Monday, 12 June 2017

ഭഗവദ്ഗീത(Part-45)

ഭഗവദ്ഗീത

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

എല്ലാ ദേവകളിലുമുള്ള ദൈവത്വം ഞാനാണ്

ശ്ലോകം 21

യോ യോ യാം യാം തനും ഭക്തഃ
ശ്രദ്ധയാര്ച്ചിതുമിച്ഛതി
തസ്യ തസ്യാചലാം ശ്രദ്ധാം
താമേവ വിദധാമ്യഹം.

ഒരു ഭക്തന് ഏതൊരു ദേവതാശരീരത്തെയാണ് ശ്രദ്ധയോടും ഭക്തിയോടും കൂടി പൂജിക്കുവാനിച്ഛിക്കുന്നത്, ആ ദേവന്റെ ഭജനത്തില് ഭക്തനുള്ള വിശ്വാസത്തെയും ഭക്തിയേയും ഞാന് വളര്ത്തി അചഞ്ചലമായി ഉറപ്പിക്കുന്നു.

ഏതു ദേവതമാരില്നിന്നും ആനുകൂല്യങ്ങള് ആഗ്രഹിക്കുന്ന ഭക്തന്റെ ആഗ്രഹനിവൃത്തി ഉണ്ടാക്കിക്കൊടുക്കുന്നതു ഞാനാണ്. എന്നാല് അപ്രകാരമുള്ള ഭക്തന്മാര്ക്ക് അവരുടെ ഇഷ്ടദേവതകളിലെല്ലാം അടങ്ങിയിരിക്കുന്ന ദൈവത്വം ഞാനാണെന്ന വിശ്വാസമില്ല. വിവിധ ദേവതകള് ഓരോന്നും വ്യത്യസ്തങ്ങളാണെന്ന് അവര് തെറ്റിദ്ധരിച്ചിരിക്കുന്നു.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 22

സ തയാ ശ്രദ്ധയാ യുക്ത-

സ്തസ്യാരാധനമീഹതേ

ലഭതേ ച തതഃ കാമാന്

മയൈവ വിഹിതാന് ഹി താന്.

ഇഷ്ടദേവനെ ഉപാസിക്കുന്ന ഭക്തന് ദൃഢവിശ്വാസത്തോടുകൂടി തന്റെ ദേവതയെ ആരാധിക്കുന്നു. ആ ദേവതയില് നിന്ന് എന്നാല്തന്നെ നല്കപ്പെട്ട ഇഷ്ടപദാര്ത്ഥങ്ങള് അവനു ലഭിക്കുന്നു.

അചഞ്ചലമായ ദൃഢവിശ്വാസത്തോടെ അവരുടെ ആഗ്രഹങ്ങള് ഫലപ്രാപ്തിയില് എത്തുന്നതുവരെ അവര് ഇഷ്ടദേവതകളെ ഉപാസിക്കുന്നു. എന്നാല് അവര്ക്ക് ഇപ്രകാരം ലഭിക്കു്ന്ന ഫലം ഞാന്മാത്രമാണ് നല്കുന്നത്.

ഭഗവദ്ഗീതജ്ഞാനേശ്വരിഭാഷ്യം

-----------------------------------------

അദ്ധ്യായം ഏഴ് :

ശ്ലോകം 23

അന്തവത്തു ഫലം തേഷാം

തദ് ഭവത്യല്പമേധസാം

ദേവാന് ദേവയജോ യാന്തി

മദ്ഭക്താ യാന്തി മാമപി.

ഇഷ്ടദേവതമാരെ പൂജിക്കുന്ന അല്പബുദ്ധികളായ അവരുടെ ദേവതാപൂജകൊണ്ടുണ്ടാകുന്ന ഫലം നാശത്തോടുകൂടിയതാകുന്നു. ദേവന്മാരെ പൂജിക്കുന്നവര് ദേവന്മാരെ പ്രാപിക്കുന്നു. എന്നാല് എന്റെ ഭക്തന്മാര് എന്നെതന്നെ പ്രാപിക്കുന്നു.

ഇഷ്ടദേവതകളെ പൂജിക്കുന്ന ഭക്തന്മാര് എന്നെ അറിയില്ല. എന്തുകൊണ്ടെന്നാല് അവര് സങ്കുചിതമായ വീക്ഷണത്തോടുകൂടിയവരാണ്. അവര് ആഗ്രഹിക്കുന്ന ഫലം അവര്ക്ക് ലഭിക്കുന്നുണ്ടെങ്കിലും അതു നാശോന്മുഖമാണ്. എന്തിനധികം പറയുന്നു. അപ്രകാരമുള്ള ആരാധന ജനനമരണങ്ങളുടെ ആവര്ത്തനത്തിന് ഇടവരുത്തുകയേ ഉള്ളൂ. അവര്ക്കു ലഭിക്കുന്ന ആഗ്രഹനിവൃത്തിയുടെ സന്തോഷം സ്വപ്നത്തില് അനുഭവിക്കുന്ന ആനന്ദംപോലെയാണ്. ഇപ്രകാരം കണക്കിലെടുത്തില്ലെങ്കില്തന്നെയും ഒരുവന് ഏത് ദേവതയെയാണോ ആരാധിക്കുന്നത് , അവന് അതിനെമാത്രം പ്രാപിക്കുന്നു. എന്നാല് ശരീരംകൊണ്ടും മനസ്സുകൊണ്ടും ആത്മാവ്കൊണ്ടും എന്നെതന്നെ ഭജിക്കുന്ന ഒരുവന് അവന്റെ ഐഹികമായ യാത്ര അവസാനിക്കുമ്പോള് എന്റെ ശാശ്വത സ്വരൂപത്തില് നിസ്സംശയം അലിഞ്ഞുചേരുന്നതിനു കഴിയുന്നു.

-

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 24

അവ്യക്തം വ്യക്തിമാപന്നം

മന്യന്തേ മാമബുദ്ധയഃ

പരം ഭാവമജാനന്തോ

മമാവ്യയമനുത്തമം.

നിത്യമായും നിരതിശയമായുമിരിക്കുന്ന എന്റെ പരമാത്മ സ്വഭാവത്തെ അവിവേകികള് അറിയുന്നില്ല. തന്മൂലം ഞാന് ഇതേവരെ അപ്രകാശനായിരുന്നുവെന്നും ഇപ്പോള് പ്രകാശത്തെ പ്രാപിച്ചവനായിരിക്കുന്നുവെന്നും അവര് വിചാരിക്കുന്നു.

എന്നാല് സാധാരണ മനുഷ്യര് ഇപ്രകാരം ചെയ്യാതെ അവരുടെ സൗഖ്യം സ്വയം നശിപ്പിക്കുന്നു.

അവര് കൈക്കുമ്പിളിലുള്ള വെള്ളത്തില്കൂടി നീന്താന് ശ്രമിക്കുന്നതുപോലെയാണ്. അമൃതസാഗരത്തില് മുങ്ങിക്കിടക്കുന്നവന് തന്റെ വായ് അടച്ചുപിടിച്ചു കൊണ്ട് പൊട്ടക്കുളത്തിലെ മലിനജലം കുടിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത് എന്തിനാണ്? അവന് എന്തുകൊണ്ട് അമൃത് പാനംചെയ്ത് അമരനാകാന് ആഗ്രഹിക്കുന്നില്ല ?

അതുപോലെ ഒരുവന് കര്മ്മഫലങ്ങളുടെ കുരുക്കില്നിന്നു മോചിതനായി, ആത്മാനുഭവമാകുന്ന ചിറകുകള് വിടര്ത്തി, ദൈവദത്തമായ ജീവിതത്തിന്റെ അനന്തവിഹായസ്സിലേക്കു പറന്നുയര്ന്ന് അതിന്റെ നാഥനാകാത്തത് എന്തുകൊണ്ടാണ് ? അപ്രകാരം ഉയര്ന്നുപറക്കുന്ന വീരപ്രവൃത്തി അന്തമില്ലാത്ത ആനന്ദാനുഭൂതിക്ക് ഇടയാക്കുകയും അവനെ പുളകംകൊള്ളിക്കുകയും ചെയ്യും. അപരിമേയമായ എന്നെ പരിമേയമാക്കാന് ശ്രമിക്കുന്നത് എന്തിനാണ് ?

അപ്രകാശിതമായ എന്നെ പ്രകാശിതമായി കരുതുന്നത് എന്തിനാണ് ? നിരാകാരനായ എന്നെ എന്തിനാണ് ആകാരമുള്ളവനായി പരിഗണിക്കുന്നത് ? എന്റെ ദിവ്യമായ മാഹാത്മ്യം എവിടെയും ദൃശ്യമാകുമ്പോള് എന്തിനാണ് എന്നെ തേടി ഒരുവന്റെ സമയവും ഓജസ്സും പാഴാക്കുന്നത് ? അല്ലയോ പാണ്ഡുപുത്ര, ഞാന് ഇപ്രകാരം ഇതേപ്പറ്റിയെല്ലാം പറയുന്നത് ബുദ്ധിഹീനരായ മര്ത്ത്യര് അശേഷം ഇഷ്ടപ്പെടുന്നില്ല.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 25

നാഹം പ്രകാശഃ സര്വ്വസ്യ

യോഗമായാ സമാവൃതഃ

മൂഢോഽ യം നാഭിജാനാതി

ലോകോ മാമജമവ്യയം

യോഗമായയാല് മറയ്ക്കപ്പെട്ടിരിക്കുന്ന ഞാന് എല്ലാവര്ക്കും പ്രത്യക്ഷനല്ല. ആ കാരണത്താല് മായാമോഹിതമായ ഈ ലോകം എന്നെ ജനനമില്ലാത്തവനായും നാശമില്ലാത്തവനായും അറിയുന്നില്ല.

മായാമോഹം കൊണ്ട് അന്ധരായിത്തീര്ന്ന ജീവികള് , ഞാന് പ്രകാശമാണെങ്കില്പോലും, തൃഷ്ണ കാരണം എന്നെ കാണുന്നില്ല. ഞാന് അധിവസിക്കാത്ത എന്തെങ്കിലും ഈ പ്രപഞ്ചത്തിലുണ്ടോ ? സലിലത്വമില്ലാതെ സലിലമുണ്ടോ? ആരെയാണ് വായു സ്പര്ശിക്കാത്തത് ? ആകാശത്താല് ചുറ്റപ്പെടാത്ത എന്തെങ്കിലുമുണ്ടോ ? യഥാര്ത്ഥത്തില് വിശ്വം മുഴുവന് വ്യാപിച്ചിരിക്കുന്നതു ഞാന് മാത്രമാണ്.

തുടരും 
കടപ്പാട് ഗുരു   പരമ്പരയോട്

No comments:

Post a Comment