Friday, 2 December 2016

*ക്ഷേത്രങ്ങള്‍*

ഈ ലേഖനം ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. *ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌ ഭഗവദ് ഗീതയിൽ അർത്ഥമാക്കുന്നത്*.

അതായത് ആകാരമുള്ളത് എന്തോ അത് എന്നർത്ഥം.

ദൈവത്തിന്‌ രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങൾ ആണ്‌ ക്ഷേത്രങ്ങൾ.

*എന്നാൽ ക്ഷേത്ര എന്ന പദത്തിന്‌ സ്ഥലം എന്നർത്ഥമാണ്‌ മിക്ക ഗ്രന്ഥങ്ങളിലും കൊടുത്തുകാണുന്നത്. മനസ്സ് വിഹരിക്കുന്ന സ്ഥലം എന്നർത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്*.

*ക്ഷേത്രത്തിന്റെ പര്യായമായ അമ്പലം എന്നത് അൻപ്+ഇല്ലം എന്നീ ദ്രാവിഡ പദങ്ങളിൽ നിന്നാണ് രൂപമെടുത്തിരിക്കുന്നത്*.

"ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ" ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം എന്നും മറ്റൊരു അഭിപ്രായമുണ്ട്.

ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം.

*പത്മാസനത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ഒരു യോഗിവര്യനെ ഇവിടെ സങ്കല്പിക്കപ്പെടുന്നു. മനുഷ്യശരീരത്തിനുള്ളതുപോലെ ക്ഷേത്രശരീരത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ജീവാംശത്തിനും സപ്താവരണങ്ങളുള്ളതായി ഗ്രന്ഥങ്ങളിൽ കാണാം*.

അന്നമയശരീരം( ഭക്ഷണം കഴിച്ചുണ്ടാകുന്നത് -മതിൽ കെട്ട്), പ്രാണമയശരീരം (ബന്ധങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ പ്രദക്ഷണ വഴി), കാമമയ ശരീരം ( വികാരങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ ബലിക്കൽ വട്ടം), മനോമയ ശരീരം (ചിന്തകളെ സൃഷ്ടിക്കുന്നത് - ചുറ്റമ്പലം), വിജ്ഞാനമയ ശരീരം (ബുദ്ധിശക്തികളെ പ്രവർത്തിപ്പിക്കുന്നത് - അകത്തെ പ്രദക്ഷണവഴി), ആനന്ദമയശരീരം (സുഖവും ആനന്ദവും നൽകുന്നത്- അകത്തെ ബലിക്കൽ വട്ടം), ചിന്മയ ശരീരം (ജീവാത്മാ-പരമാത്മാ ഐക്യത്തെ സൂചിപ്പിക്കുന്നത് - ശ്രീകോവിൽ) എന്നിവയാണവ.

മനുഷ്യശരീരരൂപത്തിൽ പ്രതിഷ്ടിച്ചതിനാൽ ദേവനും ഈ ആവരണങ്ങൾ ഒഴിവാക്കാൻ കഴിയുകയില്ല. എന്നാൽ ഇവയുടെ വിസ്തൃതി മനുഷ്യരുടേതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും.

*ഉദാഹരണമായി ദേവതകളുടെ കാമമയശരീരം മനുഷ്യരിൽ നിന്നും വളരെ വ്യാപ്തി കുറഞ്ഞവയായിരിക്കും*.

*മനോമയ ശരീരത്തോട് ചേർന്ന് ഒരു രേഖയുടെ വ്യാപ്തിയേ ഇവയ്ക്കുണ്ടാകു*.

പൊതുവിൽ കാമക്രോധാധികൾക്ക് അടിമപ്പെടാത്തവരാണവ. ചിലപ്പോൾ ദേവതാസങ്കല്പങ്ങൾക്കിടയിൽ പോലും ഇവയ്ക്ക് വ്യത്യാസമുണ്ടാകും. പ്രതിഷ്ടാ സങ്കല്പം, നിവേദ്യ-പൂജാകർമ്മങ്ങൾ എന്നിവയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം.

ഉദാഹരണത്തിനു ശാസ്ത്രജ്ഞാനത്തിലധിസ്ടിതമായ ധന്വന്തരി മൂർത്തി, കാർത്തികേയൻ എന്നിവരുടെ വിജ്ഞാനമയശരീരം കൂടുതൽ വിസ്തൃതമായിരിക്കും.

ക്ഷേത്രത്തിന്റെ വിവിധഭൗതിക ഭാഗങ്ങളാണ് തറയോട് ചേർന്നുള്ള പാദശില (കാലുകൾ), അതിനു മുകളിൽ ഉരുട്ടിയ പാദോർദ്ധശില (അരക്കെട്ട്), ഗർഭഗൃഹം (ഉദരം), മേഖല (കടിതടം), നാലു തൂണുകൾ (നാലു കൈകൾ), ശ്രീകോവിലിനു മുൻപിലെ മണി (ജിഹ്വ), ശ്രീകോവിൽ (മുഖം), ശ്രീകോവിലിലെ ദീപം (പ്രാണൻ), ഓവ് (അപാനസ്ഥാനം), മേല്പുര (ശിരസ്സ്), താഴികക്കുടം (കുടുമ), കൊടിമരം (കശേരുക്കളോട് കൂടിയ നട്ടെല്ല്), അവയ്ക് ചുറ്റുമുള്ള കൊടിമരക്കയർ (സുഷു‌മ്നാ നാഡി), കൊടിക്കൂറ (കുണ്ഡലിനീ ശക്തി) മുതലായവ. മൂലാധാരത്തിലുള്ള ജന്മകുണ്ഡലിനി മറ്റ് അഞ്ചു ആധാരങ്ങളും കടന്ന് സഹസ്രാരപത്മത്തിലെത്തുന്ന അവസ്ഥയെയാണ് കൊടിയുയർത്തലിലൂടെ സൂചിപ്പിക്കുന്നത് .

*ദേവപ്രശ്നവും പരിഹാരങ്ങളും*

ഏത് അമ്പലത്തിലും, നിത്യനിദാനാദികള്‍ എത്രനിഷ്കര്‍ഷിച്ചാലും ചൈതന്യഹാനി വരും എന്നാണു ശാസ്ത്രവിധി. *12 കൊല്ലം കൂടുമ്പോള്‍ അമ്പലങ്ങളില്‍ ദേവപ്രശ്നം നടത്തണം*. പ്രശ്നവശാല്‍ കാണുന്ന ദോഷപരിഹാരങ്ങള്‍ ചെയ്യണം. ചൈതന്യം പൂര്‍ണമായി നിലനിന്നില്ലെങ്കില്‍ പ്രതിഷ്ഠാമൂര്‍ത്തിയുടെ നിഗ്രഹാനുഗ്രഹശക്തിയ്ക്ക് കോട്ടം തട്ടും. പ്രാര്‍ത്ഥനഫലിക്കുകയില്ല.

*ഓരോ വ്യാഴവട്ടം തോറും ദേവന്റെസൂക്ഷ്മശരീരമായ ബിംബത്തിനും സ്ഥൂലശരീരമായ ക്ഷേത്രവാസ്തുശില്പസമുച്ചയത്തിനും ഉള്ള ദോഷങ്ങള്‍ പരിഹരിച്ചുകൊണ്ടിരുന്നാല്‍, ദേവന്റെ ചൈതന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും തന്ത്രി ഓരോ ക്ഷേത്രത്തിലും സ്ഥിരമാണ്*. മാറ്റമില്ല. എന്നാല്‍ *മാന്ത്രികന്‍സ്ഥിരമായിട്ടില്ല*.

പ്രശ്നത്തില്‍ "ഒഴിവുകാണുന്ന" മാന്ത്രികനെകൊണ്ടാണ് പരിഹാരകര്‍മ്മങ്ങള്‍ ചെയ്യിക്കേണ്ടത്.

*ക്ഷേത്രം പണിയാന്‍ ആലോചിച്ചാല്‍ആചാര്യനെ വരിക്കലാണ് (തന്ത്രിയെ നിശ്ചയിക്കലാണ്) ആദ്യത്തെ ചടങ്ങ്*.

പിന്നെ ആ ക്ഷേത്രത്തില്‍ തന്ത്രിസ്ഥാനം ആചാര്യകുടുംബപരമ്പരയ്ക്കുള്ളതാണ് എന്നെന്നും. *ദേവന് പിതൃസ്ഥാനീയനാണ് തന്ത്രി*.

*അഷ്ടബന്ധകലശം* അഷ്ടബന്ധകലശത്തിന്നും ദ്രവ്യകലശത്തിന്റെ ക്രിയകള്‍ മുഴുവന്‍ ചെയ്യേണ്ടതുണ്ട്. *അഷ്ടബന്ധത്തിന്റെ ക്രിയകള്‍ ചെയ്ത്, മുഹൂര്‍ത്ത സമയത്ത് പീഠം ബിംബസന്ധിയില്‍ അഷ്ടബന്ധമിട്ട് ഉറപ്പിക്കുന്ന ക്രിയ കൂടുമെന്ന് മാത്രമേ സാമാന്യമായി പറയുവാനുള്ളു*.

*ദ്രവ്യകലശം* ദ്രവ്യങ്ങള്‍ കലശത്തില്‍ നിറച്ച്, പൂജിച്ച്, ദേവന്നു അഭിഷേകം ചെയ്യുന്നതുകൊണ്ടാകാം ദ്രവ്യകലശമെന്ന പേര് വന്നത്. പാല്, തൈര്, തേന്‍,പഞ്ചഗവ്യം തുടങ്ങി നിരവധി ദ്രവ്യങ്ങള്‍ കലശത്തില്‍ നിറയ്ക്കാനുണ്ട്. *എല്ലാക്ഷേത്രങ്ങളിലും കൊല്ലംതോറും ചുരുങ്ങിയതോതിലെങ്കിലും ദ്രവ്യ കലശം നടന്നാല്‍നന്ന്*.

സാമാന്യമായി ആറു ദിവസംകൊണ്ട് ദ്രവ്യകലശം കഴിക്കാവുന്നതാണ്. ക്ഷേത്രത്തിന്റെ മഹത്വവും സാമ്പത്തികസ്ഥിതിയുമാനുസരിച്ചു കലശത്തിന്റെ ക്രിയകള്‍ വലുതാക്കുകയോ ചെറുതാക്കുകയോ ആവശ്യമായി വരാം. അപ്പോള്‍ദിവസത്തിലും ഏറ്റകുറിച്ചിലുകള്‍ വന്നേക്കാം.

*ഒന്നാം ദിവസം ആചാര്യവരണവും അങ്കുരാരോപണവും പ്രസാദശുദ്ധിയുമാണ് പ്രധാനക്രിയകള്‍. രണ്ടാം ദിവസം ബിംബശുദ്ധിയും ഹോമങ്ങളും, മൂന്നും, നാലും ദിവസം പ്രായശ്ചിത്തഹോമങ്ങള്‍, അഞ്ചാം ദിവസം തത്ത്വ ഹോമവുംതത്വകലശാഭിഷേകവും, ആറാം ദിവസം ദ്രവ്യകലശാഭിഷേകവുമാണ് പ്രധാന ക്രിയകള്‍*.

അഞ്ചാം ദിവസവും ആറാം ദിവസവും ക്ഷേത്രദര്‍ശനത്തിന് പ്രാധാന്യമധികമുണ്ട്.

കലശാഭിഷേകസമയങ്ങള്‍ മുഴുവന്‍ ദര്‍ശനത്തിന് പ്രാധാന്യമുള്ളവയാണ്. മൂന്ന് ദിവസം കൊണ്ടും ദ്രവ്യകലശം കഴിച്ചുകൂട്ടാം.

*ദ്രവ്യകലശം, അഷ്ടബന്ധകലശം, നവീകരണകലശം എന്നിങ്ങനെ സാമാന്യമായി കലശങ്ങള്‍ മൂന്നുവിധത്തിലാണ്*.

കലശങ്ങളെല്ലാംതന്നെ ചൈതന്യവര്‍ദ്ധകങ്ങളായ ക്രിയകളാണ്. *ദേവന്നു ചൈതന്യക്ഷയമില്ലെങ്കിലും ആദിത്യ ബിംബം മഴക്കാറുകൊണ്ട് മൂടുമ്പോള്‍ ഉണ്ടാവുന്ന മങ്ങലുപോലെ പൂജാദികര്‍മ്മങ്ങളിലുള്ള ലോപം കൊണ്ടും മറ്റും ബിംബചൈതന്യക്ഷയം സംഭവിക്കുന്നതാണ്*.

ആ ന്യൂനതകള്‍തീര്‍ത്ത്‌ ചൈതന്യം വര്‍ദ്ധിപ്പിക്കുകയാണ് കലശത്തിന്റെ ലക്ഷ്യം.

*നവീകരണകലശം*
നവീകരണകലശത്തിന് മൂന്ന് ഘട്ടങ്ങളുണ്ടെന്ന് പറയാവുന്നതാണ്. സാമാന്യം നവീകരണകലശം പതിനൊന്നു ദിവസംകൊണ്ടാണ് കഴിക്കുക പതിവ്.

ഇവിടെയും ക്ഷേത്രത്തിന്റെ മഹത്വവും സാമ്പത്തീക സ്ഥിതിയുമനുസരുച്ചു ദിവസം കൂട്ടുവാനും കുറയ്ക്കുവാനും സാധിക്കുന്നതാണ്.

ഇതില്‍ ആറാം ദിവസം രാവിലെ വരെയുള്ള ക്രിയ ദ്രവ്യകലശത്തിന്റെ ക്രിയകള്‍ തന്നെയാണ്. ആറാം ദിവസം പകല്‍ അനുജ്ഞാബലിയോടുകൂടിയാണ് നവീകരണത്തിന്റെ ക്രിയകള്‍ തുടങ്ങുക.

ആ ക്രിയ തുടങ്ങിയാല്‍ എട്ടാം ദിവസം മുഹൂര്‍ത്ത സമയത്ത് പ്രതിഷ്ഠയുടെ ക്രിയകള്‍ കഴിയുന്നതുവരെയുള്ള എല്ലാ ക്രിയകളും തുടര്‍ച്ചയായി ചെയ്യണം. ഏഴാം ദിവസമാണ് ബിംബചൈതന്യം കലശത്തിലേക്ക് ആവാഹിച്ച് മണ്ഡപത്തിലോ വലിയബലത്തിലോ കൊണ്ടുവന്നുവച്ച് ധ്യാനാധിവാസം മുതലായപ്രാധാന്യമുള്ളതും ക്ലേശകരവുമായ ക്രിയകള്‍ ചെയ്യുക.

