Saturday, 3 December 2016

ഭഗവത്ഗീത(part 11)

അദ്ധ്യായം  : 2. സാംഖ്യയോഗം

ശ്ലോകം 66

നാസ്തി ബുദ്ധിരയുക്തസ്യ
ന ചായുക്തസ്യ ഭാവനാ
ന ചാഭാവയതഃ ശാന്തിഃ
അശാന്തസ്യ കുതഃ സുഖം?

അര്‍ത്ഥം:

ഇന്ദ്രിയങ്ങളെ സ്വാധീനപ്പെടുത്താത്തവന് ആത്മസ്വരൂപജ്ഞാനം ഉണ്ടാകുന്നതല്ല. അജിതേന്ദ്രിയന് ആത്മധ്യാനവും ഉണ്ടാകുന്നില്ല. ധ്യാനനിഷ്ഠയില്ലാത്തവന് ശാന്തിയില്ല. അശാന്താണ് എവിടെയാണ് സുഖം?

ഭാഷ്യം:

മനസ്സിനെ ധ്യാനത്തില്‍ ഉറപ്പിക്കുവാന്‍ ശേഷിയില്ലാത്ത ഒരുവന്‍ വിഷയങ്ങളുടെ വലയില്‍പ്പെട്ടുഴലുന്നു. അങ്ങനെയുള്ളവന് ആത്മസ്വരൂപജ്ഞാനം ഉണ്ടാവുകയില്ല. അവന് ആത്മജ്ഞാനത്തില്‍ അഭിനിവേശവും ഉണ്ടാകുന്നതല്ല. അപ്രകാരം ഉല്‍ക്കടമായ അഭിനിവേശം ഉണ്ടാകാത്തവന് ശാന്തത ഉണ്ടാകുന്നതല്ല. പിന്നെയെങ്ങനെയാണ് അവന് മനസ്സമാധാനം പ്രതീക്ഷിക്കാനാവുക? പാപിയായ ഒരുവന് ഒരിക്കലും മോക്ഷം ലഭികാത്തതുപോലെ, അശാന്തനായ ഒരുവന് ആനന്ദദായകമായ സുഖം യാദൃശ്ചികമായിട്ടുപോലും ലഭിക്കയില്ല. മനസ്സമാധാനമില്ലാത്ത ഒരുവന് ആനന്ദം ലഭിക്കുമെന്നുള്ള പ്രതീക്ഷ, വറുത്തുപൊരിച്ച വിത്ത് മുളയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതുപോലെ അസ്ഥാനത്താണ്. ഇതില്‍നിന്ന് അശിക്ഷിതമായ ഒരു മനസ്സാണ് എല്ലാ ദുരിതാനുഭവങ്ങള്‍ക്കും കാരണമെന്ന് മനസ്സിലാക്കി ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായും നിയന്ത്രിക്കുകയാണ് അഭിലഷണീയമെന്ന്‌ അറിയുക.

അദ്ധ്യായം  : 2. സാംഖ്യയോഗം

ശ്ലോകം 67

ഇന്ദ്രിയാണ‍ാം ഹി ചരത‍ാം
യന്മനോനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞ‍ാം
വായുര്‍നാവമിവ‍ാംഭസി

അര്‍ത്ഥം:

എന്തെന്നാല്‍ വിഷയങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇന്ദ്രിയങ്ങള്‍ക്ക് ഏതൊരാളുടെ മനസ്സ് വശവര്‍ത്തിയായിത്തീരുന്നുവോ, ആ മനസ്സ് അവന്റെ പ്രജ്ഞയെ, ബുദ്ധിയെ, യഥേഷ്ടം വലിച്ചുകൊണ്ടുപോകുന്നു. എങ്ങനെ? സമുദ്രത്തില്‍ കപ്പലിനെ കാറ്റ് ഏപ്രകാരമാണ് വേണ്ട മാര്‍ഗ്ഗത്തില്‍നിന്ന് തെറ്റിച്ചു വേണ്ടാത്ത വഴിക്ക് ഓടിക്കുന്നത്, അതുപോലെ.

