അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം
ശ്ലോകം 6
സംന്യാസസ്തു മഹാബാഹോ
ദുഖമാപ്തുമയോഗതഃ
യോഗയുക്തോ മുനിര് ബ്രഹ്മ
നചിരേണാധിഗച്ഛതി
അല്ലയോ അര്ജ്ജുനാ, ജ്ഞാനനിഷ്ഠാലക്ഷണമായ സന്ന്യാസം, കര്മ്മയോഗാനുഷ്ഠാനം കൊണ്ടുണ്ടാകുന്ന ചിത്തശുദ്ധി കൂടാതെ പ്രാപിക്കുക എന്നതു പ്രയാസമാകുന്നു. എന്നാല് കര്മ്മയോഗാനുഷ്ഠാനത്തിലൂടെ ചിത്തത്തെ സമനിലയിലെത്തിച്ച ഒരാള് വേഗത്തില് ബ്രഹ്മപ്രാപ്തിയെന്ന യഥാര്ത്ഥസന്ന്യാസത്തില് എത്തിച്ചേരുന്നു.
അല്ലയോ പാര്ത്ഥാ, ഈ പ്രധാന തത്ത്വം മനസിലാക്കാത്ത ആളുകള് എങ്ങനെയാണ് സാംഖ്യയോഗത്തിന്റേയും കര്മ്മയോഗത്തിന്റെയും സ്വഭാവം മനസ്സിലാക്കുന്നത് ? അവരുടെ അജ്ഞതകൊണ്ട് അവര് ഇതിനെ വ്യത്യസ്തമായി കരുതുന്നു. വാസ്തവത്തില് ഒരു വിളക്കില് നിന്നു വിവിധതരത്തിലുള്ള വെളിച്ചം ഉണ്ടാകുമോ? എന്നാല് നിഷ്കളങ്കമായ അനുഭവജ്ഞാനത്തില്കൂടി സത്യത്തെ മനസിലാക്കിയിട്ടുള്ളവര് ഇതു രണ്ടും ഏകവും തുല്യവും ആണെന്നു ഗണിക്കുന്നു. സുശിക്ഷിതരായ സാംഖ്യന്മാര് നേടിയിട്ടുള്ള ലക്ഷ്യം കുശലന്മാരായ കര്മ്മയോഗികളും നേടിയിട്ടുണ്ട്. ആകയാല് ഈ രണ്ടുവഴികളും അഭിന്നരൂപമായിട്ടുള്ളതാണ്. ആകാശത്തെ അതിന്റെ ശൂന്യതയില് നിന്നു വേര്തിരിക്കാന് കഴിയാത്തതുപോലെ, സാംഖ്യയോഗവും കര്മ്മയോഗവും ഇണചേര്ന്നു നില്ക്കുന്നു.
സാംഖ്യയോഗത്തിന്റേയും കര്മ്മയോഗത്തിന്റേയും അനുരൂപ്യം അനുഭവപ്പെടുന്ന ഒരു യോഗിയുടെ മനസ്സില് വിജ്ഞാനത്തിന്റെ വിശാലദീപം ഉദിച്ചുയരുകയും അദ്ദേഹത്തിന് ആത്മസാക്ഷാത്ക്കാരം ലഭിക്കുകയും ചെയ്യുന്നു. കര്മ്മയോഗം വഴിയായി മോക്ഷമാകുന്ന പര്വ്വതനിരകയറി അതിന്റെ ശൃംഖത്തിലെത്തുന്ന ഒരുവന് വേഗത്തില് ആത്മാനന്ദമാകുന്ന പീഠഭൂമിയില് എത്തുന്നു. എന്നാല് കര്മ്മയോഗം കൊണ്ടു മനസ്സിന്റെ സമനില ശീലിപ്പിച്ചുറപ്പിക്കാത്ത ഒരുവന് മോക്ഷത്തിനുവേണ്ടി പ്രയത്നിക്കുന്നതു വെറുതെയാണ്. അവന് ഒരിക്കലും സന്യാസജീവിതം നടപ്പില് വരുത്താന് സാധ്യമല്ല.
അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം
ശ്ലോകം 7
യോഗയുക്തോ വിശുദ്ധാത്മാ
വിജിതാത്മാ ജിതേന്ദ്രിയാഃ
സര്വ്വഭൂതാത്മഭൂതാത്മാ
കുര്വ്വന്നപി ന ലിപ്യതേ
മനസ്സിന്റെ സമനിലയെന്ന യോഗം (കര്മ്മയോഗം) അഭ്യസിച്ചുകൊണ്ട് കര്മ്മരംഗത്തു വര്ത്തിക്കുന്നവനും പരിശുദ്ധമാനസനും ദേഹത്തേയും ഇന്ദ്രിയങ്ങളേയും ജയിച്ചിരിക്കുന്നവനും സകല പ്രാണികളിലുമിരിക്കുന്ന ആത്മാവു തന്നെയാണ് തന്റേയും ആത്മാവ് എന്നറിയുന്നവനുമായവന് കര്മ്മങ്ങളെ ചെയ്താലും കര്മ്മബന്ധം അവനെ ബാധിക്കുന്നില്ല.
ഒരുവന് പ്രാപഞ്ചികമായ മായാമോഹങ്ങളില് നിന്നു മനസ്സിനെ പിന്തിരിപ്പിച്ച് തന്റെ ഗുരുവിന്റെ ഉപദേസാനുസാരം അതിന്റെ മാലിന്യങ്ങളെയെല്ലാം കഴുകിക്കളഞ്ഞ് അതിനെ തന്റെ ആത്മസ്വരൂപത്തില് ഉറപ്പിച്ചുനിര്ത്തുന്നു. ഉപ്പ് കടലില് പതിക്കുന്നതുവരെ ഒരു നിസാര വസ്തുവായ ഉപ്പായിട്ടുമാത്രം കാണപ്പെടുന്നു. എന്നാല് ഒരിക്കല് അതു കടല്വെള്ളത്തില് വീണ് അലിഞ്ഞുചേര്ന്നുകഴിഞ്ഞാല് പിന്നെ അതുപാരാവാരത്തോടൊപ്പം പരന്നുകിടക്കുന്നു. അതുപോലെ എല്ലാ ആഗ്രഹവും അഭിലാഷവും ഉപേക്ഷിച്ച അവന്റെ മനസ്സ് ആത്മചൈതന്യത്തില് വിലയം പ്രാപിക്കുമ്പോള് അവന് പ്രത്യക്ഷത്തില് മനുഷ്യരൂപത്തിലാണെങ്കിലും അവന്റെ ചേതന അനന്തമായ ബ്രഹ്മത്തില് ലയിച്ച് കാലദേശാവസ്ഥകള്ക്ക് അതീതമായി പ്രവര്ത്തിച്ച് മൂന്നുലോകങ്ങളിലേക്കും വ്യാപിക്കുന്നു. അപ്പോള് ഞാനാണ് ഇതിന്റെ കര്ത്താവ്, എനിക്ക് ഈ ജോലി ചെയ്യേണ്ടതായിട്ടുണ്ട് എന്നും മറ്റുമുള്ള ചിന്തകള് അവസാനിക്കുന്നു. അവന് കര്മ്മനിരതനാണെങ്കിലും ഒന്നിന്റേയും കര്ത്താവല്ല. അവന് കര്മ്മബന്ധത്തില്നിന്നും മുക്തനാണ്. സ്വന്തം നിലനില്പിനെ പറ്റിപോലും ബോധവാനല്ലാത്ത അവന് എങ്ങനെയാണ് താനൊരു കര്ത്താവണെന്നു കരുതുന്നത്?
അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം
ശ്ലോകം 8, 9
നൈവ കിഞ്ചിത് കരോമീതി
യുക്തോ മന്യതേ തത്ത്വവിത്
പശ്യന് ശൃണ്വന് സ്പൃശന് ജിഘ്രന്
അശ്നന് ഗച്ഛന് സ്വപന് ശ്വസന്
പ്രലപന് വിസൃജന് ഗൃഹ്ണന്
ഉന്മിഷന് നിമിഷന്നപി
ഇന്ദ്രിയാണീന്ദ്രിയാര്ത്ഥേഷു
വര്ത്തന്ത ഇതി ധാരയന്
കര്മ്മയോഗിയായവന് ക്രമേണ തത്ത്വവിത്തായി ഭവിച്ച് (ആത്മതത്ത്വത്തെ അറിഞ്ഞ്) കണ്ടും കേട്ടും തൊട്ടും ഘ്രാണിച്ചും ഭക്ഷിച്ചും നടന്നും ഉറങ്ങിയും ശ്വസിച്ചും സംസാരിച്ചും വിസര്ജ്ജിച്ചും (കൈകളെക്കൊണ്ട്) ചെയ്യേണ്ട ജോലി ചെയ്തും കണ്ണടച്ചും മിഴിച്ചുംകൊണ്ടിരിക്കുന്നവെങ്കിലും ഇന്ദ്രിയങ്ങള് അവയുടെ കാര്യങ്ങളായ ശബ്ദാദിവിഷയങ്ങളില് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന് ബുദ്ധികൊണ്ട് നിശ്ചയിച്ച് ഒരു കാര്യവും ഞാന് ചെയ്യുന്നതേയില്ല എന്നു വിചാരിക്കുന്നു.
വസ്തു വിചാരപൂര്വ്വം മനസ്സിനെ സമനിലയില് എത്തിച്ച് ആത്മാനുഭവം നേടിയ യോഗിയില്, അദ്ദേഹം ശരീരം വെടിയുന്നതിനുമുമ്പുതന്നെ, അദൃശമായ ബ്രഹ്മത്തെ സംബന്ധിച്ച പരിപൂര്ണ്ണ ജീവിതത്തിന്റെ ദൃശ്യലക്ഷണങ്ങള് കാണപ്പെടുന്നു. എന്നാല് സാധാരണ മനുഷ്യരെപ്പോലെ അദ്ദേഹവും എല്ലാ കര്മ്മങ്ങളിലും ഏര്പ്പട്ടിരിക്കുന്നതു കാണാം. അദ്ദേഹത്തിന്റെ കണ്ണുകള് കൊണ്ടുകാണുന്നു. ചെവികള്കൊണ്ടുകേള്ക്കുന്നു. എന്നാല് കാണുന്നതിലും കേല്ക്കുന്നതിലും അദ്ദേഹം കുരുങ്ങുന്നില്ല എന്നുള്ളതാണ് വിചിത്രകരമായ വസ്തുത. അദ്ദേഹത്തിന് സ്പര്ശന പ്രാപ്തിയുണ്ട്, ഘ്രാണശക്തിയുണ്ട്, സന്ദര്ഭത്തിനനുസരിച്ച് സംസാരിക്കാനുള്ള കഴിവും ഉണ്ട്. അദ്ദേഹം ഭഷണം കഴിക്കുന്നു, നിഷിദ്ധമായവ ഒഴിവാക്കുന്നു, യഥാസമയം സുഖസുഷുപ്തിയില് ലയിക്കുന്നു, ഇഷ്ടംപോലെ ചിരിക്കുന്നു. എല്ലാ കര്മ്മങ്ങളും അദ്ദേഹം ചെയ്യുന്നു. അര്ജ്ജുനാ ഇപ്രകാരം അദ്ദേഹം ചെയ്യുന്ന ഓരോ കാര്യവും ഞാന് പറയണോ? അദ്ദേഹം ശ്വസിക്കുന്നു, കണ്ണിമയ്ക്കുന്നു. എന്നാല് ആത്മജ്ഞാനം സിദ്ധിച്ചവനായതുകൊണ്ട് താന് ചെയ്യുന്ന പ്രവര്ത്തികളുടെയൊന്നും കര്ത്തൃത്വം തനിക്കില്ലെന്നു വിശ്വസിക്കുന്നു. അദ്ദേഹം കര്മ്മത്താല് ബന്ധിക്കപ്പെടുന്നില്ല. അദ്ദേഹം അനവധാനതയുടേയും അജ്ഞതയുടേയും തല്പത്തില് നിദ്രയിലായിരുന്നപ്പോള് സുന്ദരസ്വപ്നങ്ങള് അദ്ദേഹത്തെ വ്യാമോഹിപ്പിച്ചിരുന്നു. എന്നാല് പരിശുദ്ധജ്ഞാനത്തിന്റെ ഉദയത്തോടുകൂടി ഉന്നിദ്രനായ അദ്ദേഹത്തിന്റെ ആത്മാവ് പ്രബുദ്ധമായി തീര്ന്നിരിക്കുന്നു.
അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം
ശ്ലോകം 10
ബ്രഹ്മണ്യാധായ കര്മ്മാണി
സംഗം ത്യക്ത്വാ കരോതി യഃ
ലിപ്യതേ ന സ പാപേന
പദ്മപത്രമിവാംഭസാ
യാതൊരുവന് കര്മ്മങ്ങളെ ഈശ്വരങ്കല് സമര്പ്പിച്ച്, തല്ഫലത്തിലുള്ള ഇച്ഛയെ ഉപേക്ഷിച്ചുചെയ്യുന്നുവോ, അങ്ങനെയുള്ള കര്മ്മയോഗി വെള്ളത്തില്കിടക്കുന്ന താമരയില വെള്ളംകൊണ്ടുനനയാതിരിക്കുന്നതുപോലെ. പാപം കൊണ്ട് ഒരിക്കലും കളങ്കപ്പെടുകയില്ല.
ഇപ്രകാരമുള്ള ഒരു നിലയിലെത്തിക്കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഇന്ദ്രിയവാസനകള്, അവ ശരീരത്തില് വേരൂന്നിനില്ക്കുന്നതുകൊണ്ട് തുടര്ന്നും ഉണര്ന്നിരിക്കുന്നു. ഒരു വീട്ടിലുള്ള വിളക്ക് അതിന്റെ വെളിച്ചംകൊണ്ട് വീട്ടിലെ നിത്യകാര്യങ്ങള് നടത്തുന്നതിനു സഹായകമാകുന്നു. എന്നാല് ഒരു വിധത്തിലും വിളക്കിനെ ഒന്നുംതന്നെ ബാധിക്കുന്നില്ല. അതുപോലെ ഒരു കര്മ്മയോഗിയുടെ ശരീരത്തില്നിന്ന് എല്ലാ പ്രവര്ത്തനങ്ങളും ഉടലെടുക്കുന്നു. അദ്ദേഹം എല്ലാ കര്മ്മങ്ങളും ചെയ്യുന്നു. എങ്കിലും ഒന്നുമായും ഒട്ടിപ്പിടിക്കുന്നില്ല. വെള്ളത്തില് കിടക്കുന്ന താമരയില വെള്ളംകൊണ്ടു നനയാത്തതുപോലെ അദ്ദേഹം ഒരിക്കലും കര്മ്മത്താല് ബന്ധിതനാകുന്നില്ല.
തുടരും
** കടപ്പാട്. ഗുരുപരമ്പരയോട്**
No comments:
Post a Comment