ബിംബചൈതന്യം കലശത്തിലേക്ക് ഉദ്വസിച്ചാല്‍ ബിംബം, പീഠം മുതലായവയെല്ലാം വൃത്തിയാക്കുവാന്‍ ഉള്ള അവസരമാണ്.

എട്ടാം ദിവസം പ്രതിഷ്ഠയുടെ ക്രിയകള്‍ കഴിഞ്ഞാല്‍ നട അടയ്ക്കുകയായി. ഒമ്പതാം ദിവസം പരിവാരപ്രതിഷ്ഠയും പത്താം ദിവസം ഹോമങ്ങളും ചെയ്തു പതിനൊന്നാം ദിവസം നട തുറന്ന് കലശാഭിഷേകത്തോടുകൂടി നവീകരണകലശക്രിയകള്‍ അവസാനിക്കുന്നു.

*നട അടച്ച ദിവസങ്ങളില്‍ നടയ്ക്കല്‍ പത്മമിട്ട് ദേവനെ സങ്കല്‍പ്പിച്ച് ആ പത്മത്തിലാണ് മൂന്നുനേരവും പൂജ പതിവ്*.

*പഴയ ബിംബം മാറ്റി പുതിയ ബിംബം പ്രതിഷ്ഠിക്കേണ്ടതായി വരുമ്പോള്‍ പുതിയ ബിംബത്തിന്റെ ക്രിയകള്‍ കൂടുമെന്നേ നവീകരണക്രിയകളില്‍ നിന്ന്വ്യത്യാസമുള്ളൂ*.

ഇതിന്ന് ജീര്‍ണ്ണോദ്ധാരണമെന്ന് പേര് പറയും. പുതിയതായി ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ ഉചിതമായ സ്ഥലത്ത് വാസ്തുബലി മുതലായ കര്‍മ്മങ്ങള്‍ ചെയ്ത്, ആധാരശില മുതലായ ഷഡാധാരങ്ങള്‍ പ്രതിഷ്ഠിച്ചു,പുതിയ ബിംബം പ്രതിഷ്ഠിക്കാവുന്നതാണ്. *മറ്റു ക്രിയകളെല്ലാംജീര്‍ണ്ണോദ്ധാരണക്രിയകള്‍ പോലെതന്നെയാണ് മിക്കവാറും വരുക*.

*മഹാക്ഷേത്രങ്ങളിലെ ഒരു ദിവസത്തെ പൂജാക്രമം*

പ്രഭാതത്തില്‍ മേല്‍ ശാന്തി കുളികഴിഞ്ഞ് തറ്റുടുത്തു തിരുനടയില്‍ വന്ന്പ്രാര്‍ത്ഥിച്ച് അകത്തു കടക്കുന്നു.(*ക്ഷേത്ര നട അടച്ചിരിക്കുമ്പോള്‍ മണി കൊട്ടി മാത്രമേ അകത്തു കടക്കാവൂ എന്നാതാണു വിധി*).

വിളക്കുകള്‍ തെളിച്ച് നിര്‍മ്മാല്യം തലേ ദിവസത്തെ പുഷ്പം , അലങ്കാരങ്ങള്‍  വാരിക്കളഞ്ഞ് ബിംബം വെള്ളം വീഴ്ത്തി നനച്ച് ദേഹശുദ്ധി , ശംഖപൂര്‍ണ്ണം , ആത്മാരാധന മുതലായവക്കു ശേഷം ചന്ദനം , ഭസ്മം , പൂവ് ,മാല എന്നിവ ചാര്‍ത്തി ത്യമധുരം ,മലര്‍ ,മുതലായവ നിവേദിക്കുന്നു. തുടര്‍ന്നു ഉഷ:പൂജ , എത്യത്തു പൂജ എന്നീ ക്രമത്തില്‍ യഥാവിധി (ഒരോ ദേവീദേവന്മാര്‍ക്കും പ്രത്യേകമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മൂലമന്ത്രങ്ങള്‍ കൊണ്ട്) നിര്‍വ്വഹിക്കണം .

പല പ്രധാന ക്ഷേത്രങ്ങളിലും ഈ പൂജ കഴിഞ്ഞാല്‍ രാവിലത്തെ ശീവേലി നടത്തുക പതിവാണ്. പിന്നിട് നടത്തുന്നത് പന്തീരടി പൂജയാണ്. പന്തീരടിയ്ക്ക് നവകം പൂജിച്ച് അഭിഷേകം ചെയ്യാരുണ്ട് . പിന്നെ ഉച്ചപൂജയായി. ഉച്ചപൂജയ്ക്കുശേഷം ഉച്ചശീവേലിയും നടത്താം .