ഭാഷ്യം:

തന്റെ ഇന്ദ്രിയങ്ങളുടെ പ്രേരണയ്ക്കൊത്തു പ്രവര്‍ത്തിക്കുന്ന ഒരുവന് സംസാരസാഗരം കടക്കാമെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അപ്രകാരം ഉണ്ടാകുന്നില്ല. തീരം അണയാറായ ഒരു കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ടാല്‍ നടുക്കടലില്‍വച്ച് ഒഴിവാക്കപ്പെട്ട ഒരത്യാഹിതത്തിന്റെ എല്ലാ ഭയാശങ്കകള്‍ക്കും അത് വീണ്ടും വിധേയമാകും, അതുപോലെ ആത്മപ്രാപ്തി നേടിയ ഒരുവന്‍ ഒരിക്കലെങ്കിലും തന്റെ ഇന്ദ്രിയങ്ങളെ താലോലിക്കാന്‍ മുതിര്‍ന്നാല്‍ സംസാരജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ അവനെ പരവശനാക്കും.

അദ്ധ്യായം  : 2. സാംഖ്യയോഗം

ശ്ലോകം 68

തസ്മാദ്യസ്യ മഹാബാഹോ
നിഗൃഹീതാനി സര്‍വശഃ
ഇന്ദ്രിയാണീന്ദ്രിയാര്‍ഥോഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ.

അര്‍ത്ഥം:

അതുകൊണ്ട് അല്ലയോ മഹാബാഹോ, ആരുടെ ഇന്ദ്രിയങ്ങളാണോ പൂര്‍ണ്ണമായും ഇന്ദ്രിയവിഷയങ്ങളില്‍ നിന്നും അകറ്റപ്പെട്ടിട്ടുള്ളത്, അവന്റെ ജ്ഞാനം ഉറച്ചതാകുന്നു.

ഭാഷ്യം:

അല്ലയോ അര്‍ജ്ജുനാ, ഇന്ദ്രിയങ്ങള്‍ ഒരുവന്റെ പൂര്‍ണ്ണനിയന്ത്രണത്തിലാകുന്നതിനേക്കാള്‍ കൂടുതല്‍ ഉത്ക്കര്‍ഷം മറ മറ്റെന്തു കൊണ്ടാണ് ഉണ്ടാവുക? ഒരു ആമ അതിന്റെ അവയവങ്ങള്‍ ഇച്ഛാനുസരണം പുറത്തേക്ക് നീട്ടുകയും അകത്തേക്ക് വലിക്കുകയും ചെയ്യുന്നതുപോലെ, ഒരുവന്റെ ഇന്ദ്രിയങ്ങള്‍ അവന്‌ പൂര്‍ണ്ണമായി വശഗമായിരിക്കുകയും അവന്റെ ഇച്ഛയ്ക്കൊപ്പം പ്രവര്‍ത്തുക്കുകയും ചെയ്‌താല്‍ അവന്റെ പ്രജ്ഞ പ്രതിഷ്ഠിതമാണ്. പരിപൂര്‍ണ്ണതയിലെത്തിയ ഒരുവനെ തിരിച്ചറിയുന്നതിനുള്ള നിഗൂഢമായ ഒരു ലക്ഷണം ഇനി ഞാന്‍ പറയ‍ാം, കേട്ടോള്ളൂ.




അദ്ധ്യായം  : 2.

സാംഖ്യയോഗം


ശ്ലോകം 69


യാ നിശാ സര്‍വഭൂതാന‍ാം

തസ്യ‍ാം ജാഗര്‍തി സംയമീ

യസ്യ‍ാം ജാഗ്രതി ഭൂതാനി

സാനിശാ പശ്യതോ മുനേഃ


അര്‍ത്ഥം:


ഏതൊരു ആത്മനിഷ്ഠയാണോ സകല ജീവികള്‍ക്കും രാത്രിപോലെ തികച്ചും അന്ധകാരമായിരിക്കുന്നത്, ആ നിഷ്ഠയില്‍ വിവേകിയായവന്‍ ഉണര്‍ന്നിരിക്കുന്നു, ഏതൊരു അജ്ഞാനദശയില്‍ (വിഷയനിഷ്ഠയില്‍) ജീവജാലങ്ങള്‍ ഉണര്‍ന്നു ബോധത്തോടുകൂടി ഇരിക്കുന്നുവോ, ആ ദശ, ആ അവസ്ഥ, ആത്മതത്ത്വത്തെ ദര്‍ശിക്കുന്ന മുനിക്ക്‌ രാത്രിയാകുന്നു.


ഭാഷ്യം:


ആത്മജ്ഞാനം സാധാരണക്കാരന്, ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത, രാത്രിയിലെ കൂരിരുട്ടുപോലെയാണ്. എന്നാല്‍, അത് ഒരു യോഗിക്ക് വെളിച്ചം വിതറുന്ന ഉഷസ്സാണ്. സാധാരണക്കാരന്‍ ഇന്ദ്രിയവിഷയങ്ങളെ ജാഗരൂകനായി ഉത്സാഹത്തോടെ സമീപിക്കുമ്പോള്‍ ഒരു യോഗി അതിനോട് ഉറക്കത്തിലെന്നപോലെ അലസനായും നിസംഗനായും പെരുമാറുന്നു. അല്ലയോ അര്‍ജ്ജുനാ, ഇപ്രകാരമുള്ള യോഗിയാണ് എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്യുന്ന നിശ്ചയബുദ്ധിയായ അഖന്ധമുനീശ്വരന്‍.


അദ്ധ്യായം  : 2. 

സാംഖ്യയോഗം


ശ്ലോകം 70


ആപൂര്യമാണമചലപ്രതിഷ്ഠം

സമുദ്രമാപഃ പ്രവിശന്തി യദ്വത്

തദ്വത്കാമാ യം പ്രവിശന്തി സര്‍വേ

സ ശാന്തിമാപ്നോതി ന കാമകാമി.


അര്‍ത്ഥം:


ജലംകൊണ്ട് നിറഞ്ഞിരിക്കുന്നതും സ്ഥിരമായി നില്‍ക്കുന്നതുമായ സമുദ്രത്തില്‍ നാലുപുറത്തുനിന്നും നദി മുതലായവയിലെ ജലം ഒഴുകിയെത്തി ലയിച്ചിട്ടും സമുദ്രം യാതൊന്നും പറ്റാത്ത മട്ടില്‍ സ്ഥിതിചെയ്യുന്നു. അതുപോലെ, നാനാവിധത്തിലുള്ള ഇച്ഛാവിഷയങ്ങള്‍ ഏതൊരു മുനിയിലാണ് ഒരു വികാരത്തെയും ഉണ്ടാക്കാതെ പ്രവേശിച്ചു ലയിക്കുന്നത്, അങ്ങനെയുള്ള മുനി മോക്ഷത്തെ പ്രാപിക്കുന്നു. വിഷയങ്ങളെ ഇച്ഛിക്കുന്നവന്‍ ഒരിക്കലും മോക്ഷത്തെ പ്രാപിക്കുന്നില്ല.


ഭാഷ്യം:


