Monday, 12 June 2017

ഭഗവദ്ഗീത (Part-42)

ഭഗവദ്ഗീത
അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 1

ശ്രീ ഭഗവാന് ഉവാച:

മയ്യാസക്തമനാഃ പാര്ത്ഥ!
യോഗം യുഞ്ജന്മദാശ്രയഃ
അസംശയം സമഗ്രം മാം
യഥാ ജ്ഞാസ്യസി തച്ഛൃണു.

ഹേ അര്ജ്ജുനാ, എന്നില് ആസക്തചിത്തനായി, എന്നെത്തന്നെ ആശ്രയിച്ച് യോഗം ശീലിക്കുന്നതായാല് എപ്രകാരം എന്നെ പൂര്ണ്ണായി സംശയംകൂടാതെ നീ അറിയുമോ അതിനെ കേട്ടുകൊള്ളുക.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 2

ജ്ഞാനം തേഽഹം സവിജ്ഞാനം
ഇദം വക്ഷ്യാമ്യശേഷതഃ
യജ് ജ്ഞാത്വാ നേഹ ഭൂയോഽനൃത്
ജ്ഞാതവ്യമവശിഷ്യതേ.

ഏതൊന്നറിഞ്ഞുകഴിഞ്ഞാല് പിന്നെ ഇവിടെ വേറൊന്നും അറിയേണ്ടതായി ശേഷിക്കുന്നില്ലയോ, ഈ ജ്ഞാനത്തെ അനുഭവ ജ്ഞാനസഹിതം പൂര്ണ്ണമായിട്ട് ഞാന് നിനക്കുപദേശിച്ചുതരാം.

ഭഗവാന് കൃഷ്ണന് അര്ജ്ജുനനോടു പറഞ്ഞു:

അല്ലയോ പാര്ത്ഥ, നീ യോഗജ്ഞാനംകൊണ്ടു സമ്പന്നനായിരിക്കുന്നു. ഇപ്പോള് നിനക്ക് എല്ലാ സിദ്ധാന്തപരമായ അറിവിനെ (ജ്ഞാനം)പ്പറ്റിയും അനുഭവജ്ഞാനത്തെ (വിജ്ഞാനം)പ്പറ്റിയും ഞാന് ഉപദേശിക്കാം. തന്മൂലം നിന്റെ കരതലത്തിലിരിക്കുന്ന ഒരു രത്നംപോലെ നിനക്ക് എന്നെ അറിയാന് കഴിയും. അനുഭവജ്ഞാനം അഥവാ പ്രാപഞ്ചികജ്ഞാനം ഉണ്ടായിരിക്കേണ്ടത് എന്തിനാണെന്നു നിനക്കു സംശയം തോന്നാം. എന്നാല് അതിന്റെ ആവശ്യകത എന്താണെന്നു നീ അറിഞ്ഞിരിക്കണം. കരയ്ക്കു കെട്ടിയിടപ്പെട്ട ഒരു വള്ളം നിശ്ചലമായി നില്ക്കുന്നതുപോലെ, പരമാര്ത്ഥജ്ഞാനം ഉണ്ടാകുമ്പോള് ബുദ്ധിയുടെ കണ്ണുകള് അടയുന്നു. ബുദ്ധിക്കു പ്രവേശനം ലഭിക്കാത്തതും ചിന്ത പിന്വാങ്ങുന്നതും യുക്തിക്കുതുളച്ചുകയറാന് കഴിയാത്തതുമായ അവസ്ഥയാണു പരമാര്ത്ഥജ്ഞാനംകൊണ്ടു ലഭിക്കുന്നത്. അത് പരമാര്ത്ഥജ്ഞാനത്തില്നിന്നും തികച്ചും വ്യത്യസ്തമാണ്. പ്രപഞ്ചം മുഴുവനും സത്യമാണെന്നുള്ള വിശ്വാസം അജ്ഞാനമാണ്. ജ്ഞാനം, വിജ്ഞാനം, അജ്ഞാനം എന്നീ മൂന്നിനേയും തമ്മില് തിരിച്ചറിയാന് കഴിയണം. പരമാര്ത്ഥജ്ഞാനം അജ്ഞാനത്തെ അകറ്റുകയും വിജ്ഞാനത്തെ വെന്തരിച്ചു കരിക്കട്ടയാക്കുകയും ചെയ്യുന്നു. അത് ആത്മാവിനെപ്പറ്റി അറിയുന്നതിന് ഒരുവനെ സഹായിക്കുന്നു. ആ അവസ്ഥയിലെത്തുമ്പോള് വ്യാഖ്യാതാവ് അതേപ്പറ്റിയുള്ള എല്ലാ പ്രതിപാദനവും അവസാനിപ്പിക്കുന്നു. ഈ പരമാര്ത്ഥജ്ഞാനം എന്തെന്നു ഞാന് വിശദീകരിക്കാം. അതേപ്പറ്റി അല്പമെങ്കിലും അറിയാന് കഴിഞ്ഞാല് നിന്റെ മനസ്സിനു വളരെ സമാധാനം ലഭിക്കും.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 3

മനുഷ്യാണാം സഹസ്രേഷു
കശ്ചിദ് യതതി സിദ്ധയേ
യതതാമപി സിദ്ധാനാം
കശ്ചിന്മാം വേത്തി തത്ത്വതഃ

അനേകം മനുഷ്യരുടെ ഇടയില് കഷ്ടിച്ച് ഒരുവന് പൂര്വപുണ്യവശാല് ആത്മജ്ഞാനസിദ്ധികൊണ്ട് പ്രയത്നം ചെയ്യുന്നു. അവരുടെ ഇടയില്ത്തന്നെ കഷ്ടിച്ച് ഒരുവന് പരമാത്മാവായിരിക്കുന്ന എന്നെ (മല്പ്രസാദംകൊണ്ട്) പരമാര്ത്ഥമായി അറിയുന്നു.

യഥാര്ത്ഥത്തില് വളരെ കുറച്ച് ആളുകള് മാത്രമേ പരമാര്ത്ഥജ്ഞാനം ആഗ്രഹിക്കാറുള്ളൂ. അവരില് വിരളമായിട്ട് ഒരുവനുമാത്രമേ എന്നെ അറിയാന് കഴിയുന്നുള്ളൂ. ശൗര്യവും പരാക്രമവുമുള്ള വ്യക്തികളെ തിരഞ്ഞെടുത്താണ് ലക്ഷത്തോളം പേര് വരുന്ന സൈന്യത്തെ സംഘടിപ്പിക്കുന്നത്. എന്നാല് അവരില് ഒരുവന് മാത്രമേ വിജയലക്ഷ്മിയുടെ സിംഹാസനത്തില് ഇരിക്കുന്നതിന് ഇടയാവുന്നുള്ളൂ. മറ്റുള്ളവരെല്ലാം ആയുധങ്ങള്ക്ക് ആഹാരമായിത്തീരുന്നു. അതുപോലെ ആത്മജ്ഞാനത്തിന്റെ പെരുവെള്ളത്തിലേക്ക് എടുത്തുചാടുന്ന അനവധിയാളുകളില് അപൂര്വ്വമായി ചിലര്മാത്രമേ മറുകരയെത്തുന്നുള്ളൂ. ഈ ജ്ഞാനം സാധാരണമായിട്ടുള്ളതല്ല. ഇതേപ്പറ്റി ഞാന് പിന്നാലെ വിശദീകരിക്കാം. ഇപ്പോള് വിജ്ഞാനത്തെപ്പറ്റി, പ്രാപഞ്ചിക ജ്ഞാനത്തെപ്പറ്റി, ഞാന് നിന്നോടു പറയാം.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 4

ഭൂമിരാപോഽനലോ വായുഃ
ഖം മനോ ബുദ്ധിരേവ ച
അഹങ്കാരമിതീയം മേ
ഭിന്നാ പ്രകൃതിരഷ്ടധാ

എന്റെ പ്രകൃതി (മായയെന്ന ഈ ശക്തി) തന്നെ ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എട്ടുവിധമായി വേര്തിരിഞ്ഞിരിക്കുന്നു.

അല്ലയോ പാര്ത്ഥ, ശ്രദ്ധിക്കുക പ്രതിബിംബങ്ങള് നമ്മുടെ ശരീരത്തിന്റെ തന്നെ നിഴലുകള് ആയിരിക്കുന്നതുപോലെ, മൂലതത്വത്തിനാധാരമായ വസ്തു എന്റെ പ്രതിച്ഛായയായ മായ എന്ന ശക്തിയാണ്. അതിനു പ്രകൃതി എന്നുപറയുന്നു. അതിന് എട്ടു ഭാഗങ്ങളാണുള്ളത്. ജഗത്രയം അതില് നിന്നുത്ഭവിക്കുന്നു. ഈ എട്ടുവിഭാഗങ്ങള് ഏതൊക്കെയാണെന്നു നിനക്കറിയണമെങ്കില് പറയാം കേട്ടോളു. ഭൂമി, ജലം, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവയാണ് അവ.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 5

അപരേയമിതസ്ത്വന്യാം
പ്രകൃതിം വിദ്ധി മേ പരാം
ജീവഭൂതാം മഹാബാഹോ!
യയേദം ധാര്യതേ ജഗത്.

അല്ലയോ മഹാബാഹോ! മേല് എട്ടുവിധമായി വിഭാഗിക്കപ്പെട്ട ഈ പ്രകൃതി അപരാ പ്രകൃതിയാണ്. എന്നാല് ഇതില് നിന്നു ഭിന്നമായും ജീവസ്വരൂപമായും ഈ ജഗത്തിനെ ധരിച്ചുകൊണ്ടിരിക്കുന്നതുമായ എന്റെ പ്രകൃതിയെ പരാ പ്രകൃതി എന്ന് അറിഞ്ഞാലും.

ഈ എട്ടു വിഭാഗങ്ങളുടെ സമതുലിതാവസ്ഥയാണ് എന്റെ ഉത്കൃഷ്ടപ്രകൃതി (പരാപ്രകൃതി). അതിനെ ജീവനെന്നു പറയുന്നു. അത് അചേതനമായ വസ്തുക്കള്ക്കു ജീവന് നല്കുകയും ജീവജാലങ്ങളെ ചിരിപ്പിക്കുകയും ചെയ്യുന്നു. മനസ്സ് ദുഃഖവും വിഭ്രാന്തിയും അനുഭവിക്കുന്നതിന് അത് കാരണമായിത്തീരുന്നു. ബുദ്ധിക്കു ബോധനശക്തി ഉണ്ടാക്കിക്കൊടുക്കുന്നതു മായയുമായിട്ടുള്ള അതിന്റെ സംസര്ഗ്ഗംകൊണ്ടാണ്. അതില്നിന്ന് ഉത്ഭുതമാകുന്ന അഹന്തയുടെ വൈഭവം ലോകത്തെ നിലനിര്ത്തുകയും പ്രവര്ത്തിപ്പിക്കുകയും ചെയ്യുന്നു.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 6

ഏതദ്യോനീനി ഭൂതാനി
സര്വ്വാണീത്യുപധാരയ
അഹം കൃത്സ്നസ്യ ജഗതഃ
പ്രഭവഃ പ്രളയസ്തഥാ.

സ്ഥാവരജംഗമാത്മകങ്ങളായിരിക്കുന്ന എല്ലാ പ്രപഞ്ചഘടകങ്ങളും ഈ രണ്ടുവക പ്രകൃതികളും കൂടിക്കലര്ന്ന് ഉണ്ടായവയാകുന്നു. ഈ രണ്ടു പ്രകൃതികള് മൂലമായി സര്വ്വജ്ഞനായും ഈശ്വരനായുമിരിക്കുന്ന ഞാന് സകല ജഗത്തിന്റേയും ഉത്ഭവസ്ഥാനവും ലയസ്ഥാനവും ആണെന്നറിഞ്ഞാലും.