ഗുരുവായൂര്‍ മുതലായ ചില ക്ഷേത്രങ്ങളില്‍ ഉച്ചശീവേലി വൈകുന്നേരമാണ് നടത്തുക പതിവ് .

ഉച്ചപൂജയ്ക്കുശേഷം നട അടയ്ക്കുന്നു. വൈകുന്നേരം അസ്തമയത്തിനു മുമ്പേ നടതുറന്നു വിളക്കുവച്ച് സന്ധ്യാവന്ദനം കഴിഞ്ഞ് , ദീപാരാധന നടത്തുന്നു.

ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജയും ചിലയിടങ്ങളില്‍ അത്താഴശീവേലിയും കഴിക്കുന്നു. അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ത്യപ്പുക എന്നൊരു ചടങ്ങ് കാണുന്നുണ്ട്. അതിനു ശേഷം നട അടക്കുന്നു. സാമ്പത്തിക ശേഷി കുറഞ്ഞ ക്ഷേത്രങ്ങളില്‍ ചുരുങ്ങിയ പൂജാക്രമങ്ങളേ ഉണ്ടാകാരുള്ളു.

*ഉത്സവവിധികള്‍*
*ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദേശത്തിന്റെ സര്‍വ്വതോമുഖമായ അഭിവ്യദ്ധിക്ക് ദേവിദേവന്മാരുടെയും പരിവാരങ്ങളുടെയും അനുഗ്രഹാശിസുകള്‍ , കൊല്ലം തോറും ഉത്സവം അനുഷ്ടിച്ചാല്‍ മേല്‍ക്കുമേല്‍ വര്‍ദ്ധിച്ച തോതില്‍ ഉണ്ടാകുന്നതാണ്*.

അങ്കുരാദി , ധ്വജാദി , പടഹാദി എന്നിങ്ങനെ മൂന്നു വിധത്തില്‍ ആണ് . ഉത്സവങ്ങള്‍ അങ്കുരാരോഹണത്തോടുകൂടി തുടങ്ങുന്നത് അങ്കുരാദി എന്നും ,കൊടി കയറുക മാത്രമായി തുടങ്ങുന്നത് ധ്വജാദി എന്നും , ഇവരണ്ടും ഇല്ലാതെ കൊട്ടിപ്പുരപ്പെടുന്നതിനു പടഹാദി എന്നും പരയുന്നു.

ആറാട്ടോടുകൂടിയാണ് ഉത്സവം സമാപിക്കുന്നത്. ആറാം ദിവസം ,എട്ടാം ദിവസം ,പത്താം ദിവസം , പതിമൂന്നാം ദിവസം തുടങ്ങി 28-ം ദിവസം വരെ ആരട്ടായി ഉത്സവം പതിവുണ്ട്.ആരാട്ടിന്റെ തലേ ദിവസം പള്ളി വേട്ടയും പള്ളിക്കുരുപ്പും ആറാട്ടുദിവസം രാവിലെ പള്ളി ഉണര്‍ത്തലും ആണു നടത്തുക.

ആറാട്ട് , രാവിലെയും വൈകിട്ടും ആകാം . ഇടയ്ക്കുള്ള ദിവസങ്ങളില്‍ വാദ്യമേളത്തോടു കൂടിയ എഴുന്നെള്ളിപ്പും , ശ്രീഭൂതബലിയും പതിവുണ്ട്.

ഉത്സവബലി (ദേവന്റെ/ദേവിയുടെ പരിവാരങ്ങള്‍ക്ക് വിശേഷ മന്ത്രങ്ങളോടുകൂടി ജല-ഗന്ധ-പുഷ്പ-ധൂപ-ദീപം എന്നിവയോടുകൂടി ആരാധിച്ച് പ്രത്യേകമായി പൂജിച്ച ഹവിസ്സുകൊണ്ട് ബലിതൂകുന്ന സമ്പ്രദായം ). ഒരു ദിവസമെങ്കിലും അത്യാവശ്യം അനുഷ്ടിക്കേണ്ടതാണ്.

ചുരുങ്ങിയ തോതിലെ ഉത്സവബലിയാണ് ശ്രീഭൂതബലി . ശ്രീഭൂതബലിയുടേയും ചുരുങ്ങിയ സമ്പ്രദായമാണ് ശീവേലി. ഈ മൂന്നിനും ദേവനെ പുറത്തേക്ക് എഴുന്നെള്ളിക്കൂകയും വേണം .

*ഈശ്വരാരാധനാ രീതികള്‍*
വൈദികം ,താന്ത്രികം എന്ന രണ്ടു വിധത്തിലാണ് പ്രധാനമായ ആരാധനാരീതികള്‍ .

വേദസംസ്തുതരായ ഇന്ദ്രാദിദേവകള്‍ക്ക് യാഗാദികര്‍മ്മങ്ങളില്‍ വച്ച് അഗ്നിമുഖമായി ഹോമിക്കുന്നത് വൈദികാരാധന.

ബ്രഹ്മാവിഷ്ണുമഹേശ്വരാദി മൂര്‍ത്തികളുടെ ഷഡുപചാര പൂര്‍വ്വകമായ വിഗ്രഹങ്ങളെ ആരാധിക്കുന്നതാണ് താന്ത്രികാരാധന . “തന്ത്രസമുച്ചയം ” താന്ത്രിക പൂജാവിധികളെ വിസ്തരിച്ചു പ്രതിപാദിക്കുന്നു.

*വിവിധ ദേവീദേവന്മാരുടെ പൂജക്കുള്ള ഉത്തമ പുഷ്പങ്ങള്‍*

1.*വിഷ്ണു*:- (വൈഷ്ണവം ) ക്യഷ്ണതുളസി , രാമതുളസി , വെള്ളത്താര ,ചെന്താമര ,പ്ലാശ് ,പിച്ചകം , ജമന്തി മുല്ല , കുരുക്കുത്തിമുല്ല , കാട്ടുചെമ്പകം , നന്തിയാര്‍ വട്ടം , മുക്കുറ്റി ,ചെമ്പരത്തി , മല്ലിക, ചെമ്പകം , കൂവളം , നീലത്താമര ,കൈത ,പുതുമുല്ല , ചുവന്നമുല്ല എന്നിവയും കരിങ്കൂവളം , ഹാസം , കയ്യുണ്ണി, നിലപ്പന ,ഭീതി
പാരിജാതം , കരുത്ത ആമ്പല്‍ , മഴമുല്ല ലംഖിക , മുളച്ചമി , കറുക ,ഞാവല്‍ പൂവ് ,കല്‍ഹാരം ,കരവീരം , ഏകദളം , താമര, ദര്‍ഭ,ചുവന്ന ആമ്പല്‍ എന്നീ ക്രമത്തില്‍ ആദ്യം തുടങ്ങി കൂടുതല്‍ ഫലത്തെയും നല്‍കുന്നു.

2. *ശിവന്‍* -(ശൈവം ) എരുക്കിന്‍ പൂവ് , കരവീരം ,താമര ,ഉമ്മത്ത് , വന്‍ കൊന്ന , ചുവന്ന മന്ദാരം , വെള്ളത്താമര ,തുളസി , അശോകം , ചെമ്പകം , കല്‍ ത്താമര , കൊക്കുമന്ദാരം , ഇലഞ്ഞി, ഇരുമുല്ലകള്‍ , പ്ലാശ് ,പിച്ചകം , ഓരിലത്താമര, ദര്‍ഭ , മക്കിപ്പൂവ് , കടലാടി ,കറുകക്കൂമ്പ് എന്നിവയും മുക്കുറ്റി ,വലിയ കര്‍പ്പൂരതുളസി നാഗം , പുന്നാഗം ,നന്ത്യാര്‍ വട്ടം , നീര്‍ മാതളം , ജമന്തി ,കരിങ്കറുക, കടമ്പ് ,കൂനളം ,നീലത്താമര എന്നിവയും ശിവപൂജയ്ക്കു ഉത്തമം .

3.*ദേവി* -(ശാക്തേയം ) വെള്ളത്താമര , ചുവന്ന താമര , ചെങ്ങഴനീര്‍ പൂവ് , നാഗപൂവ് , പിച്ചകം , കുരുത്തിമുല്ല , മഞ്ഞക്കുരിഞ്ഞി ,ഈരുവാച്ചിമുല്ല ,തിരുതാളി ,പാതിരാപ്പൂവ് ,കൂവളത്തില , അശോകപ്പൂവ് , സ്വര്‍ണ്ണമലരി മൂഞ്ഞ, ഉമ്മത്തിന്‍ പൂവ് , മന്ദാരം , കരുക, നന്ത്യാര്‍ വട്ടം ,ക്യഷ്ണക്രാന്തി എന്നിവ ദേവീപരങ്ങളായ പുഷ്പങ്ങള്‍ ആകുന്നു. ശങ്കരനാരായണ വൈഷ്ണവമോശൈവമോ ആയ പുഷ്പങ്ങളും , സുബ്രഹ്മണ്യന്‍ , ഗണപതി , ശാസ്താവ് ഇവര്‍ക്ക് ശൈവമോ, ശാക്തേയമോ ആയിട്ടും ദുര്‍ഗ്ഗയ്ക്ക് ശാക്തേയ പുഷ്പങ്ങളും ആകാം .

