Tuesday, 4 April 2017

ഭഗവദ്ഗീത(part 27)

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 36

അപി ചേദസി പാപേഭ്യഃ
സര്വ്വേഭ്യഃ പാപകൃത്തമഃ
സര്വ്വം ജ്ഞാനപ്ലവേനൈവ
വ്യജിനം സന്തരിഷ്യസി

പാപികളിലെല്ലാം വച്ച് ഏറ്റവും വലിയ പാപിയാണങ്കില്പോലും സര്വ്വപാപങ്ങളേയും ജ്ഞാനമാകുന്ന തോണികൊണ്ടുതന്നെ നീ തരണം ചെയ്യും.

അല്ലയോ പാര്ത്ഥാ, നീ പാപങ്ങളുടെ ഖനിയാകട്ടെ, അജ്ഞതയുടെ അലയാഴിയാകട്ടെ, മായാമോഹത്തിന്റെ മഹാമേരുവാകട്ടെ, എന്തു തന്നെ ആയിരുന്നാലും അതെല്ലാം ജ്ഞാനത്തിന്റെ കാന്തി പ്രസരത്തില് മുങ്ങി നിരര്ത്ഥകമായിത്തീരും. അത്രത്തോളം പ്രഭാവം ഉള്ളതാണ് ജ്ഞാനം. ജ്ഞാനത്തില് അത്രത്തോളം ഊര്ജ്ജം ഉള്ക്കൊണ്ടിരിക്കുന്നു. അനന്തമായ ബ്രഹ്മത്തിന്റെ വെറും ഒരു നിഴല്മാത്രമാണ് മിഥ്യയായ ഈ പ്രപഞ്ചം. എന്നിട്ടും പ്രപഞ്ചം സത്യമാണെന്നു വിശ്വസിക്കുന്ന ഭീമമായ തെറ്റ്, ജ്ഞാനത്തിന്റെ പ്രകാശധോരണിയില് ഉരുകിപ്പോകുന്നു. അപ്പോള് പിന്നെ ജ്ഞാനം നിന്റെ മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളയുക എന്നുള്ളത് എത്രയോ നിസാരമായ ഒരു കാര്യമാണ്. നിന്റെ സംശയങ്ങളെല്ലാം നിസ്സാരമാണ്. ജ്ഞാനത്തെപ്പോലെ ബൃഹത്തും സര്വ്വതോന്മുഖവും നിരുപവുമായ മറ്റൊന്നും ഈ ലോകത്തിലില്ല

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 37

യഥൈധാംസി സമിദ്ധോഽഗ്നിഃ
ഭസ്മസാത് കുരുതേഽര്ജ്ജുന,
ജ്ഞാനാഗ്നി സര്വ്വ കര്മ്മാണി
ഭസ്മാത് കുരുതേ തഥാ

അല്ലയോ അര്ജ്ജുനാ, കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നി വിറകുകളെ എപ്രകാരം എരിച്ചു ഭസ്മമാക്കുന്നുവോ അപ്രകാരം ആത്മജ്ഞാനസ്വരൂപമായിരിക്കുന്ന അഗ്നി സകല കര്മ്മങ്ങളേയും ഭസ്മമാക്കുന്നു.

മഹാപ്രളയകാലത്ത് കത്തിയെരിയുന്ന മൂന്നുലോകങ്ങളില് നിന്നും ഉയര്ന്നുവരുന്ന ധൂമപടലത്തെ ചുറ്റിയടിക്കാന് കഴിയുന്ന ചക്രവാതത്തിന്, മേഘങ്ങളെ ചിതറിച്ചുകളയാന് എന്തെങ്കിലും പ്രയാസമുണ്ടോ? അഥവാ, വെള്ളത്തെപ്പോലും എരിക്കാന് കഴിയുന്ന ബഡവാഗ്നി ചുഴലികൊടുങ്കാറ്റടിച്ച് ആളിക്കത്തുമ്പോള് വിറകും വൈക്കോലുമിട്ട് അതണയ്ക്കുവാന് പറ്റുമോ?

അദ്ധ്യായം നാല് :  ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 38

ന ഹി ജ്ഞാനേന സദൃശം
പവിത്രമിഹ വിദ്യതേ
തത് സ്വയം യോഗസംസിദ്ധഃ
കാലേനാത്മനി വിന്ദതി

തപോയോഗാദി യജ്ഞങ്ങളില് ജ്ഞാനത്തിനു തുല്യം പവിത്രമായി മറ്റൊന്നും തന്നെയില്ല. എന്തെന്നാല് കര്മ്മയോഗംകൊണ്ടും സമാധികൊണ്ടും യോഗ്യതയെ പ്രാപിച്ചവന് സ്വസ്വരൂപമായ ആത്മാവില് തന്നെത്താന് ആത്മജ്ഞാനത്തെ അനായാസേന അനുഭവിക്കാന് ഇടവരുന്നു.

ഇതെല്ലാം തികച്ചും അസാദ്ധ്യമായ കാര്യങ്ങളാണ്. ഇതേപ്പറ്റി ചിന്തിക്കുന്നതുതന്നെ ആക്ഷേപാര്ഹമാണ്. ജ്ഞാനത്തെപ്പോലെ പൂജ്യവും പരിപാവനവുമായ മറ്റൊന്നില്ല. ജ്ഞാനം ശ്രേഷ്ഠമായ നന്മയാണ്. അതിനോട് സദൃശമായിട്ട് മറ്റെന്താണുള്ളത്? ചൈതന്യത്തിനോട് കിടനില്ക്കാന് കഴിയുന്നതായി എന്തെങ്കിലുമുണ്ടോ? സൂര്യന്റെ പ്രതിബിംബം സൂര്യനെപ്പോലെ തിളങ്ങുമോ? ആകാശത്തെ കൈകള്കൊണ്ട് താങ്ങിനിര്ത്താന് പറ്റുമോ? ഭൂമിയുടെ ഭാരം അളക്കുവാന് ആര്ക്കെങ്കിലും സാധിക്കുമോ? ഇതിനൊക്കെ കഴിയുമെങ്കില് മാത്രമേ ജ്ഞാനത്തിനു തുല്യമായ എന്തെങ്കിലും ഈ ലോകത്ത് കണ്ടെത്താന് കഴിയുകയുള്ളൂ. വീണ്ടും വീണ്ടും പരിഗണിക്കുകയും വിവിധ വീഷണകോണങ്ങളില് കൂടി വീക്ഷിക്കുകയും ചെയ്താലും, ജ്ഞാനത്തിനല്ലാതെ മറ്റൊന്നിനും ജ്ഞാന്തിന്റെ പരിശുദ്ധിയും പ്രൗഢിയും ഉള്ളതായി കാണുകയില്ല. അമൃതിന്റെ സ്വാദ് എന്തിനെപ്പോലെ എന്നു ചോദിച്ചാല് അമൃതിനേപ്പോലെ എന്നുമാത്രം പറയാന് കഴിയുന്നപോലെ, ജ്ഞാനത്തെ ജ്ഞാനത്തോടു മാത്രമേ ഉപമിക്കാന് പറ്റൂ. ഇതെപ്പറ്റി ഇതില്ക്കൂടുതല് എന്തെങ്കിലും പറഞ്ഞാല് അതു വെറുതെ സമയം ചെലവഴിക്കാനായിരിക്കും.

ഇത്രയും കേട്ടപ്പോള് പാര്ത്ഥന് ഭഗവാനോടു പറഞ്ഞു:

അങ്ങു പറയുന്നതു സത്യമാണ്. തുടര്ന്ന് എന്തോ ചോദിക്കാന് ഭാവിച്ച അര്ജ്ജുനനോട് അവന്റെ മനോഗതം മുന്കൂട്ടി മനസ്സിലാക്കിയ ഭഗവാന് പറഞ്ഞു:

ഈ ജ്ഞാനം എങ്ങനെ സമ്പാദിക്കണമെന്നു ഞാന് പറയാം. അര്ജ്ജുനാ, ശ്രദ്ധിച്ചുകേള്ക്കുക.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 39

ശ്രദ്ധാവാന് ലഭതേ ജ്ഞാനം
തത്പരഃ സംയേതേന്ദ്രിയഃ
ജ്ഞാനം ലബ്ധ്വാ പരാം ശാന്തിം
അചിരേണാധിഗച്ഛതി

ഗുരുപദേശത്തില് ശ്രദ്ധയുള്ളവനും ജ്ഞാനം സമ്പാദിക്കുന്നതില് താത്പര്യമുള്ളവനും ഇന്ദ്രിയങ്ങളെ അടക്കിയവനുമായിരിക്കുന്നവന് ബ്രഹ്മജ്ഞാനത്തെ പ്രാപിക്കുന്നു. ജ്ഞാനം കൈവന്നിട്ട് അവന് വേഗത്തില് മോക്ഷത്തെ പ്രാപിക്കുന്നു.

ആത്മാനന്ദത്തിന്റെ അനുഭൂതി ആസ്വദിക്കമൂലം ഇന്ദ്രിയവിഷയങ്ങളോട് വെറുപ്പുതോന്നുന്നവന്. ഇന്ദ്രിയങ്ങളെ പരിഹാസവിഷയങ്ങളാക്കുന്നവന്, ചിന്തകളെ സ്വന്തം ചിത്തത്തെപ്പോലും അറിയിക്കാത്തവന്, പ്രകൃതിയുടെ പ്രവര്ത്തനങ്ങളുമായി സംബന്ധപ്പെടാതെ ഒഴിഞ്ഞുമാറി നില്ക്കുന്നവന്, ആനന്ദതുന്ദിലനായി സദാ കര്ത്തവ്യപാലനത്തില് മുഴുകുന്നവന്, ഇപ്രകാരമുള്ള ഒരുവനെ അനന്തമായ ആനന്ദം നല്കുന്ന ജ്ഞാനം തേടിയെത്തുന്നു. ജ്ഞാനം ഒരിക്കല് ഹൃദയകമലത്തില് പ്രതിഷ്ഠിക്കപ്പെട്ട് പരമസുഖമായ ആനന്ദമായി വികസിക്കുമ്പോള്, അവന്റെ ആത്മാവിന്റെ ദര്ശനംവിശാലമാകുന്നു. അവന് എവിടെ നോക്കിയാലും ശാന്തിയും ആനന്ദവും മാത്രം ദര്ശിക്കുന്നു. എന്റേതെന്നും നിന്റേതെന്നും ഉള്ള ഭാവം ഇല്ലാതാകുന്നു. ഇപ്രകാരം ജ്ഞാനബീജം ദ്രുതഗതിയില് വര്ണ്ണനാതീകമായ വിധത്തില് മുളച്ചു തഴച്ചുവളരുന്നു.

അദ്ധ്യായം നാല് :  ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 40

അജ്ഞശ്ചാശ്രദ്ധധാനശ്ച
സംശയാത്മാ വിനശൃതി
നായം ലോകോഽസ്മി ന പരോ
ന സുഖം സംശയാത്മനഃ

ആത്മാവിനെ അറിയാത്തവനും (അജ്ഞന്) ഗുരുപദേശത്തില് അശ്രദ്ധനും സംശയാലുവും നശിക്കുന്നു. സംശയാത്മാവിന് ഈ ലോകമില്ല, പരലോകമില്ല, സുഖവുമില്ല.

ജ്ഞാനസമ്പാദനത്തിന് താത്പര്യമില്ലാത്ത ഒരുവന്റെ ജീവിതം നിരര്ത്ഥകമാണ്. മരണമാണ് ഇത്തരത്തിലുള്ള ജീവിതത്തേക്കാള് ഭേദം. ജ്ഞാനമില്ലാത്ത ഒരുവന്റെ ജീവിതം അവിവേകത്തിലും അവിദ്യയിലും വേരൂന്നി നില്ക്കുന്നു. ആളൊഴിഞ്ഞ വീടുപേലെയോ, ജീവനില്ലാത്ത ശരീരം പോലെയോ അത് നിഷ്പ്രയോജനമാണ്. ഒരുവന് ജ്ഞാനം യഥാര്ത്ഥത്തില് സമ്പാദിച്ചിട്ടില്ലെങ്കില്പോലും അത് വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്, അവന് അത് സാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല് വേണമെന്ന് ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, അതില് അല്പമായ താത്പര്യംപോലുമില്ലാത്തവന് സംശയത്തിന്റെ തീച്ചൂളയില് പതിച്ചിരിക്കുകയാണ്. അമൃത് ആസ്വദിക്കുന്നതിനുപകരം വെറുക്കുന്ന ഒരുവന്റെ മരണം ആസന്നമാണെന്നറിയുക. അതുപോലെ ജ്ഞാനത്തോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും ഇന്ദ്രിയസുഖങ്ങളില് മുഴുകിക്കഴിയുകയും ചെയ്യുന്ന ഒരുവന് വികല്പം ബാധിച്ചിരിക്കുമെന്ന കാര്യത്തില് സംശയമൊന്നുമില്ല. അപ്രകാരം സംശയാത്മാവായ ഒരുവന്റെ ജീവിതം അധഃപതിക്കുകയും അവന് ഇഹത്തിലും പരത്തിലും ഒരുപോലെ ആനന്ദം നഷ്ടപ്പെടുകയും ചെയ്യും. സന്നിപാതജ്വരം ബാധിച്ച ഒരുവന് ചൂടും തണുപ്പും തിരിച്ചറിയാന് കഴിയാത്തതുപോലെ, സംശയാലുവിന് സത്യവും അസത്യവും, നന്മയും തിന്മയും, ഗുണവും ദോഷവും തമ്മിലുള്ള അന്തരം തിരിച്ചറിയുവാന് കഴിയുന്നില്ല. അന്ധനായി ജനിച്ച ഒരുവന് പകലും രാത്രിയും അറിയാത്തതുപോലെ സംശയഗ്രസ്തനായ ഒരുവന് ഒന്നുംതന്നെ മനസ്സിലാക്കുന്നില്ല. അവന് എല്ലാം നഷ്ടപ്പെടുന്നു.

തുടരും

** കടപ്പാട്. ഗുരുപരമ്പരയോട്**

No comments:

Post a Comment