അദ്ധ്യായം എട്ട് :
അക്ഷരബ്രഹ്മയോഗം
ശ്ലോകം 21
അവ്യക്തോഽ ക്ഷര ഇത്യുക്തഃ
തമാഹൂഃപരമാം ഗതിം
യം പ്രാപ്യ ന നിവര്ത്തന്തേ
തദ്ധാമ പരമം മമ
ശ്ലോകം 22
പരുഷഃ സ പരഃ പാര്ത്ഥ
ഭക്ത്യാ ലഭ്യസ്ത്വനന്യയാ
യസ്യാന്തഃസ്ഥാനി ഭൂതാനി
യേന സര്വ്വമിദം തതം.
അതീന്ദ്രീയമെന്നും നാശരഹിതമെന്നും പറയപ്പെട്ടിരിക്കുന്ന ഈ ഭാവംതന്നെയാണ് പരമപുരുഷാര്ത്ഥമായിട്ടുള്ളതെന്ന് വേദങ്ങള് പറയുന്നു. അതിനെ പ്രാപിച്ചാല് പിന്നെ തിരിച്ചുവരവില്ല. അതത്രേ എന്റെ പരമമായ ധാമം. അല്ലയോ പാര്ത്ഥാ! കാരണഭൂതനായിരിക്കുന്ന യാതൊരുവന്റെ ഉള്ളില് സകലപ്രാണികളും സ്ഥിതിചെയ്യുന്നവോ, അങ്ങനെയിരിക്കുന്ന പരമപുരുഷന് അനന്യമായ ഭക്തികൊണ്ടുമാത്രം പ്രാപിക്കത്തക്കവനാകുന്നു.
അവ്യക്തമെന്നോ അപ്രകടിതമെന്നോ അതിനെ വിളിക്കാമെങ്കിലും അതു തികച്ചും അനനുരൂപമായ ഒരു പേരല്ല. എന്തു കൊണ്ടെന്നാല് അതു ബോധശക്തിക്കും യുക്തിവിചാരത്തിനും പ്രാപിക്കാന് കഴിയുന്നതിന്റെ പരിധിക്കുമപ്പുറത്താണ്. അതു രൂപം കൈക്കൊള്ളുമെങ്കിലും അരൂപമായ അതിന്റെ സ്വഭാവം നഷ്ടപ്പെടുന്നില്ല. അതിന്റെ രൂപം ഇല്ലാതാകുമ്പോഴും അത് അതിന്റെ ആദ്യന്തവിഹീനത്വത്തെ ബാധിക്കുന്നില്ല. അതുകൊണ്ട് അതിന്റെ സാരം അനായാസേന ഗ്രഹിക്കാന് കഴിയുന്ന, യഥാര്ത്ഥനാമമായ ‘അക്ഷരം’ എന്ന് അതിനെ വിളിക്കുന്നു. അതിനപ്പുറമായി മറ്റു യാതൊന്നുമില്ല. അതുമനുഷ്യന്റെ അവസാനത്തെ ലക്ഷ്യമായ പരമപദമാണ്. അതു ജീവിതാവസാനം വരെ ശരീരത്തില് വ്യാപിച്ചിരിക്കുന്നു. എന്നാല് നിദ്രയിലെന്നപോലെ ആയതുകൊണ്ട് അതു സ്വയമായോ മറ്റുള്ളവരെക്കൊണ്ടോ എന്തെങ്കിലും ചെയ്യുകയോ ചെയ്യിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ശരീരത്തിന്റെ എല്ലാ പ്രവര്ത്തനങ്ങളും അനുസ്യുതം നടക്കുന്നു. ഇന്ദ്രിയങ്ങള് യഥേഷ്ടം അവയുടെ പ്രവര്ത്തനം തുടരുന്നു. തുറന്ന് വെയ്ക്കപ്പെട്ട ഇന്ദ്രിയങ്ങളുടെ അങ്ങാടിയില് മനസ്സ് ഒരു വില്പനകേന്ദ്രമായി സുഖദുഃഖങ്ങളുടെ വ്യാപാരം നടത്തുന്നു. രാജാവ് സ്വസ്ഥമായിട്ടിരിക്കുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോഴും പ്രജകള് അവരവരുടെ ആഗ്രഹാനുസാരമുള്ള തൊഴിലുകളില് വ്യാപൃതരായിരിക്കുന്നു. പ്രഭാകരന് പ്രസരിപ്പിക്കാതെ തന്നെ ജനങ്ങള് അവരുടെ കര്മ്മങ്ങള് ചെയ്യുന്നു. അതുപോലെ പരമാത്മാവ് പ്രവര്ത്തിപ്പിക്കാതെ തന്നെ ബുദ്ധിയും മനസ്സും ഇന്ദ്രിയങ്ങളും പ്രാണവായുവും അവയുടെ പ്രവര്ത്തനങ്ങള് നിര്ബാധം നടത്തുന്നു. ശരീരരൂപത്തിലുള്ള പുരത്തില് വസിച്ചു വിശ്രമിക്കുന്നതു കൊണ്ട് ആത്മാവിനെ പുരുഷന് എന്നുവിളിക്കുന്നു. കൂടാതെ പ്രകൃതി-മായ തന്റെ വിശ്വസ്തയായ പത്നിയായിരിക്കുന്നതുകൊണ്ടും പരമാത്മാവിനെ പുരുഷന് എന്നു വിളിക്കുന്നു. ത്രികാലജ്ഞാനമുള്ള വേദങ്ങള്ക്കും ആത്മാവിനറെ അധിവാസസ്ഥാനത്തിന്റെ പ്രാദേശങ്ങളില് പോലും എത്താന് കഴിയുകയില്ല. അനന്തമായ ആകാശം ആത്മാവിന്റെ മഹത്ത്വത്തിന്റെ മേലങ്കിമാത്രമാണ് അതുകൊണ്ട് എല്ലാ സമ്പൂര്ണ്ണതയ്ക്കും അതീതമായി യോഗികള് ഇതിനെ വ്യാഖ്യാനിക്കുന്നു. എന്നിട്ടും നിരതിശയമായ ഈ ദിവ്യസത്ത് തന്റെ ഭക്തനെ ദര്ശിക്കാനായി വരുകയും അവന്റെ എളിയ പാര്പ്പിടത്തില് അവനെ സന്ധിക്കുകയും ചെയ്യുന്നു. മനസ്സും ശരീരവും വാക്കും ഹൃദയംഗമമായി സര്വേശ്വരനു സമര്പ്പിക്കപ്പെട്ട ഒരു ഭക്തന്, അവന്റെ അനന്യമായ ഭക്തിക്കു പാരിതോഷികമായി ലഭിക്കുന്നത്, സമൃദ്ധിയുടെ പൂങ്കാവനമായ സര്വേശ്വരനെത്തന്നെയാണ്. പ്രപഞ്ചം മുഴുവനും പുരുഷോത്തമന്റെ രൂപമാണെന്ന് ആത്മാര്ത്ഥമായി വിശ്വസിക്കുന്ന ഒഒരു വിശ്വാസിക്ക്, അവന് അഭയ സ്ഥാനമാണ്. അവര് വിനീതന്റെ കുലീനത്വമാണ്; ഗുണാതീതന്റെ ജ്ഞാമാണ്; നിസ്പൃഹരുടെ സാമ്രാജ്യത്തിലെ ആനന്ദമാണ്; സംതൃപ്തര്ക്കു വിളമ്പുന്ന ഭക്ഷണമാണ്; പരമോന്നതസ്ഥാനത്ത് എത്തുന്നതിനുള്ള ഭക്തിയുടെ രാജവീഥിയാണ്. അല്ലയോ അര്ജുനാ, ഇതെല്ലാം കൂടുതലായി വിശദീകരിച്ച് എന്റെ സമയം വ്യര്ത്ഥമാക്കുന്നത് എന്തിനാണ്?
ആത്മാവ് പരബ്രഹ്മത്തിലെത്തിചേരുമ്പോള് അതു പരബ്രഹ്മവുമായി താദാത്മ്യം പ്രാപിക്കുന്നു. ചൂടുവെള്ളം ശീതസമീരണനേറ്റു ശീതളമാകുന്നതുപോലെയോ, സൂര്യന് ഉദിക്കുമ്പോള് തമസ്സ് പ്രകാശമാകുന്നതുപോലെയോ, ഒരുവന് ബ്രഹ്മസ്ഥാനത്ത് എത്തുമ്പോള് അവന്റെ പ്രാപഞ്ചികമായ അസ്തിത്വംതന്നെ മോചനമായി മാറുന്നു. അഗ്നിയിലിടുന്ന വിറക് അഗ്നിയായി മാറുന്നു. പിന്നീട് അതിനെ തടിയായി തിരിച്ചറിയാന് കഴിയുന്നില്ല. പഞ്ചസാരയെ കരിമ്പാക്കി മാറ്റാന് സാധ്യമല്ല. പരശുമണി ഇരുമ്പിനെ സ്വര്ണ്ണമാക്കി മാറ്റുന്നു. മറ്റൊരു പദാര്ത്ഥത്തിനും അതിനെ വീണ്ടും ഇരുമ്പാക്കി മാറ്റാന് കഴിയുകയില്ല. നെയ് വീണ്ടും പാലായി മാറുകയില്ല. ഇപ്രകാരം, പരമാത്മാവുമായി ഐക്യം പ്രാപിച്ചുകഴിഞ്ഞാല് പിന്നെ തിരിച്ചുവരവുണ്ടാവില്ല. എന്റെ അത്യുന്നതമായ ആവാസസ്ഥാനം അതാണ്. മറഞ്ഞിരിക്കുന്ന ഈ രഹസ്യം ഞാന്ഇപ്പോള് നിനക്കു വെളിപ്പെടുത്തിത്തരിക്കുന്നു.
അദ്ധ്യായം എട്ട് :
അക്ഷരബ്രഹ്മയോഗം
ശ്ലോകം 23
യത്ര കാലേ ത്വനാവൃത്തി-
മാവൃത്തിം ചൈവ യോഗിനഃ
പ്രയാതാ യാന്തി തം കാലം
വക്ഷ്യാമി ഭരതര്ഷഭ.
അല്ലയോ അര്ജ്ജുന, ഏതു കാലത്തില് ദേഹത്തെ ത്യജിച്ചു പോകുന്ന യോഗികള് പുനര്ജന്മത്തെ പ്രാപിക്കുന്നില്ലയോ, അപ്രകാരംതന്നെ ഏതുകാലത്തില് ദേഹത്യാഗം ചെയ്തുപോകുന്നവര് പുനര്ജന്മത്തെ പ്രാപിക്കുന്നുവോ, കാലത്തെപ്പറ്റി ഞാന് പറയാം.
ഒരു യോഗി ദേഹം കൈവെടിയുന്ന സമയം അറിഞ്ഞാല് അയാള് മരണാനന്തരം എവിടെയാണ് എത്തിച്ചേര്ന്നതെന്ന് അനായാസേന ഗ്രഹിക്കാന് കഴിയും. ചിലപ്പോള് അശുഭമായ കാലത്തു ചിലര് ദേഹം വെടിയാന് ഇടയാകുന്നു അങ്ങനെയുള്ളവര് വീണ്ടും ജന്മം എടുക്കേണ്ടി വരുന്നു. എന്നാല് പുണ്യകാലത്തു മരിക്കാന് ഇടയാകുന്നവര് ബ്രഹ്മവുമായി ഒന്നുചേരുന്നു. തന്മൂലം തിരിച്ചുവരവും വരാതിരിക്കലും മരണസമയത്തെ ആശ്രയിച്ചിരിക്കുന്നു. സാന്ദര്ഭികമായി ശുഭമായ മരണസമയത്തെക്കുറിച്ച് ഞാന് നിന്നോടു പറയാം.
അല്ലയോ യോദ്ധാവേ, മരണം ആസന്നമാകുമ്പോള് ബുദ്ധിമാന്ദ്യം നുഴഞ്ഞുകയറുന്നു. എങ്കിലും ഒരു സത്യാന്വേഷിയുടെ കാര്യത്തില് ബുദ്ധിക്കു പരിഭ്രാന്തിയോ, ഓര്മ്മയ്ക്കു മങ്ങലോ, മനസ്സിനു നാശമോ സംഭവിക്കുന്നില്ല. ഇപ്രകാരം ശാരീരികമല്ലാത്ത ഈ ഇന്ദ്രിയജ്ഞാനം അനാമയമായി നിലനില്ക്കുന്നത് ഒരിക്കലെങ്കിലും ബ്രഹ്മത്തിന്റെ അവസ്ഥ അനുഭവിച്ചറിഞ്ഞതുകൊണ്ടാണ്.
എന്നാല് ഈ ബോധേന്ദ്രിയങ്ങള് മരണംവരെ ജാഗ്രതയായി തുടരണമെങ്കില് ശരീരത്തിനുള്ളിലെ അഗ്നി എരിയുന്നുണ്ടായിരിക്കണം. വെള്ളമോ കാറ്റോ വിളക്കു കെടുത്തിയാല്, ഏറ്റവും കാഴ്ചശക്തിയുള്ള കണ്ണിനുപോലും ഇരുട്ടില് ഒന്നും കാണാന് സാധ്യമല്ല. മരണസമയത്തു വായുവും കഫവും ക്രമാതീതമായി ശരീരത്തെ ആക്രമിക്കുമ്പോള് ശരീരത്തിലുള്ള അഗ്നിയുടെ ചൂട് നഷ്ടപ്പെടുന്നു. പ്രാണനു ജീവനില്ലാതിരിക്കുമ്പോള് ബുദ്ധിക്ക് എന്തുചെയ്യാന് കഴിയും? ആകയാല് ശരീരത്തിനു ചൂടില്ലാതെ ചേതനത്വം അതില് നിലനില്ക്കുകയില്ല.
ശരീരത്തില് നിന്നു ചൂടു വിട്ടുമാറിയാല് പിന്നീടത് കുതിര്ന്ന കളിമണ്ണിന്റെ ഒരു പിണ്ഡം മാത്രമാണ്. ഈ അവസ്ഥയില് ആത്മാവു നിസ്സഹായനായി അന്ധകാരത്തില് കിടന്നുഴലുന്നു. അങ്ങനെയുള്ള സന്ദര്ഭത്തില് എങ്ങനെയാണ് ഒരുവന് തന്റെ പൂര്വ്വകാല യോഗാനുഷ്ഠാനങ്ങളെപ്പറ്റി സ്മരിക്കുകയും, മരണശേഷം ബ്രഹ്മാവുമായി ഐക്യം പ്രാപിക്കുകയും ചെയ്യുക ?
അപ്പോള് അവന്റെ ചേതനത്വം കഫത്തിന്റെ ചെളിക്കുണ്ടില് പതിച്ച് ഇല്ലാതാവുകയും പഴയതും പുതിയതുമായ എല്ലാ ഓര്മകളും നശിക്കുകയും ചെയ്യുന്നു. അങ്ങനെ നിധി കണ്ടെത്തുന്നതിനുമുമ്പുതന്നെ കൈയ്യിലിരുന്ന വിളക്ക് അണഞ്ഞുപോയവനെപ്പോലെ, മരണത്തിനു മുമ്പുതന്നെ അവന്റെ എല്ലാ യോഗബലവും ക്ഷയിച്ചുപോകുന്നു. മരണസമയത്തുള്ള എല്ലാ ശക്തിയുടേയും ഉറവിടം ഈ അഗ്നിയാണ്.
അദ്ധ്യായം എട്ട് :
അക്ഷരബ്രഹ്മയോഗം
ശ്ലോകം 24
അഗ്നിര്ജ്യോതിരഹഃ ശുക്ലഃ
ഷണ്മാസാ ഉത്തരായണം
തത്ര പ്രയാതാ ഗച്ഛന്തി
ബ്രഹ്മ ബ്രഹ്മവിദോ ജനാഃ
അഗ്നിയേയും ജ്യോതിസ്സിനേയും പകലിനേയും വെളുത്തപക്ഷത്തേയും ഉത്തരായണമെന്ന ആറുമാസത്തേയും പ്രതിനിധാനം ചെയ്യുന്നദേവതമാരുടെ മാര്ഗ്ഗമാണ് ഉത്തരായണമാര്ഗ്ഗം. ഈ മാര്ഗ്ഗത്തില്കൂടി ദേഹമുപേക്ഷിച്ചു പോയിട്ടുള്ള ജനം പരബ്രഹ്മത്തെ പ്രാപിക്കുന്നു. എന്തന്നാല് അവര് ബ്രഹ്മജ്ഞാനികളാകുന്നു.
ശരീരത്തില് അഗ്നിയുടെ ചൂടുള്ളപ്പോള്, ശുക്ലപക്ഷത്തില്, പകല് സമയം, സൂര്യന് വടക്കോട്ടു ചരിക്കുന്ന ഉത്തരയണകാലത്തില്, ഇപ്രകാരമുള്ള ശുഭകരമായ സമയത്തു ശരീരം വെടിയുന്ന ബ്രഹ്മജ്ഞാനികള് ബ്രഹ്മവുമായി ഐക്യം പ്രാപിക്കുന്നു. അല്ലയോ അര്ജ്ജുന, ഈ സന്ദര്ഭത്തിനുള്ള പ്രത്യേകശക്തികൊണ്ട്, ഈ സമയം, ലക്ഷ്യത്തിലെത്തിച്ചേരാനുള്ള രാജവീഥിയാകുന്നു. ഇവിടെ ഒന്നാമത്തെ പടി അഗ്നിയും രണ്ടാമത്തേത് ജ്യോതിസ്സും മൂന്നാമത്തേത് പകല്സമയവും നാലാമത്തേത് ശുക്ലപക്ഷവും അവസാനത്തേത് ഉത്തരായണവുമാകുന്നു. ഈ സമയത്തു ദേഹം വെടിയുന്ന യോഗികള് മോചനം നേടുന്നു. ഇതാണ് ഏറ്റവും നല്ല മാര്ഗ്ഗം. ഇതിനു പ്രകാശത്തിന്റെ മാര്ഗ്ഗം എന്നു പറയുന്നു. ഇനിയും അശുഭകരമായ സമയത്തെക്കുറിച്ചു പറയാം. ശ്രദ്ധിക്കുക.
അദ്ധ്യായം എട്ട് :
അക്ഷരബ്രഹ്മയോഗം
ശ്ലോകം 25
ധൂമോ രാത്രിസ്തഥാ കൃഷ്ണഃ
ഷണ്മാസാ ദക്ഷിണായനം
തത്ര ചാന്ദ്രമസം ജ്യോതിര്
യോഗീ പ്രാപ്യ നിവര്ത്തതേ
ധൂമത്തേയും രാത്രിയേയും കറുത്ത പക്ഷത്തേയും ദക്ഷിണായനമെന്ന ആറുമാസത്തേയും പ്രതിനിധാനം ചെയ്യുന്ന ദേവതമാരുടെ മാര്ഗ്ഗമാണ് ദക്ഷിണായന മാര്ഗ്ഗം. ഈ മാര്ഗ്ഗത്തില് കൂടി ദേഹമുപേക്ഷിച്ചു പോയിട്ടുള്ള കര്മ്മയോഗി ചന്ദ്രപ്രകാശത്തോട് കൂടിയ സ്വര്ഗ്ഗലോകത്തെ പ്രാപിച്ച് ദേവന്മാരുമൊത്ത് സ്വര്ഗ്ഗസുഖങ്ങള് അനുഭവിച്ചശേഷം വീണ്ടും ഭൂമിയില് വന്നു ജനിക്കുന്നു.
ഒരുവന് ദേഹം വെടിയുന്ന സമയത്ത് വായുവും കഫവും അധികരിക്കയാണെങ്കില് മനസ്സ് അന്ധകാരംകൊണ്ടു മൂടുന്നു. അപ്പോള് ഇന്ദ്രിയങ്ങള് നിശ്ചേഷ്ടമാവുകയും ഓര്മ്മശക്തിനശിക്കുകയും ചെയ്യുന്നു. ജഠരാഗ്നി അതിന്റെ ജ്വാലയില്ലാതെ വെറും പുകയായി അവശേഷിക്കുന്നു. തന്മൂലം ശരീരത്തിന്റെ ചേതനത്വം അമിഴ്ത്തപ്പെടുന്നു. കറുത്ത കാര്മേഘങ്ങളാല് ചന്ദ്രന് മറയ്ക്കപ്പെടുമ്പോള് മങ്ങിയ വെളിച്ചവും നേര്ത്ത തമസ്സും അനുഭവപ്പെടുന്നതു പോലെ, അവന് മരിച്ചില്ലെങ്കിലും ഐഹികജീവിതത്തിന്റെ അന്ത്യം പ്രതീക്ഷിച്ചു കൊണ്ടു ചലനമറ്റുകിടക്കുമ്പോള് , മനസ്സും ചിന്താശക്തിയും ഇന്ദ്രിയങ്ങളും ധൂമം ഹേതുവായി മരവിക്കുമ്പോള്, ജീവിതകാലത്തെ പ്രയത്നംകൊണ്ടു നേടിയ യോഗത്തിന്റെ നേട്ടങ്ങള് നഷ്ടപ്രായമാകുന്നു. കൈയിലുണ്ടായിരുന്നതു നശിച്ച ഒരുവനു പുതുതായി എന്തെങ്കിലും നേടിയെടുക്കാനുള്ള പ്രതീക്ഷ എങ്ങനെയാണുണ്ടാവുക? ഈ ലോകത്തില് നിന്നു വേര്പെടുമ്പോള് അവന്റെ അവസ്ഥ ഇപ്രകാരമാണ്. ഇത് അവന്റെ ആന്തരികസ്ഥിതി ആയിരിക്കുമ്പോള് , പുറമെ സ്ഥിതിചെയ്യുന്നത് രാത്രിസമയവും മാസത്തിലെ കറുത്തപക്ഷവും സൂര്യന്റെ ദക്ഷിണായനത്തിലെ ഒരു മാസവുമാകുന്നു. ഇപ്രകാരം പുനര്ജന്മത്തിന് ഇടംനല്കുന്ന എല്ലാ വ്യവസ്ഥകളും ഒരുവന്റെ മരണസമയത്തു കോര്ത്തു സംയോജിക്കപ്പെടുമ്പോള്, എങ്ങനെയാണ് അവന് അക്ഷരവുമായി സാക്ഷാത്കാരം പ്രാപിക്കുക? ഈ സമയത്തു ദേഹം വെടിയുന്ന ഒരു യോഗി ചന്ദ്രമണ്ഡലത്തിലേക്കു പോവുകയും അവിടെനിന്നു മര്ത്ത്യലോകത്തിലേക്കു മടങ്ങിവരുകയും ചെയ്യുന്നു. അതുകൊണ്ടാണ് അശുഭകരമെന്നു ഞാന് പറഞ്ഞത്. ധൂമാദിമാര്ഗ്ഗം അവംലംബിക്കുന്ന ഒരുവന് വീണ്ടും ജനിക്കുന്നതിനു ഇടയാകുന്നു. ഇതിനു വിപരീതമായ അര്ച്ചിരാദി മാര്ഗ്ഗം അനായാസവും ഉത്തമവും, സ്വാഭാവികമായും ആനന്ദത്തിനും മോഹത്തിനും മോചനത്തിനും ഉപയുക്തവും ആകുന്നു.
കടപ്പാട് ഗുരു പരമ്പരയോട്