Monday, 19 December 2016

പുരാണങ്ങൾ

*പുരാണങ്ങൾ*

പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ.

വേദാധികാരമില്ലാത്ത ശൂദ്രർക്കും, സ്ത്രീകൾക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ 'പഞ്ചമവേദമെന്നും' വിളിക്കാറുണ്ട്.

ഹിന്ദുജനസാമാന്യത്തിന്റെ മതവിശ്വാസം സ്ഥാപിച്ചിരിക്കുന്നത് പുരാണങ്ങളിലാണ്. *പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു*.

*ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്*.

വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകൾ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ ദേവകളെ ആരാധിക്കുന്ന രീതികളും ഇവയിൽ വിശദമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾ പുരാണങ്ങളിലുണ്ട്.

*വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്*. ക്ഷേത്രങ്ങളിൽ പുരോഹിതർ ഇവ ചൊല്ലിയിരുന്നു.

*അഷ്ടാദശപുരാണങ്ങൾ*

1 ബ്രഹ്മപുരാണം
2 വിഷ്ണുപുരാണം
3 ശിവപുരാണം
4 ഭാഗവതപുരാണം
5 പദ്മപുരാണം
6 നാരദപുരാണം
7 മാർക്കണ്ഡേയപുരാണം
8 ഭവിഷ്യപുരാണം
9 ലിംഗപുരാണം
10 വരാഹപുരാണം
11 ബ്രഹ്മവൈവർത്തപുരാണം
12 സ്കന്ദപുരാണം
13 വാമനപുരാണം
14 മത്സ്യപുരാണം
15 കൂർമ്മപുരാണം
16 ഗരുഡപുരാണം
17 ബ്രഹ്മാണ്ഡപുരാണം
18 അഗ്നിപുരാണം

*അഷ്ടാദശപുരാണങ്ങൾ*

പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. *അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌* .

*ബ്രഹ്മപുരാണം*
ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ.

*വിഷ്ണുപുരാണം*
മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.

*ശിവപുരാണം*
പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.

*ഭാഗവതപുരാണം*

പ്രധാന ലേഖനം: *ശ്രീമഹാഭാഗവതം*
ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

*പദ്മപുരാണം*
പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.

*നാരദപുരാണം*
ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു.

*മാർക്കണ്ഡേയപുരാണം*
ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയപുരാണത്തിൾ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.

*ഭവിഷ്യപുരാണം*
അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

*ലിംഗപുരാണം*
അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.

*വരാഹപുരാണം*
ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

*ബ്രഹ്മവൈവർത്തപുരാണം*
കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.

*സ്കന്ദപുരാണം*
സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.

*വാമനപുരാണം*
വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.

*മത്സ്യപുരാണം*
മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.

*കൂർമ്മപുരാണം*
കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.

*ഗരുഡപുരാണം*
പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

*ബ്രഹ്മാണ്ഡപുരാണം*
അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.

*അഗ്നിപുരാണം*

പ്രധാന ലേഖനം: *അഗ്നിപുരാണം*
രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.

മഹാപുരാണങ്ങളെന്നും ഉപപുരാണങ്ങളെന്നും തിരിക്കപ്പെട്ടിരിക്കുന്ന പുരാണസമാഹാരം പ്രധാനമായും അഞ്ച്‌ വിഷയങ്ങളെയാണ് പ്രതിപാദിക്കുന്നത്‌[5].ഈ അഞ്ച്‌ വിഷയങ്ങൾ പഞ്ചലക്ഷണങ്ങൾ എന്നാണ്‌ അറിയപ്പെടുന്നത്‌. അവ ചുവടേ ചേർക്കുന്നു

1. സർഗ്ഗം-പ്രപഞ്ച സൃഷ്ടി

2. പ്രതിസർഗ്ഗം-ദ്വിതീയ സൃഷ്ടികൾ, പ്രധാനമായും, വിലയം പ്രാപിച്ചതിനു
ശേഷമുള്ള പുനഃസൃഷ്ടികൾ.

3. വംശം-ദേവന്മാരുടേയും ഋഷിമാരുടേയും വംശാവലി.

4. മന്വന്തരം-മാനവരാശിയുടേയും, ആദിമ മനുഷ്യരുടേയും സൃഷ്ടി.

5. വംശാനുചരിതം-രാജകുലങ്ങളുടെ ചരിത്രം.

*മതം, ചരിത്രം എന്നിവയാണ്‌ മിക്ക പുരാണങ്ങളുടേയും പ്രധാന പ്രതിപാദ്യവിഷയമെങ്കിലും അവ ഈ അഞ്ചു വിഷയങ്ങളെയാണ്‌ കൈകാര്യം ചെയ്യുന്നത്‌*..;

ഒരു പുരാണം പ്രധാനമായും ഒരു ദേവതക്ക്‌ കൂടുതൽ പ്രാധാന്യം കൊടുക്കുകയും മറ്റുള്ള ദേവതകളെ അത്ര പ്രാധാന്യമില്ലാതെയുമാണ്‌ ചിത്രീകരിക്കാറുള്ളത്‌.

മിക്കവാറും എല്ലാ പുരാണങ്ങളിലും ഭക്തിമുതൽ സാംഖ്യം വരെയുള്ള മതപരവും തത്ത്വശാസ്ത്രപരവുമായ വളരെയധികം ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. *അവയുടെ രചനാരീതിയിൽ നിന്നുതന്നെ ഇപ്പോഴും ഹൈന്ദവ സമൂഹത്തിൽ കാണപ്പെടുന്ന വൈഷ്ണവം, ശൈവം എന്നീ ശാഖകളുടെ ഉദയം ദർശിക്കാനാവും*.

പല ദേശങ്ങളിലും മിക്കപുരാണങ്ങളുടേയും അവിടത്തേ മാതൃഭാഷാ വിവർത്തനം കണ്ടുവരാറുണ്ട്‌. ഇത്‌ സാധ്യമാവുന്നത്‌ പുരാണങ്ങൾ പഠിക്കുകയും അവയുടെ സംഗ്രഹം മറ്റുള്ളവർക്ക്‌ മനസ്സിലാവുന്ന രീതിയിൽ വിവരിച്ചുകൊടുക്കുകയും ചെയ്യുന്ന പണ്ഡിത ബ്രാഹ്മണരിലൂടെയാണ്‌. ഹൈന്ദവ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന ഭാഗവത സപ്താഹയജ്ഞവും, ശ്രീമദ്ദേവീഭാഗവത നവാഹ യജ്ഞവും ഇതിനുദാഹരണമായി കണക്കാക്കാവുന്നതാണ്‌).

*ബ്രഹ്മാവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ*
ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവർത്തപുരാണം, മാർക്കണ്ഡേയപുരാണം, ഭവിഷ്യപുരാണം, വാമനപുരാണം.

*വിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ*
വിഷ്ണുപുരാണം, ഭാഗവതപുരാണം, ഗരുഡപുരാണം, പത്മപുരാണം, വരാഹപുരാണം, നാരദീയപുരാണം.

*ശിവനെ സംബന്ധിക്കുന്ന പുരാണങ്ങൾ*
വായുപുരാണം, ലിംഗപുരാണം, സ്കന്ദപുരാണം, അഗ്നിപുരാണം, മത്സ്യപുരാണം, കൂർമ്മപുരാണം.

*ഉപപുരാണങ്ങൾ*
സനൽക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുർവ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ഠം, വിഷ്ണുധർമ്മോത്തരം, നീലമറപുരാണം.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment