Saturday, 22 July 2017

ഭഗവദ്ഗീത(part-52)


അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 26

ശുക്ലകൃഷ്ണേ ഗതീ ഹ്യേതേ
ജഗതഃ ശാശ്വതേ മതേ
ഏകയാ യാത്യനാവൃത്തിം
അന്യയാവാര്ത്തതേ പുനഃ

വെളുപ്പിന്റേയും കറുപ്പിന്റേയുമായ ഈ രണ്ടു മാര്ഗ്ഗങ്ങളും പ്രപഞ്ചഗതി നിയന്ത്രിക്കുന്ന ശാശ്വതമായ മാര്ഗ്ഗങ്ങളാണ്. അവയില് വെളുപ്പിന്റെ മാര്ഗ്ഗം മടങ്ങിവരവില്ലാത്തതും കറുപ്പിന്റെ മാര്ഗ്ഗം വീണ്ടുംമടങ്ങിവരവുള്ളതുമാകുന്നു.

അല്ലയോ അര്ജുനാ, ശാശ്വതമായ രണ്ടു വഴികളാണുള്ളത്. അതില് ഒന്നു ഋജുവും മറ്റേതു വക്രവും ആയിട്ടുള്ളതാണ്. ഇതില് ശരിയായതും തെറ്റായതും ഏതെന്നു കണ്ട്, സത്യമായതും മിഥ്യയായതും ഏതെന്നു തിരിച്ചറിഞ്ഞ്, നിനക്കു നന്മ വരുത്തുന്നതും തിന്മവരുത്തുന്നതും ഏതാണെന്ന് ഉറപ്പുവരുത്തി, അതില്ക്കൂടി ചരിക്കാനായി മനഃപൂര്വം ഈ രണ്ടുവഴികളും നിനക്കു ഞാന് ചൂണ്ടിക്കാട്ടിത്തരുകയായിരുന്നു. സൗകര്യമായി മറുകരയെത്തുന്നതിന് ഒരു വള്ളം സമീപത്തെത്തുമ്പോള് ആരെങ്കിലും ആഴമേറിയ വെള്ളത്തില് ചെന്നുചാടുമോ? ശരിയായ വഴി അറിയാവുന്ന ഒരുവന് ഇടവഴിയില്കൂടി യാത്രചെയ്യാന് തുനിയുമോ? വിഷവും അമൃതും തിരിച്ചറിയാന് കഴിവുള്ളവന് അമൃത് ഉപേക്ഷിക്കുമോ? അതുപോലെ, നേരെയുള്ള വഴി കാണുന്നവന് ഒരു ഊടുവഴി തെരഞ്ഞെടുക്കുകയില്ല. ഒരുവന് സത്യവും മിഥ്യയും വിവേചിച്ചറിയാന് കഴിവുള്ളവനായിരിക്കണം. അപ്പോള് പിന്നെ അശുഭകരമായ സന്ദര്ഭം അവന് ഒഴിവാക്കും. അല്ലാത്തപക്ഷം രണ്ടു വഴികളെ സംബന്ധിച്ചു ചിന്താക്കുഴപ്പംഉണ്ടായാല് അത് ഏറ്റവും ദോഷകരമായി പിരിണമിക്കുന്നതും, ജീവിതം മുഴുവന് നേടിയ യോഗബലം വ്യര്ത്ഥമായിത്തീരുന്നതിന് ഇടയാക്കുന്നതും ആയിരിക്കും. ഒരു യോഗി ജ്യോതിസ്സിന്റെ മാര്ഗ്ഗം നഷ്ടപ്പെട്ട് ധൂമത്തിന്റെ മാര്ഗ്ഗത്തില് കൂടിയാണ് പോകുന്നതെന്നു വിരികില് അവന് സംസാരബന്ധത്തില്പ്പെട്ട് ജനനമരണങ്ങള്ക്കു വിധേയനായിത്തീരും. ഈ വലുതായ അപകടം മുന്നില് കണ്ടുകൊണ്ട് ജീവിതക്ലേശങ്ങളില് നിന്നു രക്ഷപ്പെടനായിട്ടാണ് ഞാന് രണ്ടു യോഗവഴികളെപ്പറ്റിയും നിനക്കു വെളിവാക്കിത്തന്നത്. ഒന്ന്, ഈശ്വരസാക്ഷാത്കാരത്തിനും മറ്റേത് ജനനമരണത്തിനും ഇടയാക്കുന്നു. എന്നാല് വിധികല്പിത പ്രകാരം ഒരുവന്റെ മരണവേളയില് ഏതെങ്കിലും ഒന്നില്കൂടി അവന് ചരിക്കാന് ഇടയാകുന്നു

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 27

നൈതേ സൃതീ പാര്ത്ഥ ജാനന്
യോഗീ മുഹ്യതി കശ്ചന
തസ്മാത് സര്വ്വേഷു കാലേഷു
യോഗയുക്തോ ഭവാര്ജ്ജുന.

അല്ലയോ അര്ജ്ജുന, ഈ രണ്ടു മാര്ഗ്ഗങ്ങളും അറിയുന്നവനായ ഒരു യോഗിയും ലൗകികസുഖങ്ങളിലൊന്നും ഒട്ടിച്ചേരാന് ഇടവരുന്നില്ല. അതുകൊണ്ട് കര്മ്മം എന്തായാലും സദാസമയവും സമനില ശീലിച്ച് ആത്മനിഷ്ഠനായിത്തീരാന് യത്നിക്കൂ.

എന്നാല് ഒരുവന്റെ മരണശേഷം അവന് ഏതു വഴിയില് കൂടിയാണു പോകുന്നതെന്ന് അവന് എങ്ങനെ ഉറപ്പിക്കാം. ഒരുവന് ഈശ്വരസാക്ഷാത്കാരത്തിന് അര്ച്ചിരാദി മാര്ഗ്ഗം ആശ്രയിക്കേണ്ടതിന്റെ ആവശ്യം എന്താണ് ? ശരീരം നശിച്ചാലും ഇല്ലെങ്കിലും ആത്മാവ് പരബ്രഹ്മം തന്നെയാണ്. എന്തുകൊണ്ടെന്നാല് കയറ് ഒരു പാമ്പായി തോന്നുമെങ്കിലും അതു യഥാര്ത്ഥത്തില് കയറു തന്നെയാണ്. ഓളങ്ങള് ജലത്തില് ഉണ്ടാവുകയും മറയുകയും ചെയ്യുന്നതു ജലം അറിയുന്നുണ്ടോ ? ഓളമുണ്ടെങ്കിലും ഇല്ലെങ്കിലും ജലം എപ്പോഴും ജലം തന്നെയാണ്. അതുപോലെ, ജീവിച്ചിരിക്കുമ്പോള് തന്നെ പരബ്രഹ്മത്തില് ലയിച്ചു ചേര്ന്നവരെ വിദേഹികള് എന്നു വിളിക്കുന്നു. ദേഹബുദ്ധി നിശ്ശേഷം നശിച്ച അവര്ക്കു മരിക്കുന്നതിന് ഏതെങ്കിലും പ്രത്യേക സമയം ആവശ്യമുണ്ടോ ? കാലവും ദേശവും ആത്മാവില്തന്നെ ലീനമായിക്കഴിഞ്ഞിരിക്കുന്ന അവര് എവിടേക്കു പോകുന്നതിനാണു ശരിയായ മാര്ഗ്ഗം തിരഞ്ഞെടുക്കേണ്ടത് ? നോക്കുക, ഒരു മണ്കുടം ഉടയുമ്പോള് അതിലുള്ള ആകാശം നേരെ അനന്തമായ ആകാശത്തില് വിലയം പ്രാപിക്കുന്നതിന് എന്തെങ്കിലും വഴി കണ്ടുപിടിക്കേണ്ടതുണ്ടോ ? അല്ലാത്തപക്ഷം അത് ആകാശവുമായി യോജിച്ച് ഒന്നാവുകയില്ലെ ? ഒരു കൂടം ഉടയുമ്പോള് അതിന്റെ രൂപംമാത്രം നശിക്കുന്നുവെന്നുള്ളതാണു സത്യം. അതിനുള്ളിലെ ആകാശം എപ്പോഴും പുറത്തുള്ള ആകാശത്തിന്റെ ഭാഗമാണ്. ആകയാല് ബ്രഹ്മജ്ഞാനം സിദ്ധിച്ചു പരബ്രഹ്മവുമായി താദ്ത്മ്യം പ്രാപിച്ചിട്ടുള്ള യോഗികള് ഒരിക്കലും ശരിയും തെറ്റുമായ വഴികള് ഏതെന്നു നിരൂപിച്ചു ക്ലേശിക്കാറില്ല. ഈ കാരണത്താല്, അല്ലയോ അര്ജ്ജുന, നീ സദാസമയവും യോഗത്തില് തന്നെ മുഴുകിയിരിക്കുകയും അതില്കൂടി അവിച്ഛിന്നമായ സമചിത്തത കൈവരിക്കുകയും ചെയ്യണം. അപ്രകാരമുള്ള അവസ്ഥയില് ഒരുവന് ശരീരം നിലനിര്ത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുമ്പോള് അത് ഏതു സ്ഥലത്തോ സമയത്തോ ആയാലും, പരബ്രഹ്മവുമായി അവന് സ്ഥാപിച്ചിട്ടുള്ള അനന്തവും ശാശ്വതവുമായ ഐക്യത്തെ ഒരു തരത്തിലും ബാധിക്കുന്നതല്ല. അപ്രകാരമുള്ള ഒരുവന് യുഗാരംഭത്തില് ജനിക്കുകയോ യുഗാന്ത്യത്തില് മരിക്കുകയോ ചെയ്യുന്നില്ല. അവനെ സ്വര്ഗ്ഗത്തിലേയോ ഭൂമിയിലേയോ പ്രലോഭനങ്ങള് വിഭ്രമിപ്പിക്കുകയുമില്ല. അപ്രകാരമുള്ള ജ്ഞാനം സമ്പാദിക്കുന്നവന് ഐഹിക സുഖങ്ങളെ ത്യജിച്ചിട്ടു ശരിയായ യോഗിയായിത്തീര്ന്ന് ആത്മ സാക്ഷാത്കാരം നേടുന്നു. എല്ലായിടത്തും എല്ലാവരും പ്രശംസിക്കുന്ന ഇന്ദ്രപദവിയും തത്തുല്യമായ സ്ഥാനമാനങ്ങളും നിരര്ത്ഥകമായിട്ടു കരുതി അവന് അതിനെ ത്യാജ്യകോടിയില്തള്ളുന്നു.

കടപ്പാട് ഗുരു പരമ്പരയോട്

No comments:

Post a Comment