അദ്ധ്യായം എട്ട് :
അക്ഷരബ്രഹ്മയോഗം
ശ്ലോകം 11
യദക്ഷരം വേദവിദോ വദന്തി
വിശന്തി യദ്യതയോ വീതരാഗാ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ.
വേദാര്ത്ഥങ്ങളെ അറിഞ്ഞിട്ടുള്ളവര് യാതൊന്നിനെ നാശമില്ലാത്തതെന്നു പറയുന്നുവോ, കാമക്രോധങ്ങളെ വിട്ടിരിക്കുന്ന സന്യാസിമാര് യാതൊന്നിനെ പ്രാപിക്കുന്നുവോ, ആ സ്ഥാനത്തെ സംക്ഷേപമായി ഞാന് നിനക്കു പറഞ്ഞു തരാം.
ഉണ്ടാവാനുള്ള എല്ലാറ്റിന്റേയും, ഉണ്ടായിട്ടുള്ള എല്ലാറ്റിന്റേയും, പരമാവസരത്തില് ഉണ്ടാകുന്ന അറിവിന്റെ പൂര്ത്തീകരണമായ വിജ്ഞാനഖനി തന്നെ ആയിത്തീര്ന്നിട്ടുള്ള അഭിജ്ഞന്മാര്, പരിപൂര്ണധാരണയോടെ അതിനെ, നാശമില്ലാത്തത് (അക്ഷരം) എന്നു വിളിക്കുന്നു.
ഉഗ്രമായ ഒരു കൊടുങ്കാറ്റിന് ഛീന്നഭിന്നമാക്കാന് കഴിയാത്തതാണ് യഥാര്ത്ഥവാനം. അഥവാ മറ്റുവിധത്തില് പറഞ്ഞാല്, കാര്മേഘങ്ങള്ക്ക്, ശിഥിലമാകാതെ കൊടുങ്കാറ്റിനു മുന്നില് പിടിച്ചുനില്ക്കാന് കഴിയുകയില്ല. അതുപോലെ ബുദ്ധികൊണ്ട് അറിയാവുന്നതും പരിമണം നിരൂപിക്കാവുന്നതുമായ എന്തും നശ്വരമാണ്. ബുദ്ധിക്ക് അഗോചരമായതും അഗ്രാഹ്യമായതും അനശ്വരമാണ്. ആകയാല് അക്ഷരമെന്നു വേദസാരം ഗ്രഹിച്ചിട്ടുള്ളവര് പറയുന്നത് പരബ്രഹ്മത്തെപ്പറ്റിയാണ്… അത് പ്രകൃതിക്ക് അതീതമാണ്; അജ്ഞാതവുമാണ്.
ദോഷഭൂയിഷ്ഠമായ ഇന്ദ്രിയ വിഷയങ്ങളെ വിഷമെന്നപോലെ മനസ്സില് നിന്നൊഴിവാക്കി, ഇന്ദ്രിയങ്ങളെ ജയിച്ച്, ഐഹികബന്ധങ്ങളെ ത്യജിച്ചിട്ട്, ശരീരമാകുന്ന വ്യക്ഷത്തിന്റെ തണലില് നിശ്ശേഷം വിരക്തരായിരിക്കുന്ന തപസ്വികള്, ഇതിനെ പ്രാപിക്കാനായി അനവരതം കാത്തിരിക്കുന്നു. സ്ഥിതപ്രജ്ഞര് ഇതിനെ അഗാധമായി സ്നേഹിക്കുന്നു. യാതൊരാഗ്രഹങ്ങളും മനസ്സില് ശേഷിച്ചിട്ടില്ലാത്തവര് പോലും ഇതു കരഗതമാക്കാന് അഭിലഷിക്കുന്നു. ഈസ്ഥിതി കൈവരിക്കുന്നതിനുള്ള ഉല്ക്കടമായ അഭിവാഞ്ഛയോടെ, സത്യാന്വേഷികള് ബ്രഹ്മചര്യത്തിന്റെ ദുര്ഘടമായ വ്രതങ്ങള് അനുഷ്ഠിച്ച്, ഇന്ദ്രിയങ്ങളെ നിഷ്കരുണം നിയന്ത്രിക്കുന്നു.
നന്മയുടെ അത്യുന്നതമായ ഈ അവസ്ഥയെ ഗ്രഹിക്കുകയും അവിടെ എത്തിച്ചേരുകയും ചെയ്യുക വളരെ ദുഷ്കരമാണ്. അനശ്വരവും അപ്രമേയവുമായ ഈ മാഹാത്മ്യത്തിന്റെ പ്രാന്തത്തില് വേദങ്ങള്പോലും വിനയാന്വിതരാകുന്നു. മരണവേളയില് എന്നെ ധ്യാനിക്കുന്നവര് ഈ അവസ്ഥ കൈവരിക്കുന്നു. അര്ജുനാ ഒരിക്കല്ക്കൂടി ഞാന് ഇതെപ്പറ്റി പറയാം.
അപ്പോള് അര്ജുനന് പറഞ്ഞുഃ ദേവാ, ഞാന് ഇതേപ്പറ്റി അങ്ങയോടു സംസാരിക്കാന് ഭാവിക്കയായിരുന്നു. എന്നാല് അങ്ങു തന്നെ എന്നോടു കരുണ കാണിച്ചിരിക്കുന്നു. ദയവായി പറഞ്ഞാലും. പക്ഷേ ലളിതമായി പറയണമെന്ന് എനിക്കു പ്രത്യേകം അപേക്ഷയുണ്ട്.
എനിക്കു നിന്നെ ശരിക്കും അറിഞ്ഞുകുടേ? ഞാന് പറയാം. ശ്രദ്ധിച്ചു കേള്ക്കുക.
ഭഗവാന് വീണ്ടും പറഞ്ഞു തുടങ്ങി.
അദ്ധ്യായം എട്ട് :
അക്ഷരബ്രഹ്മയോഗം
ശ്ലോകം 12
സര്വ്വദ്വാരാണി സംയമ്യ
മനോ ഹൃദി നിരുദ്ധ്യ ച
മുര്ദ്ധ്ന്യാധായാത്മനഃ പ്രാണ-
മാസ്ഥിതോ യോഗധാരണാം.
ശ്ലോകം 13
ഓമിത്യേകാക്ഷരം ബ്രഹ്മ
വ്യാഹരന് മാമനുസ്മരന്
യഃ പ്രയാതി ത്യജന് ദേഹം
സ യാതി പരമാം ഗതിം.
ഏതൊരുവന് ഇന്ദ്രിയങ്ങളെയെല്ലാം പിന്വലിച്ച് ഉള്ളിലൊതുക്കി, മനസ്സിനെ ഹൃദയത്തില് ഉറപ്പിച്ച്, പ്രാണവായുവിനെ ഭ്രൂമധ്യത്തില് അടക്കിനിര്ത്തി, ധ്യാനനിഷ്ഠയില് മുഴുകി, ഓം എന്ന ബ്രഹ്മപ്രതീകമായ ഏകാക്ഷരത്തെ നീട്ടിയുച്ചരിച്ച്, എന്നെ ഇടതടവില്ലാതെ സ്മരിച്ചുകൊണ്ടു ദേഹത്തെ വിട്ടുപോകുന്നുവോ, അവന് ബ്രഹ്മാപ്രാപ്തി കൈവരിക്കാന് ഇടയാകുന്നു.
ഹൃദയത്തിനു പുറത്തിറങ്ങി അലഞ്ഞു തിരിഞ്ഞു നടക്കുകയെന്നുള്ള മനസ്സിന്റെ സഹജമായ സ്വഭാവം നിയന്ത്രിച്ച് , അതിനെ ഹൃദയത്തിന്റെ അന്തര്ഭാഗത്ത് ഉറപ്പിച്ചു നിര്ത്തണം ഇതു സാധ്യമാവണമെങ്കില് ഇന്ദ്രിയങ്ങളുടെ എല്ലാ വാതിലുകളും, ഇന്ദ്രിയനിഗ്രഹണം ആത്മനിയന്ത്രണം എന്നീ താഴുകള് ഉപയോഗിച്ചു സ്ഥിരമായി പൂട്ടിയിടണം. മനസ്സിനെ ഇപ്രകാരം തടവിലാക്കിയാല്, അത് അംഗഹീനനായ ഒരുവന് വീടിന്റെ അതിര്ത്തിവിട്ടു വെളിയില് പോകാന് കഴിയാത്തതുപോലെ, ഹൃദയത്തിനുള്ളില് തന്നെ ഉറച്ചുനില്ക്കും മനസ്സ് ശാന്തമായിരിക്കുമ്പോള് ജീവശ്വാസം നിയന്ത്രിച്ചുകൊണ്ടു പ്രണവത്തെ (ഓം) ധ്യാനിക്കുകയും പ്രാണനെ പടിപടിയായി ബ്രഹ്മരന്ധ്രംവരെ ഉയര്ത്തുകയും ചെയ്യണം. അവിടെയെത്തിക്കഴിഞ്ഞാല് , യോഗബലം കൊണ്ട് അവിടെ തന്നെ അതിനെ നിലനിര്ത്തുമ്പോള്, ഓം എന്ന പവിത്രമായ ഒറ്റപ്പദത്തിന്റെ അ, ഉ, മ്, എന്ന മൂന്നുയോഗാംശങ്ങള് ഒന്നുചേര്ന്നു കേവലം ധ്വനിമയമായി ബോധവസ്തുവില് ചെന്നു ലയിക്കുന്നു. അപ്പോള് ഓം എന്ന പ്രതീകവുമായി താദാത്മ്യപ്പെടുന്ന മനസ്സും അതിനെ ആലംബിച്ചുചുരുങ്ങി, ഉച്ചാരണത്തിന്റെ അന്ത്യഘട്ടത്തില് നേരിട്ടു ബോധവസ്തുവില് ചെന്നുപറ്റുന്നു. ഇതോടെ എല്ലാ വിചാരങ്ങളും നശിക്കുന്നു. സങ്കല്പങ്ങളെ ഒഴിച്ചു മാറ്റി ജാഗ്രത് സ്വപ്നസുഷുപ്തികളൊന്നുമില്ലാത്ത ബോധത്തിന്റെ ശുദ്ധമായ അനുഭവ സ്ഥിതിയാണ്അവസാനഘട്ടം. ഉപാസകന്റെ മനസ്സിന് ആശ്രയമരുളി നേരിട്ടു ബ്രഹ്മത്തില് കൊണ്ടെത്തിക്കുന്ന പൂര്ണ്ണപ്രതീകമാണ് ഓം. ഏകാക്ഷരമായ ബ്രഹ്മംതന്നെയാണിത്. ആകയാല് ഓം എന്റെ പേരുമാത്രമാണ്. എന്റെ പരമമായ ഈ രൂപത്തെ സ്മരിച്ചുകൊണ്ടു ദേഹം വെടിയുന്നവന് നിശ്ചയമായും എന്നെ പ്രാപിക്കും. എന്നില്കവിഞ്ഞ് ഒന്നുംതന്നെ അവനു കൈവരിക്കാനാവില്ല.
അര്ജ്ജുനാ, എന്നാല് എങ്ങനെയാണ് ഒരുവന് മരണവേളയില് എന്നെ ഓര്ത്തിരിക്കുന്നതെന്നു നിനക്കു സംശയം തോന്നാം. ഇന്ദ്രിയങ്ങളുടെ പ്രവേശനങ്ങള്ക്കെല്ലാം മാന്ദ്യം സംഭവിക്കുമ്പോള്, ജീവിതസുഖങ്ങളെല്ലാം നശിക്കുമ്പോള്, മരണത്തിന്റെ ലക്ഷണങ്ങള് അകത്തും പുറത്തും പ്രകടമാകുമ്പോള്, ഒരുവന് ആസനസ്ഥനായി ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ഓം എന്ന പ്രണവമന്ത്രത്തെ ധ്യാനിക്കുന്നത് ആരുടെ മനസ്സ് കൊണ്ടാണെന്ന് നീ ചിന്തിക്കുന്നുണ്ടാകും. ഇപ്രകാരമുള്ള ചിന്തയും സംശയവും നീ ദൂരീകരിക്കണം. നീ എന്നും എന്നെ സേവിക്കാന് തയ്യാറായാല് നിന്റെ മരണസമയത്ത് ഞാന് നിന്റെ ദാസനായി നിന്നെ സേവിക്കും.
അദ്ധ്യായം എട്ട് :
അക്ഷരബ്രഹ്മയോഗം
ശ്ലോകം 14
അനന്യചേതാഃ സതതം
യോ മാം സ്മരതി നിത്യശഃ
തസ്യാഹം സുലഭഃ പര്ത്ഥ!
നിത്യയുക്തസ്യ യോഗിനഃ
ശ്ലോകം 15
മാമുപേത്യ പുനര്ജന്മ
ദുഃഖാലയമശാശ്വതം
നാപ്നുവന്തി മഹാത്മാനഃ
സംസിദ്ധിം പരമാം ഗതാഃ
അല്ലയോ അര്ജ്ജുന, അന്യവിഷയത്തില് ചിന്തയില്ലാത്തവനായി യാതൊരുവന് പ്രതിദിനം എപ്പോഴും എന്നെ സ്മരിക്കുന്നുവോ, അപ്രകാരമുള്ള സ്ഥിരമായ മനസ്സോടുകൂടിയ യോഗിക്കു ഞാന് പ്രയാസംകൂടാതെ പ്രാപിക്കത്തക്കവനാകുന്നു. ശ്രേഷ്ഠമായ മോക്ഷത്തെ പ്രാപിച്ച യോഗികള് എന്നെ പ്രാപിച്ചാല് പിന്നെ ദുഃഖങ്ങള്ക്കിരിപ്പിടവും അനിത്യവുമായ, തുടര്ന്നുള്ള ജനനത്തെ പ്രാപിക്കാനിടവരുന്നില്ല.
ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയും ഐഹികസുഖങ്ങളെ ത്യജിക്കുകയും ചെയ്തിട്ടുള്ളവര് എന്നെ ഹൃദയത്തില് പ്രതിഷ്ഠിച്ച് ആനന്ദം അനുഭവിക്കുന്നു. തദവസരത്തില് വിശപ്പും ദാഹവും പോലും അനുഭവിക്കപ്പെടാതെ അവര്ക്ക് അവരുടെ കണ്ണുകളില് പെടുന്ന വസ്തുക്കള് പിന്നെ എങ്ങനെയാണ് ആകര്ഷണങ്ങളാവുക? അപ്രകാരം ഞാനുമായി താദാത്മ്യം പ്രാപിക്കുകയും എന്നില് തന്നെ സമ്പൂര്ണ്ണമായി അധിവസിക്കുകയും ചെയ്യുന്ന അവര്ക്ക് മരണ വേളയില് കടാക്ഷം ലഭിക്കുന്നതിനു പ്രത്യേകമായി എന്നെ സ്മരിക്കേണ്ട ആവശ്യമുണ്ടോ? അങ്ങനെയാണെങ്കില് ജീവിതകാലം മുഴുവന് എന്നെ സേവിക്കുകയും ആരാധിക്കുകയും ചെയ്തതിന് എന്തു പ്രയോജനമാണുള്ളത്? പീഢിതനായ സാധാരണ മനുഷ്യന് പോലും ‘ അല്ലയോ ദൈവമേ’ എന്നു ദീനമായി പരിതപിക്കുമ്പോള് ഞാന് അവനെ സമാധാനിപ്പിക്കാന് ഓടിയെത്താറില്ലേ? ഇതേ പരിഗണനയാണു ജീവിതകാലം മുഴുവന് എന്റെ ഭക്തന്മാരായി കഴിയുന്നവര്ക്കും ഞാന് നല്കുന്നതെങ്കില്, പിന്നെ എന്നെ സ്ഥിരമായി എല്ലായ്പോഴും ഭജിക്കുന്നതിനുള്ള ഔജിക്കുന്നതിനുള്ള ഔത്സുക്യം ആര്ക്കാണുണ്ടാവുക? അതുകൊണ്ട്, അല്ലയോ പാര്ത്ഥ, നിന്റെ മനസ്സില് ഇതെപ്പറ്റി അല്പംപോലും സംശയം ഉണ്ടാവരുത്. എന്റെ ഭക്തന്ന്മാരോട് എനിക്കുള്ള കടപ്പാട് വളരെ വലുതാണ്. അവരെ എല്ലാവിധത്തിലുള്ള കഷ്ടപ്പാടുകളില് നിന്നും മോചിപ്പിക്കാന് ഞാന് സദാ ജാഗരൂകനുമാണ്.
ശരീരത്തില്നിന്നു പിരിഞ്ഞുപോകുമ്പോള് അവര്ക്കുണ്ടാകുന്ന വിരഹതാപം അനുഭവിക്കാതിരിക്കായി ആത്മജ്ഞാനത്തിന്റെ അറയില് ഞാന് അവര്ക്ക് അഭയം നല്കുന്നു. അവരുടെ മനസ്സ് എപ്പോഴും എന്നില്തന്നെ ഏകാഗ്രമായി നില്ക്കുന്നതിനു വേണ്ടി എന്റെ സ്മരണയുടെ ശാന്തവും ഗീതവുമായ തണലില് ഞാന് അവരെ പോറ്റുന്നു. ഇപ്രകാരം, മരണത്തിന്റെ യാതൊരു ദുരവസ്ഥയും അനുഭവിക്കാന് ഇടയാകാതെ എന്റെ ഭക്തന്മാരെ ഭദ്രമായും നിരാമയമായും ഞാനും എന്റെ ശാശ്വതരൂപത്തോടു ചേര്ക്കുന്നു.
എന്റെ ഭക്തന്ന്മാരുടെ ബാഹ്യമായ ശരീരം ഉപേക്ഷിക്കപ്പെടുകയും അവരുടെ അഹംഭാവം നശിക്കുകയും ചെയ്തുകഴിഞ്ഞാല് , പിന്നെ പരിശുദ്ധമായ ആഗ്രഹങ്ങളോടുകൂടിമാത്രം അവര് ഞാനുമായി ഐക്യം പ്രാപിക്കുന്നു. അവര്ക്കു ദേഹവുമായി യാതൊരു ബന്ധവും തോന്നാത്തതു കൊണ്ട്, അതുമായുള്ള വേര്പാട് അവരെ ദുഖിപ്പിക്കുന്നില്ല. ജലത്തില് പ്രതിബിബിക്കുന്ന ചന്ദ്രകിരണങ്ങള് ചന്ദ്രനില്തന്നെ നിലനില്ക്കുന്നവയാകുന്നു. അതുപോലെ, എന്റെ ഭക്തന്മാര് ജീവനോടുകൂടി ഇരിക്കുമ്പോള് അവരില് കാണുന്ന ജീവിതം, പരമാത്മസ്വരൂപത്തിന്റെ പ്രതിഫലനം മാത്രമാണ്. ആകയാല് യോഗത്തില് സതതം നിര്ലീനമായിരിക്കുന്നവര്ക്കു നിഷ്പ്രയാസം എന്നെ പ്രാപിക്കാന് കഴിയും. മരണശേഷം അവര് ഞാനുമായി ഒന്നുചേരുന്നു. നിത്യമായ ആവാസസ്ഥാനത്ത് എത്തിച്ചേര്ന്ന അവര് പിന്നീടൊരിക്കലും ദേഹജീവികളായിതിരിച്ചു പോവുകയില്ല.
അല്ലയോ പാര്ത്ഥ! കഷ്ടപ്പാടുകളാകുന്ന വൃക്ഷങ്ങള് വളരുന്ന ഒരു തോട്ടമാണ് ഈ ശരീരം. അതു താപത്രയങ്ങളാകുന്ന തീക്കനല് നിറഞ്ഞ ഒരടുപ്പാണ്. മരണമാകുന്ന കാകനു നല്കുന്നു നൈവേദ്യമാണ്. അതു മരണഭയത്തെ അധികരിക്കുന്നതിന് ഇടയാക്കാത്തക്കവണ്ണം നിര്ഭാഗ്യത്തെ പരിപോക്ഷിപ്പിക്കുന്നു ദേഹം എല്ലാവിധ ജീവിതദുഃഖങ്ങളുടെയും ഒരു കലവറയാണ്. അതു ക്ഷുദ്രമായ ചിന്തകളുടെ സ്രോതസ്സാണ്. അധാര്മികമായ പ്രവര്ത്തനങ്ങളുടെ പക്വമാര്ന്ന കനിയാണ്. വ്യാമോഹത്തിന്റെ മൂര്ത്തിഭാവമാണ്. ദുരിതത്തിന്റെയും ഐഹികജീവിതത്തിന്റെയും അധിവാസസ്ഥാനമാണ്. കാമവും ക്രോധവും അതില് തഴച്ചുവളരുന്നു. അത് എല്ലാവിധരോഗങ്ങള്ക്കും നല്ക്കുന്ന ആഹാരമാണ്. മരണത്തിനര്പ്പിക്കുന്ന ആഹാരശേഷിപ്പാണ്. വഞ്ചനയുടെ ശേഖരവും വികല്പത്തിന്റെ പ്രവാഹവും മതിഭ്രമത്തിന്റെ ഭ്രാന്തിയും നിറഞ്ഞ അത്, ആഗ്രഹങ്ങളുടെ ജഡരൂപമാണ്. ജനനമരണങ്ങളുടെ പെരുവഴിയാണ്. ഉള്ളറയില് തേളുകളെക്കൊണ്ടു നിറഞ്ഞ അത് വ്യാഘ്രങ്ങളുടെ ഗഹ്വരമാണ്. വ്യഭിചാരിണികളുടെ ഉത്തമസുഹ്യത്തും ഇന്ദ്രിയ സുഖഭോഗങ്ങളുടെ ഉപകരണവുമാണ്. അതു ഒരുദുര്മന്ത്രവാദിനിയുടെ ഭൂതാനുകമ്പ പോലെയോ, വിഷത്തിന്റെ ശീതളപാനീയം പോലെയോ, കപടനാട്യക്കാരായ കള്ളന്മാരില് അര്പ്പിക്കുന്ന വിശ്വാസം പോലെയോ ആണ്. അത് ഒരു കുഷ്ഠരോഗിയുടെ ആശ്ലേഷംപോലെയോ, മാരകമായ സര്പ്പത്തിനു പുറമെ കാണുന്ന മൃദുത്വം പോലെയോ, പക്ഷികളെയും മൃഗങ്ങളെയും വലയിലാക്കുന്ന വേടന്റെ വശ്യസംഗീതം പോലെയോ ആണ്. അത് മനുഷ്യര് ബാഹ്യമായി പ്രകടിപ്പിക്കുന്ന ആദരവുപോലെയോ ആണ്. ചുരുക്കിപ്പറഞ്ഞാല് ദേഹം എല്ലാ ദുരന്തങ്ങളുടേയും ഒരു ദുഃഖാര്ണ്ണവമാണ്. അത് നിദ്രയില് കാണുന്ന സ്വപ്നം പോലെയോ, മരീചികയില് വളര്ന്ന നിബിഡവനംപോലെയോ, ധൂമപടലംകൊണ്ട് ഉണ്ടാക്കപ്പെട്ട ആകാശം പോലെയോ ഉള്ള അയഥാര്ത്ഥ വസ്തുവാണ്. എന്റെ അമേയമായസ്വരൂപവുമായി ഐക്യം പ്രപിക്കുന്നവര്ക്ക്, ഇനിയും ഒരു ജന്മം എടുത്ത് അപ്രകാരമുള്ള ഒരു ശരീരത്തില് ജീവിക്കാന് ഇടയാവുകയില്ല.
കടപ്പാട് ഗുരു പരമ്പരയോട്
No comments:
Post a Comment