അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 1
ശ്രീഭഗവാനുവാച:
ഇമം വിവസ്വതേ യോഗം
പ്രോക്തവാനഹമവ്യയം
വിവസ്വാന് മനവേ പ്രാഹ
മനുരിക്ഷ്വാകവേഽബ്രവീത്
ഒരിക്കലും നാശമില്ലാത്ത, ഒരു തരത്തിലും തെറ്റിപ്പോകാത്ത ഈ യോഗനിയമത്തെ ഞാന് വിവസ്വാന് (സൂര്യന്) ഉപദേശിച്ചു. സൂര്യന് അതു മനുവിനും മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.
ഭഗവാന് പാണ്ഡുപുത്രനോടു പറഞ്ഞു: ഞാന് ഈ കര്മ്മയോഗത്തെ ഒരിക്കല് ആദിത്യന് ഉപദേശിച്ചു. എന്നാല് അത് അനവധിയുഗങ്ങള്ക്കു മുമ്പായിരുന്നു. പിന്നീട് സൂര്യന് അതു വിശദമായി തന്റെ പുത്രനായ മനുവിനു വെളിപ്പെടുത്തിക്കൊടുത്തു. വൈവസ്വതമനു അത് അനുഷ്ഠിച്ചിട്ട് തന്റെ പുത്രനായ ഇക്ഷ്വാകുവിന് ഉപദേശിച്ചു. ഇപ്രകാരം പരമ്പരാഗതമായുള്ളതാണ് ഈ യോഗം
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 2 – 3
ഏവം പരമ്പരാപ്രാതം
ഇമം രാജര്ഷയോ വിദ്യഃ
സ കാലേനേഹ മഹതാ
യോഗോ നഷ്ടഃ പരന്തപ
സ ഏവായം മയാ തേഽദ്യ
യോഗഃ പ്രോക്തഃ പുരാതനഃ
ഭക്തോഽസി മേ സഖാ ചേതി
രഹസ്യം ഹ്യേതദുത്തമം.
അല്ലയോ പരന്തപ, ഇപ്രകാരം പരമ്പരയായി കിട്ടിക്കൊണ്ടിരുന്ന ഈ കര്മ്മയോഗം പല രാജര്ഷിമാരും (രാജാക്കന്മാര്തന്നെ ഋഷികളായിട്ടുള്ളവര് ) നല്ലതുപോലെഅറിഞ്ഞിരിക്കുന്നു. എന്നാല് ഈ യോഗം കാലം നീണ്ടുപോയതോടെ ലോകത്തിനു നഷ്ടമായിപ്പോയി.
നീ എന്റെ ഭക്തനും സ്നേഹിതനുമായതുകൊണ്ട് പണ്ടുതന്നെ വെളിപ്പെടുത്തിയിട്ടുള്ള ഈ യോഗം ഇപ്പോള് ഞാന് നിനക്ക് ഉപദേശിക്കുകയാണ്. ഇതു രഹസ്യവും ശ്രേഷ്ഠവുമാകുന്നു.
അല്ലയോ അര്ജ്ജുനാ, അതേ യോഗം തന്നെയാണ് നിനക്കു ഞാന് ഇപ്പോള് ഉപദേശിക്കുന്നത്. അതേപ്പറ്റി നീ അശേഷം സംശയിക്കേണ്ട. ഈ കര്മ്മയോഗം എന്റെ അത്യഗാധമായ ജീവിതരഹസ്യമാണ്. എന്നിട്ടും നീ എനിക്ക് ഏറ്റവും പ്രിയങ്കരനായതുകൊണ്ടുമാത്രം ഇതു നിന്നില്നിന്നും രഹസ്യമായി വെയ്ക്കുന്നില്ല.
അല്ലയോ പരന്തപ! ( ശത്രുക്കളെ തപിപ്പികുന്നവനേ!) പിന്നീട് പല രാജര്ഷിമാരും കര്മ്മയോഗം അഭ്യസിക്കുകയും അതില് നിപുണരാവുകയും ചെയ്തു. എന്നാല് ഇപ്പോള് ഇതെപ്പറ്റി അറിവുള്ളവരാരും ഇല്ല. മനുഷ്യന് തന്റെ ശരീരത്തിലും ഇന്ദിയസുഖാനുഭവത്തിലും കൂടുതല് അസക്തനായിരിക്കുന്നതുകൊണ്ട്, ആത്മജ്ഞാനത്തെ അവര് വിസ്മരിക്കുന്നു. ഇന്ദിയസുഖങ്ങളാണ് ആനന്ദത്തിന്റെ പാരമ്യത്തിലെത്തിക്കുന്ന ഉപാധിയെന്നു കരുതുന്ന അവന് ആത്മവിശ്വാസംതന്നെ നശിച്ചിരിക്കുന്നു. ഐഹികജീവിതമാണ് ഏറ്റവും വിലപ്പെട്ടതെന്ന് അവന് വിശ്വസിക്കുന്നു. ദിഗംബരരായ മുനിമാര് വസിക്കുന്ന ഗ്രാമത്തില് ആരാണു പട്ടു വസ്ത്രം അണിയാന് ആഗ്രഹിക്കുന്നത്? അന്ധനായി ജനിച്ച ഒരുവന് സൂരായന്റെ വില അറിയാന്കഴിയുമോ? ബധിരരായ ഒരു കൂട്ടം ആളുകളുടെ ഇടയില് സംഗീതത്തെ അഭിനന്ദിക്കുന്നത്? അപ്രകാരം ആത്മീയദര്ശനത്തെക്കുറിച്ച് അജ്ഞരും സംസാരബന്ധത്തില്നിന്ന് വിമുക്തരായി ആത്മീയജീവിതം നയിക്കണമെന്ന് ആഗ്രഹമില്ലാത്തവരും, അജ്ഞാനന്ധകാരത്തില് വട്ടം കറങ്ങുന്നവരുമായ ആത്മാക്കള്ക്ക് എന്റെ ദിവ്യഭാവത്തിന്റെ ദര്ശനം എങ്ങനെയാണ് സിദ്ധിക്കുന്നത്? എങ്ങനെയാണ് ഈ മോഹജാലം വൃദ്ധി പ്രാപിച്ചതെന്നറിഞ്ഞുകൂടാ. ഇ യോഗമാകട്ടെ ലോകത്തില്നിന്ന് അപ്രത്യക്ഷമായിട്ട് ഇപ്പോള് കാലം ഏറെ കഴിഞ്ഞു.
അല്ലയോ ധനുര്ദ്ധരാ! നീ സ്നേഹത്തിന്റെ മൂര്ത്തീഭാവമാണ്; ഇശ്വരഭക്തിയുടെ ജീവനാഡിയാണ്; സൗഹൃദത്തിന്റെ സ്രോതസ്സാണ്; വിശ്വാസ്യതയുടെ അസ്തിവാരമാണ്. അപ്രകാരമുള്ള നിന്നില് നിന്ന് ഞാന് എന്തെങ്കിലും ഒളിച്ചുവെയ്ക്കുന്നതു ശരിയാണോ? അതുകൊണ്ട് നാം ഒരു വലിയയുദ്ധത്തെ അഭിമുഖീകരിച്ചു നില്കുകയാണെങ്കിലും അതെല്ലാം അല്പ്പനേരം മാറ്റിവച്ചിട്ട് നിന്റെ അജ്ഞതയ്ക്ക് ഞാന് അറുതിവരുത്തുന്നതാണ്. ശല്യത്തെ വകവയ്ക്കാതെ.
അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 4 – 5
അര്ജ്ജുന ഉവാച:
അപരം ഭവതോ ജന്മ
പരം ജന്മ വിവസ്വതഃ
കഥമേതദ്വിജാനീയാം
ത്വമാദൗ പ്രോക്തവാനിതി
അങ്ങയുടെ ജനനം പില്കാലത്തുണ്ടായ സംഭവമാണല്ലോ. പക്ഷേ വിവസ്വാന് ജനിച്ചത് അതിനെത്രയോ മുമ്പാണ്. അപ്പോള് അങ്ങ് ആദ്യം അദ്ദേഹത്തിന് ഉപദേശിച്ചു എന്നു പറഞ്ഞാല് ഞാന് വിശ്വസിക്കുന്നതെങ്ങനെ?
അര്ജ്ജുനന് ചോദിച്ചു:അല്ലയോ കരുണാനിധിയായ ദേവാ! ഒരു മാതാവിന് തന്റെ ശിശുവിനോടു സ്നേഹമുണ്ടാകുന്നതില് എന്തെങ്കിലും അത്ഭുതത്തിന് അവകാശമുണ്ടോ? സംസാരജീവിതത്തില് തളര്ച്ചയും ക്ഷീണവും ബാധിക്കുന്നവര്ക്ക് അങ്ങ് ഒരഭയസ്ഥാനമാണ്. അഗതികള്ക്ക് അന്പേറിയ അമ്മയാണ്. ഞങ്ങളുടെ (പാണ്ഡവരുടെ) ജീവിതം തന്നെ അങ്ങയുടെ ദിവ്യമായ അനുഗ്രഹത്തിന് കടപ്പെട്ടിരിക്കുന്നു. അംഗവൈകല്യമുള്ള ഒരു ശിശുവിന് ജന്മം നല്കാന് ഇടയാകുന്ന മാതാവ് അതിനെ ജനനം മുതല്ക്കുതന്നെ പ്രത്യേകം പരിചരിക്കണമെന്ന് പറയേണ്ടതുണ്ടോ? അങ്ങേയ്ക്ക് ഞങ്ങളോടുള്ള ബന്ധം അപ്രകാരമാണ്.
ഞാന് അങ്ങയോട് ചില കാര്യങ്ങള് ചോദിക്കാന് ആഗ്രഹിക്കുന്നു. അത് അങ്ങ് ശ്രദ്ധയോടെ കേള്ക്കണമെന്നും എന്നോട് നീരസം തോന്നരുതെന്നും പ്രത്യേകമായ അപേക്ഷയുണ്ട്. കര്മ്മയോഗരഹസ്യത്തെപ്പറ്റി അങ്ങ് വിവസ്വാന് ഉപദേശിച്ചുവെന്നുള്ള അങ്ങയുടെ പ്രസ്ഥാവന ഒരു നിമിഷ നേരത്തേക്കുപോലും എനിക്കു വിശ്വസിക്കാന് കഴിയുന്നില്ല. ഞങ്ങളുടെ പൂര്വ്വികന്മാര്ക്കുപോലും വിവസ്വാന് ആരായിരുന്നു എന്ന് അറിയാമായിരുന്നില്ല. പിന്നെ എങ്ങനെ, എപ്പോഴാണ്, അങ്ങു വിവസ്വാന് ഉപദേശം നല്കിയത്?
വിവസ്വാന് അതിപുരാതനമായ കാലത്ത് ജീവിച്ച ആളല്ലേ? അങ്ങയുടെ ഉത്ഭവം ഈ അടുത്തകാലത്തും. ആ നിലയ്ക്ക് അങ്ങയുടെ ഈ പ്രസ്ഥാവനയില് വൈരുദ്ധ്യമുണ്ട്. അതേ സമയത്ത്, അല്ലയോ ഭഗവാനേ, അങ്ങയുടെ ജീവിതം ഞങ്ങള്ക്ക് ഒരു നിഗൂഢതത്വമാണ്. ആ നിലയ്ക് അങ്ങു പറഞ്ഞതു സത്യമല്ലെന്ന് എനിക്ക് എങ്ങനെ പറയാന് കഴിയും? ആകയാല് അങ്ങ് സൂര്യദേവന് ഈ ഉപദേശം നല്കിയതിനെപ്പറ്റി, വ്യക്തമായി മനസ്സിലാക്കത്തക്കവിധത്തില് എന്നോടു പറഞ്ഞാലും.
ശ്ലോകം 5
ശ്രീഭഗവാനുവാച:
ബഹൂനി മേ വ്യതീതാനി
ജന്മാനി തവ ചാര്ജ്ജുന
താന്യഹം വേദ സര്വ്വാണി
ന ത്വം വേത്ഥ പരന്തപ
അല്ലയോ അര്ജ്ജുനാ, എന്റെയും നിന്റെയും വളരെ ജന്മങ്ങള് കഴിഞ്ഞുപോയിട്ടുണ്ട്. അവയെ എല്ലാം ഞാന് അറിയുന്നു. നീ അവയെ അറിയുന്നില്ല.
ഭഗവാന് പറഞ്ഞു: ഞാന് വിവസ്വാന്റെ കാലത്ത് ജനിച്ചിരുന്നില്ലെന്നു വിചാരിക്കുന്നു. നിന്റെ മനസ്സ് സങ്കീര്ണ്ണമായതു സ്വാഭാവികമാണ്. നമുക്ക് ഇരുവര്ക്കും അനവധി ജന്മങ്ങള് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്നുള്ള വസ്തുത നിനക്ക് അറിഞ്ഞുകൂടാ. നിന്റെ പൂര്വ്വജന്മങ്ങളൊന്നും നീ ഓര്മ്മിക്കുന്നില്ല. എന്നാല് സന്ദര്ഭത്തിനാവശ്യമായപ്പോഴൊക്കെ ഞാനെടുത്ത എന്റെ എല്ലാ അവതാരങ്ങളെപ്പറ്റിയും എനിക്കു നല്ലതുപോലെ ഓര്മ്മയുണ്ട്.
തുടരും.....
കടപ്പാട്.ഗുരുപരമ്പരയോട്
No comments:
Post a Comment