Thursday, 6 October 2016

വിദുരോപദേശം

വിദുരോപദേശ

iഅഞ്ചിനെ (ഇന്ദ്രിയങ്ങള്‍) ജയിച്ച്, ആറിനെ (സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമാശ്രയം) അറിഞ്ഞ്, ഏഴിനെ (സ്ത്രീ, ചൂത്, നായാട്ടിന്, മദ്യം, പരുഷവാക്ക്, കഠിനശിക്ഷ, അവിഹിതമായ ധനാര്‍ജ്ജനം) ഉപേക്ഷിച്ചു സുഖമായിരിക്കണം. വിഷം കുടിക്കുന്നവനെ മാത്രം കൊല്ലുന്നു. ശസ്ത്രം ലക്ഷ്യവുമായി വരുന്നവനെ മാത്രം വധിക്കുന്നു. ദുരുപദേശം രാഷ്ട്രത്തിനും രാജാവിനും ഒരേസമയം നാശമുണ്ടാക്കുന്നു. സ്വാദേറിയ ഭക്ഷണം തനിയേ ഭക്ഷിക്കരുത്. ഒരു പ്രധാന കാര്യത്തിലും തനിയേ തീരുമാനം എടുക്കരുത്. ഒറ്റയ്ക്ക് വഴി നടക്കരുത്. പലരും ഉറങ്ങുന്നിടത്ത് ഒറ്റയ്ക്ക് ഉണര്‍ന്നിരിക്കരുത്.


കടല്‍കടക്കാന്‍ നൗക എന്നതുപോലെ സ്വര്‍ഗ്ഗം പൂകാന്‍ സത്യമെന്ന സോപാനം മാത്രമേയുള്ളൂ. ക്ഷമാശീലരായ മനുഷ്യര്‍ക്കു ഒരു കുറ്റമേ മറ്റുള്ളവര്‍ പറയൂ. കഴിവില്ലാത്തവനെന്നു പറയും. അതു സാരമാക്കാനില്ല. ക്ഷമ വലിയ ശക്തിയാണ്. കഴിവില്ലാത്തവനു ക്ഷമ ഗുണവും കരുത്തന് ഭൂഷണവുമാണ്. (ക്ഷമാ ബലമശക്താനാം ശക്താനാം ഭൂഷണം ക്ഷമാ) വശീകരണശക്തിയുള്ള ക്ഷമകൊണ്ട് എന്തും നേടാനാവും. ശാന്തിയാകുന്ന ഖഡ്ഗം ധരിച്ചവന്റെ നേര്‍ക്ക് ദുഷ്ടന്മാര്‍ എന്തുചെയ്യാനാണ്. ക്ഷമ മാത്രമാണ് ശാന്തിക്കുള്ള ഉപായം. സംതൃപ്തിയേകുന്നത് വിദ്യയും സുഖം നല്കുന്നത് അഹിംസയും മാത്രമാണ്. കൊള്ളിവാക്കു പറയാത്തവനും ദുര്‍ജ്ജനങ്ങളെ ആരാധിക്കാത്തവനും സജ്ജനങ്ങളുടെ പ്രശംസയ്ക്കു പാത്രീഭവിക്കുന്നു.


മറ്റൊരു സ്ത്രീ കാമിക്കുന്ന പുരുഷനെ കാമിക്കുന്ന സ്ത്രീയും, അന്യര്‍ ബഹുമാനിക്കുന്ന വ്യക്തിയെ അതുകണ്ട് ആരാധിക്കുന്ന മനുഷ്യനും മറ്റുള്ളവരെ ഏറെ വിശ്വസിക്കുന്നവരാണ്. വിലയേറിയ വസ്തുക്കള്‍ കൊതിക്കുന്ന ദരിദ്രനും ശേഷിയില്ലാതെ കോപിക്കുന്നവനും സ്വന്തം ശരീരത്തെ ക്ഷയിപ്പിക്കുന്നു. പ്രവൃത്തിനിരതനാകാത്ത ഗൃഹസ്ഥനും ലൗകിക വ്യാപാരങ്ങളില്‍ മുഴുകുന്ന സന്ന്യാസിയും വിരുദ്ധപ്രവൃത്തികള്‍കൊണ്ട് ദുഷ്‌പേരു നേടുന്നു. കരുത്തനായ ക്ഷമാശീലനും ദാനശീലനായ ദരിദ്രനും സ്വര്‍ഗ്ഗത്തിനു മീതേയുള്ള സ്ഥാനം ലഭിക്കുന്നു. നീതിപൂര്‍വം സമ്പാദിച്ച ധനത്തിന് രണ്ടുവിധത്തില്‍ ദുരുപയോഗം സംഭവിക്കുന്നു. അനര്‍ഹനു നല്‍കലും അര്‍ഹനു നല്‍കാതിരിക്കലുമാണത്. ദാനം ചെയ്യാത്ത സമ്പന്നനെയും കഷ്ടപ്പാടു സഹിക്കാത്ത ദരിദ്രനെയും കഴുത്തില്‍ കല്ലുകെട്ടി കയത്തില്‍ തള്ളണം. യോഗയുക്തനായ സന്ന്യാസിയും പോര്‍ക്കളത്തില്‍ പൊരുതി മരിക്കുന്ന പടയാളിയും സൂര്യമണ്ഡലം ഭേദിച്ച് ഊര്‍ദ്ധ്വലോകം പൂകുന്നു.


രാജാവേ, കാര്യസിദ്ധിക്കു മൂന്നു തരത്തിലുള്ള ഉപായങ്ങള്‍ ഉണ്ട്. ഉത്തമം, മധ്യമം, അധമം. മനുഷ്യരും മൂന്നു വിധത്തിലുണ്ട്. ഉത്തമന്‍, മധ്യമന്‍, അധമന്‍. ഇവരെ യോഗ്യതയനുസരിച്ചുള്ള കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുത്തണം. സമ്പാദ്യത്തിന് അവകാശമില്ലാത്തവര്‍ മൂവരുണ്ട്. സ്ത്രീ, പുത്രന്‍, അടിമ. ഇവര്‍ സമ്പാദിക്കുന്നത് നാഥനുവേണ്ടിയാണ്. പരദ്രവ്യഹരണം, പരസ്ത്രീസംഗമം, മിത്രത്യാഗം ഇവ മൂന്നും നാശഹേതുക്കളാണ്. കാമം, ക്രോധം ലോഭം ഇവ മൂന്നും ആത്മനാശകങ്ങളായ നരകദ്വാരങ്ങളാണ്. വരം നേടല്‍, പുത്രലാഭം, രാജ്യലാഭം ഇവ മൂന്നും ശത്രുബാധയില്‍ നിന്നു മോചനം നേടുന്നതിനു തുല്യമാണ്. ഭക്തന്‍, സേവകന്‍, ആത്മസമര്‍പ്പണം ചെയ്യുന്ന അഭയാര്‍ത്ഥി ഈ മൂവരെയും ഏതു വിപത്സന്ധി നേരിട്ടാലും ഉപേക്ഷിക്കരുത്. അല്‍പബുദ്ധികളോടും എടുത്തുചാട്ടക്കാരോടും ദീര്‍ഘസൂത്രികളോടും സ്തുതിപാഠകന്മാരോടും രഹസ്യങ്ങള്‍ ചര്‍ച്ചചെയ്യരുത്. ശക്തനായ രാജാവ് ഇവരെയെല്ലാം ഉപേക്ഷിക്കണം. ഗൃഹസ്ഥാശ്രമി നാലുപേരെ സംരക്ഷിക്കണം. കുലവൃദ്ധന്‍, ആപത്തില്‍പ്പെട്ട അഭിജാതന്‍, ദരിദ്രനായ മിത്രം, സന്താനമില്ലാത്ത സഹോദരി.


ശീഘ്രഫലപ്രദങ്ങളായ നാലു കാര്യങ്ങളുണ്ട് 1) ദൈവനിശ്ചയം 2) ബുദ്ധിമാന്റെ സ്വാധീനം 3)വിദ്വാന്റെ വിനയം 4) പാപികളുടെ നാശം. വേണ്ടവിധം അനുഷ്ഠിച്ചാല്‍ ഭയനാശകങ്ങളും മറിച്ചായാല്‍ ഭയഹേതുകങ്ങളുമായ നാലു കര്‍മ്മങ്ങള്‍ ഉണ്ട്. 1) ആദരപൂര്‍വകമായ അഗ്‌നിഹോത്രം 2) ആദരപൂര്‍വകമായ മൗനവൃതം. 3) ആദരപൂര്‍വകമായ സ്വാധ്യായം 4) ആദരപൂര്‍വകമായ യജ്ഞവിധാനം.


ഭാരതാ, പിതാവ്, മാതാവ്, അഗ്‌നി, ആത്മാവ്, ഗുരു ഇവ അഞ്ചും അഗ്‌നികളാണ്. ഏതു വ്യക്തിയും ഇവ അഞ്ചിനെയും ആദരവോടെ സംരക്ഷിക്കണം. ദേവത, പിതൃക്കള്‍, മനുഷ്യര്‍, സന്ന്യാസി, അതിഥി ഈ അഞ്ചുകൂട്ടരേയും പൂജിക്കുന്നവന്‍ ശുഭമായ കീര്‍ത്തി നേടുന്നു. രാജാവേ, അങ്ങ് എവിടെപ്പോയാലും മിത്രം, ശത്രു, ഉദാസീനന്‍, ആശ്രയദാതാവ്, ആശ്രിതന്‍ എന്നീ അഞ്ചു പേരും അനുഗമിക്കുന്നുണ്ടാവും. അഞ്ച് ഇന്ദ്രിയങ്ങളില്‍ ഏതെങ്കിലുമൊന്നു നഷ്ടപ്പെടുന്നതോടെ ബുദ്ധിയും ലോപിച്ചു പോകുന്നു.


നിദ്ര, തന്ദ്ര, ഭയം, ക്രോധം, ആലസ്യം, ദീര്‍ഘസൂത്രത്വം ഇവ ആറും ഉത്കര്‍ഷേച്ഛുവായ മനുഷ്യന്‍ ഉപേക്ഷിക്കണം. ഉപദേശം നല്‍കാത്ത ആചാര്യന്‍, മന്ത്രം ഉച്ചരിക്കാത്ത ഹോതാവ്, രക്ഷിക്കാന്‍ കഴിയാത്ത രാജാവ്, കൊള്ളിവാക്കു പറയുന്ന സ്ത്രീ, ജനസ്ഥാനത്തു വസിക്കാനാഗ്രഹിക്കുന്ന ഇടയന്‍, വനവാസം ഇച്ഛിക്കുന്ന ക്ഷുരകന്‍ ഈ ആറു കൂട്ടരെയും നിസ്സംശയം പരിത്യജിക്കണം. സത്യം, ദാനം, കര്‍ത്തവ്യനിഷ്ഠ, അസൂയയില്ലായ്മ, ക്ഷമ, ധൈര്യം ഈ ആറു ഗുണങ്ങളെ ഒരിക്കലും ഉപേക്ഷിക്കരുത്. ധനാഗമം, അരോഗത, അനുകൂലയും പ്രിയംവദയുമായ പത്‌നി, ആജ്ഞാനുവര്‍ത്തിയായ പുത്രന്‍, ധനലാഭമുണ്ടാക്കുന്ന വിദ്യ ഇവയെല്ലാം സുഖപ്രദങ്ങളാണ്. കള്ളന്‍ ശ്രദ്ധയില്ലാത്ത മനുഷ്യരില്‍ നിന്നും, വൈദ്യന്‍ രോഗിയില്‍ നിന്നും, മദിരാക്ഷികള്‍ കാമുകരില്‍ നിന്നും, പുരോഹിതന്മാര്‍ യജ്ഞകര്‍ത്താക്കളില്‍ നിന്നും, വിദ്വാന്‍ വിഡ്ഢിയില്‍ നിന്നും ഉപജീവനം തേടുന്നു. ഗോക്കള്‍, ശുശ്രൂഷ, കൃഷി, സ്ത്രീ, വിദ്യ, മൂഢസംസര്‍ഗ്ഗം ഇവയാറും അല്‍പകാലത്തെ അശ്രദ്ധകൊണ്ടു നഷ്ടമാകുന്നു.


വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശിഷ്യന്‍ ഗുരുവിനേയും വിവാഹിതനായ പുത്രന്‍ മാതാവിനെയും വികാരം ശമിച്ച പുരുഷന്‍ സ്ത്രീയെയും കാര്യം നേടിയവന്‍ സഹായിയേയും പുഴയ്ക്കക്കരെ എത്തിച്ചേര്‍ന്നവര്‍ നൗകയെയൂം രോഗം ഭേദമായവന്‍ വൈദ്യനെയും തിരസ്‌കരിക്കുന്നു. ഈര്‍ഷ്യാലു, വെറുപ്പുള്ളവന്‍, അസന്തൃപ്തന്‍, കോപിഷ്ഠന്‍, സംശയാലു, പരോപജീവി ഇവരെക്കെ നിത്യദുഃഖിതരാണ്. കാമാസക്തി, ചൃതൂകളി, നായാട്ട്, മദ്യപാനം, പരുഷഭാഷണം, കഠിനശിക്ഷ, പാഴ്‌ച്ചെലവ് ഇവ ഏഴും രാജാക്കന്മാര്‍ ഉപേക്ഷിക്കേണ്ട ദോഷങ്ങളാണ്.


ഭാരതാ, സുഹൃത്സംഗമം, അധികധനലാഭം, മകനെ മാറോടണയ്ക്കല്‍, മൈഥുനം, പ്രിയഭാഷണം, സ്വപക്ഷക്കാരുടെ ഉത്കര്‍ഷം, ഇഷ്ടവസ്തുലാഭം, സമൂഹത്തില്‍ മാന്യത ഇവ എല്ലാം ലൗകികസുഖം നല്‍കുന്നവയാണ്.

ബുദ്ധി, ആഭിജാത്യം, ഇന്ദ്രിയനിഗ്രഹം, ശാസ്ത്രജ്ഞാനം, പരാക്രമം, മിതഭാഷണം, കഴിവനുസരിച്ചുള്ള ദാനം, കൃതജ്ഞത ഇവ എട്ടും കീര്‍ത്തിദായകങ്ങളായ ഗുണങ്ങളാണ്. നവദ്വാരങ്ങളും മൂന്നു തൂണുകളും (വാതം, പിത്തം, കഫം) അഞ്ച് (ഇന്ദ്രിയങ്ങള്‍ ) സാക്ഷകളുള്ളതും ആത്മാവിന്റെ വാസസ്ഥാനവുമായ ഈ ശരീരമാകുന്ന ഗൃഹത്തെ അറിയുന്നവന്‍ മഹാജ്ഞാനിയാകുന്നു.

മഹാരാജാവേ, മദ്യമത്തന്‍, അശ്രദ്ധന്‍, ഭ്രാന്തന്‍, തളര്‍ന്നവന്‍, കോപിഷ്ഠന്‍, വിശന്നവന്‍, എടുത്തുചാട്ടക്കാരന്‍, ലോഭി, ഭീതന്‍, കാമി എന്നിവര്‍ക്കു ധര്‍മ്മബോധം ഉണ്ടാവുകയില്ല. ഇവരില്‍ വിദ്വാന്മാര്‍ താത്പര്യം കാട്ടരുത്. കാമക്രോധങ്ങള്‍ വെടിഞ്ഞു സത്പാത്രത്തില്‍ ദാനം ചെയ്തു ശാസ്ത്രജ്ഞാനത്തോടെ കര്‍ത്തവ്യാനുഷ്ഠാനം ചെയ്യുന്ന രാജാവിനെ എല്ലാ ജനങ്ങളും മാതൃകയാക്കുന്നു.

അന്യരുടെ വിശ്വാസം നേടാനറിയാവുന്നവനും സ്പഷ്ടമായിത്തെളിഞ്ഞ കുറ്റങ്ങള്‍ക്കു മാത്രം ശിക്ഷനല്‍കുന്നവനുമായ രാജാവിനു സകല സമ്പത്തുകളും കരഗതമാകുന്നു. അശക്തനെ അപമാനിക്കാതിരിക്കുകയും ശത്രുവിനോടു ശ്രദ്ധയോടെ ബുദ്ധിപൂര്‍വം പെരുമാറുകയും കരുത്തനോട് പൊരുതാനൊരുങ്ങാതിരിക്കുകയും തക്കസമയത്തു പൗരുഷം പ്രകടിപ്പിക്കുകയും ചെയ്യുന്നവന്‍ ധീരനാണ്. ആപത്തുവരുമ്പോള്‍ ദുഃഖിക്കാതെ ശ്രദ്ധാപൂര്‍വം കര്‍ത്തവ്യങ്ങളില്‍ മുഴുകി ദുഃഖം സ്വയം സഹിക്കുന്നവന്റെ ശത്രുക്കള്‍ പരാജയപ്പെടുന്നു. വ്യര്‍ഥമായി വിദേശവാസം, ദുര്‍ജ്ജനസംസര്‍ഗ്ഗം, പരസ്ത്രീസംഗം, നാസ്തികത, കളവ്, ആത്മപ്രശംസ, മദ്യപാനം എന്നിവയില്‍ മുഴുകാത്തവന്‍ എന്നും സുഖമനുഭവിക്കുന്നു.

ശാന്തമായിരിക്കുന്ന വിരോധത്തീയെ ആളിക്കത്തിക്കാതെ, സ്വന്തം ഹീനത വെളിപ്പെടുത്താതെ, അഹങ്കരിക്കാതെ, ആപത്തില്‍പ്പെട്ടുപോയെന്ന വിചാരത്തില്‍ അകര്‍മ്മം ചെയ്യാതെ ശ്രേഷ്ഠമായ പ്രവൃത്തികളില്‍ മുഴുകുന്നവനെ സര്‍വോത്തമനെന്നു ജനങ്ങള്‍ പറയുന്നു. സ്വന്തം സുഖങ്ങളില്‍ ആഹ്‌ളാദിക്കാതെയും അന്യരുടെ ദുഃഖം കണ്ട് ആനന്ദിക്കാതെയും ദാനം ചെയ്തിട്ടു പശ്ചാത്തപിക്കാതെയും കഴിയുന്ന വ്യക്തിയെ സജ്ജനങ്ങളിലെ സദാചാരിയെന്നു പറയുന്നു.

ലോകനീതികളും നാട്ടാചാരങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നവന്‍ വിവേകശാലിയാകുന്നു. ദാനം, ഹോമം, ദേവപൂജ, പലതരത്തിലുള്ള ലൗകികാചാരങ്ങള്‍ എന്നിവയില്‍ മുഴുകിക്കഴിയുന്നവനു ദേവന്മാര്‍ എല്ലാവിധത്തിലുമുള്ള ഉത്കര്‍ഷം പ്രദാനം ചെയ്യുന്നു. മൈത്രിയും വിവാഹവും വ്യവഹാരവുമെല്ലാം സമനിലയിലുള്ളവരുമായി മാത്രം നടത്തുന്നവന്‍ ശ്രേഷ്ഠനാകുന്നു. സകല ജീവരാശികള്‍ക്കും ഹിതം പ്രദാനം ചെയ്യുന്നതില്‍ തത്പരനും സത്യനിഷ്ഠനും അന്യരെ ആദരിക്കുന്നവനും പരിശുദ്ധചിത്തനുമായ വ്യക്തി ഏറെ ഖ്യാതി നേടുന്നു.

ധൃതരാഷ്ട്രര്‍ വിദുരരേ, ചിന്തകള്‍ എന്നെ വിട്ടകലുന്നില്ല. ഉറക്കം വരുന്നതേയില്ല. ഞാന്‍ എന്തുചെയ്യണമെന്നു പറയൂ. നല്ലവണ്ണം ചിന്തിച്ചു ശരിയായ ഉപദേശം തരൂ.
വിദുരര്‍ യാതൊരാളെ പരാജിതനായി കാണാനാഗ്രഹിക്കുന്നില്ലയോ അയാള്‍ക്കുവേണ്ടി ചോദിച്ചില്ലങ്കിലും നല്ലതും ചീത്തയും വേര്‍തിരിച്ചു പറഞ്ഞു കൊടുക്കണം. അതുകൊണ്ടു രാജാവേ, കൗരവര്‍ക്കെല്ലാം ഹിതകരമായ കാര്യം ഞാന്‍ പറയാം. തെറ്റായ മാര്‍ഗ്ഗത്തിലൂടെ കപടമായി ഉണ്ടാക്കിയ നേട്ടങ്ങളില്‍ അങ്ങു മനസ്സു വയ്ക്കരുത്. നല്ല മാര്‍ഗ്ഗത്തിലൂടെ ശ്രദ്ധാപൂര്‍വം ചെയ്യപ്പെടുന്ന കാര്യം വിഫലമായാല്‍പ്പോലും ദുഃഖിക്കേണ്ടതില്ല.

സോദ്ദേശ്യകരമായി ചെയ്യപ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശ്യം ആദ്യമേ ചിന്തിച്ചുറയ്ക്കണം. നല്ലവണ്ണം ചിന്തിച്ചിട്ടേ പ്രവര്‍ത്തിക്കാവൂ. തിടുക്കം കൂട്ടരുത്. ഏതെങ്കിലും പ്രവൃത്തി തുടങ്ങുന്നതിനു മുന്‍പുതന്നെ അതിന്റെ പ്രയോജനം എന്തെന്നും പരിണാമം എന്തായിരിക്കുമെന്നും തീര്‍ച്ചയാക്കണം. തത്കാലസ്ഥിതി, ലാഭം, നഷ്ടം, ഖജനാവിലെ സ്ഥിതി തുടങ്ങിയവയേപ്പറ്റി വ്യക്തമായ അറിവില്ലാത്ത രാജാവിന് ഏറെ നിലനില്‍പുണ്ടാവുകയില്ല. രാജ്യം നേടിക്കഴിഞ്ഞു എന്നു കരുതി അന്യായമായി പെരുമാറരുത്. സൗന്ദര്യത്തെ വാര്‍ദ്ധക്യം എന്നപോലെ ഉദ്ദണ്ഡത്വം സമ്പത്തിനെ നശിപ്പിക്കുന്നു. ഭക്ഷിക്കാന്‍ കഴിയുന്നതും, ഭക്ഷിക്കപ്പെടാവുന്നതും ഭക്ഷിച്ചാല്‍ ദഹിപ്പിക്കാന്‍ കഴിയുന്നതും ദഹിച്ചു ചേര്‍ന്നാല്‍ ഹാനികരമല്ലാത്തതുമയ ഭക്ഷണം മാത്രമേ കഴിക്കാവൂ.

മരത്തില്‍ നിന്നു പിഞ്ചുകായ്കള്‍ പറിച്ചെടുക്കുന്നവന്‍ വിത്തു നശിപ്പിക്കുന്നു. പഴത്തിന്റെ സ്വാദ് അറിയുന്നതുമില്ല. പുഷ്പത്തിനു ഹാനിയുണ്ടാകാതെ വണ്ടു തേന്‍ കുടിക്കുന്നതുപോലെ രാജാവും ജനങ്ങളെ കഷ്ടപ്പെടുത്താതെ ധനം സമ്പാദിക്കണം. തോട്ടക്കാരന്‍ ചെടികളുടെ വേരിനു കേടുപറ്റാതെ വിരിഞ്ഞ പൂക്കള്‍ മാത്രം ഇറുത്തെടുക്കുന്നതുപോലെ പ്രജകളെ സംരക്ഷിച്ചുകൊണ്ട് അവരില്‍ നിന്നു കരംപിരിക്കണം. മരത്തെ മൂടോടെ നശിപ്പിച്ചു കരിയുണ്ടാക്കി വില്‍ക്കുന്നവനെപ്പോലെ രാജാവും പെരുമാറരുത്. ഓരോ പ്രവൃത്തിയും ചെയ്യുന്നതിനുമുന്‍പ്, ഇതു ചെയ്താല്‍ എനിക്കെന്തു നേട്ടം എന്നും, ചെയ്തില്ലെങ്കില്‍ എന്തു കോട്ടം തട്ടുമെന്നും നല്ലവണ്ണം ചിന്തിച്ചുറയ്ക്കണം. കഴിവില്ലായ്മകൊണ്ടു ചെയ്യാനാകാത്ത പലകാര്യങ്ങളുമുണ്ട്.

അത്തരം കര്‍മ്മങ്ങള്‍ക്കു വേണ്ടി ചെലവഴിക്കപ്പെടുന്നതെന്തും വ്യര്‍ഥമാകുന്നു. പ്രസാദം കൊണ്ടു പ്രയോജനമില്ലാത്ത, ക്രോധംകൊണ്ട് ഒന്നും ചെയ്യാനാകാത്ത വ്യക്തിയെ, സ്ത്രീകള്‍ ഷണ്ഡനെ ഭര്‍ത്താവാക്കാത്തപോലെ, പ്രജകള്‍ രാജാവാക്കാന്‍ ഇഷ്ടപ്പെടുകയില്ല. ചെറിയ പ്രയത്‌നത്തിനു മഹത്തായ ഫലങ്ങള്‍ നല്‍കുന്ന കാര്യങ്ങള്‍ ബുദ്ധിമാന്മാര്‍ വേഗം ആരംഭിക്കുന്നു. അതില്‍ തടസ്സമുണ്ടാകാന്‍ അവര്‍ ഇടനല്‍കുകയില്ല. പ്രജകളെ പ്രേമപൂര്‍വം വീക്ഷിക്കുന്ന രാജാവിനെ ജനങ്ങള്‍ സ്‌നേഹപുര്‍വം ആരാധിക്കുന്നു. നിറയെ പൂത്തിട്ടു കായ്ക്കാത്ത മരങ്ങളുണ്ട്. നിറയെ പഴങ്ങളുണ്ടെങ്കിലും കേറി പറിക്കാനാവാത്ത മുള്‍മരങ്ങളുമുണ്ട്.

