അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം
ശ്ലോകം 16
ജ്ഞാനേന തു തദജ്ഞാനം
യോഷാം നാശിതമാത്മനഃ
തേഷാമാദിത്യവത് ജ്ഞാനം
പ്രകാശയതി തത്പരം
എന്നാല് ആത്മജ്ഞാനംകൊണ്ട് ആരുടെ അജ്ഞാനം നശിപ്പിക്കുന്നുവോ, അവരിലെ ആ ജ്ഞാനം പരിപൂര്ണ്ണമായ പരമാത്മസ്വരൂപത്തെ, സൂര്യന് വസ്തുക്കളെയെന്നപോലെ പ്രകാശിപ്പിക്കുന്നു.
അജ്ഞാനം പരിപൂര്ണ്ണമായി നശിക്കുമ്പോള് മാത്രമേ മോഹങ്ങളും ദുര്വ്വാസനകളും ഇല്ലാതാവുകയുള്ളൂ. അപ്പോള് ദൈവം ഒന്നിന്റേയും കര്ത്താവല്ലെന്നുള്ള യഥാര്ത്ഥ കാഴ്ചപ്പാട് ഉണ്ടാകുന്നു. അകര്ത്താവായ ഒരസ്ഥിത്വമാണ് ഈശ്വരന് എന്ന സാക്ഷാല്ക്കാരം ആത്മാവിനു ഉണ്ടാകുമ്പോള് ഞാന് തന്നെയാകുന്നു ഈശ്വരന് എന്നുള്ള അനശ്വരസത്യം അതിനെ പിന്തുടര്ന്ന് എത്തുന്നു. ഇപ്രകാരമുള്ള വിവേകം ചിത്തത്തില് വിളങ്ങുമ്പോള് ഈ ലോകത്തില് ഇങ്ങനെയാണ് ഭേദചിന്ത പുലര്ത്താന് കഴിയുക? ഇപ്രകാരമുള്ള അവസ്ഥയില് സ്വന്തം അനുഭവങ്ങളുടെ അനുഭൂതിയില് അമരുന്ന ദ്രഷ്ടാവ്, പ്രപഞ്ചം മുഴുവനും ആത്മഭാവത്തില് അധിഷ്ഠിതമായിരിക്കുന്നതായി ദര്ശിക്കുന്നു. സൂര്യോദയത്തിനു മുന്പുള്ളതുപോലെ അന്ധകാരത്തില് ആണ്ടു കിടക്കുകയും ചെയ്യുന്നതു സംഭവ്യമാണോ?
അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം
ശ്ലോകം 17
തദ്ബുദ്ധയസ്തദാത്മാനഃ
തന്നിഷ്ഠാസ്തത് പരായണാഃ
ഗച്ഛന്ത്യപുനരാവൃത്തിം
ജ്ഞാനനിര്ദ്ധുത കല്മഷാഃ
പരമാത്മാവിനെ അറിഞ്ഞവരും പരമാത്മാവുതന്നെ താനെന്നു സാക്ഷാത്കരിച്ചവരും അതില്ത്തന്നെ നിഷ്ഠയുള്ളവരും അതുതന്നെ പരമലക്ഷ്യമെന്നുറച്ചവരുമായ യോഗികള് ജ്ഞാനം കൊണ്ട് പാപം നീക്കി പുനരാവൃത്തിയില്ലാത്ത പരമപദത്തെ പ്രാപിക്കുന്നു.
സമദര്ശനത്തില് ഉറച്ചിരിക്കുന്നതായി അറിയപ്പെടുന്നവരുടെ ബുദ്ധി പരമാത്മദര്ശനത്തില് അചഞ്ചലമായിരിക്കും. അവര് ആത്മജ്ഞാനത്തെപ്പറ്റി ബോധവാന്മാരായി കഴിയുമ്പോള് തങ്ങളും ബ്രഹ്മത്തിന്റെ സ്വഭാവത്തോടു കൂടിയവരാണെന്നുള്ള അനുഭവജ്ഞാനംകൊണ്ട് അവരുടെ ബുദ്ധിയും മനസ്സും അഹര്നിശം ബ്രഹ്മത്തില്തന്നെ അര്പ്പിക്കപ്പെട്ടിരിക്കുന്നു. അവര് ബ്രഹ്മസാക്ഷാത്ക്കാരത്തിനുള്ള തിരച്ചില് നടത്താന് നിശ്ചയിച്ചുറച്ചിരിക്കുന്നവരാണ്. അവര് ലോകത്തില് ഏകത്വവും അനന്യതയും മാത്രം ദര്ശിക്കുന്നു. അവരുടെ സമചിത്തത അനുസ്യൂതമായി തുടരുന്നു. ഐശ്വര്യലക്ഷ്മി കൗതുകത്തിനുപോലും ദാരിദ്ര്യദേവതയോടൊത്തുചേര്ന്നു വിളയാടാത്തതുപോലെ, വിവേകജ്ഞാനം ഒരിക്കലും വിഭ്രാന്തിയെ അംഗീകരിക്കാത്തതുപോലെ, സൂര്യന് സ്വപ്നത്തില്പോലും അന്ധകാരത്തിന്റെ നിഴല് ദര്ശിക്കാത്തതുപോലെ, ചന്ദ്രന്ചൂടിനെപ്പറ്റി സ്മരിക്കുകപോലും ചെയ്യാത്തതുപോലെ ജ്ഞാനികള് ജീവജാലങ്ങള് തമ്മിലുള്ള അന്തരം ഒരിക്കല്പോലും അറിയുന്നതേയില്ല.
അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം
ശ്ലോകം 18
വിദ്യാവിനയസമ്പന്നേ
ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച
പണ്ഡിതാഃ സമദര്ശിനഃ
വിദ്വാനും വിനീതനുമായ ബ്രാഹ്മണിലും പശുവിലും ആനയിലും പട്ടിയിലും ശ്വാവിന്റെ മാംസം തിന്നുന്ന ചണ്ഡാലനിലും ജ്ഞാനികള് ബ്രഹ്മത്തെത്തന്നെ ദര്ശിക്കുന്നു.
അങ്ങനെയുള്ളപ്പോള് ഒരു കൊതുകും ആനയും ചണ്ഡാലനും ബ്രാഹ്മണനും തമ്മിലോ, അപരിചതനും ബന്ധുവും തമ്മിലോ, വലുതും ചെറുതുമായ പദാര്ത്ഥങ്ങള് തമ്മിലോ എന്തെങ്കിലും വ്യത്യാസം കാണുവാന് കഴിയുമോ? സദാ ഉണര്ന്നിരിക്കുന്ന ഒരുവന് എങ്ങനെയാണു സ്വപ്നം കാണുക? താനെന്നും തന്റേതെന്നുമുള്ള വെവ്വേറെ വ്യക്തിത്വം നിലനില്ക്കുന്നിടത്തോളം മാത്രമേ ഒന്നു മറ്റൊന്നില്നിന്നു വ്യത്യസ്തമാണെന്നുതോന്നുകയുള്ളൂ. എന്നാല് അതില്ലാതായിത്തീര്ന്ന ഒരുവനില് വ്യത്യസ്ത ഭാവന എങ്ങനെയാണ്
അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം
ശ്ലോകം 19
ഇഹൈവ തൈര്ജിതഃ സര്ഗ്ഗോ
യേഷാം സാമ്യേ സ്ഥിതം മനഃ
നിര്ദോഷം ഹി സമം ബ്രഹ്മ
തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ
ആരുടെ മനസ്സ് സമാവസ്ഥയില് ഉറച്ചിരിക്കുന്നുവോ അവരാല് ഈ ദേഹത്തോട് കൂടിയിരിക്കുമ്പോള്ത്തന്നെ ജനനമരണരൂപമായ സംസാരം ജയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എന്തെന്നാല് ബ്രഹ്മം സകലതിലും യാതൊരു ദോഷവുമില്ലാതെ സകലതിലും സമമായിരിക്കുന്നു. അതുകൊണ്ട് ആത്മജ്ഞാനികള് ബ്രഹ്മത്തില് സ്ഥിതിചെയ്യുന്നു.
അതുകൊണ്ട് എല്ലാ വസ്തുക്കളിലും സമത്വം ദര്ശിക്കുന്ന ഒരുവന് ഏകമായ ബ്രഹ്മമായിത്തീര്ന്നു കഴിഞ്ഞിരിക്കുന്നു. സമചിത്തതയുടെ രഹസ്യം ഇതാണ്. ഇന്ദ്രിയവിഷയങ്ങളെ ത്യജിക്കാതെയും ഇന്ദ്രിയങ്ങളെ പീഠിപ്പിക്കാതെയും അവന് മോഹങ്ങളില്നിന്നു മുക്തിയും ഇന്ദ്രിയവിഷയങ്ങളില് വിരക്തിയും കൈവരിച്ചിരിക്കുന്നു. അവന് സാധാരണക്കാരനെപ്പോലെ പ്രവര്ത്തിക്കുന്നു. എന്നാല് ലൗകിക രംഗത്ത് അജ്ഞതകൊണ്ടുണ്ടാക്കുന്ന പ്രമാദങ്ങളെ അവന് അംഗീകരിക്കുന്നില്ല. അവന് ശരീരത്തോടുകൂടി ജീവിക്കുകയാണെങ്കിലും ഭൂതവാസമുള്ളിടത്ത് ആരും ഭൂതത്തെ ദര്ശിക്കാത്തതുപോലെ, അവന് ലോകത്തിന്റെ ദൃഷ്ടിയില്നിന്നു മറഞ്ഞിരിക്കുന്നു. അവന്റെ അന്തര്ദൃഷ്ടിയില് ലോകവും അങ്ങനെതന്നെയാണ്. സമീരണന്റെ സമാശ്ലേഷം ഏല്കുമ്പോള് സാഗരത്തിന്റെ മുകള്പ്പരപ്പിലുള്ള സലിലം പ്രത്യേകരൂപം പ്രാപിച്ച് നൃത്തം വയ്ക്കുന്നു. ആളുകള് അതിനെ തിരമാലയെന്നുവിളിക്കുന്നു. എന്നാല് അത് സമുദ്രജലം മാത്രമാണ്. അതുപോലെ അതിനെ പ്രത്യേകമായ രൂപത്തിലും നാമത്തിലും അറിയപ്പെടുന്നുണ്ടെങ്കിലും എല്ലാറ്റിനും സമത്വം ദര്ശിക്കുന്ന അവന് യഥാര്ത്ഥത്തില് പരബ്രഹ്മം തന്നെയാണ്.
ഭഗവാന് തുടര്ന്നു: അര്ജ്ജുനാ, സമഭാവമായ ചിത്തത്തോടുകൂടിയുള്ള ഒരു യോഗിയുടെ ലക്ഷണങ്ങള് ഞാന് ചുരുക്കത്തില് നിന്നോടു പറയാം.
അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം
ശ്ലോകം 20
ന പ്രഹ്യഷ്യേത് പ്രിയം പ്രാപ്യ
നോദ്വിജേത് പ്രാപ്യ ചാപ്രിയം
സ്ഥിരബുദ്ധിരസംമൂഢോ
ബ്രഹ്മവിത് ബ്രഹ്മണി സ്ഥിതഃ
ബ്രഹ്മത്തില് ഏകാഗ്രമായ ബുദ്ധിയോടുകൂടിയവനും എല്ലാ മോഹങ്ങളില്നിന്നും മുക്തി നേടിയവനും ബ്രഹ്മതത്വം ഗ്രഹിച്ചവനും ബ്രഹ്മത്തെ അനുഭവിച്ച് ആനന്ദിക്കുന്നവനുമായ ബ്രഹ്മജ്ഞാനി പ്രിയമുള്ള പദാര്ത്ഥങ്ങളെ ലഭിച്ചാല് സന്തോഷിക്കുകയോ അപ്രിയമുള്ള പദാര്ത്ഥങ്ങളെ ലഭിച്ചാല് വ്യസനിക്കുകയോ ചെയ്യുകയില്ല.
കാനല്ജലത്തിന്റെ പ്രവാഹത്തില്പ്പെട്ട് ഒരു മല ഒലിച്ചുപോകാത്തതുപോലെ, നല്ലതോ ചീത്തയോ ആയ സംഭവങ്ങളില് അവന് പതറുകയോ ആകുലപ്പെുകയോ ചെയ്യുകയില്ല. സമഭാവത്തിന്റെ സത്ത മനസ്സിലാക്കിയിട്ടുള്ള അവന് പരബ്രഹ്മത്തിന്റെ മനുഷ്യരൂപധാരിയാണ്.
തുടരും
** കടപ്പാട്. ഗുരുപരമ്പരയോട്**
No comments:
Post a Comment