Saturday, 3 December 2016

ഭഗവദ്ഗീത( part 10)

അദ്ധ്യായം  : 2. സാംഖ്യയോഗം

ശ്ലോകം 60

യതതോഹ്യപി കൗന്തേയ
പുരുഷസ്യ വിപശ്ചിതഃ
ഇന്ദ്രിയാണി പ്രമാഥീനി
ഹരന്തിപ്രസഭം മനഃ

അര്ത്ഥം:

അല്ലയോ കൌന്തേയാ,
ഇന്ദ്രിയങ്ങള്, മോക്ഷത്തിനായിക്കൊണ്ട് പ്രയത്നം ചെയ്യുന്ന വിവേകിയായ ഒരു പുരുഷന്റെ മനസ്സിനെപ്പോലും ഇളക്കിയതിനുശേഷം ബലാല്ക്കാരമായി വിഷയങ്ങളിലേക്ക് ഇഴച്ചുകൊണ്ടുപോകുന്നു.

ഭാഷ്യം:

ഇന്ദ്രിയങ്ങളെ എല്ലായ്പ്പോഴും നിയന്ത്രിക്കാന് ശ്രമിക്കുന്നവര്ക്ക് തന്നെ അത് അനിയന്ത്രിതമായിത്തീരുന്നു. യമനിയമാദികള്കൊണ്ട് സംരക്ഷണവലയം സൃഷ്ടിച്ച്, മതാനുഷ്ടാനങ്ങള് കൊണ്ട് ബലം ആര്ജ്ജിച്ചു മനസ്സിനെ നിയന്ത്രിച്ചു നിര്ത്തുന്നവര്ക്ക് തീവ്രമായ പോരാട്ടം അനുഭവപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ ആക്രമണസ്വഭാവം അപ്രകാരമാണ്. ഈ ഇന്ദ്രിയവിഷയങ്ങള് അലൗകികശക്തികളുടെ കപടവേഷത്തില് വന്നു ഇന്ദ്രിയങ്ങളുമായി സമ്പര്ക്കം പുലര്ത്തി ഒരുവന്റെ മനസ്സിനെ ചലിപ്പിക്കും. അത്തരം സന്ദര്ഭങ്ങളില് മനസ്സ് അനിയന്ത്രിതമായി ഇന്ദ്രിയങ്ങളുടെ കാരുണ്യത്തിനുവേണ്ടി കാല്ക്കല് വീഴേണ്ടിവരും. ഇന്ദ്രിയങ്ങളുടെ പ്രാഭവം അങ്ങനെയുള്ളതാണ്.

അദ്ധ്യായം  : 2. സാംഖ്യയോഗം

ശ്ലോകം 61

താനി സര്‍വാണി സംയമ്യ
യുക്ത ആസീത മത്പരഃ
വശേ ഹി യസ്യേന്ദ്രിയാണി
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ.

അര്‍ത്ഥം:

ഇന്ദ്രിയങ്ങളെയെല്ല‍ാം അടക്കിക്കൊണ്ട് ധ്യാനനിഷ്ഠനായി, എന്നെത്തന്നെ പരമലക്ഷ്യമായി വിചാരിക്കുന്നവനായും ഇരിക്കണം. എന്തെന്നാല്‍ ആരുടെ ഇന്ദ്രിയങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിതങ്ങളാണോ, അയാളുടെ ജ്ഞാനം ഉറച്ചതാകുന്നു.

ഭാഷ്യം:

പാര്‍ത്ഥാ, ഏതൊരുവന്‍ ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച് ഇന്ദ്രിയവിഷങ്ങളിലുള്ള ആസക്തി ഒഴിവാക്കുന്നുവോ, അങ്ങനെയുള്ളവന് മാത്രമേ ധ്യാനനിഷ്ഠനായിരിക്കുവാനുള്ള പക്വത ഉണ്ടായിരിക്കൂ. എന്തുകൊണ്ടെന്നാല്‍, അവന്റെ മനസ്സിനെ ഇന്ദ്രിയങ്ങള്‍ വഞ്ചിക്കുകയില്ല. അവന്‍ ആത്മജ്ഞാനം സിദ്ധിച്ചവനായതുകൊണ്ട് ഒരിക്കലും എന്നെ മറക്കുകയില്ല. ബാഹ്യമായി ഇന്ദ്രിയവിഷയങ്ങളുമായി സമ്പര്‍ക്കമൊന്നുമില്ലെങ്കിലും അതേപ്പറ്റി അല്പമായിട്ടെങ്കിലും ചിന്താവ്യഗ്രനായിട്ടിരിക്കുന്ന ഒരുവന്‍ ആദ്യന്തം ലൗകികനാണെന്നറിഞ്ഞാലും. ജീവനാശത്തിന് ഒരു തുള്ളി വിഷം മതിയാകുന്നതുപോലെ, ഒരുവന്റെ വിവേചനശക്തി നിശ്ശേഷം നശിപ്പിക്കുന്നതിന്‌ അണുമാത്രമായ ആഗ്രഹം മനസ്സില്‍ കയറിക്കൂടിയാല്‍ മതി.

