ശ്രീ രമണമഹര്‍ഷി
ചോദ്യം: സ്വപ്നത്തില്‍ തോന്നുന്ന കരണേന്ദ്രിയങ്ങളെയാണോ തന്മാത്രകളെന്നു പറയുന്നത്?
രമണ മഹര്‍ഷി: അല്ല. തന്മാത്രകള്‍ അവയെക്കാളും സൂക്ഷമായിട്ടിരിക്കും, ജാഗ്രത്തിലെ കരണേന്ദ്രിയങ്ങളെക്കാളും സ്വപ്നത്തിലെ കരണങ്ങള്‍ സൂക്ഷ്മമായിരുന്നാലും തന്മാത്രകള്‍ കൂടുതല്‍ സൂക്ഷ്മങ്ങളായിരിക്കും. പഞ്ചീകരണത്തിനുശേഷം തന്മാത്രകള്‍ പ്രത്യേകം പ്രത്യേകം കാര്യകാരണങ്ങളോടുകൂടിയവയായിരിക്കും. സത്വഗുണം മുന്തിനില്‍ക്കുമ്പോള്‍ അവ അന്തഃകരണങ്ങളായിത്തീരുന്നു. ഇതിലും ആകാശത്തിന്‍റെ അംശം കൂടിയിരിക്കുമ്പോള്‍ അതു ജ്ഞാനമായിത്തീരുന്നു. വായുവിന്‍റെ അംശത്താല്‍ മനസ്സും തേജസ്സിന്‍റെ അംശത്താല്‍ ബുദ്ധിയും ജലാംശത്താല്‍ ചിത്തവും പൃഥ്വിയുടെ അംശത്താല്‍ ബുദ്ധിയും അഹങ്കാരവും ജനിക്കുന്നു. ഇവ സമഷ്ടിയിലും വ്യഷ്ടയിലും വൃത്തിപ്പെടുന്നു. രാജോഗുണം വര്‍ദ്ധിക്കുമ്പോള്‍ അവ വ്യഷ്ടിയില്‍ ജ്ഞാനേന്ദ്രിയങ്ങളായിത്തീരുന്നു. തമോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ കര്‍മ്മേന്ദ്രിയങ്ങളാകുന്നു. വ്യഷ്ടിസമഷ്ടികള്‍ക്ക് തന്മാത്ര പൊതുവായതിനാല്‍ ലോകത്തിനും ജീവനും തമ്മിലുള്ള സംബന്ധം സഹജമായിരിക്കുന്നു. തന്മാത്രകള്‍ പ്രകൃതിയില്‍ നിന്നുമുണ്ടാകുന്നു. സൃഷ്ടിയെപ്പറ്റിയുള്ള പ്രവചനങ്ങള്‍ പലവിധത്തിലുണ്ട്. ക്രമസൃഷ്ടി (ക്രമപ്രകാരമുള്ളത്), യുഗപദസൃഷ്ടി (ഒന്നിച്ചുള്ളത്). എല്ലാ പ്രവചനങ്ങളുടെയും താല്‍പര്യം ആദിസ്വരൂപത്തെ നോക്കണമെന്നല്ലാതെ ബാഹ്യലോകാന്വേഷണത്തെപ്പറ്റി പറയുന്നില്ല.
ചോദ്യം: ധ്യാനം അന്തര്‍മുഖത്വത്തിനു സഹായകമായിരിക്കുന്നില്ല.
മഹര്‍ഷി: എന്തിനു വേണ്ടിയാണോ അന്തര്‍മുഖമായിരിക്കുന്നത് നാം എപ്പോഴും ആ സ്വരൂപമായിട്ടു തന്നെയിരിക്കുകയാണ്.
ചോദ്യം: അങ്ങനെയിരുന്നാലും നാമതിനെ അറിയുന്നില്ലല്ലോ
മഹര്‍ഷി: അജ്ഞാനം ആര്‍ക്ക്? എന്തിനെപ്പറ്റി? എന്നെ ഞാനറിയുന്നില്ലെങ്കില്‍ രണ്ടാത്മാവുകളുണ്ടായിരിക്കണമല്ലോ?
ചോദ്യം: രണ്ടു ‘ഞാന്‍’ ഇല്ല. എന്നാലും ദേഹാത്മബോധബന്ധം തുടര്‍ന്നിരിക്കുകതന്നല്ലോ ചെയ്യുന്നു?
മഹര്‍ഷി: ആ ബോധം മനസ്സിനുള്ളതാണ്. ആ ബോധം ഉറക്കത്തിലുണ്ടോ? അപ്പോഴും നീ അവിടെയുണ്ട്. അതിനെ നിഷേധിക്കാനാവുകയില്ല. ആ നീ തന്നെ ഇപ്പോള്‍ ജാഗ്രത്തിലുമിരിക്കുന്നത്. എന്നാലും ബന്ധമിരിക്കുന്നുവെന്നാണ് നീ പറയുന്നത്. ഈ വിപരീത ജ്ഞാനത്തിനു കാരണം എന്ത്? ഉറക്കത്തില്‍ മനസ്സില്ലായിരുന്നു. ഇപ്പോള്‍ അതു ഇളകി നില്‍ക്കുന്നു. മനസ്സിലാത്ത ഉറക്കത്തിലും ആത്മാവായ നീ കുറവൊന്നും കൂടാതെ തന്നെ ഇരിക്കുന്നു.
ചോദ്യം: ഭഗവാനരുളിച്ചെയ്യുന്നതു ശരിയാണെന്നിരുന്നാലും ആ സത്യം അനുഭവത്തിനു വഴങ്ങുന്നില്ലല്ലോ.
മഹര്‍ഷി: ക്രമേണ ധ്യാനം തീവ്രമാകുമ്പോള്‍ അതു സ്വയം പ്രകാശിക്കും.
ചോദ്യം: മനസ്സു കൊണ്ടല്ലേ ധ്യാനിക്കുന്നത്? ആ സ്ഥിതിക്ക് മനോനാശം എങ്ങനെയുണ്ടാകും?
മഹര്‍ഷി: ഒരേ വിചാരത്താല്‍ ഏകാഗ്രമായിരിക്കുന്നതാണ് ധ്യാനം. അപ്പോള്‍ മറ്റു വിചാരങ്ങള്‍ ഒഴിയുന്നു. വ്യതിചലനം ദുര്‍ബലത്വത്തെക്കാണിക്കുകയാണ്. ഒരേ വിചാരം നിരന്തരമായാല്‍ ആ വിചാരം ഒഴിയുന്നു. വിചാരമൊഴിഞ്ഞുള്ള വികാസം തന്നെയാണാത്മാവ്. അജ്ഞാനി ആത്മാവ് ദേഹത്തിനുള്ളിലിരിക്കുന്നുവെന്നു കരുതുന്നു. ജ്ഞാനിയാകട്ടെ, ദേഹം ആത്മാവിനെ ആശ്രയിച്ചുള്ളതാണെന്നു കാണുന്നു.
ചോദ്യം: ഭഗവത്സന്നിധിയില്‍ ലഭിക്കുന്ന ശാന്തി തുടര്‍ന്നിരിക്കാത്തതെന്ത്?
മഹര്‍ഷി: ശാന്തി തന്‍റെ നിജപ്രകൃതിയാണ്. ഈ അനുഭവത്തോടു കൂടിയിരിക്കുന്നതാണ് ഭക്തിയും യോഗവും ജ്ഞാനവും. ഇതഭ്യാസബലത്താല്‍ സിദ്ധിക്കുന്നതാണെന്നു തോന്നാം. സത്യം എന്തെന്നു പറഞ്ഞാല്‍ അഭ്യാസബലത്താല്‍ വിപരീത ജ്ഞാനവും ചലനവും ഒഴിയുമ്പോള്‍ താന്‍ സ്വന്തം ശാശ്വതശാന്തിയില്‍ ഇരിക്കുന്ന പൂര്‍വ്വാനുഭവമുണ്ടാകും.
മറ്റൊരു ചോദ്യത്തിനുത്തരമായി ഭഗവാന്‍ പറഞ്ഞു. ഹൃദയമെന്നതാത്മാവാണ്, അതിന്‍റെ ശക്തിയാണ് മനസ്സ്. മനസ്സ് ചലിക്കുമ്പോള്‍ ലോകം തോന്നപ്പെടുന്നു. ഇപ്രകാരം ലോകവും മനസ്സും അത്മാവിലടക്കം ചെയ്തിരിക്കുന്നു. അന്യമായി ഒന്നുമില്ല.
ചോദ്യം: ധ്യാനം ശീലിക്കുന്നതെങ്ങനെ?
രമണ മഹര്‍ഷി: ധ്യാനം താന്‍ തന്നില്‍ തന്നെ നില്‍ക്കുന്ന ആത്മനിഷ്ഠയാണ്. എന്നാല്‍ മനസ്സിലെ വിചാരങ്ങളെ ഒഴിക്കുന്ന ശ്രമത്തെ ധ്യാനമെന്നു പറഞ്ഞുവരുന്നു. ആത്മനിഷ്ഠ നമ്മുടെ സ്വപ്രകൃതിയാണ്. അതിനെ വിട്ടുപിരിയാതിരുന്നാല്‍ മതി.
ചോദ്യം: വിചാരങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അതിനെ മാറ്റാനാണോ ധ്യാനം?
രമണ മഹര്‍ഷി: അതെ. ഒരേ വിചാരത്തിന്‍റെ മുമ്പില്‍ മറ്റു വിചാരങ്ങള്‍ ഒഴിഞ്ഞുപോകുന്നു. ഈ വിചാരനിഷേധത്താല്‍ മറ്റു വിചാരങ്ങളില്ലാതാകുന്നു.
ചോദ്യം: “ആത്മാസമസ്തം മനഃ കൃത്വാനകിഞ്ചിദപി ചിന്തയേല്‍”. മനസ്സിനെ ആത്മാവിലൊടുക്കണമെന്നും മറ്റൊന്നും ചിന്തിയ്ക്കരുതെന്നും ഗീത പറയുന്നു. ആത്മാവു മനസ്സിനാല്‍ ബന്ധിക്കപ്പെട്ടതായിരിക്കെ, അതില്‍ മനസിനെ കെട്ടുന്നതെങ്ങനെ? ആത്മാവ് രൂപമില്ലാത്തതല്ലേ?
രമണ മഹര്‍ഷി: ധ്യാനിക്കാന്‍ നാം എന്തിനാഗ്രഹിക്കുന്നു? ധ്യാനിക്കുന്നതിനാഗ്രഹിക്കുന്നവരോട് ‘മനസ്സിനെ ഒരേ നിലയില്‍ നിര്‍ത്തുക’ എന്നു ഗീതയില്‍ പറയുന്നു. ധ്യാനിക്കാതെ സ്വന്തം നിശ്ചഞ്ചലപ്രകൃതിയില്‍ എന്തുകൊണ്ടിരുന്നുകൂടാ? മനസ്സുതന്നെ എന്താണ്? വിചാരങ്ങളൊഴിഞ്ഞാല്‍ താന്‍ തന്നില്‍ തന്നെ നില്‍ക്കും.
ചോദ്യം: മനസ്സ് ഏതെങ്കിലും ഒരു രൂപത്തെ പറ്റിനില്‍ക്കാം.
രമണ മഹര്‍ഷി: ആത്മാവ് അരൂപിയല്ലേ? അതിനെ പറ്റിനില്‍ക്കുന്നതെങ്ങനെ?
രമണ മഹര്‍ഷി:മനസിനെ ഏതെങ്കിലും (രൂപ) വിഷയത്തോട് ചേര്‍ത്തു നിര്‍ത്തുന്നതും ധ്യാനവും, താനാരെന്നു താന്‍ തന്നില്‍ തന്നെ അന്വേഷിക്കുന്നതു നിദിധ്യാസനവുമാണ്.
കടപ്പാട് ഗുരുപരമ്പരയോട്
No comments:
Post a Comment