Saturday, 22 July 2017

ഭഗവദ്ഗീത(part-50)

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 16

ആബ്രഹ്മഭുവനാല്ലോകാഃ
പുനരാവര്ത്തിനോഽര്ജ്ജുന
മാമുപേത്യ തു കൗന്തേയ
പുനര്ജന്മ ന വിദ്യതേ

അല്ലയോ അര്ജുനാ! ബ്രഹ്മലോകം ഉള്പ്പെടെയുള്ള സകലലോകങ്ങളും പുനര്ജ്ജന്മത്തെ പ്രാപിക്കുന്നവയാകുന്നു. അല്ലയോ കുന്തീപുത്ര! എന്നാല് എന്നെ പ്രാപിക്കുന്നവര്ക്ക് പുനര്ജ്ജന്മമുണ്ടാകുന്നതല്ല.

ശ്രേഷ്ഠനായ ബ്രഹ്മാവിനു പോലും ജനനമരണങ്ങളില് നിന്നു രക്ഷപ്പെടാന് സാധ്യമല്ല. അപ്പോള് പിന്നെ ആ ബ്രഹ്മാത്മാവുമായി ഐക്യം പ്രാപിച്ചവന്റെ സ്ഥിതി പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരും ജനനമരണങ്ങളുടെ പാതയില് കൂടി സഞ്ചരിച്ചേമതിയാകൂ. എന്നാല് മരണമടഞ്ഞവന് വയറുവേദന അനുഭവിക്കാന് ഇടയാകാത്തതുപോലെ, ഉറക്കമുണര്ന്നവന് ഉറക്കത്തില് കണ്ട സ്വപ്നത്തിലെ വെള്ളപ്പൊക്കത്തില് മുങ്ങിമരിക്കാത്തപോലെ, എന്നെ പ്രാപിച്ചവന് ജനനമരണങ്ങളുടെ പരിവൃത്തി ഒരിക്കലും അനുഭവിക്കാന് ഇടയാവുകയില്ല.

യഥാര്ത്ഥത്തില് നാമരൂപങ്ങളുള്ള സകല പ്രപഞ്ചത്തിന്റേയും ശിരസ്സിന്റെ സ്ഥാനമാണ് ബ്രഹ്മലോകത്തിനുള്ളത്. അതു ശാശ്വതമായഎല്ലാറ്റിന്റെയും അടിത്തറയാണ്. ത്രൈലോക്യമാകുന്ന ഉന്നതപര്വതത്തിന്റെ ഏറ്റവും ഉയര്ന്ന ശിഖരമാണ്. അവിടെ ബ്രഹ്മദേവന്റെ ഒരു ദിവസത്തിന്റെ ചെറിയ ഭാഗം മാത്രമേ ഇന്ദ്രന്റെ ആയുസ്സ് നിലനില്ക്കുകയുള്ളു. ഒരു ദിവസത്തില് മൊത്തം പതിന്നാല് ഇന്ദ്രന്മാരാണ് അവിടെ വരുകയും പോകുകയും ചെയ്യുന്നത്.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 17

സഹസ്രയുഗപര്യന്ത-
മഹര്യദ് ബ്രഹ്മണോ വിദുഃ
രാത്രിം യുഗസഹസ്രാന്താം
തേഽഹോരാത്രവിദോ ജനാഃ

ബ്രഹ്മാവിന്റെ ഒരു പകല് ആയിരം ചതുര്യുഗങ്ങളാണെന്നും അതുപോലെ രാത്രിയും ആയിരം ചതുര്യുഗങ്ങളാണെന്നും ആരറിയുന്നുവോ, അവര് അഹോരാത്രങ്ങളെ അറിയുന്നവരാകുന്നു (അവര് സര്വജ്ഞന്മാരാകുന്നുവെന്നര്ത്ഥം.)

