Friday, 30 September 2016

ഒരു മണ്‍വിളക്കുണ്ട്

കാറ്റേല്‍ക്കാത്ത ഒരിടത്ത് ഒരു മണ്‍വിളക്കുണ്ട്. അതിലെ തീനാളം അനങ്ങാതെ നില്‍ക്കുന്നു, ചാഞ്ചല്യമില്ലാത്ത മനസ്സോടെ ആത്മസാക്ഷാത്കാരത്തിനു ശ്രമിക്കുന്നവനും അതുപോലെയാണ്. യോഗസാധനയിലൂടെ മനസ്സിനെ അധീനത്തിലാക്കി, പ്രശാന്തിയെ അറിഞ്ഞവനു കേവലമായ ആത്മദര്‍ശനം തന്നെ തൃപ്തിയേകുന്നു. ഇന്ദ്രിയസുഖങ്ങള്‍ക്ക് അതീതനായി സഞ്ചരിക്കുന്ന ആ യോഗി താന്‍ അനുഭവിച്ചറിഞ്ഞ അതിരറ്റ ആത്മാനുഭൂതി അമൂല്യമാണെന്ന് അറിയുന്നു. അതുകൊണ്ടുതന്നെ ആ ആത്മജ്ഞാനത്തില്‍നിന്നു പിന്നീടൊരിക്കലും അകലുന്നുമില്ല. ആ നേട്ടത്തിനു മുന്നില്‍ മറ്റു നേട്ടങ്ങളെല്ലാം നിഷ്പ്രഭമായിരിക്കുന്നു. ഇപ്പോള്‍ വന്‍ ദുഃഖങ്ങള്‍ പോലും ആ മനസ്സിനെ മുക്കിക്കളയുന്നില്ല. സാധാരണഗതിയില്‍ ദുഃഖങ്ങള്‍ വരുമ്പോള്‍ തകര്‍ന്നിരുന്ന മനസ്സ് ഇപ്പോള്‍ അതില്‍നിന്നു പോലും അകന്നു കഴിഞ്ഞിരിക്കുന്നു.
വ്യാമോഹങ്ങള്‍ ഒഴിഞ്ഞ മനസ്സോടെ എല്ലാ ദിശയില്‍നിന്നും ഇന്ദ്രിയ കവാടങ്ങള്‍ അടച്ചവന്‍ മനസ്സിനെ അന്തരാത്മാവില്‍ പ്രതിഷ്ഠിച്ച് പടിപടിയായി പരമാനന്ദത്തെ പുല്‍കട്ടെ. കാറ്റാടി മരം കണക്കെ ബാഹ്യവിഷയങ്ങളിലേക്ക് മനസ്സ് ആടി ഉലയുന്നുവെങ്കില്‍ അതിനെ വീണ്ടും ആത്മനിയന്ത്രണത്തിലാക്കൂ.

കടപ്പാട് ഗുരു പാരമ്പരയോട്

ജീവിതം

"ജീവിതം നിങ്ങളറിയാതെ സംഭവിച്ചു. ജനനം സംഭവിക്കുന്നു, മരണം സംഭവിക്കുന്നു, നിങ്ങൾ അറിയാതെ സ്നേഹം സംഭവിക്കുന്നു. പിന്നെന്തിനാണ് നിങ്ങൾ സങ്കടപ്പെട്ടിരിക്കുന്നത് ?

സൃഷ്ടികർത്താവ് ആരുതന്നെ ആയിരുന്നാലും അദ്ദേഹത്തിന് നിങ്ങൾക്ക് ജന്മം നല്കാമെങ്കിൽ, മരണം നല്കാമെങ്കിൽ, നിങ്ങളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യാമെങ്കിൽ, എല്ലാ ദുഃഖങ്ങളും അദ്ദേഹത്തിന് തന്നെ വിട്ട് കൊടുക്കുക.

നിങ്ങളായിരിക്കുന്നതിൽ നിങ്ങൾ സന്തോഷിക്കുക. നിങ്ങളായിരിക്കുന്നതിൽ നിങ്ങൾക്ക് സന്തോഷിക്കാനാകുമ്പോൾ പെട്ടെന്ന് നിങ്ങളറിയും - ഇതാണ് പ്രഭവം. നിങ്ങൾ അനന്തജീവിതത്തെ സ്പർശിച്ചു.

-OSHO..

ആത്മദർശനം

"ആത്മദർശനം എങ്ങിനെ സാധിക്കും"???
ആത്മാവ് വേദപഠനംകൊണ്ടോ, വേദന്ത ശ്രവണം കൊണ്ടോ, ലഭ്യനല്ല. ഏതൊരു സാധകൻ ആത്മജ്ഞാനത്തിൽ ജിജ്ഞാസുവാകുകയും അതുലഭിക്കാനായി സാധനകൾ അനുഷ്ഠിക്കുകയും ചെയ്യുമ്പോളാണ് ആത്മദർശനമുണ്ടാവുന്നത്. ജീവാത്മപരമായ ഐക്യം എന്ന ബോധം വന്ന സാധകന് ആത്മജ്ഞാനം നേടുവാൻ കഴിയുകയുള്ളൂ. ഈശ്വരാനുഗ്രഹത്താൽ ആത്മജ്ഞാനത്തിന് യോഗ്യനാണെന്ന് വന്നാലെ ജ്ഞാനം ലഭിക്കുകയുള്ളൂ. ഈശ്വരൻ ആചാര്യരൂപത്തിൽ വന്ന് ഉപദ്ദേശം നൽക്കുവാൻ തയ്യാറാകണമെന്ന് സാരം.
ദുഷ്പ്രവൃത്തികളിൽ നിന്നും വിരമിക്കാത്തവൻ പ്രജ്ഞാനം കൊണ്ട് ആത്മാവിനെ പ്രാപിക്കുകയില്ല. അശാന്ത മനസ്സിനു ഉടമയായവനും സാധ്യമല്ല. അസമാഹിതനായ മനസ്കനും ( ഏകാഗ്രഹീനമായ മനസ്സ് ) സാധ്യമല്ല. ആത്മതത്ത്വമറിഞ്ഞവൻ നിർഭയനായി ഭവിക്കുന്നു. ഏറ്റവും വലിയ ഭയമായ മരണഭയവും നിസ്സാരമായി തോന്നുന്നു. ആ മരണഭയമകട്ടെ ലോകത്തിൽ എന്തിനെയും സംഹരിക്കാൻ കഴിവുള്ള മൃത്യുപോലും ആത്മജ്ഞാനിക്ക് "ഒഴിച്ചുകൂട്ടുന്ന കറിമാത്രമാണ്", അന്നം പോലും അല്ല. ആത്മജ്ഞാനിയുടെ നിർഭയമായ മനസ്സിനെ ഇളക്കാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല.
....അപ്പോൾ ആത്മജ്ഞാനം നേടിയവന്റെ ശക്തി എത്രയായിരിക്കും എന്ന് ഊഹിക്കാമല്ലോ!!!

കടപ്പാട് ഗുരു പാരമ്പരയോട്

ഗുരു

സാധന തുടങ്ങുന്നതിനു മുമ്പ് എല്ലാരും പറയും എനിക്ക് ഗുരു ഇല്ല എന്ന്. ശരിക്കും ഗുരു ഇല്ലാഞ്ഞിട്ടല്ല ഗുരുവിനെ കാണുവാനുള്ള കണ്ണ് ഇല്ലാഞ്ഞിട്ടല്ലേ?

അതേ നമ്മളോടപ്പം വളർന്ന നമ്മുടെ അഹം ഒരിക്കലും സമ്മതിക്കില്ല ഒരു ഗുരുവിനെ അംഗീകരിക്കുവാൻ. എനിക്കു സ്വയം സാധിക്കും എന്ന ചിന്ത ഉള്ളടത്തോളം കാലം ഒരിക്കലും നമ്മുടെ മനസ്സ് ഗുരു വിനെ ഉൾകൊള്ളാൻ വിസമ്മതിക്കും.

തന്റെ പരിമിതി മനസ്സിലായി തുടങ്ങുമ്പോൾ ഗുരുവിലെത്തും. അപ്പോൾ താൻ പരിമിതികൾക്കപ്പുറം ഉള്ളതാണ് എന്ന് ഗുരു തിരിച്ചറിവ് നൽക്കും.

കടപ്പാട് ഗുരു പാരമ്പരയോട്

ഈശ്വരന്‍

കടലിലെ വെള്ളത്തിന്‌ ഉപ്പു രസമുണ്ട്‌. വെള്ളത്തില്‍ മുഴുവനായും ഉപ്പ്‌ ലയിച്ചിരിക്കുകയാണ്‌. നാം കടലിലെ ഉപ്പിനാണോ അതോ വെള്ളത്തിനാണോ പ്രാധാന്യം കൊടുക്കുക. ഉപ്പ്‌ വെള്ളത്തില്‍ ലയിച്ചിരിക്കുകയാണല്ലോ. വെള്ളം ഇല്ലായിരുന്നുവെങ്കില്‍ ഉപ്പിന്‌ വെള്ളത്തില്‍ ലയിക്കുവാന്‍ സാധിക്കുകയില്ലായിരുന്നു. ഉപ്പിന്‌ അലിയുവാന്‍ ഇടം കൊടുത്തതാരാണ്‌? അപ്പോള്‍ ഉപ്പാണോ വെള്ളമാണോ പ്രാധാനം. അതുപോലെ ഈശ്വരന്‌ അലിയുവാന്‍ ഇടം നല്‍കിയത്‌ ആരാണ്‌? ചരാചരങ്ങളായ വസ്‌തുക്കളോ, അതോ? മണ്ണിലും, വിണ്ണിലും, ഇരുമ്പിലും, തൂണിലും ഈശ്വരന്‍ ഉണ്ടെന്ന്‌ പറയപ്പെടുന്നു. വസ്‌തുവിനാണോ അതോ അതില്‍ ലയിച്ചിരിക്കുന്ന ഒന്നിനാണോ പ്രാധാന്യം നല്‍കേണ്ടത്‌. രണ്ടിനുമല്ല, മിറച്ച്‌ സകലതിനുമാണ്‌ എന്ന്‌ നിശ്ചയം. എല്ലാമായിരിക്കുന്നതാണ്‌ ഈശ്വരന്‍. ഒന്നില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുമില്ല. എന്നാല്‍ ഒന്നിലും ലയിച്ചിരിക്കുന്നുമില്ല. എല്ലാമായതാണ്‌ ഈശ്വരന്‍.

കടപ്പാട് ഗുരു പാരമ്പരയോട്

ഏതാണ് ശ്രേഷ്ഠം

ധനം , കാമം ,  ധര്‍മ്മം, നിര്‍വാണം,
ഇവയിൽ ഏതാണ് ശ്രേഷ്ഠം

ധനം ഉണ്ടെങ്കില്‍ നമുക്ക് വേണ്ടതെല്ലാം സ്വന്തമാവും. കൂടാതെ ദാനധര്‍മ്മങ്ങള്‍ കൊണ്ട് പുണ്യവും നേടി ജീവിതം ധന്യമാക്കാം.

അര്‍ത്ഥം ഉണ്ടാക്കാനോ ഉണ്ടെങ്കില്‍ തന്നേ അതു നന്മക്കു ഉപയോഗിക്കാനോ കാമം – അതു ചെയ്യാനുള്ള ആഗ്രഹം ആവശ്യമാണ്! അതുകൊണ്ട് കാമം അര്‍ത്ഥത്തേക്കാളും ശ്രേഷ്ഠം ആണ്!

അര്‍ത്ഥവും കാമവും ഉണ്ടായാലും അയാള്‍ക്ക് ധര്‍മ്മം എന്താണെന്നു അറിയാതെ നല്ലത് ചെയ്യുവാനോ പുണ്യം നേടുവാനോ കഴിയില്ല! എന്നാല്‍ ധര്‍മ്മിക്ക് അര്‍ത്ഥവും കാമവും കൂടാതെ തന്നേ ജീവിതമുക്തി നേടാം! അതുകൊണ്ട് ധര്‍മ്മം മറ്റു രണ്ടിനെക്കാളും ശ്രേഷ്ഠം ആണ്!

എന്താണ് ധര്‍മ്മ അധര്‍മ്മങ്ങള്‍? അവയും മറ്റെല്ലാറ്റിനെയും പോലെ ആത്മ സൃഷ്ടം ആണ്! അവയെയും ഭേദഭാവമില്ലാതെ കാണാന്‍ കഴിയും! ഈ അവസ്ഥയെ നിര്‍വാണം എന്നു പറയുന്നു. പാപ പുണ്യങ്ങള്‍,സുഖദുഖങ്ങള്‍, നന്മതിന്മകള്‍ ഇവയെല്ലാം തുല്യമായി കണ്ടു ഭേദ ചിന്തയില്ലാതെ സ്വീകരിക്കുന്ന അതു സര്‍വശ്രേഷ്ഠം

കടപ്പാട് ഗുരു പാരമ്പരയോട്

വേദത്തിന് പൂ൪ണ്ണത

ജ്യോതിഷം, കല്പം, നിരുക്തം, ശിക്ഷാ, വ്യാകരണം, ഛന്ദസ്സ് എന്നിങ്ങനെ വേദത്തിന് ആറ് അംഗങ്ങളാകുന്നു.
വേദങ്ങളുടെ ആറ് അംഗങ്ങളില്‍വച്ച് ഛന്ദസ്സാസ്ത്രം വേദപുരുഷന്‍റെ കാലുകളാകുന്നു. ശബ്ദശാസ്ത്രം (വ്യാകരണം) മുഖമാകുന്നു. കല്പശാസ്ത്രം കരങ്ങളാകുന്നു. ജ്യോതിശാസ്ത്രം കണ്ണുകളാകുന്നു. ശിക്ഷാശാസ്ത്രം നാസികയാകുന്നു. നിരുക്തം ചെവികളാകുന്നു. ഇങ്ങനെ ആറ് അംഗങ്ങളെക്കൊണ്ട് വേദത്തിന് പൂ൪ണ്ണത സിദ്ധിക്കുന്നു എന്ന് ഋഷീശ്വരന്മാ൪ വിശദമായി പറഞ്ഞിരിക്കുന്നു. ഒരു മനുഷ്യന് കരചരണാദികളായ അവയവങ്ങളെപ്പോലെയാണ് വേദത്തിന് ശബ്ദശാസ്ത്രാദികളായ അവയവങ്ങള്‍ ഉപകരിക്കുന്നത്.

കടപ്പാട് ഗുരു പാരമ്പരയോട്

രാവും പകലും,

'' രാവും പകലും, ദിവസം ഇരുപത്തിനാല് മണിക്കൂറും നിങ്ങൾ ചിന്തിച്ചുകൊണ്ടേയിരിക്കുന്നു. കാമനകളും, സ്വപ്നങ്ങളും നെയ്തുക്കൊണ്ടിരിക്കുന്ന ഒരു ഭ്രാന്തമായ അവസ്ഥ.

