അദ്ധ്യായം മൂന്ന് : കര്മ്മയോഗം
ശ്ലോകം 21
യദ്യദാചരതി ശ്രഷ്ഠഃ
തത്തദേവേതരോ ജനഃ
സ യത് പ്രമാണം കുരുതേ
ലോകസ്തദനുവര്ത്തതേ
അര്ഥം :
ശ്രേഷ്ഠനായവന് എന്തൊക്കെ അനുഷ്ഠിക്കുന്നുവോ അതൊക്കെ മറ്റാളുകളും അനുഷ്ഠിക്കും. അയാള് എന്തിനെ ബഹുമാനിക്കുന്നുവോ , ജനങ്ങളും അതിനെത്തന്നെ പ്രമാണമാക്കി അനുകരിക്കും.
ഭാഷ്യം :
പൂര്വ്വജന്മാര് ചെയ്യുന്നതൊക്കെ ധര്മ്മാചാരമെന്നു കരുതി അവരജന്മാരും അതു പിന്തുടരുന്നു. ഇത് ഒരു സാമാന്യ സ്വഭാവമാണ്. അതു കൊണ്ട് ആരും കര്മ്മങ്ങള് ഉപേക്ഷിക്കരുത്. പ്രത്യേകിച്ചും ഉള്ക്കാഴ്ചയുള്ള മഹാത്മാക്കള് അവരുടെ കര്മ്മങ്ങള് തുടര്ന്നു കൊണ്ടേയിരിക്കണം.
അദ്ധ്യായം മൂന്ന് : കര്മ്മയോഗം
ശ്ലോകം22
ന മേ പാര്ത്ഥാസ്തി കര്ത്തവ്യം
ത്രിഷു ലോകേഷു കിഞ്ചന
നാനാവാപ്തമവാപ്തവ്യം
വര്ത്ത ഏവ ച കര്മ്മണി.
അര്ഥം :
അല്ലയോ അര്ജ്ജുന, മൂന്നു ലോകങ്ങളിലും എനിക്കു ചെയ്യേണ്ടതായിട്ടു ഒന്നുമില്ല. നേടാത്ത യാതൊന്നും ഇനി നേടേണ്ടതായും ഇല്ല. എങ്കിലും , ഞാന് കര്മ്മം ചെയ്തുകൊണ്ടുതന്നെ ഇരിക്കുന്നു.
ഭാഷ്യം :
പാര്ത്ഥ, ഞാന് എന്തിനാണ് മറ്റുള്ളവരുടെ കാര്യം ഉദാഹരിക്കുന്നത്? ഞാന് തന്നെ ഈ മാര്ഗ്ഗമല്ലേ സ്വീകരിച്ചിരിക്കുന്നത്?ഞാന് നിശ്ചിത കര്മ്മങ്ങള് പാലിക്കുന്നത് വരാനിടയുള്ള ഏതെങ്കിലും ദുരിതം ഒഴിവാക്കാനാണോ? ഏതെങ്കിലും ലക്ഷ്യം സഫലമാക്കുവാനാണോ ?എന്നെപ്പോലെ സമ്പൂര്ണ്ണനും അസാധാരണ പ്രഭാവം ഉള്ളവനുമായ മറ്റോരാളില്ലെന്നു നിനക്കറിയാം. എന്റെ ഗുരുവായ സാന്ദീപനി മുനിയുടെ പുത്രനെ യമനില് നിന്നു വീണ്ടെടുത്ത അമാനുഷികവും അന്യുനവുമായ ശക്തി നിനക്കു ബോദ്ധ്യപ്പെട്ടിട്ടുള്ളതല്ലേ?എന്നിട്ടും ഞാനും എന്റെ വിഹിത കര്മ്മങ്ങള് ചെയ്യുന്നുണ്ട്.
അദ്ധ്യായം മൂന്ന് : കര്മ്മയോഗം
ശ്ലോകം 23
യദി ഹ്യഹം ന വര്ത്തേയം
ജാതു കര്മ്മണൃതന്ദ്രിതഃ
മമ വര്ത്മാനുവര്ത്തന്തേ
മനുഷ്യാഃ പാര്ത്ഥ സര്വ്വശഃ
അര്ഥം :
ഹേ പാര്ത്ഥാ! ഞാന് അലസനായി ഒരിക്കലെങ്കിലും കര്മ്മം ചെയ്യാതിരുന്നാല് മനുഷ്യര് എല്ലാ വിധത്തിലും എന്റെ മാര്ഗ്ഗം പിന്തുടരും.
ഭാഷ്യം :
ഞാനാണെങ്കില് ആഗ്രഹങ്ങള് വെച്ചു പുലര്ത്തുന്ന സാമാന്യ മനുഷ്യരെപ്പോലെയാണ് പ്രവര്ത്തിക്കുന്നത്. എന്റെ ഇച്ഛാനുസാരം ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും വീണവാദം മുഴക്കി നടക്കുന്ന മടിയന്മാരെ പോലെയാകാതെ, എന്നെപ്പോലെ കര്മ്മം ചെയ്യണമെന്നുള്ള ഉല്കൃഷ്ടമായ ഉദ്ദേശ്യത്തോട് കൂടിയാണ് ഞാന് ഇപ്രകാരം പ്രവര്ത്തിക്കുന്നത്.
അദ്ധ്യായം മൂന്ന് : കര്മ്മയോഗം
ശ്ലോകം 24
ഉത്സീദേയുരിമേ ലോകാ
ന കുര്യാം കര്മ്മ ചേദഹം
സംകരസ്യ ച കര്ത്താ സ്യാം
ഉപഹന്യാമിമാഃ പ്രജാഃ
അര്ഥം :
ഞാന് കര്മ്മം ചെയ്യുന്നില്ലെങ്കില് ഈ ലോകങ്ങള് ധര്മ്മലോപം കൊണ്ട് നശിച്ചുപോകും. അങ്ങിനെ വര്ണ്ണസങ്കരത്തിനു കാരണക്കാരനായി ഈ പ്രജകള്ക്ക് ദോഷം ചെയ്യുന്നവനായി തീരും.
ഭാഷ്യം :
ഞാന് ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച് ആത്മസാക്ഷാല്ക്കാരത്തില് മുഴുകി കഴിച്ചു കൂട്ടിയാല് ജനങ്ങള് അവരുടെ ജീവിതയാത്രയില് എങ്ങിനെയാണ് പ്രവര്ത്തിക്കുക?ജനങ്ങള് നാം ചെയ്യുന്ന കാര്യങ്ങള് എന്താണെന്നു മനസ്സിലാക്കി നമ്മെ അനുകരിക്കുകയാണ് പതിവ്. നിലവിലിരിക്കുന്ന സാമൂഹ്യവ്യവസ്ഥിതി അഭംഗുരം തുടരണമെങ്കില് നാം അവര്ക്ക് മാതൃയായിരിക്കണം. അതുകൊണ്ട് പ്രാപ്തന്മാരും വിദ്വാന്മാരുമായ ആളുകള് യാതൊരു കാരണവശാലും കര്മ്മങ്ങള് ഉപേക്ഷിച്ച് അലസന്മാരായി ഇരിക്കുവാന് പാടില്ല.
അദ്ധ്യായം മൂന്ന് : കര്മ്മയോഗം
ശ്ലോകം 25
സക്താഃ കര്മ്മണിവിദ്വാംസോ
യഥാ കുര്വ്വന്തി ഭാരത
കുര്യാദ്വിദ്വാംസ്തഥാ സക്തഃ
ചികീര്ഷുര് ലോക സംഗ്രഹം
അര്ഥം :
അല്ലയോ ഭരതവംശജ! ആത്മജ്ഞാനമില്ലാത്തവര് ഈ കര്മ്മത്തിന്റെ ഫലം എനിക്കു സിദ്ധിക്കും എന്ന വിചാരത്തോടുകൂടി എങ്ങിനെ കര്മ്മം ചെയ്യുന്നുവോ, അപ്രകാരം തന്നെ ജ്ഞാനിയായവന് സക്തി കൂടാതെ ലോകത്തിന് നന്മ ചെയ്യുവാന് ഇച്ഛയുള്ളവനായി കര്മ്മം ചെയ്യണം.
ഭാഷ്യം :
താന് ചെയ്യുന്ന പ്രവര്ത്തനങ്ങളുടെ ഫലം ആഗ്രഹിക്കുന്ന ഒരുവന് ഫലസിദ്ധിക്കുവേണ്ടി എപ്രകാരമാണോ കര്മ്മങ്ങള് ചെയ്യുന്നത് , അതുപോലെയുള്ള രീതിയില് തന്നെയാണ് ഫലം ഇച്ഛിക്കാതെ ഒരു നിസ്വാര്ത്ഥനും കര്മ്മങ്ങള് ചെയ്യേണ്ടത്. ഒരു ജനതതിയുടെ ധാര്മ്മികമായ സംരക്ഷണത്തിനും സംവര്ദ്ധനത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ധര്മ്മ സംഹിതകളില് ഉള്കൊള്ളുന്ന ആദര്ശങ്ങള്ക്ക് അനുസൃതമായി ജ്ഞാനികള് പ്രവര്ത്തിച്ച് ജനങ്ങള്ക്ക് നേതൃത്വം കൊടുക്കുകയും അവര് അസാധാരണനായ ഒരുവനില് നിന്ന് വ്യത്യസ്തനല്ലെന്നുളള തോന്നല് അവരില് ഉളവാക്കുകയും ചെയ്യണം.
തുടരും ....
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment