Tuesday, 4 April 2017

ഭഗവദ്ഗീത(part 29)



അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

കര്മ്മസന്ന്യാസയോഗം

ശ്ലോകം 1

അര്ജ്ജുന ഉവാച:
സംന്യാസം കര്മ്മണാം കൃഷ്ണ!
പുനര്യോഗം ച ശംസസി
യച്ഛറേയ ഏതായോരേകം
തന്മേ ബ്രൂഹി സുനിശ്ചിതം.

അല്ലയോ കൃഷ്ണ! കര്മ്മങ്ങള് പരിത്യജിക്കണമെന്നും അതോടൊപ്പം കര്മ്മയോഗം അനുഷ്ഠിക്കണമെന്നും അങ്ങു പറയുന്നു. ഇവ രണ്ടില് ഏതാണ് അധികം ശ്രേയസ്കരമെന്നുവെച്ചാല് അതു നിശ്ചയിച്ച് എനിക്ക് പറഞ്ഞുതന്നാലും.

അര്ജ്ജുനന് കൃഷ്ണനോട് പറഞ്ഞു:

ഹേ കൃഷ്ണാ, അങ്ങയുടെ ഉപദേശങ്ങള് എത്രത്തോളം ചിന്താക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. വ്യക്തമായ ഒരു പ്രവര്ത്തനരീതി മാത്രം പറഞ്ഞുതന്നിരുന്നുവെങ്കില് അതു മനസ്സില് തങ്ങിനില്ക്കുമായിരുന്നു. അതിനുപകരം എല്ലാ കര്മ്മങ്ങളും പരിത്യജിക്കണമെന്ന് വിശദമായി ആദ്യം ഉപദേശിച്ചു. അടുത്തനിമിഷത്തില് കര്മ്മം ചെയ്യേണ്ടതിന്റെ ആവശ്യത്തെപ്പറ്റി വാനോളം പുകഴ്ത്തുന്നു. യുദ്ധംചെയ്യുന്നതിന് എന്നോട് ഉപദേശിക്കുന്നു.

അങ്ങയുടെ വാക്കുകള് ഗ്രഹിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. എന്നാല് അതു തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാകയാല് അജ്ഞനായ എനിക്കു വേണ്ടതുപോലെ ഗ്രഹിക്കാന് കഴിയുന്നില്ല. സത്തായ സത്യത്തെപ്പറ്റി ഉപദേശിക്കുകയാണ് അങ്ങയുടെ ഉദ്ദേശമെങ്കില്, അതു വ്യക്തവും സ്പഷ്ടവുമായിട്ടു വേണമെന്നു ഞാന് പ്രത്യേകം പറയേണ്ടതുണ്ടോ? പരമമായ സത്യത്തെപ്പറ്റി ചുരുക്കത്തിലല്ലാതെ വിശദമായിത്തന്നെ പറയണമെന്നു ഞാന് ആദ്യമേ അപേക്ഷിച്ചതല്ലേ? അതങ്ങനെയിരിക്കട്ടെ.

കര്മ്മത്തെ പരിത്യജിക്കുന്നതോ അതോ പരിണയിക്കുന്നതോ, ഏതാണ് അനശ്വരവും ശ്രേഷ്ഠവുമായ ഉണ്മയുടെ വെളിച്ചം പകരുന്നതിന് ഉതകുക? അതിലേതാണ് അനായേസേന ആചരിക്കാന് പറ്റിയത്? ഇപ്പോഴെങ്കിലും അസന്ദിഗ്ദ്ധമായും അവിതര്ക്കിതമായും അതിനെക്കുറിച്ചെല്ലാം എന്നോട് പറഞ്ഞാലും. അത് ഉറക്കം കെടുത്താതെ ദീര്ഘദൂരം പോകുന്ന ഒരു പല്ലക്കുയാത്രപോലെ സുഖപ്രദവും ആനന്ദകരവും ആയിരിക്കണം.

പാര്ത്ഥന്റെ ഈ വിധത്തിലുള്ള സംസാരം പാര്ത്ഥസാരഥിക്ക് അത്യന്തം മനോരഞ്ജകമായി തോന്നി. അദ്ദേഹം ആമോദത്തോടെ പറഞ്ഞു:

ശരി, അങ്ങനെ തന്നെ. നീ പറയുന്നതുപോലെയായിരിക്കും.

ജ്ഞാനേശ്വരന് പറയുന്നു: ശ്രോതാക്കളേ, ശ്രദ്ധിക്കുക. കാമധേനുവിനെപ്പോലെ സര്വ്വകാമങ്ങളേയും സാധിച്ചുകൊടുക്കുന്ന ഒരമ്മയുടെ അനുഗ്രഹ ഭാഗ്യമുണ്ടെങ്കില്, അമ്പിളിയെപ്പോലും ഒരു ശിശുവിന് കളിപ്പാട്ടമായി ലഭിക്കുന്നതാണ്. പാല് കുടിക്കണമെന്നുള്ള ഉപമന്യുവിന്റെ ആഗ്രഹപൂര്ത്തിക്കായി ഉമാമഹേശ്വരന് പ്രസാദിച്ച് ഒരു പാല്ക്കടല്തന്നെ ഉണ്ടാക്കിക്കൊടുത്തില്ലേ? അതുപോലെ ഭഗവാന്റെ കാരുണ്യവും അനുകമ്പയും ആവോളമുള്ളപ്പോള് ധനുര്ദ്ധരന് എങ്ങനെ സന്തോഷിക്കാതിരിക്കാന് കഴിയും? ലക്ഷ്മീ കാന്തനായ ഭഗവാന് തന്റെ ഉറ്റതോഴനും നാഥനുമായിരിക്കുമ്പോള് അര്ജ്ജുനനന് അദ്ദേത്തോട് എന്താണ് ചോദിക്കാന് പാടില്ലാത്തത്? അറിവ് നല്കാനാണ് അര്ജുനന് അച്യുതനോട് അപേക്ഷിച്ചത്. അധികം സന്തോഷത്തോടെ അദ്ദേഹം അതുനല്കി. ഭഗവാന് പറഞ്ഞതെന്താണെന്നു ഞാന് പറയാം.




അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 2

ശ്രീ ഭഗവാനുവാച:

സംന്യാസഃ കര്മ്മയോഗശ്ച
നിഃശ്രേയസകരാവുഭൗ
തയോസ്തു കര്മ്മസംന്യാസാത്
കര്മ്മയോഗോ വിശിഷ്യതേ

കര്മ്മ പരിത്യാഗവും, ഫലാപേക്ഷ കൂടാതെ ഈശ്വരാര്പ്പണമായി ചെയ്യുന്ന കര്മ്മയോഗവും, ഇവ രണ്ടും മോഷത്തെ കൊടുക്കുന്നവയാകുന്നു. എന്നാല് അവയില് കര്മ്മ പരിത്യാഗത്തിനേക്കാള് കര്മ്മയോഗമാണ് ശ്രേഷ്ഠമായിട്ടുള്ളത്.

ഭഗവാന് പറഞ്ഞു: ഫലാപേക്ഷ കൂടാതെ ഈശ്വരാര്പ്പണമായി ചെയ്യുന്ന കര്മ്മയോഗവും, ഇവ രണ്ടും മോക്ഷത്തെ കൊടുക്കുന്നവയാകുന്നു. എന്നാല് അവയില് കര്മ്മപരിത്യാഗത്തിനേക്കാള് കര്മ്മയോഗമാണ് ശ്രേഷ്ഠമായിട്ടുള്ളത്.

ഭഗവാന് പറഞ്ഞു: കൗന്തേയ, ശരിക്കും പര്യാലോചിച്ചാല് കര്മ്മങ്ങളെ പരിത്യജിക്കുന്നതും കര്മ്മങ്ങളെ പരിപാലിക്കുന്നതും രണ്ടും മുക്തികരങ്ങളാണ്. എന്നാല് ജ്ഞാനികള്ക്കും അജ്ഞാനികള്ക്കും നിര്മ്മലമായും നിര്ബന്ധമായും ഒരുപോലെ സ്വീകരിക്കാവുന്ന മാര്ഗ്ഗം കര്മ്മയോഗമാണ്. ശക്തനായ ഒരുവനു മാത്രമേ ഒരു നദി നീന്തിക്കടക്കുവാന് സാധ്യമാകൂ. എന്നാല് ഒരു തോണിയുണ്ടെങ്കില് സ്ത്രീകള്ക്കും കുഞ്ഞുങ്ങള്ക്കുംകൂടി ആ പുഴ അനായേസേന തരണം ചെയ്ത് അക്കരയെത്താം. അതുപോലെ എല്ലാവര്ക്കും സ്വീകാര്യവും ലളിതവുമായ മാര്ഗ്ഗവുമാണ് കര്മ്മയോഗം. ഈ മാര്ഗ്ഗത്തില്കൂടി ചരിച്ചാല് കര്മ്മപരിത്യാഗത്തിന്റെ ഫലവും ഒരുവനു ലഭിക്കുന്നതാണ്. കര്മ്മപരിത്യാഗം ചെയ്ത ഒരുവന്റെ യഥാര്ത്ഥ സ്വഭാവവിശേഷങ്ങളെപ്പറ്റി ഞാന് നിന്നോടു പറയാം. അതറിയുണ്പോള് കര്മ്മപരിത്യാഗവും കര്മ്മയോഗപരിണയവും അപരിച്ഛേദ്യമായ ഒരേ മാര്ഗ്ഗമാണെന്നു നിനക്കു മനസ്സിലാകും.




അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 3

ജ്ഞേയഃ സ നിത്യസംന്യാസി
യോ ന ദ്വേഷ്ടി ന കാംഷതി
നിര്ദ്വന്ദ്വോ ഹി മഹാബാഹോ
സുഖം ബന്ധാത് പ്രമുച്യതേ

അല്ലയോ മഹാബാഹോ, ആരാണ് ഒന്നിനേയും ദ്വേഷിക്കാതിരിക്കുന്നത്, ഒന്നിനേയും ഇച്ഛിക്കാതിരിക്കുന്നത്, അവന് നിത്യസന്ന്യാസിയാണെന്നറിയൂ. എന്തെന്നാല് അവന് സുഖദുഃഖാദി ദ്വന്ദങ്ങളില്ലാത്തവനാണ്. അവന് കര്മ്മ ബന്ധത്തില്നിന്നു പ്രയാസം കൂടാതെ മോചിക്കപ്പെടുന്നു.

അല്ലയോ അര്ജ്ജുനാ, നഷ്ടപ്പെട്ട യാതൊന്നിനെപ്പറ്റിയും വ്യാകുലപ്പെടാതിരിക്കുക; ഇപ്രകാരമുള്ളവര് നിത്യസന്യാസിയാണെന്നറിയുക. ഇപ്രകാരമുള്ള മാനസികാവസ്ഥയിലെത്തിയ ഒരുവന് കര്മ്മബന്ധത്തില് നിന്ന് വിമുക്തനാണ്. തന്മൂലം അവന് അനവരതം ആനന്ദത്തില് ആറാടുന്നു. ഒന്നുമായി ഒരു ബന്ധവുമില്ലെന്നുള്ള യാഥാര്ത്ഥ്യം അവന് ഉത്തമബോധ്യമുള്ളതുകൊണ്ട് വീടോ കുടുംബമോ സ്വത്തുക്കളോ ഉപേക്ഷിക്കേണ്ട ആവശ്യമൊന്നും അവനില്ല. അഗ്നി കെട്ടടങ്ങിയശേഷം അവശേഷിക്കുന്ന ചാരം തുണിയില് പൊതിഞ്ഞുകെട്ടാവുന്നതുപോലെ ആഗ്രഹങ്ങള് നിശേഷം ഇല്ലാതായ ഒരുവന് ഒരിക്കലും കര്മ്മത്താല് ബന്ധിക്കപ്പെടുന്നില്ല. അസമാധാനമോ അഭിലാഷമോ ഇല്ലാത്ത അവന്റെ മനസ്സ് പരിത്യാഗത്തിന്റെ പരിശുദ്ധിയെ പുണരുന്നു. ഇക്കാരണത്താല് കര്മ്മ പരിത്യാഗവും കര്മ്മയോഗവും കൈകോര്ത്തുപിടിച്ച് ഒരേ വഴിയില് കൂടിയാണ് മുന്നോട്ടു നീങ്ങുന്നതെന്നറിയുക.




അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 4

സാംഖ്യയോഗൗ പൃഥഗ്ബാലാഃ
പ്രവദന്തി ന പണ്ഡിതാഃ
ഏകമപ്യാസ്ഥിതഃ സമ്യക്ക്
ഉഭയോര്വിന്ദതേ ഫലം

സാംഖ്യവും യോഗവും (ജ്ഞാനയോഗവും കര്മ്മയോഗവും) വിരുദ്ധങ്ങളും ഭിന്നങ്ങളുമായ ഫലങ്ങളെ ഉണ്ടാക്കുന്നുവെന്ന് ബാലന്മാരാണ് – ശാസ്ത്രാര്ത്ഥത്തില് വിവേകശൂന്യന്മാരായിട്ടുള്ളവരാണ് – പറയുന്നത്. എന്നാല് വിവേകികള് അവ രണ്ടിനും ഒരേ ഭലം തന്നയെന്നു വിശ്വസിക്കുന്നു. എന്തുകൊണ്ടെന്നാല് ഒന്നെങ്കിലും ശരിയായി അനുഷ്ഠിക്കുന്നവന് രണ്ടിന്റേയും ഫലം സിദ്ധിക്കുന്നു. (മോഷം സിദ്ധിക്കുന്നു)





അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 5

യത് സാംഖ്യൈ പ്രാപ്യതേ സ്ഥാനം
തദ്യോഗൈരപി ഗമ്യതേ
ഏകം സാംഖ്യം ച യോഗം ച
യഃ പശ്യതി സ പശ്യതി

ജ്ഞാനനിഷ്ഠന്മാരായ സന്യാസികള് ഏതു സ്ഥാനമാണോ പ്രാപിക്കുന്നത് ആ സ്ഥാനം തന്നെയാണ് കര്മ്മയോഗികളും പ്രാപിക്കുന്നത്. (എന്നുവച്ചാല് മോഷം). സാംഖ്യയോഗത്തേയും കര്മ്മയോഗത്തേയും ഫലത്തിന്റെ അടിസ്ഥാനത്തില് ഒന്നായി ആര് കാണുന്നുവോ, അവനാണ് പരമാര്ത്ഥമായി കാണുന്നത്.



തുടരും

** കടപ്പാട്. ഗുരുപരമ്പരയോട്**

No comments:

Post a Comment