Saturday, 31 December 2016

ആത്മീയത


ആത്മീയത ഒറ്റയടി പാതയാണ്, അവിടെ അവന്റെ കാൽപാടുകളെ പിന്തുടരുവാൻ ആർക്കും സാധിക്കില്ല. കാരണം അവന്റെ സത്യം അവന്റെ അനുഭവമാണ് അത് പങ്കു വയ്ക്കുവാനോ വിവരിക്കാന്നോ മറ്റുള്ളവർക്ക് മാർഗനിർദേശമാക്കുവാനോ സാധ്യമല്ല. അത്രയ്ക്കും വ്യക്തിപരം അത്രേ ആത്മീയത.

അവന്റെ സഞ്ചാരത്തിൽ അവന് പലപ്പോഴും അടിപതറാറുണ്ട്, എന്താകും കാരണം? കാരണം ശരിക്കും ബാഹ്യതയിൽ അല്ല എന്നറിയാനാകും തീർത്തും ആന്തരികത തന്നെ. തന്നിലെ ചലനത്തിനെ നിരീക്ഷിക്കാനായാൽ താൻ സാക്ഷിയാണന്നറിയും. അപ്പോൾ ഉണ്ടാക്കുന്ന ബോധം അവനിൽ ബോധോദയത്തിനു സഹായമാക്കും.

കടപ്പാടുകളും അനുകമ്പയും സ്നേഹവും സൗഹൃദങ്ങളും എല്ലാം നമ്മളിൽ നിന്നും അകലുമ്പോൾ മാത്രമേ നാമതിൽ പ്രവേശിക്കുകയുള്ളൂ. കാരണം ഇവയല്ലാം ദ്വന്ദങ്ങളിൽ നിലനിൽക്കുന്നവയല്ലേ?

**കടപ്പാട്  ഗുരുപരമ്പരയോട്**

Wednesday, 28 December 2016

*ഭക്തിയുടെ ഭാവങ്ങള്‍*

*ഭക്തിയുടെ ഭാവങ്ങള്‍*

ഭക്തിക്ക് പല ഭാവങ്ങളുണ്ട്. ആ ഭാവങ്ങളില്‍ക്കൂടി ഭക്തിനിഷ്ഠ വ്രതമായിക്കരുതിയിരുന്ന പല പുരാണ കഥാപാത്രങ്ങളെയും ആചാര്യന്മാര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

*അത്തരം ഭക്തിഭാവങ്ങളെയും ഓരോ ഭാവത്തിന്റെയും വിധേയരെയും താഴെ പറയുന്നു*.

*ഭാവം വിധേയര്‍*
സന്മനസ്സ് – അര്‍ജ്ജുനന്‍
ബഹുമനസ്സ് – ഇക്ഷ്വാകു
പ്രീതി – വിദുരന്‍
വിരഹം – ഗോപസ്ത്രീകള്‍
ഇതരവിചികിത്സ – ഉപമന്യു
മഹിമ അഥവാ ഖ്യാതി – യമന്‍
തദര്‍ത്ഥപ്രാണസ്ഥാനം – ഹനുമാന്‍
തദീയത – ഉപരിചരവസു
സര്‍വതത്ഭാവം -പ്രഹ്ലാദന്‍
അപ്രതികൂലത – ഭീഷ്മര്‍

അര്‍ജ്ജുനന്‍ ഭഗവാനോട് സഖിത്വഭാവത്തിലും സഹോദരഭാവത്തിലും സന്മനസ്സോടുകൂടിയും കഴിഞ്ഞുകൂടിയിരുന്നു.

ഭഗവാന്‍ തന്നോടൊപ്പമുണ്ടെന്നതില്‍ അഭിമാനിച്ചും മതിപ്പു തോന്നിയും ഭഗവാനെ ഉപചാരത്തോടെ നോക്കിക്കണ്ടും വേണ്ടപ്പോള്‍ പൂജിച്ചും ആ ഉല്‍ക്കൃഷ്ടമായ ആഭിജാത്യത്തെ കണ്ട് നേരിട്ടനുഭവിച്ചും എല്ലായ്‌പോഴും ഭഗവാനോടൊപ്പം അര്‍ജ്ജുനന്‍ കഴിഞ്ഞുകൂടി.

ഇക്ഷ്വാകു സൂര്യവംശം സ്ഥാപിച്ച രാജാവാണ്. അദ്ദേഹം ഭഗവാനെ ഉന്നതപദവിയില്‍ക്കരുതി സ്തുതിക്കുന്നവനായിരുന്നു.

വിദുരന്‍ ഭഗവാനോട് പ്രീതിപുലര്‍ത്തിയുള്ള പ്രത്യേകഭക്തിയിലായിരുന്നു.

ഗോപസ്ത്രീകള്‍ ഭക്തിയില്‍ പ്രണയവും അതിന്റെ എല്ലാ സുഖങ്ങളും വിരഹാദിദുഃഖങ്ങളും എല്ലാം ഉള്‍ക്കൊണ്ട് കൃഷ്ണന്‍ തന്നോടൊപ്പമാണെന്ന് വിചാരിച്ച് ഓരോരോ ഗോപികയും ഉറച്ചവിശ്വാസത്തോടെ കൃഷ്ണനെയോര്‍ത്ത് കഴിഞ്ഞുകൂടി.

വ്യാഘ്രപാദമഹര്‍ഷിയുടെ പുത്രനായ ഉപമന്യു ബാലനായിരിക്കെ ശിവനെ തപസ്സുചെയ്തു. തപസ്സ് ആയിരം വര്‍ഷം നീണ്ടു. അവസാനം ശിവന്‍ ഇന്ദ്രന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് എന്തുവരം വേണമെന്ന് ചോദിച്ചു. ശിവനില്‍നിന്നല്ലാതെ തനിക്ക് വരങ്ങളൊന്നും വേണ്ടന്ന് ബാലന്‍ ശാഠ്യം പിടിച്ചു. അവസാനം ശിവന്‍ സ്വന്തം രൂപം കാട്ടി വരം കൊടുത്തു.

ഭജിച്ചുകൊണ്ടിരിക്കുന്ന ദേവനോടല്ലാതെ മറ്റൊരു ദേവനോടും താല്പര്യമില്ലാത്ത ഭക്തിയാണിത്.

