Wednesday, 19 April 2017

എങ്ങിനെയാണ്‌ പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക ????

എങ്ങിനെയാണ്‌

പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക ????
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മൂന്നു ലോകങ്ങളിലുമുള്ള എല്ലാം നാശത്തിനു വിധേയമാണല്ലോ? വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന വൃത്തികെട്ട സുഖാനുഭവങ്ങളും കര്‍മ്മങ്ങളും ദിനംതോറും സംഭവിക്കുന്നു. എന്നിട്ട് ജ്ഞാനികള്‍ പോലും അതില്‍ ലജ്ജിക്കുന്നില്ല. ഈ ചംക്രമണം നാമെത്രനാള്‍കൂടി തുടരണം? എന്താണതിന്റെ ഉദ്ദേശം?
ഈ പ്രത്യക്ഷലോകത്തിന്റെ ലക്ഷ്യമെന്താണ്‌? ഈ ചാക്രികമായ ആവര്‍ത്തനങ്ങളുടെ ഉദ്ദേശമെന്താണ്‌?എപ്പോഴാണിതവസാനിക്കുക? എപ്പോഴാണു മനസ്സിന്റെ ഭ്രമമടങ്ങുക? മറ്റൊന്നും തേടാതെ എന്തു നേടിയാലാണൊരുവന്‍ പരിപൂര്‍ണ്ണ തൃപ്തിയടയുക? എങ്ങിനെയാണ്‌

പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക ????
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മുക്തിപദമെന്ന ഒരു മഹാരാജ്യം. അവിടെ ദു:ഖങ്ങളില്ല. അവിടുത്തെ രാജാവാണ്‌ ആത്മാവ്. ആത്മാവ് എല്ലാ മണ്ഡലങ്ങള്‍ക്കും ബോധാവസ്ഥകള്‍ക്കും അതീതമാണ്. മനസ്സാണ്‌ മന്ത്രി. ഈ മനസ്സാണ്‌ കളിമണ്ണില്‍ നിന്നു കുടമെന്നപോലെ ഈ ലോകമുണ്ടാക്കിയത്. മനസ്സു കീഴടക്കിയാല്‍ എല്ലാം കീഴടക്കി എന്നര്‍ത്ഥം. ബുദ്ധികൂര്‍മ്മതയോടെയുള്ള പ്രവൃത്തിയെക്കൂടാതെ മനസ്സിനെ വെല്ലുക അസാദ്ധ്യം. വിത്തിടാതെ, അത് നനച്ചു പരിപാലിക്കാതെ, വിളവെടുക്കാനാവില്ല. നിരന്തരമായ സാധനകൂടാതെ മനസ്സടങ്ങുകയില്ല. അതുകൊണ്ട് ത്യാഗത്തിന്റെയും സംന്യാസത്തിന്റേതുമായ മാര്‍ഗ്ഗം മാത്രമേ ശ്രേയസ്കരമായുള്ളു. ഇന്ദ്രിയസുഖാനുഭവങ്ങളില്‍ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയല്‍ അവസാനിക്കുകയില്ല. പരിപൂര്‍ണ്ണമായ നിര്‍മമതയുടെ,അനാസക്തിയുടെ തലത്തിലേയ്ക്കെത്താന്‍ നിസ്തന്ദ്രമായ സാധന കൂടിയേ തീരൂ.
മനസ്സാണ് കര്‍മ്മം ചെയ്യുന്നത്. നിയതിക്കനുസൃതമായി, പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് മനസ്സോരോന്നു ചിന്തിക്കുകയും സൃഷ്ടിക്കുകയും അവയെ പ്രകടമാക്കുകയും ചെയ്യുന്നു. മനസ്സിന് പ്രകൃതിനിയമങ്ങള്‍ക്കെതിരായും പ്രവര്‍ത്തിക്കുവാനാകും. അതിനാല്‍ മനസ്സാണ് പ്രകൃതിയെ നിയന്ത്രിക്കുന്നതെന്നും പറയാം. ആകാശത്ത് കാറ്റു സഞ്ചരിക്കും പോലെ വ്യക്തിജീവന്‍ ഈ ലോകത്ത് വര്‍ത്തിക്കുന്നു. പ്രകൃതിയുടെ വിളിക്കനുസരിച്ച് ചലിച്ചോ ഒരിടത്ത് ചലനമില്ലാതെ നിന്നോ ജീവികള്‍ തങ്ങളുടെ ഭാഗം അഭിനയിക്കുന്നു. ആത്മവിദ്യയാകുന്ന വളളിച്ചെടിയിലാണ് സുഖാസക്തിയുടെ അന്ത്യമെന്ന ഫലം കായ്ക്കുന്നത്. അതുണ്ടാവുന്നതോ?ആത്മദര്‍ശനം ഉണ്ടായിക്കഴിഞ്ഞുമാത്രം. ബുദ്ധിപൂര്‍വ്വമായ അന്വേഷണത്തിലൂടെ ആത്മാവിനെ തേടുകയും അങ്ങിനെ ആസക്തികളെ ഉപേക്ഷിക്കാനാവുകയും വേണം.
ആത്മസാക്ഷാത്കാരവും അനാസക്തിയും ഒരേ സമയം പുരോഗതി പ്രാപിക്കുന്നു. ശരിയായ അനാസക്തി ഒരുവനിലുണ്ടാവുന്നത് തപ:ശ്ചര്യകളിലൂടെയോ തീര്‍ത്ഥാടനങ്ങളിലൂടെയോ, ദാനധര്‍മ്മങ്ങളിലൂടെയോ അല്ല. അത് സാധിക്കുന്നത് അവനവന്റെ സ്വരൂപത്തെ, ആത്മാവിനെ നേരിട്ടറിയുന്നതിലൂടെ മാത്രമാണ്. ഇതിനുവേണ്ടത് ശരിയായ സ്വപരിശ്രമം തന്നെയാണ്. അതിനാല്‍ സാധകന്‍ ഈശ്വരനിലും വിധിയിലും മറ്റുമുള്ള പരാധീനത ഉപേക്ഷിച്ച് ശരിയായ പരിശ്രമത്തിലൂടെ സുഖാസക്തിയെ തരണം ചെയ്യണം. നിര്‍മമത അങ്ങിനെ പക്വമാവുമ്പോള്‍ അയാളില്‍ ആത്മാന്വേഷണം താനേ ഉദിച്ചുയരും.
അതിനാല്‍ ഒരുവന്‍ ആദ്യമായി ഈശ്വരന്‍ തുടങ്ങിയ ബാഹ്യമായ എല്ലാ അവലംബനങ്ങളേയും ഉപേക്ഷിച്ച് ശരിയായ പ്രവൃത്തിയിലേര്‍പ്പെട്ട് അനാസക്തി വളര്‍ത്തിയെടുക്കണം. എന്നാല്‍ സമൂഹത്തിന്റെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ധനം സമ്പാദിക്കുന്നതില്‍ തെറ്റില്ല. അത് ബന്ധുക്കളെയോ മറ്റുള്ളവരേയോ വഞ്ചിച്ചാവരുത് എന്ന് മാത്രം. ഈ ധനം പാവനചരിതന്മാരായ മഹത് വ്യക്തികളുമായുളള സത്സംഗത്തിനായി ഉപയോഗിക്കണം. അത്തരം സത്സംഗവും അനാസക്തിയെ പ്രദാനം ചെയ്യും. അങ്ങിനെ ആത്മാന്വേഷണത്വരയും, ശാസ്ത്രപഠനവും ജ്ഞാനസമ്പാദനവും അവിടെ സഹജമാവും. ക്രമേണ, പടിപടിയായി പരമസത്യത്തിലേക്ക് സാധകന്‍ എത്തിച്ചേരുന്നു. സുഖാനുഭവപ്രയത്നങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുമ്പോള്‍ ആത്മാന്വേഷണത്താല്‍ പരമസത്യം വെളിവാകുന്നു. ആത്മാവ് തികച്ചും നിര്‍മ്മലമാവുമ്പോള്‍ പരമശാന്തിയില്‍ അഭിരമിക്കാം. വീണ്ടുമൊരിക്കലും ദു:ഖനിദാനമായ വാസനാമാലിന്യങ്ങളിലേയ്ക്കും (തെറ്റി)ദ്ധാരണകളിലേയ്ക്കും നിപതിക്കേണ്ടതായി വരികയില്ല. തുടര്‍ന്നും ഈ ലോകത്ത് ജീവിക്കുന്നുവെങ്കിലും എല്ലാ ആശകള്‍ക്കും പ്രതീക്ഷകള്‍ക്കും അതീതനായി വര്‍ത്തിക്കുവായും കഴിയും.

Tuesday, 18 April 2017

ആദ്ധ്യാത്മിക പാതയിൽ

ആദ്ധ്യാത്മിക പാതയിൽ സഞ്ചരിക്കുന്ന ഓരോ സാധകനും നേരിടേണ്ടി വരുന്ന ഒരു പ്രധാന വെല്ലുവിളി ചിന്തകളുടെ പ്രവാഹമാണ്. ചിന്തകളുടെ തുടക്കം നമ്മുടെ വാസനകളെ ആശ്രയിച്ചിരിക്കുന്നു. ഇന്ദ്രിയങ്ങൾ കൊണ്ട് നമ്മൾ അറിഞ്ഞതും അറിയാൻ ആഗ്രഹിക്കുന്നതുമായ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഒരോ സാധകനിലും ചിന്തകളുടെ പ്രവാഹം ഉണ്ടാവുന്നത്.

പൂർവ്വ ജന്മവാസനകളുടെ ഒരു തുടർച്ചയായി ആണ് ഈ ചിന്തകൾ നമ്മളിൽ ഉണരുന്നത്. ഇത് നമ്മൾ തിരിച്ചറിയാത്തടത്തോളം കാലം നമ്മൾ അതിന്റെ പിടിയിൽ അകപ്പെട്ട് അജ്ഞാനമാകുന്ന മായയിൽ ബന്ധപ്പെട്ട് കിടക്കുന്നു. ഇനി അത് തിരിച്ചറിത്താലും നമ്മൾ വീണ്ടും അതിൽ കുടുങ്ങി കിടക്കുവാനും സാധ്യതയുണ്ട്. ഒരു സമാധാനമുള്ളത് നമ്മൾ എവിടെ നിൽക്കുന്നു എന്നെങ്കിലുമുള്ള തിരിച്ചറിവ് ഉണ്ട് എന്നതാണ്.

ആദ്ധ്യാത്മിക പാതയിൽ മുന്നേറാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഓരോ സാധകനും നേരിടേണ്ടി വരുന്ന ഒരു വെല്ലുവിളിയാണ് ഈ ഒരു ഘട്ടം. ഇവിടെയാണ് നമ്മൾ പലപ്പോഴും പരാജയപ്പെട്ട് പോകുന്നത്. ആത്മീയതയിൽ നമ്മൾ വയ്ക്കുന്ന  ഓരോ ചുവടും വളരെയധികം ശ്രദ്ധയോടെ ആയിരിക്കണം എന്ന് ഗുരു പറയുന്നതിന്റെ സാരവും ഇത് തന്നെയാണ്. ആർക്കുവേണമെങ്കിലും എന്തും സംഭവിക്കാം.

ഈ യാത്ര തുടരുമ്പോൾ  വീണ്ടും നമ്മുടെ വില്ലനായി ചിന്തകളുടെ രൂപത്തിൽ വാസനകൾ ഉയർന്നു വരും. നമ്മുടെ ഉള്ളിൽ അഹം ഉള്ളടത്തോളം കാലം ഇത് ഒരു തുടർകഥ പോലെ നമ്മളെ പിന്തുടരുകതന്നെ ചെയ്യും. അഹത്തെ നിരീക്ഷിച്ച് ചിന്തകളുടെ ഉറവിടത്തെപ്പറ്റി മനനം ചെയ്ത് യാത്ര തുടരുമ്പോൾ ഗുരുകൃപ നമ്മളിൽ തിരിച്ചറിവുകളായി വന്നു ചേരുന്നു. ഈ തിരിച്ചറിവുകൾ ആണ് നമ്മളെ വീണ്ടും മുന്നോട്ട് നയിക്കുന്നത്.

ആത്മീയതയിൽ മുന്നേറുക എന്നതിന് അർത്ഥം നമ്മൾ എന്തൊക്കെയോ നേടിയെടുക്കുക എന്നതല്ല, മറിച്ച് ഓരോ ചുവടിലും നമ്മുടെ അഹത്തെ തിരിച്ചറിയുക എന്നതാണ്. അപ്പോൾ നമ്മുടെ ഉള്ളിൽ ഒരു തീവ്രമായ വൈരാഗ്യംവും സത്യത്തെ തിരിച്ചറിയാനുള്ള ഉത്സാഹവും ഉണ്ടാവും.❤
     

Kadappadu

Wednesday, 12 April 2017

ഭഗവദ്ഗീത(part 37)



അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 11,12 

ശുചൗ ദേശേ പ്രതിഷ്ഠാപ്യ 
സ്ഥിരമാസനമാത്മനഃ 
നാത്യുച്ഛ്റിതം നാതിനീചം 
ചൈലാജിനകുശോത്തരം 

തത്രൈകാഗ്രം മനഃ കൃത്വാ 
യതചിത്തേന്ദ്രിയക്രിയഃ 
ഉപവിശ്യാസനേ യുഞ്ജ്യാദ് 
യോഗമാത്മവിശുദ്ധയേ 

പരിശുദ്ധമായ സ്ഥലത്ത് അധികം ഉയരമില്ലാതെയും അധികം താണുപോകാതെയും, കുശപ്പുല്ല്, മാന്തോല്, വസ്ത്രം എന്നിവയെ ഒന്നിനുമുകളിലൊന്നായി വിരിച്ച് തനിക്ക് ഉറച്ചിരിക്കാനുള്ള ആസനം തയ്യാറാക്കണം. എന്നിട്ട് ആ ആസനത്തിലിരുന്ന് മനസ്സിനെ ഏകാഗ്രമാക്കിയിട്ട് മനസ്സിന്റെയും ഇന്ദ്രിയങ്ങളുടേയും വ്യാപാരങ്ങളെ നിരോധിച്ച് ആത്മശുദ്ധിക്കായിക്കൊണ്ട് ബ്രഹ്മധ്യാനത്തെ ചെയ്യേണ്ടതാകുന്നു. 

ഇപ്പോള് ഞാന് അതേപ്പറ്റി വിശദമായി വിവരിക്കാം. എന്നാല് പ്രത്യക്ഷമായ അനുഭവംകൊണ്ട് മാത്രമേ അതിന് ഫലപ്രാപ്തിയണ്ടാവുകയുള്ളൂ. ആദ്യമായി അനുയോജ്യമായ ഒരു സ്ഥലം കണ്ടുപിടിക്കണം. കാഴ്ചമാത്രയില്ത്തന്നെ വൈരാഗ്യം ദ്വിഗുണീഭവിക്കത്തക്കവണ്ണം ചിത്തൈകാഗ്ര്യത്തിന് യോജിച്ച സ്ഥലമായിരിക്കണം അത്. യാദൃശ്ചികമായി അവിടെ വന്നുചേരാനിടയായാകുന്ന നാസ്തികനുപോലും തപസ്സനിഷ്ഠിക്കാനുള്ള താല്പര്യം ഉണ്ടാകത്തക്കവണ്ണം ആകര്ഷണീയമായ സ്ഥലവുമായിരിക്കണം അത്. വിഷയാസക്തരായ പ്രാപഞ്ചികര് ഈ സ്ഥലത്തെത്തിയാല് ഐതിഹസുഖങ്ങളിലേക്ക് മടങ്ങിപോകുന്നതിനുള്ള അവരുടെ അഭിവാഞ്ഛ ഇല്ലാതാകണം. പരമാനന്ദം ലഭിക്കത്തക്കവണ്ണം പരിശുദ്ധവും പരിപാവനവുമായ സ്ഥലവുമായിരിക്കണം അത്. ഭോഗേച്ഛുവായ ഒരു രാജാവ് ഈ സ്ഥലം കാണാനിടയായാല് അയാളുടെ രാജ്യംപോലും ഉപേക്ഷിച്ച് അവിടെ ഏകാന്തനായിരിക്കാന് തോന്നത്തക്കവണ്ണം അഭികാമ്യമായ സ്ഥാനമായിരിക്കണം അത്. യോഗാനുഭവത്തെ തേടുന്നവന് സാധാരണയായി വരുന്നതും, യാത്രക്കാരുടെ കാലടിയൊച്ചകള് ശല്യപ്പെടുത്താതുമായിരിക്കണം. ഫല വൃക്ഷങ്ങള് തിങ്ങിവളരുന്നതും വേനല്ക്കാലത്തുപോലും ശുദ്ധജലത്തിനു ക്ഷാമമില്ലാത്തതിന്വണ്ണം നീരുറവകളുള്ളതുമായിരിക്കണം ഈ പ്രദേശം. അല്പമായ ചൂടും സുഖപ്രദമായ കുളിര്മയും ഉണ്ടായിരിക്കേണ്ട ഈ സ്ഥലത്ത് അസഹ്യമായ ശബ്ദമോ ക്രൂരമൃഗങ്ങളുടെ കോലാഹലമോ പാടില്ല. ഹംസങ്ങളേോ കുയിലുകളോ താറാവുകളോ മയിലുകളോ ഇടയ്ക്കിടയ്ക്ക് അവിടെ വരുകയും പോവുകയും ചെയ്യുന്നതില് പന്തികേടൊന്നുമില്ല. 

അല്ലയോ, അര്ജ്ജുന, തിരഞ്ഞെടുക്കപ്പെട്ട സ്ഥലത്ത് ഒറ്റപ്പെട്ട ഒരു ആശ്രമമോ ശിവക്ഷേത്രമോ ഉള്ളതു നന്നായിരിക്കും. ഇതില് ഏത് ഹിതകരമായിരിക്കണമെന്നു തോന്നുന്നുവോ, അവിടെ ഏകാന്തമായ ഒരു സ്ഥലത്ത് ഇരിക്കണം. അവിടെയിരിക്കുമ്പോള് മനസ്സ് അചഞ്ചലവും സ്വസ്ഥവും ആണെന്നു തോന്നിയാല് ധ്യാനത്തിനുവേണ്ടിയുള്ള ഒരു ആസനം തയ്യാറാക്കണം. എങ്ങനെയാണെന്നോ? കുശപ്പുല്ലിനുമുകളില് പരിശുദ്ധമായ വെള്ളത്തുണി വിരിച്ചുകൊണ്ട് ഈ ആസനം അധികം ഉയര്ന്നതോ വളരെ താണതോ ആയിരിക്കാന് പാടില്ല. ഉയര്ന്നതാണെങ്കില് ശരീരം ആടുന്നതിനും താണതാണെങ്കില് ഭൂമിയുടെ സമ്പര്ക്കംകൊണ്ട് തണുപ്പ് തട്ടുന്നതിനും ഇടയുണ്ട്. അതുകൊണ്ട് മിതമായ വിധത്തില് ഉയര്ന്നിരിക്കണം.

പിന്നീട് സത്യാന്വേഷി അവന്റെ ഗുരുവിനെ സ്മരിച്ചുകൊണ്ട് മനസ്സിനെ ഏകാഗ്രമാക്കി ആനന്ദവാനായി ഇരിക്കണം. ഗുരുസ്മരണകൊണ്ട് സത്വഭാവം മനസ്സില് വ്യാപിപ്പിച്ച് അഹംഭാവത്തിന്റെ കാഠിന്യം അലിയുന്നതുവരെ അവന് ഈ നിലയില് ഇരുപ്പുറപ്പിക്കണം. അപ്പോള് എല്ലാ വിഷയങ്ങളും വിസ്മരിക്കുന്നു. എല്ലാ ഇന്ദ്രിയങ്ങളുടേയും പ്രവര്ത്തനം നിലയ്ക്കുന്നു. സദാ വെളിയില് സഞ്ചരിക്കുന്ന മനസ്സ് ഹൃദയത്തിനുള്ളില് സ്ഥിരപ്പെട്ടു നില്ക്കുന്നു. മനസ്സ് ഹൃദയവുമായി ഐക്യബോധം ഉണ്ടാകുന്നതുവരെ യോഗി ഈ നിലയില് ഇരിക്കണം. അപ്പോള് ശരീരം അതിന്റെ സമതുലിതാവസ്ഥ നിലനിര്ത്തും ശ്വാസോച്ഛ്വാസം അനുയോജ്യമാംവണ്ണം ക്രമീകരിക്കപ്പെടും. അതോടെ സാധകന്റെ അനുഭവസിദ്ധി ഉയരത്തിലെത്തുന്നു. അപ്പോള് മനസ്സിന്റെ ബഹിര്ഗമന വാസനകള് പിന്വലിക്കപ്പെടുകയും ഉള്ളില് സമാധിയുടെ ചൈതന്യം അനുഭവപ്പെടുകയും ചെയ്യുന്നു.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 13,14

സമം കായശിരോഗ്രീവം
ധാരയന്നചലം സ്ഥിരഃ
സംപ്രേക്ഷ്യ നാസികാഗ്രം സ്വം
ദിശശ്ചാനവലോകയന്

പ്രശാന്താത്മാ വിഗതഭീര്-
ബ്രഹ്മാചാരിവ്രതേ സ്ഥിതഃ
മനഃ സംയമ്യ മച്ചിത്തോ
യുക്ത ആസീത മത്പരഃ

ധ്യാനത്തിന്റെ ഫലമായി ശരീരത്തില് ബാഹ്യമായും ആന്തരികമായും സംഭവിക്കാവുന്ന ചില പ്രവര്ത്തന പ്രതിപ്രവര്ത്തനങ്ങളെക്കുറിച്ചും കുണ്ഡലിനി എന്ന ശക്തിശ്രോതസ്സിന്റെ ഉണര്വ്വിനെക്കുറിച്ചും അതുളവാക്കുന്ന പരിവര്ത്തനങ്ങളെക്കുറിച്ചും ശ്രീ ജ്ഞാനദേവന് മനോഹരമായ പ്രതീകാത്മകഭാഷയില് വര്ണ്ണിച്ചിരിക്കുന്നു.

അപ്പോള് സങ്കല്പങ്ങള് ഒതുങ്ങുകയും മാനസ്സികോര്ജ്ജത്തിന്റെ വ്യയം കുറയുകയും ശരീരത്തിനും മനസ്സിനും വിശ്രമം ലഭിക്കുകയും ചെയ്യുന്നു. വിശപ്പും നിദ്രയും അയാളെ ബുദ്ധിമുട്ടിക്കുന്നില്ല. അവയെക്കുറിച്ചുള്ള ഓര്മ്മപോലും ഇല്ലാതായെന്നുവരും മൂലബന്ധത്താല് തടയപ്പെട്ട അപാനന് പിന്നോക്കം നീങ്ങുകയും അവിടെയും തടയപ്പെട്ട് വികസിക്കുകയും ചെയ്യുന്നു. ഈ അമര്ത്തല്മൂലം ഉത്തേജിപ്പിക്കപ്പെടുന്ന അപാനന് നട്ടെല്ലില് ഉദരഭാഗത്തായുള്ള മണിപൂരചക്രത്തെ ഉണര്ത്തുന്നു. വികസിച്ചുവരുന്ന അപാനന് എല്ലാ ഭാഗങ്ങളില് നിന്നും ഉദരാവയവങ്ങളെ മഥിക്കുകയും കുട്ടിക്കാലം മുതല് അവയില് അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ അകറ്റുകയും ചെയ്യുന്നു. അത് ഉദരത്തിലെ പിത്ത കഫ സംബന്ധമായ ദോഷങ്ങളെ നശിപ്പിക്കുന്നു. സപ്തധാതുക്കളെ മാറ്റിമറിച്ച് തകര്ക്കുന്നു. കൊഴുപ്പുപാളികളുടെ കൂട്ടങ്ങളേയും എല്ലിനുള്ളിലെ മജ്ജയേയും ഇളക്കുന്നു. രക്ത ധമനികളെ വെടിപ്പാക്കുന്നു. ഇത് നാഡികളുടെ പ്രവര്ത്തനത്തെ സാവധാനമാക്കി കൈകാലുകളുടെ പ്രവര്ത്തനശേഷിയില് അയവുവരുത്തി സാധകനെ പരിഭ്രമിപ്പിച്ചെന്നുവരും. പക്ഷേ അയാള് പരിഭ്രമിക്കേണ്ടതില്ല. ചില അസുഖങ്ങള് അതുളവാക്കും എന്നാല് ഉടന്തന്നെ സുഖപ്പെടുത്തുകയും ചെയ്യും. അത് കഫം പിത്തരസം തുടങ്ങിയ ദ്രാവകങ്ങളേയും മാംസം മജ്ജ എല്ലുകള് എന്നിവയിലുള്ള ധാതുക്കളേയും തമ്മില് സംയോജിപ്പിക്കുന്നു. ഇതിനിടയില് യോഗാസനം ശരീരത്തില് ഉളവാക്കുന്ന താപത്തില് കുണ്ഡലിനീ ശക്തി ഉണര്ത്തപ്പെടുന്നു. ചുവന്ന കുങ്കുമപ്പൊടിയില് പൂശപ്പെട്ട് മൂന്നര ചുറ്റുചുറ്റി തല കീഴോട്ടാക്കി ഉറങ്ങുന്ന ഒരു പെണ്സര്പ്പത്തെപ്പോലെയാണ് കുണ്ഡലിനിയുടെ സ്ഥിതി. ഒരു പ്രകാശപാളിപോലെ ഒരു അഗ്നിജ്വാലയുടെ മടക്കുപോലെ, ശുദ്ധമായ തങ്കംപോലെയാണ് കുണ്ഡലിനി.

വജ്രാസനം കുണ്ഡലിനീശക്തിയെ ഉണര്ത്തുന്നു. ഉജ്ജ്വലമായ ഒരു നക്ഷത്രം പതിക്കുന്നതുപോലെയോ, പ്രകാശത്തിന്റെ വിത്ത് മുളച്ചുവരുന്നതുപോലെയോ, തന്റെ ചുറ്റുകളഴിച്ച് കുണ്ഡലിനീശക്തി നാഭീകേന്ദ്രത്തില് ഉണര്ന്നെഴുന്നേല്കുന്നു. വളരെനാളായി വിശന്നിരിക്കുന്ന അവള് പിളര്ന്നിരിക്കുന്ന വായ് മേല്പ്പോട്ട് തുറന്നുവച്ചുകൊണ്ട് നില്ക്കുന്നു. അവിടെയുള്ള അപാനന് അവളുടെ ഇരയായിത്തീരുന്നു. കുണ്ഡലിനിയുടെ തീവ്രശക്തി മാംസഭാഗങ്ങളെ അശിക്കുന്നു. ഹൃദയഭാഗത്തുള്ള ചില മാംസപേശികള്പോലും അവള്ക്ക് ഇരയായിത്തീരുന്നു. എന്നിട്ട് അവള് കരങ്ങളുടേയും പാദങ്ങളുടേയും മേല്ഭാഗം തുരന്നിറങ്ങി കൈകാലുകളേയും സന്ധിബന്ധങ്ങളേയും വിറപ്പിക്കുന്നു. നഖങ്ങളുടെ സത്ത് വലിച്ചടുക്കുന്നു. ത്വക്കിനെ ശുദ്ധീകരിക്കുന്നു. അസ്ഥികളോട് അടുക്കുന്നു. അസ്ഥികളേയും വെടിപ്പാക്കുന്നു. സപ്തധാതുക്കളെ നുകര്ന്ന് അവള് തന്റെ ദാഹം ശമിപ്പിക്കുന്നു. അതിന്റെ ഫലമായി ശരീരത്തിന് ഉണക്കുബാധിച്ചതുപോലെ അനുഭവപ്പെടുന്നു. നാസാരന്ദ്രങ്ങളില്ക്കൂടി പുറത്തേയ്ക്കുപോകുന്ന പ്രാണന് എന്ന വായുവിനെ അവള് ശക്തിപൂര്വ്വം നാലുവിരലിട അകത്തേയ്ക്കുവലിക്കുന്നു. അപാനനെ മേല്പ്പോട്ടുയര്ത്തുന്നു. പ്രാണനെ കീഴ്പ്പോട്ടുകൊണ്ടുവരുന്നു. അവ യോജിക്കുകയാണെങ്കില് പിന്നെ അവശേഷിക്കുന്നത് നാഡീകേന്ദ്രങ്ങളുടെ ബാഹ്യ ഉറകള് മാത്രമായിരിക്കും. എന്നാല് അപ്പോള് അല്പം അസ്വസ്ഥയായിത്തീരുന്ന കുണ്ഡലിനി അവ രണ്ടിനോടും വേര്പെട്ടു നില്ക്കാന് ആജ്ഞാപിക്കുന്നു. അല്ലയോ അര്ജ്ജുനാ, ശരീരത്തിലെ ഖര ദ്രാവക പദാര്ത്ഥങ്ങളെയെല്ലാം അശിച്ചു കഴിഞ്ഞശേഷം ഈ കുണ്ഡലിനി തികച്ചും തൃപ്തയായി നട്ടെല്ലില് സ്വസ്ഥയായി കഴിയുന്നു.

ഇങ്ങനെ തൃപ്തിയായിരിക്കുന്ന അവസരത്തില് അവള് തുപ്പുന്ന വിഷം ജീവിതത്തെ പുഷ്കലമാക്കുന്ന മധുവായി മാറുന്നു. പുറത്തുവരുന്ന തീക്ഷ്ണമായ വിഷം ശരീരത്തിന്റെ ആന്തരികരംഗങ്ങളെ തണുപ്പിക്കുന്നു. അതോടെ പൊയ്പോയ ശക്തി ശരീരം വീണ്ടെടുക്കുന്നു. നാഡീവേഗങ്ങളും പ്രാണനൊഴികെയുള്ള ഒന്പത് ജീവവായുക്കളുടെ പ്രവര്ത്തനങ്ങളും നിലയ്ക്കുന്നു. ശരീരത്തിന് അതിന്റെ ജോലികള് ഇല്ലാതാകുന്നു. അപ്പോള് ഇടതും വലതും നാസ്വാദ്വാരങ്ങളിലൂടെ വായുക്കള് സമ്മേളിക്കുന്നു. താഴെയുള്ള നാഡീകേന്ദ്രങ്ങളിലെ മൂന്നു ഗ്രന്ഥികള് അയയുന്നു. ആറ് നാഡീകേന്ദ്രങ്ങള് തമ്മില് വിഘടിക്കപ്പെടുന്നു. ഒരു നേരിയ നൂല് മുമ്പില് പിടിച്ചാല് അല്പംപോലും ഇളകാത്തവിധത്തില് നാസാദ്വാരങ്ങളിലൂടെയുള്ള സൂര്യ-ചന്ദ്ര ശ്വാസഗതികള് വളരെസൂഷ്മതരമായിത്തീരുന്നു. ബുദ്ധിശക്തിയുടെ പ്രവര്ത്തനം അപ്പോള് അവസാനിക്കുകയും നാസാരന്ദ്രങ്ങളിലെ സുഗന്ധം കുണ്ഡലിനീശക്തിയോടൊത്ത് സുഷുമ്നാനാഡിയില് പ്രവേശിക്കുകയും ചെയ്യുന്നു. മുകളില് സ്ഥിതിചെയ്യുന്ന ചന്ദ്രമണ്ഡല- മധുനിറഞ്ഞ പാത്രം ഒരു വശത്തേക്കു ചരിയുകയും കുണ്ഡലിനിയുടെ വായിലേയ്ക്ക് അത് ഒഴുകാന് തുടങ്ങുകയും ചെയ്യുന്നു. ഈ മധു അവളില് നിറയുകയും പ്രാണന്റെ സഹായത്താല് ശരീരത്തെ ആകെ നനയ്ക്കുകയും ചെയ്യുന്നു. പഴുത്തുചുവന്ന മൂശയിലുള്ള മെഴുക് ഉരുകി അതിനെ നിറയ്ക്കുന്നതുപോലെ, ത്വക്കിനാല് മൂടപ്പെട്ട പ്രകാശധാര മനുഷ്യ ശരീരത്തിന്റെ രൂപത്തില് ആഭിര്ച്ചിരിക്കുകയാണെന്നു തോന്നും, ഒരു മേഘപാളിക്കപ്പുറം മറഞ്ഞിരുന്ന സൂര്യന് മേഘം ചിന്നിച്ചിതറുമ്പോള് ഉജ്ജ്വലപ്രകാശത്തോടെ പുറത്തുവരുന്നതുപോലെ, ഉണങ്ങിവെടിച്ചിരുന്നപോലെ തോന്നിയ ത്വക്കിന്റെ പാളികള് പൊഴിഞ്ഞുപോകുമ്പോള് സ്ഫടികത്താല് രൂപീകൃതമായതുപോലെയോ ശരീരം സുഭഗതയാര്ജ്ജിക്കുന്നു. കുണ്ടിലിനി ചന്ദ്രമണ്ഡലമധുനുകരുമ്പോള് ശരീരം ശോണിമയാര്ന്ന മനോഹാരിതയോടുകൂടിയതായോ തേന്നിറഞ്ഞതായോ കാണപ്പെടുന്നു. ആഹ്ലാദത്തിന്റെ ഒരു ചിത്രംപോലെയോ, ആനന്ദത്തിന്റെ ഒരു രൂപംപോലെയോ സംതൃപ്തിയുടെ പന്തലിച്ച ഒരു മരംപോലെയോ, തളിരിലകള് നിറഞ്ഞ ഒരു ഉദ്യാനംപോലെയോ, ഒരു പീഠത്തില് ഇരിക്കുന്ന പ്രകാശനിര്മ്മിതമായ ഒരു പ്രതിമയെപ്പോലെയോ, അത് ആയിത്തീരുന്നു. മണത്തിന്റെ ദേവതപോലും ഭയഭക്തിബഹുമാനത്തോടെ അയാളുടെ മുമ്പാകെ പരുങ്ങി നില്ക്കുന്നു.

അപ്പോള് വാര്ദ്ധക്യം പിന്വാങ്ങുന്നു. യുവത്വം പിന്നോട്ട് കുതിച്ചുപായുന്നു. വളരെനാള് കഴിഞ്ഞുപോയ ബാല്യം മടങ്ങിയെത്തുന്നു. അത്ര ചെറുപ്പമാണെന്നു തോന്നുന്നുവെങ്കില്പോലും അയാള് മഹത്തായ കാര്യങ്ങള് നിര്വ്വഹിക്കുന്നു. അയാളുടെ ധീരത അതുപോലെ തന്നെ മഹത്തും വിശിഷ്ടവുമാണ്. സുവര്ണ്ണ വൃക്ഷത്തിന്റെ ഇലകളില് നിന്ന് തിളക്കമാര്ന്നമൊട്ടുകള് പുറത്തുവരുന്നതുപോലെ അയാളുടെ വിരലുകളില് തിളക്കമാര്ന്ന നഖങ്ങള് പ്രത്യക്ഷപ്പെടുന്നു. അയാള്ക്കു പുതിയ പല്ലുകള് മുളയ്ക്കുന്നു. എന്നാല് അവ രണ്ടുവരി മുത്തുകളെപ്പോലെ തോന്നിക്കുമാറ് ചെറിയവനായിരിക്കും. അണു സദൃശമായ രത്നക്കല്ലുകളെപ്പോലെ ചുവന്ന നിറമുള്ളതായിത്തീരുന്നു. അയാളുടെ മിഴിവുറ്റ നേത്രങ്ങളെ എങ്ങനെ വിവരിക്കാനാണ്.അകത്തെ രത്നം വളര്ച്ചപ്രാപിക്കുമ്പോള് അതുള്ക്കൊള്ളാനാകാതെ മുത്തുച്ചിപ്പി പിളരുന്നതുപോലെ, കണ്പോളകള്ക്ക് ഒതുക്കാനാവാത്ത അയാളുടെ കാഴ്ച ആകാശമണ്ഡലത്തിന്റെ അതിവിദൂരതകളിലേയ്ക്ക് വ്യാപിക്കുന്നു. അല്ലയോ അര്ജ്ജുനാ, അയാളുടെ ശരീരം സ്വര്ണ്ണനിറം പൂകുന്നു. എന്നാല് ഖരദ്രാവകഭാഗങ്ങള് പൊയ്പോയ ശരീരത്തിന് വായുവിന്റെ ലാഘവമാണ്.

അപ്പോള് യോഗിക്ക് സാഗരങ്ങള്ക്കപ്പുറമുള്ള കാഴ്ചകള് കാണാം സ്വര്ഗത്തിലെ നാദങ്ങള് ശ്രവിക്കാം. ഒരുറുമ്പിന്റെപോലും ആഗ്രഹം ഗ്രഹിക്കാം. അയാള്ക്ക് വായുവിലേറി സഞ്ചരിക്കാം. കാല് നനയ്ക്കാതെ വെള്ളത്തിലൂടെ നടക്കാം. അയാള് പല അത്ഭുത സിദ്ധികളും സമ്പാദിക്കുന്നു. പ്രാണന്റെ കരം പിടിച്ച് ഹൃദയമണ്ഡലത്തിലെ പടികള് കയറി കുണ്ഡലിനി സുഷുമ്നാനാഡിയിലൂടെ ഹൃദയചക്രത്തില് പ്രവേശിക്കുന്നു. പ്രപഞ്ചത്തിന്റെ മാതാവാണ് ഈ കുണ്ഡലിനി. അവളാണ് ആത്മസത്തയെ പ്രകാശിപ്പിക്കുന്നത് അവളാണ് മുളച്ചുവരുന്ന പ്രപഞ്ചവിത്തിന് തണലേകുന്നത്. രൂപരഹിതമായ ബ്രഹ്മത്തിന്റെ ആവിഷ്കാരഭാവം അവളാണ്. മഹാശൂന്യതയുടെ ഇരിപ്പിടമാണവള്. ശിവന്റെ പാത്രരൂപത്തിലുള്ള പ്രതിബിംബമാണ്. പവിത്രമായ ‘ഓം’ന്റെ പ്രധാന സ്ഫുരണവും അവളാണ്. യൗവനം നിറഞ്ഞ ഈ കുണ്ഡലിനി ഹൃദയചക്രത്തില് പ്രവേശിക്കുമ്പോള് സൃഷ്ടിക്കപ്പെടാത്ത ഒരു ശബ്ദം കേള്ക്കുന്നു. ‘ഓം’മിന്റെ വരകള് എഴുതപ്പെട്ട രൂപങ്ങള്പോലെയാണ് അവയുടെ ആവിര്ഭാവം. ഇക്കാര്യം സങ്കല്പത്തിലൂടെ മാത്രമേ അറിയുവാന് കഴിയൂ. പക്ഷേ, അതിന് കഴിവുള്ള ആളെ എവിടെ കണ്ടെത്താനാണ്?

എന്തെന്തു മുഴക്കങ്ങളാണ് ഹൃദയചക്രത്തില് നടക്കുന്നതെന്ന് ആര്ക്കും അറിഞ്ഞുകൂട. അല്ലയോ അര്ജ്ജുന, മേഘപടലങ്ങളുടെ ഇരമ്പലുകളോട് സാദൃശ്യമുള്ള ഈ ശബ്ദങ്ങള് അവിടെ മുഴങ്ങുമ്പോള് ബ്രഹ്മരന്ധ്രത്തിലേക്കുള്ള ജാലകങ്ങള് തുറക്കപ്പെടുന്നു. ഒരു താമരപ്പുവിന്റെ ബീജകോശത്തിന് സദൃശമായ മറ്റൊരു മഹാകേന്ദ്രം മുകളിലുണ്ട്. അതാണ് ആത്മാവിന്റെ ആവാസസ്ഥാനം. കുണ്ഡലിനി പരമാത്മാവിന്റെ ഈ വാസസ്ഥാനത്ത് പ്രവേശിച്ച് അതിന് അവളുടെ പ്രകാശധോരണി നിവേദ്യമായി അര്പ്പിക്കുന്നു. അവള് ബുദ്ധിശക്തിയെത്തന്നെ പിന്നീട് അതില് ദ്വന്ദ്വബോദത്തിന്റെ ഒരു ലാഞ്ചനയും അവശേഷിക്കാത്ത വിധത്തിലേക്ക് പരമാത്മാവിന് ഒരു സസ്യഭോജനമായി സമര്പ്പിക്കുന്നു. അപ്പോള് കുണ്ഡിലിനി അവളുടെ അഗ്നിവര്ണ്ണം കൈവെടിഞ്ഞ് വായുരൂപത്തില് നിലകൊള്ളുന്നു. ഈ വായുരൂപത്തില് സ്വയം വിലയംകൊണ്ട് അവള് സുവര്ണ്ണരേഖകളുള്ള സ്വന്തം കഞ്ചുകം മാറ്റിവയ്ക്കുന്നു. കാറ്റിന്റെ സ്പര്ശംകൊണ്ട് വെളിച്ചം അണയുന്നതുപോലെയോ, ആകാശത്തില് മിന്നല്പിണര് മിന്നിവന്ന് അപ്രത്യക്ഷമാകുന്നതുപോലെയോ കുണ്ഡിലിനി ഹൃദയകേന്ദ്രത്തിന്റെ പത്മത്തില് പ്രവേശിക്കുമ്പോള് അവള് ഒരു സ്വര്ണ്ണമാലപോലെയോ പ്രകാശത്തിന്റെ ഒരു അരുവിപോലെയോ കാണപ്പെടുന്നു. ഉടനെ പെട്ടെന്ന് അവള് ഹൃദയത്തിന്റെ ബീജകോശത്തില് അസ്തമിക്കുന്നു. അവളുടെ രൂപം രൂപരഹിതമായ ശക്തിയില് വിലയംകൊള്ളുന്നു. അവളെ ശക്തിയെന്ന് വിളിക്കുന്നെങ്കിലും ഇപ്പോഴും അവള് വായുരൂപിയാണ്. ഈ അവസ്ഥയില് ഒരാള് നാദത്തിനെക്കുറിച്ചോ ബിന്ദുവിനെക്കുറിച്ചോ കാലജ്യോതിയെക്കുറിച്ചോ ബോധവാനല്ല. അപ്പോള് മനസ്സിന്റെ കീഴടക്കലും ശ്വാസനിയന്ത്രണവും ധ്യാനവും ഒന്നും അവശേഷിക്കുന്നില്ല. ചിന്തയും അതിന്റെ ഇല്ലായ്മയും നിന്നുപോകുന്നു. അങ്ങനെ എല്ലാ സ്ഥൂലാവസ്ഥകളും തകര്ത്തുകളയുന്ന ഒരുമൂശയാണവള്. ശരീരംതന്നെ ശരീരത്തെ വിഴുങ്ങണമെന്നാണല്ലോ നഥ സമ്പ്രദായസാധകരുടെ വീഷണം. അതിന്റെ തത്ത്വമാണ് വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന് ഇവിടെ വെളിവാക്കുന്നത്. ഈ തത്ത്വവീഷണത്തിന്റെ കെട്ട് അഴിച്ച് ആ സത്യം വെളിവാക്കിക്കൊണ്ട് അതുകേള്ക്കാന് ആഗ്രഹിക്കുന്നവരായ നിങ്ങളുടെ മുമ്പാകെ ഞാന് വെയ്ക്കുന്നു.


അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 15

യുഞ്ജന്നേവം സദാത്മാനം
യോഗീ നിയതമാനസഃ
ശാന്തിം നിര്വ്വാണപരമാം
മത്സംസ്ഥാമധിഗച്ഛതി

മേല്പ്പറയപ്പെട്ടപ്രകാരം മനസ്സിനെ എപ്പോഴും സമാധിയിലുറപ്പിച്ചുകൊണ്ട് മനസ്സിനെ അടക്കിയിരിക്കുന്ന യോഗി മോക്ഷാനുഭാവത്തിനുതകുന്നതും എന്റെ അധീനത്തിലുള്ളതുമായ ശാന്തിയെ പ്രാപിക്കുന്നു.

അര്ജ്ജുനാ, ശക്തിക്ക് അവളുടെ ഉര്ജ്ജം നഷ്ടപ്പെടുമ്പോള് ശരീരം രൂപമില്ലാതെ അദൃശ്യമായ ഒരവസ്ഥയെ പ്രാപിക്കുന്നു. ശരീരത്തിന് ഒട്ടാകെ ഒരു അരൂപാവസ്ഥ കൈവരുന്നുവെങ്കിലും അതിന് പഴയപോലെതന്നെ അവയവങ്ങള് ഉണ്ടായിരിക്കും. ഈ അവസ്ഥ ശരീരത്തിന് ഉളവാകുന്ന ഒരു യോഗിയെ ആകാശസഞ്ചാരിയെന്നുവിളിക്കാം. അയാള്ക്ക് അത്ഭുതകൃത്യങ്ങള് നിര്വഹിക്കാന് കഴിയുന്നു. അയാള് പാദങ്ങള് മുന്നോട്ടുവയ്ക്കുമ്പോള് അഷ്ടസിദ്ധികള് ഓരോ കാലടിയിലും അയാളെ സേവിക്കാനുണ്ടാകും. പക്ഷേ ഈ ശക്തികള്കൊണ്ട് നമുക്ക് എന്ത് പ്രയോജനമാണ്. അല്ലയോ അര്ജ്ജുനാ പൃഥ്വി അലിഞ്ഞുചേരുന്നു. ഹൃദയത്തിലെ അഗ്നി വായുവില് അലിയുന്നു. അപ്പോള് വായുമാത്രം ശരീരത്തിന്റെ രൂപത്തിലൂടെ അവശേഷിക്കുന്നു. അതും ബ്രഹ്മരന്ധ്രത്തിലെ ആകാശത്തില് വിലയം കൊള്ളുന്നു.

ഈ ഘട്ടത്തില് ശക്തി കുണ്ഡലിനി എന്നല്ല മാരുത എന്നാണ് അറിയപ്പെടുന്നത്. അപ്പോള് ജാലന്ധരബന്ധം കൈവിട്ട് സുഷുമ്നാനാഡിയുടെ മേലെ അഗ്രം ഭേദിച്ച് തുറന്ന് അവള് ബ്രഹ്മന്ധ്രത്തിലെ ചിദാകാശത്തില് പ്രവേശിക്കുന്നു. ‘ഓം’കാരത്തിന്റെ പുറത്ത് കാല്വച്ച് അവള് വചനത്തിന്റെ രണ്ടാം ഘട്ടമായ പശ്യന്തിയെ കടന്നുപോകുന്നു. ഒരു നദീസമുദ്രത്തിലേക്ക് പ്രവേശിക്കുന്നതുപോലെ അവള് ‘ഓം’മിന്റെ പകുതി ചന്ദ്രക്കല ‘മാത്ര’യെ തുളച്ച് ചിദാകാശത്തിലേക്ക് പ്രവേശിക്കുന്നു. ബ്രഹ്മന്ധ്രത്തില് നിവര്ന്നുനിന്ന് ‘ഞാന് ബ്രഹ്മമാകുന്നു’ എന്ന ദൃഢമായ ബോദ്ധ്യത്തോടുകൂടി കരങ്ങള് വിടര്ത്തി അവള് ബ്രഹ്മത്തെ ആലിംഗനം ചെയ്യുന്നു. അപ്പോള് പഞ്ചഭൂതങ്ങളായ മറ നശിക്കുകയും ശിവശക്തി ഐക്യം സംഭവിക്കുകയും ചെയ്യുന്നു. അവള് ചിദാകാശത്തോടൊത്ത് ബ്രഹ്മത്തിന്റെ പരമാനന്ദത്തില് വിലയം കൊള്ളുന്നു. കടല്വെള്ളം മേഘങ്ങളായി പരിണമിച്ച് പിന്നീട് മേഘങ്ങള് നദികളിലേക്ക് ജലമായി വര്ഷിക്കപ്പെട്ട് വീണ്ടും സമുദ്രത്തില് ചെന്നുചേരുന്നതുപോലെ, ശരീരമെടുത്തിരിക്കുന്ന ആത്മസത്ത മനുഷ്യശരീരത്തിലൂടെ ബ്രഹ്മത്തില് പ്രവേശിച്ച് അതില് വിലയംകൊള്ളുന്നു.

ഈ ഘട്ടത്തില് ദ്വൈതമാണോ അദ്വൈതമാണോ ഉള്ളത് എന്നതിനെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും ചിന്തകളും അവസാനിക്കുന്നു. ചിദാകാശം ആകാശത്തില് വിലയംകൊള്ളുന്ന ഈ സ്ഥിതി അനുഭവിക്കുന്ന ഒരാള് പരമസത്യവുമായി ഒന്നാകുന്നു. സംഭാഷണത്തിലൂടെ വിശദീകരിക്കാനാവാത്ത വിധത്തിലുള്ള ഈ സ്ഥിതി വാക്കുകളാല് പ്രകാശിപ്പിക്കുക അസാധ്യമാണ്. അല്ലയോ അര്ജ്ജുനാ, ഒരു ചിന്തയെ ഏറ്റവും നന്നായി പ്രകാശിപ്പിക്കുവാനുള്ള ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന വചനത്തിന്റെ നാലാം ഘട്ട രൂപമായ വൈകരി പോലും ഇക്കാര്യത്തില് മൂകമായിപ്പോകുന്നു. ഓംകാരത്തിന്റെ മൂന്നാം ശബ്ദമായ ‘മ്’കാരത്തിനുപോലും പുരികക്കൊടികളുടെ പിന്നിലുള്ള മേഖലയിലേക്ക് കടക്കുക പ്രയാസമാണ്. അതുപോലെ ചിദാകാശത്തിലേക്ക് പ്രവേശിക്കുവാന് പ്രാണനും പ്രയാസം അനുഭവപ്പെടുന്നു. അതു ചിദാകാശത്തില് ലയിക്കുമ്പോഴാകട്ടെ വാക്കുകളുടെ ആവിഷ്കാരശേഷി അവസാനിക്കുന്നു. നിര്വ്വികാരകല്പസത്തയിലെ അവ്യക്തതയുടെ അഗാധതകളില്നിന്നു വേര്തിരിക്കുവാന് സാധ്യമല്ലാത്തവിധം ആകാശംപോലും അതിലോലമായിത്തീരുന്നു. അങ്ങനെയുള്ള സ്ഥിതിയില് വാക്കുകള്കൊണ്ട്എന്തു പ്രയോജനമാണുള്ളത്? ഈ സ്ഥിതി വാക്കുകളുടേയും ശ്രവണത്തിന്റേയും പരിമിതിക്കുള്ളില് കൊണ്ടുവരാന് സാധ്യമല്ലതന്നെ. ഭാഗ്യം ലഭിക്കുകയാണെങ്കില്, അത് അനുഭവിക്കുവാന് ഒരാള് തയ്യാറാകുന്നുവെങ്കില്, അയാള് അതോട് ഒന്നാകും. പിന്നെ അയാള്ക്കറിയാന് മറ്റൊന്നും അവശേഷിക്കുന്നില്ല. അല്ലയോ വില്ലാളി! അതേപ്പറ്റി കൂടുതല് പറയുന്നതില് ഫലമൊന്നുമില്ല. വാക്കുകള് പിന്തിരിഞ്ഞുപോകുന്ന ഒരു സ്ഥിതിയാണവിടെ. അവിടെ സങ്കല്പങ്ങള് അവസാനിക്കുന്നു. ചിന്തയുടെ സീമയ്ക്ക് അപ്പുറമാണത്. ഇത് മനോലയത്തിന്റെ മനോഹരാവസ്ഥയാണ്. ബ്രഹ്മവുമായി ഒന്നാകുന്ന സമാധിയുടെ നിത്യയൗവനസ്ഥിതിയാണ്. അത് ആദിയില്ലാത്തതാണ്. അളന്നറിയാന് അസാധ്യമായതാണ്. അതു പ്രപഞ്ചത്തിന്റെ കാറണമാണ്. യോഗതരുവിന്റെ കനിയാണ്. ആനന്ദത്തിന്റെ മഹാനുഭവം തന്നെയാണ്. എല്ലാരൂപങ്ങളും സ്ഥിതികളും, സ്വാതന്ത്ര്യവും, എല്ലാ തുടക്കവും ഒടുക്കവും അതില് വിലയം കൊള്ളുന്നു. മഹാ പഞ്ചഭൂതങ്ങളുടെ ഉത്ഭവകാരണം ഈ ബ്രഹ്മമാണ്. അത് പ്രകാശങ്ങളുടെ പ്രകാശമാണ്. അല്ലയോ പാര്ത്ഥാ ചുരുക്കത്തില് അത് എന്റെതന്നെ സത്തയാകുന്നു. എന്റെ ഭക്തന്മാരെ നാസ്തികള് പീഢിപ്പിച്ചപ്പോള് നാലുകരങ്ങളോടുകൂടിയ കമനീയമായ മനുഷ്യരൂപം കൈക്കൊണ്ട് ഞാന് അവതരിച്ചു. അവര്ണ്ണനീയമായ ആ ആനന്ദം അനുഭവിക്കുവാനായാണ് മനുഷ്യന് അനവരതം അതിനായി പ്രയത്നിക്കുകയും ആ ആനന്ദത്തില് നിമഗ്നരാവുകയും ചെയ്യുന്നത്. ഞാന് വിശദീകരിച്ച ഈ യോഗം പരിശീലിച്ചിട്ടുള്ളവര് പവിത്രരായി എന്നെപ്പോലെ തന്നെയായിത്തീരുന്നു. പരമാര്ത്ഥസത്തയില് നിന്ന്, പരംപൊരുളില് നിന്ന് ആവിഷ്കരിക്കപ്പെട്ട്, മനുഷ്യരൂപത്താല് ആവരണം ചെയ്യപ്പെട്ടവരെപ്പോലെ അവരുടെ ശരീരം ദിവ്യപ്രഭ ചിന്നുന്നു. ആ അനുഭവം മനുഷ്യനെ പ്രകാശമാനമാക്കുന്നതോടെ ഈ മായാപ്രപഞ്ചം അവസാനിക്കുന്നു.

ബദ്ധശ്രദ്ധനായി ഭഗവാന്റെ വാക്കുകള് കേട്ടുകൊണ്ട നിന്ന അര്ജ്ജുനന് പറഞ്ഞു; അല്ലയോ ഭഗവാനേ, അങ്ങുപറഞ്ഞതെല്ലാം ശരിതന്നെ. അങ്ങ് ഉപദേശിച്ച ഈ മാര്ഗ്ഗം പിന്തുടരുന്നതായാല് ഒരാള്ക്ക് ബ്രഹ്മബോധത്തിലെത്താം എന്നുള്ളത് വ്യക്തമാണ്. ഈ യോഗമാര്ഗ്ഗം നിശ്ചയദാര്ഢ്യത്തോടെ പരിശീലിക്കുന്നവന് ബ്രഹ്മപദത്തെ പ്രാപിക്കുമെന്ന് അങ്ങയുടെ വാക്കുകളില്നിന്ന് ഞാന് മനസ്സിലാക്കുന്നു. അങ്ങുപറയുന്നത് ശ്രവിച്ചപ്പോഴാണ് എനിക്കത് ബോധ്യമായത്. അത് അനുഭവിച്ചവര് അതുമായി ഐക്യം പ്രാപിക്കാതിരിക്കുന്നതെങ്ങനെ? അതില് ശംശയത്തിനവകാശമില്ല. എങ്കിലും എനിക്കു പറയാനുള്ള ചില കാര്യങ്ങള് അങ്ങ് ദയവായി കേള്ക്കുക.

അങ്ങ് വിവരിച്ച ഈ യോഗമാര്ഗ്ഗം വളരെ ആകര്ഷകമായി എനിക്ക് തോന്നുന്നു. പക്ഷേ, വേണ്ട യോഗ്യതയില്ലാത്തതിനാല് ഇത് പരിശീലിക്കുവാന് എനിക്കു കഴിവുണ്ടാകുമെന്ന് തോന്നുന്നില്ല. എന്റെ ശക്തിമുഴുവന് ഈ മാര്ഗ്ഗം അതിന്റെ അവസാനം വരെ തുടരാന് കഴിഞ്ഞെങ്കില് എന്ന് ഞാന് ആശിക്കുകയാണ്. പക്ഷേ എന്റെ കഴിവിനപ്പുറമാണ് ഈ യോഗമാര്ഗ്ഗമെന്ന് അങ്ങേയ്ക്ക് തോന്നുന്നുവെങ്കില് എന്റെ പരിമിതമായ കഴിവില് ഒതുങ്ങുന്ന ഒരു വഴി എനിക്കു പറഞ്ഞു തന്നാലും. അങ്ങ് ഉപദേശിച്ചുതന്ന ഈ യോഗമാര്ഗ്ഗം വളരെ ശ്രദ്ധാപൂര്വ്വം ഞാന് കേട്ടു. പക്ഷേ അതു പരിശീലിക്കുവാന് എല്ലാവര്ക്കും കഴിയുമോ? അതോ അതിന് അനുയോജ്യമായ കഴിവുള്ളവര്ക്കേ അതു സാധ്യമാവുകയുള്ളോ?

ഭഗവാന് അര്ജ്ജുനന്റെ സംശയം കേട്ട് പുഞ്ചിരിയോടെ പ്രതിവചിച്ചു:

അല്ലയോ അര്ജ്ജുനാ ഇതെന്തു ചോദ്യമാണ്? ഈ യോഗത്തിന്റെ പരിശീലനം പരമ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും പക്ഷേ സാധാരണ പ്രവൃത്തികള്പോലും വേണ്ട കഴിവില്ലെങ്കില് വിജയിക്കുമോ? ഒരു പ്രയത്നത്തിന്റെ വിജയത്തിലൂടെ മാത്രമേ ഒരാളുടെ കഴിവ് തിട്ടപ്പെടുത്തുവാന് നമുക്ക് കഴിയൂ. അതിനുള്ള കഴിവുണ്ടെങ്കില് മാത്രമേ ആ പ്രവൃത്തി വിജയിക്കുകയുള്ളൂ. ആഗ്രഹിച്ചതുകൊണ്ടുമാത്രം സിദ്ധിക്കുന്ന ഒന്നല്ല കഴിവ്. ഖനനം ചെയ്തെടുക്കാവുന്ന കഴിവിന്റെ ഏതെങ്കിലും ഒരു ഖനി ഉണ്ടോ? സ്വധര്മ്മം നിസ്സംഗതയോടെ ഭംഗിയായി നിര്വ്വഹിക്കുന്ന ഒരാള് കഴിവ് ആര്ജ്ജിക്കുകയില്ലേ? ഈ മാര്ഗ്ഗത്തിലൂടെ നിനക്കും ആ കഴിവ് ആര്ജ്ജിക്കുകയില്ലേ? ഈ മാര്ഗ്ഗത്തിലൂടെ നിനക്കും ആ കഴിവ് ആര്ജ്ജിക്കാന് കഴിയും. എന്നാല് കഴിവിനെ സംബന്ധിച്ച് ഒരു പ്രത്യേക നിയമം ഉണ്ട്. സ്വധര്മ്മം നിര്വ്വഹിക്കാതിരിക്കുന്ന ഒരാള്ക്ക് അത് ലഭിക്കുകയില്ല.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 16 

നാത്യശ്നതസ്തു യോഗോഽസ്തി 
ന ചൈകാന്ത മനശ്ശതഃ 
ന ചാതി സ്വപ്നശീലസ്യ 
ജാഗ്രതോ നൈവചാര്ജ്ജുന 

അല്ലയോ അര്ജ്ജുന, അധികം ഭക്ഷിക്കുന്നവന് ധ്യാനസ്ഥിരത ഉണ്ടാകുന്നില്ല. അതുപോലെ തന്നെ ദീര്ഘസമയം പട്ടിണികിടക്കുന്നവനും അധികം ഉറങ്ങുന്നവനും ലേശം ഉറങ്ങാത്തവനും ധ്യാനയോഗം സിദ്ധിക്കുന്നതല്ല.

ആസ്വാദ്യകരമായ ആഹാരത്തിനും ഉറക്കത്തിനും അടിമയായ ഒരുവനും യോഗം അഭ്യസിക്കുന്നതിന് അര്ഹതയില്ല. അതുപോലെ തന്നെ വിശപ്പും ദാഹവും അമര്ച്ചചെയ്ത് പട്ടിണിക്കിടക്കുന്നവനും യോഗം സംഭവിക്കുകയില്ല. ഒരുവന് മര്ക്കടമുഷ്ടികൊണ്ട് ഇപ്രകാരം പെരുമാറിയാല് അവന്റെ ശരീരം പോലും അവന്റെ നിയന്ത്രണത്തില് നില്ക്കുകയില്ല. പിന്നെങ്ങനെയാണ് അവന് യോഗത്തില് വിജയിക്കുന്നത്? ആകയാല് ഒരുവന് ഇന്ദ്രിയവിഷയങ്ങളുടെ അമിതമായ ആസ്വാദനം ഒഴിവാക്കുന്നതുപോലെ തന്നെ, അതിനെ നിശ്ശേഷം തിരസ്കരിക്കുകയോ അവന്റെ സഹജമായ വാസനകളെ പൂര്ണ്ണമായും നിഗ്രഹിക്കുകയോ ചെയ്യരുത്.








അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 17 

യുക്താഹാര വിഹാരസ്യ 
യുക്ത ചേഷ്ടസ്യ കര്മ്മസു 
യുക്ത സ്വപ്നാവബോധസ്യ 
യോഗോ ഭവതി ദുഃഖഹാ 

മിതമായ ആഹാരത്തേയും നടക്കുക മുതലായ വ്യായാമത്തേയും സ്വീകരിച്ചവനും കര്തൃകര്മ്മങ്ങളില് ശ്രദ്ധയോടെ പ്രവര്ത്തിക്കുന്നവനും നിയതകാലങ്ങളില് ഉറങ്ങിയുണരുന്നവനുമായ യോഗിക്ക് ധ്യാനയോഗം സര്വ്വസംസാര ദുഃഖങ്ങളേയും നശിപ്പിക്കുന്നതായി ഭവിക്കുന്നു. 

ഒരുവന് ജീവിക്കാന് വേണ്ടി ആഹാരം കഴിക്കണം. എന്നാല് അതു മിതമായും ഹിതകരമായും ആയിരിക്കണം. എന്തെല്ലാം ജോലി ഏറ്റെടുത്താലും അത് അടക്കത്തില് നിര്വ്വഹിക്കണം. വാക്കില് മിതസ്വരം പുലര്ത്തണം. സാവധാനം നടക്കണം. ക്ലിപ്തസമയത്ത് ഉറങ്ങണം. ഉണര്ന്നിരിക്കുന്നതുപോലും ക്ലിപ്തസമയത്തേക്ക് മാത്രം ആയിരിക്കണം ഇപ്രകാരമുള്ള ഒരു നിയന്ത്രിത ജീവിതംകൊണ്ട് ഒരുവന് അവന്റെ ശരീരത്തിലുള്ള സപ്തധാതുക്കളേയും നിശ്ചിതയളവില് നിലനിര്ത്താന് കഴിയും. പരിമിതമായ തോതില് ഇന്ദ്രിയങ്ങളെ വിഷയങ്ങളില് വ്യാപരിപ്പിച്ചാല് മനസ്സും തൃപ്തിയടഞ്ഞുകൊള്ളും.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 18 

യദാ വിനിയതം ചിത്തം 
ആത്മന്യേവാവതിഷ്ഠതേ 
നിസ്പൃഹഃ സര്വ്വകാമേഭ്യോ 
യുക്ത ഇത്യുച്യതേ തദാ 

വേണ്ടുവണ്ണം നിയന്ത്രിക്കപ്പെട്ട ചിത്തം സര്വ്വകാമനകളില് നിന്നും നിര്മുക്തമായി ആത്മസ്വരൂപത്തില്തന്നെ സ്ഥിതിചെയ്യുമ്പോള് അയാളെ യോഗയുക്തനെന്നു പറയുന്നു. 

ബാഹേന്ദ്രിയങ്ങള് ഇപ്രകാരം നിയന്ത്രിതമായി ബാഹ്യപ്രവര്ത്തനങ്ങള് ചിട്ടപ്പെടുത്തുമ്പോള് ആന്തരികമായ ആനന്ദം വികസിക്കുന്നു. അപ്പോള് യോഗവിദ്യയിലേക്കുള്ള പാത കരുതിക്കൂട്ടിയുള്ള ശിക്ഷണമൊന്നുമില്ലാതെതന്നെ തുറക്കപ്പെടുന്നു. ഒരുവന് ഭാഗ്യം തെളിയുമ്പോള് അയത്നലളിതമായി എല്ലാ സൗഭാഗ്യങ്ങളും അപേക്ഷിക്കാതെ തന്നെ വീട്ടുവാതുക്കള് വന്നുചേരുന്നതുപോലെ, സുശിഷിതനായ ഒരുവന് ശുഷ്കാന്തിയോടുകൂടി യോഗവിദ്യ അഭ്യസിച്ചാല് അവന് അനായാസേന ആത്മസിദ്ധി ലഭിക്കും. അതുകൊണ്ട് അല്ലയോ പാര്ത്ഥ, ആത്മനിയന്ത്രണത്തില് വിജയം കൈവരിച്ചവന് കൈവല്യ സിംഹാസനം സമാലങ്കരിക്കുന്നു.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 19 

യഥാ ദീപോ നിവാതസ്ഥോ 
നേങ്ഗതേ സോപമാ സ്മൃതാ 
യോഗിനോ യതചിത്തസ്യ 
യുഞ്ജതോ യോഗമാത്മനഃ 

കാറ്റില്ലാത്ത ദിക്കില് കത്തുന്ന ദീപം എപ്രകാരം നിശ്ചലമായിരിക്കുമോ, അപ്രകാരം ആത്മധ്യാനം അഭ്യസിക്കുന്ന ജിതമാനസനായിരിക്കുന്ന യോഗിയുടെ ചിത്തവും നിശ്ചലമായിരിക്കുന്നു. 

നിയന്ത്രിതമായ ആഹാരം, പ്രവൃത്തികള് തുടങ്ങിയവ യോഗചര്യയുമായി ഒത്തിണങ്ങുമ്പോള് ഉണ്ടാകുന്ന ആനന്ദാനുഭവം ഒരുവന്റെ ശരീരത്തെ പ്രയാഗാസംഗമംപോലെ പരിശുദ്ധമാക്കിത്തീര്ക്കുന്നു. ഇങ്ങനെ പരിശുദ്ധമാക്കപ്പെട്ട ശരീരത്തില് അതിന്റെ അന്ത്യംവരെ ദൃഢനിശ്ചയത്തോടെ ചിത്തത്തെ ഉറപ്പിച്ചുനിര്ത്തുന്നവന് യോഗി എന്നു വിളിക്കപ്പെടാന് അര്ഹനാണ്. അപ്രകാരമുള്ള ഒരുവന്റെ മനസ്സിനെ കാറ്റടിച്ചിളക്കാതെ നിശ്ചലമായി നില്ക്കുന്ന ഒരു ദീപത്തോട് താരതമ്യപ്പെടുത്താം. അര്ജ്ജുനാ നിന്റെ മനസ്സിലെ ചിന്തകള് കണക്കിലെടുക്കുമ്പോള് നിന്നോട് ചില കാര്യങ്ങള് വ്യക്തമായി പറയണമെന്ന് എനിക്ക് തോന്നുന്നു. നീ അത് ശ്രദ്ധിച്ചുകേള്ക്കണം. നീ യോഗം അഭ്യസിച്ച് വിജയിക്കാന് കൊതിക്കുന്നു. എന്നാല് അതിനുവേണ്ടിയുള്ള ക്ലേശങ്ങള് സഹിക്കാന് – അദ്ധ്വാനം ചെയ്യാന് – നീ തയ്യാറാകുന്നില്ല. അതെന്തേ? ഈ യോഗത്തിന്റെ മാര്ഗ്ഗം സ്വീകരിക്കുന്നതിന് നീ എന്തിനാണ് ഭയപ്പെടുന്നത്? അല്ലയോ പാര്ത്ഥ! നീ ഒരു തരത്തിലും സംഭീതനാകേണ്ട ആവശ്യമില്ല വഞ്ചകന്മാരായ ഇന്ദ്രിയങ്ങള് നിസ്സാരകാര്യങ്ങള്കൊണ്ട് നിന്നെ ഉമ്മാക്കി കാട്ടി ഭയപ്പെടുത്തുകയാണ്. ആസന്നമരണനായ ഒരുവനെ മരണവക്ത്രത്തില്നിന്നും രക്ഷിച്ച് ദീര്ഘായുസ്സാക്കിത്തീര്ക്കുന്ന ദിവ്യ ഔഷധത്തെ ശത്രുവായി കരുതി അവന്റെതന്നെ ജിഹ്വ എതിര്ക്കാറില്ലേ? അതുപോലെ പരമമായ നന്മയ്ക്കുവേണ്ടിയുള്ള പ്രവര്ത്തനങ്ങളെല്ലാം ദുഃഖപര്യവസായിയായിട്ടാണ് ഇന്ദ്രിയങ്ങള് കരുതുന്നത്. അല്ലെങ്കില് യോഗത്തെപ്പോലെ ഇത്ര ലളിതമായ മാര്ഗ്ഗം വേറെ എന്തെങ്കിലുമുണ്ടോ?



അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 20 

യത്രോപരമതേ ചിത്തം 
നിരുദ്ധം യോഗസേവയാ 
യത്ര ചൈവാത്മനാത്മാനം 
പശ്യന്നാത്മനി തുഷ്യതി 

വിഷയത്തില് പ്രവേശിക്കാതെ സകലത്തില്നിന്നു നിവര്ത്തിക്കപ്പെട്ട ചിത്തം ഏതൊരവസ്ഥയില് മനസമാധാനം കൈവരിക്കുന്നുവോ, യാതൊരവസ്ഥാവിശേഷത്തില് യോഗിയുടെ മനസ്സ് ആത്മസ്വരൂപത്തില് പ്രവേശിച്ച് ആത്മാവില്ത്തന്നെ സന്തോഷിക്കുന്നുവോ 




തുടരും


** കടപ്പാട്. ഗുരുപരമ്പരയോട്**




Tuesday, 4 April 2017

മോക്ഷം

മനസ്സില്ലാതാകുന്നതാണു മോക്ഷം എന്നു പറയുന്നത്.

മനസ്സ്  എന്താണെന്നു ശ്രദ്ധിച്ചാൽ അങ്ങിനെയൊന്നില്ലെന്ന് അറിയാനാകും.

മനസ്സെന്നു വിളിക്കുന്ന ചിന്തകൾ ഉദിക്കുന്നതും നിലനിൽക്കുന്നതും, ഇല്ലാതാവുന്നതും ആത്മാവിലാണ്.

കടലും തിരകളും വെള്ളം തന്നെ ആയതു പോലെ
ആത്മാവും ചിന്തകളും ബോധം തന്നെയാണ്. ഒന്നു തന്നെയാണ്.

ഇതറിഞ്ഞാൽ പിന്നെയെന്താണ് ബന്ധം?

** കടപ്പാട്.
ഗുരുപരമ്പരയോട്**

ഭഗവദ്ഗീത(part 36)



അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 6

ബന്ധുരാത്മാത്മനസ്തസ്യ
യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തു ശത്രുത്വേ
വര്ത്തേതാത്മൈവ ശത്രുവത്

ഇന്ദ്രിയവിഷയസംബന്ധമായ മനസ്സിനെ നിയന്ത്രിച്ച് ആത്മസ്വരൂപിയായി ഭവിച്ച ഒരു ജ്ഞാനിക്ക് സ്വന്തം അന്തഃകരണം ഒരുറ്റബന്ധുവിനെപോലെ സഹായിയാണ്. എന്നാല് മനോനിയന്ത്രണത്തിനു തുനിയാത്ത ഒരു ലൗകികന് അവന്റെ അന്തഃകരണം ഒരു ശത്രുവിനെപോലെ അവനെതിരായി പ്രവര്ത്തിക്കുന്നു.

ഒരുവന് സ്വയം വിചിന്തനം ചെയ്ത് അഹംഭാവത്തെ ഒഴിവാക്കിയാല് അവന് ശാശ്വതസ്വരൂപമായ ബ്രഹ്മവുമായി ഒന്നുചേരുകയും പരമമായ നന്മ കൈവരിക്കുകയും ചെയ്യും. പട്ടുനൂല്പുഴു പട്ടുനൂലുകൊണ്ട് സ്വയം കൂടു നിര്മ്മിച്ച് അതിലിരുന്ന് ശ്വാസംമുട്ടിമരിക്കുന്നു. അതുപോലെ, മോടിപിടിപ്പിച്ച് തന്റെ ശരീരത്തോടുള്ള മമതകൊണ്ട്, അതുതന്നെയാണ് ആത്മാവെന്നുകരുതുന്നവന് ആത്മാവുതന്നെ ശത്രുവായിത്തീര്ന്ന് അവന്റെ നാശത്തിനു വഴിതെളിക്കുന്നു. ഭാഗ്യം കടാക്ഷിക്കുന്നതിനു തയ്യാറായി ഒരു ഖനിതന്നെ മുന്നില് തുറന്നുവയ്ക്കുമ്പോള്, കണ്ണുണ്ടെങ്കിലും അന്ധനായി സങ്കല്പിച്ച്, അതു കാണാതെ കണ്ണടച്ചുകളയുന്ന ഒരു നിര്ഭാഗ്യവാനെപ്പോലെയോ, കേവലം മതിഭ്രമംകൊണ്ടുമാത്രം ഞാന് ഞാനല്ലാതായിത്തീര്ന്നിരിക്കുന്നു, എനിക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു എന്ന വൃഥാ സങ്കല്പിക്കുന്ന ഒരു മാനസികരോഗിയെപോലെയൊ ഒരുവന് വസ്തുതകള്ക്കു വിപരീതമായി സ്വയം പെരുമാറാന് തുടങ്ങിയാല് അതിനെന്താണൊരു പ്രതിവിധി? യഥാര്ത്ഥത്തില് ആത്മാവ് ബ്രഹ്മം തന്നെയാണെങ്കിലും അവന്റെ മനസ്സ് ആ നിലയില് ചിന്തിക്കാതിരിക്കുന്നത് എത്ര ദയനീയമാണ്?

സ്വപ്നത്തില് ഏറ്റതായി കരുതുന്ന ഒരു മുറിവുകൊണ്ട് ആരെങ്കിലും മരിക്കുമോ? അജ്ഞാനിയായ ഒരു മനുഷ്യന് തത്തയും കുഴല്ത്തണ്ടും എന്ന കഥയിലെ തത്തയെപ്പോലെയാണ്. തത്തയെ പിടിക്കുന്നതിനുവേണ്ടി വൃക്ഷത്തില് വേടന് ഘടിപ്പിക്കുന്ന കുഴല്ത്തണ്ടില് തത്ത വന്നിരിക്കുമ്പോള് അതിന്റെ ഭാരംകൊണ്ട് തണ്ട് കറങ്ങിത്തുടങ്ങുന്നു. തന്നിമിത്തം ഭയപ്പെടുന്ന തത്ത തണ്ടില് മുറുക്കിപ്പിടിക്കുന്നു. അതിന് എപ്പോവേണമെങ്കിലും പിടിവിടിവിക്കാമെങ്കിലും അതു മനസ്സിലാക്കാതെ കുഴല്ത്തണ്ട് വേഗത്തില് കറങ്ങുന്തോറും ആ തത്ത കൂടുതല് കൂടുതല് തണ്ടില് മുറുക്കിപ്പിടിക്കുകയാണ് ചെയ്യുന്നത്. പിടിച്ചുവലിച്ചാല്പോലും തത്ത കുഴല്ത്തണ്ടിന്മേലുള്ള അതിന്റെ പിടി വിടുകയില്ല. അതുകൊണ്ട് അതിനെ കുഴല്ത്തണ്ടിനോട് ബന്ധിച്ചിരിക്കുന്നുവെന്ന് പറയാന് കഴിയുമോ? അതുപോലെയാണ് മനുഷ്യന്റേയും സ്ഥിതി. താന് ബന്ധിതനാണെന്നുള്ള ചിന്ത ഉള്ളിടത്തോളം കാലം അവന് കൂടുതല് കൂടുതല് ബന്ധനത്തിലേക്കു വഴുതി വീഴുന്നു. അര്ജ്ജുനാ അഹംഭാവം നിറഞ്ഞ ഒരുവന് അവന്റെതന്നെ ശത്രുവാണ്. താന് ബന്ധിതനാണെന്നുള്ള അബദ്ധധാരണയില്ലാത്തവന് വിവേകിയാണെന്നു ധരിച്ചാലും.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 7

ജിതാത്മനാ പ്രശാന്തസ്യ
പരമാത്മാ സമാഹിതഃ
ശീതോഷ്ണസുഖദുഃഖേഷു
തഥാ മാനാപമാനയോഃ

മനസ്സിനെ ജയിച്ച് പ്രശാന്തിയനുഭവിക്കുന്നവന് ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും മാനാപമാനങ്ങളിലും അന്തരാത്മാവ് സൗമ്യഭാവത്തില് സദാ വിളങ്ങുന്നു.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 8

ജ്ഞാനവിജ്ഞാനതൃപ്താത്മാ
കൂടസ്ഥോ വിജിതേന്ദ്രിയഃ
യുക്ത ഇത്യുച്യതേ യോഗീ
സമലോഷ്ടാശ്മകാഞ്ചനഃ

ഇന്ദ്രിയങ്ങളെ ജയിച്ചവനും മണ്കട്ടയും കല്ലും സ്വര്ണ്ണവുമെല്ലാം തുല്യമായി കാണുന്നവനുമായ യോഗിയെ യോഗാരൂഢനെന്നു പറയുന്നു.

മനസ്സിനെ നിശ്ചലമാക്കുകയും ആഗ്രഹങ്ങളെ കീഴ്പ്പെടുത്തുകയും ചെയ്ത ഒരുവന് പരമാത്മാവ് സ്ഥിതിചെയ്യുന്നത് വിദൂരത്തിലല്ല. മറ്റുലോഹങ്ങളുടെ കലര്പ്പ് ഉരുക്കിമാറ്റുമ്പോള് സ്വര്ണ്ണം തനിത്തങ്കമായിത്തീരുന്നതുപോലെ ഒരുവനിലുള്ള അഹംഭാവം നിശ്ശേഷം തുടച്ചുമാറ്റുമ്പോള് അവന്റെ ആത്മാവ് പരമാത്മാവായിത്തീരുന്നു. ഒരുപാത്രം ഉടഞ്ഞു നശിക്കുമ്പോള് അതിനുള്ളിലുള്ള വായു സ്ഥാനചലനമുണ്ടാകാതെതന്നെ ചുറ്റുപാടുമുള്ള അന്തരീക്ഷത്തില് വിലയിക്കുന്നതുപോലെ, ഒരുവന്റെ അഹന്തയ്ക്കു സമൂലമായ അറുതി വരുമ്പോള് പരിശുദ്ധമായിത്തീര്ന്ന അവന്റെ ജീവാത്മാവ് പരമാത്മായിത്തീരുന്നു. അപ്രകാരമുള്ള ഒരുവന് ചൂടും തണുപ്പും എന്നുള്ള അവസ്ഥാഭേദങ്ങളോ സുഖദുഃഖങ്ങളുടെ ബദ്ധപ്പാടുകളോ മാനത്തിന്റേയും അപമാനത്തിന്റെയും പ്രസ്താവങ്ങളോ ബാധകമായിരിക്കുന്നതല്ല, സൂര്യന് സഞ്ചരിക്കുന്ന വഴികളിലെല്ലാം വെളിച്ചം വിതറി പ്രകാശമാനമാക്കുന്നതുപോലെ അവന് പ്രാപിക്കുന്നതെല്ലാം അവനില് ലീനമാകുന്നു. മേഘങ്ങള് പൊഴിക്കുന്ന മാരി സാഗരത്തെ ഛിദ്രിക്കാത്തതുപോലെ ശുഭാശുഭകര്മ്മങ്ങള് പരമാത്മാവുമായി ഐക്യം പ്രാപിച്ച ഒരു യോഗിയെ ഒരുതരത്തിലും സ്പര്ശിക്കുകപോലും ചെയ്യുന്നില്ല.

പ്രാപഞ്ചിക ജ്ഞാനത്തെപ്പറ്റി വിചിന്തനം ചെയ്യുന്ന ഒരു യോഗി അത് അപര്യാപ്തവും അസത്യവും ആണെന്നു കാണുന്നു. അവന് ജ്ഞാനത്തെ തേടുമ്പോള് അത് താന് തന്നെയാണെന്നു മനസ്സിലാക്കുന്നു. അവനില് ദ്വന്ദ്വഭാവം ഇല്ലാത്തതുകൊണ്ട് അവന്റെ ചിന്തകള് പരിമിതമോ വ്യാപകമോ എന്നു കരുതേണ്ട ആവശ്യമില്ല. ഇപ്രകാരം ജിതേന്ദ്രിയനായ ഒരുവന് എല്ലായ്പ്പോഴും ആത്മാനന്ദം അനുഭവിക്കുന്നു. ജീവിച്ചിരിക്കുമ്പോള്ത്തന്നെ ഇന്ദ്രിയങ്ങളെ കീഴ്പ്പെടുത്തിയ ഒരു യോഗിക്ക് ചെറുതെന്നോ വലുതെന്നോ ഉള്ള ഭിന്നഭാവമില്ല. അവന് മഹാമേരുവോളം വലിപ്പമുള്ള സ്വര്ണ്ണമല കേവലം മണ്കട്ടയാണ്. ലോകത്തേക്കാളും വലിപ്പമുള്ള ഒരമൂല്യരത്നം ഒരു ശിലയെക്കാള് വിലകൂടിയതാണെന്ന് അദ്ദേഹം കരുതുന്നില്ല.



അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 9

സുഹൃന്മിത്രാര്യുദാസീന-
മദ്ധ്യസ്ഥ ദ്വേഷ്യബന്ധുഷു
സാധുഷ്വപി ച പാപേഷു
സമബുദ്ധിര്വിശിഷ്യതേ

സുഹൃത്ത്, മിത്രം, ശത്രു, ഉദാസീനന്, മദ്ധ്യസ്ഥന്, വെറുപ്പുള്ളവന്, സംബന്ധി എന്നിവരിലും, സദാചാരന്മാരിലും ദുരാചാരന്മാരിലും സമമായ (രാഗദ്വേഷശൂന്യമായ) ബുദ്ധിയോടുകൂടിയവന് വിശിഷ്ടനാകുന്നു.

അങ്ങനെയുള്ള ഒരു യോഗിയ്ക്ക് ബന്ധുവും ശത്രുവും തമ്മിലും ഉദാസീനനും മിത്രവും തമ്മിലും എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് എങ്ങനെ സങ്കല്പിക്കും? പ്രപഞ്ചവുമായി സാത്മ്യം പ്രാപിച്ച ഒരാള്ക്ക് ആര്, ആരുടെ സോദരനാണ്? ആരുടെ ശത്രുവാണ്? അയാള്ക്ക് ഏറ്റവും താണതും ഏറ്റവും ഉയര്ന്നതും ഒരുപോലെയാണ്. സ്പര്ശമണിയുടെ സ്പര്ശനം കൊണ്ടുണ്ടാകുന്ന എല്ലാ സ്വര്ണ്ണവും ഒരു മാറ്റിലുള്ളതായിരിക്കുന്നതുപോലെ അയാളുടെ സമദൃഷ്ടിയില് പ്രപഞ്ചത്തിലുള്ള എല്ലാ ചരാചരങ്ങളും അയാളുടെ ആത്മാവില് വേരൂന്നി നില്ക്കുന്നതായി അയാള് കാണുന്നു. സ്വര്ണ്ണംകൊണ്ട് നാനാരൂപത്തിലുള്ള ആഭരണങ്ങളുണ്ടാക്കുന്നു. അവ്വണ്ണം പരബ്രഹ്മം എന്ന കാഞ്ചനത്തില്നിന്ന് വിവിധരൂപത്തിലും ഭാവത്തിലുമുള്ള വിശ്വം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്നാല് പരിപൂര്ണ്ണമായ പരമോന്നതജ്ഞാനം കൈവരിച്ചിരിക്കുന്ന അയാള് വ്യത്യസ്തമായ ഈ രൂപഭാവങ്ങളില് വഞ്ചിതനാവുകയില്ല. ഒരു വസ്ത്രം നിര്മ്മിച്ചിട്ടുള്ളത് നൂലുകൊണ്ട് മാത്രമാണ്. നൂലല്ലാതെ മറ്റ് യാതൊന്നും അതില് കാണുകയില്ല. അതുപോലെ പ്രപഞ്ചത്തെ വീക്ഷിക്കുന്ന ഒരു യോഗിക്ക് ബ്രഹ്മമല്ലാതെ മറ്റൊന്നും അതില് കാണാന് കഴിയുകയില്ല. ഈ അവസ്ഥ നേരിട്ട് അനുഭവിച്ച് ബോധ്യപ്പെടുന്ന ഒരുവന് പരമാര്ത്ഥ ജ്ഞാനമാകുന്ന സമബുദ്ധി കൈവരിക്കുന്നു. അയാളുടെ ദര്ശനം തന്നെ സ്നേഹ നിര്വൃത്തി വരുത്തുകയും അയാളുമായുള്ള കൂട്ടുകെട്ട് മതിഭ്രമം വന്നവനെപ്പോലും ബ്രഹ്മത്തില് ലയിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. ധര്മ്മം അയാളുടെ വാക്കുകളില്ക്കൂടി ചൈതന്യവത്താകുന്നു. അയാളുടെ ദര്ശനത്തില് അഷ്ടസിദ്ധികളും ജനിക്കുന്നു. സ്വര്ഗ്ഗീയ സുഖങ്ങള് അയാള്ക്കുവെറും കളിപ്പാട്ടങ്ങളാണ്. അയാളെപ്പറ്റിയുള്ള യാഥൃശ്ചികസ്മരണപോലും ഒരുവനെ ഉത്കൃഷ്ടനാക്കുന്നു. അയാളെ ബഹുമാനിക്കുകയും സ്തുതിക്കുകയും ചെയ്യുന്നവന് ശ്രേയസ് വര്ദ്ധിക്കുന്നു.



അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 10

യോഗീ യുഞ്ജീത സതതം
ആത്മാനം രഹസി സ്ഥിതഃ
ഏകാകീ യതചിത്താത്മാ
നിരാശീരപരിഗ്രഹഃ

മനസ്സ്, ദേഹം, ഇന്ദ്രിയങ്ങള് എന്നിവയെ സ്വാധീനപ്പെടുത്തി, ആശയില്ലാത്തവനായി, തനിക്കായി ഒരുവസ്തുവിനേയും സൂക്ഷിച്ചുവയ്ക്കാത്തവനായി, ആത്മാനുഭവരൂപമായ യോഗം കൊതിക്കുന്ന സാധകന്, ഏകാകിയായി വിജനപ്രദേശത്തു സ്ഥിരമായിരുന്നുകൊണ്ട് മനസ്സിനെ എപ്പോഴും സമാധിയിലുറപ്പിക്കേണ്ടതാകുന്നു.

ഒരിക്കലും അസ്തമിക്കാത്ത അദ്വൈതഭാനുമാന് ഒരുവനില് ഉദിക്കുമ്പോള്, അവര് ശാശ്വതാനന്ദത്തില് നിരന്തരമായി നിമഗ്നനാകുന്നു. അല്ലയോ അര്ജ്ജുന, ഇപ്രകാരമുള്ള ഒരു വിവേകി അനിതരസാധാരണനാണ്. എന്തെന്നാല് പരിഗ്രഹശൂന്യനായി പാരിലൊട്ടാകെ കാണുന്ന ഏക വ്യക്തി ഇയാള് മാത്രമാണ്.

ഒരു പരിപൂര്ണ്ണ ജ്ഞാനിയുടെ പ്രത്യേക ലക്ഷണങ്ങള് ഇപ്രകാരം അര്ജ്ജുനനു വിവരിച്ചുകൊടുത്ത ഭഗവാന് തന്റെ ദിവ്യമായ മഹത്ത്വത്തെക്കാളും മഹിമയേറിയതാണ് യോഗിയുടെ മാഹാത്മ്യമെന്നു പ്രശംസിക്കുകയുണ്ടായി.

ഭഗവാന് തുടര്ന്നു: യോഗി സിദ്ധന്മാരില് ശ്രേഷ്ഠനാണ് അദ്ദേഹം. കണ്ണുകള്ക്ക് പ്രകാശമാണ്. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാണ് ഈ വിശ്വത്തെ സൃഷ്ടിച്ചത്. പവിത്രമായ ഓംകാരത്തിന്റെ ശില്പശാലയില് നെയ്തെടുത്ത വര്ണ്ണശബളമായ വേദപാഠങ്ങളാകുന്ന വിദ്യാവസ്ത്രങ്ങള് അദ്ദേഹത്തിന്റെ വൈശിഷ്ട്യത്തിനു ധരിക്കാന് പറ്റാത്തവണ്ണം അപര്യാപ്തമാണ്. അദ്ദേഹത്തിന്റെ ആഭ ചൊരിയുന്ന ശരീരകാന്തി സൂര്യചന്ദ്രന്മാരുടെ പ്രവര്ത്തനങ്ങളെ നിലനിര്ത്തുന്നു. അപ്പോള്പിന്നെ അദ്ദേഹത്തിന്റെ ആശ്രയമില്ലാതെ ലോകം എങ്ങനെ ജീവിക്കും? അതു മാത്രമോ? യോഗിയുടെ നാമത്തിന്റെ മാഹാത്മ്യം വിസ്തൃതമായ വാനത്തിന്റെ സീമകളെപ്പോലും ലംഘിക്കുന്നു. ഇപ്രകാരമുള്ള ഒരാളിന്റെ ഗുണഗണങ്ങളെ മുഴുവന് എങ്ങനെയാണ് ഗ്രഹിക്കുന്നത്? യോഗിയുടെ ലക്ഷണങ്ങള് എങ്ങനെയാണ് വര്ണ്ണിക്കേണ്ടതെന്ന് എനിക്കറിഞ്ഞുകൂട. എങ്കിലും അതു നിന്നോടു പറയണമെന്ന് എനിക്കു തോന്നി.

ജ്ഞാനേശ്വരന് പറയുന്നു: ദ്വന്ദ്വഭാവത്തെ ഇല്ലാതാക്കുന്ന ആത്മജ്ഞാനത്തിന്റെ എല്ലാ രഹസ്യഭാവങ്ങളും അര്ജ്ജുനന് വെളിപ്പെടുത്തിക്കൊടുത്താല് അതു പ്രിയങ്കരനായ അര്ജ്ജുനനോടുള്ള മധുരമായ സ്നേഹത്തിന്റെ ആനന്ദാനുഭവത്തിനു ഹാനികരമായിരിക്കുമെന്ന് ഭഗവാന് കരുതി. അതുകൊണ്ട് അദ്ദേഹം അര്ജ്ജുനനോട് എല്ലാം തുറന്നുപറഞ്ഞില്ല. ഒരു നേരിയ മൂടുപടംകൊണ്ട് ആത്മജ്ഞാനത്തെ താത്കാലികമായി മറച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. തന്റെ മനസ്സ് അര്ജ്ജുനനില്നിന്ന് വേറിട്ടുനിന്നെങ്കിലേ തങ്ങളുടെ ദ്വന്ദഭാവം നിലനില്ക്കുകയുള്ളൂവെന്നും അപ്പോള്മാത്രമേ തങ്ങള്ക്കു പരസ്പര സ്നേഹബന്ധം പുലര്ത്തി ആനന്ദിക്കാന് കഴിയുകയുള്ളൂവെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അര്ജ്ജുനന് തന്റെ വാത്സല്യസുഹൃത്താണ്. അവന്റെ സഖിത്വമില്ലാതെ ഒറ്റപ്പെടുന്ന താന് എന്തുചെയ്യും? പിന്നെ ആരുടെ ദര്ശനംകൊണ്ടാണ് തന്റെ കണ്ണുകള് കുളിര്ക്കേണ്ടത്? അകമഴിഞ്ഞുസംസാരിക്കാന് കഴിയുന്നത് ആരോടാണ്? ആരെ ഗാഢാശ്ലേഷം ചെയ്താണ് തനിക്ക് പുളകംകൊള്ളാന് കഴിയുന്നത്? അര്ജ്ജുനന് താനുമായി താദാത്മ്യം പ്രാപിച്ചുകഴിഞ്ഞാല് പിന്നീടു തന്റെ ഹൃദയത്തില് നിറഞ്ഞുതുളുമ്പുന്ന സദ്വികാരങ്ങളെ താന് ആരോടാണുപറയുക? ഇപ്രകാരമുള്ള കാരുണ്യപൂര്വ്വമായ ചിന്തകള്കൊണ്ട് ആര്ദ്രമാനസനായിത്തീര്ന്ന കൃഷ്ണന്, അര്ജ്ജുനന് മറ്റുകാര്യങ്ങളില്വേണ്ട ഉപദേശങ്ങള് നല്കാനെന്നുള്ള നാട്യത്തോടെ അര്ജ്ജുനന്റെ മനസ്സിനെ തന്റെ മനസ്സിനോട് ചേര്ത്ത് ആലിംഗനം ചെയ്തു. ഇതു കേട്ടിട്ട് വിചിത്രമായി തോന്നുണ്ടെങ്കില്, ശ്രീകൃഷ്ണന്റെ ദിവ്യപ്രേമത്തിന്റേയും ആനന്ദത്തിന്റേയും മൂര്ത്തീമത് ഭാവമാണ് അര്ജ്ജുനനെന്നുള്ള വസ്തുത എപ്പോഴും ഓര്മ്മിക്കുക.

വന്ധ്യയാണെന്നു വിശ്വസിച്ചിരുന്ന സ്ത്രീ പില്ക്കാലത്ത് ഒരു ശിശു പിറന്ന് മാതാവായിത്തീരുമ്പോള് അവള് മാതൃവാത്സല്യത്തിന്റെ അവതാരരൂപമായിത്തീരുന്നതുപോലെ ആയിരുന്നു കൃഷ്ണന്റെ അവസ്ഥ. അര്ജ്ജുനനോടുള്ള വാത്സല്യാതിരേകംകൊണ്ട് ഭഗവാന് ആനന്ദനൃത്തമാടി. എന്തൊരത്ഭുതദൃശ്യം, എത്രമാത്രം ആശ്ചര്യകരം ഒരു ഭാഗത്ത് അക്രമത്തിന്റെ അലര്ച്ചയും യുദ്ധക്കളത്തിലെ സംഹാരതാണ്ഡവവും ലോകത്തെ വലയംചെയ്യാന് തയ്യാറായിരിക്കുന്നു. അപ്പോഴാണ് ഒരുപാവയെപ്പോലെ ഭഗവാന് പ്രേമത്തിന്റെ അവതാരമൂര്ത്തിയായി അര്ജ്ജുനന്റെ ചുറ്റും നൃത്തമാടുന്നത്. അഗാധമായ സ്നേഹത്തിന്റെ മുന്നില് സങ്കോചം ഓടിയൊളിക്കും ലാളനാവിഷയങ്ങളില് ഒഴുകുന്ന ഒരാള്ക്ക് ഒരിക്കലും ക്ഷീണംതോന്നുകയില്ല. ഉന്മാദലഹരിയില് മതിഭ്രമം സംഭവിക്കുന്നു. ചുരുക്കിപ്പറഞ്ഞാല് അര്ജ്ജുനന് ഭഗവാന്റെ സ്നേഹവായ്പിന്റെ ഒരു ആശ്രയസ്ഥാനമാണ്; പ്രേമാനന്ദംകൊണ്ടുനിറഞ്ഞ ഭഗവാന്റെ ഹൃദയം പ്രതിബിംബിക്കുന്ന ഒരു മുഖകണ്ണാടിയാണ്.

ഭഗവാന്റെ കൃപകൊണ്ട് പരിശുദ്ധനും പവിത്രനുമായ അര്ജ്ജുനന് ഭക്തിയുടെ വിത്തുവിതയ്ക്കുന്നതിന് അര്ഹതയുള്ള വിളഭൂമിയായിത്തീര്ന്നിരിക്കുന്നു. ഒന്പതുവിധത്തിലുള്ള ഭക്തിയില് ഏറ്റവും ഉന്നതമായ ആത്മനിവേദനത്തിന്റെ തൊട്ടടുത്തുള്ള സംഖ്യഭക്തിയാണ് അര്ജ്ജുനന് ഇപ്പോഴുള്ളത്. ഈശ്വരനെ തന്റെ സഖിയായിക്കാണുന്ന അര്ജ്ജുനന്റെ ഭക്തിയില് അതീവസന്തുഷ്ടനായ ഭഗവാന് തന്റെ സ്വന്തം അപദാനങ്ങളെ പ്രകീര്ത്തിക്കുന്നതിനാണ്. ഭര്ത്താവിനെ ഭക്തിയോടെ സേവിക്കുന്ന വിശ്വസ്തയായ ഒരു ഭാര്യയെ, ഭര്ത്താവ് അങ്ങേയറ്റം ബഹുമാനിക്കുമ്പോള് ആ നാരീരത്നത്തെയല്ലേ ഭര്ത്താവിനേക്കാള് കൂടുതലായി പുകഴ്ത്തേണ്ടത്? അതുപോലെ മുപ്പാരിലും വച്ച് വിശിഷ്ടമായ ഭാഗ്യത്തിന്റെ ഗുണഭോക്താവായിത്തീര്ന്ന അര്ജ്ജുനനെ പ്രത്യേകമായി സ്തുതിക്കേണ്ടതാണെന്ന് ഞാന് വിചാരിച്ചു. അര്ജ്ജുനനോടുള്ള നിസ്സീമമായ സ്നേഹംകൊണ്ട് നിരാകാരനായ ഈശ്വരന് മര്ത്യാകാരം കൈക്കൊണ്ടിരിക്കുന്നു. അദ്ദേഹം സമ്പൂര്ണ്ണനാണെങ്കിലും അര്ജ്ജുനന്റെ ചങ്ങാത്തം ആഗ്രഹിക്കുന്നു.

ഇതെല്ലാം അത്യന്തം ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന ശ്രോതാക്കള് പറഞ്ഞു:

ഞങ്ങള് എത്രയോ ഭാഗ്യവാന്മാര്, എന്തൊരു വശ്യമായ വാഗ്വിലാസം, വിവിധവര്ണ്ണങ്ങളാല് മോടിപിടിപ്പിക്കപ്പെട്ട ചേതോഹരമായ അംബരംപോലെ ആകര്ഷണീയവും അര്ത്ഥസമ്പുഷ്ടവുമായ വാക്കുകള് അതിന്റെ സംഗീതാംശം നാദബ്രഹ്മത്തിന്റെ സ്വരമാധുര്യത്തെപ്പോലും അതിശയിപ്പിക്കുന്നു. അതില് അന്തര്ഭവിച്ചിരിക്കുന്ന അറിവ് അമൃതകിരണത്തിന്റെ കിരണകന്ദളങ്ങള്പോലെ തിളങ്ങുന്നു. കാവ്യതല്ലജങ്ങളിലെ ഭാവനാവിലാസം രാത്രിയില്വിടരുന്ന കുമുദത്തെപ്പോലെ ഹൃദയാവര്ജ്ജകമായിരിക്കുന്നു. യാതൊരുവിധമായ ആഗ്രഹങ്ങള് ഇല്ലാത്തവര്പോലും ഇതു കേള്ക്കുന്നതിന് ആഗ്രഹിക്കുന്നു. ഇത് ശ്രവിക്കുമ്പോള് അതില് ആമഗ്നരായി അവര് ആനന്ദിക്കുകയും അവരുടെ ഹൃദയം അതിന്റെ പ്രകാശത്തില് വികസിക്കുകയും ചെയ്യുന്നു.

ശ്രോതാക്കളുടെ പ്രതികരണം മനസ്സിലാക്കി ആമോദംപൂണ്ട നിവൃത്തിശിഷ്യനായ ജ്ഞാനേശ്വരന് തുടര്ന്നു:

ശ്രദ്ധിച്ചുകേള്ക്കുക. ഭഗവാന് കൃഷ്ണന്റെ കൃപാകടാക്ഷമാകുന്ന സൂര്യോദയം പാണ്ഡവരുടെ ജീവിതത്തില് മഹത്തായ ഒരു പ്രഭാതത്തിന്റെ ഉദയമായിരുന്നു. ദേവകിയുടെ ഉദരത്തില്, ജനിക്കുകയും യശോദയുടെ മടിത്തട്ടില് വാത്സല്യപൂര്വ്വം വളരുകയും ചെയ്ത ഭഗവാന് കൃഷ്ണന് അവസാനം പാണ്ഡവരുടെ തുണയ്ക്കെത്തി. ഭാഗ്യശാലിയായ അര്ജ്ജുനന് കൃഷ്ണന്റെ അനുപാലനം ലഭിക്കുന്നതിന് അമിതമായ പരിശ്രമമോ അധികം കാലമോ വേണ്ടിവന്നില്ല.

ഗീതയുടെ ശേഷിച്ച ഭാഗങ്ങള് കേള്ക്കാന് ആകാംഷയോടെ കാത്തിരുന്ന ശ്രോതാക്കള് പറഞ്ഞു: അങ്ങ് വിഷയത്തില്നിന്ന് വിട്ടുപോകുന്നു. കഥ തുടര്ന്നാലും.

ജ്ഞാനേശ്വരന് തുടര്ന്നു: അര്ജ്ജുനന് ഭഗവാനോട് പ്രേമപൂര്വ്വം പറഞ്ഞു: ഭഗവാനേ, ഒരു പുണ്യാത്മാവിന്റെ യാതൊരു ലക്ഷണവും എനിക്കില്ല. എനിക്ക് അതിനുള്ള അര്ഹതയോ പ്രാപ്തിയോ ഇല്ല എങ്കിലും അങ്ങയുടെ ഉപദേശങ്ങള് ലഭിച്ചാല് അതിനുവേണ്ട കഴിവ് കൈവരിക്കാന് എനിക്കുകഴിയും. അങ്ങ് ഇച്ഛിക്കുന്നുവെങ്കില് എനിക്ക് പരബ്രഹ്മപദംപോലും ലഭ്യമാകുന്നതാണ്. അങ്ങയുടെ വാക്കുകള് അക്ഷരം പ്രതി പാലിക്കാന് ഞാന് തയ്യാറാണ്. അങ്ങയുടെ സംസാരം ആരെപ്പറ്റിയാണ് എന്ന് എനിക്ക് പൂര്ണ്ണമായി മനസ്സിലായില്ലെങ്കിലും അദ്ദേഹത്തെ ഞാന് ശ്ലാഘിക്കുന്നു. അതുപോലെയുള്ള ഒരു ദിവ്യാത്മാവായിത്തീരണമെങ്കില് എത്രത്തോളം ഉത്കൃഷ്ടമായ ഗുണഗണമാണ് ഒരുവന് ഉണ്ടായിരിക്കേണ്ടത്? ഞാനും അപ്രകാരം ഒരുവനായിത്തീരുവാന് ആഗ്രഹിക്കുന്നു പ്രഭോ! എനിക്ക് അതിനുള്ള ത്രാണി ഉണ്ടാക്കിത്തന്നാലും.

അപ്പോള് കൃഷ്ണന് മന്ദസ്മിതത്തോടെ പറഞ്ഞു: ശരി നിനക്കുവേണ്ടി ഞാനതു ചെയ്തുതരാം.

ദിവ്യമായ ആനന്ദം അനുഭവിക്കുന്നതുവരെ ഒരുവന് സംതൃപ്തി ഉണ്ടാവുകയില്ല. അവന് ഇടയ്ക്കിടയ്ക്ക് ദുഃഖിതനാവും. അവന് സുഖത്തിനുവേണ്ടി കാത്തുകെട്ടി ഇരിക്കുന്നുണ്ടാവും. എന്നാല് ഒരിക്കല് സംതൃപ്തനായിക്കഴിഞ്ഞാല് പിന്നെ ഒന്നുംതന്നെ അവന് ആവശ്യപ്പെടാനോ ആഗ്രഹിക്കാനോ ഇല്ല. പരമകാരുണ്യകന്റെ ഭക്തന് പരബ്രഹ്മവുമായി അനായാസേന സാത്മ്യം പ്രാപിക്കാം. നോക്കുക അര്ജ്ജുനന്റെ ഭാഗ്യോതിരേകംകൊണ്ട് ഭഗവാന് കൃഷ്ണന് അര്ജ്ജുനന് വഴങ്ങിക്കൊടുത്തിരിക്കുന്നു. ഇന്ദ്രാദിദേവന്മാര്പോലും ആയിരം ജന്മമെടുത്തിട്ടും പ്രാപിക്കാന് കഴിയാത്ത സര്വ്വശക്തനായ ഭഗവാന്, അര്ജ്ജുനന്റെ ഏതഭിലാഷവും സാധിച്ചുകൊടുക്കാന് വേണ്ടി ഒരു ദാസനെപ്പോലെ കാത്തുനില്ക്കുന്നു. എന്തൊരാശ്ചര്യം? ഈ അവസ്ഥ വാക്കുകള്കൊണ്ട് വര്ണ്ണിക്കാന് വിഷമമാണ്.

പരബ്രഹ്മവുമായി സാത്മ്യം പ്രാപിക്കാന് തനിക്കാഗ്രഹമുണ്ടെന്ന് അര്ജ്ജുനന് പറഞ്ഞതുകേട്ട് ഭഗവാന് ചിന്തിച്ചു;

അര്ജ്ജുനന് പരബ്രഹ്മമാകണമെന്ന് തീക്ഷണമായി ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. അപ്പോള് വൈരാഗ്യത്തിന്റെ ബീജം അവന്റെ ബോധേന്ദ്രിയമാകുന്ന ഗര്ഭാശയത്തില് പ്രവേശിച്ചുകഴിഞ്ഞിരിക്കണം. വിരക്തിയുടെ ഭ്രൂണം പൂര്ണ്ണവളര്ച്ചയിലെത്തിയിട്ടില്ലെങ്കിലും സമബുദ്ധിയാകുന്ന വസന്താഗമത്തോടെ ഞാന് പരബ്രഹ്മമാകുന്നു എന്ന പുഷ്പസഞ്ചയങ്ങളാകുന്ന തോന്നല് അതിനെ കണക്കിലേറെ വളര്ത്തും. പിന്നെ അതിന്റെ പരിസമാപ്തിക്ക് അധികസമയം വേണ്ടിവരില്ല. പരിത്യാഗത്തിന്റെ പൊരുള് ശരിക്കും മനസ്സിലാക്കിയിരിക്കുന്നതുകൊണ്ട് പരബ്രഹ്മവുമായി ഒന്നുചേരുക എന്ന അവസ്ഥ കാലവിളംബംകൂടാതെ അര്ജ്ജുനന് അനായാസേന കരഗതമാവുകയും ചെയ്യും. അര്ജ്ജുനന്റെ ഏതു പ്രവൃത്തിയും അതിന്റെ ആരംഭം മുതല്ക്കുതന്നെ വിജയിക്കും. അതിന്റെ ഫലം അവന് അനുഭവിക്കുകയും ചെയ്യും. യോഗവിദ്യയെപ്പറ്റി അര്ജ്ജുനന് ഉപദേശം നല്കിയാല് അത് ഒരിക്കലും വ്യര്ത്ഥമാവുകയില്ല.

ഇപ്രകാരമുള്ള ചിന്തകളോടെ ഭഗവാന് അര്ജ്ജുനനോട് പറഞ്ഞു: അര്ജ്ജുനാ, യോഗാഭ്യാസനത്തിലേക്കു നയിക്കുന്ന രാജവീഥിയെപ്പറ്റി കേള്ക്കൂ. യോഗ വൃക്ഷത്തിന്റെ അടിവാരത്തിലുള്ള ഈ വഴിയില് വിമോചനത്തിന്റെ ആയിരകണക്കിലുള്ള കനികള് കിടപ്പുണ്ട്. പരമശിവന്പോലും ഇപ്പോഴും ഈ വഴിയില്ക്കൂടി യാത്ര ചെയ്യുന്ന ഒരു തീര്ത്ഥാടകനാണ്. അനേകം തപസ്വികള് ആദ്യം അവരുടെ അന്തരംഗത്തിലുള്ള ഊടുവഴികളില്ക്കൂടി ഈശ്വരനെത്തേടി സഞ്ചരിച്ചുവെങ്കിലും, അവസാനം അനുഭവത്തിന്റെ വെളിച്ചത്തില് അജ്ഞതയുടെ ആ വഴികള് ഉപേക്ഷിച്ചിട്ട് ആത്മജ്ഞാനത്തിന്റെ ഈ രാജവീഥിയെ അവര് സമാശ്രയിച്ചിട്ടുണ്ട്. മഹാമുനികള് ഈ വഴിയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ജ്ഞാനികളും വിശ്രുതന്മാരായ ആചാര്യന്മാരും ഈ പന്ഥാവില്ക്കൂടി പ്രയാണംചെയ്ത് പരമമായ ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. ഈ പാതയില് എത്തുന്നവര് വിശപ്പും ദാഹവും വിസ്മരിക്കുന്നു. രാവും പകലും തമ്മിലുള്ള വ്യത്യാസം അവര് അറിയുന്നതേയില്ല. ഈ വഴിയില് കാലുകുത്തുന്ന തീര്ത്ഥാടകന്റെ മുന്നില് മോചനത്തിന്റെ ഒരു ഖനി തന്നെ തുറന്നു വെയ്ക്കപ്പെട്ടിരിക്കുന്നു. എതെങ്കിലും വിധത്തില് വഴിയില് തടസ്സമുണ്ടായാല്പോലും സ്വര്ഗ്ഗീയ സുഖലബ്ധി ഉറപ്പാണ്. ഈ വഴിയില്ക്കൂടി സഞ്ചരിക്കുന്നവന്റെ മനസ്സ് അചഞ്ചലമായിരിക്കണം. അവന്റെ ലക്ഷ്യത്തെപ്പറ്റി ബോധവാനായിരിക്കണം. അവസാനം അവനും അവന്റെ ലക്ഷ്യവും തമ്മില് ഐക്യം പ്രാപിച്ചതായി അവന് ബോധ്യപ്പെടുന്നു. ഞാന് ഇതെല്ലാം എന്തിനാണ് നിന്നോട് പറയുന്നത്. താമസിയാതെ നിനക്കുതന്നെ ഇത് നേരിട്ടു മനസ്സിലാക്കാന് ഇടയാകും.

ഇതെല്ലാം കേട്ട പാര്ത്ഥന് അക്ഷമനായി. അവന് ചോദിച്ചു:

ഭഗവന്, അങ്ങ് ഈ യോഗത്തെപ്പറ്റി വിശദമായി എന്നോടു പറഞ്ഞു. ഉല്ക്കടമായ ആകാംഷയുടെ ആഴിയില് മുങ്ങിക്കിടക്കുന്ന എന്നെ എപ്പോഴാണ് കരകയറ്റുന്നത്?

ഭഗവാന് പ്രതിവചിച്ചു: എന്തിനാണ് നീ ഇത്രമാത്രം അക്ഷമനായിരിക്കുന്നത്? ഇതെപ്പറ്റി ഞാന് വിശദീകരിക്കാന് ഒരുമ്പെടുകയായിരുന്നല്ലോ.


തുടരും


** കടപ്പാട്. ഗുരുപരമ്പരയോട്**




ഭഗവദ്ഗീത(part 35)



അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 1

ശ്രീ ഭഗവാനുവാച:

അനാശ്രിത കര്മ്മഫലം
കാര്യം കര്മ്മ കരോതിയഃ
സ സംന്യാസീ ച യോഗീ ച
ന നിരഗ്നിര്ന ചാക്രിയഃ

കര്മ്മഫലത്തെ ആശ്രയിക്കാതെ വിഹിതകര്മ്മത്തെ ആരു ചെയ്യുന്നുവോ അവന് കര്മ്മം തൃജിച്ച സന്യാസിയും സത്യം കണ്ട യോഗിയുമാണ്. അഗ്നിയെ ഉപേക്ഷിച്ചു (അതായത് അഗ്നിഹോത്രാദികള് അനുഷ്ഠിക്കാതിരുന്നു) എന്നുവെച്ച് ഒരാള് സന്യാസിയാകയില്ല. കര്മ്മത്തെ ഉപേക്ഷിച്ചു എന്നുവെച്ച് യോഗിയുമാകയില്ല.

ശ്രീ ഭഗവാന് പറഞ്ഞു:

ഒരു കര്മ്മയോഗിയും സന്ന്യാസിയും. പുറമേ രണ്ടായിതോന്നുമെങ്കിലും യഥാര്ത്ഥത്തില് ഒന്നാണ്. സന്ന്യാസവും യോഗവും വ്യത്യസ്തമല്ലെന്നറിയുക. അതിനെപ്പറ്റി വിചിന്തനം ചെയ്യുമ്പോള് അത് ഏകവും തുല്യവും ആണന്നു നിനക്കു മനസ്സിലാകും. നാമത്തില് കാണുന്ന വ്യത്യാസം അവഗണിച്ചാല് കര്മ്മയോഗം സന്യാസമാണെന്നും ബ്രഹ്മജ്ഞാനത്തിന്റെ കാഴ്ചപ്പാടില്കൂടി നോക്കുമ്പോള് രണ്ടും ഒന്നാണെന്നും കാണാന് കഴിയും. ഒരേ ആളിനെ രണ്ടുപേരുകള് ചൊല്ലി വിളിച്ചെന്നു വരാം. രണ്ടു വ്യത്യസ്ത വീഥികള് വഴിയായി ഒരേ സ്ഥലത്തെത്താം. ഒരേ തരത്തിലുള്ള ജലംകൊണ്ടു പല പാനകള് നിറയ്ക്കാം. അതുപോലെ യോഗവും സന്ന്യാസവും തമ്മിലുള്ള വ്യത്യാസം നാമത്തില് മാത്രമാണ്; യഥാര്ത്ഥത്തിലുള്ളതല്ല. കര്മ്മ ഫലത്തെ ആശ്രയിക്കാതെ കര്മ്മങ്ങള് ചെയ്യുന്നുവന് മാത്രമാണ് യോഗിയെന്ന് എല്ലാവരും സമ്മതിക്കും. ഭൂമി വൃക്ഷലതാദികളെ വളര്ത്തുന്നത് സ്വന്തമായി യാതൊരു താത്പര്യവും, ഫലത്തില് എന്തെങ്കിലും ഇച്ഛയും ഇല്ലാതല്ലേ? അതുപോലെ, തന്റെ ജ്ഞാനബലംകൊണ്ടും വര്ണ്ണാശ്രമപ്രകാരവും അല്പംപോലും അഹന്തയില്ലാതെയും ഫലേച്ഛകൂടാതെയും, കര്ത്തവ്യമായ കര്മ്മങ്ങള് ചെയ്യുന്ന ഒരുവന് സന്യാസിയാണ്. അതേ സമയം അദ്ദേഹം ഒരു മഹായോഗിയുമാണ്. കാലാകാലങ്ങളില് ചെയ്യേണ്ടതായ സാധാരണവും യാദൃശ്ചികവുമായ കര്മ്മങ്ങള് ബന്ധത്തിലേയ്ക്കു നയിക്കുമെന്നു കരുതി ഉപേക്ഷിച്ചിട്ട്, മറ്റു കര്മ്മങ്ങളില് വ്യാപൃതനാകാമെന്നു വിചാരിക്കുന്നവന്, തന്റെ തന്റെ ശരീരത്തില് പറ്റിപിടിച്ചിരിക്കുന്ന ചെളി ചെളികൊണ്ടുതന്നെ കഴുകിക്കളയാന് ശ്രമിക്കുന്ന മര്ക്കടമുഷ്ടിക്കാരനാണ്, എല്ലാവരും പ്രാപഞ്ചികമായ കര്മ്മങ്ങള് ചെയ്യാന് ബാദ്ധ്യസ്തരാണ്. അതുവേണ്ടതുപോലെ നിര്വ്വഹിക്കാതെ പരിത്യാഗത്തിന്റെ പുതിയ ബാധ്യതകൂടി ഏറ്റെടുക്കുന്നത് എന്തിനാണ്? അതുകൊണ്ട് യജ്ഞകര്മ്മങ്ങള് ഉപേക്ഷിക്കാതെയും വിഹിതകര്മ്മങ്ങളെ മനഃപൂര്വ്വമായി ത്യജിക്കാതെയും സമചിത്തതയോടെ അനുഷ്ഠിക്കുന്ന കര്മ്മം ആനന്ദത്തിലേക്ക് വഴിതെളിക്കുന്നു.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 2

യം സംന്യാസമിതി പ്രാഹുര്
യോഗം തം വിദ്ധി പാണ്ഡവ
ന ഹ്യ സംന്യസ്ത സങ്കല്പോ
യോഗീ ഭവതി കശ്ചന

അല്ലയോ അര്ജ്ജുന, യാതൊന്നിനെയാണ് സന്ന്യാസമെന്നു പറയുന്നത്, അതുതന്നെയാണ് നിഷ്കാമകര്മ്മയോഗം എന്നറിഞ്ഞാലും, എന്തെന്നാല് ഫലേച്ഛ രൂപത്തിലുള്ള സങ്കല്പങ്ങളെ ഉപേക്ഷിക്കാത്ത ഒരുവനും യോഗിയായി ഭവിക്കുന്നില്ല.

സന്ന്യാസവും യോഗവും തമ്മിലുള്ള ഏകത്വത്തിന്റെ പതാക ഈ ലോകത്തുള്ള മറ്റു പല ശാസ്ത്രങ്ങളും പാറിപ്പറത്തിയിട്ടുണ്ട്, മനസ്സിന്റെ സമനിലയാണു യോഗം. കര്മ്മങ്ങള് ചെയ്യുമ്പോള് സങ്കല്പങ്ങളെ, അതായതു മനോവ്യാപാരം, മനസ്സുകൊണ്ടുള്ള കര്മ്മം, ഇച്ഛ തുടങ്ങിയവയെ, ഉപേക്ഷിക്കാതെ ആര്ക്കും യോഗനില കൈവരിക്കാന് സാദ്ധ്യമല്ല. ഇതു മഹായോഗികള് അവരുടെ സ്വന്തം അനുഭവത്തില്കൂടി വ്യക്തമാക്കിയിട്ടുണ്ട്.



അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 3

ആരുരുക്ഷോര്മുനേര്യോഗം
കര്മ്മ കാരണമുച്യതേ
യോഗാരുഢസ്യ തസ്യൈവ
ശമഃ കാരണമുച്യതേ

യോഗത്തെ ആരോഹണം ചെയ്യാനിച്ഛിക്കുന്ന മുനിക്ക് കര്മ്മമാണ് ഉപായം. യോഗത്തില് ആരൂഢനായ അയാള്ക്കു പിന്നീട് ആ അനുഭവം നിലനിര്ത്താന് ശമം (ആത്മസംയമം) ആവശ്യമായി കരുതപ്പെടുന്നു.

യോഗത്തിന്റെ ഉത്തുംഗശൃംഗങ്ങളിലെത്തുന്നതിന് ആഗ്രഹിക്കുന്ന ഒരുവന്, കര്മ്മത്തിന്റെ വഴികളില് കാണുന്ന ചവിട്ടുപടികള് നിരാകരിക്കരുത്. യമനിയമാദികള് വഴിയായി ഇന്ദ്രിയങ്ങളേയും മനസ്സിനേയും നിയന്ത്രിച്ച് യോഗാദ്രിയുടെ അടിവാരത്ത് എത്തിക്കഴിഞ്ഞാല്, യോഗാസനങ്ങളാകുന്ന നടപ്പാതയില്കൂടി മുന്നോട്ടു പോയി മദ്ധ്യത്തിലുള്ള പ്രാണായാമമാകുന്ന കൊടുമുടി കയറണം. അവിടെ ഇന്ദ്രിയങ്ങളെ വിഷയങ്ങളില് നിന്നു നിയന്ത്രിക്കുന്ന ചിത്തസംയമനമെന്ന ചെങ്കുത്തായ ചുരം കാണപ്പെടും. അത്യധികം വഴുക്കുന്ന ആ കുന്നില് ബുദ്ധിക്കുപോലും അതിന്റെ കാലടികള് ഉറപ്പിക്കാന് കഴിയുകയില്ല. ഇവിടെ ഹഠയോഗികളും അവരുടെ നിയന്ത്രണംതെറ്റി തല കുത്തനെ താഴോട്ടു വീഴുന്നു. എന്നാല് നിരന്തരമായ പരിശീലനവും അനുഷ്ഠാനവുംകൊണ്ട് നഖങ്ങള് ചിത്തസംയമനമാകുന്ന കുന്നിന്റെ ഉപാന്തത്തില് ഉടുമ്പിനെപ്പോലെ കുത്തിയിറക്കി, ശ്വാസനിയന്ത്രണമാകുന്ന ശകടം ഉപയോഗിച്ചു മുകളിലേക്കു കയറിയാല് കുന്നിന്റെ സമതലത്തിലെത്താം. അവിടെ നിന്നു ധാരണാശക്തിയാകുന്ന വിസ്തൃതമായ മാര്ഗ്ഗത്തില്ക്കൂടി ധ്യാനനിഷ്ഠയുടെ കൊടുമുടിയിലെത്തുന്നതുവരെ ആരോഹണം തുടരണം. എല്ലാ വഴികളും ഈ കൊടുമുടിയില് എത്തുന്നതോടെ അവസാനിക്കുന്നു. ഇവിടെ സാധനയും സാദ്ധ്യവും തമ്മില് വ്യത്യാസമില്ലാത്തതായിത്തിര്ന്നിരിക്കുന്നു. അവ പരസ്പരം ആശ്ലേഷിച്ച് യോഗി ബ്രഹ്മൈക്യം പ്രാപിക്കുന്നു. അവനു കര്മ്മങ്ങളോടുള്ള ആസക്തി അവസാനിക്കുന്നു. സമാധിയുടെ സമതലത്തില് ഉറച്ചു വര്ത്തിക്കുന്ന അവന് വീണ്ടും മുന്നേട്ടേയ്ക്കുള്ള ഗമനമോ, ഗതകാലകര്മ്മങ്ങളെപ്പറ്റിയുള്ള സ്മരണയോ ഇല്ലാതാകുന്നു.

ഇനിയും ഈ വിധത്തില് ധ്യാനത്തിലൂടെയും ഏകാഗ്രതയിലൂടെയും പരമാകഷ്ഠയെ പ്രാപിച്ച ഒരു യോഗിയുടെ ലക്ഷണങ്ങളെപ്പറ്റി ഞാന് വിവരിക്കാം. കേള്ക്കൂ..




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 4

യദാ ഹി നേന്ദ്രിയാര്ത്ഥേഷു
ന കര്മ്മസ്വനുഷജ്ജതേ
സര്വ്വസങ്കല്പ സംന്യാസീ
യോഗാരൂഢസ്തദോച്യതേ

ഒരുവന് എപ്പോഴാണോ സകല സങ്കല്പങ്ങളേയും ത്യജിച്ച് കര്മ്മത്തിലും വിഷയത്തിലും ആസക്തിയില്ലാത്തവനായിരിക്കുന്നത്; അപ്പോള് അവന് യോഗാരൂഢന് എന്നറിയപ്പെടുന്നു.

ആത്മജ്ഞാനത്തിന്റെ അന്തര് മണ്ഡലത്തില് ആത്മാനന്ദംപൂണ്ട് ദീര്ഘവിശ്രമംകൊള്ളുന്ന യോഗിയുടെ ഇന്ദ്രിയതലങ്ങളില് ഇന്ദ്രിയവിഷയങ്ങള് പ്രവേശിക്കുകയില്ല. സുഖത്തിന്റേയോ ദുഃഖത്തിന്റേയോ കുലുക്കമേറ്റാലും അവന്റെ മനസ്സ് അചലമായിരിക്കും. ഇന്ദ്രിയവിഷയങ്ങള് അവന്റെ മുന്നില് അണിനിരന്നാല്പോലും അവന് അതേപ്പറ്റി അറിയുകയില്ല. അവന്റെ കര്മ്മേന്ദ്രിയങ്ങള് കര്മ്മനിരതമായിരിക്കുമ്പോഴും അതിന്റെ ഫലത്തിനുവേണ്ടി അവന്റെ മനസ്സ് ഉഴറിനടക്കുകയില്ല. ഇന്ദ്രിയങ്ങളെപ്പറ്റിയുള്ള സ്മരണതന്നെ അവനില്ല. ശാരീരിക പ്രവര്ത്തനങ്ങളോടെ ഉന്നിദ്രനായിരിക്കുമ്പോഴും നിദ്രയിലെന്നപോലെ അലക്ഷ്യമായിപെരുമാറുന്ന അവന് മാത്രമാണ് യോഗത്തില് പ്രതിഷ്ഠിതന് എന്നറിയുക.

അപ്പോള് അര്ജ്ജുനന് പറഞ്ഞു:

ഭഗവന്, അങ്ങ് പറയുന്നതെല്ലാം അത്യന്തം അത്ഭുതമായിരിക്കുന്നു. ആരാണ് ഈ യോഗിക്ക് ഇത്രമാത്രം യോഗ്യതനല്കുന്നതെന്നു പറഞ്ഞുതന്നാലും.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 5

ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്
ആത്മൈവ ഹ്യാത്മനോ ബന്ധുഃ
ആത്മൈവ രിപുരാത്മനഃ

ഒരുവന് തന്നെക്കൊണ്ടുതന്നെ സ്വയം കരയേറ്റപ്പെടണം. തന്നത്താന് താഴെപ്പതിക്കാന് പാടില്ല. കാരണം താന് തന്നെയാണ് തന്റെ ബന്ധു. താന് തന്നെ തന്റെ ശത്രുവും.

ഭഗവാന് കൃഷ്ണന് ഒരു പുഞ്ചിരിയോടെ പറഞ്ഞു:

നിന്റെ സംസാരംകേട്ട് ഞാന് അത്ഭുതപ്പെടുന്നു. എല്ലാം ഏകമായ ഒരവസ്ഥയില് ആര്ക്ക് എന്തുകൊടുക്കാന് ആര്ക്കാണ് കഴിയുക? അജ്ഞതയില് ആമഗ്നനായി വ്യാമോഹത്തിന്റെ തത്പത്തില് നിദ്രചെയ്യുന്ന ഒരുവന് വേദനാജനകമായ ജനനമരണങ്ങളെപ്പറ്റിയുള്ള ദുഃസ്വപ്നങ്ങള് കാണാനിടവരുന്നു. അവന് ആകസ്മികമായി ഉണരുമ്പോള് അവന്കണ്ട സ്വപ്നം മിഥ്യയായിരുന്നുവെന്ന് അവന് അനുഭവപ്പെടുന്നു. ആദ്യം കണ്ട സ്വപ്നവും പിന്നീട് മിഥ്യയാണെന്നു തോന്നിയ അനുഭവും അവന്റെ മനസ്സില്ത്തന്നെ ഉണ്ടായതാണ്. അതായത് എല്ലാം അവന്റെ മനസ്സില്ത്തന്നെ സ്ഥിതിചെയ്യുന്നുവെന്നര്ത്ഥം. അങ്ങനെയുള്ള ഒരുവന് അഹംഭാവംകൊണ്ട് അവന്റെ ശാരീരികമായ നിലനില്പിന് പ്രാധാന്യം നല്കുമ്പോള് അത് അവന്റെ നാശത്തിന് വഴിതെളിക്കുന്നു.



തുടരും

** കടപ്പാട്. ഗുരുപരമ്പരയോട്**