Monday, 12 June 2017

ഭഗവദ്ഗീത(Part-44)

ഭഗവദ്ഗീത

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 16
ചതുര്‍വിധാ ഭജന്തേ മാം
ജനാഃ സുകൃതിനോര്‍ജ്ജുന
ആര്‍ത്തോ ജിജ്ഞാസുരര്‍ത്ഥാര്‍ത്ഥീ
ജ്ഞാനീ ച ഭരതര്‍ഷഭ.

ശ്ലോകം 17
തേഷാം ജ്ഞാനീ നിത്യയുക്ത
ഏകഭക്തിര്‍ വിശിഷ്യതേ
പ്രിയോ ഹി ജ്ഞാനിനോ ത്യര്‍ത്ഥ-
മഹം സ ച മമ പ്രിയ.

അല്ലയോ ഭരതശ്രേഷ്ഠനായ അര്‍ജ്ജുനാ ആര്‍ത്തന്‍ , ജിജ്ഞാസു, അര്‍ത്ഥാര്‍ത്ഥി, ജ്ഞാനി എന്നിങ്ങനെ നാലുവിധത്തില്‍ പുണ്യശാലികളായ ജനങ്ങള്‍ എന്നെ ഭജിക്കുന്നു. അവരില്‍വെച്ച് സദാ എന്നില്‍തന്നെ നിഷ്ഠയോടും എന്നില്‍ മാത്രം ഭക്തിയോടും കൂടിയിരിക്കുന്ന ജ്ഞാനി ശ്രേഷ്ഠനാകുന്നു. എന്തെന്നാല്‍ ആ ജ്ഞാനിക്കു ഞാന്‍ ഏറ്റവും പ്രിയമുള്ളവനാകുന്നു. എനിക്ക് അവനും പ്രിയമുള്ളവനാകുന്നു.

എന്റെ ഭക്തന്മാരില്‍ നാലുകൂട്ടര്‍ മാത്രമേ എന്നെ ആശ്രയിച്ച് ജീവിതലക്ഷ്യത്തെ പ്രാപിക്കുന്നവരായിട്ടുള്ളു. അവരില്‍ ഒന്നാമത്തെ കൂട്ടര്‍ രോഗാദികളെക്കെണ്ടു പീഡിതരായവരാണ്. രണ്ടാമത്തെ കൂട്ടര്‍ ആത്മജ്ഞാനത്തെ പ്രാപിപ്പാന്‍ ഇച്ഛിക്കുന്നവരാണ്. മൂന്നാമത്തെ കൂട്ടര്‍ ഇഹത്തിലും പരത്തിലും ഭോഗസാധനാവിഷയങ്ങള്‍ ഇച്ഛിക്കുന്നവരാണ്. നാലാമത്തെ കൂട്ടര്‍ ആത്മാവിനെ അറിയുന്ന ബ്രഹ്മജ്ഞാനികളാണ്.

ഇവരില്‍ ജ്ഞാനിക്ക് ഒരാഗ്രഹവും അവശേഷിക്കുന്നില്ല. തന്മൂലം അവന്‍ മാത്രമാണ് എന്റെ യഥാര്‍‍ത്ഥഭക്തന്‍. അവന്‍ വിജ്ഞാനത്തിന്റെ പ്രകാശംകൊണ്ട് വിവേചനംമൂലമുണ്ടാകുന്ന അജ്ഞതയെ അകറ്റുകയും എന്റെ ദിവ്യമായ അസ്തിത്വത്തില്‍ അലിഞ്ഞുചേരുകയും ചെയ്യുന്നു. എന്നിരുന്നാലും അവന്‍ എന്റെ ഭക്തനായിതന്നെ തുടരുന്നു. പളുങ്ക് ചിലപ്പോള്‍ സാധാരണ കാഴ്ചയ്ക്ക് ജലമായി തോന്നാം. ജ്ഞാനിയും അതുപോലെയാണ്. വായു നിശ്ചലമായി നില്‍ക്കുമ്പോള്‍ അത് ആകാശത്തിന്റെ ഭാഗമാണെന്നല്ലാതെ വേറിട്ടു നില്‍ക്കുന്നതായി തോന്നുകയില്ല. എന്നാല്‍ വായു ചലിക്കുമ്പോള്‍ അതിന് പ്രത്യേകമായ ഒരു നിലനില്‍പ്പുണ്ടെന്നു തോന്നും. അതുപോലെ ശാരീരികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ജ്ഞാനി ഒരു ഭക്തനെപ്പോലെ കാണപ്പെടുമെങ്കിലും മാനസികമായി അവന്‍ ഞാനുമായി ഐക്യം പ്രാപിച്ചിരിക്കുകയാണ്. വിജ്ഞാനോദയത്താല്‍ ഞാന്‍ അവന്റെ ആത്മാവാണെന്നുള്ള അറിവ് അവനു ലഭിച്ചിരിക്കുന്നു. ഞാനും സന്തോഷത്തോടെ അവനെ ആത്മാവായി കരുതുന്നു. പരിച്ഛിന്നമായ ജീവിതത്തിന് അതീതമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഒരുവന്‍ ഈ ജീവിതത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവന്‍ ഒരു പ്രത്യേക ശരീരത്തോടുകൂടിയവനാണെങ്കില്‍പോലും അവന് എന്നില്‍ നിന്നു വേറിട്ടു നില്‍ക്കാന്‍ കഴിയുമോ?

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 18

ഉദാരാഃ സര്വ്വ ഏവൈതേ
ജ്ഞാനീ ത്വാത്മൈവ മേ മതം
ആസ്ഥിതഃ സ ഹി യുക്താത്മാ
മാമേവാനുത്തമാം ഗതിം.

ഇവരെല്ലാവരും ആദരണീയര്തന്നെയാകുന്നു.എന്നാല് ജ്ഞാനിയായവന് ഞാന് തന്നെയാകുന്നുവെന്നാണ് എന്റെ അഭിപ്രായം. എന്തെന്നാല് അവന് എന്നില്തന്നെ മനസ്സിനെ ഉറപ്പിച്ചിരിക്കുന്നവനും എന്നെത്തന്നെ പരമലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നവനും ആകുന്നു.

സ്വാര്ത്ഥോദ്ദേശ്യത്തോടുകൂടി എന്നെ ഭജിക്കുന്ന ഒരു ഭക്തനെ ഞാന് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, യതാര്ത്ഥത്തില് ഞാന് കൂടുതലായി സ്നേഹിക്കുന്നത്, സ്വന്തം ആത്മാവിനെ സാക്ഷാത്കരിച്ച ജ്ഞാനിയെയാണ്.

ജ്ഞാനേശ്വരന് പറയുന്നു: പിന്കാലുകള് കെട്ടിയിട്ടാണ് ആളുകള് പശുക്കളെ കറക്കുന്നത്. എന്നാല് കാലുകള് കെട്ടാതെയല്ലേ പശു അതിന്റെ കിടാവിന് പാല് ചുരത്തികൊടുക്കുന്നത് ? അതെന്തുകൊണ്ടാണ് ? പശുക്കുട്ടിക്ക് അതിന്റെ അമ്മയെ അല്ലാതെ മറ്റാരെയും അറിയില്ല. അമ്മയെ കാണുമ്പോള് ഇതാ എന്റെ അമ്മയെന്ന ഏകവിചാരത്തോടെ കിടാവ് അമ്മയെ സമീപിക്കുന്നു. അതുപോലെ തന്റെ കുട്ടിക്കു താനല്ലാതെ മറ്റാരും ആശ്രയമില്ലെന്ന തോന്നലാണ് പശുവിന് ഉണ്ടാകുന്നത്. തന്മൂലം പശു അതിന്റെ കിടാവിനെ അകമഴിഞ്ഞു സ്നേഹിക്കുകയും യഥേഷ്ടം പാല് ചുരത്തികൊടുക്കുകയും ചെയ്യുന്നു. ജ്ഞാനികളോടുള്ള ഭഗവാന്റെ സ്നേഹം അപ്രകാരമാണ്. അതവിടെ നില്ക്കട്ടെ. ഭഗവാന് തുടര്ന്നു പറഞ്ഞതു ശ്രദ്ധിക്കുക.

ഭഗവാന് തുടര്ന്നു: ഞാന് മുമ്പുപറഞ്ഞ മറ്റുവിധത്തിലുള്ള മൂന്നുതരം ഭക്തന്മാരെയും ഞാന് ഇഷ്ടപ്പെടു്ന്നു. അവരും നല്ലവരാണ്. എന്നാല് സമുദ്രത്തില് ഒഴുകിച്ചേരുന്ന നദി തിരിച്ചൊഴുകുന്നതിനെപ്പറ്റി ആലോചിക്കുകപോലും ചെയ്യാത്തതുപോലെ, എന്നെ സാക്ഷാത്കരിച്ചവര് ഐഹികമായ അവരുടെ നിലനില്പ്പുതന്നെ വിസ്മരിക്കുന്നു. അവരുടെ മനസ്സിന്റെ താഴ്വാരത്തില്നിന്നു പുറപ്പെടുന്ന അനുഭവമാകുന്ന അരുവി എന്നെ സന്ധിക്കുമ്പോള് ഞാനുമായി ചേര്ന്ന് ഒന്നായിത്തീരുന്നു. അവരെപ്പറ്റി എന്തീണ് കൂടുതല് പറയാനുള്ളത് ? ജ്ഞാനിയായവന് ഞാന്തന്നെയാണ്. ഞാന് ഇതു പറയാന് പാടില്ലാത്തതാണ്. എന്നാല് സന്ദര്ഭം ഉണ്ടായതുകൊണ്ടു പറഞ്ഞുപോയെന്നുമാത്രം.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ജഗത്തു മുഴുവനും ജഗദീശ്വരന്റെ പ്രകടിതരൂപമാണ് (ജ്ഞാ.7.19)

ശ്ലോകം 19

ബഹൂനാം ജന്മനാമന്തേ
ജ്ഞാനവാന് മാം പ്രപദ്യതേ
വാസുദേവഃ സര്വ്വമിതി
സ മഹാത്മാ സുദുര്ല്ലഭഃ

അനേകം ജന്മങ്ങള് എടുത്തശേഷം, ജ്ഞാനിയായവന് സകലവും വാസുദേവനാണെന്നറിഞ്ഞ് എന്നെ ഭജിക്കുന്നു. അപ്രകാരമുള്ള മഹാത്മാവിനെ വളരെ ദുര്ല്ലഭമായിട്ടേ കാണാറുള്ളൂ.

ഇന്ദ്രിയങ്ങളാകുന്ന നിബിഡവനങ്ങളില്കൂടിയുള്ള യാത്രയില് നേരിടേണ്ടിവരുന്ന കാമക്രോധാദികളെ ഒഴിവാക്കി അവന് സദ് വിചാരങ്ങളുടെ മല കയറുന്നു. അതിനുശേഷം പുണ്യപുരുഷന്മാരുമായുള്ള സംസര്ഗ്ഗത്തില്പെട്ട്, ദുഷ്കര്മ്മങ്ങളുടെ ഊടുവഴിവിട്ട് സല്ക്കര്മ്മങ്ങളുടെ രാജവീഥിയില്ക്കൂടി യാത്രചെയ്യുന്നു. ഈ യാത്ര മമതയാകുന്ന പാദരക്ഷയില്ലാതെ എണ്ണമറ്റ ജന്മങ്ങളില്ക്കൂടി തുടരുന്നു. അങ്ങനെയുള്ള ഒരുവന് എങ്ങനെയാണ് കര്മ്മഫലത്തില് ആഗ്രഹമുണ്ടാകുന്നത് ? ഇപ്രകാരം അനവധി ജന്മങ്ങള് സ്വീകരിച്ച് അജ്ഞതയുടെ അന്ധകാരത്തില്കൂടി സഞ്ചരിച്ചുകഴിയുമ്പോള് അറിവിന്റെ അരുണോദയം ഉണ്ടാവുകയും കര്മ്മങ്ങള് അവസാനിക്കുകയും ചെയ്യുന്നു.

പിന്നീടു ഗുരുകൃപയാകുന്ന പ്രഭാതകിരണങ്ങളും ജ്ഞാനമാകുന്ന സൂര്യപ്രകാശവും അവനില് പതിയുന്നു. അപ്പോള് എല്ലാം ഒന്നെന്നുള്ള ദിവ്യമായ ഏകത്വത്തിന്റെ ഉത്കൃഷ്ടമായ ഭണ്ഡാരം അവനു ദൃശ്യമാകുന്നു. പിന്നീട് അവന് എവിടേക്ക് ദൃഷ്ടികള് പായിച്ചാലും എന്നെമാത്രം ദര്ശിക്കുന്നു. അവന് ഒറ്റയ്ക്ക് ഇരിക്കുമ്പോഴും എന്റെ സാനിദ്ധ്യം അനുഭവിക്കുന്നു. ജലത്തില് താഴ്ത്തിയ ഒരു കുടത്തിന്റെ അകത്തും പുറത്തും ജലം നിറഞ്ഞുനില്ക്കുന്നതുപോലെ അവന് എന്നില് ജീവിക്കുകയും ഞാന് അവന്റെ അകത്തും പുറത്തും വസിക്കുകയും ചെയ്യുന്നു.

അവന്റെ അവസ്ഥ വാക്കുകള്കൊണ്ട് വര്ണ്ണിക്കാന് പ്രയാസമാണ്. ജ്ഞാനത്തിന്റെ ഭണ്ഡാഗാരം അവന്റെ മുന്നില് തുറക്കുന്നു വെയ്ക്കപ്പെടുകയും പ്രപഞ്ചവും അവനും ഒന്നാണെന്നുള്ള അറിവോടുകൂടി അവന് ജീവിക്കുകയും ചെയ്യുന്നു. ജഗത്തു മുഴുവനും ജഗദീശ്വരന്റെ പ്രകടിതരൂപമാണെന്ന് സ്വാനുഭവത്തില്കൂടി സംജാതമായ അവന്റെ ദൃഢവിശ്വാസം അവനെ ഉത്തമനായ ഭക്തനും ശ്രേഷ്ഠനായ ജ്ഞാനിയും ആക്കിത്തീര്ക്കുന്നു.

അവന്റെ അനുഭവസമ്പത്തു വളരെ വിപുലമായതുകൊണ്ട് , അതില് സര്വ്വചരാചരങ്ങളും അടങ്ങിയ ഈ പ്രപഞ്ചത്തെയൊട്ടാകെ ഉള്ക്കൊള്ളാന് അവനു കഴിയും. എന്നാല് അല്ലയോ ധനുര്ദ്ധര, അപ്രകാരമുള്ള ഒരു മഹാത്മാവ് വളരെ അപൂര്വ്വമാണ്. ഫലേച്ഛയോടെ എന്നെ ഭജിക്കുന്നവര് അനവധിയുണ്ട്. അവരോക്കെ പ്രത്യാശയുടെ അന്ധകാരത്തില് അലഞ്ഞുതിരിഞ്ഞു നടക്കുന്ന അല്പബുദ്ധികളാണ്.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ജ്ഞാനത്തിന്റെ പ്രകാശം അണയുന്നതെങ്ങനെ ?

ശ്ലോകം 20

കാമൈസ്തൈസ്തൈര്ഹൃതജ്ഞാനാഃ
പ്രപദ്യന്തേഽ ന്യദേവതാഃ
തം തം നിയമമാസ്ഥായ
പ്രകത്യാ നിയതാ സ്വയാ.

തങ്ങളുടെ സ്വഭാവത്തില് (പൂര്വജന്മകര്മ്മവാസനയാല് ) നിയന്ത്രിതരും നാനാവിധ ഇച്ഛകളാല് അപഹരിക്കപ്പെട്ട ജ്നാനത്തോടുകൂടിയവരുമായ ജനങ്ങള് വിവിധ നിയമങ്ങളെ സ്വീകരിച്ച് ഇതര ദേവന്മാരെ ഭജിക്കുന്നു.

തങ്ങള് ചെയ്യുന്ന കര്മ്മത്തിന്റെ ഫലം തങ്ങള്ക്കു വേണമെന്നുള്ള ആഗ്രഹം മനസ്സില് കടന്നുകൂടുന്നതോടുകൂടി ജ്ഞാനത്തിന്റെ പ്രകാശം അണയുന്നു. അപ്രകാരം അകത്തും പുറത്തും അജാഞാനാന്ധകാരം പടര്ന്നുപിടിക്കുമ്പോള് അവന് എന്നെ വിസ്മരിക്കുകയും ഔത്സുക്യത്തോടെ മറ്റു ദേവന്മാരുടെ ഉപാസനയില് ഹൃദയംഗമമായി മുഴുകുകയും ചെയ്യുന്നു. അപ്രകാരമുള്ളവര് മായയുടെ അടിമകളായിത്തീരുകയും ഇന്ദ്രിയസുഖങ്ങളുടെ പിന്നാലെ പാഞ്ഞു തരംതാഴുകയും ചെയ്യുന്നു. ഭൗതികസുഖങ്ങളില് ആസക്തരായിത്തീരുന്ന അവരെപ്പറ്റി എന്തുപറയാനാണ് ? ഈ ദേവതകളുടെ ഉപാസനയ്ക്കുവേണ്ട ആരാധനാക്രമങ്ങളൊക്കെ ഉറപ്പുവരുത്തിയും അവര്ക്ക് അര്പ്പിക്കേണ്ട വഴിപാടുകള് എന്തൊക്കെയെന്നു നിശ്ചയിച്ചും അതിലേക്കാവശ്യമായ വ്രതങ്ങള് അനുഷ്ഠിച്ചുമാണ് അവര് ഇഷ്ടദേവതമാരെ ഭജിക്കുന്നത്.

തുടരും
കടപ്പാട് ഗുരുപരമ്പരയോട്

No comments:

Post a Comment