ബ്രഹ്മാവിന്റെ ഒരു പകല് എന്നുപറയുന്നത് മനുഷ്യരുടെ ആയിരം ചതുര് യുഗങ്ങളാണ്. രാത്രിയുടെ ദൈര്ഘ്യവും അത്രതന്നെ വരും. ഇപ്രകാരം ദിനരാത്രങ്ങളുള്ള ബ്രഹ്മലോകത്തിന്റെ നഭോമണ്ഡലത്തില് കഴിച്ചുകൂട്ടുന്ന ഭാഗ്യവാന്മാര് മര്ത്ത്യ ലോകത്തിലേക്കു മടങ്ങിപ്പോകാതെ സ്വര്ഗ്ഗത്തില് ദീര്ഘനാളുകള് ആനന്ദകരമായി വസിക്കുന്നു. വിപുലമായ ഈ കാലചക്രത്തിന്റെ പരിധിയില് വരുന്ന നിസ്സാരന്മാരായ ദേവന്മാരുടെ കാര്യം എന്തു പറയാനാണ്? അവരില് മുഖ്യനായ ദേവേന്ദ്രന്റെ പരിതാപകരമായ ജീവിതദൈര്ഘ്യം തന്നെ നോക്കുക. ബ്രഹ്മദേവന്റെ ഒരു ദിവസത്തില് പതിന്നാല് ഇന്ദ്രന്മാരാണ് ഭരണാധികാരികളായി വരുന്നത്. എന്നാല് ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും സ്വന്തനേത്രങ്ങള്കൊണ്ടു കാണുന്നവരെ അഹോരാത്രജ്ഞാനികള് എന്നു വിളിക്കുന്നു.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 18

അവ്യക്താത് വ്യക്തയഃ സര്വ്വാഃ
പ്രഭവന്ത്യഹരാഗമേ
രാത്ര്യാഗമേ പ്രലീയന്തേ
തത്രൈവാവ്യക്ത സംജ്ഞകേ.

ശ്ലോകം 19

ഭൂതഗ്രാമഃ സ ഏവായം
ഭൂത്വാ ഭൂത്വാ പ്രലീയതേ
രാത്ര്യാഗമേഽവശഃ പാര്ത്ഥ
പ്രഭവത്യഹാരാഗമേ.

ബ്രഹ്മാവിന്റെ പകല് തുടങ്ങുന്നതോടെ പ്രകൃതിയുടെ അവ്യക്തസ്ഥിതിയില് നിന്നും എല്ലാ പ്രപഞ്ചനാമരൂപങ്ങളും ഒന്നൊന്നായി ആവിര്ഭവിക്കുന്നു. ബ്രഹ്മാവിന്റെ രാത്രി ആരംഭിക്കുന്നതോടെ ആ അവ്യക്തസ്ഥിതിയില്തന്നെ ഒന്നൊന്നായി വീണ്ടും ലയിക്കുകയും ചെയ്യുന്നു.

അല്ലയോ അര്ജുന, മുമ്പുണ്ടായിരുന്ന പ്രാണിസമൂഹം തന്നെ പിന്നെയും പിന്നെയും ജനിച്ച് രാത്രിയുടെ ആരംഭത്തില് ലയത്തെ പ്രാപിക്കുന്നു. പിന്നെയും പകല് ആരംഭിക്കുമ്പോള് അതു കര്മ്മവശാല് പരാധീനമായിട്ടു ജനനത്തെ പ്രാപിക്കുന്നു- സകലപ്രപഞ്ചങ്ങളും പ്രളയകാലത്തു സൂക്ഷ്മമാവസ്ഥയെ പ്രാപിക്കുകയും സൃഷ്ടികാലത്തു സ്ഥൂലാവസ്ഥയെ പ്രാപിക്കുകയും ചെയ്യുന്നുവെന്നര്ത്ഥം.

ബ്രഹ്മാവിന്റെ ഒരു പകല് ഉദിക്കുമ്പോള് അവ്യക്തസ്ഥിതിയിലിരിക്കുന്ന പ്രകൃതിയില് നിന്നും എല്ലാ പ്രപഞ്ചരൂപനാമങ്ങളും ഓന്നൊന്നായി ആവിര്ഭവിക്കുന്നു. പകല് കഴിയുമ്പോള്, പ്രകടിതമാക്കപ്പെട്ട സൃഷ്ടിയാകുന്ന സാഗരം വറ്റി വരളുന്നു. വീണ്ടും ഉദയത്തില് അതു രൂപം കൊള്ളുന്നു. ശരല്ക്കാലത്തിന്റെ ആവിര്ഭാവത്തോടെ കാര്മുകില് വാനില് നിന്ന് അപ്രത്യക്ഷമാകുന്നു. ഗ്രീഷ്മകാലത്തിന്റെ അവസാനത്തോടെ അവ വീണ്ടും പ്രത്യക്ഷപ്പെടുന്നു. അതുപോലെ ബ്രഹ്മാവിന്റെ പകല് തുടങ്ങുമ്പോള് ഈ പ്രപഞ്ചം നിലവില് വരുകയും നാലായിരം യുഗങ്ങളുടെ അവസാനം വരെ നിലനില്ക്കുകയും ചെയ്യുന്നു. ഞാന് ഇതെല്ലാം നിന്നോടു പറയുന്നതിന്റെ ഉദ്ദേശം പ്രപഞ്ചത്തിന്റെ ഉല്പത്തിയും ക്ഷയവും ബ്രഹ്മലോകത്തിലെ ഒരു പകലും രാത്രിയുമായിട്ടാണ് നടക്കുന്നതെന്നു നിന്നെ അറിയിക്കാനാണ്. നോക്കുക, എത്രമഹത്തരമാണ് അതിന്റെ പരിമണം. സൃഷ്ടിക്കപ്പെട്ട ലോകങ്ങളത്രയും ബ്രഹ്മപുരിയെ ചൂഴ്ന്നു നില്ക്കുന്നവയാണ്. എന്നാല് ജനനമരണചക്രത്തിന്റെ അത്യുന്നത ശൃംഗവുമാണ്. അല്ലയോ അര്ജുന, പകല് ആരംഭിക്കുമ്പോള് ഈ പ്രപഞ്ചം വികസിക്കാന് തുടങ്ങുകയും രാത്രിയാകുന്നതോടെ അതിന്റെ പൂര്വാവസ്ഥയിലേക്കു മടങ്ങിപ്പോവുകയും ചെയ്യുന്നു. വൃക്ഷം വിത്തിനുള്ളില്അന്തര്ഹിതമായി ഇരിക്കുന്നതുപോലെയോ, കാര്മേഘം വാനത്തില് ലയിച്ചുചേരുന്നപോലെയോ, നാനാത്വം ഏകത്വത്തില് മുഴുകി ഐക്യം പ്രാപിക്കുന്ന അവസ്ഥയാണ് സമത്വം.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 20

പരസ്തസ്മാത്തു ഭാവോഽന്യോഽ-
വ്യക്തോ ഽവ്യക്താത് സനാതനഃ
യഃ സ സര്വ്വേഷു ഭൂതേഷു
നശ്യത്സു ന വിനശ്യതി.

എന്നാല് ആ അവ്യക്തത്തിനപ്പുറം ഇന്ദ്രിയങ്ങള്ക്കോ മനസ്സിനോ വ്യക്തമായി അനുഭവിക്കാന് കഴിയാത്തതും സനാതനവുമായ മറ്റൊരവ്യക്തഭാവം ഉണ്ട്. ആ (ബ്രഹ്മ) ഭാവം സകലഭൂതങ്ങള് നശിച്ചാലും നാശത്തെ പ്രാപിക്കുന്നില്ല.

ഇപ്രകാരമുള്ള ഒരവസ്ഥയില് , തൈരായിത്തീരുന്ന പാലിന്റെ നാമവും രൂപവും നഷ്ടപ്പെടുന്നതു പോലെ, സൃഷ്ടിക്കപ്പെട്ട ഒരു ജീവിയുടേയും ഛായപോലുമില്ലാത്തിടത്ത്, തുല്യമോ അതുല്യമോ അതുല്യമോ ആയ എന്തെങ്കിലും ഉണ്ടെന്ന് ആര്ക്കും പറയാന് സാധ്യമല്ല. പ്രപഞ്ചത്തിന്റെ വിഘടനം സംഭവിക്കുന്നതോടുകൂടി പ്രപഞ്ചം അപ്രത്യക്ഷമാകുന്നു. എന്നാല് സൃഷ്ടിക്കുമുമ്പ് ഉണ്ടാക്കുന്നതു പോലെ അതിന്റെ നിലനില്പ് തുടരുന്നു. അതിനെ അവ്യക്തമെന്നോ അപ്രകടിതമെന്നോ പറയുന്നു. അതു രൂപം പ്രാപിക്കുമ്പോള് വ്യക്തവും പ്രകടിതവുമായ പ്രപഞ്ചമാകുന്നു. ഇതില് ഒന്നു മറ്റൊന്നില് ഉള്പ്പെട്ടിരിക്കുന്നതുകൊണ്ട് ഇവ രണ്ടും വ്യത്യസ്തമായ അവസ്ഥകളല്ല. ഓരോന്നിന്റേയും അര്ത്ഥം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. യഥാര്ത്തില് ഈ നാമങ്ങള് പ്രതിഭാസങ്ങള് മാത്രമാണ്.

സ്വര്ണ്ണം ഉരുക്കുമ്പോള് അതു സ്വര്ണ്ണദണ്ഡായി അറിയപ്പെടുന്നു. എന്നാല് ആഭരണങ്ങളായി രൂപാന്തരപ്പെടുത്തുമ്പോള് അതിന്റെ ഘനസ്വരൂപം അപ്രത്യക്ഷമാകുന്നു. സ്വര്ണ്ണത്തില് ഇപ്രകാരമുള്ള രണ്ടു രൂപാന്തരങ്ങള് സംഭവിക്കുന്നതുപോലെ, പ്രകടിതമായതും അപ്രകടിതമായതുമായ പ്രപഞ്ചം ബ്രഹ്മത്തിന്റെ രണ്ടു രൂപങ്ങളാണ്. ബ്രഹ്മം സ്വയം പ്രകടിതമോ അപ്രകടിതമോ അല്ല. അതു നശിക്കുന്നതോ നശിപ്പിക്കാവുന്നതോ അല്ല. അത് ഇതിനെല്ലാം അതീതവും അനശ്വരമായി സ്വയം നിലനില്ക്കുന്നതുമാണ്. എഴുതിയിരിക്കുന്നതു മായിച്ചുകളഞ്ഞാലും എഴുത്തിലെവാക്കുകളുടെ അര്ത്ഥം മനസ്സില് തങ്ങിനില്ക്കുന്നതു പോലെ, പ്രപഞ്ചത്തിന്റെ രൂപത്തില് ദര്ശിക്കാന് കഴിയുന്ന ബ്രഹ്മം പ്രപഞ്ചത്തിനുനാശം സംഭവിക്കുമ്പോള് നശിക്കുന്നില്ല.

ശ്രദ്ധിക്കുക. തിരമാലകള് ഉയരുകയും താഴുകയും ചെയ്യുമ്പോഴും അതിലുള്ള ജലം എപ്പോഴും അതില്തന്നെ നിലനില്ക്കുന്നു. അതുപോലെ ജീവികള് നശിക്കുമ്പോഴും ബ്രഹ്മം അതിന്റെ അനശ്വരരൂപം നിലനിര്ത്തുന്നു. ആഭരണങ്ങള് ഉരുക്കുമ്പോഴും സ്വര്ണ്ണം നിലനില്ക്കുന്നതുപോലെ ജീവജാലങ്ങള് ക്ഷയിക്കുമ്പോഴും ബ്രഹ്മം അക്ഷയമായി നിലനില്ക്കുന്നു.

കടപ്പാട് ഗുരു പരമ്പരയോട്

No comments:

Post a Comment