അപ്രകാരമുള്ള ആളിനെ അറിയുന്നതിന്, അല്ലയോ പാര്‍ത്ഥാ, മറ്റൊരു ലക്ഷണമുണ്ട്. ആഴിയുടെ അഗാധതയും ഗ‍ാംഭീര്യവും സഹജമാണ്. നദികളില്‍ ജലം പെരുകി പാരാവാരത്തിലേക്ക് ഒഴുകിയെത്തിയാലും അത് അല്പംപോലും വീര്‍ക്കുകയോ അതിന്റെ അതിര്‍ത്തികളെ ലംഘിക്കുകയോ ചെയ്യുന്നില്ല. വേനല്‍ക്കാലത്ത് നദികളില്‍ വെള്ളം വറ്റുമ്പോള്‍ വാരിധിയുടെ വലിപ്പം കുറയുന്നുമില്ല എന്നതുപോലെ, സ്ഥിതപ്രജ്ഞന്‍ അമാനുഷികമായ സിദ്ധികള്‍ കൈവരിക്കുമ്പോള്‍ ഗര്‍വിതനാവുകയോ സിദ്ധിച്ചില്ലെങ്കില്‍ വിഷണ്ണനാവുകയോ ചെയ്യുകയില്ല. ഒരു ചെറിയ തിരിനാളം സൂര്യഗേഹത്തില്‍ കാന്തി പരത്തുമോ? തിരിനാളം ഇല്ലെങ്കില്‍ അംശുമാന്‍ അന്ധകാരത്തില്‍ ആണ്ടുപോകുമോ? അതുപോലെ, അമാനുഷിക സിദ്ധികള്‍ വരുന്നതും പോകുന്നതും അറിയാതെ അവന്റെ മനസ്സ് ആത്മസുഖത്തില്‍ നിമഗ്നമായിരിക്കും. തന്റെ ആലയവുമായി തട്ടിച്ചു നോക്കുമ്പോള്‍ ദേവേന്ദ്രന്റെ രമ്യഹര്‍മ്മ്യം കേവലം നിസ്സാരമെന്നു ഗണിക്കുന്നവന്‍, ഒരു കുടില്‍ കണ്ടു മോഹിക്കുന്നത് എങ്ങനെയാണ്? അമൃതിനെ കുറ്റം പറയുന്നവന്‍ കഞ്ഞിവെള്ളം കുടിക്കാത്തതുപോലെ, ആത്മാനന്ദം സിദ്ധിച്ച ഒരാള്‍ ലൗകികമായ പ്രൗഢിയില്‍ ഒരിക്കലും ആസക്തനാവുകയില്ല. അതുകൊണ്ട്, സ്വര്‍ഗ്ഗാനന്ദത്തെപ്പോലും പാടേ അവഗണിച്ചവന്‍ ലൗകിക സിദ്ധികള്‍ക്ക് ഒരു വിലയും കല്പ്പിക്കില്ല എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ.


അദ്ധ്യായം  : 2. 

സാംഖ്യയോഗം


ശ്ലോകം 71


വിഹായ കാമാന്യഃ സര്‍വാന്‍

പുമ‍ാംശ്ചരതി നിഃസ്പൃഹഃ

നിര്‍മോ നിരഹംകാരഃ

സ ശാന്തിമധിഗച്ഛതി


അര്‍ത്ഥം:


യാതൊരു പുരുഷന്‍ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ച് ഒന്നിലും ഇച്ഛയില്ലാത്തവനായി, നിര്‍മ്മനായി, നിരഹങ്കാരനായി, സഞ്ചരിക്കുന്നുവോ അവന്‌ ശാന്തി ലഭിക്കുന്നു.


ഭാഷ്യം:


ആത്മജ്ഞാനത്തില്‍ ആമോദിക്കുന്നവനും ബ്രഹ്മാനന്ദത്തില്‍ തുഷ്ടിയും പുഷ്ടിയും കൈവരിക്കുന്നവനും മാത്രമാണ് യഥാര്‍ത്ഥ സ്ഥിതപ്രജ്ഞന്‍. അവന്‍ എല്ലാ അഹന്തയും ഉപേക്ഷിച്ചിരിക്കുന്നു. എല്ലാ ആഗ്രഹങ്ങളും പരിത്യജിച്ചിരിക്കുന്നു. അവന്‍ ജഗത്�രൂപവുമായി സാത്മ്യം പ്രാപിച്ചു പരമാനന്ദത്തില്‍ വസിക്കുന്നു 


അദ്ധ്യായം  : 2. 

സാംഖ്യയോഗം


ശ്ലോകം 72


ഏഷാ ബ്രാഹ്മീ സ്ഥിതി പാര്‍ഥ

നൈന‍ാം പ്രാപ്യ വിമുഹ്യതി

സ്ഥിത്വാസ്യാമന്തകാലേ പി

ബ്രഹ്മനിര്‍വാണമൃച്ഛതി.


അര്‍ത്ഥം:


അല്ലയോ പാര്‍ത്ഥാ, ഈ അവസ്ഥയാണ് ബ്രഹ്മജ്ഞാനനിഷ്ഠ. ബ്രഹ്മനിഷ്ഠ പ്രാപിച്ചു കഴിഞ്ഞ ഒരാള്‍ക്ക്‌ പിന്നെ സംസാരമോഹം ഉണ്ടാവുകയില്ല. ഈ ബ്രഹ്മനിഷ്ഠയില്‍, മരണകാലത്ത് മാത്രമേ ഇരിപ്പാന്‍ സംഗതി വന്നുള്ളൂവെങ്കിലും അവന്‍ ബ്രഹ്മത്തില്‍ ലയിച്ചു ചേരുന്നു.


ഭാഷ്യം:


അര്‍ജ്ജുനാ, ഇപ്രകാരം അതുല്യവും അന്തമില്ലാത്തതുമായ അവസ്ഥയാണ് ബ്രഹ്മനിഷ്ഠ. നിഷ്കാമികള്‍ അതിന്റെ അനുഭവജ്ഞാനത്തില്‍കൂടി അനായാസേന പരബ്രഹ്മത്തെ പ്രാപിക്കുന്നു. അവര്‍ക്ക് ആത്മസാക്ഷാത്കാരമുണ്ടാകുമ്പോള്‍ മരണത്തിന്റെ കാലുഷ്യം അവരെ പീഡിപ്പിക്കുന്നില്ല.


ഭഗവാന്റെ ഉപദേശം കേട്ട അര്‍ജ്ജുനന്‍ ആത്മഗതമായി പറഞ്ഞു: ഭഗവാന്റെ ചിന്താഗതി എനിക്ക് ഏറ്റവും ഹിതകരമായി ഭവിച്ചിരിക്കുന്നു. അദ്ദേഹം എല്ലാ പ്രവൃത്തികളെയും അപലപിക്കുകയാണെങ്കില്‍ ഞാന്‍ യുദ്ധം ചെയ്യണമെന്ന ഉപദേശവും സ്വയം തള്ളപ്പെട്ടുപോകുമല്ലോ.


അങ്ങനെ, കൃഷ്ണന്റെ ഭാഷണം കേട്ട അര്‍ജ്ജുനന്റെ ഹൃദയം കോരിത്തരിച്ചു. അവന്‍ സംശയങ്ങള്‍ ഉയര്‍ത്തി ചിന്തോദ്യോതകമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറായി. അവരുടെ സംഭാഷണം എല്ലാ ധര്‍മ്മത്തിന്റെയും അധിവാസസ്ഥാനവും യഥാര്‍ത്ഥ ജ്ഞാനത്തിന്റെ അമൃതുകൊണ്ട്‌ നിറഞ്ഞ ആഴമേറിയ ആഴിയുമായിരിക്കുമെന്നുള്ളതുകൊണ്ട് ഈ അവസരം അത്യന്തം അഭിരാമമാണ്. സര്‍വജ്ഞനായ ഭഗവാന്‍ ഉദ്ഘോഷിച്ച അമൃതവാണികള്‍, നിവൃത്തിനാഥിന്റെ ശിഷ്യന്‍ ജ്ഞാനേശ്വര്‍ എന്ന ഞാന്‍ നിങ്ങളോട് വിവരിച്ചു പറയ‍ാം.


ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു

ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ

ശ്രീകൃഷ്ണാര്‍ജുന സംവാദേ

സ‍ാംഖ്യയോഗോ നാമ

ദ്വിതീയോദ്ധ്യായഃ സമാപ്തഃ


സ‍ാംഖ്യായോഗം എന്ന രണ്ട‍ാം അദ്ധ്യായം കഴിഞ്ഞു.


**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment