Tuesday, 4 April 2017

ഭഗവദ്ഗീത(part 31)



അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 11

കായേന മനസാ ബുദ്ധ്യാ
കേവലൈരിന്ദ്രിയൈരപി
യോഗിനഃ കര്മ്മ കുര്വ്വന്തി
സംഗം ത്യക്ത്വാത്മശുദ്ധയേ

യോഗം ശീലിക്കുന്നവരാകട്ടെ, ആത്മസാക്ഷാല്ക്കാരത്തെ ലക്ഷ്യമാക്കി സര്വ്വസംഗപരിത്യാഗികളായി ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും കേവലം ഇന്ദ്രിയങ്ങളെക്കൊണ്ടും കര്മ്മം ചെയ്യുന്നു.

ബുദ്ധിയുടെ പ്രേരണ വകവയ്ക്കാതെ, മനസ്സില് ചിന്ത അംഗുരിക്കാതെ ചെയ്യുന്ന പ്രവര്ത്തനത്തെ ശാരീരികപ്രവര്ത്തനം എന്നുപറയാം കുറച്ചുകൂടി ലളിതമായി പറഞ്ഞാല് കര്മ്മയോഗിയുടെ പ്രവര്ത്തനം ഒരു കുട്ടിയുടെ കളിയോടും അലക്ഷ്യമായ പ്രവര്ത്തനത്തിനോടും സാദൃശ്യമുള്ളതാണ്. പഞ്ചഭൂത നിര്മ്മിതമായ ഈ ശരീരം നിദ്രയില് അമരുമ്പോള് മനസ്സുമാത്രം ഒരു സ്വപ്നലോകത്തിലെന്നപോലെ പ്രവര്ത്തിക്കുന്നു. അപ്പോള് അമൂര്ത്തമായ അഭിലാഷങ്ങളുടെ പ്രേരണയില്പ്പെട്ട്, ശരീരത്തിന്റെ അറിവുകൂടാതെതന്നെ ഒരുവന് സുഖവും ദുഃഖവും അനുഭവിക്കുന്നു. ധനുര്ദ്ധരാ, ഇതെത്രമാത്രം വിചിത്രമാണെന്ന് ആലോചിച്ചുനോക്കൂ.

ഇന്ദ്രിയങ്ങള്ക്കുപോലും അപരിചിതമായ ഈ പ്രവര്ത്തനം കേവലം മനോവ്യാപാരം മാത്രമാണ്. കര്മ്മയോഗികളും ഇതുപോലെയുള്ള മനസ്സിന്റെ പ്രവര്ത്തനങ്ങളില് വ്യാപരിക്കാറുണ്ടെങ്കിലും ‘ഞാന് ചെയ്യുന്നു’ എന്ന ഭാവത്തില് നിന്ന് സ്വതന്ത്രരായി നില്ക്കുന്നതുകൊണ്ട് അവര് അതില് കുടുങ്ങിപോവുകയില്ല. ബുദ്ധിക്കു സ്ഥിരതയില്ലാത്ത ഒരുവന്റെ മനസ്സിനു വിഭ്രാന്തിയുടെ താഡനം ഏല്ക്കുമ്പോള് അയാളുടെ ഇന്ദ്രിയങ്ങളുടെ പ്രവര്ത്തനം ചിട്ടയില്ലാതാവുന്നു. അയാള്ക്കു കാഴ്ചശക്തിയുണ്ടായിരിക്കും. ചുറ്റുംനില്ക്കുന്ന ആളുകളെ കാണാനും അവര് പറയുന്നതുകേള്ക്കാനും കഴിയും. അയാള് സംസാരിക്കുകയും ചെയ്യും. എന്നാല് ഇതൊക്കെയാണെങ്കിലും അയാള് ഒന്നും മനസ്സിലാക്കുന്നതായി തോന്നുകയില്ല. വേറൊരു രീതിയില്പറഞ്ഞാല് ആന്തരോദ്ദേശമൊന്നുമില്ലാതെയുള്ള കര്മ്മങ്ങള് കേവലം ഇന്ദ്രിയങ്ങളുടെ പ്രവര്ത്തികള് മാത്രമാണ്. മനഃപൂര്വ്വമായും പൂര്ണ്ണമായ അറിവോടുകൂടിയും ചെയ്യുന്ന കര്മ്മങ്ങളാണ് യഥാര്ത്ഥത്തില് ബുദ്ധിയുടെ പ്രവൃത്തികള്. വിവേചനാശക്തി ഉപയോഗിച്ച് വിവേകപൂര്ണ്ണമായി കര്മ്മങ്ങളില് ഏര്പ്പെടുന്നവര് കര്മ്മബന്ധത്തില്നിന്നു മോചിതരാവുന്നു. ധിക്ഷണാപരവും ശാരീരികവുമായ പ്രവര്ത്തനപരിധിയില് സ്ഥിതിചെയ്യുന്നതുകൊണ്ട് അഹംഭാവലേശമില്ലാതെ കര്മ്മം ചെയ്യുന്നവന് പ്രവര്ത്തനവേളയില്പോലും നിര്മ്മലനായിരിക്കും. താന് കര്ത്താവാണെന്നുള്ള ധാരണയില്ലാതെ ചെയ്യുന്ന കര്മ്മം അകര്മ്മമാണ്. പക്ഷേ ഈ യാഥാര്ത്ഥ്യം ശരിക്കും മനസ്സിലാക്കണമെങ്കില് അനുഭവജ്ഞാനമുള്ള ഒരു ഗുരുവിന്റെ ഉപദേശം അനിവാര്യമാണ്. അപ്രകാരമുള്ള ഒരവസ്ഥയിലെത്തുമ്പോള് നിന്റെ ഹൃദയം കരകവിഞ്ഞൊഴുകുന്ന ആനന്ദസരിത്താകും. വാക്കുകളെകൊണ്ട് വര്ണ്ണിക്കാന് കഴിയാത്ത ആ പരമസത്യമാണ് ഞാനിപ്പോള് നിന്നോട് പറഞ്ഞത്. ഇന്ദ്രിയങ്ങള്ക്ക് ഇന്ദ്രിയവിഷയങ്ങളിലുള്ള ആസക്തി നിശ്ശേഷം നശിച്ച ഒരാള്ക്കുമാത്രമേ ഇതു കേള്ക്കുന്നതിനുള്ള യോഗ്യതയുള്ളൂ.

ഇത്രയുമായപ്പോള് ശ്രോതാക്കള് പറഞ്ഞു: അങ്ങയുടെ സംഭാഷണം കേന്ദ്രബിന്ദുവില്നിന്നകന്നുപോകുന്നു. സാമാന്യമനസ്സിനു ദുര്ഗ്രാഹ്യവും ഉന്നതമായ വിചാരശക്തിക്കുപോലും അപ്രാപ്യവുമായ ഗൂഢമായ സത്യം ഞങ്ങളുടെ ഭാഗ്യം കൊണ്ടാണ് അങ്ങ് ഞങ്ങളെ വിവരിച്ചു കേള്പ്പിച്ചത്. ഇതിവിടെ നിര്ത്തിയിട്ട് അങ്ങ് വിവരിച്ചു പറയുന്ന കഥയുടെ ചരടുപൊട്ടിക്കാതെ തുടര്ന്നാലും.

കൃഷ്ണനും അര്ജ്ജുനനും തമ്മിലുള്ള സംവാദം കേള്ക്കുന്നതിനു ശ്രോതാക്കള് ആകാംഷ പ്രകടിച്ചപ്പോള് അതില് അതീവ സന്തുഷ്ടി പൂണ്ട് നിവൃത്തിനാഥിന്റെ ശിഷ്യനായ ജ്ഞാനേശ്വരന് പറയാന് തുടങ്ങി:

അല്ലയോ ശ്രോതാക്കളേ, കൃഷ്ണാര്ജ്ജുനസംവാദം കേട്ടാലും. കൃഷ്ണന് അര്ജ്ജുനനോടു പറഞ്ഞു:

അര്ജ്ജുനാ, പരിപൂര്ണ്ണതയിലെത്തിയ ഒരു കര്മ്മയോഗിയുടെ എല്ലാ ലക്ഷണങ്ങളും ഞാന് വ്യക്തമായി നിന്നോടു പറയാം. നല്ലവണ്ണം ശ്രദ്ധിക്കുക.




അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 12

യുക്തഃ കര്മ്മഫലം ത്യക്ത്വാ
ശാന്തിമാപ്നോതി നൈഷ്ഠികീം
അയുക്തഃ കാമകാരണേ
ഫലേ സക്തോ നിബന്ധ്യതേ

ഈശ്വരനില്തന്നെ നിഷ്ഠയോടുകൂടിയിരിക്കുന്ന നിഷ്കാമ കര്മ്മയോഗി, കര്മ്മഫലത്തെ ഉപേക്ഷിച്ച് ആത്മനിഷ്ഠയാലുണ്ടാകാവുന്ന ആത്യന്തികമായ മോഷത്തെ പ്രാപിക്കുന്നു. എന്നാല് കര്മ്മഫലത്തിലിച്ഛയുള്ളവനാകട്ടെ, ഇച്ഛ നിമിത്തമുള്ള പ്രേരണകൊണ്ട് കര്മ്മഫലത്തില് ആസക്തനായി ഏറ്റവും ബന്ധിക്കപ്പെടുന്നു.

ആത്മജ്ഞാനം സിദ്ധിച്ച ഒരുവനു കര്മ്മഫലത്തോട് ആസക്തിയില്ലെന്നു മാത്രമല്ല, അവന് അതിനെ വെറുക്കുകയും ചെയ്യുന്നു. ആനന്ദകരമായ ശാന്തി അവനെ തേടിയെത്തുകയും അവനെ പരിണയിക്കുകയും ചെയ്യുന്നു. ലൗകികനാകട്ടെ, കര്മ്മഫലങ്ങളുടെ സുഖാനുഭോഗമാകുന്ന കുറ്റിയില് ആശാപാശത്താല് ബന്ധിതനായി കഴിയുന്നു.




അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 13

സര്വ്വകര്മ്മാണി മനസാ
സംന്യാസ്യാസ്തേ സുഖം വശീ
നവദ്വാരേ പുരേ ദേഹീ
നൈവ കുര്വ്വന് ന കാരയന്

ഇന്ദ്രിയങ്ങളേയും മനസ്സിനേയും വശപ്പെടുത്തി ആത്മനിഷ്ഠയില് ഉറപ്പിച്ചിട്ടുള്ള പുരുഷന് എല്ലാ കര്മ്മങ്ങളേയും മനസ്സുകൊണ്ട് ഉപേക്ഷിച്ചിട്ട് ഒന്പതു വാതിലുകളുള്ള ഒരുപട്ടണത്തോടു സാമ്യം വഹിക്കുന്ന ശരീരത്തില് സ്വയം ഒന്നും തന്നെ ചെയ്യാത്തവനായും ഒന്നും ചെയ്യിക്കാത്തവനായും സദാ ആത്മാനന്ദാനുഭൂതിയില് മുഴുകികഴിഞ്ഞുകൂടുന്നു.

ഫലേച്ഛയോടെ പ്രവര്ത്തിക്കുന്നവരെപ്പോലെതന്നെയാണ് കര്മ്മയോഗിയും പ്രവര്ത്തിക്കുന്നത്. എന്നാല് തന്റെ പ്രവര്ത്തനങ്ങളുടെ കര്ത്താവ് താനല്ലെന്നുള്ള ധാരണകൊണ്ട് അവന് തന്റെ പ്രവര്ത്തനങ്ങളില് അപക്ഷപാതിയാണ്. അവന് എവിടെ തങ്ങിയാലും അവിടം അറിവിന്റെ ആവാസസ്ഥാനമായിരിക്കും. ഒന്പതു ബഹിര്ദ്വാരങ്ങളുള്ള ദേഹത്തിലാണ് അവന് വസിക്കുന്നതെങ്കിലും ദൈഹികമായ ജീവിതമല്ല അവന്റേത്. കര്മ്മഫലങ്ങളില് ഇച്ഛയില്ലാത്തവനായി, എല്ലാറ്റിലും അനാസക്തനായി കഴിയുന്ന അവന് കര്മ്മം ചെയ്യുന്നുണ്ടെങ്കിലും അകര്മ്മകൃത്തിനെപ്പോലെയാണ് കഴിച്ചുകൂട്ടുന്നത്.




അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 14

ന കര്ത്തൃത്വം ന കര്മ്മാണി
ലോകസ്യ സൃജതി പ്രഭുഃ
ന കര്മ്മഫലസംയോഗം
സ്വഭാവസ്തു പ്രവര്ത്തതേ

ഈശ്വരന് ജീവലോകത്തിനുവേണ്ടി കര്ത്തൃത്വം സൃഷ്ടിക്കുന്നില്ല; കര്മ്മഫലസംയോഗത്തേയും സൃഷ്ടിക്കുന്നില്ല. എന്നാല് ഒരോ ജീവനും അംഗീകരിക്കുന്ന അതതിന്റെ സ്വഭാവം – അവിദ്യാലക്ഷണമായ പ്രകൃതി, അല്ലെങ്കില് മായ – ആണ് ഇതെല്ലാം പ്രവര്ത്തിക്കുന്നത്.

നിങ്ങള് ഈശ്വരനെപ്പറ്റി തത്ത്വദൃഷ്ടിയോടെ വിചിന്തിനം ചെയ്യുമ്പോള് ഈശ്വരന് കര്മ്മരഹിതനാണെന്നു കാണാം. എന്നാല് വ്യവഹാരദൃഷ്ടിയോടെ ഈശ്വരനെപ്പറ്റി ചിന്തിക്കുമ്പോള് സര്വ്വേശ്വരന് വിശാലമായ ഈ പ്രപഞ്ചത്തിന്റെ ഹേതുഭൂതനാണെന്നു കാണാം. പക്ഷേ ദൈവം കര്മ്മത്തിന്റെ സ്പര്ശനംപോലും ഏല്ക്കാതെ കഴിയുന്നതുകൊണ്ടു കര്ത്താവെന്ന് ഈശ്വരനെ വിളിക്കാന് സാദ്ധ്യമല്ല. കര്ത്താവെന്നു വിളിച്ചാല് തന്നെ കര്മ്മത്തില് ഉദാസീനനായതുകൊണ്ട് അത് ദൈവത്തെ സ്പര്ശിക്കുന്നില്ല. ഈശ്വരന്റെ കരണചരണാദികള് ഒരിക്കലും കര്മ്മത്താല് മലിനപ്പെടുന്നില്ല എന്നതുകൊണ്ട് യോഗനിദ്രയേയോ കര്മ്മരഹിതത്വത്തേയോ അതുബാധിക്കുന്നുമില്ല. എന്നിട്ടും പഞ്ചഭൂതഗണങ്ങളെ ജനിപ്പിക്കുന്നത് ദൈവമാണ്. എല്ലാ ജീവജാലങ്ങളിലും വസിക്കുന്ന ദൈവം അവയാലൊന്നിനാലും നിയന്ത്രിക്കപ്പെടുന്നില്ല. പ്രപഞ്ചം നിലവില് വരുന്നതിനേയോ അവസാനിക്കുന്നതിനേയോ പറ്റി ഈശ്വരന് ഒരിക്കലും ബോധവാനല്ല. പ്രപഞ്ചം നിലവില് വന്നുവെന്നോ അവസാനിച്ചുവെന്നോ ഉള്ള വിചാരംപോലും ഈശ്വരനില്ല.



അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 15

നാദത്തേ കസ്യചിത് പാപം
ന ചൈവ സുകൃതം വിഭുഃ
അജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ജന്തവഃ

പരിപൂര്ണ്ണനായ ഈശ്വരന് ആരുടേയും പാപം ഏറ്റെടുക്കുന്നില്ല. അജ്ഞാനത്താല് ജ്ഞാനം മൂടപ്പെട്ടിരിക്കുന്നു. അക്കാരണത്താല് ജീവികള് മോഹിക്കുന്നു.

പാപപുണ്യങ്ങള് സര്വ്വശക്തനായ ഈശ്വരനോടു ബന്ധപ്പെട്ടതാണെങ്കിലും ഈശ്വരന് അതെപ്പറ്റി യാതൊരു ശ്രദ്ധയുമില്ല. യഥാര്ത്ഥത്തില് ദൈവം അതിന്റെ നിഷ്പക്ഷനായ ഒരു സാക്ഷിപോലുമല്ല; എങ്കില്പിന്നെ മറ്റു പ്രവര്ത്തനങ്ങളെപ്പറ്റി പറയേണ്ടതില്ലല്ലോ. ഈശ്വരന് സ്വയം അവതരിക്കുകയും ശരീരംകൊണ്ടു ലീലയാടുകയും ചെയ്യുന്നു. എന്നാല് അത് ഈശ്വരന്റെ നിരാകാരത്വത്തിനോ നിര്ഗുണത്വത്തിനോ ഒരു മാറ്റവും വരുത്തുന്നില്ല. അല്ലയോ അര്ജ്ജുന, പ്രപഞ്ചത്തെ മുഴുവന് സൃഷ്ടിക്കുന്നതും നിലനിര്ത്തുന്നതും അവസാനം നശിപ്പിക്കുന്നതും ഈശ്വരനാണെന്നു പറയുന്നത് തികച്ചും അജ്ഞതകൊണ്ടുള്ള വീണ്വാക്കുകളാണ്.



തുടരും

** കടപ്പാട്. ഗുരുപരമ്പരയോട്**

No comments:

Post a Comment