രാജാവ് ആ വിധത്തില്‍ ഉദാരനാകണം. പക്ഷേ ഏവര്‍ക്കും എപ്പോഴും കടന്നുവന്ന് യാചിക്കാന്‍ അവസരം കൊടുക്കാതിരിക്കണം. തന്റെ ബലഹീനത ഒരിക്കലും പ്രകടിപ്പിക്കരുത്. നോക്കും വാക്കും വിചാരവും പ്രവൃത്തിയും കൊണ്ടു ജനങ്ങളെ സന്തുഷ്ടരാക്കുന്ന രാജാവിനെ ഏതൊരാളും ഇഷ്ടപ്പെടുന്നു. വനവേടനെക്കണ്ട മാന്‍പേടയെപ്പോലെ രാജാവിനെ ജനങ്ങള്‍ പേടിക്കാന്‍ ഇടയാകരുത്. അന്യായിയായ രാജാവ് പൂര്‍വികര്‍ നേടിക്കൊടുത്ത രാജ്യത്തെ ഛിന്നഭിന്നമാക്കുന്നു. പാരമ്പര്യമായി സജ്ജനങ്ങള്‍ അനുഷ്ഠിച്ചുവന്ന ധര്‍മ്മങ്ങള്‍ ആചരിക്കുന്ന രാജാവിന്റെ രാജ്യം ധനധാന്യസമ്പൂര്‍ണ്ണമായി അഭിവൃദ്ധിനേടുന്നു. അധര്‍മ്മനിരതനാകുന്ന രാജാവിന്റെ രാജ്യം സങ്കുചിതമാകുന്നു. അയല്‍രാജ്യങ്ങളെ നശിപ്പിക്കാനായി ചെയ്യുന്ന പ്രയത്‌നം സ്വന്തം രാജ്യത്തിന്റെ രക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടി മാത്രം ആയിത്തീരണം.

ധര്‍മ്മാനുസൃതമായി രാജ്യം നേടണം. ധാര്‍മികമായി ആ രാജ്യത്തെ പാലിക്കണം. ധാര്‍മ്മികമായി കൈവരുന്ന രാജ്യലക്ഷ്മി രാജാവിനെയോ, രാജാവ് ആ രാജ്യലക്ഷ്മിെയയോ കൈവെടിയുന്നില്ല. നിരര്‍ഥകമായി സംസാരിക്കുന്നവരില്‍ നിന്നും ഭ്രാന്തന്മാരില്‍ നിന്നും ശിശുക്കളില്‍ നിന്നു കൂടിയും കേള്‍ക്കാനിടവരുന്ന നല്ല കാര്യങ്ങള്‍ ഗ്രഹിക്കണം. ഉഞ്ഛവൃത്തികൊണ്ടു ജീവിക്കുന്നവര്‍ ചിതറിക്കിടക്കുന്ന ഓരോ ധാന്യമണിയും പെറുക്കിയെടുക്കുന്നതുപോലെ വിലയേറിയ തത്ത്വങ്ങളും പ്രവൃത്തികളും എവിടെക്കണ്ടാലും ബുദ്ധിമാന്‍ സ്വാംശീകരിക്കണം. എളുപ്പം പാല്‍തരാത്ത പശുവിനെ ആളുകള്‍ കഷ്ടപ്പെടുത്തുന്നു. ചുടാക്കാതെ വളയുന്ന ലോഹത്തെ ആരും തീയിലിട്ടു പഴുപ്പിക്കുന്നില്ല. കുനിഞ്ഞു നില്ക്കുന്ന മരത്തെ പഴം പറിക്കാനായി ആരും പിടിച്ചു കുനിക്കുന്നില്ല.

അതുകൊണ്ട് ബുദ്ധിമാന്‍ കരുത്തന്റെ മുമ്പില്‍ വിനയം കാട്ടണം. സ്ത്രീക്ക് ഭര്‍ത്താവും ബ്രാഹ്മണനു വേദങ്ങളും ബന്ധുവാകുന്നു. സത്യം ധര്‍മ്മത്തേയും യോഗം വിദ്യയെയും ശുചിത്വം സുന്ദരമായ ശരീരത്തെയും രക്ഷിക്കുന്നു. സദാചാരമാണു വംശത്തെ രക്ഷിക്കുന്നത്. തൂക്കം കൊണ്ടു ധാന്യവും തഴുകല്‍ കൊണ്ടു കുതിരയും ഇടക്കിടെയുള്ള മേല്‍നോട്ടം കൊണ്ട് പശുക്കളും വസ്ത്രങ്ങള്‍ കൊണ്ടു സ്ത്രീകളും സംരക്ഷിക്കപ്പെടുന്നു. സദാചാരവിഹീനനായ പുരുഷന്‍ ആഭിജാത്യം കൊണ്ടു മാന്യനാകുന്നില്ല. നീചകുലജതനായാലും സദാചാര നിഷ്ഠയുണ്ടെങ്കില്‍ മാന്യത നേടാം. അന്യരുടെ സമ്പത്ത്, സൗന്ദര്യം, പരാക്രമം, ആഭിജാത്യം, സുഖസൗഭാഗ്യങ്ങള്‍, ബഹുമതികള്‍ തുടങ്ങിയവ കൊണ്ടുണ്ടാകുന്ന അസൂയ ഭേദമാക്കാനാകാത്ത രോഗമാണ്.

അരുതാത്തതു ചെയ്യുമ്പോഴും കര്‍ത്തവ്യത്തില്‍ പിഴവു പറ്റുമ്പോഴും രഹസ്യം പരസ്യമാകുമ്പോഴും പേടിക്കണം. ലഹരിപാനീയങ്ങള്‍ കുടിക്കരുത്. വിദ്യയും ധനവും ആഭിജാത്യവും മദമുണ്ടാക്കുന്നവയാണ്. പക്ഷേ സജ്ജനങ്ങള്‍ ഇവയെല്ലാം ദമത്തിനുള്ള ഉപായങ്ങളാക്കുന്നു. നല്ല വസ്ത്രം ധരിച്ചവര്‍ സഭയെ ജയിച്ചടക്കുന്നു. പശുക്കളുള്ളവര്‍ മധുരമായ പാല്‍ കുടിക്കാനുള്ള ആഗ്രഹത്തെ ജയിക്കുന്നു. വാഹനത്തില്‍ പോകുന്നവന്‍ മാര്‍ഗ്ഗക്ലേശത്തെ ആതിജീവിക്കുന്നു. സദാചാരനിരതന്‍ സകലരെയും ജയിക്കുന്നു.

കടപ്പാട്  ഗുരു പാരമ്പരയോട് ...

നിശ്ചലത

നിശ്ചലത എന്നത് ചലന രഹിതമെന്ന് ചിന്തിക്കാനാകുമോ? ചലനമില്ലാത്തതായി ഒന്നുമേയില്ല. ചലനത്തിനെ നോക്കിക്കാണുന്നത് ഒരു സാക്ഷീകരണം തന്നെയാണ്.

എന്നാൽ സ്വയം ചലനമാക്കുമ്പോൾ ശരിക്കും ചലനം നിശ്ചലമായതായി അനുഭവപ്പെടാം. അതു ഒരു തരം നിശ്ചലതയുടെ ചലനം തന്നെയാണ്.

എന്തുകൊണ്ടാകാം അത്തരമൊരു അനുഭവമെന്നിൽ ഉണ്ടായി? കാരണം നിശ്ചലതയുടെ ആ ചലനം നിലനിൽക്കുന്ന ബോധത്തിൽ അല്ലേ, ആ ബോധത്തിൽ പ്രവേശിച്ചതുകൊണ്ടുതന്നെയാണ് അത്തരം ഒരു അനുഭവമെന്നിലുണ്ടായത്. ഈ അനുഭവം എന്റെതു അല്ല. ബോധത്തിന്റെതു തന്നെയല്ലേ?

തലമുറയ്ക്ക് വേണ്ടി

ഭാരതീയ ധര്‍മ്മം

എന്താണ് ഭാരതീയ ധര്‍മ്മം? അങ്ങനെ ഒരു ചോദ്യം വന്നാല്‍ എന്ത് ഉത്തരം പറയും. ആരാണ് ഉത്തരം പറയേണ്ടവര്‍? എല്ലാവരും പറയണ്ടേ, വേണം. എന്നാല്‍ ധര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളുടെ വായന കുറഞ്ഞിരിക്കുന്ന ഈ കാലത്ത് ന്യായ മായും പല ഉത്തരങ്ങള്‍ പ്രതീക്ഷിക്കാം.

സാധാരണക്കാരനെ ചിന്തിച്ചാല്‍, ജലാശയ നിര്‍മ്മാണവും, വൃക്ഷലതാതികള്‍ നട്ടു വളര്‍ത്തുകയുമാണ് ധര്‍മ്മവും മോക്ഷ മാര്‍ഗ്ഗവും. ''വാപീ കൂപ തടാഗാനി, ദേവതാ യത നാനീ ച, അന്ന പ്രദാന, ആരാമ പൂര്‍ത്ത ഇത്യമഭീധീയതെ'' എന്നതാണ് പ്രമാണം. ''ഇഷ്ടാപൂര്ത്തം'' എന്ന ഒറ്റവാക്ക് കൊണ്ട് പറയുന്ന ധര്‍മ്മാചരണം ആണിവ.

കുളം, കിണര്‍, തടാകം,വനം എന്നിവ മോശമായി കിടന്നാല്‍ അവയെ പുനരുദ്ധരിച്ചാലും, മോക്ഷം ലഭിക്കുന്നു. സത്യത്തില്‍ ഈ സത്യം അറിയാത്തതും, അവയെ നശിപ്പിക്കുന്നതില്‍ ഒരു പങ്കു വഹിക്കുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ ജനങ്ങളെ ബോധാവല്ക്കരിക്കുക എന്നത് ഓരോ ഭാരതീയന്റെയും കടമയാണ്. ഈ കടമ ഓരോ ഗൃഹ നാഥനും ചെയ്യുകയാണ് എങ്കില്‍, ജീവിത കഷ്ടപ്പാട് ഒരളവില്‍ കുറയും എന്നതില്‍ സംശയം ഇല്ല.

ജീവിതത്തില്‍ ഒരു പ്രാവശ്യം എങ്കിലും, ഒരു ജലാശയം നിര്‍മ്മിക്കുകയും, അതിലെ ജലം ജീവികള്‍ ദാഹം തീര്‍ക്കുന്നിടത്തോളം കാലം, അത് നിര്‍മ്മിച്ച ആള്‍ക്കും അതിന്റെ മുകളിലെ ഏഴു തലമുറകള്‍ക്കും സല്‍ഗതി ഉണ്ടാവും എന്നതും ധര്‍മ്മശാസ്ത്രത്തില്‍ പറയുന്നു. ഇന്ന് പിതൃക്കള്‍ക്ക് വേണ്ടി എന്തെല്ലാം കര്‍മ്മങ്ങള്‍ നാം ചെയ്യുന്നുണ്ട്. ഒന്ന് മനസ്സിരുത്തിയാല്‍ ഇതും നമ്മള്‍ക്ക് ചെയ്യാവുന്നതെ ഉള്ളു. അതുവഴി പിതൃക്കളുടെ എങ്കിലും സല്ഗതി നമുക്ക് ഉറപ്പിക്കാം.

ഇക്കാര്യത്തില്‍ ശിവ പത്‌നി ശ്രീ പാര്‍വ്വതി പറയുന്നത് ശ്രദ്ധിക്കൂ. ''ധന സമ്പാദനത്തില്‍ അസമര്‍ദ്ധന്മാരും, ധര്‍മ്മ ആചരണത്തില്‍ ശ്രദ്ധയില്ലാത്തതും ആയ കുറെ കുട്ടികളുടെ അമ്മയായി ഇരിക്കുന്നതിലും എത്രയോ മഹത്തരം ആണ്, വഴിയോരത്ത് തണലേകാന്‍ ഒരു മരം നട്ടു പിടിപ്പിക്കുന്നത്, എന്ന്.
തീര്‍ന്നില്ല,
പത്തു കിണര്‍ കുഴിക്കുന്നതിന്റെ പുണ്യം ഉണ്ട് ഒരു കുളം കുഴിച്ചാല്‍. പത്തു കുളം കുഴിച്ച പുണ്യം കിട്ടാന്‍ ഒരു തടാകം നിര്‍മ്മിച്ചാല്‍ മതിയാവും. പത്തു തടാകം നിര്മ്മിക്കുന്നതിന്റെ തുല്യമായ പുണ്യ മാന്, സല്‍ക്കര്‍മ്മ നിരതനായ ഒരു പുത്രന് ജന്മം കൊടുക്കല്‍. പത്തു സല്പുത്രന്മാരെ ജനിപ്പിക്കുന്നതിന് തുല്യമാണ് ഒരു മരം നട്ടു വളര്‍ത്തുന്നത്. എന്നും വികാര ഭരിതയായി പാര്‍വതി പറഞ്ഞു.ഇതില്‍ നിന്നും നമ്മടെ ധര്‍മ്മ ആചരണത്തിന്റെ പ്രാധാന്യം മനസ്സില്‍ ആക്കി നാം ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ട കാലം കഴിഞ്ഞു.

അരയാല്‍ ഒന്ന്, ഞാവല്‍ ഒന്ന്, പേരാല്‍ ഒന്ന്, പുളിമരം പത്ത്, പ്ലാവ് ഒന്ന്, കൂവളവും നെല്ലിയും രണ്ടു വീതം, പുളിമാവു അഞ്ചു, ഇങ്ങനെ 23 വിധം മരങ്ങള്‍ നട്ടു വളര്‍ത്തുന്ന ആള്‍ക്ക് നരകത്തില്‍ പോകേണ്ടിവരില്ല. സത്യത്തില്‍ വളരെ നിസ്സാരമായി നമ്മള്‍ക്ക് ചെയ്യാവുന്ന ഒന്നല്ലേ ഇത്. പക്ഷെ നമുക്കു സമയം ഇല്ലല്ലോ? എന്ന് ലഭിക്കുമോ ആവോ?

ഭരത എന്നതിന് അഗ്‌നി എന്നര്‍ഥം. അതായത് യാഗങ്ങളുടെയും യന്ജങ്ങളുടെയും നാടാണ് ഭാരതം. ലോകോത്തരമായ ഒരു സംസ്‌കാരം ആണ് ഭാരതത്തിന് ഉള്ളത്. അങ്ങനെ ഒരു മഹത്വം ഭാരതത്തിന് ലഭിച്ചത്, മേല്‍ വിവരിച്ച തരത്തിലുള്ള ധര്‍മ്മ ആചരണങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് എന്നും മറക്കരുത് ഓരോ ഭാരതീയനും.

ഇതെല്ലാം മറന്നു, ഗ്രഹങ്ങളുടെ ഗോചര അവസ്ഥമൂലം തന്റെ ജാതക അവസ്ഥ മനസ്സിലാക്കാന്‍, ജ്യോതിഷത്തിന്റെ പുറകെ പോകുന്നവര്‍, തന്റെ ഇടത്തെ തോളിലെ ഭാരം വലത്തെ തോളിലേക്ക് മാറ്റി എന്ന് മാത്രമേ ചെയ്യുന്നുള്ളൂ. മാറ്റം പ്രപഞ്ച നിയമം ആണ്.ഇന്നുമുതല്‍ നമുക്കും മാറാം. ഒരു നല്ല പിന്‍ തലമുറയ്ക്ക് വേണ്ടി ...............

തിരിച്ചറിയൂ

തിരിച്ചറിയൂ
~~~~~~~~~~

ഇവിടെയുള്ളത്‌ എല്ലായിടത്തുമുണ്ടാകും, ഇവിടെ ഇല്ലാത്തതു മറ്റൊരിടത്തും ഉണ്ടാവുകയുമില്ല..' മഹാഭാരതത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയുന്ന കാര്യമാണിത്‌. അപ്പോള്‍ നമുക്കു ചുറ്റും ഉണ്ടാകില്ലേ ഇത്തരം ചില കഥാപാത്രങ്ങള്‍.

. ജീവിതത്തില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന മഹാഭാരത കഥാപാത്രങ്ങളെ തിരിച്ചറിയൂ.

1, ദ്രോണാചാര്യന്മാര്‍; മടിപിടിച്ചിരിക്കുന്ന ഉഴപ്പന്മാരും അലസന്മാരുമായവര്‍ക്കു ഊര്‍ജം പകര്‍ന്നു നല്‍കുന്നവരാണ്‌ ഈ ഗണത്തില്‍ പെടുന്നത്‌.

2, ഏല്‍പ്പിക്കുന്ന ജോലികളെല്ലാം ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കാതെ ഭംഗിയായി പൂര്‍ത്തീകരിക്കുകയും ചുറ്റുമുള്ളവരോടു കൂറും വിശ്വസ്‌ഥതയും പുലര്‍ത്തുകയും ചെയ്യുന്നവരെ ഭീഷ്‌മപിതാമഹന്‍ എന്നു വിളിക്കാം.

3, ചുറ്റുമുള്ളവരൊക്കെ തെറ്റായ ദിശയിലാണു പോകുന്നതെന്ന്‌ അറിയാമെങ്കിലും ആര്‍ക്കും ശരിയായ വഴി പറഞ്ഞു കൊടുക്കാത്ത ചിലര്‍ നമ്മുക്കിടയിലുമില്ലേ. ഇവരാണ്‌ ധൃതരാഷ്‌ട്രര്‍. മാത്രമല്ല ഇവര്‍ക്കൊരു കുഴപ്പവുമുണ്ട്‌, എല്ലാവരെയും അന്ധമായി അങ്ങു വിശ്വസിച്ചുകളയും.

4, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കും 'യെസ്‌' പറഞ്ഞു പിന്തുണയ്‌ക്കുന്നവരെ ഗാന്ധാരിയെന്നു വിളിക്കാം.

5, എന്തുകാര്യങ്ങളോടും അങ്ങേയറ്റം അത്മാര്‍ഥതയും വിശ്വസ്‌തതയും പുലര്‍ത്തുന്ന ചിലരില്ലേ.... രോഗം വന്നാല്‍ പോലും അവധിയെടുക്കാതെ പണിയെടുക്കുന്നവര്‍. ഇവരാണു ധര്‍മപുത്രരായ സാക്ഷാല്‍ യുധിഷ്‌ഠിരന്മാര്‍.

6, എപ്പോഴും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നയാള്‍ നമ്മുക്കിടയിലുണ്ടോ! എങ്കില്‍ ഉറപ്പിച്ചോളു അവന്‍ ധൈര്യശാലിയായ ഭീമ സേനന്‍ തന്നെ.

7, നമുക്കിടയിലുമില്ലെ ഏറ്റവും മാന്യനെന്ന സ്‌ഥാനമര്‍ഹിക്കുന്ന ഒരാള്‍, എല്ലാവരുടെയും കണ്ണിലുണ്ണി, ചെയ്യുന്ന ജോലിയില്‍ കൃത്യത പുലര്‍ത്തുന്നവന്‍. അവനാണ്‌ അര്‍ജ്‌ജുനന്‍.

8, കാഠിനാധ്വാനിയാണ്‌, എന്നാല്‍ ആരാലും ശ്രദ്ധിക്കപ്പെടില്ല. ഇവരാണു നകുല സഹദേവന്മാര്‍.

9, ഇടയ്‌ക്കിടക്കു ചുറ്റുമുള്ളവര്‍ക്കിട്ട്‌ പാരവയ്‌ക്കുകയും എന്നാല്‍ ഏല്‍പ്പിക്കുന്ന ജോലികളൊക്കെ നന്നായി ചെയ്യുകയും ചെയ്യുന്നവര്‍. ഇവരാണ്‌ ദുര്യോധനന്മാരുടെ ഗണത്തില്‍ പെടുന്നത്‌.

10, നിങ്ങള്‍ക്കിടയിലെ ഏറ്റവും നല്ല 'പെര്‍ഫോര്‍മറെ' കര്‍ണ്ണന്‍ എന്നു വിളിക്കാം.

11, ശകുനിയില്ലാത്ത സ്‌ഥലമുണ്ടോ.....? നമുക്കൊപ്പം നിന്ന്‌ എല്ലാ രഹസ്യങ്ങളും ചോര്‍ത്തിയെടുത്ത്‌ എത്തികേണ്ടിടത്ത്‌ കൃത്യമായി എത്തിക്കുകയും എന്തുപ്രശ്‌നങ്ങളില്‍ നിന്നും അതിവിദഗ്‌ധമായി രക്ഷപെടുകയും ചെയ്യുന്ന ഒരാള്‍. ഇത്തരക്കാര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ സുക്ഷിച്ചോളൂ. അവനാണ്‌ ആധുനിക ലോകത്തിലെ ശകുനി. എപ്പോഴും ഇത്തരക്കാരില്‍ നിന്ന്‌ അല്‍പ്പം അകലം പാലിക്കുന്നതാവും നല്ലത്‌.

12, എല്ലാവര്‍ക്കും വിശ്വസ്‌ഥയായ ഒരാളാണ്‌ നമ്മുക്കിടയിലെ ദ്രൗപതി.

13, കൃഷ്‌ണന്‍ ഇല്ലാതെ എന്തു മഹാഭാരതം. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും അവയെ സുരക്ഷിതമായി കൈകാര്യം ചെയ്യ്‌തു കൂടെയുള്ളവരെ സംരക്ഷിച്ചു നിര്‍ത്തുന്നവരെ സാക്ഷാല്‍ കൃഷ്‌ണന്‍ എന്നു വിളിക്കാം.

ഇനിയൊന്നു ആലോചിച്ചുനോക്കൂ, ആധുനിക മഹാഭാരത്തില്‍ നിങ്ങള്‍ ആരാണ്‌.. നിങ്ങളുടെ ഒപ്പമിരിക്കുന്നതു ഒരു അപകടകാരിയാണോ..?

കടപ്പാട് ഗുരു പാരമ്പരയോട്

Wednesday, 5 October 2016

ഭക്തി

ഭക്തി
~~~~~

അജ്ഞാനമാണ് ബന്ധത്തിന്നും ദുഃഖത്തിന്നും കാരണം. ജ്ഞാനംകൊണ്ടുമാത്രമേ അതു നിവർത്തിക്കയുള്ളു. നിരുപാധികവും, അദ്വൈതവുമായ ആത്മജ്ഞാനം പ്രകാശിക്കാൻ അനേകപ്രതിബന്ധങ്ങളുണ്ട്. അവയെ നീക്കി അദ്വൈതമായ പരമജ്ഞാനത്തെ പ്രകാശിപ്പിക്കാനുള്ള അനേക ഉപാധികളിൽ അതിപ്രധാനമായ ഒന്നാണ് നിഷ്കളങ്കയായ ഭക്തി. എന്തെല്ലാം സാഹചര്യങ്ങൾ ഒത്തുചേർന്നാലും നിഷ്കളങ്കഭക്തി വളരാതെ ഒരാളിൽ പരമജ്ഞാനം പ്രകാശിക്കുകയെന്നതു തുലോം  വിരളമാണ്. ശാസ്ത്രപാണ്ഡിത്യം, ആത്മാനാത്മവിവേകം, ശരിയായ തത്ത്വശ്രവണം എന്നിവയൊക്കെ ജ്ഞാനപ്രകാശനത്തിന്ന് ഒഴിവാക്കാൻ പാടില്ലാത്ത ഉപാധികളാണ്. എന്നാൽ അവയൊക്കെയുണ്ടായാലും ഒരാളിൽ പരമജ്ഞാനം പ്രകാശിച്ചുകൊള്ളണമെന്നില്ല. എന്തുകൊണ്ടെന്നാൽ പുണ്യവും  ഈശ്വരാനുഗ്രഹവുംകൂടി അവയോടുകൂടിച്ചേരേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അവ രണ്ടുമാണ് അദ്വൈതപരമജ്ഞാനത്തെ പ്രകാശിപ്പിക്കുന്ന പ്രമുഖങ്ങളായ രണ്ടു ഉപാധികളെന്നു പറഞ്ഞാൽ പ്പോലും തെറ്റില്ല. അവയാകട്ടെ ഭഗവൽ  കാരുണ്യംകൊണ്ടുമാത്രം ഉണ്ടാകേണ്ടവയുമാണ്. ആ സ്ഥിതിക്കു ഭക്തിയുടെയും ഭജനത്തിന്റെയും സ്ഥാനം എത്ര വലുതാണെന്നു പറയാതെത്തന്നെ വ്യക്തമാവുന്നുണ്ടല്ലോ. ശരി, ജ്ഞാനസമ്പാദനത്തിന്ന് ഒഴിച്ചുവിടാൻ വയ്യാത്ത  മുഖ്യോപാധിയാണ് ഭക്തിയെന്നിരിക്കട്ടെ; എന്നാൽ ജ്ഞാനം പ്രകാശിക്കുന്നതുവരെയല്ലേ ഭക്തിയുടെ ആവശ്യമുള്ളു; ജ്ഞാനിയായ ഒരാളെന്തിന് ഈശ്വരനെ ഭജിക്കുന്നു എന്നാണെങ്കിൽ പറയാം. ശരിയായ  ഈശ്വരജ്ഞാനമുണ്ടാവുമ്പോഴാണ് ഭക്തിയുടെ ഗൌരവവും ആവശ്യവുമൊരാൾക്കറിയാൻ കഴിയുന്നത്. പരമാർത്ഥമായ ജ്ഞാനത്തിന്റെ അല്ലെങ്കിൽ മുക്തിയുടെതന്നെ മറ്റൊരു സ്വരൂപം മാത്രമാണ് നിഷ്കളങ്കമായ  ഈശ്വരപ്രേമമെന്നയാൾക്കു ബോദ്ധ്യമാവുന്നു. പിന്നെയെങ്ങനെ അതിനെ വിട്ടുനില്ക്കും? സാധാരണ ഒരാളുടെ ഭക്തിപോലെയല്ല ജ്ഞാനിയുടെ ഭക്തി. ഈശ്വരപ്രേമമാകുന്ന അമൃതസമുദ്രത്തിൽ മുങ്ങിക്കിടന്നുകൊണ്ടാണ് ജ്ഞാനിയുടെ ഓരോ നിമിഷവും നീങ്ങുന്നത്. അകാരണമായി രോമാഞ്ചമോ, അശ്രുക്കളോ, കണ്ഠല്ഗദമോ ഒരു ജ്ഞാനിയിൽ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. എന്തുകൊണ്ടെന്നാൽ എപ്പോഴും   അനിർവ്വാച്യപ്രേമാമൃതസരിത്തിൽ മുങ്ങിമുഴുകി ഈശ്വരനെ സ്വയം അനുഭവിച്ചുകൊണ്ടിരിക്കയാണ് ജ്ഞാനി. രാമകൃഷ്ണാദി അവതാരസ്വരൂപങ്ങളെയും ത്രിമൂർത്തികളെയും മറ്റും സാധാരണഭക്തൻ ഈശ്വരസ്വരൂപങ്ങളായിക്കാണുമ്പോൾ ഒരു ജ്ഞാനി ജഗത്തിലുള്ള സകലരൂപങ്ങളെയും, ജഗത്തിനെ ഒട്ടാകെത്തന്നെയും ഈശ്വരസ്വരൂപമായിട്ടാണ് കാണുന്നത്. അതുപോലെ കേൾക്കുന്ന എല്ലാ ശബ്ദങ്ങളെയും ഈശ്വരകീർത്തനങ്ങളായും, അനുഭവിക്കുന്ന എല്ലാ അനുഭവങ്ങളെയും അമൃതായമാനങ്ങളായ ഈശ്വരാനുഭൂതികളായിട്ടും മാത്രമേ ഒരു ജ്ഞാനിക്കു കാണാൻ കഴിയുന്നുള്ളു. ജ്ഞാനിയുടെ ദൃഷ്ടിയിൽ ഈശ്വരമഹിമകളും ഈശ്വരലീലകളുമല്ലാതെ ഒന്നുംതന്നെയില്ല. എല്ലാം അമൃതായമാനങ്ങളായ ദിവ്യാനുഭൂതികളുമാണ്.അതിനാൽ എപ്പോഴും എന്തിനെ കാണുമ്പോഴും കേൾക്കുമ്പോഴും അനുഭവിക്കുമ്പോഴും, അവയൊന്നുമില്ലാത്ത സമാധിയിലും ജ്ഞാനി ആനന്ദമത്തനാണ്. ഈശ്വരേതരമായ ഭാവമോ, അനുഭവമോ മിക്കപ്പോഴും ഇല്ല ഒരു ജ്ഞാനിക്കെന്നു പറയണം. അങ്ങനെയുള്ള ദശയിൽ ഭക്തിയും ജ്ഞാനവും രണ്ടു സംസ്കാരമോ, രണ്ടനുഭവമോ അല്ല. രണ്ടും  അന്യോന്യം കൂടിച്ചേർന്നു രണ്ടുമല്ലാത്ത ഈശ്വരനിർവൃതിയുടെ രൂപത്തിലാണ് ജ്ഞാനിയിൽ പ്രകാശിക്കുന്നതെന്നുപറയണം.

എന്നാൽ അങ്ങനെയുള്ള ഭക്തി ഒരു ജ്ഞാനിക്കല്ലാതെ മറ്റാർക്കുമുണ്ടാവാൻ വയ്യ. അതിനാൽ അവശ്യം തത്ത്വബോധമുണ്ടാവുകതന്നെ വേണം. വേണ്ടത്ര  തത്ത്വബോധമില്ലാത്തൊരാൾക്ക് ഈശ്വരനെയോ, അവിടുത്തെ മഹിമകളെയോ, അതിന്റെ ഗൌരവത്തെയോ, അറിയാൻ കഴിയില്ല. അറിയാതെ നിഷ്കളങ്കയും, നിരപേക്ഷയുമായ ഭക്തിയോ, അതുകൊണ്ടുള്ള അമൃതാനുഭൂതിയോ ഉണ്ടാവാനും പോവുന്നില്ല. സംസാരത്തിൽ ഒന്നിന്റെയും അപേക്ഷ കേവലം ഇല്ലാതാവുമ്പോഴല്ലാതെ നിഷ്കളങ്കഭക്തിയെങ്ങനെയുണ്ടാവും? ഉണ്ടാവാൻ വിഷമമാണെന്നുതന്നെ പറയണം. സംസാരത്തിൽ നിരപേക്ഷകത്വം ഒരാൾക്കുണ്ടാവണമെങ്കിൽ അതിന്റെ മിത്ഥ്യാത്വവും, ദുഃഖാത്മകതയും ബോദ്ധ്യമാവുകതന്നെ വേണം. തത്ത്വവിചാരംചെയ്തു വസ്തുബോധം വരുമ്പോഴേ അതുണ്ടാവാൻ പോവുന്നുള്ളു. അതിനാൽ  ഭക്തൻ ജ്ഞാനിയാവുകതന്നെവേണം. അതുപോലെ ഭക്തിയില്ലാത്ത ജ്ഞാനം കേവലം ശുഷ്കവും അനുഭൂതിക്ക് പറ്റാത്തതുമാണ്. ഈ കാരണങ്ങളാൽ ജ്ഞാനഭക്തിയാണ് ഒരാളെ ഉൽബുദ്ധനും അനുഭൂതിരസികനും ചരിതാർത്ഥനുമാക്കിത്തീർക്കുന്ന അദ്ധ്യാത്മസംസ്കാരം.

കടപ്പാട് ഗുരു പാരമ്പരയോട്

Monday, 3 October 2016

സ്വാമി വിവേകാനന്ദൻ


സ്വാമി വിവേകാനന്ദന്‍

മറ്റൊരു സംഗതി; പ്രപഞ്ചം പരിമിതമാണെന്ന് എങ്ങനെയറിയാം? തത്ത്വദര്‍ശനം വഴിക്കേ അതറിയാനാവൂ. അപരിമിതം സോപാധികമായതത്രേ പ്രപഞ്ചം: അതുകൊണ്ട് അതു പരിമിതമാണ്. അതുകൊണ്ട് നമ്മുടെ പരിസ്ഥിതികളെയെല്ലാം നാം ജയിക്കുന്ന ഒരു കാലം വരും. ആകട്ടെ, അവയെ എങ്ങനെ ജയിക്കാം? ഓരോ വസ്തുവിനെയും വെവ്വേറെ ജയിക്കുക എന്നുള്ളത് അസംഭാവ്യമാണ്: അതു സാദ്ധ്യമല്ല.

വെള്ളത്തില്‍ കിടക്കുന്ന ഒരു മല്‍സ്യത്തിന് ശത്രുക്കളില്‍നിന്ന് രക്ഷപ്രാപിക്കണം. അതെങ്ങനെ സാധിക്കും? ചിറകുകളെ പരിണമിപ്പിച്ചു പക്ഷിയായിട്ട്. മല്‍സ്യം വെള്ളത്തെയോ വായുവെയോ മാറ്റുന്നില്ല: താന്‍തന്നെ പരിണമിക്കുന്നു. പരിണാമം എപ്പോഴും ആത്മനിഷ്ംമാണ്. സ്വന്തം സ്ഥിതി മാറ്റിയിട്ടാണ് പ്രകൃതിയെ ജയിക്കുന്നതെന്നു പരിണാമത്തില്‍ എവിടെയും കാണാം. ഇതു മതത്തിലും ധര്‍മ്മാചരണത്തിലും സംബന്ധിച്ച് തിന്‍മയെ ജയിക്കുന്നതെങ്ങനെയെന്നു നോക്കുമ്പോള്‍ അതും വിഷയിയുടെ (സ്വന്ത) പരിണാമത്താല്‍ മാത്രമാണെന്നു കാണാം. ഇങ്ങനെ വിഷയിയുടെ വശത്തുനിന്നാണ് അദ്വൈതത്തിനു സര്‍വ്വബലവും സിദ്ധിക്കുന്നത്. പാപമെന്നും ദുഃഖമെന്നുമുള്ള മുറവിളി ബുദ്ധിശൂന്യം: അവ ബാഹ്യങ്ങളല്ല. ഞാന്‍ കോപത്തിനു വശംവദനാകാതിരുന്നാല്‍ എനിക്കു കോപമെവിടെ? ഞാന്‍ വിദ്വേഷബുദ്ധിക്ക് ഇടംകൊടുക്കുകയില്ലെങ്കില്‍ വിദ്വേഷം എന്നെ സ്പര്‍ശിക്കയില്ല: എനിക്കു വിദ്വേഷം തോന്നുകയുമില്ല.

ഇങ്ങനെ വിഷയി പരിണാമം വഴി, തന്നെത്താന്‍ പരിപൂര്‍ണ്ണനാക്കുകയാണ് പ്രകൃതിജയത്തിന്റെ പദ്ധതി. ഞാന്‍ ഇതുകൂടി ധൈര്യപ്പെട്ടു പറയാം; ഇന്നു കണ്ടുപിടിച്ചിട്ടുള്ള ശാസ്ത്രതത്ത്വങ്ങള്‍ക്കും ധര്‍മ്മാദര്‍ശങ്ങള്‍ക്കും ഒത്തിരിക്കുന്നതും, എന്നു മാത്രമല്ല അവയെ തെല്ലു കടന്നുനില്‍ക്കുന്നതുമായ മതം അദ്വൈതം ഒന്നുമാത്രമാണ്. അതു നിമിത്തമാണ് ആധുനികശാസ്ത്രജ്ഞന്‍മാര്‍ക്ക് അതില്‍ അഭിരുചി തോന്നുന്നത്. അവര്‍ക്കു പഴയ ദൈ്വതസിദ്ധാന്തങ്ങള്‍ മതിയാകുന്നില്ല: അവരെ തൃപ്തിപ്പെടുത്തുവാന്‍ അവ പര്യാപ്തങ്ങളല്ല. വെറും വിശ്വാസം മാത്രമുണ്ടായാല്‍ പോര: വിശ്വസിക്കാമെന്നു യുക്തി അനുവദിക്കുകകൂടി വേണം. പരമ്പരാപ്രാപ്തമായ ഒരു മതമൊഴികെ മറ്റെല്ലാം അസത്യമാണെന്ന് ഈ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തും വിചാരിക്കുന്നതു നമുക്കു ബലം മതിയായിട്ടില്ലെന്നാണ് തെളിയിക്കുന്നത്.

