അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 11
യേ യഥാ മാം പ്രപദ്യന്തേ
താംസ്തഥൈവ ഭജാമ്യഹം
മമ വര്ത്മാനുവര്ത്തന്തേ
മനുഷ്യാഃ പാര്ത്ഥ, സര്വ്വശഃ
മനുഷ്യര് ഏതു വിധം എന്നെ ശരണം പ്രാപിക്കുന്നുവോ അതേവിധം തന്നെ ഞാന് അവരെ അനുഗ്രഹിക്കുന്നു. അല്ലയോ പാര്ത്ഥാ, ഏതു ദിശയില് നിന്നും മനുഷ്യര് എന്റെ മാര്ഗ്ഗമാണ് അവലംബിക്കുന്നത്.
എന്നില് ജീവിതം സമര്പ്പിച്ചിട്ടുള്ളവര്ക്ക് അവരുടെ വിശ്വാസത്തിനനുസൃതമായി സ്നേഹവും ശ്രദ്ധയും എന്നില് നിന്നു ലഭിക്കുമെന്നുള്ളത് ക്രമാനുസാരമായ കാര്യം മാത്രമാണ്. എല്ലാ മനുഷ്യരും നൈസര്ഗ്ഗികമായിത്തന്നെ എന്റെ ദിവ്യമായ പൊരുളിനെ ആരാധിക്കാന് തയ്യാറാകുന്നു. എന്നാല് അജ്ഞതകൊണ്ട് അപഥസഞ്ചാരം ചെയ്യുന്ന ആളുകള് , ഒന്നായ എന്നെ പലതായി സങ്കല്പിക്കുന്നു; നാമമില്ലാത്ത എനിക്ക് പല നാമങ്ങളും നല്കുന്നു. നിര്വചിക്കാന് കഴിയാത്ത എന്നെ വിവിധരൂപത്തില് ദേവന്മാരും ദേവികളുമാക്കി വിവരിക്കുന്നു. ഞാന് ഏകനായി തുല്യശക്തിയോടെ എല്ലായിടത്തും സ്ഥിതിചെയ്യുന്നുവെങ്കിലും, കുഴഞ്ഞുമറിഞ്ഞ ചിന്താഗതിക്കടിപ്പെട്ട്, അവര് എന്നെ ഉയര്ന്നതും താഴ്ന്നതുമായ പലതട്ടുകളിലുമായി ദര്ശിക്കുന്നു.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 12
കാങ് ക്ഷന്ത കര്മ്മണാം സിദ്ധിം
യജന്ത ഇഹ ദേവതാഃ
ക്ഷിപ്രം ഹി മാനുഷേ ലോകേ
സിദ്ധിര്ഭവതി കര്മ്മജാ
ഈ ലോകത്തില് കര്മ്മം ചെയ്ത് പലതും നേടാന് കൊതിക്കുന്നവര് ആഗ്രഹവൃത്തിക്കു സഹായികളെന്നു കരുതുന്ന ദേവതകളെ ആരാധിക്കുന്നു. എന്തുകൊണ്ടെന്നാല് മനുഷ്യലോകത്തില് കര്മ്മത്തില്നിന്നുള്ള ഫലസിദ്ധി വേഗമുണ്ടാകുന്നു.
ഇപ്രകാരമുള്ളവര് ബഹുമുഖ ലക്ഷ്യങ്ങളോടെ അവരവരുടെ മനോഭാവം അനുസരിച്ച് വിവിധ ദേവതകളെ, ശരിയായ ആചാരക്രമങ്ങളോടും ആരാധനാ വ്യവസ്ഥകളോടും കൂടി ആരാധിക്കുന്നു. അതിന്റെ ഫലമായി ആവശ്യമുള്ളത് ഈ ദേവതകളില്നിന്നു നേടിയെടുക്കുന്നതില് അവര് വിജയിക്കുന്നു. എന്നാല് ഇത് അവരുടെ കര്മ്മഫലം മാത്രമാണെന്നുള്ള രഹസ്യം അവര്മനസ്സിലാക്കുന്നില്ല. ഈ ലോകത്ത് ഒരുവന്റെ സ്വന്തം കര്മ്മങ്ങളെക്കാള് വലുതായി ഒരു ദാനകര്ത്താവില്ല. യഥാര്ത്ഥത്തില് ഈ കര്മ്മത്തില്, നല്കുന്നവനും വാങ്ങുന്നവനും കര്മ്മങ്ങള് തന്നെയാണ് കര്മ്മങ്ങള്മാത്രമേ ഈ ലോകത്തില് ഫലങ്ങളെ ജനിപ്പിക്കുകയുള്ളൂ. വിതയ്ക്കുന്നത് മാത്രമാണ് ഫലമായി നാം കൊയ്തെടുക്കുന്നത്. കണ്ണാടിയുടെ മുന്നില് കാണിക്കുന്ന വസ്തുവിന്റെ പ്രതിബിംബം മാത്രമേ കണ്ണാടിയില് പ്രതിഫലിക്കുകയുള്ളൂ. മലയുടെ അടിവാരത്തിലിരുന്നു പുറപ്പെടുവിക്കുന്ന ശബ്ദം മാത്രമേ പ്രതിദ്ധ്വനിക്കുകയുള്ളു. അതുപോലെ, വിവിധ ദേവതമാരോടുള്ള ആരാധനയുടെ അടിസ്ഥാന വിശ്വാസം ഞാനാണെങ്കില് ഒരോരുത്തനും അവനവന്റെ ആഗ്രഹവും കര്ത്തവ്യപാലനവും അനുസരിച്ചുള്ള കര്മ്മഫലം മാത്രമേ ലഭിക്കുകയുള്ളൂ.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 13
ചതുര് വര്ണ്ണ്യം മയാ സൃഷ്ടം
ഗുണകര്മ്മവിഭാഗശഃ
തസ്യ കര്ത്താരമപി മാം
വിദ്ധ്യകര്ത്താരമവ്യയം
ബ്രാഹ്മണന്, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന് എന്ന നാലു വര്ണ്ണങ്ങള് ഗുണങ്ങളുടെയും കര്മ്മങ്ങളുടെയും വിഭാഗത്തെ അനുസരിച്ച് എന്നാല് സൃഷ്ടിക്കപ്പെട്ടു. ഞാന് അതിന്റെ കര്ത്താവാണെങ്കിലും പരമാര്ത്ഥത്തില് എന്നെ അകര്ത്താവായും വ്യയമില്ലാത്തവനായും അറിഞ്ഞാലും.
സത്ത്വാദിഗുണങ്ങളുടേയും വിഭാഗത്തോടുകൂടിയതാണ് ബ്രാഹ്മണന്, ക്ഷത്രിയന്,വൈശ്യന്, ശൂദ്രന് എന്നീ നാലു വര്ണ്ണങ്ങള്. അവയെ ഞാന് സൃഷ്ടിച്ചു എന്നറിയുക. അതോടൊപ്പം പ്രകൃതിഗുണങ്ങളുടെ സ്വഭാവാനുസൃതമായ കര്മ്മങ്ങളും ഞാന് ഏര്പ്പെടുത്തുകയുണ്ടായി. മനുഷ്യര് എല്ലാവരും മൗലികമായ തത്വങ്ങളില് ഒരുപോലെയാണ്. എന്നാല് അവരുടെ പ്രകൃതിഗുണങ്ങളുടേയും കര്മ്മങ്ങളുടെയും അടിസ്ഥാനത്തില് അവര് നാലു വര്ണ്ണങ്ങളായി തരംതിരിക്കപ്പെടുന്നു. ഇക്കാരണത്താല് അല്ലയോ ധനുര്ദ്ധരാ, ഞാന് ചാതുര്വര്ണ്ണത്തിന്റെ അകര്ത്താവാണെന്നും അറിയുക.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 14
ന മാം കര്മ്മാണി ലിമ്പന്തി
ന മേ കര്മ്മഫലേ സ്പൃഹാ
ഇതി മാം യോഽഭിജാനാതി
കര്മ്മഭിര്ന സ ബദ്ധ്യതേ
കര്മ്മങ്ങളെന്നും എനിക്ക് ഒരു കളങ്കവും ഉണ്ടാക്കുന്നില്ല; എനിക്ക് കര്മ്മഫലത്തില് ആഗ്രഹവുമില്ല. ഇപ്രകാരമുള്ളവനാണു ഞാനെന്ന് യാതൊരുവന് മനസ്സിലാക്കുന്നുവോ അവന് കര്മ്മങ്ങളാല് ബദ്ധനായിത്തീരുന്നില്ല.
ശ്ലോകം 15
ഏവം ജ്ഞാത്വാ കൃതം കര്മ്മ
പൂര്വ്വൈരപി മുമുക്ഷുഭിഃ
കുരു കര്മ്മെവ തസ്മാത് ത്വം
പൂര്വ്വൈഃ പൂര്വ്വതരം കൃതം
ഇപ്രകാരം (അഹങ്കാരം മുതലായവ കൂടാതെ ചെയ്യപ്പെടുന്ന കര്മ്മം ബന്ധകരമായി ഭവിക്കുന്നില്ലെന്ന്) അറിഞ്ഞിട്ടും പണ്ടുമുതല് സത്യാന്വേഷികള് കര്മ്മം അനുഷ്ഠിച്ചിട്ടുണ്ട്. അതുകൊണ്ട് പൂര്വ്വികന്മാര് പണ്ടുചെയ്തുപോന്ന പ്രകാരം നീയും കര്മ്മത്തെത്തന്നെ ചെയ്യുക.
ഇപ്രകാരം എല്ലാവിധത്തിലുമുള്ളതായ ജീവിതവ്യവ്യവസ്ഥകളുടെയും ഉല്പ്പത്തി എന്നില്നിന്നാണെങ്കിലും ഞാന് അതിന്റെ കര്ത്താവല്ല. ഇതറിയുന്നവന് എല്ലാബന്ധത്തില് നിന്നും മുക്തനാകും. ഇതറിയാതെ മുന്കാലങ്ങളില് പലരും മുക്തിനേടുന്നതിനു വേണ്ടി കര്മ്മങ്ങള് ചെയ്തിട്ടുണ്ട്. എന്നാല് ഈ കര്മ്മങ്ങള്ക്ക് യാതൊരു ഫലവും സിദ്ധിക്കുകയില്ല. വരണ്ടുണങ്ങിയ വിത്തുകള് വിതച്ചാല് കിളിര്ക്കാത്തതുപോലെ ഈകര്മ്മങ്ങള് ഫലശൂന്യങ്ങളായി പോകും. ഫലത്തില് ആശവെയ്ക്കാതെ ചെയ്യുന്ന കര്മ്മങ്ങള്കൊണ്ട് ആരും ബന്ധിതരാകുന്നില്ല. അതു മോക്ഷത്തിലേക്കു നയിക്കും. അര്ജുനാ,വിവേകിയായ ഒരു സത്യാന്വേഷി കര്മ്മത്തേയും അവന്റെ ഇഷ്ടാനിഷ്ടപ്രകാരം വ്യാഖ്യാനിക്കുന്നതു ശരിയല്ല.
തുടരും.....
കടപ്പാട്.ഗുരുപരമ്പരയോട്
No comments:
Post a Comment