Friday, 21 July 2017

ഭഗവദ്ഗീത(part-46)



അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 26

വേദാഹം സമതീതാനി
വര്ത്തമാനാനി ചാര്ജ്ജുന
ഭവിഷ്യാണി ച ഭൂതാനി
മാം തു വേദ ന കശ്ചന

അല്ലയോഅര്ജ്ജുനാ, കഴിഞ്ഞുപോയവയും ഇപ്പോഴുള്ളവയും വരാന് പോകുന്നവരുമായ സകല ജീവികളെയും ഞാന് അറിയുന്നു. എന്നാല് എന്നെ ആരും അറിയുന്നില്ല.

കഴിഞ്ഞകാലങ്ങളില് ജീവിച്ചിരുന്ന എല്ലാ ജീവികളും എന്റെ അസ്തിത്വത്തോട് ഒന്നുചേര്ന്നു കഴിഞ്ഞു. ഇപ്പോള് ജീവിച്ചിരിക്കുന്നവയിലും ഞാന് അധിവസിക്കുന്നു. ഭാവിയില് ഉണ്ടാവാന് പോകുന്നവയും എന്നില് നിന്ന് അന്യമല്ല. യഥാര്ത്ഥത്തില് ഇതെല്ലാം വെറും വാക്കുകളാണ്. എന്തുകൊണ്ടെന്നാല് ഒന്നും തന്നെ ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. മായാവിഭ്രമംകൊണ്ട് കയര് ഒരു സര്പ്പമായി തോന്നുമ്പോള് അതു കറുത്തതോ വെളുത്തതോ ചുവന്നതോ ആണെന്ന് ആര്ക്കും പറയാന് കഴിയാത്തതുപോലെ, അയഥാര്ത്ഥമായ ജീവികളെപ്പറ്റി ആര്ക്കും ഒന്നും സങ്കല്പിക്കാന് സാധ്യമല്ല. അല്ലയോ പാണ്ഡുപുത്രാ! ഞാന് നിത്യമായും സത്യമായും എല്ലാ ജീവികളിലും വ്യാപിച്ചിരിക്കുന്നു. ഈ മുഴുവന് സൃഷ്ടിയും രൂപം പ്രാപിച്ചിരിക്കുന്നതു മറ്റൊരു വിധത്തിലാണ്. ഞാന് അതിന്റെ ചരിത്രം പറയാം. ശ്രദ്ധിച്ചു കേള്ക്കുക.





അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 27

ഇച്ഛാദ്വേഷസമുത്ഥേന
ദ്വന്ദ്വമോഹേന ഭാരത
സര്വ്വഭൂതാനി സമ്മോഹം
സര്ഗ്ഗേ യാന്തി പരന്തപ

അല്ലയോ ശത്രുതാപന, ഭരതകുലത്തില് ജനിച്ചവനെ, ജനിക്കുമ്പോള്തന്നെ ഇച്ഛയില്നിന്നും ദ്വേഷത്തില് നിന്നും ഉത്ഭവിക്കുന്ന ശീതോഷ്ണ, സുഖദുഃഖാദി ദ്വന്ദ്വങ്ങള് നിമിത്തമുണ്ടാകുന്ന അവിവേകത്താല് സകല പ്രാണികളും സമ്മോഹാധീനരായിത്തീരുന്നു.

അഹംഭാവവും ദേഹവുംകൂടി പ്രേമബദ്ധരായപ്പോള് അവര്ക്ക് ഇച്ഛയെന്നൊരു പുത്രി ജനിച്ചു. പ്രായപൂര്ത്തിയെത്തിയ അവളെ ദ്വേഷത്തിനു വിവാഹം ചെയ്തുകൊടുത്തു. സുഖദുഃഖങ്ങള്, സന്തോഷസന്താപങ്ങള് തുടങ്ങിയ ദ്വന്ദ്വങ്ങള്ക്കു കാരണക്കാരനായ വ്യാമോഹം എന്നൊരു പുത്രന് അവര്ക്കുണ്ടായി. ഈ പുത്രനെ മുത്തച്ഛനായ അഹംഭാവം വാത്സല്യത്തോടെ രക്ഷിച്ചുവളര്ത്തി. കാലക്രമത്തില് അത്യാഗ്രഹമാകുന്ന പാലുകുടിച്ച് തളിര്ത്തുകൊഴുത്ത അവന്, ധൈര്യത്തിന്റെയും ഇന്ദ്രിയനിഗ്രഹത്തിന്റെയും ശത്രുവായിത്തീര്ന്നു. അസന്തുഷ്ടിയാകുന്ന വീഞ്ഞിന്റെ ലഹരിയില് മതിമയങ്ങിയ അവന് ഇന്ദ്രിയസുഖങ്ങളുടെ കൊട്ടാരത്തില് കേളികളാടി ഉല്ലസിച്ചു. അവന് ഭക്തിയുടെ മാര്ഗ്ഗത്തില് സംശയത്തിന്റെ മുള്ളുകള് വിതച്ചു. ദുഷ്കര്മ്മങ്ങളുടെ ഊടുവഴികള് തുറന്നു. തന്മൂലം മോഹാധീനരായി എഹികജീവിതത്തിന്റെ പച്ചിലക്കാടുകളില് പെട്ടുപോയ ജീവിതങ്ങള് ഭുരിതാനുഭവങ്ങളുടെ പീഡനമേറ്റു ഞെരിയുന്നു.




അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 28

യേഷാം ത്വന്തഗതം പാപം
ജനാനാം പുണ്യകര്മ്മണാം
തേ ദ്വന്ദ്വമോഹനിര്മ്മുക്താ
ഭജന്തേ മാം ദൃഢവ്രതാഃ

എന്നാല് പുണ്യചരിതന്മാരും പാപം നിശ്ശേഷം നശിച്ചിട്ടുള്ളവരുമായ ജനങ്ങള് ദ്വന്ദ്വമോഹത്തില്നിന്നു മുക്തരായി ദൃഢവ്രതരായി എന്നെ ഭജിക്കുന്നു.

എന്നാല് പുണ്യാത്മാക്കള്ക്ക് സംശയത്തിന്റെയും തെറ്റുകളുടേയും മുള്ളുകള് അര്ത്ഥശൂന്യമാണെന്ന് അറിയാവുന്നതുകൊണ്ട് മായാമോഹം ഒരിക്കലും അവരുടെ മനസ്സിന് ഒരു ഭീഷണിയല്ല. അവന് ഭക്തിവിശ്വാസത്തോടെ ദുശ്ചിന്തകളാകുന്ന മുള്ളുകളെ കാല്ക്കീഴില് ഞെരിച്ചമര്ത്തി , അടിവെച്ചടിവെച്ച് പാപത്തിന്റെ കൊടുംകാടിനെ കടന്നുകയറുന്നു. അതിനുശേഷം അവര് ചെയ്തിട്ടുള്ള സല്ക്കര്മ്മങ്ങളുടെ ബലത്തില് പുണ്യത്തിന്റെ വീഥിയില്ക്കൂടി ഓടി, കാമക്രോധങ്ങളാകുന്ന കൊള്ളക്കാരുടെ പിടിയില് പെടാതെ അക്ഷതരായി എന്നെ സമീപിക്കുന്നു.




അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 29

ജരാമരണമോക്ഷായ
മാമാശ്രിത്യ യതന്തി യേ
തേ ബ്രഹ്മ തദ്വിദുഃ കൃത്സ്ന-
മദ്ധ്യാത്മം കര്മ്മ ചാഖിലം

ജരാമരണങ്ങളില്നിന്ന് മുക്തി ലഭിക്കുവാന്വേണ്ടി എന്നെ ആശ്രയിച്ചുകൊണ്ടു യത്നിക്കുന്നവരാരോ, അവര് ആ ബ്രഹ്മത്തേയും അദ്ധ്യാത്മതത്ത്വത്തേയും സര്വ്വകര്മ്മത്തേയും അറിയുന്നു.

അല്ലയോ പാര്ത്ഥ, ജനനമരണങ്ങളില്നിന്നു മോചനം നേടണമെന്ന് ആത്മാര്ത്ഥമായി ആഗ്രഹിക്കുന്ന ഒരാളുടെ പ്രയത്നം, പരിപൂര്ണ്ണതയുടെ രസം ഇറ്റുവീഴുന്ന, ഈശ്വരസാക്ഷാത്കാരമെന്ന പക്വമായ കനി അവനു നേടിക്കൊടുക്കും. അവന് അതു കൈവരിക്കുമ്പോള് ജഗത്തുമുഴുവന് ഉല്ലാസപ്രദമായിട്ട് അവന് കാണുന്നു. അതോടെ ആത്മസാക്ഷാത്കാരത്തിന്റെ അഭിവാഞ്ഛ സഫലമാകുന്നു. ആ അനര്ഘനിമിഷത്തില് പ്രപഞ്ചംമുഴുവന് സാക്ഷാത്കാരത്തിന്റെ ആഹ്ളാദംകൊണ്ട് നിറയുകയും ആത്മദര്ശനം അത്ഭുതകരമായ പൂര്ണ്ണതയിലെത്തുകയും ചെയ്യുന്നു.

അതോടെ പ്രവര്ത്തനത്തിനുള്ള പ്രേരണ ഇല്ലാതാവുകയും ചിത്തം ശാന്തമാവുകയും ചെയ്യുന്നു. അല്ലയോ ധനുര്ദ്ധര, ആത്മീയവ്യാപാരത്തിനുവേണ്ട മുഴുവന് മൂലധനവും എന്നെതന്നെയാക്കി മുടക്കുന്നവന് പലിശയായിട്ടും ലാഭമായിട്ടും ആത്മജ്ഞാനവും സമദര്ശനവും ലഭിക്കുന്നു. സമദര്ശനം വികസിക്കുന്നതോടുകൂടി ദ്വൈതത്തിന്റെ നിര്ധനാവസ്ഥ അനുഭവിക്കേണ്ടി വരുന്നില്ലെന്നു മാത്രമല്ല, പരബ്രഹ്മവുമായുള്ള ഐക്യം എന്ന സമ്പത്തു ലഭ്യമാവുകയും ചെയ്യുന്നു.



അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 30

സാധിഭൂതാധിദൈവം മാം
സാധിയജ്ഞം ച യേ വിദുഃ
പ്രയാണകാലേ പി ച മാം
തേ വിദുര്യുക്തചേതസഃ

എന്നെ അതിഭൂത, അധിദൈവങ്ങളോടുകൂടിയവനായും അധിയജ്ഞത്തോടു കൂടിയവനായും അറിയുന്നവരാരോ, മൃത്യുകാലത്തില്ക്കൂടിയും അവര് യോഗയുക്തചിത്തരായിട്ട് എന്നെ സാക്ഷാത്കരിക്കുന്നു.

എന്റെ സര്വ്വപ്രധാനമായ പ്രകൃതം അനുഭൂതമാണെന്ന് അനുഭവത്തില്കൂടി അറിയുന്നവര് എന്റെ ദിവ്യമായ അവസ്ഥയെ ഗ്രഹിക്കുകയും ആത്മജ്ഞാനംകൊണ്ട് എന്നെ യജ്ഞങ്ങളുടെ മൂലവസ്തുവാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അപ്പോള് ശരീരം വെടിയുന്നതില് തപിക്കത്തക്കതായി ഒന്നും തന്നെ അവര് കാണുകയില്ല. അല്ലാത്തപക്ഷം ജീവന്റെ തന്തു പൊട്ടാനുള്ള സമയം സമാഗതമാകുമ്പോള് ആസന്നമായ മരണത്തെയോര്ത്ത് അവര് അസ്വസ്ഥരായി ബഹളംവെയ്ക്കുന്നു.

ഇതുകാണുമ്പോള് ലോകാവസാനം അടുത്തുവെന്നുപോലും ജീവിച്ചിരിക്കുന്നവര്ക്ക് തോന്നുന്നതില് എന്താണത്ഭുതം? എന്നാല് ഞാനുമായി ഒത്തുചേര്ന്നു നില്ക്കുന്നവര് മരണസമയത്ത് എന്നെ കാണും. അപ്പോള് എന്നെയല്ലാതെ ഇതര ദേവതയേയോ, സ്വദേഹത്തേയോ മരണവേദനയേയോ ഒന്നും അവര് അറിയുകയില്ല. ഇപ്രകാരം നിഷ്ണാതരായ യോഗികള് ഹൃദയംഗമമായി എന്നോടു ബന്ധപ്പെട്ടു നില്ക്കുന്നു.



അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ഗഹനങ്ങളായ ആശയങ്ങളുടെയും ഭക്തിയാകുന്ന പരിമളത്തിന്റെയും ചാറുകൊണ്ടുനിറഞ്ഞ, പരമാത്മാവിന്റെ വാക്കുകളാകുന്ന കനി, ഭഗവാന് കൃഷ്ണനാകുന്ന വൃക്ഷത്തില്നിന്ന്, കാരുണ്യത്തിന്റെ മന്ദസമീരണനേറ്റ് അര്ജ്ജുനന്റെ കാതുകളിലേക്കു പതിച്ചു. ഈ കനി മഹത്തായ തത്ത്വജ്ഞാനത്തില് നിന്നു സൃഷ്ടിച്ചതും ബ്രഹ്മരസത്തിന്റെ സാഗരത്തില് മുക്കിയെടുത്തതും പരമാനന്ദമാകുന്ന പഞ്ചസാരകൊണ്ടു പൊതിഞ്ഞതുമായിരുന്നു. ഈ വാക്കുകളുടെ പരിശുദ്ധിയും വൈശിഷ്ട്യവും കൊണ്ട് അതിലടങ്ങിയിരുന്ന ഉന്നതമായ വിജ്ഞാനം നുകരണമെന്ന് അര്ജ്ജുനന് ആഗ്രഹിച്ചു. അവന് സ്വര്ഗ്ഗീയസുഖസമ്പത്തുക്കളെ പരിഹസിച്ചു. അവന്റെ ഹൃദയം ഹര്ഷോന്മാദംകൊണ്ടു പുളകിതമായി. ഈ കനിയുടെ ബാഹ്യസൗന്ദര്യം കണ്ടു മോഹിതനായ അവന് അത് ആസ്വദിക്കാന് കൊതിച്ചു. അനുമാനമാകുന്ന പാണിതലംകൊണ്ടു വാരിയെടുത്ത് അനുഭവമാകുന്ന വക്ത്രത്തിലിട്ടു. എന്നാല് വിചാരമാകുന്ന നാവുകൊണ്ട് അതിനെ അലിയിക്കുന്നതിനോ, ഹേതുവാകുന്ന ദന്തങ്ങള്കൊണ്ട് അതിനെ ദംശിക്കുവാനോ കഴിഞ്ഞില്ല. ഇതു മനസ്സിലാക്കിയ അര്ജ്ജുനന് അത്ഭുതപാരവശ്യത്തോടെ സ്വയം പറഞ്ഞു.

ഹോ, ഇതു ജലത്തില് മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളുടെ പ്രതിബിംബംപോലെയാണ്. ഇതിന്റെ ബാഹ്യരൂപം എന്നെ എത്രമാത്രം വഞ്ചിച്ചിരിക്കുന്നു. ഇതു കേവലം വാക്കുകളല്ല. ഇത് ആകാശമാകുന്ന വസ്ത്രങ്ങളില് കാണുന്ന ഞൊറിവുകളാണ്. നമ്മുടെ ബുദ്ധികൊണ്ട് ഇതില് ഗഹനമായ അര്ത്ഥം അളക്കുവാന് കഴിയുന്നില്ല.

ഇതെല്ലാം എപ്രകാരമാണു വെളിവാക്കേണ്ടതെന്ന വിചാരത്തോടെ അര്ജ്ജുനന് അച്യുതനെ നോക്കി. ധീരനായ ആ യോദ്ധാവ് അദ്ദേഹത്തോട് കെഞ്ചിപ്പറഞ്ഞു :

പ്രഭോ, ബ്രഹ്മം, കര്മ്മം, അദ്ധ്യാത്മം, അധിഭൂതം, അധിദൈവം തുടങ്ങിയ ഈ വാക്കുകളൊന്നും ഞാന് മുമ്പു കേട്ടിട്ടില്ലെന്നുള്ളതു വിചിത്രമായിരിക്കുന്നു. സാധാരണയായി ശ്രദ്ധയോടെ ശ്രവിച്ചു കൊണ്ടിരിക്കുന്ന ശ്രോതാക്കള്ക്ക് വിവിധ തത്ത്വങ്ങളുടെ അര്ത്ഥം വിശദീകരിച്ചു മനസ്സിലാക്കികൊടുക്കുക. അസാധ്യമല്ല.എന്നാല് അങ്ങയുടെ ഈ സംവാദം ലളിതമായ ഒന്നല്ല. വിസ്മയത്തോടെയാണ് ഒരുവന് ഈ വാക്കുകള് കേള്ക്കുന്നത്. ഇതു ശ്രവിക്കുമ്പോള് ആശ്ചര്യം പോലും അമ്പരന്നുപോകുന്നു.

അങ്ങയുടെ വാക്കുകളാകുന്ന കിരണങ്ങള് കാതുകളാകുന്ന വാതായനങ്ങളില്കൂടി കടന്ന് എന്റെ ഹൃദയത്തെ തലോടിയപ്പോള് അത്ഭുതപാരവശ്യംകൊണ്ട് എന്റെ ശ്രദ്ധതന്നെ വഴുതിപ്പോയി. എനിക്ക് ഈ വാക്കുകളുടെ അര്ത്ഥം അറിയാന് അതിയായ ആകാംക്ഷയുണ്ട്. അല്പംപോലും കാത്തിരിക്കാന് ക്ഷമയില്ല. ആകയാല് അല്ലയോ ദേവാ, ഒട്ടും സമയം കളയാതെ അത് എനിക്ക് വിശദീകരിച്ച് തന്നാലും.

നോക്കുക. എത്ര വിദഗ്ധമായിട്ടാണ് അര്ജ്ജുനന് ഭഗവാനോട് കാര്യങ്ങള് ചോദിച്ചത് ? ഭഗവാന് ഇതിനകം പറഞ്ഞകാര്യങ്ങളെപ്പറ്റി ഓര്മ്മിപ്പിച്ചുകൊണ്ടും ആ വക കാര്യങ്ങള് കൂടുതലായി അറിയണമെന്നുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടും ഹൃദയസ്പൃക്കായ വിധത്തിലാണ് അര്ജ്ജുനന് ഭഗവാനോട് സംസാരിച്ചിത്.

വിനയത്തിന്റെ അതിരുകള് ലംഘിക്കാതെ ഏറ്റവും ശാലീനതയോടെയാണ് അര്ജ്ജുനന് ഭഗവാനോടു കാര്യങ്ങള് പറഞ്ഞത്. ഭഗവാനെ ആശ്ളേഷിക്കാന് അര്ജ്ജുനന് മുതിര്ന്നില്ല. ഒരു ഗുരുവിനോട് ഉപദേശം ആവശ്യപ്പെടുമ്പോള് എത്രമാത്രം അവധാനതയോടെയാണ് ശിഷ്യന് പെരുമാറേണ്ടതെന്ന് അര്ജ്ജുനന് നല്ലതുപോലെ അറിയാമായിരുന്നു.

സവ്യസാചിയായ അര്ജ്ജുനന്റെ ചോദ്യങ്ങളും അതിനു സര്വ്വജ്ഞനായ ഭഗവാന്റെ ഉത്തരങ്ങളും എത്രത്തോളം ചാതുര്യത്തോടെയാണ് സഞ്ജയന് പറഞ്ഞുകേള്പ്പിക്കുന്നതെന്നറിയുക. ആ വിവരണം ശ്രദ്ധിക്കുക. കാതുകള് കേള്ക്കുന്നതിനു മുമ്പു തന്നെ കണ്ണുകള്ക്ക് അതിന്റെ അര്ത്ഥം മനസ്സിലാകും.

തേനോലുന്ന ആ വാക്കുകളുടെ മാധുര്യത്തെ ബുദ്ധി ആസ്വദിക്കുന്നതിനുമുമ്പായി ആ വാഗ്ധോരണിയുടെ സൗകുമാര്യം ഇന്ദ്രിയങ്ങളെ വശീകരിക്കും. മുല്ലപ്പൂവിന്റെ പരിമളം നാസികയ്ക്ക് ഹൃദ്യമായി അനുഭവപ്പെടുന്നതുപോലെ, അതിന്റെ നയനസുഭഗത്വം നേത്രങ്ങളെയും രഞ്ജിപ്പിക്കുന്നില്ലേ? അതുപോലെ ഭാഷയുടെ മനോഹാരിത ഇന്ദ്രിയങ്ങള്ക്കു സന്തുഷ്ടി നല്കിക്കഴിയുമ്പോള് അത് അത്യന്തം ഗഹനങ്ങളായ സിദ്ധാന്തങ്ങളെ മനസ്സിലാക്കുന്നതിനു തയാറായിക്കൊള്ളും.

ആകയാല് നിവൃത്തിനാഥിന്റെ ശിഷ്യനായ ജ്ഞാനേശ്വരന് പറയുന്നു. ശ്രദ്ധിച്ചുകേള്ക്കുക. ഈ വാക്കുകള് മറ്റു സംഭാഷണങ്ങളെല്ലാം നിശബ്ദമാക്കും.

ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്ജ്ജുനസംവാദേ
ജ്ഞാനവിജ്ഞാനയോഗോ നാമ
സപ്തമോ ദ്ധ്യായഃ

ജ്ഞാനവിജ്ഞാനയോഗം എന്ന ഏഴാം അദ്ധ്യായം കഴിഞ്ഞു.




കടപ്പാട് ഗുരു പരമ്പരയോട് 

No comments:

Post a Comment