രോച്ചാരണത്തോടുകൂടി ഉപാസിക്കുന്നു. ആത്മീയമായ യജ്ഞങ്ങള് നടത്തി ഇച്ഛാപൂര്ത്തിവരുത്തുന്നവര് അതിന്റെ ശേഷിപ്പായി ലഭിക്കുന്ന ജ്ഞാനമായ അമൃത് അത്യന്തം സംതൃപ്തിയോടെ ഭുജിക്കുകയും അമരത്വംനേടി അനായാസമായി പരബ്രഹ്മത്തില് ലയിക്കുകയും ചെയ്യുന്നു.
യോഗത്തിന്റെ വഴികള് അനുഷ്ഠിക്കാതെയും ആത്മീയമായി തീവ്രമായ ഉത്കര്ഷേച്ഛ ആഗ്രഹിക്കാതെയും ചിത്തസംയമനത്തിനുവേണ്ടി പോരാടാതെയും ഇരിക്കുന്ന ഒരുവന് യഥാര്ത്ഥ പരിത്യാഗത്തിന്റെ ആനന്ദാശ്ലേഷം ലഭിക്കുന്നതല്ല. യജ്ഞരൂപത്തിലല്ലാതെ സ്വാര്ത്ഥമോഹിതനായി കര്മ്മം ചെയ്യുന്നവന് ശാന്തിയോ സുഖമോ അനുഭവിക്കാന് ഇടയാകുന്നില്ല. അവന് ഈ ലോകംതന്നെ നഷ്ടപ്പെടുന്നു. അപ്പോള് പിന്നെ പരലോകത്തിന്റെ കാര്യം പറയാനുണ്ടോ?
(തുടരും )
**കടപ്പാട്. ഗുരുപരമ്പരയോട്**
No comments:
Post a Comment