ആവക വിചാരങ്ങളെ ദൂരെ തള്ളണം. അത് ഈ രാജ്യത്തിലേ ഉള്ളു എന്നു ഞാന്‍ പറയുന്നില്ല. എല്ലാ രാജ്യത്തും അതുണ്ട്. എന്റെ രാജ്യത്തുള്ളതുപോലെ മറ്റെങ്ങും ഇല്ലെന്നുകൂടി പറയാം. ഈ അദ്വൈതത്തെ സാമാന്യജനങ്ങളില്‍ പ്രചരിപ്പാന്‍ അനുവദിച്ചില്ല. ആദിയില്‍ അതു ചില സന്ന്യാസികളുടെ കയ്യിലായി. അവരതിനെ അരണ്യങ്ങളിലേക്കു കൊണ്ടുപോയി. അതിന് ആരണ്യകം എന്നു പേരും വീണു. എന്നാല്‍ ഈശ്വരകൃപയാല്‍ ബുദ്ധന്‍ അവതരിച്ചു. പൊതുജനങ്ങള്‍ക്ക് അതുപദേശിച്ചു. ജനങ്ങള്‍ ആകമാനം ബുദ്ധമതം സ്വീകരിച്ചു. പിന്നെ വളരെക്കാലം കഴിഞ്ഞപ്പോള്‍ നാസ്തികന്‍മാരും അജ്ഞേയവാദികളും വര്‍ദ്ധിച്ച് ജനബോധം നശിപ്പിച്ചു. അപ്പോഴും ഭൗതികതയില്‍നിന്ന് ഭാരതഭൂമിയെ രക്ഷിപ്പാന്‍ ഏകമാര്‍ഗ്ഗം അദ്വൈതമേ ഉള്ളു എന്നു കണ്ടു.

ഇങ്ങനെ രണ്ടു തവണ അദ്വൈതം ഭാരതഭൂമിയെ ഭൗതികതയില്‍നിന്നു രക്ഷിച്ചിട്ടുണ്ട്! ബുദ്ധാവതാരത്തിനു മുമ്പത്തെ ഭൗതികത്വം അതിഭയങ്കരമായിരുന്നു. അത് ഇന്നത്തെപ്പോലെയല്ല, ഇതിനെക്കാള്‍ തുലോം ബീഭല്‍സമായിരുന്നു. ഒരു വിധത്തില്‍ ഞാനും ഒരു ഭൗതികവാദിയാണെന്നു പറയാം. എന്തുകൊണ്ടെന്നാല്‍ പദാര്‍ത്ഥം ഒന്നേയുള്ളു എന്നാണ് ഞാനും വിശ്വസിക്കുന്നത്. അതു ജഡപദാര്‍ത്ഥമാണെന്നു ഭൗതികവാദി പറയുന്നു: ഈശ്വരനാണെന്നു ഞാനും! ഒരേ മൂലപദാര്‍ത്ഥത്തില്‍നിന്നാണ് മനുഷ്യന് ആശയും മതവും മറ്റേതൊന്നും ഉണ്ടായതെന്നു ഭൗതികവാദിയും സമ്മതിക്കുന്നു. ബ്രഹ്മത്തില്‍ നിന്നാണ് ഇതെല്ലാം ഉണ്ടായതെന്നു ഞാന്‍ പറയുന്നു. ഭൗതികതയുടെ നികൃഷ്ടരൂപമാണ് ബുദ്ധാവതാരത്തിനു മുമ്പ് നടപ്പുണ്ടായിരുന്നത്. ”തിന്നുക, കുടിക്കുക, രമിക്കുക: ദേവനില്ല, ജീവനില്ല, പരലോകവുമില്ല: മതം എന്നതു ദുഷ്ടപുരോഹിതന്‍മാരുടെ കപടതന്ത്രം.” ഇതായിരുന്നു അതിന്റെ രൂപം, ആജീവനാന്തം സുഖമായിരിക്കണം: കടംകൊണ്ടും സുഖംകൊള്ളണം: കടം വീട്ടേണ്ട കാര്യം ആലോചിക്കേണ്ട: ഇതായിരുന്നു ഭൗതികധര്‍മ്മോപദേശം.

ഈ പഴയ ഭൗതികത്വവും അതിന്റെ സിദ്ധാന്തങ്ങളും സര്‍വ്വജനങ്ങളിലും പ്രചരിച്ചതുകൊണ്ട് അതിനു സര്‍വ്വജനദര്‍ശനം എന്ന പേര്‍ ഇന്നും നിലനില്‍ക്കുന്നു. അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ബുദ്ധന്‍ അവതരിച്ച്, വേദാന്തതത്ത്വങ്ങളെ പ്രകാശിപ്പിച്ച്, സാമാന്യജനത്തില്‍ പ്രചരിപ്പിച്ച് ഭാരതഭൂമിയെ രക്ഷിച്ചത്. പിന്നീട് ആയിരം സംവല്‍സരങ്ങള്‍ക്കുശേഷം അതേ നില വന്നു. സംസ്‌കാരഹീനരായ ബഹുജനങ്ങളും അനേകവര്‍ഗ്ഗക്കാരും ബുദ്ധമതത്തില്‍ ചേര്‍ന്നിരുന്നു: അവര്‍ അധികവും അജ്ഞരായിരുന്നതുകൊണ്ട് കാലക്രമത്തില്‍ ബുദ്ധോപദേശങ്ങള്‍ അധഃപതിച്ചു. അതു സ്വാഭാവികം. ജഗന്നിയന്താവായി ഒരീശ്വരനുണ്ടെന്ന് ബുദ്ധന്‍ ഉപദേശിച്ചില്ല. പക്ഷേ ബഹുജനങ്ങള്‍ പതുക്കെപ്പതുക്കെ അവരുടെ ദേവന്‍മാരെയും പിശാചുക്കളെയും കുട്ടിച്ചാത്തന്‍മാരെയും മതത്തിലേക്കു കടത്തിക്കൊണ്ടുവന്നു.

ബുദ്ധമതം ഇന്ത്യയില്‍ ഒരു മഹാകഷായമായിത്തീര്‍ന്നു. പിന്നെയും ഭൗതികത്വം മുന്നണിയിലേക്കു വന്നു. ഉയര്‍ന്നവര്‍ക്കു തോന്നിയവാസം, താണവര്‍ക്ക് അന്ധവിശ്വാസം എന്നായിരുന്നു അതിന്റെ പിന്നത്തെ രൂപം. അപ്പോള്‍ ശങ്കരാചാര്യര്‍ ജനിച്ചു: വേദാന്തത്തിനു നവജീവന്‍ കൊടുത്തു. അതിനെ യുക്തിയിന്‍മേല്‍ അടിയുറപ്പിച്ചു. ഉപനിഷത്തുകളില്‍ തത്ത്വോപദേശത്തിന്റെ യുക്തിഭാഗങ്ങള്‍ പലപ്പോഴും അവ്യക്തങ്ങളാണ്. ബുദ്ധന്‍ അതിന്റെ ധര്‍മ്മാചരണഭാഗത്തെ ബലപ്പെടുത്തിയതേയുള്ളു. ശങ്കരാചാര്യര്‍ യുക്തിഭാഗം ബലപ്പെടുത്തി. അദ്ദേഹം ചര്‍ച്ച ചെയ്തു യുക്തിയുക്തമാക്കി വേദാന്തമെന്ന പ്രൗഢദര്‍ശനം ജനസമക്ഷം അവതരിപ്പിച്ചു.

യൂറോപ്പില്‍ ഇന്നു ഭൗതികത്വമാണ് പ്രചരിക്കുന്നത്. നമുക്കു തത്ത്വം അറിവാന്‍ കഴിയില്ലെന്നു വാദിക്കുന്നവരുടെ ബുദ്ധി തെളിഞ്ഞ് അവര്‍ക്ക് സദ്ഗതിയുണ്ടാകേണമേ എന്നു നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാവാം. എന്നാല്‍ അതുകൊണ്ട് അവര്‍ അടങ്ങില്ല, അവര്‍ യുക്തികൊണ്ടേ തൃപ്തിപ്പെടൂ. യുക്തിയുക്തമായ മതമേ യൂറോപ്പിന്റെ രക്ഷയ്ക്ക് അടിസ്ഥാനമാകൂ. അദ്വൈതം, രണ്ടില്ല: ഏകം, അദ്വിതീയം, ബ്രഹ്മം ഇതൊന്നേ വിചാരശീലന്‍മാര്‍ക്കു പറ്റൂ. മതധര്‍മ്മങ്ങള്‍ ക്ഷയിച്ച് അധര്‍മ്മം വര്‍ദ്ധിക്കുമ്പോള്‍ അത് ആവിര്‍ഭവിക്കും. അതു നിമിത്തമാണ് ഇന്നു യൂറോപ്പിലും അമേരിക്കയിലും വേദാന്തം വേരുപിടിച്ചിരിക്കുന്നത്.

കടപ്പാട് ഗുരു പാരമ്പരയോട്