Friday, 21 July 2017

ഭഗവദ്ഗീത(part-48)

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 6

യം യം വാപി സ്മരന് ഭാവം
ത്യജത്യന്തേ കളേബരം
തം തമേവൈതി കൗന്തേയ
സദാ തദ്ഭാവഭാവിതഃ

അല്ലയോ അര്ജുനാ, മരണവേളയില് ഒരുവന് ഏതേതുരൂപത്തെ സ്മരിച്ചുകൊണ്ടു ദേഹത്തെ ഉപേക്ഷിക്കുന്നുവോ, ജീവിതത്തില് അധികസമയവും ആ രൂപത്തെ തന്നെ ചിന്തിച്ചു കഴിഞ്ഞിരുന്ന അവന് അതതുരൂപത്തെ തന്നെ പ്രാപിക്കുന്നു.

സാധാരണയായി, മരണസമയം സമാഗതമാകുമ്പോള് ഒരുവന് ഏതിനെപ്പറ്റി ചിന്തിക്കുന്നുവോ അവന് അതായിത്തീരുന്നുവെന്നാണ് പൊതുതത്ത്വം. നിര്ഭാഗ്യവാനായ ഒരാള് ഭയപ്പെട്ട് അതിവേഗത്തില് അനിയന്ത്രിതമായി ഓടുമ്പോള് ആപല്ക്കരമായി ഒരു കിണറ്റില് വീഴാന് ഇടയായാല് അത് ഒഴിവാക്കുന്നതിന് ആരെക്കൊണ്ടും സാധ്യമല്ല. അതുപോലെ മരണവേളയില് ചിന്തിക്കുന്നതെന്താണോ, അത് ആയിത്തീരാതിരിക്കാന് അവനു സാധ്യമല്ല. ഒരുവന് ഉണര്ന്നിരിക്കുമ്പോള് ആഗ്രഹിക്കുന്ന കാര്യങ്ങള് അവന് ഉറക്കത്തില് സ്വപ്നം കാണുന്നു. അതുപോലെ ഒരുവന് ജീവിച്ചിരിക്കുമ്പോള്, അവന്റെ ഹൃദയത്തില് താലോലിച്ചു നിര്ത്തിയിരുന്ന ആഗ്രഹങ്ങള്, മരണസമയത്ത് അവന്റെ മനസ്സില് പ്രചുരമായി വിരിയുന്നു. അങ്ങനെ ഒരുവന് മരണസമയത്ത് ഏതേതു ഭാവമാണോ ഭാവനചെയ്തുകൊണ്ടുദേഹം വിട്ടുപോകുന്നത്, അവന് അതതുഭാവത്തെത്തന്നെ പ്രാപിക്കാന് ഇടവരുന്നു.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 7

തസ്മാത് സര്വ്വേഷു കാലേഷു
മാമനുസ്മര യുദ്ധ്യ ച
മയ്യര്പ്പിതമനോബുദ്ധിഃ
മാമേവൈഷ്യസ്യസംശയഃ

അതിനാല് എല്ലാകാലത്തിലും എന്നെ സ്മരിച്ചാലും. യുദ്ധവും ചെയ്യുക. എന്നില് മനോബുദ്ധികളെ അര്പ്പിച്ച നീ എന്നെത്തന്നെ പ്രാപിക്കും. ഈ കാര്യത്തില് യാതൊരു സംശയവുമില്ല.

ആകയാല് അര്ജ്ജുന, നീ എല്ലായ്പോഴും എന്നെപ്പറ്റി ചിന്തിക്കണം. നിന്റെ കണ്ണുകള്ക്കു ഗോചരമാകുന്ന എല്ലാറ്റിന്റേയും, നിന്റെ കാതുകള് ശ്രവിക്കുന്ന എല്ലാ ശബ്ദത്തിന്റെയും, , നിന്റെ മനസ്സില് ചിന്തിക്കുന്ന സര്വ്വത്തിന്റോയും, നിന്റെ നാവുകൊണ്ടു സംസാരിക്കുന്ന സകലത്തിന്റേയും, അകത്തും പുറത്തുമുള്ള വിഷയം ഞാന് തന്നെയാണ്. എല്ലാറ്റിലും എല്ലാക്കാലത്തും ഞാന് അധിവസിക്കുന്നു. ഈ വസ്തുത മനസ്സിലാക്കിയാല് നിനക്കു ഞാനുമായി സാത്മ്യം പ്രാപിക്കാന് കഴിയും. ഇപ്രകാരം സംഭവിക്കുമ്പോള് , ഈ ശരീരം ഉപേക്ഷിക്കുന്ന അവസരത്തിലും, നിനക്കു മരണത്തെ ഭയപ്പെടേണ്ടതില്ല. അപ്പോള് പിന്നെ യുദ്ധത്തില് മരിക്കുമെന്നുള്ള ഭീതിക്കു സ്ഥാനമെവിടെ? നിന്റെ മനസ്സും ബുദ്ധിയും യഥാര്ത്ഥത്തില് എനിക്ക് അര്പ്പിക്കപ്പെട്ടു കഴിഞ്ഞാല് നീ എന്നെ പ്രാപിക്കും. ഇതു നിന്നോടുള്ള എന്റെ സുനിശ്ചിതമായ വാഗ്ദാനമാണ്. ഇത് എങ്ങനെ നടപ്പാക്കാമെന്നു നിനക്കു വല്ല സംശയവുമുണ്ടെങ്കില് നീ യോഗാനുഷ്ഠാനം നടത്തിശ്രമിച്ചു നോക്കണം. എന്നിട്ടും നിനക്ക് ഇതിന്റെ ഫലം ലഭിക്കുന്നില്ലെങ്കില് നീ എന്നോടു കോപിച്ചുകൊള്ളുക.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 8

അഭ്യാസയോഗയുക്തേന
ചേതസാ നാന്യഗാമിനാ
പരമം പുരുഷം ദിവ്യം
യാതി പാര്ത്ഥാനുചിന്തയന്

അല്ലയോ അര്ജുന, അഭ്യാസം കൊണ്ട് ആത്മാനുഭവം നേടിയതും തുടര്ന്നുള്ള യോഗാനുഭവം കൊണ്ട് അന്യവിഷയത്തില് പ്രവേശിക്കാതെയുമിരിക്കുന്ന മനസ്സുകൊണ്ട് പ്രകാരരൂപനായ പരമപുരുഷനെ ധ്യാനം ചെയ്യുന്നവന് ആ പരമപുരുഷനെ തന്നെ പ്രാപിക്കുന്നു.

യോഗാനുഷ്ഠാനം കൊണ്ടു നിന്റെ ചിത്തം ശുദ്ധവും ശക്തവുമാക്കിത്തീര്ക്കണം. ശരിയായ മാര്ഗ്ഗം സ്വീകരിച്ചാല് മുടന്തനുപോലും ഒരു മല കയറാന് കഴിയും. അതുപോലെ അഭ്യാസംകൊണ്ടു നിന്റെ മനസ്സ് പരബ്രഹ്മത്തില് കേന്ദ്രീകരിക്കുക. അപ്പോള് പിന്നെ നിന്റെ ശരീരം നിലനില്ക്കുകയോ നശിക്കുകയോ ചെയ്യുന്നത് ഒരു പ്രശ്നമല്ല. വിവിധ ലക്ഷ്യങ്ങളുടെ പിന്നാലെ പാഞ്ഞു നടക്കുന്നമനസ്സ് ആത്മാവില് ഉറച്ചാല് ശരീരം നിലനില്ക്കുന്നുവെന്നോ നശിച്ചുവെന്നോ ആരാണ് ഓര്മ്മിക്കുക? ശബ്ദായമാനമായി കുലംകുത്തി പാഞ്ഞൊഴുകുന്ന സരിത്ത് സാഗരവുമായി സമ്മേളിച്ചു കഴിഞ്ഞാല് പിന്നെ അതു പുറപ്പെട്ടതിനു ശേഷം എന്തു സംഭവിച്ചുവെന്നറിയാന് തിരുച്ചുവരുമോ? ഒരിക്കലുമില്ല. നദിയും സമുദ്രവും ഒന്നായിത്തീരുന്നു. അതുപോലെ, മനസ്സ് ബ്രഹ്മവുമായി ഏകീകരിക്കുമ്പോള് ജനനനവും മരണവും അവസാനിക്കുന്നു. അതാണ് പരമാനന്ദം.


അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 9

കവിം പുരാണമനുശാസിതാരാ-
മണോരണീയാംസമനുസ്മരേദ്യഃ
സര്വ്വസ്യ ധാതാരമചിന്ത്യരൂപ-
മാദിത്യവര്ണം തമസഃ പരസ്താത്

ശ്ലോകം 10

പ്രയാണകാലേ മനസാഽചലേന
ഭക്ത്യാ യുക്തോ യോഗബലേന ചൈവ
ഭ്രുവോര്മ്മദ്ധ്യേ പ്രാണമാവേശ്യ സമ്യക്
സ തം പരം പുരുഷമുപൈതി ദിവ്യം

ചലിക്കാത്ത മനസ്സോടും ഭക്തിയോടും ധ്യാനബലത്തോടും കൂടിയിരിക്കുന്ന യാതൊരുവന് മരണകാലത്തില് പ്രാണവായുവിനെ പുരികങ്ങളുടെ മധ്യത്തില് വേണ്ടുംവണ്ണം നിര്ത്തിയിട്ട്, സര്വ്വജ്ഞനും ചിരന്തനനും നിയന്താവും അണുവിനെക്കാളും അതിസൂക്ഷ്മമായിരിക്കുന്നവനും സകല പ്രപഞ്ചത്തിനും രക്ഷകനും ചിന്തിപ്പാനാവാത്ത രൂപത്തോടുകൂടിയവും സൂര്യനെപ്പോലെ പ്രകാശമുള്ളവനും മായയെ അതിക്രമിച്ചവനുമായ പരമപുരുഷനെ ഇടവിടാതെ സ്മരിക്കുന്നുവോ, അവന് ദിവ്യമായ പരമാത്മസ്വരൂപത്തെ പ്രാപിക്കുന്നു.

ബ്രഹ്മം നിരാകാരമാണ്. അതിനു ജനനമരണങ്ങളില്ല. അത് അഖണ്ഡവും സര്വസാക്ഷിയുമാകുന്നു. അത് ആകാശത്തേക്കാളും പൗരാണികവും അണുവിനേക്കാളും സൂക്ഷ്മവുമാണ്. അതിന്റെ പ്രഭാവം പ്രപഞ്ചത്തെ കര്മ്മോദ്യുക്തമാക്കുന്നു. അത് എല്ലാറ്റിനേയും സൃഷ്ടിക്കുകയും പ്രപഞ്ചത്തെ നിലനിര്ത്തുകയും ചെയ്യുന്നു. അചിന്ത്യവും ബോധാതീവുമാണത്. ഉറുമ്പുകള്ക്കു തീക്കനലില് കയറാന് പറ്റാത്തതു പോലെ, ഇരുട്ടിനു സൂര്യപ്രകാശത്തില് കയറിപ്പറ്റാന് കഴിയാത്തതു പോലെ, മാംസചക്ഷുസ്സുകള്ക്ക് അതു പകല്വെളിച്ചത്തില് പോലും ദൃഷ്ടിഗോചരമല്ല. എന്നാല് ജ്ഞാനികള്ക്ക് സൂര്യകിരണങ്ങളുടെ ഒരു കുമ്പാരമെന്നതു പോലെ ശാശ്വതപ്രകാശം  പരത്തുന്നതായി അതിനെ ദര്ശിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ കാര്യത്തില് അതിന് ഉദയമോ അസ്തമനമോ ഉണ്ടെന്നു പറയുന്നത് അര്ത്ഥശൂന്യമായ വാക്കുകളാണ്. അദ്ദേഹം മരണവേളയില് അചലമായ മനസ്സോടെ നിരവദ്യമായ ബ്രഹ്മത്തെ സ്മരിക്കുന്നു. അദ്ദേഹം വടക്കോട്ടു ദര്ശനമായി പത്മാസനത്തിലിരുന്ന്, കര്മ്മയോഗത്തിന്റെ ആനന്ദം ഹൃദയത്തില് ഏന്തിക്കൊണ്ട്, ആത്മസാക്ഷാത്കാരത്തോടുള്ള അഭിനിവേശം നിറച്ച ഏകാഗ്രമായ മനസ്സുമായി, യഥാര്ത്ഥമായ ബ്രഹ്മത്തെ കൈവരിക്കാന് തിടുക്കം കൂട്ടുന്നു. അതിനുശേഷം യോഗാഭ്യാസപാടവംകൊണ്ട് പ്രാണവായുവിനെ സുഷുമ്നാനാഡിയില്കൂടി കടത്തി ആജ്ഞാചക്രമെന്ന നാഡീജാലത്തില് കൊണ്ടുവരുകയും അവിടെനിന്ന് ബ്രഹ്മരന്ധ്രത്തിലെത്തിക്കുകയും ചെയ്യുന്നു. പ്രാണന് ചിദാകാശത്തിലെത്തുമ്പോള് അതു മനസ്സുമായി ഒന്നുചേര്ന്നുവെന്ന് ബാഹ്യമായി തോന്നുമെങ്കിലും അതിന്റെ സംയോജനം അയഥാര്ത്ഥമാണ്. അപ്പോള് അതിരറ്റ ആത്മപ്രേമം കൊണ്ടും യോഗബലം കൊണ്ടും ദൃഢമയ അദ്ദേഹത്തിന്റെ മനസ്സിനെ ഭ്രൂമധ്യത്തില് ശാന്തമായി ഉറപ്പിച്ചു നിര്ത്തി ദേഹത്തിനേയും മനസ്സിനേയും ലയിപ്പിക്കാന് ശ്രമിക്കുന്നു. അപ്പോള് ഒരു മണിയുടെ നാദം അവസാനമായി മണിക്കുള്ളില്തന്നെ ലയിച്ച് ഇല്ലാതാകുന്നതു പോലെയോ, ഒരു പാത്രത്തിന്റെ കീഴില് വെച്ചിരിക്കുന്ന വിളക്കിന്റെ ദീപനാളം അണഞ്ഞത് എപ്പോഴാണോന്നോ എങ്ങനെയാണെന്നോ ആര്ക്കും അറിയാന് കഴിയാത്തതു പോലെയോ, അദ്ദേഹം ശാന്തനായി ശരീരം വെടിയുന്നു. അപ്രകാരമുള്ള ഒരുവന് പരബ്രഹ്മത്തില് എത്തിച്ചേരുന്നു. അദ്ദേഹം പരമപുരുഷനാണ്. അദേഹം പരമാനന്ദപദപ്രാപ്തിയിലെത്തി എന്നെ പ്രാപിക്കുന്നു.

**കടപ്പാട് ഗുരു പരമ്പരയോട് **

No comments:

Post a Comment