ഭഗവാന്റെ മഹത്വത്തെക്കുറിച്ചും താന്‍ ഭഗവാന്റെ ദാസനായി ധര്‍മ്മാചരണം നിര്‍വഹിക്കുന്നുവെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും എപ്പോഴും പറഞ്ഞും നിറയെ ഭഗവദ്ഭക്തിയുമായി കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നവനാണ് യമന്‍.

ഭഗവാനുവേണ്ടി ജീവിക്കുക എന്ന നിഷ്ഠയോടുകൂടിയ ഭക്തിയാണ് ഹനുമാനുള്ളത്. ച്യവനമഹര്‍ഷിയുടെ പൗത്രനായ വസു ഇന്ദ്രന്‍ സമ്മാനിച്ച വിമാനത്തിലേറി എപ്പോഴും സഞ്ചരിക്കുക പതിവായിരുന്നു.

അതുകൊണ്ട് ഉപരിചരവസു എന്ന പേരുണ്ടായി. സകലതും ഈശ്വരന്റേതാണെന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രഹ്ലാദനാകട്ടെ തൂണിലും തുരുമ്പിലും ഈശ്വരന്‍ കുടികൊള്ളുന്നുവെന്ന വിശ്വാസഭക്തിയോടെ കഴിയുന്നയാളാണ്. പ്രതികൂലമാകേണ്ട സന്ദര്‍ഭങ്ങളിലും കൃഷ്ണനോട് പ്രതിപത്തിയോടെ, ഉളളില്‍ നിറഞ്ഞ ഭക്തിയോടെ ജീവിച്ച വ്യക്തിയായിരുന്നു ഭീഷ്മര്‍.

ഇനിയും പുരാണകഥാപാത്രങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രാവണന്‍, ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു, കംസന്‍ എന്നിവരുടെ വിദ്വേഷഭക്തിയും മറ്റൊരു ഭാവമായി കണക്കാക്കാം.

**കടപ്പാട്  ഗുരുപരമ്പരയോട്**

ഗുരുവചനം

ഗുരുവചനം എന്തുകൊണ്ട് മനസ്സിന് അംഗീകരിക്കാനാകുന്നില്ല. എങ്ങനെയാണ് അതിനെ ഉൾകൊള്ളേണ്ടത് ? യുക്തിക്കത് അംഗീകാരമായത് തന്നെയാണ് എന്നാൽ മനസ്സിനത് മനസ്സിലാക്കുന്നതും ഇല്ലല്ലോ എന്താകും കാരണം? കുറ്റം ആരുടെതാണ്?

നമ്മുടെ വാസനയാൽ കലർന്ന് കിടക്കുന്ന സങ്കൽപങ്ങൾ തന്റെതായ ലോകം കെട്ടി ചമച്ച് നമ്മളെ ബന്ധിച്ചിടുന്നു. ആ ബന്ധനത്തിൽ കിടന്നു കൊണ്ട് ഗുരുവിന്റെ ആശയങ്ങളെ ഉൾകൊള്ളാനാവുകയില്ല. കാരണം ലക്ഷ്യം കേന്ദ്രീകരിക്കാതേ കേന്ദ്രത്തിലേയ്ക്കുള്ള ആശയങ്ങളെ എങ്ങനെ മനസ്സിന് ഉൾകൊള്ളാനും.

ഒരു ലക്ഷ്യവും ഇല്ലങ്കിലും പല ആശയങ്ങളെയും യുക്തിക്ക് അംഗീകരിക്കുവാൻ വിഷമം ഉണ്ടാക്കില്ല. ആശയം യുക്തി അംഗീകരിച്ചു എന്നു വച്ച് അത് നമ്മളിൽ പരിവർത്തനം ഉണ്ടാവണമെന്നില്ല. മനസ്സിലെ വാസനകൾക്കത് അംഗീകരിക്കിനിയില്ല അതു കാരണം യുക്തിയും വാസനകൾക്കടിമയായി തീരും.

**കടപ്പാട്  ഗുരുപരമ്പരയോട്**

Sunday, 25 December 2016

ബന്ധം ബന്ധനമാകരുത്


ബന്ധം ബന്ധനമാകരുത്', ബഡനമാക്കുമ്പോൾ അവിടെ വൈകാരികതയ്ക്ക് സ്ഥാനം ഉണ്ടാക്കും. വൈകാരികത മനസ്സിന്റെ പ്രതികരണങ്ങൾ ആക്കുന്നു. അപ്പോൾ ആത്മീയത സാധ്യമാണോ?

നമ്മൾ സാധനയ്ക്ക് പ്രവേശിക്കുമ്പോൾ എല്ലാ മമതാ ബന്ധങ്ങളും ഉപേക്ഷിക്കേണ്ടതായി വരും, എല്ലാ ബന്ധങ്ങളും മാനസ്സിക വ്യാപാരങ്ങളാണ്. എല്ലാ മാനസ്സിക വ്യാപാരങ്ങളും മുറിക്കേണ്ടതാണ്, എന്തിന് താൻ തന്നോടു പോലും ബന്ധം മുറിക്കേണ്ടതായി വരും. അപ്പോൾ തന്നോടുള്ളവരുടെ ബന്ധങ്ങളുടെ കാര്യം പറയണോ?

മാനസ്സികമായുള്ള ബന്ധം ആണ് മുറിക്കേണ്ടത് അപ്പോൾ വള്ളത്തിലെ കെട്ടു പൊട്ടി എന്നർത്ഥം. അങ്ങനെ സ്വതന്ത്രമായി സാധനാ ലോകത്തിൽ പ്രവേശിക്കാം.

**കടപ്പാട്  ഗുരുപരമ്പരയോട്**

ഭഗവദ്ഗീത(part 16)

അദ്ധ്യായം മൂന്ന് : കര്മ്മയോഗം

ശ്ലോകം 21

യദ്യദാചരതി ശ്രഷ്ഠഃ
തത്തദേവേതരോ ജനഃ
സ യത് പ്രമാണം കുരുതേ
ലോകസ്തദനുവര്ത്തതേ

അര്ഥം :

ശ്രേഷ്ഠനായവന് എന്തൊക്കെ അനുഷ്ഠിക്കുന്നുവോ അതൊക്കെ മറ്റാളുകളും അനുഷ്ഠിക്കും. അയാള് എന്തിനെ ബഹുമാനിക്കുന്നുവോ , ജനങ്ങളും അതിനെത്തന്നെ പ്രമാണമാക്കി അനുകരിക്കും.

ഭാഷ്യം :

പൂര്വ്വജന്മാര് ചെയ്യുന്നതൊക്കെ ധര്മ്മാചാരമെന്നു കരുതി അവരജന്മാരും അതു പിന്തുടരുന്നു. ഇത് ഒരു സാമാന്യ സ്വഭാവമാണ്. അതു കൊണ്ട് ആരും കര്മ്മങ്ങള് ഉപേക്ഷിക്കരുത്. പ്രത്യേകിച്ചും ഉള്ക്കാഴ്ചയുള്ള മഹാത്മാക്കള് അവരുടെ കര്മ്മങ്ങള് തുടര്ന്നു കൊണ്ടേയിരിക്കണം.


അദ്ധ്യായം മൂന്ന് : കര്മ്മയോഗം

ശ്ലോകം22


ന മേ പാര്ത്ഥാസ്തി കര്ത്തവ്യം

ത്രിഷു ലോകേഷു കിഞ്ചന

നാനാവാപ്തമവാപ്തവ്യം

വര്ത്ത ഏവ ച കര്മ്മണി.


അര്ഥം :


അല്ലയോ അര്ജ്ജുന, മൂന്നു ലോകങ്ങളിലും എനിക്കു ചെയ്യേണ്ടതായിട്ടു ഒന്നുമില്ല. നേടാത്ത യാതൊന്നും ഇനി നേടേണ്ടതായും ഇല്ല. എങ്കിലും , ഞാന് കര്മ്മം ചെയ്തുകൊണ്ടുതന്നെ ഇരിക്കുന്നു.


ഭാഷ്യം :


പാര്ത്ഥ, ഞാന് എന്തിനാണ് മറ്റുള്ളവരുടെ കാര്യം ഉദാഹരിക്കുന്നത്? ഞാന് തന്നെ ഈ മാര്ഗ്ഗമല്ലേ സ്വീകരിച്ചിരിക്കുന്നത്?ഞാന് നിശ്ചിത കര്മ്മങ്ങള് പാലിക്കുന്നത് വരാനിടയുള്ള ഏതെങ്കിലും ദുരിതം ഒഴിവാക്കാനാണോ? ഏതെങ്കിലും ലക്ഷ്യം സഫലമാക്കുവാനാണോ ?എന്നെപ്പോലെ സമ്പൂര്ണ്ണനും അസാധാരണ പ്രഭാവം ഉള്ളവനുമായ മറ്റോരാളില്ലെന്നു നിനക്കറിയാം. എന്റെ ഗുരുവായ സാന്ദീപനി മുനിയുടെ പുത്രനെ യമനില് നിന്നു വീണ്ടെടുത്ത അമാനുഷികവും അന്യുനവുമായ ശക്തി നിനക്കു ബോദ്ധ്യപ്പെട്ടിട്ടുള്ളതല്ലേ?എന്നിട്ടും ഞാനും എന്റെ വിഹിത കര്മ്മങ്ങള് ചെയ്യുന്നുണ്ട്.


അദ്ധ്യായം മൂന്ന് : കര്മ്മയോഗം


ശ്ലോകം  23


യദി ഹ്യഹം ന വര്ത്തേയം

ജാതു കര്മ്മണൃതന്ദ്രിതഃ

മമ വര്ത്മാനുവര്ത്തന്തേ

മനുഷ്യാഃ പാര്ത്ഥ സര്വ്വശഃ


അര്ഥം :


ഹേ പാര്ത്ഥാ! ഞാന് അലസനായി ഒരിക്കലെങ്കിലും കര്മ്മം ചെയ്യാതിരുന്നാല് മനുഷ്യര് എല്ലാ വിധത്തിലും എന്റെ മാര്ഗ്ഗം പിന്തുടരും.


ഭാഷ്യം :


ഞാനാണെങ്കില് ആഗ്രഹങ്ങള് വെച്ചു പുലര്ത്തുന്ന സാമാന്യ മനുഷ്യരെപ്പോലെയാണ് പ്രവര്ത്തിക്കുന്നത്. എന്റെ ഇച്ഛാനുസാരം ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും വീണവാദം മുഴക്കി നടക്കുന്ന മടിയന്മാരെ പോലെയാകാതെ, എന്നെപ്പോലെ കര്മ്മം ചെയ്യണമെന്നുള്ള ഉല്കൃഷ്ടമായ ഉദ്ദേശ്യത്തോട് കൂടിയാണ് ഞാന് ഇപ്രകാരം പ്രവര്ത്തിക്കുന്നത്.


അദ്ധ്യായം മൂന്ന് :  കര്മ്മയോഗം


ശ്ലോകം 24


ഉത്സീദേയുരിമേ ലോകാ

ന കുര്യാം കര്മ്മ ചേദഹം

സംകരസ്യ ച കര്ത്താ സ്യാം

ഉപഹന്യാമിമാഃ പ്രജാഃ


അര്ഥം :


ഞാന് കര്മ്മം ചെയ്യുന്നില്ലെങ്കില് ഈ ലോകങ്ങള് ധര്മ്മലോപം കൊണ്ട് നശിച്ചുപോകും. അങ്ങിനെ വര്ണ്ണസങ്കരത്തിനു കാരണക്കാരനായി ഈ പ്രജകള്ക്ക് ദോഷം ചെയ്യുന്നവനായി തീരും.


ഭാഷ്യം :


ഞാന് ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച് ആത്മസാക്ഷാല്ക്കാരത്തില് മുഴുകി കഴിച്ചു കൂട്ടിയാല് ജനങ്ങള് അവരുടെ ജീവിതയാത്രയില് എങ്ങിനെയാണ് പ്രവര്ത്തിക്കുക?ജനങ്ങള് നാം ചെയ്യുന്ന കാര്യങ്ങള് എന്താണെന്നു മനസ്സിലാക്കി നമ്മെ അനുകരിക്കുകയാണ് പതിവ്. നിലവിലിരിക്കുന്ന സാമൂഹ്യവ്യവസ്ഥിതി അഭംഗുരം തുടരണമെങ്കില് നാം അവര്ക്ക് മാതൃയായിരിക്കണം. അതുകൊണ്ട് പ്രാപ്തന്മാരും വിദ്വാന്മാരുമായ ആളുകള് യാതൊരു കാരണവശാലും കര്മ്മങ്ങള് ഉപേക്ഷിച്ച് അലസന്മാരായി ഇരിക്കുവാന് പാടില്ല.


അദ്ധ്യായം മൂന്ന് :  കര്മ്മയോഗം


ശ്ലോകം 25


സക്താഃ കര്മ്മണിവിദ്വാംസോ

യഥാ കുര്വ്വന്തി ഭാരത

കുര്യാദ്വിദ്വാംസ്തഥാ സക്തഃ

ചികീര്ഷുര് ലോക സംഗ്രഹം


അര്ഥം :


അല്ലയോ ഭരതവംശജ! ആത്മജ്ഞാനമില്ലാത്തവര് ഈ കര്മ്മത്തിന്റെ ഫലം എനിക്കു സിദ്ധിക്കും എന്ന വിചാരത്തോടുകൂടി എങ്ങിനെ കര്മ്മം ചെയ്യുന്നുവോ, അപ്രകാരം തന്നെ ജ്ഞാനിയായവന് സക്തി കൂടാതെ ലോകത്തിന് നന്മ ചെയ്യുവാന് ഇച്ഛയുള്ളവനായി കര്മ്മം ചെയ്യണം.


ഭാഷ്യം :


താന് ചെയ്യുന്ന പ്രവര്ത്തനങ്ങളുടെ ഫലം ആഗ്രഹിക്കുന്ന ഒരുവന് ഫലസിദ്ധിക്കുവേണ്ടി എപ്രകാരമാണോ കര്മ്മങ്ങള് ചെയ്യുന്നത് , അതുപോലെയുള്ള രീതിയില് തന്നെയാണ് ഫലം ഇച്ഛിക്കാതെ ഒരു നിസ്വാര്ത്ഥനും കര്മ്മങ്ങള് ചെയ്യേണ്ടത്. ഒരു ജനതതിയുടെ ധാര്മ്മികമായ സംരക്ഷണത്തിനും സംവര്ദ്ധനത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ധര്മ്മ സംഹിതകളില് ഉള്കൊള്ളുന്ന ആദര്ശങ്ങള്ക്ക് അനുസൃതമായി ജ്ഞാനികള് പ്രവര്ത്തിച്ച് ജനങ്ങള്ക്ക് നേതൃത്വം കൊടുക്കുകയും അവര് അസാധാരണനായ ഒരുവനില് നിന്ന് വ്യത്യസ്തനല്ലെന്നുളള തോന്നല് അവരില് ഉളവാക്കുകയും ചെയ്യണം.



തുടരും ....
**കടപ്പാട്  ഗുരുപരമ്പരയോട്**

മഹാലക്ഷ്മ്യഷ്ടകം

*ഐശ്വര്യത്തിനും അഭിവൃദ്ധിക്കും മഹാലക്ഷ്മ്യഷ്ടകം*

ജപിച്ചു തുടങ്ങുമ്പോൾതന്നെ മഹാലക്ഷ്മ്യഷ്ടകത്തിന്റെ ദിവ്യപ്രഭാവത്താൽ ഓരോരുത്തരുടേയും അഭീഷ്ടസിദ്ധിക്കുള്ള സുഗമമായ വഴികൾ തെളിഞ്ഞുവരുന്നതായി കാണാം.

*ശുദ്ധിയോടും നിഷ്ടയോടും ശ്രദ്ധയോടും കൂടി വിധിയാംവണ്ണം ജപിക്കുക*

*മഹാലക്ഷ്മ്യഷ്ടകം*

നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖ ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ.

നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരീ
സർവ്വപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.

സർവ്വജ്ഞേ സർവ്വവരദേ സർവ്വദുഷ്ട ഭയങ്കരീ
സർവ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ.

ആദ്യന്തരഹിതേ ദേവീ ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ.

സിദ്ധിബുദ്ധിപ്രദേ ദേവീ ഭുക്തിമുക്തിപ്രദായിനീ
മന്ത്രമൂർത്തേ സദാദേവീ മഹാലക്ഷ്മീ നമോസ്തുതേ.

സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണീ
പരമേശീ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.

ശ്വേതാംബരധരേ ദേവീ നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.

*ഫലം*

മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം
യ: പഠേൽ ഭക്തിമാന്നരാ:
സർവ്വ സിദ്ധിമവാപ്നോതി
രാജ്യം പ്രാപ്നോതിസർവ്വദാ

ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
മഹാലക്ഷ്മിർഭവേന്നിത്യം പ്രസന്നാ വരദാശുഭാ

*മഹാലക്ഷ്മ്യഷ്ടകം ജപിക്കേണ്ട രീതി*

ജപം തുടങ്ങും മുൻപായി രണ്ടു പാത്രങ്ങൾ സംഘടിപ്പിക്കുക.

നിധിപാത്രം, നാണയങ്ങൾ ശേഖരിക്കുന്നതിനും; അർപ്പണപാത്രം, നാണയങ്ങൾ അർപ്പിക്കുന്നതിനും.

അർപ്പണപാത്രം വിളക്ക് കത്തിക്കുന്നിടത്താണ് സൂക്ഷിക്കേണ്ടത്. *അവരവരുടെ കഴിവനുസരിച്ച് നൂറോ, അഞ്ഞൂറോ, ആയിരമോ തുകയ്ക്കുള്ള ചില്ലറ മാറി നിധിപാത്രത്തിൽ കരുതണം*.

നാണയങ്ങൾ കഴുകി ശുദ്ധമാക്കി വയ്ക്കുന്നതാണ് നല്ലത്.

ദിവസേന കിട്ടുന്ന നാണയങ്ങൾ ഈ പാത്രത്തിലിട്ട് സൂക്ഷിക്കാം.

നിധിപാത്രം എപ്പോഴും നിറഞ്ഞിരിക്കുവാൻ ശ്രദ്ധിക്കുമല്ലൊ.

*ഓരോ പ്രാവശ്യം മഹാലക്ഷ്മ്യഷ്ടകം ജപിച്ചു കഴിയുമ്പോഴും നിധി പാത്രത്തിൽ നിന്ന് ഒരു പിടി നാണയങ്ങളെടുത്ത് നെഞ്ചോടു ചേർത്ത് അഭീഷ്ടസിദ്ധിക്കായി പ്രാർത്ഥിക്കണം*.

മഹാലക്ഷ്മിയുടെ പദകമലങ്ങൾ സങ്കൽപിച്ച് നാണയത്തുട്ടുകൾ അർപ്പണപാത്രത്തിൽ അർപ്പിക്കുക. *രാവിലെയും വൈകുന്നേരവും കുളികഴിഞ്ഞ് മൂന്നുപ്രാവശ്യം വീതമാണ് ജപിക്കേണ്ടത്*.

തദവസരത്തിൽ ശുദ്ധിയും ശ്രദ്ധയും നിഷ്ഠയും നിർബന്ധമായും പുലർത്തേണ്ടാതാണ്.
*18 ദിവസത്തെ ജപം കഴിയുമ്പോൾ അർപ്പണപാത്രത്തിലെ മുഴുവൻ നാണയങ്ങളും വെളുത്ത പട്ടിൽ പൊതിഞ്ഞ് കിഴി കെട്ടി, കർപ്പൂരം കത്തിച്ച് മൂന്നുപ്രാവശ്യം ആരതിയും നടത്തി, അലമാരിയിലോ മേശക്കുള്ളിലോ സൂക്ഷിക്കുക*. (*കിഴിയിലെ നാണയങ്ങൾക്കു തുല്യമായ തുക ആചാര്യദക്ഷിണയായി സമർപ്പിക്കുന്നത് നന്നായിരിക്കും*.)

തുടർന്ന് മേൽപ്പറഞ്ഞ രീതിയിൽ തന്നെ 108 ദിവസം ജപം തുടരണം.

*ജപം തുടരുക*

പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാൻ തുടങ്ങുമ്പോഴേക്കും ജപം നിർത്തിക്കളയരുത്. അതോടൊപ്പം തന്നെ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാനുള്ള പരിശ്രമങ്ങളും തുടരണം. *പരിശ്രമിക്കുന്നവർക്കു മാത്രമേ ലക്ഷ്മീ കടാക്ഷമുണ്ടാകുകയുള്ളു*. മഹാലക്ഷ്മ്യഷ്ടകം അത്യധികമായ ആത്മവിശ്വാസവും ഈശ്വരാധീനവും പ്രദാനം ചെയ്യും.

ഐശ്വര്യത്തിന്റെ പാതയിലൂടെ മുന്നേറുക.

*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

ആരതി ചെയ്യുന്ന ദിവസം മത്സ്യമാംസാദികളും പുകവലി, മദ്യപാനം തുടങ്ങിയവയും ഉപേക്ഷിച്ച് ശുദ്ധമായിരിക്കണം.

അശുദ്ധിയുടെ ദിനങ്ങളിലൊഴികെ ജപം മുടങ്ങാനിടവരുത്തരുത്.

ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി ജീവിതത്തെ അഭിമുഖീകരിക്കുക.

*കടപ്പാട്  ഗുരുപരമ്പരയോട്*

അതിജീവനം

അതിജീവനം
------------------------

നിഷ്ഠയോടെയും ലക്ഷ്യബോധത്തോടെയും ഉള്ള സാധനയാൽ ഒരുവനിൽ സാധനാ മനസ് രൂപം കൊള്ളുന്നു. ശ്രേഷ്ഠ ഗുണങ്ങളായ ശാന്തതയും സഹനവും നിരുപാധിക സന്തോഷവും അത് സാധകന് പ്രദാനം ചെയ്യുമ്പോൾ അതുവരെ അനുഭവിക്കാതിരുന്ന പ്രശാന്തത അവനിൽ കളിയാടൻ തുടങ്ങുന്നു.

              പ്രശാന്തവും കരുണാപൂരിതവുമായ ഈ ഭാവം വാസനാ പൂരിതവും നീച ഗുണ സമ്പുഷ്ടവുമായ തന്റെ അഹംഭാവത്തിനെ ക്രമേണ അതിജീവിക്കാൻ ആരംഭിക്കുന്നു. എന്നാൽ പൂർവ്വകാല സ്മരണകളും പൂർവ്വ കർമ്മസംസ്കാരാർജിത ബന്ധങ്ങളും വ്യക്തികളും എല്ലാം തന്നെ ഈ ഉത്കൃഷ്ട ഭാവത്തിന്റെ ഉന്നതിക്ക് വിഘാതം സൃഷ്ടിക്കുന്നു.

                 എന്നാൽ ഇത്തരം വിഘാതത്തിന് നിദാനമായിരിക്കുന്നത് തന്നിൽ തന്നെ അന്തർഗതമായിരിക്കുന്ന പൂർവ്വ വാസനകളാണെന്ന് ഗുരുകൃപയാൽ സാധകന് തിരിച്ചറിവ് ഉണ്ടാകുന്നതുവരെയും സാധനാ വ്യക്തിത്വത്തിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ഗമനം ക്രമാനുഗതമായി തുടരുക തന്നെ ചെയ്യും.

       * കടപ്പാട്  ഗുരുപരമ്പരയോട്*

സാധന

എല്ലാവർക്കും കേറി ചെല്ലാവുന്ന ഇടം അല്ല സാധന കേന്ദ്രങ്ങൾ. എന്നാൽ കേറി ചെന്നു എന്ന് തോന്നാം, പക്ഷേ അത് അവന്റെ വെറും തോന്നൽ മാത്രമായിരിക്കും. കാരണം ഇന്നോളം തന്നിലേയ്ക്ക് നോക്കുവാൻ സാധിക്കാത്തവന് എങ്ങനെ സാധനാ കേന്ദ്രത്തിലത്തുവാനാകും.

ഇനി അവൻ അവിടെ എത്തിയാല്ലോ ഒരു ഭയമോ? ഒരു ശ്വാസമുട്ടല്ലോ അനുഭവപ്പെടാം. കാരണം നിശബ്ദത യെ അവന്റെ മനസ്സ് ഭയക്കുകയാണ്. ഒരു ആന്തരിക യാത്ര ചെയ്യുന്ന സാധകന് സാധനാ കേന്ദ്രങ്ങൾ സ്വഭവനത്തേക്കാൾ അടുപ്പം ഉണ്ടാക്കും.

തന്നിലെ വൈബ്രഷൻസും സാധനാ കേന്ദ്രങ്ങളിലെ വൈബ്രഷൻസും യോജിക്കാത്തതാണ് പുറം തള്ളലിനു കാരണം.

**കടപ്പാട്  ഗുരുപരമ്പരയോട്**

Thursday, 22 December 2016

*ഹിന്ദുവിന്‍റെ വിവാഹം*

ഹിന്ദുവിന്‍റെ അതിവിശാലമായ ഉപജാതിസമ്പ്രദായങ്ങളില്‍ വിവാഹം നടക്കുന്ന ചടങ്ങ് വളരെ വ്യത്യസ്തമായി കാണാന്‍ കഴിയും.

ഇതില്‍ വളരെയേറെ വിവാഹങ്ങളും നടക്കുന്നത് 'ഈശ്വരാ...' എന്നൊരു ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന പോലുമില്ലാതെയാണ്.

വിവാഹത്തിന് സകലരെയും ക്ഷണിക്കുന്നു, അവരെ സ്വീകരിക്കുന്നു, ഭക്ഷണത്തിന് തിരക്കുകൂട്ടുന്നു, പാരിതോഷികം നല്‍കുന്നു, മടങ്ങുന്നു. മറ്റൊരുഭാഗത്ത് വിവാഹം നടക്കുന്നു. ഇതെന്തൊരു കീഴ്വഴക്കമാണ്!!!

ചില സമുദായങ്ങളില്‍ ഭക്തിപൂര്‍വ്വം വിവാഹമണ്ഡപത്തില്‍ ക്ഷേത്രത്തിലെ കര്‍മ്മി വന്നിരുന്ന് ഇരുവര്‍ക്കുമായി കൂര്‍ച്ചം കെട്ടിയുള്ള കര്‍മ്മങ്ങളും താലിപൂജയുമൊക്കെ ചെയ്യാറുണ്ട്.

*വധുവിന്‍റെ പിതാവിന് പ്രധാന കര്‍മ്മി മന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത് ഏറ്റുചൊല്ലിക്കുകയും ചെയ്തുവരുന്നു. അതൊക്കെ എത്ര സന്തോഷം നല്‍കുന്ന കര്‍മ്മങ്ങളാണ്*...

കാണികളായ നമ്മള്‍ *എന്താണ് ചെയ്യേണ്ടത്, എന്താണ് പറയേണ്ടത് എന്നറിയാതെ വധുവിന്‍റെ സ്വര്‍ണ്ണവും അവളുടെ വസ്ത്രങ്ങളുടെ വ്യത്യസ്തതയും നോക്കി അത്ഭുതപരവശരായി അങ്ങനെയിരിക്കും*. ഇതിനൊക്കെ മാറ്റം വരേണ്ടതാകുന്നു.

*മണ്ഡപത്തില്‍ വിവാഹം നടക്കുന്ന മുഹൂര്‍ത്തത്തില്‍*:

"ഓം മഹാധനസ്യ പുരുഹൂതേ സംസൃജി...." എന്നുതുടങ്ങി

"സ മഞ്ജന്തു വിശ്വേ ദേവാ: സ മാപോ ഹൃദയാനി നൌ.
സം മാ തരിശ്വാ സം ധാതാ സ മു ദേ ഷ്ട്രീ ദധാതു നൌ."

*എന്ന് അവസാനിക്കുന്ന 49 ഋക്ക് അഥവാ ഭാഗകളുള്ള*  '*വിവാഹമന്ത്രം*' അഥവാ '*വേളിഓത്ത്*' കാണികളായ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മറ്റ് മതസ്ഥര്‍ എന്നിവര്‍ വധൂവരന്മാര്‍ക്കായി ജപിക്കണമെന്ന് പറയുന്നത് അപ്രായോഗികമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്നാല്‍ ഈ വിവാഹമന്ത്രം അഥവാ വേളിഓത്ത് പ്രധാനകര്‍മ്മി ജപിക്കുകയും ഓരോ ഭാഗ കഴിയുമ്പോഴും എഴുന്നേറ്റ് നില്‍ക്കുന്ന ബന്ധുമിത്രാദികള്‍

"ദീര്‍ഘസുമംഗലീ ഭവ:" എന്ന് വധുവിനെ നോക്കിയും, "ചിരംജീവി ഭവ:" എന്ന് വരനെ നോക്കിയും പൂര്‍ണ്ണമനസ്സോടെ ജപിച്ച് അവര്‍ക്ക് നേരെ പുഷ്പം എറിയാമല്ലോ?

ഓരോ ഭാഗ വേളിഓത്ത് കഴിയുമ്പോഴും കാണികള്‍ക്ക് മന്ത്രം ജപിച്ച് പുഷ്പം വര്‍ഷിക്കാനുള്ള സാവകാശം കൊടുത്താല്‍ മാത്രം മതിയാകുന്നതുമാണ്.

*ഭാഗ്യസൂക്തം അറിയാവുന്നവര്‍ക്ക് അത് ജപിക്കാം*. *ഐകമത്യം അഥവാ സംവാദസൂക്തം അറിയാവുന്നവര്‍ക്ക് അതും ജപിക്കാം*.

എങ്കിലും, മണ്ഡപത്തില്‍ നില്‍ക്കുന്ന പ്രധാനകര്‍മ്മി ഇങ്ങനെയൊരു വേളിഓത്ത് ജപിച്ചാല്‍ ആ പ്രദേശം മുഴുവന്‍ ഭക്തിസാന്ദ്രമാകും.

*ഇപ്രകാരമുള്ള അതിപ്രധാനമന്ത്രങ്ങള്‍ കേള്‍ക്കുന്നതുപോലും അതീവഭാഗ്യമാണെന്നും അതില്‍ പങ്കെടുക്കുന്നത് മഹാഭാഗ്യമാണെന്നും തിരിച്ചറിഞ്ഞാല്‍ മാത്രം മതി*, ഹിന്ദുവിന്‍റെ വിവാഹം ഭക്തിസാന്ദ്രമാകാന്‍.

വിവാഹം അതിഗംഭീരമായി നടത്തണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരെങ്കിലും നമ്മുടെ കേരളത്തിലുണ്ടാകുമോ?

വളരെ സംശയമാണ്. അത്യന്താധുനികമായ ആഡിറ്റോറിയങ്ങള്‍ ബുക്ക് ചെയ്ത് വിവാഹം നടത്തുന്ന നമ്മള്‍ക്ക് അതിന്‍റെകൂടെ ഒരു കര്‍മ്മിയെ വിളിച്ചുവരുത്തി ഇതുപോലുള്ള വിവാഹഓത്ത് അല്ലെങ്കില്‍ മറ്റ് ഹിന്ദുവിവാഹസംസ്ക്കാരങ്ങള്‍ ഒന്ന്‍ കാണിച്ചുകൊടുത്തുകൂടെ?

പപ്പടം കിട്ടാത്തത്തിന്‍റെ പേരിലും, പായസം കിട്ടാത്തതിന്‍റെ പേരിലും നിര്‍ഭാഗ്യവശാല്‍ അടിപിടിയുണ്ടാക്കാതെ നമുക്ക് ഒരു വിവാഹം ഭക്തിസാന്ദ്രമായി നടത്താന്‍ കഴിയില്ലേ? ഇത് ഹിന്ദുമതത്തിലെ എല്ലാ ഉപജാതികളിലും അനുവര്‍ത്തിക്കുന്നില്ല എന്നല്ല.

ഇന്ന് കാലം മാറിയിരിക്കുന്നു.
"ഒരു നല്ല കുട്ടിയുടെ ജാതകവിവരം ഉണ്ടെങ്കില്‍ ഒന്ന്‍ പറയുക... ഞങ്ങള്‍ക്ക് നല്ലൊരു പെണ്‍കുട്ടിയെ മാത്രം മതി" അങ്ങനെ ഒരു പെണ്‍കുട്ടിയുടെയും അവളുടെ വീട്ടുകാരുടെ വിവരവും കിട്ടി രണ്ട് ദിവസം കഴിഞ്ഞ് വരന്‍റെ രക്ഷകര്‍ത്താവ് പറയുന്നത് ഇപ്രകാരമായിരിക്കും: "മോന് നല്ല ജോലിയല്ലേ.... അപ്പോള്‍ എന്തെങ്കിലുമൊക്കെ നമുക്കും കിട്ടേണ്ടേ...." ഇതാണ് നമ്മുടെ ജീര്‍ണ്ണിച്ച ചിന്താഗതി.

*കുറഞ്ഞുപോയ സ്വര്‍ണ്ണവും സ്വത്തുമോര്‍ത്ത് വിവാഹദിവസം തുടങ്ങുന്ന ടെന്‍ഷനും പ്രഷറും വാക്കിലും പ്രവൃത്തിയിലും പ്രാവര്‍ത്തികമായി ഭവിക്കുമെന്നത് സ്വാഭാവികവുമാണല്ലോ*... അത് വലിയ പ്രശ്നങ്ങളായി ഒടുവില്‍ കോടതിയില്‍വരെ എത്തപ്പെടുന്നു.

എന്നാല്‍ ഉത്തമമായ ഒരു വിവാഹമുഹൂര്‍ത്തത്തില്‍ യഥാവിധി ജപിക്കുന്ന മന്ത്രങ്ങള്‍ക്ക് അവരുടെ ഭാവിജീവിതത്തെ ശക്തിപ്പെടുത്താനുള്ള അപാരമായ ശക്തിയുണ്ടായിരിക്കും.

*നിങ്ങളുടെ കുടുംബത്ത് ഇനി നടക്കുന്ന ഒരു വിവാഹത്തില്‍ ഈ മന്ത്രജപങ്ങള്‍ ഒന്ന് ഉള്‍പ്പെടുത്തിനോക്കൂ*... *അതിന്‍റെ ദൈവീകഗുണം തീര്‍ച്ചയായും അവരുടെ വിവാഹജീവിതത്തില്‍ ഉണ്ടാകുകതന്നെ ചെയ്യും*.

**കടപ്പാട്  ഗുരുപരമ്പരയോട്**

സഹിക്കൽ എന്ന വാക്ക്

സഹിക്കൽ എന്ന വാക്ക് നാം ധാരാളം ഉപയോഗിക്കുന്നുണ്ട്. അതിൽ നാം കുറേ അഭിമാനിക്കുന്നും ഉണ്ടാകാം. എങ്ങനെ അഭിമാനിക്കുന്നുണ്ടാകാം? ഞാൻ ത്യാഗം ചെയ്യുന്നു എന്ന ഒരു അഭിമാനം ഉളളിൽ കൊണ്ടു നടക്കുന്നുണ്ടാകാം.

ഒരു സാധകൻ സ്വയം സഹിക്കുന്നതും അവന്റെ ത്യാഗത്തിൽ അഭിമാനിക്കുന്നും എങ്കിൽ എന്താണ് അതിന്റെ അതിനർത്ഥം? അവൻ ദേഹാഭിമാനി തന്നെ എന്നല്ലേ? അപ്പോൾ അത് ത്യാഗം ആയി മാറുന്നുണ്ടോ?

നാം നമ്മുടെ കർത്തവ്യം ത്യാഗമാണന്നോ സഹനമാണന്നോ തെറ്റി ധരിക്കാതിരുന്നാൽ അത്രയ്ക്കും നാം സാധനയിലുയരും. കാരണം കർമ്മം എന്നത് സത്യമാണ് അത് ഒരേ സമയം ബന്ധനത്തിലേയ്ക്കും മോക്ഷത്തിലേയ്ക്കും നമ്മേ നയിക്കും.

**കടപ്പാട്  ഗുരുപരമ്പരയോട്**

Wednesday, 21 December 2016

വക്താവ്

വക്താവ് ഒരു കാര്യം പറയുമ്പോൾ, ശ്രോതക്കൾ പത്ത് പേരുണ്ടെങ്കിൽ  അത് പത്തു തരത്തിൽ മനസ്സിലാക്കിയെന്നുവരാം .   താമസമോ, രാജസമോ സാത്ത്വികമോ ആയ വിഭിന്നഗുണങ്ങളുടെ സ്വാധീനത മൂലം വിഭിന്ന വ്യക്തികളുടെ ബുദ്ധിമണ്ഡലങ്ങൾ   വിഷയങ്ങളെ വ്യത്യസ്തരീതിയിൽ ഉൾക്കൊണ്ടു എന്നു വരാം  .....

Guru kripa

ബ്രഹ്മപ്രാപ്തി

 
ആദിരഹിതമായ പരബ്രഹ്മത്തെ സത്തെന്നും പറയാനും പറ്റുകയില്ല,    അസത്തെന്നും  പറയാനും പറ്റുകയില്ല. എന്തെന്നാൽ സ്വന്തം ഭാവത്തിൽ നിൽക്കുമ്പോൾ സത്ത്. സൃഷ്ടികളോട് ചേർന്നു നിൽക്കുമ്പോൾ അസത്ത്. സൃഷ്ടികളും സ്രഷ്ടാവും ഒന്നായിരിക്കുമ്പോൾ പിന്നെ ആർ ആരെപ്പറ്റി വിവരിക്കും???  ഒന്നു മാത്രമേയുള്ളു മറ്റൊന്നിൽ   ഭാവമില്ല.   അപ്പോൾ ബ്രഹ്മത്തെ സത്തന്നോ അസത്തന്നോ പറയാനാവില്ല.

ആ ബ്രഹ്മം എല്ലായിടത്തും കൈകളും കാലുകളുമുള്ളതും,  എല്ലായിടത്തും കണ്ണുകളും ശിരസ്സുകളും മുഖങ്ങളുമുള്ളതും,   എല്ലായിടത്തും കാതുകളുള്ളതുമായ ഒരു  വിരാട് രൂപമായി  എങ്ങും എവിടെയും നിറഞ്ഞു നിൽക്കുന്നു.  

ആ ബ്രഹ്മം എല്ലാ ഇന്ദ്രിയങ്ങളുടെയും ഗുണങ്ങളറിയുന്നുണ്ടെങ്കിലും ഇന്ദ്രിയരഹിതമാണ്.  അത് ആസക്തിയില്ലാത്തതാണ്,  ഗുണങ്ങൾക്ക് അതീതമാണെങ്കിലും  എല്ലാറ്റിനെയും ധരിക്കുകയും  പോഷിപ്പിക്കുകയും
എല്ലാ ഗുണങ്ങളുടെയും ഫലം അനുഭവിക്കുകയും ചെയ്യുന്നു.   എല്ലാ ഗുണങ്ങളുടെയും  ഫലം ഒന്നൊന്നായി തന്നിൽ ലയിപ്പിക്കുന്നു എന്നർത്ഥം   . ബ്രഹ്മം എല്ലാ ജീവികളുടെയും ഉള്ളിലും വെളിയിലും നിറഞ്ഞു നിൽക്കുന്നു.    അത് ചരവും അചരവുമാണ്,  എന്നാൽ അതി സൂക്ഷ്മമാകയാൽ ആർക്കും  കാണാനാകില്ല. അറിയാനുമാകില്ല.  മനസ്സിനും ഇന്ദ്രിയങ്ങൾക്കും അപ്പുറത്താണ് വർത്തിക്കുന്നത്.  അതിന്റെ സ്ഥിതി വളരെ ദൂരെയുമാണ് അടുത്തുമാണ്  .

ബ്രഹ്മം അവിഭാജ്യവും അഖണ്ഡവുമാണെങ്കിലും ചരാചരങ്ങളിൽ  ഓരോന്നിന്റെയും ഉള്ളിൽ  പ്രത്യേകം പ്രത്യേകം നിലകൊള്ളുന്നതായി തോന്നലുണ്ടാക്കുന്നു.   ആ മഹശക്തി സകല ഭൂതങ്ങളുടെയും സ്ഥിതി സംഹാരങ്ങക്ക് കാരണമാണ്.

എല്ലാറ്റിന്റെയും ഉള്ളിലും പുറത്തും ആ ശക്തി പ്രവർത്തിക്കുന്നുണ്ട്. പുറമേ ജനനം, ഉള്ളിൽ ഉണർവ്.  പുറമേ പാലനം അകമേ യോഗക്ഷേമം  നിർവഹിക്കൽ.   പുറമേ ശരീരത്തെ പരിപ്രവർത്തിപ്പിക്കൽ അകമേ  സർവസ്വവും വിലയിപ്പിക്കൽ.   സ്വന്തം പ്രാപഞ്ചികവസ്തുക്കളുടെ  ഉൽപത്തികാരണത്തെ ലയിപ്പിച്ച്  സ്വന്തം രൂപത്തെ സ്വീകരിക്കൽ .  ഇവയത്രേ ബ്രഹ്മത്തിന്റെ ലക്ഷണങ്ങൾ.  

ജ്ഞായമായ ആ ബ്രഹ്മം  എല്ലാ ജ്യോതിസ്സുകളുടെയും പ്രഭവസ്ഥാനമായ  ജ്യോതിസാണ്.   ഇത് ഇരുളിന്റെ അപ്പുറത്തുള്ളതണ്. ജ്ഞാനമായും ജ്ഞേയമായും  ജ്ഞാനത്തിലൂടെ പ്രാപിക്കേണ്ടതുമായിരിക്കുന്നു.    ഇത് എല്ലാവരുടെയും ഹൃദയത്തിൽ  സ്ഥിതിചെയ്യുന്നു.   സാക്ഷാത്കാരത്തോടപ്പം  ലഭിക്കുന്ന അറിവാണ് ജ്ഞാനം.  ഈ ജ്ഞാനത്തിലൂടെ മാത്രമേ ബ്രഹ്മത്തെ പ്രാപിക്കാനാവു. അതിന്റെ നിവാസസ്ഥാനം ഹൃദയമാണ് .  മറ്റു സ്ഥാലങ്ങളിൽ അന്വേഷിച്ചാൽ   അതു ലഭ്യമല്ല.  ധ്യാനം യോഗചര്യ  എന്നിവയിലൂടെ  ഉണ്ടാകേണ്ടതാണ്  ബ്രഹ്മപ്രാപ്തി.

**കടപ്പാട്  ഗുരുപരമ്പരയോട്**