അദ്ധ്യായം ആറ് :ധ്യാനയോഗം
അദ്ധ്യായം ആറ് :ധ്യാനയോഗം
ശ്ലോകം 24
സങ്കല്പപ്രഭവാന് കാമാന്
ത്യക്ത്വാ സര്വ്വാനശേഷതഃ
മനസൈവേന്ദ്രിയഗ്രാമം
വിനിയമ്യ സമന്തതഃ
സങ്കല്പം കൊണ്ടുണ്ടാകുന്ന യോഗത്തിനു പ്രതികൂലങ്ങളായ സകല വിഷയേച്ഛകളും വാസനാ സഹിതം ഉപേക്ഷിച്ച് മനസ്സുകൊണ്ടുതന്നെ ഇന്ദ്രിയ സമൂഹത്തെ സകല വിഷയങ്ങളില് നിന്നു നിവര്ത്തിപ്പിച്ച് യോഗത്തെ അഭ്യസിക്കേണ്ടതാകുന്നു.
അദ്ധ്യായം ആറ് :ധ്യാനയോഗം
ശ്ലോകം 25
ശനൈഃ ശനൈരുപരമേത്
ബുദ്ധ്യാ ധൃതിഗൃഹീതയോ
ആത്മസംസ്ഥം മനഃ കൃത്വാ
ന കിഞ്ചിദപി ചിന്തയേത്
ധാരണയാല് സ്വാധീനപ്പെടുത്തിയ ബുദ്ധികൊണ്ട് മനസ്സിനെ ആത്മാവില്ത്തന്നെ സ്ഥിതിചെയ്യുന്നതാക്കി (നിശ്ചലമാക്കി) ഇരുത്തി ക്രമത്തിലുള്ള അഭ്യാസംകൊണ്ട് മനസ്സിനെ ബാഹ്യവിഷയങ്ങളില് നിന്നും പിന്നെ ഇന്ദ്രിയങ്ങളില് നിന്നും നിവര്ത്തിപ്പിക്കേണ്ടതാകുന്നു. ഒന്നും തന്നെ ചിന്തിക്കാതെയും ഇരിക്കണം.
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 26
യതോയതോനിശ്ചരതി
മനശ്ചഞ്ചലമസ്ഥിരം
തതസ്തതോനിയമ്യൈതത്
ആത്മന്യേവവശംനയേത്
ചഞ്ചലവും അസ്ഥിരവുമായ മനസ്സ്ബാഹ്യവിഷയങ്ങളില് ഏതേതിലേക്കു ചെല്ലുന്നുവോ അതാതില് നിന്നെല്ലാം അതിനെനിയന്ത്രിച്ച്ആത്മാവില്ത്തന്നെ ഉറപ്പിക്കണം.
ബുദ്ധിക്ക്ആത്മധൈര്യത്തിന്റെ ദൃഢമായ പിന്തുണയുണ്ടെങ്കില് അതു മനസ്സിനെ പടിപടിയായി ആത്മാനുഭവത്തിന്റെ പാതയിലേക്കുനയിക്കുകയും പരബ്രഹ്മത്തിന്റെ ശ്രീകോവിലില് പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇത്ഒരുതരത്തിലുള്ള ബ്രഹ്മപ്രാപ്തിയാണ്. ഇപ്രകാരം അനുഷ്ഠിക്കാന് പ്രയാസം തോന്നുന്നുണ്ടെങ്കില് വിഷമംകുറഞ്ഞ മറ്റൊരു വഴി ഞാന് പറയാം. അതിപ്രകാരമാണ്. ഒരുതീരുമാനമെടുത്താല് അതില്നിന്ന്മനസ്സ്യാതൊരു കാരണവശാലും വ്യതിചലിക്കുന്നില്ലെന്നുള്ള ഒരുനിയമം ആദ്യം സ്വയം സ്വീകരിക്കണം. മനസ്സ്നിയമംപാലിച്ച്ഉറച്ചു നില്ക്കുകയാണെങ്കില് കാര്യം വിഷമമില്ലാതെ സാധിക്കും. അതല്ല, മനസ്സ്ഈ നിയമത്തെ അതിലംഘിക്കുകയാണെങ്കില് അതിനെ അതിന്റെ പാട്ടിനു വിട്ടേക്കണം. അതു സ്വതന്ത്രമായി വിഹരിക്കട്ടെ. എന്നാല് അതിനെ മുമ്പുണ്ടാക്കിയ വ്യവസ്ഥകള് തന്നെ പിന്തുടര്ന്ന്തിരികെ യഥാസ്ഥാനത്തു കൊണ്ടുവരും. അതു ക്രമേണ സ്വയമേവ സുസ്ഥിരമാവുകയുംചെയ്യും.
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 27
പ്രശാന്തമനസം ഹ്യേനം
യോഗിനം സുഖമുത്തമം
ഉപൈതി ശാന്തരജസം
ബ്രഹ്മഭൂതമകല്മഷം
രാഗാദി ക്ലേശവിഷയങ്ങള്‍ അറ്റിരിക്കുന്നവനും വളരെ ശാന്തമായ മനസ്സോടുകൂടിയവനും സകലവും ബ്രഹ്മം തന്നെയെന്നുള്ള നിശ്ചയത്തോടുകൂടിയവനും ജീവന്മുക്തനും പാപരഹിതനുമായ ഈ യോഗിയെ ഉത്തമമായ സമാധിസുഖം താനേ പ്രാപിക്കുന്നു.
ഇപ്രകാരം മനസ്സ് സുസ്ഥിരമായിക്കഴിയുമ്പോള്‍ കാലതാമസം കൂടാതെ അത് പരമാത്മാവിന്റെ സമീപം എത്തുന്നു. സത്യമായ പരബ്രഹ്മദര്‍ശനത്തോടെ മനസ്സ് അതുമായി ഐക്യം പ്രാപിക്കുന്നു. മനസ്സിന്റെ ദ്വൈതഭാവം അദ്വൈതഭാവത്തില്‍ നിമഗ്നമാകുന്നു. അപ്പോള്‍ ത്രൈലോക്യങ്ങളും പ്രസ്തുത ഐക്യത്തിന്റെ തേജസ്സില്‍ ശോഭനമായിത്തീരുന്നു. ആകാശത്തില്‍ നിന്നു ഭിന്നമെന്നുതോന്നിയിരുന്ന കാര്‍മേഘങ്ങള്‍ ആകാശത്തില്‍ അലിഞ്ഞുചേരുമ്പോള്‍ വാനം വിശ്വമൊട്ടാകെ വ്യാപരിച്ചുകിടക്കുന്നതായി കാണപ്പെടുന്നതുപോലെ, മനസ്സ് ആത്മാവില്‍ നിമഗ്നമാകുമ്പോള്‍ ആത്മാവിന്റെ സമ്പൂര്‍ണ്ണ ചൈതന്യം പാരിലൊട്ടാകെ പരക്കുന്നു. ഈ വിധത്തില്‍ ആത്മസാക്ഷാല്‍ക്കാരം സുലഭമായി സമ്പാദിക്കാവുന്നതാണ്.
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 28
യുഞ്ജന്നേവം സദാത്മാനം
യോഗീ വിഗതകല്മഷഃ
സുഖേന ബ്രഹ്മസംസ്പര്‍ശം
അത്യന്തം സുഖമശ്നുതേ
ഇപ്രകാരം യോഗത്തിനു പ്രതിബന്ധമായി ഭവിക്കുന്ന രാഗദ്വേഷാദികള്‍ കൂടാതെ എപ്പോഴും മനസ്സിനെ സ്വാധീനമാക്കിക്കൊണ്ടു പാപരഹിതനായ യോഗി അനായാസേന ബ്രഹ്മസാക്ഷാല്‍ക്കാരമായ ഉര്‍ക്കൃഷ്ടസുഖം അനുഭവിക്കുന്നു.(ജീവന്മുക്തനായി ഭവിക്കുന്നുവെന്നര്‍ത്ഥം)
പലരും യോഗത്തിന്റെ ഈ വിധത്തിലുള്ള ക്രമീകരണസമ്പ്രദായം സ്വീകരിച്ചും അഭീഷ്ഠങ്ങളെയെല്ലാം പരിത്യജിച്ചും ആത്മസാക്ഷാല്‍ക്കാരവും പരബ്രഹ്മവുമായി ഐക്യവും കൈവരിച്ചിട്ടുണ്ട്. ബ്രഹ്മവുമായി ഒന്നുചേര്‍ന്ന് കഴിഞ്ഞ ദേഹിയായ ആത്മാവിന് ജലത്തില്‍ അലിഞ്ഞുചേര്‍ന്ന ലവണത്തെ അതില്‍നിന്നു വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തതുപോലെയുള്ള സ്ഥിതിയാണുള്ളത്. ഹര്‍ഷത്തിന്റെ അകമ്പടിയോടെ പരബ്രഹ്മത്തിന്റെ അകത്തളത്തില്‍എത്തിച്ചേരുന്ന മനസ്സ് അവിടെത്തന്നെ ആമോദത്തോടെ വസിക്കുന്നു. പ്രപഞ്ചം മുഴുവനും തന്നെ അദ്വൈതത്തിന്റെ ശ്രീകോവിലാണെന്നും എല്ലാവരും മഹാനന്ദത്തിന്റെ ദീപാവലിയാഘോഷങ്ങള്‍ കൊണ്ടാടുന്നുവെന്നും ഉള്ള അനുഭവം യോഗിക്കുണ്ടാകുന്നു. പക്ഷേ, ഈ വഴിയും പിന്തുടരാന്‍ പ്രയാസമാണെന്നു തോന്നുന്നുവെങ്കില്‍ ഞാന്‍ മറ്റൊരു വഴികൂടി പറയാം ശ്രദ്ധിക്കുക.
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 29
സര്‍വ്വഭൂതസ്ഥമാത്മാനം
സര്‍വ്വഭൂതാനി ചാത്മനി
ഈക്ഷതേ യോഗയുക്താത്മാ
സര്‍വ്വത്ര സമദര്‍ശനഃ
ചിത്തത്തെ ആത്മാവിലുറപ്പിച്ച യോഗി സര്‍വം ബ്രഹ്മമയം എന്നറിഞ്ഞ് ആത്മാവിനെ സര്‍വ്വചരാചരങ്ങളിലും സര്‍വ്വചരാചരങ്ങളെ ആത്മാവിലും കാണുന്നു.
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 30
യോമാം പശ്യതി സര്‍വ്വത്ര
സര്‍വ്വം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി
സ ച മേ ന പ്രണശ്യതി
ആര്‍ എല്ലാറ്റിലും എന്നേയും എല്ലാം എന്നിലും കാണുന്നുവോ അവനു ഞാനോ എനിക്ക് അവനോ ഒരിക്കലും നഷ്ടപ്പെടുകയില്ല.
ഞാന്‍ എല്ലാ ദേഹങ്ങളിലും, എല്ലാ ജീവജാലങ്ങള്‍ എന്നിലും വസിക്കുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഈ ലോകവും അതിലുള്ള എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടതാണെന്നുള്ള ധാരണ നിനക്ക് ഉണ്ടായിരിക്കണം. ആകയാല്‍ എന്റെ ഭക്തന്‍ എന്നെ സര്‍വ്വ ഭൂതങ്ങളിലും ഏകത്വബോധത്തോടെ ദര്‍ശിക്കുകയും സമഭാവത്തോടെ ആരാധിക്കുകയും ചെയ്യുന്നു. ജീവജാലങ്ങള്‍ പലതും വിവിധതരത്തില്‍ ഉള്ളതാണെങ്കിലും ഒരു വ്യത്യാസവും ഇല്ലാതെ എല്ലാറ്റിലും ഒരുപോലെ അവന്‍ എന്നെ ദര്‍ശിക്കുന്നു. ഞാന്‍ എല്ലായിടത്തും എല്ലാറ്റിലും വ്യാപിച്ചിരിക്കുന്നവെന്ന് അവന്‍ അറിയുന്നു. അപ്പോള്‍ പിന്നെ ഞാനും അവനും ഒരുപോലെയാണെന്ന് പറയുന്നത് അപ്രസക്തമാണ്. അല്ലയോ അര്‍ജ്ജുന, നീ അറിയുക. ഞാന്‍ തന്നെയാണ് അവന്‍. ഒരു വിളക്കും അതിന്റെ വെളിച്ചവും ഒന്നായിരിക്കുന്നപൊലെയാണ് ഞാന്‍ അവനിലും അവന്‍ എന്നിലും സ്ഥിതിചെയ്യുന്നത്. ദ്രവത്വം വെള്ളത്തിലും അന്തമില്ലായ്മ ആകാശത്തിലും സഹജമായിട്ടു സ്ഥിതിചെയ്യുന്നതുപോലെ, മേല്‍പ്പറഞ്ഞപ്രകാരമുള്ള ഒരു യോഗി എന്റെ രൂപത്തില്‍ സ്ഥിതിചെയ്യുന്നു. തന്മൂലം അവന്‍ രൂപവാനായിരിക്കുന്നു.
തുടരും
** കടപ്പാട്. ഗുരുപരമ്പരയോട്**
No comments:
Post a Comment