*നവഗ്രഹപുഷ്പങ്ങള്‍*

സൂയ്യന് കൂവളത്തിലയും , ചന്ദ്രന് വെള്ളത്താമരയും , ചൊവ്വക്ക് ചുവന്ന പൂക്കളും , ബുധന് തുളസിയും ,വ്യാഴത്തിന് ചെമ്പകവും , ശുക്രന് മുല്ലയും ,ശനിയ്ക്ക് കരിങ്കുവളവും പൂജാപുഷ്പങ്ങളാകുന്നു. പൊതുവില്‍ തുളസി , തെച്ചി ,അലരി , മന്ദാരങ്ങള്‍ , നന്ത്യാര്‍വട്ടം,താമര ,അശോകം , ചെമ്പകം , എരുക്ക് ,പിച്ചകം ,മുല്ല, കൈത മുതലായവ എല്ലാ ദേവന്മാര്‍ക്കും ഉപയോഗിക്കാവുന്നതാണ് . ശിവന് കൂവളത്തില മുഖ്യമാണ്. സൂര്യനൊഴികെ മറ്റു ദേവന്മാര്‍ക്ക് കൂവളത്തില പതിവില്ല. ചെമ്പരത്തി ഗണപതിക്കും , ഭദ്രകാളിയ്ക്കും കുജനും ഉപയോഗിക്കാം . ദ്വാരത്തോടു കൂടിയതും , വിരിയ¡ത്തും , ജീര്‍ണ്ണിച്ചതും ,നിലത്തുവീണതും ,ഇതള്‍ നഷ്ടപ്പെട്ടതും ,ഒരു തവണ ഉപയോഗിച്ചതും , വാസനയില്ലത്തതും , തലനാര്, പുഴു മുതലായവ കലര്‍ന്നതുമായ പുഷ്പങ്ങള്‍ വര്‍ജ്ജ്യങ്ങളാകുന്നു.

*നൈവേദ്യവസ്തുക്കള്‍* :

വാഴപ്പഴങ്ങളില്‍ വച്ച് നേന്ത്രപ്പഴം , കദളി, പൂവന്‍ എന്നിവയും പാല്‍ , വെണ്ണ ,നാളികേരം , മലര്, അവല്‍ ,ശര്‍ക്കര എന്നിവയും ദേവകള്‍ക്ക് പ്രധാനമായി നിവേദിക്കുന്നു. അഷ്ടദ്രവ്യങ്ങള്‍ :-കരിമ്പ് , അരിപ്പൊടി , കദളിപ്പഴം അവില്‍ ,എള്ള്, മോദകം , മലര്‍ , നാളികേരം എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍ .

*ദേവീദേവന്മാരുടെ വിശേഷ ദിവസങ്ങള്‍*:

വിഷ്ണു :- ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി ,ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ച്ചയും , എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വ്യശ്ചികമാസത്തില്‍ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നതു വരെയും ,എല്ലാ മാസത്തിലെയും തിരുവോണം നക്ഷത്രവും .

*ശിവന്‍* :- ധനുമാസത്തില്‍ തിരുവാതിര ,കുംഭമാസത്തിലെ ശിവരാത്രി ,മാസത്തിലെ ആദ്യ തിങ്കളാഴ്ച പ്രദോഷം എന്നിവയും .

*ഗണപതി* :- ചിങ്ങമാസത്തിലെ വിനായകചതുര്‍ത്ഥി ,തുലാമാസത്തില്‍ തിരുവോണം ,മീനമാസത്തില്‍ പൂരം ,എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ച ,വിദ്യാരംഭ ദിവസം .

*ശാസ്താവ്* :- വിദ്യാരംഭം, വ്യശ്ചികം 1 മുതല്‍ ധനു 11 വരെയുള്ള 41 ദിവസത്തെ മണ്ഡലകാലത്തിലെ ആദ്യത്തെ ബുധനാഴ്ച്ച ,ആദ്യത്തെ ശനിയാഴ്ച.

*സുബ്രമണ്യന്‍* :-കന്നി മാസത്തിലെ കപിലഷഷ്ഠി, തുലാമാസത്തില്‍ സ്ക്കന്ദഷഷ്ഠി , മകരമാസത്തിലെ തൈപ്പൂയം ,കൂടാതെ എല്ലാ മാസങ്ങളിലും ഷഷ്ഠി,പൂയം നക്ഷത്രം ,മാസത്തിലെ ആദ്യത്തെ ശനിയാഴ്ച.

*ശ്രീരാമന്‍* :-മേടമാസത്തിലെ ശ്രീരാമനവമി ,എല്ലാ മാസത്തിലെയും നവമി ,ഏകാദശി തീയതികളും ബുധനഴ്ചകളും

*സരസ്വതി* :- കന്നിമാസത്തിലെ നവരാത്രിക്കാലം ,പ്രത്യേകിച്ച് മഹാനവമി, വിജയദശമി എന്നിവ.

*ഭദ്രകാളി*:-ചൊവ്വ , വെള്ളി ആഴ്ചകളും ,ഭരണി നക്ഷത്രവും മകരമാസത്തിലെ ആദ്യത്തെ ചൊവ്വയും മീനമാസത്തിലെ ഭരണിയും .

*നമസ്ക്കാരം*
നമസ്ക്കാരം രണ്ടു വിധമാണ് ദണ്ഡനമസ്ക്കാരവും, സാഷ്ടാംഗനമസ്ക്കാരവും .

*ദണ്ഡനമസ്ക്കാരം രാജപ്രീതിക്കും യജമാനപ്രീതിയ്ക്കും വേണ്ടി ചെയ്യുന്നതാണ് .ദേവപ്രീതിക്ക് വിധിച്ചിട്ടുള്ളത് സാഷ്ടാംഗ നമസ്ക്കാരമാകുന്നു*.

1 മാറിടം , 2 നെറ്റി ,3 വാക്ക് ,4 മനസ്സ് ,5 അജ്ഞലി(തൊഴുകൈ), 6 ക»® ,7 കാല്‍ മുട്ടുകള്‍ ,8 കാലടികള്‍ ഇവയാണ് 8ഉംഗങ്ങള്‍ . നമസ്ക്കരിച്ചു കിടക്കുന്ന സമയത്ത് കാടലടികള്‍ (കാലിലെ പെരുവിരലുകള്‍ ),രണ്ടു കാല്‍ മുട്ടുകള്‍ ,മാറ് , നെറ്റി എന്നീ നാലു സ്ഥാനങ്ങള്‍ മാത്രമേ നിലത്ത് മുട്ടാവൂ.

അങ്ങനെ കിടന്നു കൊണ്ട് കൈകള്‍ എടുത്ത് തലക്കുമീതെ നീടടി തൊഴുമ്പോഴാണ് ഒരു നമസ്കാരമാകുന്നത്.

തദവസരത്തില്‍ മുന്‍ പറഞ്ഞ നാലവയങ്ങള്‍ മാത്രമേ നിലത്തു മുട്ടിയിരിക്കയുള്ളു. അഞ്ജലിയോടെ അഞ്ചാം അംഗവും കഴിയും വാക്കുകൊണ്ടു അതാതു മന്ത്രവും മൂലവും ചൊല്ലുകയും കണ്ണുകൊണ്ട് ദേവനെ നോക്കുകയും , മനസ്സ് കൊണ്ട് ധ്യാനിക്കുകയുമാകുന്നു. ഇങ്ങനെയാണു സാഷ്ടാംഗനമസ്ക്കാരം ചെയ്യേണ്ടത്.

*പ്രദക്ഷിണവിധി*

കൈകള്‍ ഇളക്കാതെ അടിവെച്ചടിവെച്ച് അതാതു ദേവിദേവന്മാരുടെ സ്തോത്രം ജപിച്ചും രൂപം മനസ്സില്‍ ചിന്തിച്ചും ആയിരിക്കണം പ്രദക്ഷിണം വയ്ക്കേണ്ടത്. പ്രദക്ഷിണം എല്ലായിപ്പോഴും വലതുവശത്ത് കൂടിയാണ് ചെയ്യേണ്ടത്. അമ്പലങ്ങളിലെ ശ്രീകോവിലിന്റെ നാലു പുറത്തുമുള്ള തിരുമുറ്റത്ത് ബലിക്കല്ലുകള്‍ ഉണ്ടായിരിക്കൂം .

ഈ ബലിക്കല്ലുകളുടെ പുറമേയാണ് പ്രദക്ഷിണം വയ്ക്കേണ്ടത്. ശിവക്ഷേത്രങ്ങളിലെ പ്രദക്ഷിണത്തിനു മാത്രം വ്യത്യാസമുണ്ട്. *ശിവന്റെ ഓവ് മറി കടക്കരുതേന്നാണ് വിധി*. അതിനാല്‍ നടയില്‍ തൊഴുത് ബലിക്കല്ലുകളുടെ പുറത്ത് കൂടി പ്രദക്ഷിണമായി ഓവുവരെ ചെല്ലുക. അവിടെ തഴികക്കുടം നോക്കി തൊഴുതു ബലിക്കല്ലുകളുടെ അകത്തുകൂടി അപ്രദിക്ഷിണമായി തിരികെ പോരുക.

കിഴക്കോട്ടാണു നടയെങ്കില്‍ ഓവിന്റെ കിഴക്കു വശത്തുചെന്ന് വീണ്ടും താഴികക്കുടം നോക്കി തൊഴുക അപ്പോഴാണ് പ്രദക്ഷിണം പൂര്‍ണ്ണമാകുന്നത്.

ഗണപതിക്ക് ഒന്നും , സൂര്യന് രണ്ടും ,ശിവന് മൂന്നും ,വിഷ്ണുവിനും ,ശാസ്താവിനും നാലും , സുബ്രമണ്യന് അഞ്ചും ഭഗവതിക്ക് ആറും അരയാലിനു ഏഴും വീതമാണ് പ്രദക്ഷിണം വയ്ക്കേണ്ടത്.

Guru kripa

1 comment: