Tuesday, 31 January 2017

ഭഗവദ്ഗീത (part 23)

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 16

കിം കര്മ്മ കിമകര്മ്മേതി
കവയോ ഽപ്യത്ര മോഹിതാഃ
തത്തേ കര്മ്മ പ്രവക്ഷ്യാമി
യജ് ജ്ഞാത്വാ മോക്ഷ്യസേ ഽ ശുഭാത്.

കര്മ്മം എന്താകുന്നു, അകര്മ്മം എന്താകുന്നു എന്നീ വിഷയത്തില് ബുദ്ധിമാന്മാര് കൂടി മോഹിക്കുന്നു, കുഴങ്ങുന്നു. അതിനാല് യാതൊന്നറിഞ്ഞാല് (അനുഷ്ഠിച്ചാല് ) നീ സംസാരബന്ധത്തില് നിന്ന് മോചിക്കുമോ, ആ കര്മ്മത്തെ നിനക്ക് ഞാന് ഉപദേശിച്ചു തരാം

എന്താണ് കര്മ്മം? എന്താണ് അകര്മ്മത്തിന്റെ സ്വഭാവവിശേഷങ്ങള് ? വിവേകികള് പോലും ഇതേപ്പറ്റി ചിന്തിച്ചു കുഴങ്ങുകയും ക്ലേശിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കള്ളനാണയം നല്ല നാണയമെന്ന നിലയില് കണ്ണുകളെ വഞ്ചിക്കുന്നതുപോലെ കേവലം ഇച്ഛ കൊണ്ടുമാത്രം ഒരു നവലോകത്തിന് രൂപം കൊടുക്കുവാന് കഴിവുള്ള ശക്തന്മാരായ യോഗികള്പോലും, അകര്മ്മത്തെക്കുറിച്ചുള്ള അസ്പഷ്ടമായ ധാരണകൊണ്ട് കര്മ്മബന്ധത്തിന്റെ കുരുക്കില്പ്പെട്ടുഴലാന് ഇടയായിട്ടുണ്ട്. ദീര്ഘവീക്ഷണമുള്ളവര്ക്കുപോലും ഈ കാര്യത്തില് അമളിപറ്റുമെങ്കില് , വിഡ്ഢികളുടെ കാര്യം പിന്നെ പറയാനുണ്ടോ? അതുകൊണ്ട് ഇതെപ്പറ്റി ഞാന് കൂടുതല് വിശദമായി പറയാം.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 17

കര്മ്മണോ ഹ്യപി ബോദ്ധവ്യം
ബോദ്ധവ്യം ച വികര്മ്മണഃ
അകര്മ്മണശ്ച ബോദ്ധവ്യം
ഗഹനാ കര്മ്മണോ ഗതിഃ

എന്തെന്നാല് ശാസ്ത്രവിഹിതമായ കര്മ്മങ്ങളെപ്പറ്റിയും നിഷിദ്ധങ്ങളായ കര്മ്മങ്ങളെ (വികര്മ്മങ്ങള് ) പ്പറ്റിയും അറിയേണ്ടതായിട്ടുണ്ട്. അതുപോലെ തന്നെ കര്മ്മമൊന്നുമില്ലാത്ത സ്ഥിതി (അകര്മ്മം)യുടെയും തത്ത്വം ഗ്രഹിക്കണം. കര്മ്മവികര്മ്മങ്ങളുടെ യഥാര്ത്ഥമായ തത്ത്വത്തെ അറിവാന് വളരെ പ്രയാസമാകുന്നു.

പ്രപഞ്ചം ഉടലെടുക്കുന്നതും നിലനില്ക്കുന്നതും കര്മ്മം കൊണ്ടാകുന്നു. ഒരുവന് ആദ്യമായി കര്മ്മത്തിന്റെ സ്വരൂപം ഗ്രഹിച്ചിരിക്കണം. തദനന്തരം അവനവന്റെ വര്ണ്ണാശ്രമധര്മ്മത്തിന് അനുയോജ്യമായി വേദങ്ങളിലും മറ്റു ശാസ്ത്രങ്ങളിലും നിര്ണ്ണയിച്ചിട്ടുള്ള കര്മ്മങ്ങള് , അതിന്റെ ഫലവിവരണം ഉള്പ്പെടെ, എന്താണെന്നറിഞ്ഞിരിക്കണം. പിന്നീടു നിഷിദ്ധങ്ങളെന്ന നിലയില് നിരാകരിക്കേണ്ട കര്മ്മങ്ങള് (വികര്മ്മങ്ങള് ) ഏതൊക്കെയാണെന്ന് മനസ്സിലാക്കണം. അപ്പോള് വികര്മ്മങ്ങളുടെ വലയില്വീഴാതെ രക്ഷപ്പെടാന് കഴിയും. സത്യത്തില് ലോകം മുഴുവന് കര്മ്മത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. കര്മ്മം സര്വ്വത്ര വ്യാപിച്ചിരിക്കുന്നു. അതിന്റെ പരപ്പും പ്രഭാവവും വിശാലമാണ്. അങ്ങനെയിരിക്കട്ടെ. ഈ സന്ദര്ഭത്തിനനുയോജ്യമായ വിധത്തിലുള്ള ഒരു ജ്ഞാനിയുടെ ലക്ഷണങ്ങള് ഞാന് പറയാം.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 18

കര്മ്മണ്യകര്മ്മ യഃ പശ്യേത്
അകര്മ്മണി ച കര്മ്മ യഃ
സ ബുദ്ധിമാന് മനുഷ്യേഷു
സ യുക്തഃ കൃത്സ്നകര്മ്മകൃത്.

കര്മ്മത്തില് അകര്മ്മത്തേയും അപ്രകാരംതന്നെ അകര്മ്മത്തില് കര്മ്മത്തേയും ആരു കാണുന്നുവോ, അവന് എല്ലാ മനുഷ്യരിലും വെച്ച് ബുദ്ധിമാനാകുന്നു. സകല സകര്മ്മങ്ങളെ ചെയ്യുന്നവനാണെങ്കിലും അവന് മനസമാധനമുള്ള യോഗിയും ആകുന്നു.

കര്മ്മനിരതമായ ജീവിതത്തില് നിമഗ്നനായിരിക്കുന്ന ഒരുവന് യാതൊരു ഫലേച്ഛയും കൂടാതെ കര്ത്തവ്യനിര്വ്വഹണം എന്ന നിലയില് മാത്രം കര്മ്മം ചെയ്യുകയും, നിസ്വാര്ത്ഥമായി ചെയ്യുന്ന ആ കര്മ്മങ്ങളുടെ കര്ത്താവ് താനാണെന്ന് അഹങ്കരിക്കാതിരിക്കുകയും ചെയ്യുമ്പോള് അവന് കര്മ്മത്തില് അകര്മ്മത്തെയാണ് ദര്ശിക്കുന്നത്. ജലത്തിനു സമീപം നില്ക്കുന്ന നാം നമ്മുടെ പ്രതിച്ഛായ വെള്ളത്തില് കാണുമ്പോള് അതു കേവലം പ്രതിച്ഛായയാണെന്നും നാം അതില് നിന്നും വിഭിന്നമാണെന്നും മനസ്സിലാക്കുന്നു. അല്ലെങ്കില് , അതിവേഗം നദിയിലൂടെ തോണിയില് യാത്രചെയ്യുമ്പോള് ഇരുകരയിലും നില്ക്കുന്ന വൃക്ഷങ്ങള് വിപരീതദിശയില് ഓടിമറയുന്നതായി നമുക്കു തോന്നാറുണ്ട്. എന്നാല് വൃക്ഷങ്ങള് ചലിക്കാതെ, നില്ക്കുന്നിടത്തു മാത്രം നില്ക്കുകയാണെന്നും, ചലിക്കുന്നത് നമ്മളാണെന്നുമുള്ളതാണ് യഥാര്ത്ഥ്യം. അതു പോലെ ദേവേന്ദ്രിയാദികള് ചെയ്യുന്ന കര്മ്മം അവയില് സംഗമില്ലാത്ത ആത്മാവിനെ സ്പര്ശിക്കുന്നില്ലെന്നുള്ളതാണ് യഥാര്ത്ഥ്യം. അതായത് ആത്മാവ് കര്മ്മരഹിതനായി നില്ക്കുന്നു. ഈ സത്യം അറിയുവാന് ആത്മാസ്വരൂപം അറിയുന്നവനാണ് . അവന് കര്മ്മത്താല് അകര്മ്മം കാണുന്നു.

ആത്മസ്വരൂപം അറിയാത്ത ഒരുവന് ശരീരേന്ദ്രിയാദികള് ‘ഞാനൊന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുന്നു; ഞാന് സുഖിയാകുന്നു,’ തുടങ്ങിയ ചിന്തയില് കൂടി പ്രവര്ത്തിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. അതിനാല് അപ്രകാരമുള്ളവന്റെ അകര്മ്മത്തില് കര്മ്മഭാവം ഉണ്ട്.

ഇപ്രകാരം കര്മ്മാകര്മ്മവിഭാഗത്തെ തിരിച്ചറിയുന്നവന് ജ്ഞാനിയാണ്. അവന് എല്ലാ മനുഷ്യരിലും വെച്ച് ബുദ്ധിമാനാണ്. വെള്ളത്തില് പ്രതിഫലിച്ചു കാണുന്ന സൂര്യബിംബം സൂര്യനല്ലാത്തതുപോലെ അവന് സാധാരണ മനുഷ്യനെന്ന നിലയില് കാണപ്പെടുമെന്നുവരികിലും യഥാര്ത്ഥത്തില് അപ്രകാരമല്ല. സൂര്യ കിരണങ്ങള് വെള്ളത്തില് പതിക്കുമ്പോഴും അതു നനഞ്ഞുകുതിരാത്തതുപോലെ അവന് പ്രവര്ത്തിച്ചുകൊണ്ടിരിക്കുമ്പോഴും കര്മ്മത്താല് ബന്ധതനാകുന്നില്ല. ഒന്നും കാണാതെതന്നെ അവന് പ്രപഞ്ചത്തെ മുഴുവന് വീക്ഷിക്കുന്നു. ഒന്നും ചെയ്യാതെതന്നെ കര്മ്മത്തില് മുഴുകുന്നു. ഒട്ടും ആനന്ദിക്കാതെ ഇന്ദ്രിയസംബന്ധമായ എല്ലാ സുഖങ്ങളെയും നുകരുന്നു. എല്ലായിടത്തും ചുറ്റിസ്സഞ്ചരിച്ചു കൊണ്ടുതന്നെ ഒരിടത്ത് നിശ്ചലനായി നില്ക്കുന്നു. ചുരുക്കിപ്പറഞ്ഞാല് അവന് പ്രപഞ്ചവുമായി സാത്മ്യം പ്രാപിച്ചിരിക്കുന്നു.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 19

യസ്യ സര്വ്വേ സമാരംഭാഃ
കാമ സങ്കല്പ വര്ജ്ജിതാഃ
ജ്ഞാനാഗ്നിദഗ്ദ്ധ കര്മ്മാണം
ത മാഹുഃ പണ്ഡിതം ബുധാഃ

ഏതൊരുവന്റെ സര്വ്വസമാരംഭങ്ങളും സകല കര്മ്മങ്ങളും കാമസങ്കല്പ രഹിതങ്ങളാണോ, ഫലേച്ഛാരഹിതങ്ങളാണോ, ജ്ഞാനാഗ്നിയില് കര്മ്മം ദഹിച്ചുപോയ അവനെ വിദ്വാന്മാര് പണ്ഡിതനെന്നു പറയുന്നു.

അങ്ങനെയുള്ള ഒരാള്ക്കു കര്മ്മം ചെയ്യുന്നതില് നിന്ന് വിരക്തിയോ ഉദാസീനതയോ ഉണ്ടാകുന്നില്ല. അവന് ലൗകികമായ കര്മ്മങ്ങളില് പ്രവര്ത്തിക്കുന്നവനാണെങ്കില് ലോകസംഗ്രഹത്തിനായും, അതല്ല ലൗകികത്തില് നിന്നു വിരമിച്ചവനാണെങ്കില് ജീവനത്തിനു മാത്രമായും കര്മ്മം ചെയ്യുന്നു. എന്നാല് പ്രവൃത്തിയില് നിന്ന് എന്തെങ്കിലും ഫലം ലഭിക്കണമെന്ന് അശേഷം ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും കര്മ്മം പുതുതായി ചെയ്യണമെന്നോ ചെയ്തുകൊണ്ടിരിക്കുന്നു കര്മ്മം പൂര്ത്തിയാക്കണമെന്നോ ഉള്ള ചിന്ത അവന്റെ മനസ്സിനെ അലട്ടുകയില്ല. നിര്വ്വികാരനും നിസ്സംഗനുമായ ആത്മാവു തന്നെയാണ് താന് എന്നുള്ള ജ്ഞാനമാകുന്ന അഗ്നിയില് അവന്റെ കര്മ്മങ്ങള് ദഹിപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ളവനെ ജീവന്മുക്തന് എന്നു പറയുന്നു. അവന് മനുഷ്യാകാരണത്തിലാണെങ്കിലും പരബ്രഹ്മം തന്നെയാകുന്നു.



അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 20

ത്യക്ത്വാ കര്മ്മഫലാസംഗം
നിത്യതൃപ്തോ നിരാശ്രയഃ
കര്മ്മണ്യഭി പ്രവൃത്തോ ഽ പി
നൈവ കിഞ്ചിത് കരോതി സഃ

കര്മ്മത്തിലും അതിന്റെ ഫലത്തിലുമുള്ള ആസക്തി ഉപേക്ഷിച്ച് എല്ലായ്പോഴും ആത്മാനന്ദത്തില് തൃപ്തിയുള്ളവനായും ആരെയും ആശ്രയിക്കാത്തവനുമായിരിക്കുന്നവന് , കര്മ്മത്തില് പ്രവര്ത്തിക്കുന്നവനായാലും, ഒരു കര്മ്മത്തേയും ചെയ്യുന്നില്ല. (അവന്റെ കര്മ്മം അകര്മ്മതയെ പ്രാപിക്കുന്നു എന്നര്ത്ഥം.)

ഒരുവന് തന്റെ ശാരീരകമായ കാര്യങ്ങളില് അശ്രദ്ധനും, കര്മ്മഫലത്തില് ആഗ്രഹമില്ലാത്തവനും, ആരെയും ആശ്രയിക്കാത്തവനും, സദാ ആനന്ദതുന്ദിലനും ആയിരുന്നാല് അവന് ഹര്ഷോന്മാദത്തിന്റെ ശ്രീകോവിലിലായിരിക്കും വസിക്കുന്നത്. അവന് കര്മ്മം കൊണ്ടു തനിക്ക് യാതൊരു പ്രയോജനവും ഇല്ലെന്നു കാണുകയാല് കര്മ്മത്തെ ഉപേക്ഷിക്കുന്നു. അവന് പരമാര്ത്ഥജ്ഞാനമാകുന്ന വിഭവം എത്രതന്നെ ലഭിച്ചാലും തൃപ്തി കൈവരുകയില്ല. അവന് ആത്മദര്ശനത്തിന്റെ ആനന്ദാനുഭൂതിയില് സംതൃപ്തി അടയുന്നു.

ശ്ലോകം 21

നിരാശീര്യത ചിത്താത്മാ
ത്യക്ത സര്വ്വ പരിഗ്രഹഃ
ശാരീരം കേവലം കര്മ്മ
കുര്വ്വന് നാപ്നോതി കില്ബിഷം.

ആശയില്ലാത്തവനായി, ദേഹത്തേയും മനസ്സിനേയും നിയന്ത്രിച്ച് ആഗ്രഹങ്ങള് അഖിലവും കൈവെടിഞ്ഞ്, കേവലം ശരീരത്തെ നിലനിര്ത്തുന്നതിനു വേണ്ടിയുള്ള കര്മ്മങ്ങളെ മാത്രം ചെയ്യുന്നവന് പാപത്തെ (ബന്ധത്തെ) പ്രാപിക്കുന്നില്ല.


തുടരും.....
                      കടപ്പാട്.ഗുരുപരമ്പരയോട്

No comments:

Post a Comment