സൂഷ്മപ്രകൃതി സ്ഥൂലപ്രകൃതിയുമായി സംയോജിക്കുമ്പോള് സൃഷ്ടിക്കപ്പെടുന്ന വസ്തുക്കള് അനന്തമാണ്. അങ്ങനെയാണ് നാല് ഇനത്തില്പ്പെട്ട ജീവജാലങ്ങള് ഭൂമിയിലുണ്ടാകുന്നത്. മൂല്യത്തിന്റെ കാര്യത്തില് തല്യമാണെങ്കിലും ഈ ജീവികളൊയൊക്കെ വേര്തിരിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഈ വര്ഗ്ഗങ്ങള് മൊത്തം എണ്പത്തിനാലുലക്ഷത്തോളം വരും. കൂടാതെ പ്രധാന വര്ഗ്ഗങ്ങളുടെ ഉപവര്ഗ്ഗങ്ങളായി വേറെയും അനവധിയുണ്ട്. ഇവയെല്ലാംകൂടി വായുമണ്ഡലം നിറഞ്ഞു കവിയുന്നു. ഖജനാവില് നാണയങ്ങള് നിറയ്ക്കുന്നതുപോലെ ഉല്പത്തിയുടെ ഗര്ഭഗൃഹത്തില് ഈ ജീവജാലങ്ങള് കുമിഞ്ഞുകൂടുന്നു. ഇപ്രകാരം പ്രകൃതി പഞ്ചഭൂതങ്ങളില്നിന്ന് എണ്ണമറ്റവിധം ജീവജാലങ്ങളാകുന്ന നാണയങ്ങളെ സൃഷ്ടിക്കുന്നു. ദിവ്യമായ പ്രകൃതിക്കല്ലാതെ മറ്റാര്ക്കും അതിന്റെ എണ്ണം തിട്ടപ്പെടുത്താന് സാധ്യമല്ല. ഈ നാണയങ്ങളെ പരിശോധിച്ചശേഷം പ്രകൃതി അവയെ ഗുണീഭവിപ്പിക്കുകയും വീണ്ടും ഉരുക്കുകയും അങ്ങനെ ഓരോ വ്യക്തിയുടേയും കര്മ്മത്തിനനുസൃതമായി അവയെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അപ്പോള് അവ നന്മയുടേയും തിന്മയുടേയും സല്ക്കര്മ്മങ്ങളുടേയും ദുഷ്കര്മ്മങ്ങളുടേയും വ്യാപാരത്തില് വ്യാപരിക്കുന്നു.

ഈ അലങ്കാരം ഉപേക്ഷിച്ചിട്ടു ഞാന് നേരിട്ടു കാര്യം പറയാം. വിവിധരൂപവും നാമവുമുള്ള ഈ പ്രപഞ്ച സൃഷ്ടികളെ മുഴുവന് നിരത്തിയിരിക്കുന്നത് പ്രകൃതിയാണ്. പ്രകൃതി എന്റെ നിഴലല്ലാതെ മറ്റൊന്നുമല്ല. അങ്ങനെ ഈ പ്രപഞ്ചത്തിന്റെ ആരംഭവും മധ്യവും അവസാനവും ഞാന് തന്നെയാണെന്നറിയുക.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 7

മത്തഃ പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ
മയി സര്‍വ്വമിദം പ്രോതം
സൂത്രേ മണിഗണാ ഇവ

അല്ലയോ അര്‍ജ്ജുന, എന്നില്‍നിന്ന് അന്യമായി വേറെ ഒന്നുമില്ല. നൂല്‍ചരടില്‍ കോര്‍ത്ത രത്നങ്ങളെന്ന പോലെ ഈ കാണുന്ന പ്രപഞ്ചമെല്ലാം എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.

മരീചികയുടെ ഉത്ഭവം സൂര്യകിരണങ്ങളില്‍ നിന്നല്ലാതെ സൂര്യനില്‍നിന്നുതന്നെയാണെന്നു നാം മനസ്സിലാക്കുന്നു. അതുപോലെ മായയില്‍ നിന്നു സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചം അപ്രത്യക്ഷമാകുമ്പോള്‍ ഞാന്‍ മാത്രം നിലനില്‍ക്കുന്നുവെന്നറിയുക. അങ്ങനെ ഗോചരവും അഗോചരവുമായ എല്ലാം എന്നില്‍ അധിവസിക്കുന്നു. നൂല്‍ചരടില്‍ കോര്‍ത്ത രത്നങ്ങളെന്നപോലെ ഈ കാണുന്ന ജഗത്തെല്ലാം എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. സ്വര്‍ണ്ണചരടില്‍ കോര്‍ത്തിണക്കിയിരിക്കുന്നതുപോലെ, ഈ ലോകത്തിന്റെ അകവും പുറവും എന്നാല്‍ താങ്ങിനിര്‍ത്തപ്പെട്ടിരിക്കുന്നു.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 8 ,9

രസോഽഹമപ്സു കൗന്തേയ
പ്രഭാസ്മി ശശിസൂര്യയോഃ
പ്രണവഃസര്‍വ്വവേദേഷു
ശബ്ദഃ ഖേ പൗരുഷം നൃഷു

പുണ്യോ ഗന്ധഃ പൃഥിവ്യാം ച
തേജശ്ചാസ്മി വിഭാവസൗ
ജീവനം സര്‍വ്വഭൂതേഷു
തപശ്ചാസ്മി തപസ്വിഷു

അല്ലയോ അര്‍ജ്ജുന, വെള്ളത്തിലുള്ള രസം ഞാനാകുന്നു. സകല വേദങ്ങളിലുമുള്ള ഓങ്കാരവും ആകാശത്തിലുള്ള ശബ്ദവും പുരുഷന്മാരിലുള്ള പൗരുഷവും ഞാന്‍തന്നെയാകുന്നു.

ഭൂമിയിലുള്ള സുഗന്ധവും അഗ്നിയിലുള്ള പ്രകാശവും ഞാനാകുന്നു. അപ്രകാരംതന്നെ യാതൊരു നിമിത്തമായിട്ടാണ് സകലപ്രാണികളഉം ജീവിക്കുന്നത്, ആ പ്രാണനും തപസ്വികളിലുള്ള തപസ്സും ഞാനാകുന്നു.

ജലത്തിന്റെ രസവും വായുവിന്റെ സ്പര്‍ശവും സൂര്യചന്ദ്രന്മാരിലുള്ള പ്രകാശവും ഞാനാണെന്നറിയുക. ഭൂമിയുടെ ഗന്ധവും ആകാശത്തിലുള്ള ശബ്ദവും വേദങ്ങളിലുള്ള ഓംകാരവും ഞാനാകുന്നു. അഹങ്കാരത്തിന്റെ കാതലായി മനുഷ്യനില്‍ കാണുന്ന പൗരുഷം ഞാന്‍ തന്നെയാണെന്നു നിന്നോടു പറയട്ടെ. അഗ്നിയുടെ ആവരണം എടുത്തുമാറ്റുമ്പോള്‍ യഥാര്‍ത്ഥതേജസ്സ് ദൃശ്യമാകുന്നു. ആ തേജസ്സ് ഞാനാകുന്നു. ജഗത്തിലൊട്ടാകെ വിവിധ വര്‍ഗ്ഗങ്ങളിലായി ജീവജാലങ്ങള്‍ ജനിക്കുകയും വിവിധരീതിയില്‍ അവ നിലനില്‍ക്കുകയും ചെയ്യുന്നു. അവയുടെ സഹജമായ പ്രകൃതം അനുസരിച്ച് ചിലത് വായുവിനേയും ചിലത് പുല്ലിനേയും ചിലത് ആഹാരത്തേയും മറ്റു ചിലത് വെള്ളത്തേയും ആശ്രയിച്ചു ജീവിക്കുന്നു. ഇപ്രകാരം ഓരോ ജീവിയിലും വ്യത്യസ്തമായി കാണുന്ന ജീവിതമാര്‍ഗ്ഗം സ്വാഭാവികമാണെന്നു തോന്നുന്നുണ്ടെങ്കിലും ആ ജീവിതമാര്‍ഗ്ഗങ്ങളിലെല്ലാം ഞാന്‍ അഭിന്നമായി അധിവസിക്കുന്നു.

ഭഗവദ്ഗീതജ്ഞാനേശ്വരിഭാഷ്യം
-----------------------------------------

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 10

ബീജം മാം സര്‍വ്വഭൂതാനാം
വിദ്ധി പാര്‍ത്ഥ സനാതനം
ബുദ്ധിര്‍ബുദ്ധി മതാമസ്മി
തേജസ്തേജസ്വിനാമഹം.

ശ്ലോകം 11

ബലം ബലവതാമസ്മി
കാമരാഗവിവര്‍ജ്ജിതം
ധര്‍മ്മോവിരുദ്ധോ ഭൂതേഷു
കാമോഽസ്മി ഭരതര്‍ഷഭ

അല്ലയോ അര്‍ജ്ജുന, പരമാത്മാവായ എന്നെ സകലഭൂതങ്ങളുടേയും നിത്യമായ ആദികാരണമാണെന്നറിഞ്ഞാലും. ബുദ്ധിശാലികളുടെ സൂഷ്മബുദ്ധിയും പ്രഗത്ഭന്മാരുടെ പ്രാഗത്ഭ്യവും ഞാനാണെന്നറിഞ്ഞാലും.

അല്ലയോ ഭരതര്‍ഷഭ, ബലവാന്‍മാരുടെ കാമരാഗാദികളെ നിയന്ത്രിച്ച് സ്വധര്‍മ്മമനുഷ്ഠിക്കാനുള്ള സാമര്‍ത്ഥ്യവും ഞാനാകുന്നു. ജീവികളില്‍ ആത്മസാക്ഷാത്കാരത്തിനു തടസ്സമുണ്ടാകാത്ത വിധമുള്ള ലൗകികസുഖാഭിലാഷവും ഞാനാകുന്നു.

ഞാന്‍ ജനനവും ആരംഭവും ഇല്ലാത്ത സ്വയംജാതനും ലോകത്തിന്റെ ബീജവുമാണ്. അതിന്റെ അങ്കുരം സൃഷ്ടിസമയത്ത് അന്തമില്ലാത്ത ആകാശത്തോളം വിസ്തൃതിയില്‍ വളരുകയും ലോകാവസാനത്തില്‍ പവിത്രമായ ഓങ്കാരത്തിന്റെ അ, ഉ, മ് എന്ന മൂന്നക്ഷരങ്ങളേയും വിഴുങ്ങുകയും ചെയ്യുന്നു. പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം അത് പ്രപഞ്ചത്തിന്റെ ആകാരവും പ്രപഞ്ചം അവസാനിക്കുമ്പോള്‍ അത് നിരാകാരവും ആയിത്തീരുന്നു. ദേഹവും ദേഹിയും തമ്മിലുള്ള വിവേചനപരമായ ജ്ഞാനവുമായി ഈ അറിവിനെ യോജിക്കുമ്പോള്‍ അത്യന്തം നിഗൂഢമായ ഈ അറിവിന്റെ അര്‍ത്ഥവും മൂല്യവും നിനക്കു കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും.

ഈ സംസാരം അങ്ങനെ നില്‍ക്കട്ടെ. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ തപസ്വിയുടെ തപശ്ചര്യയും ബലവാന്‍റ ബലവും ബുദ്ധിശാലിയുടെ ബുദ്ധിയും ആകുന്നു. കര്‍ത്തവ്യ നിര്‍വ്വഹണത്തിനും ധനസമ്പാദനത്തിനുവേണ്ടി അതിമോഹത്തോടെ പ്രവര്‍ത്തിക്കുന്ന മനുഷ്യനില്‍കാണുന്ന ഇച്ഛയുടെ കാതല്‍ ഞാനാകുന്നു. കാമം സാധാരണയായി ഇന്ദ്രിയങ്ങളുടെ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിക്കുന്നു. അതു വികാരങ്ങളുടെ അടിമയുമാണ്. എന്നാല്‍ പരിശുദ്ധമായ ആഗ്രഹം കര്‍ത്തവ്യപാലനത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കുകയില്ല. ഈ കാമം അവിഹിത കര്‍മ്മങ്ങളുടെ രാജവീഥിയില്‍ക്കൂടി മുന്നോട്ടുപോകുമ്പോള്‍ ആത്മനിയന്ത്രണമാകുന്ന ദീപയഷ്ടി എപ്പോഴും അയാള്‍ക്കു പ്രകാശം നല്‍കുന്നുണ്ടായിരിക്കും. അപ്പോള്‍ അവന്‍ അവന്റെ ഐഹികകര്‍മ്മങ്ങള്‍ ശരിയായി നിര്‍വഹിക്കുന്നു. അത് അവന്റെ മോക്ഷപ്രാപ്തിക്കു സഹായകമായിത്തീരുന്നു. അങ്ങനെ പ്രാപഞ്ചിക ജീവിതം നയിക്കുന്നവര്‍ക്കും മോക്ഷം ലഭിക്കുന്നു. മേല്‍പ്രകാരം നിയന്ത്രിക്കപ്പെട്ട കാമമാണ് എല്ലാ ജീവജാലങ്ങളുടേയും ഉത്പത്തിയുടെ ഉറവിടം. ഈ കാമം ഞാനാകുന്നു. ഞാന്‍ എന്തിനാണ് ഇതെപ്പറ്റിയെല്ലാം വീണ്ടും വീണ്ടും പറയുന്നത്! ചുരുക്കിപ്പറഞ്ഞാല്‍ സമസ്തസൃഷ്ടിയും എന്നില്‍നിന്നു വിടര്‍ന്ന് വ്യാപിച്ചിട്ടുള്ളതാണെന്നറിയുക.

തുടരും
കടപാട് ഗുരുപരമ്പരയോട്

No comments:

Post a Comment