ഇതൊരു രോഗാതുരമായ, അസ്വാഭാവികമായ അവസ്ഥയാണ്. ഇത് നിങ്ങളെ അഭ്യസിപ്പിച്ചതാണ്. നിങ്ങളുടെ മതം, വിദ്യാഭ്യാസം എന്നിവയെല്ലാം എങ്ങനെ ചിന്തിക്കണം എന്ന് നിങ്ങളെ പഠിപ്പിക്കുന്നു. മനസ്സിനെ ഓൺ ചെയ്യാനല്ലാതെ, എങ്ങിനെ ഓഫ് ചെയ്യാമെന്ന് ആരും പറഞ്ഞു തരുന്നതുമില്ല.

ഇവിടെ എന്രെ പ്രവർത്തനം അതെങ്ങനെ ഓഫ് ചെയ്യാമെന്ന് പഠിപ്പിക്കലാണ്. ആവിശ്യമുള്ളപ്പോൾ മാത്രം ഓൺ ചെയ്യതാൽ മതിയല്ലോ? ആഴമുള്ള നിശ്ശബ്ദതയിലേക്ക് നിങ്ങളെ എത്തിക്കണം. ആ നിശ്ശബ്ദമായ ഇടങ്ങളിൽ മാത്രമെ അസ്തിത്വത്തിന്രെ അപാരമായ മഹിമയെകുറിച്ച് ബോധവരായി തീരുകയുള്ളൂ.

ജീവിതം പൊടുന്നനെ അത്യധികം പ്രസക്തവും, അർത്ഥപൂർണ്ണവുമായിത്തീരും. ഈ അസ്തിത്വത്തിൽ പ്രാർത്ഥനാനിരതനായിത്തീരുന്ന അമൂല്യ നിമിഷങ്ങൾ! ''

ഓഷോ

കടപ്പാട് ഗുരു പാരമ്പരയോട്

വാചാലനായ ഞാൻ

വാചാലനായ ഞാൻ സാധന ചെയ്യ്തു തുടങ്ങിയപ്പോൾ കൂടുതൽ വാചാലനായി. കൂടുതൽ കൂടുതൽ വാചാലനായപ്പോൾ ഞാൻ ചിന്തിക്കുവാൻ മറന്നു പോയി. എന്നിലേയ്ക്ക് കടക്കുവാൻ വൈയ്കി.

സാധനയും ചെയ്യുന്നുണ്ട്. അതല്ലാം യാന്ത്രികമായി പോക്കുന്നുവോ എന്ന് ഞാൻ ചിന്തിച്ചു തുടങ്ങി.. എന്നിലെ വാചാലത അടങ്ങി തുടങ്ങി ഞാൻ എന്നിലേയ്ക്ക് പ്രവേശിക്കാൻ തുടങ്ങി.

ഞാൻ വാചാലമായത് എന്തുകൊണ്ടായിരിക്കും? സാധനയിൽ വന്നിട്ടും വാചാലത തുടർന്നതു എന്തുകൊണ്ട്? അതിന്റെ ഉത്തരം എന്റെ ആന്തരിക അന്വേഷണത്തിൽ നിന്നും മാത്രമേ ലഭിക്കുകയുള്ളൂ.

കടപ്പാട് ഗുരു പാരമ്പരയോട്

അവധൂത ചിന്തകൾ

1. "അതിൽ ജീവിച്ചാൽ " എല്ലാം "അതിജീവിക്കാം "

2. പ്രായം ഏറുന്നു എന്ന് അറിയുമ്പോൾ പ്രായം കുറയ്ക്കുവാൻ ഉള്ള പാഴ്ശ്രമം തുടങ്ങും

3. എല്ലാവരും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നു എന്നാൽ ആരും സ്നേഹം കൊടുക്കുവാൻ തയ്യാറും അല്ല

4. ജീവിതത്തിൽ നമ്മൾ അനുഭവിച്ചത് എല്ലാം നമ്മുടെ പാഠങ്ങൾ ആയി മാറട്ടെ

5. മനസ്സിൽ ഞാൻ കണ്ടു എന്ന് പറയുമ്പോൾ എന്ത് കൊണ്ടാ കണ്ടത് ?

6. എന്നെ തല്ലരുത് അമ്മാവാ ഞാൻ നന്നാവൂല്ലാ എന്ന് പറയുമ്പോൾ അവൻ അതിന്റെ അർത്ഥം മനസ്സിലാക്കുന്നുണ്ടോ ?

7. കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന് അറിഞ്ഞിട്ടും കുടിക്കുന്നു അപ്പോൾ ഹാനികരം എന്ന് അറിഞ്ഞില്ല എന്ന് അല്ലെ അർത്ഥം

8. സ്വപ്നം കണ്ട് ഉറങ്ങുന്ന എന്നെ ഞാൻ സ്വപ്നം കണ്ടു

9. ഞാൻ ഉറങ്ങി എന്ന് ഉറങ്ങിയതിനു ശേഷം എനിക്കു പറയാൻ ആകില്ല , ഞാൻ ഇപ്പോൾ എണീക്കും എന്ന് ഉണരുന്നതിനു മുൻപും എനിക്ക് പറയാനാകില്ല . അങ്ങനെ ഞാൻ എന്റെ അഹംങ്കാരം കുറച്ചു

10. ജീവിതം വിചിത്രം ആയിപ്പോയി കണ്ട ചിത്രം എല്ലാം വിചിത്രം ആയിപ്പോയി

കടപ്പാട് ഗുരു പാരമ്പരയോട്

കാലചക്രം

പ്രപഞ്ചം,ഈശ്വരന്‍, കാലം തുടങ്ങിയവയെക്കുറിച്ച്‌ ലളിതമായി യുഗം, അവതാരം എന്നീ രൂപത്തില്‍ പ്രതിപാദിക്കാം

യുഗം, അവതാരം എന്നീ രണ്ട്‌ സങ്കല്‍പ്പങ്ങളും പരസ്പരം പൂരകങ്ങളാണ്‌. യുഗധര്‍മത്തെ വെളിവാക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടിയാണ്‌ ഈശ്വരന്‍ അവതാരങ്ങളെ കൈകൊള്ളുന്നത്‌ എന്നതാണ്‌ ഇതിന്‌ കാരണം. കാലവും ലോകവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാലത്തിന്റെ ശക്തികൊണ്ട്‌ ലോകത്ത്‌ നിരന്തരം പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. അനന്തമായ കാലത്തെ അതിന്റെ സവിശേഷതകളെ ആസ്പദമാക്കി വിഭജിച്ചിരിക്കുന്നതിനെയാണ്‌ യുഗം എന്ന്‌ പറയുന്നത്‌. പ്രധാനമായും നാലുയുഗങ്ങളെ പറയുന്നു-സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം,കലിയുഗം. ചതുര്‍യുഗങ്ങളുടെ അവസാനം സൃഷ്ടികളെല്ലാം സൂക്ഷ്മരൂപമായി പ്രകൃതിയില്‍ ലയിച്ച്‌ പ്രകൃതി ഭഗവാനില്‍ ലയിച്ച്‌ ഭഗവാന്‍ യോഗനിദ്രയെ പ്രാപിക്കുന്നു. പിന്നെ ഭഗവാന്‍ തന്നെ വൃക്ഷോദരനായി അവയെ ആരംഭിക്കുന്നു. അങ്ങനെ വീണ്ടും വിശ്വം നിലവില്‍വരുന്നു. ഇത്‌ ആദ്യന്തവിഹീനമായ പ്രക്രിയ ആയതിനാല്‍ ഭഗവാന്‍ യുഗാവര്‍ത്തനാകുന്നു. യുഗ്മം എന്ന പദത്തിന്‌ ‘മ’കാരത്തിന്‌ ലോപം സംഭവിച്ചാണ്‌ യുഗം എന്ന ശബ്ദം നിഷ്പന്നമാകുന്നത്‌. യുഗങ്ങളില്‍ കൃത-ത്രേതകളെയും, ദ്വാപര- കലികളെയും ഇരട്ടകളായി കണക്കാക്കുന്നു. കാലം ഒരു ചക്രം പോലെയാണ്‌. ഇതേ സവിശേഷത യുഗങ്ങള്‍ക്കും പറയാവുന്നതാണ്‌. ഒരു ചക്രം തിരിയുന്നതുപോലെ യുഗങ്ങള്‍ മാറിമാറി വരുന്നു.

അതിസൂക്ഷ്മം മുതല്‍ ബ്രഹ്മായുസ്സ്‌ വരെയുള്ള കാലത്തെ ഭാരതീയര്‍ കണക്കാക്കിയിട്ടുണ്ട്‌. ഒരു താമരയിതളിനെ തുളച്ച്‌ സൂചി പുറത്തെത്തുന്നതിന്‌ എടുക്കുന്ന സമയത്തെ അല്‍പകാലം എന്ന്‌ പറയുന്നു. 30 അല്‍പകാലം-ഒരു ത്രുടി, 30 ത്രുടി- ഒരു കല, 30 കല-ഒരു കാഷ്ഠ, 30 കാഷ്ഠ- ഒരു നിമിഷം, 4 നിമിഷം- ഒരു ഗണിതം, 60 ഗണിതം-ഒരു വിനാഴിക, 60 വിനാഴിക- ഒരു നാഴിക,60 നാഴിക – ഒരു രാവും പകവും ചേര്‍ന്ന ദിവസം, 15 ദിവസം- ഒരു പക്ഷം, 2 പക്ഷം- ഒരു മാസം, 12 മാസം- ഒരു മനുഷ്യവര്‍ഷം, ഒരു മനുഷ്യവര്‍ഷം-ഒരു ദേവദിനം,360 ദേവദിനം- ഒരു ദേവവര്‍ഷം, ഇതിനെ ദിവ്യവര്‍ഷം എന്നും പറയുന്നു.1200 ദിവ്യവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു ചതുര്‍യുഗം. സത്യയുഗം, ത്രേതായുഗം,ദ്വാപരയുഗം,കലിയുഗം എന്നിവയാണ്‌ ഒരു ചതുര്‍യുഗത്തിലെ നാല്‌ യുഗങ്ങള്‍.

ഓരോ യുഗവും സന്ധ്യ, സന്ധ്യാംശം എന്നിവ കൂടിചേര്‍ന്നതാണ്‌. സന്ധ്യയെയും, സന്ധ്യാംശത്തെയും ഉള്‍പ്പെടുത്തിയാണ്‌ യുഗത്തിന്റെ കാലയളവിനെ കണക്കാക്കുന്നത്‌. സത്യയുഗത്തില്‍ 4,000 ദിവ്യവര്‍ഷവും, സന്ധ്യയും, സന്ധ്യാംശയും 400 ദിവ്യവര്‍ഷം ആണ്‌, ആകെ 4800 ദിവ്യവര്‍ഷം. അതുപോലെ,3000 ദിവ്യവര്‍ഷം ത്രേതായുഗത്തിലും, സന്ധ്യയും ,സന്ധ്യാംശവും 300 ദിവ്യവര്‍ഷംവീതവും ആണ്‌. ആകെ 3600 ദിവ്യവര്‍ഷം. 2000 ദിവ്യവര്‍ഷം ദ്വാപരയുഗത്തിലും, സന്ധ്യയും, സന്ധ്യാംശവും 200 ദിവ്യവര്‍ഷവും ആകെ 2400 ദിവ്യവര്‍ഷവും ആണ്‌.കലിയുഗത്തില്‍ 1000 ദിവ്യവര്‍ഷവും, സന്ധ്യയും, സന്ധ്യാംശവും 100 ദിവ്യവര്‍ഷം വീതവും ആണ്‌. ആകെ 1200 ദിവ്യവര്‍ഷം. ഒരു ചതുര്‍യുഗത്തില്‍ ആകെ 12000ദിവ്യവര്‍ഷം ഉണ്ട്‌. ഇപ്രകാരമുള്ള 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു മന്വന്തരം. 14 മനന്വന്തരങ്ങള്‍ അഥവാ ആയിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇതിനെ ഒരു കല്‍പം എന്ന്‌ പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്‌. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ബ്രഹ്മവര്‍ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിന്‍ശേഷം ബ്രഹ്മാവും പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. അടുത്ത മഹാസൃഷ്ടിയുടെ കാലത്ത്‌ വിഷ്ണുവിന്റെ നാഭീകമലത്തില്‍ നിന്ന്‌ പുതിയ ബ്രഹ്മാവ്‌ ജാതനാകുന്നു. അദ്ദേഹം പഴയതുപോലെ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. 1200 ദിവ്യവര്‍ഷത്തെ ഒരു കല എന്ന്‌ വിശേഷിപ്പിക്കാം. സത്യയുഗം 4കലകളോടും, ത്രേതായുഗം 3 ,ദ്വാപരയുഗം 2 ,കലിയുഗം 1 കലയോടും ആണ്‌ ഉള്ളത്‌. ഒരു യുഗത്തില്‍ എത്ര കലകളുണ്ടോ അത്രയും അവതാരങ്ങളും ഉണ്ടാകുന്നു. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു.

എല്ലാ അവതരാങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. അതായത്‌, ഓരോ അവതാരവും യുഗകലയുടെ അവസാനസമയത്തുള്ള സന്ധ്യാംശത്തിലാണ്‌ വരുന്നത്‌. ബലരാമനും ശ്രീകൃഷ്ണനും മാത്രമാണ്‌ ഇതിന്‍ നിന്ന്‌ വ്യത്യസ്തം.

ആയിരം ചതുര്‍യുഗങ്ങളാണ്‌ ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്‍ഷം. 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ഒരു ബ്രഹ്മായുസ്സുമാണ്‌.

കടപ്പാട് ഗുരു പാരമ്പരയോട്

നന്ദിയുള്ള

ഞാൻ എന്നിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്തിനെയാണ്, ബുദ്ധിയെയാണോ? സൗന്ദര്യത്തെയാണോ? കഴിവിനെയാണോ?

ഇതിൽ ഏതായാലും ഇതോന്നും എന്റെ 'കഴിവിനാൽ' ഉണ്ടായതല്ല, അപ്പോൾ പിന്നെ എന്റെതായി എന്തുണ്ട്? എന്റെതായി എന്തുണ്ട്?

എല്ലാം എന്നിലുള്ളത് എനിക്ക് ദാനമായി കിട്ടിയത് മാത്രമേ എന്നിലുള്ളൂ. അതിന്നാൽ എന്ത് അഹങ്കരിക്കാൻ? എന്തു കേമത്വം കാട്ടാനാണ് സാധിക്കുക. നന്ദിയുള്ളവനാവുകയെ എനിക്കാവുകയുള്ളൂ. അറിഞ്ഞ് എന്നെ നിലനിർത്തുന്നതിന്.

കടപ്പാട് ഗുരു പാരമ്പരയോട്

അഹങ്കാരം

ആരും എന്നെ ശ്രദ്ധിക്കുന്നില്ല എന്ന പരാതിയും, അല്ലങ്കിൽ എനിക്കാരും ഒരു വിലയും തരുന്നില്ല എന്ന വേവലാതിയും, ചിലപ്പോൾ ഒന്നു സ്വസ്ഥമായി ഇരുന്നാൽ മതി എന്ന ചിന്തയും, ചിലനേരം മറ്റുള്ളവരുടെ ആകർഷിപ്പിക്കാനുള്ള വ്യഗ്രതയും, നിരാശയും, ആവേശവും, വെപ്രാളവും ആകെ കൂടി അവിയൽ അവസ്ഥയാ ഞാൻ കൂടാതെ ഒടുക്കലത്തെ അഹങ്കാരവും.

ആരും നോക്കിയില്ലെങ്കിൽ നിരാശനും എല്ലാരും നോക്കിയാൽ അഹങ്കാരിയും. ഹമ്മോ എങ്ങോട്ടാ ഈ വള്ളം പോകുന്നത്?

കടപ്പാട് ഗുരു പാരമ്പരയോട്

ജീവിതം ഉത്തരം

ജീവിതം ഉത്തരം കണ്ടെത്തുവാനുള്ള ഒരു കടങ്കഥയല്ല.. അത് ജീവിക്കപ്പെടേണ്ടതായ ഒരു നിഗൂഢാത്ഭുതമാണ്. അതൊരു അഗാധമായ അത്ഭുതമാണ്. അതിനാൽ വിശ്വസിക്കുകയും അതിലേക്കു പ്രവേശിക്കുവാൻ നിങ്ങളെ സ്വയം അനുവദിക്കുകയും ചെയ്യുക.

വാഗ്യാദമൊന്നും ഒരു സഹായവും ചെയ്യില്ല -മറ്റുള്ളവരുമായോ അല്ലെങ്കിൽ മനസ്സിനുള്ളിൽ നിങ്ങളോടു തന്നെയോ ഉള്ള വാഗ്യാദം - വാദിക്കുകയേ അരുത്. എല്ലാ വാദപ്രതിവാദങ്ങളും വ്യർത്ഥവും വിഡ്ഢിത്തവുമാണ്.

ഓഷോ

കടപ്പാട് ഗുരു പാരമ്പരയോട്

ലക്ഷ്യബോധം

ജീവിതത്തിന് ഒരർത്ഥം ഉണ്ടാവണം എന്നു ആഗ്രഹിക്കുന്നത് നല്ലതാണ്. എന്നാൽ ആഗ്രഹിച്ചിട്ടു മാത്രം എന്താ കാര്യം.

ഈ ആഗ്രഹത്തിനെ അടിച്ചമർത്തുന്ന മറ്റു ആഗ്രഹങ്ങൾ ഉള്ളിൽ കിടക്കുമ്പോൾ എങ്ങനെ ശരിയാക്കും?ആഗ്രഹങ്ങൾക്ക് ഒരു പഞ്ഞവും ഇല്ല. പല ആഗ്രഹങ്ങൾക്കിടയിൽ ഈ ആഗ്രഹവും കൂടി കുഴഞ്ഞിരിക്കുന്നു.

ലക്ഷ്യബോധം ഉണ്ടങ്കിൽ ആഗ്രഹിച്ചതിനു വേണ്ടി പ്രയത്നിക്കാനുള്ള ഊർജ്ജം അവനിലുണ്ടായിരിക്കും.

കടപ്പാട് ഗുരു പാരമ്പരയോട്

ഭക്തന്മാര്‍

ആ മാവ്  അത് നിറയെ പൂത്തിട്ടുണ്ട്. വിരളമായി മാത്രമേ ഇലകള്‍ കാണുന്നുള്ളൂ. എല്ലാ പൂക്കളും ഫലമാവുകയാണെങ്കില്‍, കൊമ്പുകള്‍ക്ക് ഭാരം താങ്ങനാവുമൊ? എന്നാല്‍, അങ്ങനെ സംഭവിക്കുന്നില്ല. മിക്കവാറും പൂക്കളും കാറ്റില്‍ പൊഴിഞ്ഞുപോകുന്നു. കുറെയെണ്ണം തനിയെ വീണുപോകുന്നു. കുറെയെണ്ണം മാത്രം ഫലങ്ങളായി തീരുന്നു. ഇവയില്‍ കുറെ അണ്ണാനും, പക്ഷികളും, കുരങ്ങന്മാരും തിന്നുന്നു. ഇപ്രകാരം, തൊണ്ണൂറ് ശതമാനം പൂക്കളും ഫലങ്ങളാകുന്നില്ല. പത്ത് ശതമാനമേ മരത്തില്‍ ബാക്കി ഉണ്ടാകുകയുള്ളൂ.

“അതേപോലെ, ആയിരക്കണക്കിന് ഭക്തന്മാര്‍ ഉണ്ട്. അവരെല്ലാം നല്ല ഭക്തന്മാരായി പക്വത ആര്ജ്ജിക്കുന്നുണ്ടോ? പലരും പകുതിവഴിക്ക്‌ വിട്ടുപോകുന്നു. ചിലര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുവാന്‍ വേണ്ടി, വരുന്നു. ചിലര്‍ ധനം തേടുന്നു. പലരും അവരുടെ വിദ്യാഭ്യാസം, ജോലി, വിവാഹം, അല്ലെങ്കില്‍ വ്യക്തിപരമായ മറ്റു ആഗ്രഹങ്ങ‍ളുമായി ബന്ധപ്പെട്ട് വരുന്നവരാണ്. അവര്‍ ഓരോരുത്തരിലും എന്തെങ്കിലും ന്യൂനത ഉണ്ട്. അവര്‍ ആരും ഭഗവാനെ  തേടിയല്ല വരുന്നത്. ഭഗവന്റെ  ഭാണ്ടാരത്തില്‍ അവര്‍ക്ക് കൊടുക്കുവാനായി വിലയേറിയ ഒരു വസ്തു ഉണ്ട്. എന്നാല്‍ ആരും അത് ആവശ്യപ്പെടുന്നില്ല. ഈ കാരണംകൊണ്ടാണ് ഭഗവാൻ  ഭക്തന്മാരെ  പരിശോധിക്കുന്നത്.  (നാണയങ്ങളെ പരിശോധിക്കുന്നതു പോലെ)  ഈ നാണയങ്ങളുടെ കൂട്ടത്തില്‍, തേയ്മാനം സഭവിച്ചവയും, തരം താഴ്ത്തപ്പെട്ടവയും, കോടി, വിലയില്ലാതായവയും ഉണ്ട്.”

“ഈ നാണയങ്ങളുടെ ന്യൂനതകള്‍ പരിശോധിക്കുന്നതുപോലെത്തന്നെ, ഭഗവാന്റെ അടുത്ത് വരുന്ന ഭക്തന്മാരുടെ പോരായ്മകളും ഭഗവാൻ   തിരയുന്നുണ്ട്. അവരില്‍ എന്ത് ദോഷങ്ങളാണ് ഉള്ളതെന്നും, ആ ദോഷങ്ങള്‍ വയ്ച്ചുകൊണ്ട്, ഭഗവാന്റെ സത്യത്തെ ശരിയായി ഗ്രഹിക്കുവാന്‍ അവര്‍ക്ക് കഴിയുമോ എന്നും കണ്ടെത്താന്‍ ഭഗവാൻ  ശ്രമിക്കുന്നു. അവര്‍ക്ക് ഭഗവാനെ  ആവശ്യമുണ്ട്. എന്നാല്‍ അവരുടെ ആഗ്രഹങ്ങളെല്ലാം ലൌകിക വസ്തുക്കളെ സംബന്ധിച്ചുള്ളവയാണ്. ഈ മനസ്ഥിതി വയ്ച്ചുകൊണ്ട് എങ്ങനെയാണ് അവര്‍ക്ക്   ഭഗവാനിലേക്ക് എത്താന്‍ കഴിയുക? തെറ്റായ ദിശയിലേക്കു പോകുന്ന വണ്ടിയില്‍ കയറി, എങ്ങനെയാണ് നിങ്ങള്ക്ക് ലക്ഷ്യസ്ഥലത്ത് എത്താന്‍ കഴിയുക? അവര്‍ക്ക് ഭഗവാനെ ആവശ്യമുണ്ട്. എന്നാല്‌ എന്നെ സാക്ഷാത്ക്കരിക്കുവാനുള്ള പരിശ്രമങ്ങള്‍ ചെയ്യുന്നില്ല. ഭഗവാന്റെ  അടുത്തുവരുന്നവരില്‍ ആയിരത്തില്‍ ഒരാള്‍ മാത്രമാണ് യഥാര്‍ഥത്തില്‍ അതിനായി പ്രയത്നിക്കുന്നത്‌.”

‘ഭക്തന്മാര്‍ എന്ന് വിളിക്കപ്പെടുന്നവരുടെ മനസ്സുകള്‍ തെറ്റായ ദിശകളിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. അവരുടെ ആഗ്രഹങ്ങള്‍ നിരവേറ്റപ്പെട്ടാല്‍, അവര്‍ ഭഗവാനെ പുകഴ്ത്തുന്നു. എന്നാല്‍, ഒരു ആഗ്രഹം സാധിക്കാതെവന്നാല്‍, ഭഗവാനെ അധിക്ഷേപിക്കുവാന്‍ പോലും തയ്യാറാകുന്നു. ഭഗവാനെ അറിയുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍‍ത്തന്നെ അവര്‍, അടിമുതല്‍ മുടിവരെ, സംശയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നു. അവരുടെ ലൌകിക മോഹങ്ങള്‍ നിറവേറ്റപ്പെടാതെ വരുമ്പോള്‍, ചിലര്‍ ഭഗവാനെ വിട്ടുപോകുക പോലും ചെയ്യുന്നു. അവര്‍ ഒട്ടും ആത്മാര്‍ഥതയുള്ള ഭക്തന്മാരല്ല. വാസ്തവത്തില്‍, അവര്‍ ഏറ്റവും നീചന്മാരായ പാപികളാണ്. അവര്‍ക്ക് എങ്ങനെയാണ് ഭഗവാനിലേക്ക് എത്തുവാന്‍ കഴിയുക?”

കടപ്പാട് ഗുരു പാരമ്പരയോട്