അദ്ധ്യായം മൂന്ന് : കര്മ്മയോഗം
ശ്ലോകം 31, 32
യേ മേ മതമിദം നിത്യം
അനുതിഷ്ഠന്തി മാനവഃ
ശ്രദ്ധാവന്തോ അനസൂയന്തോ
മുച്ച്യന്തേ തേ പി കര്മ്മഭിഃ
യേ ത്വേതദഭ്യസൂയന്തോ
നാനുതിഷ്ഠന്തി മേ മതം
സര്വ്വജ്ഞാനവിമൂഢാംസ്താന്
വിദ്ധി നഷ്ടാനചേതസഃ
അര്ഥം :
ആരൊക്കെയാണോ എന്റെ വാക്കുകള് വിശ്വസിച്ച് എന്നില് ദോഷത്തെ ആരോപിക്കാതെ എന്റെ ഈ ഉപദേശത്തെ അനുസരിച്ചു നടക്കുന്നത്, അവര് ധര്മ്മാധര്മ്മങ്ങളായ സകല കര്മ്മങ്ങളില് നിന്നും മോചിതരാകുന്നു.
എന്നാല് ആരൊക്കെയാണോ എന്റെ ഈ നിര്ദ്ദേശം ദോഷ ദൃഷ്ടിയോട് കൂടി വീക്ഷിച്ച് അനുസരിക്കാതിരിക്കുന്നത്, അവര് വിവേകശൂന്യരും ബ്രഹ്മവിഷയമായും, കര്മ്മവിഷയമായുമുള്ള ജ്ഞാനത്തില് മൂഢന്മാരുമാണ്. അവരെ നശിച്ചു പോയവരായി ധരിച്ചു കൊള്ളൂക.
ഭാഷ്യം :
വ്യക്തമായ എന്റെ ഈ അനുശാസനങ്ങള് ബഹുമാനത്തോടെ അംഗീകരിക്കുകയും വിശ്വാസ്യതയോടെ അനുഷ്ഠിക്കുകയും ചെയ്യുന്നവര് എല്ലാ കര്മ്മങ്ങളുടെയും ബന്ധനത്തില് നിന്ന് മോചിതരായിത്തീരും. അതുകൊണ്ട് നിശ്ചിത ജോലികള് ശങ്കാവിഹീനം ചെയ്യേണ്ടത് നിന്റെ കര്ത്തവ്യമാണ്.
നേരെ മറിച്ചു മായാ മോഹത്തിന്റെ പിടിയില്പ്പെട്ടു ഇന്ദ്രിയങ്ങളുടെ അതിലാളനകള്ക്കു വിധേയരായി, എന്റെ ഉപദേശങ്ങളെ നിരാകരിക്കുകയോ അത് വെറും വീണ്വാക്കാണെന്നു പറഞ്ഞ് നിന്ദാപൂര്വ്വം പരിഹസിക്കുകയോ ചെയ്യുന്ന ഒരുവന്, കാമോന്മാദമാകുന്ന വീഞ്ഞിന്റെ ലഹരിയല് ഇന്ദ്രിയ വിഷയങ്ങളാകുന്ന വിഷം കൊണ്ട് അഭിഷിക്തനായി, അജ്ഞതയാകുന്ന ചെളിക്കുണ്ടില് പുതഞ്ഞുപോയിരിക്കുന്ന പാപാത്മാവാണ്. ഒരു പിണത്തിന്റെ കൈയ്യില്വെയ്ക്കുന്ന രത്നം ഉപയോഗശൂന്യമാകുന്നത് പോലെ, ഒരന്ധന് പ്രഭാതകിരണങ്ങള് ആസ്വദിക്കാന് കഴിയാത്തത് പോലെ, ചന്ദ്രോദയം കൊണ്ട് കാക്കയ്ക്ക് ഒരു പ്രയോജനവും ഇല്ലാത്തത് പോലെ, മൂഢന്മാര്ക്ക് വിജ്ഞാനം വിവേചിച്ചറിയാന് പറ്റുകയില്ല. എന്റെ ഉപദേശങ്ങള്ക്ക് ഈ വിഡ്ഢികള് ചെവി കൊടുക്കുകയില്ല. പ്രത്യുത അതിനെ അപഹസിക്കുകയും ചെയ്യും. ഈയ്യാംപാറ്റയ്ക്ക് വിളക്കിന്റെ പ്രകാശം നേരിടാന് കഴിയുമോ?അതുപോലെ ഇതു സ്വാഭാവികം മാത്രമാണ്. ദീപത്തെ ആശ്ലേഷിക്കാന് ഒരുമ്പെടുന്ന ഈയ്യാംപാറ്റയേ ദീപം തന്നെ നശിപ്പിക്കുന്നത് പോലെ ഇന്ദ്രിയവിഷയങ്ങളുടെ സുഖാനുഭൂതിയില്പ്പെട്ടു ഈ വിഡ്ഢികള് സ്വയം നശിക്കുന്നു.
അദ്ധ്യായം മൂന്ന് : കര്മ്മയോഗം
ശ്ലോകം 33
സദൃശംചേഷ്ടതേ സ്വസ്യാഃ
പ്രകൃതേര്ജ്ഞാനവാനപി
പ്രകൃതിം യാന്തി ഭൂതാനി
നിഗ്രഹഃ കിം കരിഷ്യതി.
അര്ഥം :
ആത്മജ്ഞാനി പോലും സ്വന്തം സ്വഭാവത്തിനനുരൂപമായിത്തന്നെ പ്രവര്ത്തിക്കുന്നു. എന്തെന്നാല് സകലപ്രാണികളും പ്രകൃതിയെ (പൂര്വ്വകര്മ്മ സംസ്കാരത്തിന്നധീനമായിരിക്കുന്ന സ്വഭാവത്തെ)അനുസരിക്കുന്നു. ഇന്ദ്രിയങ്ങളെയോ മനസ്സിനേയോ ബലാല് പിടിച്ചടക്കിയത് കൊണ്ട് എന്തു പ്രയോജനമാണ്?
ഭാഷ്യം :
ആകയാല് അങ്ങിനെയുള്ളവരോട് സംസാരിക്കുന്നതിനുകൂടി ഇടയാകരുത്. ജ്ഞാനികള് നേരമ്പോക്കിനായിട്ടു പോലും ഇന്ദ്രിയ വിഷയങ്ങളെ താലോലിക്കരുത്. ഒരുവന് സര്പ്പത്തിനോടൊപ്പം സുരക്ഷിതമായി വിഹരിക്കുവാന് കഴിയുമോ? ഒരു വ്യാഘൃത്തിനോടൊപ്പം സുരക്ഷിതമായി വിഹരിക്കാന് കഴിയുമോ? ഒരു വ്യാഘ്രത്തിനോട് മമത കാണിച്ചുവിജയിക്കുവാന് പറ്റുമോ? മാരകമായ വിഷംകഴിച്ചു ദഹിപ്പിക്കാമോ? തമാശക്കുവേണ്ടി കത്തിച്ച തീയാണെങ്കിലും അതു പടര്ന്നുപിടിക്കാന് ഇടയായാല് അനിയന്ത്രിതമായിത്തീരും. അത്പോലെ ഇന്ദ്രിയങ്ങളെ അതിന്റെ ഇഷ്ടത്തിനു വിട്ടാല് അത് ദുരന്തം വരുത്തിവയ്ക്കും.
പ്രകൃതിയുടെ കാരുണ്യത്തിലാണ് ശരീരത്തിന്റെ നിലനില്പ്പ്. പിന്നെ എന്തിനാണ് ശരീരത്തിനു വിവിധതരത്തിലുള്ള ആനന്ദാനുഭൂതി നല്കാന് നാം കിണഞ്ഞു പരിശ്രമിക്കുന്നത്. ? സ്വതന്ത്രമല്ലാത്ത ശരീരത്തിനു വേണ്ടി രാവും പകലും ഉഴലുന്നതെന്തിനാണ്? ആവശ്യത്തിലും കവിഞ്ഞ സാധനാസാമഗ്രികള് സംഭരിച്ചുവെച്ചു ജനനം മുതല് മരണം വരെ ഈ ശരീരത്തെ പരിപാലിക്കുന്നത് എന്തിനാണ് ? സ്വധര്മ്മത്തിനു വിലോപം വരുത്തിയിട്ട്, ക്ഷീണിതരാകുന്നതു വരെ പണി എടുത്ത് പണം സമ്പാദിച്ചു ദേഹത്തെ പരിപോഷിപ്പിക്കുന്നത് എന്തിനാണ്? പഞ്ചഭൂതങ്ങളാല് നിര്മ്മിതമായ ഈ ശരീരം പഞ്ചഭൂതങ്ങളിലേക്ക് അലിഞ്ഞു ചേരുമ്പോള് നമ്മുടെ അദ്വാനത്തിന്റെ പ്രതിഫലമായി നമുക്ക് എന്താണ് ലഭിക്കുന്നത്? അതുകൊണ്ട് ശരീര പോഷണത്തിനു വേണ്ടി അനര്ഹമായ ശ്രദ്ധ ചെലുത്തുന്നത് സ്വയം നാശകരമാണെന്നറിഞ്ഞാലും.
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യം
---------------------------------------------------
അദ്ധ്യായം മൂന്ന് : കര്മ്മയോഗം
ശ്ലോകം 34
ഇന്ദ്രിയസ്യേന്ദ്രിയസ്യാര്ത്ഥേ
രാഗദ്വേഷൌ വ്യവസ്ഥിതൌ
തയോര്ന്ന വശമാഗച്ഛേത്
തൌ ഹൃസ്യ പരിപന്ഥിനൌ
അര്ഥം :
ഓരോ ഇന്ദ്രിയത്തിനും അതിന്റേതായ വിഷയത്തില് ഇഷ്ടമുള്ളതിനോട് രാഗവും ഇഷ്ടമില്ലാത്തതിനോടും ദ്വേഷവും നിയമേന കാണപ്പെടുന്നു. അവയ്ക്ക് അടിമപ്പെട്ടു പോകരുത്. എന്തെന്നാല് അവ ഇവന്റെ ശത്രുക്കളാകുന്നു.
ഭാഷ്യം :
ഇന്ദ്രിയങ്ങള്ക്ക് ഇഷ്ടമുള്ള വിഷയങ്ങള് നല്കിയാല് മനസ്സ് സന്തുഷ്ടമാകുമെന്നാണ് പറയപ്പെടുന്നത്. എന്നാല് ഇത് കേവലം വ്യാമോഹമാണ്. നിര്ദ്ദോഷികളെപ്പോലെ കാണപ്പെടുന്ന കൊള്ളക്കാരുടെ കൂട്ടുകെട്ടു പട്ടണാതിര്ത്തിവരെ മാത്രം മനസ്സമാധാനം നല്കുന്നത് പോലെയാണിത്. ആളൊഴിഞ്ഞ സ്ഥലത്ത് ചെല്ലുമ്പോള് കൂട്ടുകാര് കൊള്ളക്കാരായി പ്രത്യക്ഷപ്പെടും. ഒരുവന് ഇന്ദ്രിയ വിഷയങ്ങളില് ആനന്ദം കണ്ടെത്തുമ്പോള് അവന് അതിനോട് കാമം ജനിക്കുകയും
അത് അവസാനം മാരകമായി ഭവിക്കുകയും ചെയ്യുന്നു. ചൂണ്ടയില് കോര്ത്തിട്ടിരിക്കുന്ന ഇര ഒരു മത്സ്യത്തെ മോഹിപ്പിക്കുന്നത്പോലെ,
ഇന്ദ്രിയങ്ങളില് നൈസര്ഗികമായി അടങ്ങിയിട്ടുള്ള ആഗ്രഹം ആയ യഥാര്ത്ഥമായ ഒരു സുഖ ഭോഗത്തിന്റെ പ്രത്യാശ ഉണര്ത്തുന്നു. തീറ്റി സാധനം കൊണ്ട് മറയ്ക്കപ്പെട്ടിരിക്കുന്ന ഒരു ചൂണ്ട തന്റെ ജീവനെ ഹനിക്കുന്നതാണെന്നു മത്സ്യം അറിയാത്തത് പോലെ, ഇന്ദ്രിയ വിഷയങ്ങളോടുള്ള ആഭിമുഖ്യവും അഭിനിവേശവും ഒരുവന് നാശകരമാണെന്ന് അവന് മനസ്സിലാക്കുന്നില്ല. ഇന്ദ്രിയവിഷയങ്ങളോടുള്ള അവന്റെ ആസക്തി അവനെ ജ്വലിക്കുന്ന കോപാഗ്നിയില് കൊണ്ടുചെന്നു ചാടിക്കും.
ഒരു വേട്ടക്കാരന് എല്ലാ ഭാഗത്തു നിന്നും മാനിനെ തുരത്തി കൊല്ലുന്നതിനു സൗകര്യമുള്ള ഭാഗത്തേക്ക് ഓടിക്കുന്നത് പോലെയാണ്, ഇന്ദ്രിയവിഷയങ്ങള് അനുഭവിച്ച് ആനന്ദിക്കണമെന്നുളള ഒരുവന്റെ ആഗ്രഹം, അവന്റെ വിവേചനശക്തിയേ ഓടിച്ചിട്ടു പിടിച്ച് നശിപ്പിക്കുന്നത്. അത്കൊണ്ട് അല്ലയോ പാര്ത്ഥ, നീ ഒഴിവാക്കേണ്ട അപകടകാരികളും വഞ്ചകന്മാരുമായ രണ്ടു ശത്രുക്കളാണ് രാഗവും ദ്വേഷവും. അതുമായിട്ടു കൂട്ടുപിടിക്കരുതെന്നു മാത്രമല്ല, അവയെപ്പറ്റി ചിന്തിപ്പാന്പോലും പാടില്ല. സഹജമായിട്ടുള്ള നിന്റെ ആനന്ദാവസ്ഥയെ നീ നശിപ്പിക്കരുത്.
അദ്ധ്യായം മൂന്ന് : കര്മ്മയോഗം
ശ്ലോകം 35
ശ്രേയാന് സ്വധര്മ്മോ വിഗുണഃ
പരധര്മ്മാത് സ്വനുഷ്ഠിതാത്
സ്വധര്മ്മേ നിധനം ശ്രേയഃ
പരധര്മ്മോ ഭയാവഹഃ
അര്ഥം :
നല്ലവണ്ണം അനുഷ്ഠിക്കപ്പെടുന്ന അന്യധര്മ്മത്തെക്കാളും ശ്രേയസ്കരമാണ്, നിന്ദ്യമായിരുന്നാലും സ്വധര്മ്മം. എന്തെന്നാല് സ്വധര്മ്മം അനുഷ്ഠിക്കുന്നവനു മരണം പോലും ശ്രേഷ്ഠമാകുന്നു. അന്യധര്മ്മാനുഷ്ഠാനം, ഭയത്തെ ഉണ്ടാക്കുന്നു.
ഭാഷ്യം :
എത്രത്തോളം പ്രമാദങ്ങളോ പ്രയാസങ്ങളോ ഉള്ളതായിരുന്നാലും സ്വധര്മ്മാനുസൃതമായ കര്മ്മങ്ങള്ക്കു വേണ്ടി അനവരതം യത്നിക്കുന്നത്, ശ്രമരഹിതമായ പരധര്മ്മങ്ങള് അനുഷ്ഠിക്കുന്നതിനേക്കാള് ശ്രേഷ്ഠമാണ്. പരധര്മ്മം മേന്മയുള്ളതാണെന്നു തോന്നിയാല് പോലും ഒരുവന് അവന്റെ ധര്മ്മം മാത്രമാണ് അനുഷ്ഠിക്കേണ്ടത്. എന്തിനാണ് ഒരുവന് അന്യായമായ ആഗ്രഹങ്ങള്വെച്ചു പുലര്ത്തുന്നതും അവ സാദ്ധ്യമാകുമ്പോള് അവയെ സ്വീകരിക്കുന്നതും? മറ്റുള്ളവരുടെ രമ്യഹര്മ്യങ്ങള് കണ്ടിട്ട് ഏന്തിനാണ് ഒരുവന് പുല്ലുമേഞ തന്റെ കുടില് പൊളിച്ചു കളയുന്നത്?
അഗ്നിസാക്ഷിയായി വിവാഹം കഴിച്ച സ്ത്രീ വിരൂപയാണെങ്കിലും അവളുമൊത്ത് ദാമ്പത്യജീവിതം കഴിക്കുകയാണ് ശരിയായ ധര്മ്മം. അതുകൊണ്ട് ഏറ്റവും അശക്യവും ആയാസകരമാണെങ്കിലും ഒരുവന് അവന്റെ ധര്മ്മം പാലിച്ചെങ്കില് മാത്രമേ പരലോകത്ത് രക്ഷയുള്ളൂ. പഞ്ചസാര ചേര്ത്ത പാല് മാധുര്യം ഏറിയ ഒരു പാനീയമാണ്. പക്ഷേ അത് വിരയുടെ ശല്യമുള്ള ഒരു രോഗിയുടെ ആരോഗ്യത്തിനു ഹാനീകരമാണ്. എന്നിട്ടും അത് കുടിക്കണമെന്നു അപ്രകാരമുള്ള ഒരുരോഗി നിര്ബന്ധം പിടിക്കുന്നത് അവന്റെ അറിവില്ലായ്മ കൊണ്ട് മാത്രമാണ്. അതിന്റെ ദുഷഫലങ്ങള് അവന് അനുഭവിക്കേണ്ടി വരും. അത് കൊണ്ട് ഒരുവന് ശ്രേയസ്കരമായിട്ടുള്ളത് എന്താണെന്ന് അവന് ശ്രദ്ധാപൂര്വ്വം ആലോചിക്കണം.
മറ്റുള്ളവര്ക്ക് നല്ലതായി കാണപ്പെടുന്ന കാര്യങ്ങള് തനിക്ക് അനുയോജ്യമല്ലെന്ന് തോന്നിയാല് അത് ഉപേക്ഷിക്കണം. സ്വകര്മ്മാനുഷ്ഠാനത്തില് ഒരുവന് മരിക്കുന്നതായാല് പോലും അത് ഇഹത്തിലും പരത്തിലും അവന് ശ്രേയസ്കരമായിരിക്കും.
ദേവാധിദേവനായ ശ്രീകൃഷ്ണന്റെ ഈദൃശവാക്കുകള് കേട്ടപ്പോള് അര്ജുനന് പറഞ്ഞു ;
ഭഗവാനേ, അങ്ങു പറഞ്ഞതെല്ലാം ഞാന് ശ്രദ്ധാപൂര്വ്വം കേട്ടു. എങ്കിലും എന്റെ മനസ്സിലെ സംശയങ്ങള് ദൂരീകരിക്കുന്നതിനുവേണ്ടി ഞാന് ചില കാര്യങ്ങള് ചോദിക്കുകയാണ്,
**കടപ്പാട് ഗുരുപരമ്പരയോട്**
തുടരും......
No comments:
Post a Comment