Thursday, 6 October 2016

തിരിച്ചറിയൂ

തിരിച്ചറിയൂ
~~~~~~~~~~

ഇവിടെയുള്ളത്‌ എല്ലായിടത്തുമുണ്ടാകും, ഇവിടെ ഇല്ലാത്തതു മറ്റൊരിടത്തും ഉണ്ടാവുകയുമില്ല..' മഹാഭാരതത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയുന്ന കാര്യമാണിത്‌. അപ്പോള്‍ നമുക്കു ചുറ്റും ഉണ്ടാകില്ലേ ഇത്തരം ചില കഥാപാത്രങ്ങള്‍.

. ജീവിതത്തില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന മഹാഭാരത കഥാപാത്രങ്ങളെ തിരിച്ചറിയൂ.

1, ദ്രോണാചാര്യന്മാര്‍; മടിപിടിച്ചിരിക്കുന്ന ഉഴപ്പന്മാരും അലസന്മാരുമായവര്‍ക്കു ഊര്‍ജം പകര്‍ന്നു നല്‍കുന്നവരാണ്‌ ഈ ഗണത്തില്‍ പെടുന്നത്‌.

2, ഏല്‍പ്പിക്കുന്ന ജോലികളെല്ലാം ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കാതെ ഭംഗിയായി പൂര്‍ത്തീകരിക്കുകയും ചുറ്റുമുള്ളവരോടു കൂറും വിശ്വസ്‌ഥതയും പുലര്‍ത്തുകയും ചെയ്യുന്നവരെ ഭീഷ്‌മപിതാമഹന്‍ എന്നു വിളിക്കാം.

3, ചുറ്റുമുള്ളവരൊക്കെ തെറ്റായ ദിശയിലാണു പോകുന്നതെന്ന്‌ അറിയാമെങ്കിലും ആര്‍ക്കും ശരിയായ വഴി പറഞ്ഞു കൊടുക്കാത്ത ചിലര്‍ നമ്മുക്കിടയിലുമില്ലേ. ഇവരാണ്‌ ധൃതരാഷ്‌ട്രര്‍. മാത്രമല്ല ഇവര്‍ക്കൊരു കുഴപ്പവുമുണ്ട്‌, എല്ലാവരെയും അന്ധമായി അങ്ങു വിശ്വസിച്ചുകളയും.

4, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കും 'യെസ്‌' പറഞ്ഞു പിന്തുണയ്‌ക്കുന്നവരെ ഗാന്ധാരിയെന്നു വിളിക്കാം.

5, എന്തുകാര്യങ്ങളോടും അങ്ങേയറ്റം അത്മാര്‍ഥതയും വിശ്വസ്‌തതയും പുലര്‍ത്തുന്ന ചിലരില്ലേ.... രോഗം വന്നാല്‍ പോലും അവധിയെടുക്കാതെ പണിയെടുക്കുന്നവര്‍. ഇവരാണു ധര്‍മപുത്രരായ സാക്ഷാല്‍ യുധിഷ്‌ഠിരന്മാര്‍.

6, എപ്പോഴും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നയാള്‍ നമ്മുക്കിടയിലുണ്ടോ! എങ്കില്‍ ഉറപ്പിച്ചോളു അവന്‍ ധൈര്യശാലിയായ ഭീമ സേനന്‍ തന്നെ.

7, നമുക്കിടയിലുമില്ലെ ഏറ്റവും മാന്യനെന്ന സ്‌ഥാനമര്‍ഹിക്കുന്ന ഒരാള്‍, എല്ലാവരുടെയും കണ്ണിലുണ്ണി, ചെയ്യുന്ന ജോലിയില്‍ കൃത്യത പുലര്‍ത്തുന്നവന്‍. അവനാണ്‌ അര്‍ജ്‌ജുനന്‍.

8, കാഠിനാധ്വാനിയാണ്‌, എന്നാല്‍ ആരാലും ശ്രദ്ധിക്കപ്പെടില്ല. ഇവരാണു നകുല സഹദേവന്മാര്‍.

9, ഇടയ്‌ക്കിടക്കു ചുറ്റുമുള്ളവര്‍ക്കിട്ട്‌ പാരവയ്‌ക്കുകയും എന്നാല്‍ ഏല്‍പ്പിക്കുന്ന ജോലികളൊക്കെ നന്നായി ചെയ്യുകയും ചെയ്യുന്നവര്‍. ഇവരാണ്‌ ദുര്യോധനന്മാരുടെ ഗണത്തില്‍ പെടുന്നത്‌.

10, നിങ്ങള്‍ക്കിടയിലെ ഏറ്റവും നല്ല 'പെര്‍ഫോര്‍മറെ' കര്‍ണ്ണന്‍ എന്നു വിളിക്കാം.

11, ശകുനിയില്ലാത്ത സ്‌ഥലമുണ്ടോ.....? നമുക്കൊപ്പം നിന്ന്‌ എല്ലാ രഹസ്യങ്ങളും ചോര്‍ത്തിയെടുത്ത്‌ എത്തികേണ്ടിടത്ത്‌ കൃത്യമായി എത്തിക്കുകയും എന്തുപ്രശ്‌നങ്ങളില്‍ നിന്നും അതിവിദഗ്‌ധമായി രക്ഷപെടുകയും ചെയ്യുന്ന ഒരാള്‍. ഇത്തരക്കാര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ സുക്ഷിച്ചോളൂ. അവനാണ്‌ ആധുനിക ലോകത്തിലെ ശകുനി. എപ്പോഴും ഇത്തരക്കാരില്‍ നിന്ന്‌ അല്‍പ്പം അകലം പാലിക്കുന്നതാവും നല്ലത്‌.

12, എല്ലാവര്‍ക്കും വിശ്വസ്‌ഥയായ ഒരാളാണ്‌ നമ്മുക്കിടയിലെ ദ്രൗപതി.

13, കൃഷ്‌ണന്‍ ഇല്ലാതെ എന്തു മഹാഭാരതം. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും അവയെ സുരക്ഷിതമായി കൈകാര്യം ചെയ്യ്‌തു കൂടെയുള്ളവരെ സംരക്ഷിച്ചു നിര്‍ത്തുന്നവരെ സാക്ഷാല്‍ കൃഷ്‌ണന്‍ എന്നു വിളിക്കാം.

ഇനിയൊന്നു ആലോചിച്ചുനോക്കൂ, ആധുനിക മഹാഭാരത്തില്‍ നിങ്ങള്‍ ആരാണ്‌.. നിങ്ങളുടെ ഒപ്പമിരിക്കുന്നതു ഒരു അപകടകാരിയാണോ..?

കടപ്പാട് ഗുരു പാരമ്പരയോട്

No comments:

Post a Comment