Saturday, 8 October 2016

യോഗദൃഷ്ടജ്ഞാനം

യോഗദൃഷ്ടജ്ഞാനം
~~~~~~~~~~~~~~~~~

മനുഷ്യൻറെ ബോധതലത്തിന് നാല് അവസ്ഥകളുണ്ട്.

1സുഷുപ്തി (Deep Sleep),
2സ്വപ്നം (Dream),
3ജാഗ്രത് (State of being Wake),
4തുരീയം (Super Consciousness)
എന്നാണ് മനുഷ്യൻറെ ബോധത്തിൻറെ ക്രമങ്ങൾ.
സുഷുപ്തി (ഗാഢനിദ്ര ..Unconsciousness അബോധാവസ്ഥ) .
സ്വപ്നം (ഉപബോധാവസ്ഥ Sub-consciousness )
ജാഗ്രത് (ഉണർവ്..Consciousness- ബോധാവസ്ഥ )
തുരീയം (അതീതബോധം Super-consciousness) കാണിക്കുന്നു...

സമാധിപൂർവ്വമായ ബോധത്തിൻറെ അവസ്ഥയാണ് തുരീയം...തുരീയാവസ്ഥയിലുള്ള ബോധത്തിനാണ് അതീതബോധം (Super-consciousness) എന്നു പറയുന്നത്..ആ തുരീയാവസ്ഥയിൽ ലഭ്യമായ അറിവാണ് യോഗദൃഷ്ടം.
സമക്ഷജ്ഞാനത്തേക്കാൾ (കൺമുന്നിൽ കാണുന്നതിനേക്കാൾ) യോഗദൃഷ്ടമായ ജ്ഞാനത്തിന് മുൻതൂക്കം കൊടുക്കുന്നത് യോഗദൃഷ്ടമായ അറിവിൻറെ പ്രാധാന്യത്തെ കാണിക്കുന്നു.

. “കാതി ദേവാഃ യാജ്ഞവൽക്യഃ” ( എത്ര ദൈവമുണ്ട് യാജ്ഞവൽക്യാ )എന്ന ചോദ്യത്തിനു ,“ഒന്നേ ഒന്ന്- അത് പ്രാണൻ” ആ പ്രാണൻ ബോധമാണ് അനന്താവബോധം ..അത് ജ്ഞാനം രൂപമായുള്ള ഈശ്വരനാണ്...ശുദ്ധമായ അറിവ്..

ഉപനിഷത്തിലും പുരാണത്തിലും ബ്രഹ്മസൂത്രത്തിലും യോഗദൃഷ്ടമായ അറിവിനെ കണക്കാക്കുന്നതു കാണുമ്പോൾ അതിശയംതോന്നുന്നു..വാദിഭാഗത്തിനും പ്രതിപക്ഷഭാഗത്തിനും യോഗദൃഷ്ടമെന്നു പറഞ്ഞാൽ പിന്നെ തർക്കമേ ഇല്ല. ഭാരതീയ ഷഢ്ദർശനത്തിലെ ആസ്തിക പക്ഷവും നാസ്തികപക്ഷവും ഒരു പോലെ അത്തരമുള്ള അറിവിനെയും തെളിവിനെയും തർക്കമില്ലാതെ അംഗീകരിക്കുന്നു...ഈ അറിവ് ദൈവത്തിൻറെ കളിയല്ല..എന്നത് കൂടുതൽ വ്യക്തമാക്കട്ടെ..മനസ്സിൻറെ ഉന്നതമായ ഒരു അവസ്ഥതന്നെ..അതുകൊണ്ടാണ് വൈശേഷികാചാര്യർ (കണാദൻ) പതഞ്ജലി തുടങ്ങിയ വരും അതിനെ അംഗീകരിക്കുന്നത്..

(അവർ നാസ്തികരെന്നു പറഞ്ഞാൻ ഇപ്പോഴത്തെ യുക്തിവാദികളല്ല. ..വേദാന്തികളുടെ വാദങ്ങളെ അംഗീകരിക്കാത്തവർ എന്നുമാത്രമേ അർത്ഥമുള്ളൂ..ചില മതക്കാർ അവരുടെ മതത്തെ വിശ്വസിക്കാത്തവരെ അവിശ്വാസികൾ എന്നു പറയുമ്പോലെ)...അത് നാസ്തിക പക്ഷം നേടിയ ജ്ഞാനവും തുരീയദത്തമായ യോഗദൃഷ്ടജ്ഞാനം തന്നെ...

ഇപ്പോൾ ഇതെന്തെന്ന് എന്ന് നമ്മുടെ നാട്ടുകാർക്ക് അറിയാനേ വയ്യ...ആർഷമായ എല്ലാ ജ്ഞാനങ്ങളും ഗണിതം ,ആയൂർവ്വേദം, വ്യാകരണം,വാസ്തു,എന്നുവേണ്ട എല്ലാ പുരാതനജ്ഞാനവും ഇതുവഴി വന്നത് തന്നെ..

കൂട്ടുകാർക്കു മനസ്സിലാകാൻ ചില ഉദാഹരണങ്ങൾ. .ഭാരതീയജ്ഞാനത്തിൽ ലോകം മുഴുവൻ അംഗീകരിച്ചതാണല്ലോ ആയൂർവ്വേദം (അലോപ്പതിയുടെ പിതാവ് ഹിപ്പോക്രറ്റസ് 120 പ്രാവശ്യം ആയൂർവ്വേദത്തെയും ധന്വന്ത്വരിയെയും ചരകനെയും ഉദ്ധരിക്കുന്നുണ്ട്.. (സായിപ്പ് പറഞ്ഞെങ്കിലേ നമ്മൾ അംഗീകരിക്കുകയുള്ളല്ലോ) അപ്രകാരം സങ്കീർണ്ണമായ അറിവുകൾ എങ്ങനെ ഭാരതീയർ നേടി ?അതാണ് തുരീയജ്ഞാനത്തിൻറെ സിദ്ധികൾ..

യോഗദൃഷ്ടമായ അറിവിൻറെ മാഹാത്മ്യം..! .ഇപ്പോൾ തന്നെ കാട്ടിൽ മരുന്നു പറിക്കാൻചെല്ലുന്ന ഒരു മനുഷ്യന് സാദൃശ്യം കൊണ്ടും വൈവിദ്ധ്യംകൊണ്ടും എത്രയധികം സസ്യജാലങ്ങളാണ്...അവയ്ക്ക് ഔഷധഗുണമുണ്ടെന്ന് എങ്ങനെ മനസ്സിലാകും മനസ്സിലായാൽ തന്നെ അവയെ എങ്ങനെ കാട്ടിൽ തിരിച്ചറിയും..?ഓരോ മരുന്നിനുമുള്ളഗുണം പോലെ അവയുടെ ദോഷത്തെ ഇല്ലാതാക്കുന്ന പ്രതിവിധിയായുള്ള മരുന്നിനെ എങ്ങനെതിരിച്ചറിയും...? ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ഒരു പതിനായിരം കൊല്ലങ്ങൾക്കുമുമ്പ് കഥ എങ്ങനെയാകും...മാത്രമല്ല ഓരോ രോഗങ്ങളും അവയുടെ ലക്ഷണങ്ങളും , അവയെ ചികിത്സിക്കാനുള്ള മുറകളും ഇന്നത്തെക്കാൾ ജനസംഖ്യ വളരെ കുറഞ്ഞകാലത്ത് എങ്ങനെ സാധ്യമാകും?അന്നുള്ള ജനത്തിനു മുഴുവൻ ആയൂവേദത്തിൽ പറയുന്ന മുഴുവൻ രോഗങ്ങളും വന്നു ചികിത്സചെയ്തു തെളിയിക്കാനുള്ള സാധ്യത എങ്ങനെ. ആയൂർവ്വേദം മാത്രമല്ല,തർക്കം,വ്യാകരണം,സാമ്പത്തികശാസ്ത്രം , വാസ്തുവിദ്യ, കാമശാസ്ത്രം, ജ്യോതിഷം, ഗണിതം എല്ലാം ഇപ്രകാരമുള്ള അറിവുതന്നെ..

അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി പാശ്ചാത്യർ കണക്കാക്കുന്ന ജോൺ ഡാൽട്ടൺ (1766-1844) 1803 ൽ മാത്രമാണ്..... അണുസിദ്ധാന്തം ആവിഷ്ക്കരിക്കുന്നത്. അതുവരെ ഈ അറിവ് പാശ്ചാത്യർക്ക് അന്യമായിരുന്നു........ഈ കണമെന്നും ആറ്റമെന്നും പരസ്പരം പര്യായമെന്ന പോലെയാണ് കണാദമഹർഷി പറയുന്നത്...അല്ലാതെ അബദ്ധം പറ്റി പറയുന്നതോ, പറഞ്ഞ്, സംഘികൾ അങ്ങനെ ആക്കുന്നതോ അല്ല. ഈ അറിവുകൾ 2500 കൊല്ലങ്ങൾക്കുമുമ്പ് എങ്ങനെയുണ്ടായി....

ആകാശവും ഭൂമിയും രാത്രിയുംപകലും എല്ലാംഉണ്ടാക്കിയിട്ട മൂന്നാമത്തെ ദിവസം രാത്രിയുംപകലും തിരിച്ചറിയാൻ വേണ്ടി സൂര്യനെയും ചന്ദ്രനെയും ആകാശത്ത് സ്ഥാപിച്ചുവെന്നു വിശ്വസിക്കുന്നകാലത്ത് (അവർ ഇപ്പോഴും അപ്രകാരം തന്നെ വിശ്വസിക്കുന്നു..) ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്നു നിശ്ചയില്ലാത്ത കാലത്ത് ഭൂമിയുടെ ചുറ്റളവും ഗുരുത്വാകർഷണബലവും , സൂര്യഗ്രഹണവും , ചന്ദ്രഗ്രഹണവും ഒരു സെക്കൻറ് പോലും വ്യത്യാസമില്ലാതെ മനസ്സിലാക്കാനും ഭാരതീയർക്കു കഴിഞ്ഞു. കൂടാതെ, ഈ ഭൂമി സൌരയൂഥത്തിലെ അംഗമാണെന്നും അത് ആാകാശഗംഗ(മിൽക്കിവേ)യിലുൾപ്പെടുന്നുവെന്നും അത്തരം അനന്തകോടി ആകാശഗംഗകൾ (ഗാലക്സികൾ) ഉൾപ്പെടുന്നതെന്നും ഭാരതീയർ കണ്ടെത്തി. ഇതാണ് ഭാരതീയർ സ്ഥൂലപ്രപഞ്ചം (Macrocosm) എന്നു പറയുന്നത്.അതിന് അണ്ഢാകൃതിയാണെന്നും നമ്മുടെ പൂർവ്വീകർ കണ്ടെത്തി..

"egg-shaped cosmos" comes from some of the Sanskrit scriptures. The Sanskrit term for it is Brahmanda (ब्रह्माण्ड) which is derived from two words- 'Brahm' (ब्रह्म) means 'cosmos' or 'expanding' and 'anda' (अण्ड) means 'egg'. Certain Puranas such as the Brahmanda Purana speak of this in detail. (വിക്കിപ്പീഡിയ)

അണ്ഡം എന്നാൽ മുട്ട എന്നർത്ഥം.ബ്രഹ്മമാകുന്ന അണ്ഡം,അഖിലാണ്ഡം,അണ്ഡകടാഹം ഇതിലെല്ലാം ഉള്ള അണ്ഡങ്ങൾ,ഈ അണ്ഡശബ്ദം യാദൃശ്ചികമായി വന്നതല്ല എന്നു സ്പഷ്ടം. ബ്രഹ്മമാകുന്ന അണ്ഡം അണ്ഡത്തിൻറെ ആകൃതിയിലാണ് ഈ മഹാപ്രപഞ്ചം അതെങ്ങനെ പുരാതന ഭാരതീയനു മനസ്സിലായി.. …

“അസ്യ ബ്രഹ്മാണ്ഡസ്യ സമന്തതഃ
സ്ഥിതാനി ഏതാദൃശാനി അനന്തകോടി
ബ്രഹ്മാണ്ഡാനി സാവരാണി ജ്വലന്തി”

നമ്മൾ സ്ഥിതിചെയ്യുന്ന ഈ ബ്ഹ്മാണ്ഡത്തിനുചുറ്റും
ഇതേ പോലുള്ള അനന്തകോടി[അന്തമില്ലാത്ത കോടികൾ..എണ്ണാൻകഴിയാത്തത് എന്നർത്ഥം]
ബ്രഹ്മാണ്ഡാങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. (മഹാനാരായണോപനിഷത്ത്)

“ജഗദ്ഗുഞ്ജാ സഹസ്രാണി യഥാസംഖ്യാന്യണാവണൌ
അപരസ്പരലഗ്നാനി കാനനം ബ്രഹ്മനാമ തൽ”

അണ്ഡത്തിൻറെ ആകൃതിയിലാണ് ബ്രഹ്മം –പ്രപഞ്ചം എന്നു നാസ കണ്ടെത്തിയത് ഈ കഴിഞ്ഞ വർഷം (2015-ൽ) മാത്രമാണ്—എന്നതും ഓർക്കുക
ഇനി സൂക്ഷ്മപ്രപഞ്ചം (Microcosm) ഓരോ അണുവിലും അനന്തമായ സൂക്ഷ്മ കണങ്ങൾ പ്രപഞ്ചംപോലെ ഗുഹ്യമായി നിലനിൽക്കുന്നുവെന്നും കണ്ടെത്തിയിരുന്നു...ഇതൊന്നും പുളുവല്ല...(ഓരോ അണുവിലും ആയിരം ജഗത്തുക്കളാകുന്ന കുന്നിക്കുരുക്കൾ പരസ്പരം തൊടാതെ വർത്തിക്കുന്ന ഒരു കാനനമത്രേ ബ്രഹ്മം) ഇതെങ്ങനെ പതിനായിരം കൊല്ലങ്ങൾക്കു മുമ്പ് ഭാരത്തിലെ ഋഷികൾ കണ്ടെത്തി....അതാണ് തുരീയജ്ഞാനം...യോഗദൃഷ്ടമായ ജ്ഞാനം..

ഈ വിശ്വം സാക്ഷാൽ ബ്രഹ്മത്തിൻറെ കാണപ്പെടുന്ന ശരീരമാണെന്നും കണ്ടെത്തി (അല്ലെങ്കിൽ സങ്കല്പിച്ചു) ഈ വിശ്വരൂപനായ ബ്രഹ്മമാണ് സനാതനവിശ്വാസികളുടെ ദൈവം. ബഹുദൈവാരാധകരെന്നും ബിംബാരാധകരെന്നും സെമിറ്റൻ മതക്കാരാൽ വിശേഷിപ്പിക്കപ്പെടുന്ന സനാതനമതവിശ്വാസികളുടെ ദൈവസങ്കല്പത്തെക്കുറിച്ചും അവരുടെ ജ്ഞാനാർജ്ജനമാർഗ്ഗത്തെക്കുറിച്ചുമാണിവിടെ വിവരിച്ചത്. ..

കടപ്പാട്  ഗുരുപരമ്പരയോട്

അദ്വൈതം

ആധുനീക ഹിന്ദുമതത്തിലെ ഈശ്വര സങ്കല്‍പ്പങ്ങള്‍ എല്ലാം തന്നെ അതിന്‍റെ മൂന്ന് ചിന്താ ധാരകളെ ആശ്രയിച്ച് നില്‍ക്കുന്നു

ദ്വൈതം
അദ്വൈതം
വിശിഷ്ടാദ്വൈതം

ഇവയാണ് ആ ചിന്താ ധാരകള്‍. ഇത് മൂനും പരമാത്മാ-ജീവാത്മാ ബന്ധം എങ്ങനെയാണ് എന്നത് വിവരിക്കാനാണ്‌ ശ്രമിക്കുന്നത്. ഈ മൂന്ന് ചിന്തകള്‍ക്കും പരമാത്മാവ്‌ എന്ന ഒന്നുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. വേദ/ഉപനിഷത്ത് വ്യാഖ്യാനങ്ങളിലൂടെ ഇവയുടെ വ്യാഖ്യാതാക്കള്‍ കാലങ്ങളായി തങ്ങളുടെ വാദം മുന്നോട്ടു വയ്ക്കുന്നുണ്ട്. പക്ഷെ ഏറ്റവും അംഗീകരിക്കപ്പെട്ടതും ഉപനിഷത്ത് ദര്‍ശനങ്ങള്‍ക്ക് ഏറ്റവും യോജിക്കുന്നതും അദ്വൈതമാണ്.

ദ്വൈതം
പരമാത്മാവും പരമാത്മാവിനാല്‍ സൃഷ്ടിക്കപ്പെടുന്ന ജീവാത്മാക്കളും   വ്യത്യസ്ഥ അസ്ഥിത്വങ്ങള്‍ ആയി നിലനില്‍ക്കുന്നു എന്നും കാലാന്തരത്തില്‍ ജീവാത്മാവ്  ആത്മസാക്ഷാത്കാരം സിദ്ധിച്ച് പരമാത്മാവില്‍ ലയിക്കുന്നു എന്നും ഈ സിദ്ധാന്തം പറയുന്നു.

അദ്വൈതം
പരമാത്മാവ്‌ , ജീവാത്മാവ് എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ ഇല്ല. സര്‍വ്വ ചരാചരങ്ങളിലും നിറയുന്നത് പരമാത്മാവ്‌ സ്വയം ആണ്. അതിനെ മനസ്സിലാക്കുന്നില്ല എന്ന് മാത്രം. ഈ സിദ്ധാന്ത പ്രകാരം ആത്മസാക്ഷാത്കാരം എന്നത് സ്വന്തം അസ്തിത്വത്തിന്‍റെ തിരിച്ചറിവാണ്. താന്‍ സ്വയം പരമാത്മാവാണ് എന്ന് അറിയുന്നതിലൂടെ അതായി തീരുന്നു.

വിശിഷ്ടാദ്വൈതം
പരമാത്മാ-ജീവാത്മാക്കള്‍  ഒരേ സമയം ഒന്നിന്റെ തന്നെ ഭാഗമായി ഇരിക്കുകയും വ്യത്യസ്ഥമായ അസ്ഥിത്വം ഉണ്ടായിരിക്കുകയും ചെയ്യുന്നു എന്ന് ഈ സിദ്ധാന്തം പറയുന്നു.

ആധുനീക ഹിന്ദുമതത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏതൊരു ദൈവ സംബന്ധിയായ ആചാരവും ഇതില്‍ ഏതെങ്കിലും ഒന്നിനെ അടിസ്ഥാനമാക്കിയാണ് വിവരിക്കുന്നത്.

കേരളത്തില്‍ നിന്നുണ്ടായിട്ടുള്ള മഹാന്മാരായ രണ്ടു സന്യാസിമാര്‍ അദ്വൈതികള്‍ ആയിരുന്നു ശങ്കരാചാര്യരും  നാരായണഗുരുവും. ഋക്വേദത്തിന്‍റെ ആരംഭം "അഗ്നിമീളെ പുരോഹിതം" അദ്വൈത ദര്‍ശനത്തിനു നല്ല ഒരു ഉദാഹരണമാlണ്

കടപ്പാട്  ഗുരുപരമ്പരയോട്

Thursday, 6 October 2016

പ്രകൃതിയുടെ കണികകള്‍

പ്രകൃതിയുടെ കണികകള്‍

അഹംബോധത്തിലെ പരിണാമങ്ങളില്‍നിന്നുളവായ 16 ഏകകങ്ങളില്‍, മനസ്സാണ് ഏറ്റവും കര്‍മനിരതം. അതീവ കര്‍മനിരതമാകയാല്‍, അത് ഒരു വിചാരത്തില്‍ ഉറച്ചുനില്‍ക്കാതെ, അറിയാനാകാത്തവിധം, വിചാരത്തില്‍നിന്ന് വിചാരത്തിലേക്ക് ചാടിക്കൊണ്ടിരിക്കുന്നു. എങ്കിലും, അത്, ബുദ്ധിയുടെ അടിമയാണ്. ബുദ്ധിയെന്താണോ തീരുമാനിക്കുന്നത്, (ആവശ്യമെങ്കില്‍ ഭൗതികേന്ദ്രിയങ്ങള്‍ വഴി) മനസ്സ് അതു നടപ്പാക്കുന്നു. സകലേന്ദ്രിയങ്ങളുടെയും യജമാനനാണ് മനസ്സ്.

ഉപനിഷത്തുക്കളനുസരിച്ച്, മനസ്സ് ബുദ്ധിയെ ആവരണം ചെയ്യുന്നു; അതിനാല്‍, ഭൗതിക ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്ന എല്ലാ സ്പന്ദനവും ആദ്യമെത്തുക മനസ്സിലാണ്. അത്, തിരിച്ചറിവിനായി, ബുദ്ധിക്ക് വിനിമയം ചെയ്യുന്നു. തിരിച്ച്, ബുദ്ധി ഒരു കര്‍മം തീരുമാനിക്കുമ്പോള്‍, ആ തീരുമാനം അത് മനസ്സിന് വിനിമയം ചെയ്യുകയും മനസ്സ്, പ്രത്യേക ഇന്ദ്രിയങ്ങള്‍ നിര്‍വഹിക്കേണ്ട സവിശേഷ കര്‍മങ്ങളാക്കി അവയെ വികസിപ്പിക്കുകയും ചെയ്യുന്നു. ഇതിന് മനസ്സ്, മസ്തിഷ്‌കം വഴി ആ ഇന്ദ്രിയങ്ങള്‍ക്ക് സന്ദേശമയയ്ക്കുന്നു. അതിനാല്‍, മനുസ്മൃതി (2:92)യിലും ഭഗവദ്ഗീതയിലും (13:6)മനസ്സിനെ പതിനൊന്നാം ഇന്ദ്രിയമായി വിവരിക്കുന്നു.

ആവശ്യമുള്ളപ്പോള്‍, മനസ്സ് സ്വന്തം വിവേചനവും വിവേകവും പ്രയോഗിക്കും. ജ്വലിക്കുന്ന സിഗററ്റു കുറ്റിയില്‍ കാല്‍ അപ്രതീക്ഷിതമായി ചവിട്ടിയാല്‍ ഉണ്ടാകുന്ന പ്രതിസ്പന്ദം മനസ്സിലെത്തിയാല്‍, അത് പ്രതിവിധിക്ക് ബുദ്ധിയുടെ തീരുമാനത്തിന് കാക്കാറില്ല. അപകട സ്പര്‍ശത്തില്‍നിന്ന് ഉടന്‍ കാലെടുക്കാന്‍ മനസ്സുണര്‍ന്ന് നിര്‍ദ്ദേശിക്കുന്നു. ഒരിളക്കത്തോടെ കാല്‍വലിക്കുന്നു. തുടര്‍ന്ന് വിവരം ബുദ്ധിയെ അറിയിക്കുന്നു. മനസ്സിലെത്തുന്ന സ്പന്ദനങ്ങള്‍ അപ്പോള്‍തന്നെ ബുദ്ധിയിലെത്തുകയും ബുദ്ധി അത് സംബന്ധിച്ച തീരുമാനമെടുക്കുകയുമാണ് പതിവ്. എന്നാല്‍, ഇക്കാര്യത്തില്‍ ബുദ്ധി അറിയാതെ, മനസ്സ് തീരുമാനമെടുത്തു. പതിവില്‍നിന്നുള്ള ഈ വ്യതിയാനമാണ്, കാല്‍വലിച്ചപ്പോള്‍ ഇളക്കമായത്. ഈ സംഭവം മനസ്സിന്റെ വിവേചന, വിവേക പ്രവൃത്തിയെ കാണിക്കുന്നു. ശരീരസംവിധാനത്തില്‍ മനസ്സിന് സ്വതന്ത്ര പ്രതിനിധിയായി പ്രവൃത്തിക്കാമെന്ന് ഇത് കാട്ടുന്നു.

സ്‌നേഹം, വിദ്വേഷം, പക, പേടി തുടങ്ങിയ വികാരങ്ങളുടെ ഇരിപ്പിടവും ഉറവിടവുമാണ് മനസ്സ്. അകാരണമായി ഒരാള്‍ക്ക് അപരനോട് വെറുപ്പുതോന്നാം; അരയോളം വെള്ളമേയുള്ളൂ എന്ന് സുഹൃത്ത് കാട്ടിക്കൊടുത്താലും, കുളത്തിലോ പുഴയിലോ ഇറങ്ങാന്‍ ഭയപ്പെട്ടു എന്നുവരാം. ഇത്തരം അകാരണ വികാരങ്ങള്‍ മുജ്ജന്മ അനുഭവങ്ങളില്‍നിന്നുള്ള പ്രതികരണങ്ങളായേ പറ്റൂ. മുജ്ജന്മ മരണശേഷവും ഇത്തരം വികാരങ്ങള്‍ നിലനില്‍ക്കുന്നത്, മസ്തിഷ്‌കത്തോടൊപ്പം മരിക്കാതെ മനസ്സ്, ആത്മാവിനോട് പറ്റിച്ചേര്‍ന്നു എന്നാണ്. ഡോ. മൂഡിയോട്, പുനര്‍ജീവിച്ച രോഗികള്‍ പങ്കിട്ട അനുഭവങ്ങളിലും, ശരീരം മരിച്ചശേഷവും മനസ്സ് വികാരങ്ങള്‍ അറിയുന്നതിന്റെ വിവരണങ്ങളുണ്ട്. ശരീര മസ്തിഷ്‌കത്തിലല്ല, ആത്മ-സൂക്ഷ്മ ശരീര സംയുക്തതത്തിലാണ് മനസിന്റെ സ്ഥാനം. ആത്മാവിന്റെ സൂക്ഷ്മ ശരീരത്തിന്റെ ഭാഗമാണ്, അത്.

4. സൂക്ഷ്‌മേന്ദ്രിയങ്ങള്‍
സൂക്ഷ്മശരീരത്തില്‍ ഉണ്ടായിരുന്ന ഇന്ദ്രിയങ്ങളുടെ അവശിഷ്ടങ്ങളാണ് സൂക്ഷ്‌മേന്ദ്രിയങ്ങള്‍. അവ യഥാര്‍ത്ഥത്തില്‍ ഏകകങ്ങളാണെങ്കിലും, അവയെ ഇന്ദ്രിയങ്ങള്‍ എന്നുവിളിക്കുന്നു. കാരണം, അവ ഭൗതികശരീരത്തില്‍ ഭൗതികേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുംപോലെ, സൂക്ഷ്മശരീരത്തില്‍ ഏതാണ്ട് പ്രവര്‍ത്തിക്കുന്നു. ‘സൂക്ഷ്മം’ എന്നാല്‍, പദാര്‍ത്ഥരഹിതം (മനസ്സുപോലെ). ബ്രഹ്മന്‍ അനുഭൂതികള്‍ക്കും അവവഴി കര്‍മങ്ങള്‍ക്കും ആഗ്രഹിച്ചപ്പോള്‍ ഇവ പ്രകൃതിയില്‍ ഉണ്ടായി എന്നാണ് അനുമാനം (സ്വപ്‌നങ്ങളുമായി സാമ്യം, അധ്യായം 12).
പ്രാക് പഞ്ചീകരണഘട്ടത്തില്‍ ബ്രഹ്മന്‍ വസ്തുക്കള്‍ കാണാന്‍ അഭിലഷിച്ചപ്പോള്‍, ആ അഭിലാഷം അഹംബോധത്തില്‍ പ്രതിഫലിച്ച്, അഹംബോധത്തിന്റെ ഒരു ഭാഗം കണ്ണിന്റെ സൂക്ഷ്‌മേന്ദ്രിയമായി; ശബ്ദം കേള്‍ക്കാന്‍ അഭിലഷിച്ചപ്പോള്‍, മറ്റൊരു ഭാഗത്തിലെ പരിണാമത്താല്‍, കാതിന്റെ സൂക്ഷ്‌മേന്ദ്രിയമായി; എടുക്കാനും പിടിക്കാനും ആഗ്രഹിച്ചപ്പോള്‍, വേറൊരുഭാഗം ഹസ്തത്തിന്റെ സൂക്ഷ്‌മേന്ദ്രിയമായി. താല്‍പര്യങ്ങള്‍ ആഗ്രഹിച്ചപ്പോള്‍, പരിണാമത്താല്‍ സംസാരത്തിന്റെ സൂക്ഷ്‌മേന്ദ്രിയമായി. അങ്ങനെ അങ്ങനെ. അനുഭൂതിയുടെ അഞ്ചിന്ദ്രിയങ്ങളും അഞ്ചു കര്‍മേന്ദ്രിയങ്ങളും ഇങ്ങനെയുണ്ടായി.

ശരീരത്തിനകത്ത് സൂക്ഷ്‌മേന്ദ്രിയങ്ങളുടെ സാന്നിദ്ധ്യം, സ്വപ്‌നങ്ങളുടെ അനുഭവങ്ങളില്‍നിന്ന് തെളിയുന്നു. സ്വപ്‌നത്തില്‍ നാം വ്യക്തികളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും കാണുകയും അറിയുകയും ചെയ്യുന്നു; നാം സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. നാം മന്ദിരങ്ങളിലൂടെയും പൂന്തോപ്പുകളിലൂടെയും നടക്കുന്നു. കാഴ്ച, കേള്‍വി, സംസാരം, നടത്തം എന്നിവയ്‌ക്കെല്ലാം അവയവങ്ങളുടെ സഹായം വേണം. സ്വപ്‌നത്തില്‍, ശരീരാവയവങ്ങളില്‍ നിന്നല്ല ഇവ വരുന്നതെങ്കില്‍, നമ്മുടെ ശരീര സംവിധാനത്തില്‍, മറ്റിന്ദ്രിയങ്ങള്‍ ഉണ്ടാകണം. അവ അദൃശ്യമായതിനാല്‍, മനസ്സും ബുദ്ധിയുംപോലെ, പദാര്‍ത്ഥരഹിതമാണ്. അവയാണ് സൂക്ഷ്‌മേന്ദ്രിയങ്ങള്‍.

ഉണര്‍ന്നിരിക്കേ ഭൗതികേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുന്ന അനുഭൂതികളും കര്‍മങ്ങളും സ്വപ്‌നത്തിലും അനുഭവിക്കുന്നതിനാല്‍, ശരീരേന്ദ്രിയങ്ങള്‍ക്ക് സമാനമായ സൂക്ഷ്‌മേന്ദ്രിയങ്ങള്‍ ഉണ്ടായിരിക്കണം. മറ്റുവിധത്തില്‍, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ക്ക് കാരണമായ പദാര്‍ത്ഥരഹിതരൂപം, ഒരു പൂര്‍ണശരീരരൂപം പോലിരിക്കണം. പുനര്‍ജീവിച്ച രോഗികള്‍, തങ്ങള്‍ ജഡമായിരിക്കേ, പൂര്‍ണശരീരരൂപമുണ്ടായിരുന്നു എന്നവകാശപ്പെട്ടതായി ഡോ.മൂഡി ലൈഫ് ആഫ്റ്റര്‍ ലൈഫ് ല്‍ രേഖപ്പെടുത്തുന്നു (35, 50). കര്‍മങ്ങള്‍ അഭിലഷിക്കുമ്പോള്‍ മാത്രം ഒരു ഗോള സൂക്ഷ്മ രൂപത്തില്‍നിന്ന് ഇന്ദ്രിയങ്ങള്‍ പുറത്തേക്ക് നീളുകയും അത് കഴിയുമ്പോള്‍ പിന്‍വലിക്കുകയുമാണെന്ന് ആ പുസ്തകം (102) പറയുന്നു. ജഡാത്മാവ്, തന്റെ ജഡം ആശുപത്രിക്കിടക്കയില്‍ കണ്ടുവെന്നും, തകര്‍ന്ന കാറിന്റെ സ്റ്റിയറിങ് വീലിനടിയില്‍ ചതഞ്ഞുകിടന്നത് കണ്ടുവെന്നും, നഴ്‌സിനോട് ഡോക്ടര്‍ ജീവോദ്ദീപക യന്ത്രം pounding machine) കൊണ്ടുവരാന്‍ പറഞ്ഞതു കേട്ടുവെന്നും പറയുമ്പോള്‍, സൂക്ഷ്മനേത്രവും സൂക്ഷ്മകര്‍ണവും ജഡാത്മാവിന്റെ സൂക്ഷ്മശരീരത്തില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെടുന്നു.

പ്രകൃതിയിലുണ്ടാകുന്ന കരണങ്ങളില്‍ അവസാനത്തേതാണ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍. ബുദ്ധി, അഹംബോധം, മനസ്സ് എന്നിങ്ങനെ അതിന് മുന്‍പുണ്ടായവ, ഏറ്റവും കൂര്‍മതയുള്ളവയായിരുന്നു; അവ കര്‍മങ്ങളില്‍ വിവേചനവും വിവേകവും കാട്ടി. സൂക്ഷ്‌മേന്ദ്രിയങ്ങള്‍ അര്‍ധകൂര്‍മങ്ങളാണ്; അവയ്ക്ക് വിവേക, വിവേചനങ്ങളില്ല. അവ സ്വന്തം വിവേചനമനുസരിച്ച് കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നില്ല. മസ്തിഷ്‌കത്തിനും മനസ്സിനുമിടയിലെ മധ്യസ്ഥരാണ്, അവ. മസ്തിഷ്‌കത്തില്‍നിന്ന് അവ ഭൗതികേന്ദ്രിയങ്ങളില്‍നിന്നുള്ള അനുഭൂതി സന്ദേശങ്ങള്‍ സ്വീകരിച്ച്, മനസ്സിന് കൈമാറുന്നു. മനസ്സില്‍നിന്ന് കര്‍മപ്രചോദനങ്ങള്‍ സ്വീകരിച്ച് മസ്തിഷ്‌കത്തിന്റെ ബന്ധപ്പെട്ട കേന്ദ്രത്തിലെത്തിക്കുന്നു. അവിടന്ന് ഭൗതികതലത്തില്‍, ഭൗതികാവയവങ്ങളിലേക്ക് അവയെത്തുന്നു. ഭൗതികസ്പന്ദനങ്ങളും ശരീരകര്‍മങ്ങളും സൂക്ഷ്‌മേന്ദ്രിയങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, ആ പ്രതിഫലനങ്ങള്‍, സൂക്ഷ്‌മേന്ദ്രിയങ്ങളില്‍ സമാന്തര സ്പന്ദനങ്ങളും കര്‍മങ്ങളും ആകുന്നു; ജന്മാന്തര സ്പന്ദനങ്ങളാണ്, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവ തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യുന്നത്

കടപ്പാട് ഗുരുപാരമ്പരയോട്

ധാര്‍മ്മിക പാരമ്പര്യത്തില്‍ പെടുന്ന മതങ്ങള്‍

ധാര്‍മ്മിക പാരമ്പര്യത്തില്‍ പെടുന്ന മതങ്ങള്‍ (ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം) അബ്രഹാമിക് മതങ്ങളില്‍ നിന്നു വ്യത്യസ്തമാകുന്നത് ഇവിടെയാണ്. ഇരുവിഭാഗങ്ങളുടേയും മാര്‍ഗവും ലക്ഷ്യവും വെവ്വേറെയാണ്. എബ്രഹാമിക് മതങ്ങള്‍ ‘ചരിത്രകേന്ദ്രിതം’ ആണെങ്കില്‍ ധാര്‍മ്മിക പാരമ്പര്യത്തിലെ മതങ്ങള്‍ക്കു അങ്ങനെയൊരു ബാധ്യതയില്ല. അവര്‍ കൂടുതല്‍ സ്വതന്ത്രരാണ്. ധാര്‍മ്മിക ധാരയില്‍ ഓരോ മോക്ഷാര്‍ത്ഥിക്കും സ്വന്തം പ്രജ്ഞയെ ആത്മീയോന്നതിയിലേക്കു ഉയര്‍ത്താന്‍ സ്വയമേവ ശ്രമിക്കാം. അതും ഈ ജന്മത്തില്‍ തന്നെ. ധാര്‍മിക മതങ്ങളില്‍ ചരിത്രം മാത്രമല്ല, ‘പാപവും’ ഒരു ബാധ്യതയായി വരുന്നില്ല. ആദിപാപം പോലുള്ള ‘ചരിത്രസംഭവങ്ങള്‍’ അവിടെയില്ല. ‘Journal of Inter-Religious Dialogue’-ന്റെ സഹ പത്രാധിപനായ ജോഷ്വ സ്റ്റാന്റനുമായി, ഞാന്‍ നടത്തിയ ഒരു രസകരമായ സംവാദത്തിലെ വിഷയങ്ങളിലൊന്ന് ഇതായിരുന്നു.

അബ്രഹാമിക് മതങ്ങളില്‍ ഒരു വിശ്വാസിക്കു നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചരിത്രബോധം, ധാര്‍മിക ധാരയിലുള്ള മതവിശ്വാസിക്കു ആവശ്യമില്ല. വേണമെങ്കില്‍ ലളിതമായ ഒരു ചരിത്രപരിചയം ആകാമെന്നേ അതില്‍ പറയുന്നുള്ളൂ. മോക്ഷാര്‍ത്ഥി ഭൂതകാലത്തിന്റെ കെട്ടുപാടില്ലാതെ സ്വപ്രയത്‌നത്താല്‍ പരമാര്‍ത്ഥസത്യത്തെ സാക്ഷാത്കരിക്കുകയാണ് ധാര്‍മിക പാരമ്പര്യത്തില്‍ നിലനില്‍ക്കുന്ന രീതി. ചരിത്ര ബാധ്യതയില്ലാത്ത, നേരിട്ടു പരമാര്‍ത്ഥസത്യത്തെ പ്രാപിക്കാന്‍ സഹായിക്കുന്ന ഈ മോക്ഷമാര്‍ഗത്തെ, ധാര്‍മ്മിക ധാരയിലുള്ള എല്ലാ മതങ്ങളും അംഗീകരിക്കുന്നു. മാത്രമല്ല കര്‍ക്കശ ശിക്ഷണത്താല്‍ മോക്ഷം നേടുന്ന ഈ രീതി ലോകത്തിലുള്ള ഏവര്‍ക്കും അവലംബിക്കാവുന്നതുമാണ്. ഇതില്‍ വിശ്വസിക്കാത്തവര്‍ക്കു പോലും മോക്ഷപ്രാപ്തിക്കു ശേഷിയുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം.

ധാര്‍മ്മിക സമ്പ്രദായങ്ങളില്‍ നിന്നു വ്യത്യസ്തമായി, ദൈവവുമായി തദാമ്യം പ്രാപിക്കാന്‍ സെമിറ്റിക് മതവിശ്വാസിക്കു കഴിയില്ല. ‘ദൈവത്തോടു കൂടിച്ചേരുക’ എന്ന തത്ത്വം തന്നെ അബ്രഹാമിക് മതങ്ങളില്‍ ഇല്ല. പാപമോചനം മാത്രമേ അവിടെ ലഭിക്കൂ. അതിനു, ചരിത്രസംഭവങ്ങളിലൂടെയും പ്രവാചകര്‍ വഴിയും വെളിപ്പെട്ടിട്ടുള്ള ദൈവേച്ഛ അനുസരിച്ച് ജീവിക്കണം.

അബ്രഹാമിക് മതങ്ങള്‍ ചരിത്രത്തിനു നല്‍കുന്ന പരമപ്രാധാന്യം, വിശ്വാസികളുടെ വ്യക്തിഗതമായ ആത്മീയാന്വേഷണങ്ങള്‍ക്കു പ്രതിബന്ധം തീര്‍ക്കുന്നു. (അതുകൊണ്ടു തന്നെ, മിസ്റ്റിക് ആയ വ്യക്തികളെ ഈ മതങ്ങള്‍ സംശയത്തോടെയാണ് വീക്ഷിക്കാറുള്ളത്). ചരിത്രത്തിന്റെ ഇടപെടല്‍ മൂലം, സെമിറ്റിക് മതങ്ങളുടെ വിശ്വാസികള്‍ തമ്മില്‍, ദൈവികസത്യത്തെക്കുറിച്ച് ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ക്കു പരിഹാരവും സാധ്യമല്ല. ഒരു വിഭാഗം വിശ്വാസികളുടെ ചരിത്രവീക്ഷണം മറുവിഭാഗത്തിനു മാറ്റിമറിക്കാനാകില്ല. കൂടാതെ, സെമിറ്റിക് മതവിശ്വാസപ്രകാരം ചരിത്രപരമായ ദൈവിക വെളിപാടുകള്‍ ലഭിച്ചിട്ടില്ലാത്ത ജനവിഭാഗങ്ങള്‍ അന്ധകാരത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണ്. അവര്‍ക്കു ദൈവവുമായി ഒരു ബന്ധവും സാധ്യമല്ല. അവിശ്വാസികളും ദൈവവും തമ്മിലുള്ള ബന്ധം നിര്‍വചിക്കപ്പെട്ടിട്ടുള്ളത് അങ്ങനെയാണ്. മതവിശ്വാസത്തില്‍ ചരിത്രത്തിനുള്ള നിര്‍ണായപങ്കാണ് അബ്രഹാമിക് മതങ്ങളും (ക്രിസ്തുമതം, ജൂതമതം, ഇസ്ലാംമതം) ധാര്‍മ്മിക പാരമ്പര്യത്തിലുള്ള മതങ്ങളും (പ്രത്യേകിച്ചും ഹിന്ദുമതം, ബുദ്ധമതം) തമ്മിലുള്ള പ്രധാന വ്യത്യാസം.

ധാര്‍മ്മിക മതങ്ങള്‍ വിഭാവനം ചെയ്ത മോക്ഷം പ്രാപിക്കാന്‍, ഏതെങ്കിലും വിധമുള്ള ചരിത്രജ്ഞാനം മോക്ഷാര്‍ത്ഥി സ്വായത്തമാക്കേണ്ടതില്ല. ചരിത്രജ്ഞാനം നേടിയതുകൊണ്ട് മാത്രം, ആരും മോക്ഷനില പ്രാപിക്കുന്നുമില്ല. മോക്ഷപ്രാപ്തിയെ ചരിത്രത്തില്‍ നിന്നു പൂര്‍ണമായും ഒഴിച്ചു നിര്‍ത്തിയിരിക്കുകായാണ് ഇവിടെ. സഹസ്രാബ്ദങ്ങളായി ധാര്‍മ്മിക മതങ്ങള്‍ വളര്‍ന്നു വികാസം പ്രാപിച്ചത് ഇപ്രകാരമാണ്. ആത്മസാക്ഷാത്കാരം നേടിയ ഗുരുപരമ്പരകള്‍ പകര്‍ന്നു നല്‍കിയ ആര്‍ഷജ്ഞാനമാണ് ധാര്‍മ്മിക മതങ്ങളുടെ അടിത്തറ. ധ്യാനമാര്‍ഗം അതില്‍ സവിശേഷമാണ്. ആത്മാവിന്റെ സ്വതസിദ്ധമായ മുക്താവസ്ഥയെ മറച്ചുപിടിക്കുന്ന അജ്ഞാനം ദൂരീകരിച്ച്, ആത്മസാക്ഷാത്കാരം നേടാന്‍ ധ്യാനം സഹായകമാണ്. ചരിത്രബോധത്തിനൊന്നും അവിടെ യാതൊരു പ്രസക്തിയുമില്ല. ചരിത്രസംബന്ധിയായ എല്ലാ ഗ്രന്ഥങ്ങളും സ്മരണകളും നഷ്ടപ്പെട്ടാലും, പുണ്യസ്ഥലങ്ങള്‍ അശുദ്ധമാക്കപ്പെട്ടാലും ധാര്‍മ്മിക പാരമ്പര്യത്തിനു കോട്ടം സംഭവിക്കില്ല; ആത്മീയ മാര്‍ഗത്തിലൂടെ മോക്ഷപ്രാപ്തിക്കു ഉതകുന്നതെല്ലാം തിരിച്ചുപിടിക്കാവുന്നതാണ്.

കടപ്പാട് ഗുരു പാരമ്പരയോട് ...