ആദ്ധ്യാത്മിക പാതയിൽ സഞ്ചരിക്കുന്ന ഓരോ സാധകനും നേരിടേണ്ടി വരുന്ന ഒരു പ്രധാന വെല്ലുവിളി ചിന്തകളുടെ പ്രവാഹമാണ്. ചിന്തകളുടെ തുടക്കം നമ്മുടെ വാസനകളെ ആശ്രയിച്ചിരിക്കുന്നു. ഇന്ദ്രിയങ്ങൾ കൊണ്ട് നമ്മൾ അറിഞ്ഞതും അറിയാൻ ആഗ്രഹിക്കുന്നതുമായ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഒരോ സാധകനിലും ചിന്തകളുടെ പ്രവാഹം ഉണ്ടാവുന്നത്.
പൂർവ്വ ജന്മവാസനകളുടെ ഒരു തുടർച്ചയായി ആണ് ഈ ചിന്തകൾ നമ്മളിൽ ഉണരുന്നത്. ഇത് നമ്മൾ തിരിച്ചറിയാത്തടത്തോളം കാലം നമ്മൾ അതിന്റെ പിടിയിൽ അകപ്പെട്ട് അജ്ഞാനമാകുന്ന മായയിൽ ബന്ധപ്പെട്ട് കിടക്കുന്നു. ഇനി അത് തിരിച്ചറിത്താലും നമ്മൾ വീണ്ടും അതിൽ കുടുങ്ങി കിടക്കുവാനും സാധ്യതയുണ്ട്. ഒരു സമാധാനമുള്ളത് നമ്മൾ എവിടെ നിൽക്കുന്നു എന്നെങ്കിലുമുള്ള തിരിച്ചറിവ് ഉണ്ട് എന്നതാണ്.
ആദ്ധ്യാത്മിക പാതയിൽ മുന്നേറാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഓരോ സാധകനും നേരിടേണ്ടി വരുന്ന ഒരു വെല്ലുവിളിയാണ് ഈ ഒരു ഘട്ടം. ഇവിടെയാണ് നമ്മൾ പലപ്പോഴും പരാജയപ്പെട്ട് പോകുന്നത്. ആത്മീയതയിൽ നമ്മൾ വയ്ക്കുന്ന ഓരോ ചുവടും വളരെയധികം ശ്രദ്ധയോടെ ആയിരിക്കണം എന്ന് ഗുരു പറയുന്നതിന്റെ സാരവും ഇത് തന്നെയാണ്. ആർക്കുവേണമെങ്കിലും എന്തും സംഭവിക്കാം.
ഈ യാത്ര തുടരുമ്പോൾ വീണ്ടും നമ്മുടെ വില്ലനായി ചിന്തകളുടെ രൂപത്തിൽ വാസനകൾ ഉയർന്നു വരും. നമ്മുടെ ഉള്ളിൽ അഹം ഉള്ളടത്തോളം കാലം ഇത് ഒരു തുടർകഥ പോലെ നമ്മളെ പിന്തുടരുകതന്നെ ചെയ്യും. അഹത്തെ നിരീക്ഷിച്ച് ചിന്തകളുടെ ഉറവിടത്തെപ്പറ്റി മനനം ചെയ്ത് യാത്ര തുടരുമ്പോൾ ഗുരുകൃപ നമ്മളിൽ തിരിച്ചറിവുകളായി വന്നു ചേരുന്നു. ഈ തിരിച്ചറിവുകൾ ആണ് നമ്മളെ വീണ്ടും മുന്നോട്ട് നയിക്കുന്നത്.
ആത്മീയതയിൽ മുന്നേറുക എന്നതിന് അർത്ഥം നമ്മൾ എന്തൊക്കെയോ നേടിയെടുക്കുക എന്നതല്ല, മറിച്ച് ഓരോ ചുവടിലും നമ്മുടെ അഹത്തെ തിരിച്ചറിയുക എന്നതാണ്. അപ്പോൾ നമ്മുടെ ഉള്ളിൽ ഒരു തീവ്രമായ വൈരാഗ്യംവും സത്യത്തെ തിരിച്ചറിയാനുള്ള ഉത്സാഹവും ഉണ്ടാവും.❤
Kadappadu
No comments:
Post a Comment