അദ്ധ്യായം  : 2. സാംഖ്യയോഗം

ശ്ലോകം 62

ധ്യായതോ വിഷയാന്‍പുംസഃ
സങ്ഗസ്തേഷുപജായതേ
സങ്ഗാത്സഞ്ജായതേ കാമഃ
കാമാത്ക്രോധോഭിജായതേ.

അര്‍ത്ഥം:

വിഷയങ്ങളെപ്പറ്റി നിരന്തരമായി ചിന്തിക്കുന്നവന് അതില്‍ ആസക്തിയുണ്ടാകുന്നു. ആസക്തി നിമിത്തം കാമവും (ആശയും) കാമത്തില്‍ നിന്ന് ക്രോധവും ഉണ്ടാകുന്നു.

അദ്ധ്യായം  : 2. സാംഖ്യയോഗം

ശ്ലോകം 63

ക്രോധാദ്ഭവതി സമ്മോഹഃ
സമ്മോഹാത്സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാദ്ബുദ്ധിനാശോ
ബുദ്ധിനാശാത്പ്രണശ്യതി.

അര്‍ത്ഥം:

ക്രോധത്തില്‍നിന്ന് അവിവേകം ഉണ്ടാകുന്നു; അവിവേകത്തില്‍നിന്ന് ഓര്‍മ്മയില്ലായ്മയും. ഓര്‍മ്മത്തെറ്റ് ബുദ്ധിനാശത്തിലേക്ക് ഒരുവനെ നയിക്കുന്നു, ബുദ്ധിനാശം കൊണ്ടാകട്ടെ ഒരുവന്‍ നഷ്ടപ്രായനുമാകുന്നു.

ഭാഷ്യം:

വിഷയസ്മരണ നിസ്സംഗരായ വ്യക്തികളില്‍പോലും വിഷയാസക്തി ഉളവാക്കുന്നു. ആസക്തി ഉണ്ടാകുന്നതോടുകൂടി കാമം (ആഗ്രഹം) പ്രത്യക്ഷപ്പെടും. ആഗ്രഹനിവൃത്തിക്ക് തടസ്സമുണ്ടാവുമ്പോള്‍ കോപം ഉദയം ചെയ്യുന്നു. കോപത്തില്‍നിന്ന് വിഭ്രാന്തി ഉടലെടുക്കുന്നു. ശക്തിയായ കാറ്റ് വിളക്കിന്റെ തിരിനാളം അണയ്ക്കുന്നതുപോലെ, വിഭ്രാന്തി ഓര്‍മ്മയെ നശിപ്പിക്കുന്നു. അസ്തമയ സമയത്ത് അന്ധകാരം വെളിച്ചത്തെ വിഴുങ്ങുന്നതുപോലെയാണ് സ്മൃതിഭ്രംശം വന്ന ഒരാളിന്റെ അവസ്ഥ. അവന്റെ കാര്യകാരണശക്തി അജ്ഞതയുടെ ഇരുട്ടില്‍പ്പെട്ടു അന്ധമാകുമ്പോള്‍ അവന്റെ ഗ്രഹണശക്തി താറുമാറാകുന്നു. ഓര്‍മ്മയില്ലായ്മ ഉണ്ടാകുന്നതോടെ അവന് ബുദ്ധിനാശം ഉണ്ടാവുകയും അവന്റെ അറിവെല്ല‍ാം അന്തരീക്ഷത്തില്‍ അലിഞ്ഞുപോവുകയും ചെയ്യുന്നു. ബുദ്ധിനാശം സംഭവിച്ചവന്റെ സ്ഥിതി ജീവന്‍നഷ്ടപ്പെട്ടു നിശ്ചലമായ ഒരു ശരീരത്തിന് തുല്യമാണ്. ഒരു വിറകുകഷണത്തില്‍ പറ്റിപ്പിടിക്കുന്ന തീപ്പൊരിക്ക് എല്ലായിടത്തും വ്യാപിച്ചു ലോകത്തെ മുഴുവന്‍ ചുട്ടുചാമ്പലാക്കാന്‍ കഴിവുള്ളതുപോലെ, മനസ്സില്‍ ആഗന്തുകമായിട്ടെങ്കിലും ഇന്ദ്രിയവിഷയങ്ങളെപ്പറ്റിയുള്ള ചിന്തയുണ്ടായാല്‍ അത് അവനെ നശിപ്പിക്കും.

അദ്ധ്യായം  : 2. സാംഖ്യയോഗം

ശ്ലോകം 64

രാഗദ്വേഷവിമുക്തൈസ്തു
വിഷയാനിന്ദ്രിയൈശ്ചരന്‍
ആത്മവശ്യൈര്‍വിധേയാത്മാ
പ്രസാദമധിഗച്ഛതി.

അര്‍ത്ഥം:

എന്നാല്‍ ജിതമാനസനായ ഒരുവന്‍ തന്റെ നിയന്ത്രണത്തില്‍ വര്‍ത്തിക്കുന്ന ഇന്ദ്രിയങ്ങളില്‍കൂടി പ്രീതിയോ വെറുപ്പോ ഇല്ലാതെ വിഷയങ്ങളെ അനുഭവിക്കുന്നവനായാലും അവന് മനസ്സമാധാനത്തെ അനുഭവിക്കാന്‍ ഇടവരുന്നു.

ഭാഷ്യം:

അതുകൊണ്ട് ഇന്ദ്രിയവിഷയങ്ങളെ മുഴുവന്‍ പുറന്തള്ളണം. അപ്പോള്‍ ക്രോധവും വെറുപ്പും സ്വയമേവ നശിക്കും. അല്ലയോ പാര്‍ത്ഥാ, ഒരു പ്രധാനകാര്യം കേള്‍ക്കുക. കോപവും വെറുപ്പും നശിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ ഇന്ദ്രിയവിഷയങ്ങളെ ആസ്വദിച്ചാലും യാതൊരു അപചയവും ഉണ്ടാകുകയില്ല. സൂര്യന്‍ തന്റെ കിരണങ്ങള്‍ കൊണ്ട് ജഗത്തിലുള്ള ശുദ്ധവും അശുദ്ധവുമായ എല്ലാ വസ്തുക്കളെയും സ്പര്‍ശിക്കുന്നുണ്ടെങ്കിലും ആ സമ്പര്‍ക്കം സൂര്യനെ ഒരിക്കലും മലിനപ്പെടുത്തുകയില്ല. അതുപോലെ, ഒരുവന്‍ കാമക്രോധങ്ങളില്‍നിന്ന് മുക്തനായി ആത്മാനന്ദത്തില്‍ മുഴുകിയിരിക്കുമ്പോള്‍ അവന്‍ ഇന്ദ്രിയവിഷയങ്ങളില്‍ നിസ്സംഗനായിരിക്കും. ഇന്ദ്രിയവിഷയങ്ങള്‍ അവനില്‍ നിന്ന് വ്യതിരക്തമല്ലെന്നുള്ള അവബോധം അവനുണ്ടായാല്‍ പിന്നെ അതെങ്ങനെ അവനെ നശിപ്പിക്കും? ജലത്തിന് ജലത്തിനെ മുക്കികൊല്ലാന്‍ പറ്റുമോ? എങ്കില്‍ മാത്രമേ നിഷ്ണാതനായ ഒരുവനെ ഇന്ദ്രിയങ്ങള്‍ക്ക് കീഴടക്കാന്‍ കഴിയൂ. ഇപ്രകാരം ശുദ്ധആത്മസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്ന ഒരുവന്‍ സ്ഥിരബുദ്ധിയാണെന്നറിഞ്ഞാലും.

അദ്ധ്യായം  : 2. സാംഖ്യയോഗം

ശ്ലോകം 65

പ്രസാദേ സര്‍വദുഃഖാന‍ാം
ഹാനിരസ്യോപജായതേ
പ്രസന്നചേതസോ ഹ്യാശു
ബുദ്ധിഃ പര്യവതിഷ്ഠതേ

അര്‍ത്ഥം:

മനസ്സമാധാനമുണ്ടാകുമ്പോള്‍ അവന്റെ സകല ദുഖങ്ങളും ശമിക്കുന്നു. എന്തെന്നാല്‍ ശാന്തമാനസന്റെ ബുദ്ധി ക്ഷണത്തില്‍ സ്ഥിരമായി ഭാവിക്കുന്നു.

ഭാഷ്യം:

കേള്‍ക്കുക. ഇടതടവില്ലാതെ മനസ്സ് പ്രസന്നമായിരിക്കുമ്പോള്‍ ലോകത്തിലുള്ള യാതൊരു ദുഖവും അവിടെ പ്രവേശിക്കുകയില്ല. ഉദരത്തില്‍ത്തന്നെ പീയൂഷത്തിന്റെ ഉറവിടമുള്ള ഒരാള്‍ക്ക്‌ ദാഹമോ വിശപ്പോ അനുഭവപ്പെടാത്തതുപോലെ, പ്രസന്നമായ മനസ്സില്‍ എങ്ങനെയാണ് വ്യസനം കടന്നുകൂടുന്നത്? ബ്രഹ്മാനന്ദത്തില്‍ മുഴുകിയിരിക്കുന്ന ഹൃദയത്തിന് എങ്ങനെ ഭീതിയുണ്ടാകും? അവന്റെ ബുദ്ധി സ്വാഭാവികമായി പരബ്രഹ്മത്തില്‍ വിലയംചെയ്ത സ്ഥിതിയിലായിരിക്കും. കാറ്റില്ലാത്ത സ്ഥലത്തിരിക്കുന്ന ഒരു വിളക്കിന്റെ തിരിനാളം അചഞ്ചലമായി നില്‍ക്കുന്നതുപോലെ ഒരു യോഗിയുടെ സൂക്ഷ്മബുദ്ധി ആത്മാവില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment