അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 6
അജോഽപി സന്നവ്യയാത്മാ
ഭൂതാനാ മീശ്വരോഽപി സന്
പ്രകൃതിം സ്വാമധിഷ്ഠായ
സംഭാവാമ്യാത്മമായയാ.
ഞാന് ജനനരഹിതനാണ്; നാശരഹിതനാണ്. സര്വ്വജീവജാലങ്ങളുടെയും ഉള്ളിലിരുന്ന് അവയെ നിയന്ത്രിക്കുന്ന ഈശ്വരനാണ്. എങ്കിലും എന്റെ മായയെ വശീകരിച്ചിട്ട് ഞാന് സ്വമായാശക്തികൊണ്ട് , എന്നാല് സൃഷ്ടമായ പ്രകൃതിയെ വശത്താക്കിയിട്ട്, അവതാരം ചെയ്യുന്നു.
അര്ജ്ജുനാ, എന്റെ എല്ലാ മുന് അവതാരങ്ങളെപ്പറ്റിയും എനിക്ക് ഇന്നും ശരിയായ ഓര്മ്മയുണ്ട്. പരമാര്ത്ഥത്തില് ഞാന് ജനിക്കുന്നില്ലെങ്കിലും എന്റെ സ്വന്തം പ്രകൃതിയിലൂടെ ഞാന് സ്വമായകൊണ്ട് ആവിര്ഭവിക്കുന്നു. ഞാന് അവതരിക്കുമ്പോഴും എന്റെ മൗലികമായ ആദ്യന്തരഹിതത്വം അക്ഷയമായും അഖണ്ഡമായും നിലനില്ക്കുന്നു. എന്റെ അവതാരത്തിലും അതില്നിന്നുള്ള വിരാമത്തിലും ദര്ശിക്കുന്ന രൂപങ്ങള് മായാഗുണങ്ങളുടെ സ്വാധീനശക്തിയായി നിന്നുളവാകുന്ന പ്രതിരൂപഭാവങ്ങള് മാത്രമാണ്. ഇതൊന്നും എന്റെ സ്വതന്ത്രാവസ്ഥയെ ഒരിക്കലും ബാധിക്കുന്നില്ല. അവതാരകാലത്തു ഞാന് കര്മ്മാനുഷ്ഠാനത്തിനു വിധേയനായിക്കാണുന്നുണ്ടെങ്കില് അതും യഥാര്ത്ഥത്തില് ഉള്ളതല്ല; വെറും മിഥ്യാബോധത്തിന്റെ ഫലമായിട്ടുണ്ടാകുന്നതാണ്. മിഥ്യാബോധം മറയുമ്പോള് ഞാന് അരൂപിയും നിര്ഗ്ഗുണനുമായി അറിയപ്പെടുന്നതാണ്. ഒരേ വസ്തു കണ്ണാടിയില് പ്രതിഫലിക്കുമ്പോള് രണ്ടെന്നുതോന്നുന്നു. എന്നാല് നേരാംവണ്ണം ചിന്തിക്കുമ്പോള് പ്രതിബിംബമായിക്കണ്ട രണ്ടാമത്തെ വസ്തു യതാര്ത്ഥത്തില് ഉള്ളതല്ലെന്നു ബോദ്ധ്യപ്പെടും. ഏതുപോലെ അല്ലയോ അര്ജ്ജുനാ, ഞാന് യഥാര്ത്ഥത്തില് അരൂപിയായ പരബ്രഹ്മമാണ്. എന്നാല് ഞാന് മായയെ അവലംബിക്കുമ്പോള് ശരീരം സ്വീകരിക്കുന്നു. അതു പ്രത്യേകമായ ചില ഉദ്ദേശ്യത്തോടെയാണ്.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 7
യദാ യദാ ഹി ധര്മ്മസ്യ
ഗ്ലാനിര്ഭവതി ഭാരത,
അഭ്യുത്ഥാനമധര്മ്മസ്യ
തദാത്മാനം സൃജാമ്യഹം
അല്ലയോ ഭരതവംശജ! ഏതേതുകാലത്തില് ധര്മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില് ഞാന് എന്റെ മായ കൊണ്ട് എന്നെത്തന്നെ സൃഷ്ടിക്കുന്നു. (സ്വയം അവതരിക്കുന്നു.)
എല്ലാ കാലങ്ങളിലും ലോകത്തിന്റെ ആത്മീയ ഘടനയെ സംരക്ഷിക്കണമെന്നുള്ളതു ഞാന് അനാദികാലം മുതല്ക്കേ അംഗീകരിച്ചിട്ടുള്ള ആചാര്യമര്യാദയാണ്. അക്കാരണത്താല് തിന്മ നന്മയെ തോല്പിക്കുകയും അപകടത്തിലാക്കുകയും ചെയ്യുന്ന സന്ദര്ഭത്തില് , ഞാന് അരൂപിയും അജനുമാണെന്ന കാര്യം മാറ്റിവെയ്ക്കുകയും അതിനോട് വിട പറയുകയും ചെയ്യുന്നു.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 8
പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്മ്മസംസ്ഥാപനാര്ത്ഥായ
സംഭവാമി യുഗേ യുഗേ.
സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്മ്മത്തെ നിലനിര്ത്തുന്നതിനും വേണ്ടി ഞാന് യുഗംതോറും അവതാരം ചെയ്യുന്നു.
പുണ്യാത്മാക്കളായ എന്റെ ഭക്തന്മാരുടെ താല്പര്യം പരിരക്ഷിക്കുന്നതിനും അജ്ഞതയുടെ അന്ധകാരം നിശ്ശേഷം നശിപ്പിക്കുന്നതിനുമായി ഞാന് മനുഷ്യരൂപധാരിയായി അവതരിക്കുന്നു. എന്നിട്ട് അധര്മ്മത്തിന്റെ അവസാനത്തെ ദുര്ഗ്ഗംവരെ ഞാന് തകര്ക്കുന്നു; ദുഷ്ടമാരുടെ ദുഷിച്ചതത്ത്വശാസ്ത്രരേഖകളെ പിച്ചിച്ചീന്തിക്കളയുന്നു; സജ്ജനങ്ങളെക്കൊണ്ട് പരമാനന്ദവാഴ്ചയുടെ വിജയപതാക പറപ്പിക്കുന്നു; ദുഷ്ടന്മാരുടെ വംശവിച്ഛേദം വരുത്തുകയും മഹാത്മാക്കളുടെ മാഹാത്മ്യവും മാന്യതയും വീണ്ടെടുക്കുകയും ചെയ്യുന്നു; ധര്മ്മത്തേയും സദാചാരത്തേയും ആനന്ദകരമായി ഒരുമിപ്പിക്കുന്നു; ആത്മാവിന്റെ അഗ്നിജ്വാലയില് പുക പടര്ത്തുന്ന അവിശ്വാസത്തെയും അന്യായത്തെയും തുടച്ചുമാറ്റുന്നു; ആത്മീയദര്ശനത്തിന്റെ തിരിനാളം ദീപ്തിമത്താക്കുന്നു; തന്മൂലം നിത്യമായ ഒരു ദീപാവലിയുടെ നെടുങ്കാലം യോഗികള്ക്ക് സമാഗതമാകുന്നു.
ഈശ്വരഭക്തിയും ധര്മ്മനിഷ്ഠയും ജീവിതത്തില് നിറഞ്ഞുനില്ക്കുമെന്നുള്ളതിനാല് ലോകം മുഴുവന് ആത്മദര്ശനത്തിന്റെ ആനന്ദംകൊണ്ട് വീര്പ്പുമുട്ടും. ഞാന് മനുഷ്യാകൃതി സ്വീകരിക്കുമ്പോള് നന്മ നിറഞ്ഞ ഒരു ജീവിതത്തിന്റെ പൊന്പുലരി പൊട്ടിവിരിയുകയും അതിന്റെ ഒളിയേറ്റ് മലയോളം ഉയര്ന്നു നില്ക്കുന്ന പാപങ്ങള് മഞ്ഞുപോലെ ഉരുകിയൊലിച്ചു പോവുകയും ചെയ്യും. ഈ ലക്ഷ്യം നിറവേറ്റാനാണ് ഞാന് യുഗങ്ങള് തോറും മനുഷ്യനായി അവതരിക്കുന്നത്. എന്നാല് സമ്യഗ്ദര്ശനം സാധിച്ച ഒരു യോഗിക്കുമാത്രമേ ഇതു ശരിയാംവണ്ണം മനസ്സിലാക്കാന് കഴിയൂ.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 9
ജന്മ കര്മ്മ ച മേ ദിവ്യം
ഏവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനര്ജന്മ
നൈതി മാമേതി സോഽര്ജ്ജുന.
അല്ലയോ അര്ജ്ജുന, ദിവ്യമായ എന്റെ അവതാരത്തെയും കര്മ്മത്തയും ഏവന് ഇപ്രകാരം ശരിയായി അറിയുന്നുവോ, അവന് ഈ ദേഹത്തെ ഉപേക്ഷിച്ചശേഷം ഇനിയൊരു ജന്മത്തെ പ്രാപിക്കുന്നില്ല. അവന് മുക്തനായി എന്നെത്തന്നെ പ്രാപിക്കുന്നു.
എന്റെ ജനനരഹിതവും കര്മ്മരഹിതവുമായ സ്വഭാവത്ത യഥാര്ത്ഥത്തില് നിലനിര്ത്തിക്കൊണ്ട് മാത്രമാണ് ഞാന് ജന്മമെടുക്കുന്നതെന്നും കര്മ്മങ്ങള് ചെയ്യുന്നതെന്നുമുള്ള ശാശ്വതമായ സത്യം അറിയുന്നവര് മാത്രമേ മോചിതനാകുകയുള്ളൂ. അങ്ങനെയുള്ളവന് മര്ത്ത്യലോകത്ത് ജീവിക്കുന്നുവെങ്കിലും അവന് ദേഹത്തോടുള്ള ബന്ധം ഇല്ലാത്തവനായിട്ടാണ് വര്ത്തിക്കുന്നത്. കാലക്രമത്തില് അവന്റെ ശരീരം പഞ്ചഭൂതങ്ങളില് അലിഞ്ഞുചേരുമ്പോള് , അവന് എന്റെ ശാശ്വതികമായ സത്തയില് വിലയം പ്രാപിക്കുന്നു.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 10
വീതരാഗഭയക്രോധാഃ
മന്മയാ മാമുപാശ്രിതാഃ
ബഹവോ ജ്ഞാനതപസാ
പൂതാ മദ്ഭാവമാഗതാഃ
രാഗം (ആശ), ഭയം, ക്രോധം എന്നിവയെ പൂര്ണ്ണമായി ഉപേക്ഷിച്ചവരും, സദാ മനസ്സിനെ എന്നില്ത്തന്നെ വെച്ചിരിക്കുന്നവരും, എല്ലായ്പ്പോഴും എന്നെത്തന്നെ ഉപാസിക്കുന്നവരുമായ വളരെ ആളുകള് ജ്ഞാനം കൊണ്ടും തപസ്സുകൊണ്ടും പരിശുദ്ധന്മാരായി എന്റെ സായൂജ്യത്തെ പ്രാപിച്ചിട്ടുണ്ട്.
ഭൂതവര്ത്തമാന കാലങ്ങളെപ്പറ്റി യാതൊരു ആകുലതയും ഇല്ലാത്തവര് രാഗവിമുക്തരാണ്. അവര് ക്രോധത്തിന് അടിപ്പെടുകയില്ല. അവര് ഇന്ദ്രിയവിഷയങ്ങളോട് മമത പുലര്ത്തുകയില്ല. അവര് എപ്പോഴും എന്നില് തന്നെ ലീനരായിരിക്കും. എന്നെ സേവിക്കാന് വേണ്ടി മാത്രമാണ് അവര് ജീവിക്കുന്നത്. അവര് ആത്മചിന്തനത്തില് മുഴുകിക്കഴിയുന്നു. പരമാത്മജ്ഞാനത്തില് അവര് ആനന്ദം കണ്ടെത്തുന്നു. അവര് പവിത്രമായ കഠിനതപസ്സില്നിന്ന് സംജാതമായ മഹത്ത്വത്തിന്റ മിന്നിത്തിളങ്ങുന്ന സങ്കേതങ്ങളാണ്. അവര് അവബോധത്തിന്റെ ആസ്ഥാനങ്ങളാണ്. അവര് പുണ്യപുരുഷന്മാരാണ്. പവിത്രമായ തീര്ത്ഥാടനകേന്ദ്രങ്ങളെ അവര് പവിത്രതരമാക്കുന്നു. അങ്ങനെയുള്ളവരും ഞാനും തമ്മില് വ്യത്യാസ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് അവര് അനായാസേന ഞാനുമായി സാത്മ്യം പ്രാപിക്കുന്നു. ഞങ്ങളെ തമ്മില് വേര്തിരിക്കുന്ന യാതൊരു മറകളും ഇല്ല. പിത്തള ക്ളാവു പിടിച്ച് കറുക്കുകയില്ലെങ്കില് കനകത്തെ ആരെങ്കിലും ശ്രദ്ധിക്കുകയോ അതു സമ്പാദിക്കുന്നതിനുവേണ്ടി ശ്രമിക്കുകയോ ചെയ്യുമോ? അതുപോലെ തീവ്രമായ ആത്മീയ സാധനയിലൂടെയും വിശുദ്ധികൈവന്നവര് ജ്ഞാനതപസ്വികളായി ഒടുവില് പരമാത്മസ്വരൂപമായ എന്നില് നിസ്സംശയം എത്തിച്ചേരുന്നു.
തുടരും.....
കടപ്പാട്.ഗുരുപരമ്പരയോട്
No comments:
Post a Comment