Monday, 10 October 2016

നവരാത്രി മാഹാത്മ്യം

ഒൻപത് രാത്രിയും പത്ത് പകലും നീണ്ട നിൽക്കുന്ന ഉത്സവം ആണ് നവരാത്രി. ആദി ശക്തിയുടെ ഒൻപത് രൂപങ്ങളെ ആണ് ആരാധിക്കുന്നത്. ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.

നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്..

നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു
നവരാത്രിയുടെ ഒന്നാമത്തെ ദിവസം ആയുധപൂജാ ദിനമായും സരസ്വതി പൂജാ ദിനമായും ആചരിക്കുന്നു. ആയുധ പൂജയെക്കുറിച്ച്പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെപൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത്ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു.

വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായുംതിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും

നവരാത്രിയ്ക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം പഴക്കമുണ്ടെങ്കിലും അയോദ്ധ്യാരാജാവ് സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം അനുഭവഗോചരമായിത്തീരുന്നു.

ബ്രഹ്മാണ്ഡത്തിലെ സര്‍വ്വപ്രധാനമായ സത്തയുടെ രൂപത്തില്‍
വര്‍ത്തിക്കുന്ന ജഗദംബികയെ നിത്യ, വ്യാപിനി, പൂര്‍ണ്ണ, സ്വതന്ത്ര, ആന്ദ, കുണ്ഡലിനീ, അനാഹത, ദിവ്യ, മാതാ എന്നിങ്ങനെ പല രൂപങ്ങളില്‍ വ്യവഹരിച്ചുപോരുന്നു. സൃഷ്ടിയുടെ എല്ലാ സത്തകളെയും കേന്ദ്രീകരിക്കുകയും അതില്‍ സന്നിധാനം ചെയ്തരുളുകയും ചെയ്യുന്നതിനാല്‍ ആ ദേവിയെ ആത്മസ്വരൂപിണിയെന്ന് ഭക്തജനങ്ങള്‍ വാഴ്ത്തുന്നു. ആ ജഗദംബിക സമസ്ത ജീവജാലങ്ങളെയും അനുഗ്രഹിപ്പാനായി പ്രത്യേകം മിന്നിവിളങ്ങുന്ന പുണ്യകാലമാണ് നവരാത്രികാലം.

ശരത്, വസന്തം എന്നീ രണ്ട് ഋതുക്കളിലെ നവരാതികള്‍ക്കാണ്
പ്രാധാന്യമെങ്കിലും ശാരദീയ നവരാത്രിയാണ് നവരാത്രി ഉത്സവമായി ആചരിക്കുന്നത്. നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമാതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണ് ആ പേരുകള്‍. രണ്ടു മുതല്‍ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ‍ഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.

"വിദ്യാഃ സമസ്താസ്തവ ദേവിഭേദാഃ
സ്തിയഃ സമസ്താഃ സകലാ ജഗത്സു"

എന്ന തത്വമായിരിക്കാം ഈ പൂജാസങ്കല്പത്തിന് പിന്നില്‍.
ദേവിയെ വ്യത്യസ്ത നാമങ്ങളില്‍ ആരാധിക്കുന്നതിന് വ്യത്യസ്തങ്ങളായ ഫലങ്ങളുമുണ്ട്. മേല്‍പ്പറഞ്ഞ മൂര്‍ത്തികള്‍ക്ക് പകരം നവദുര്‍ഗ്ഗകളെ പൂജിക്കുന്ന സമ്പ്രദായവുമുണ്ട്. ഒമ്പതു ദിവസവും കുമാരീപൂജ നടത്തിയ ശേഷമേ ഭക്ഷണം കഴിക്കാവൂ. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി,മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.

മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍ നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളുംഅവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.

ഗൃഹത്തില്‍ പരിശുദ്ധമായ സ്ഥലത്ത് മണ്ഡപം ഉണ്ടാക്കി അലങ്കരിച്ച് ദേവീ പൂജകള്‍ ചെയ്യേണ്ടതാണ്. നിത്യപൂജ ചെയ്യാന്‍ കഴിവില്ലാത്തവര്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിലെ പൂജകള്‍ ചെയ്താലും മതി. ദക്ഷയാഗധ്വംസിനിയായ ഭദ്രകാളി പിറന്നത് അഷ്ടമിക്കായതുകൊണ്ട് അഷ്ടമി പൂജയ്ക്ക് വൈശിഷ്ട്യമേറും. പൂജയും ഹോമവും അന്നദാനവും കുമാരീ പൂജയും ചെയ്താല്‍ നവരാത്രിയുടെ സമ്പൂര്‍ണ്ണഫലം ലഭിക്കും. ത്രിപുരസുന്ദരിയായ മഹാദേവിയെ സേവിക്കുന്ന ഭക്തന് ഐഹികസുഖവും മരണാനന്തരം മോക്ഷവും സിദ്ധമാകുന്നുവെന്നാണ് ദേവീപൂജയുടെ സവിശേഷത.

ആദിപരാശക്തിയുടെ തന്നെ മൂന്ന്‌ രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി, സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച്‌ മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച്‌ പൂജിച്ച്‌ സ്തുതിച്ച്‌ ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന്‌ സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്ന്‌ പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌.

ആദി പരാശക്തിയുടെ ഈ മൂന്നു രൂപങ്ങളില്‍ ദുര്‍ഗയെ പര്‍വത രാജനായ ഹിമവാന്റെ പുത്രി പാര്‍വതിദേവിയായിട്ടാണ്‌ സങ്കല്‍പ്പിച്ചിട്ടുള്ളത്‌. മഹാലക്ഷ്മീ സ്വരൂപമായ പരാശക്തിയുടെ സ്വരൂപം ക്ഷീരസാഗരം മഥനത്തില്‍നിന്നും ജനിച്ച ലക്ഷ്മീ ദേവിയായിട്ട്‌ സങ്കല്‍പ്പിക്കുന്നു. ഭൃഗുമഹര്‍ഷിയുടെയും കാത്യായന മഹര്‍ഷിയുടെയും പുത്രിയായിട്ട്‌ജനിച്ച സരസ്വതീ ദേവി സകല കലകളുടെയും അധിഷ്ഠാന ദേവതയാണ്‌. അതുകൊണ്ട്‌ ദേവി സരസ്വതി ഭാര്‍ഗവിയെന്നും കാത്യായനി എന്നും പ്രസിദ്ധങ്ങളാണ്‌.

ഇപ്രകാരം പര്‍വത രാജപുത്രിയായ ദുര്‍ഗ മലൈമകളും, സാഗരത്തിലെ തിരമാലകളില്‍ നിന്നുത്ഭവിച്ച ലക്ഷ്മീദേവി അലൈമകളും
സകലകലകളുടെയും അധിഷ്ഠാന
ദേവതയായ സരസ്വതി ദേവി

കലൈമകളും എന്ന രൂപത്തില്‍ തമിഴ്സാഹിത്യത്തില്‍ സ്തുതിച്ച്‌ ആരാധിച്ചുവരുന്നുണ്ട്‌. നവരാത്രിയിലെ നായികമാരായി മലൈമകളായ ദുര്‍ഗാദേവിയും അലൈമകളായ ലക്ഷ്മീദേവിയും കലൈമകളായ സരസ്വതിദേവിയും മുമ്മൂന്നു ദിവസങ്ങളായി ഭാരതത്തില്‍ പൂജിച്ച്‌ സ്തുതിച്ച്‌ ആരാധിക്കപ്പെടുന്നുവെന്നുള്ളതാണ്‌ നവരാത്രി സവിശേഷത......

ഏവർക്കും എന്റെ നവരാത്രി ആശസംശകൾ........!

No comments:

Post a Comment