നമുക്ക് ഭക്തി എന്തെന്ന് മനസ്സിലാക്കുവാന്‍ എളുപ്പമാണ്. എങ്ങിനെയെന്നാല്‍, വിരക്തി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് യഥാര്‍ത്ഥ ഭക്തി ഉണ്ടാകുന്നത് എന്ന് പറയാം. പക്ഷെ എന്താണ് വിരക്തി ?
ഈ ശരീരം നശ്വരമാണ് എന്നും; അതിനാല്‍ നശ്വരമായ ഈ ശരീരവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ ലൌകിക സുഖങ്ങളും വന്നും പോയും ഇരിക്കുന്നവയാണ് എന്നും മനസ്സിലാക്കുമ്പോള്‍ ശരീരത്തിനാല്‍ മാത്രം ലഭിക്കുന്ന സുഖം തേടി ജീവിക്കുന്ന നമ്മുടെ ജീവിതത്തിന് എന്ത് അര്‍ത്ഥമാണ് ഉള്ളത് ? അതിനാല്‍ സുഖം തേടുന്നു എങ്കില്‍ നിത്യമായ ഒരു വസ്തുവില്‍ ആയിരിക്കണം. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ നമുക്ക് എന്നെന്നും ആശ്രയിക്കുവാന്‍ പാകത്തില്‍ ഒരു മാറ്റവും കൂടാതെ എന്നും ഒരുപോലെ നില നില്‍ക്കുന്ന ആ സത്യം ഏതാണ് ?
ഇങ്ങിനെ ചിന്തിക്കുന്നിടത്താണ് ഒരാളുടെ സത്യാന്വേഷണം ആരംഭിക്കുന്നത്; ഈ അന്വേഷണത്തിലൂടെ മുന്നോട്ടു പോകുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും ലക്ഷ്യപ്രാപ്തി ഉണ്ട് എന്ന് അതിനെ സാക്ഷാത്കരിച്ച ഗുരുവര്യന്മാര്‍ നമ്മോടു തെളിവുകള്‍ നിരത്തി പറഞ്ഞു തരുന്നു. ആ ഒരൊറ്റ സത്യത്തെ തന്നെയാണ് നാം ഈശ്വരന്‍, ശിവന്‍, പരമാത്മാവ് മുതലായ വാക്കുകള്‍ കൊണ്ട് സൂചിപ്പിക്കുന്നത്.
ഹരിനാമ കീര്‍ത്തനത്തില്‍ ഗുരുവര്യന്‍ എഴുത്തച്ഛന്‍ പറയന്നു ''അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നു കണ്ണ് മനമാകുന്ന കണ്ണതിന് കണ്ണായിടുന്ന പൊരുള്‍ താനെന്നുറയ്ക്കുമളവാനന്ദമെന്തു ഹരി നാരായണായ നമ:". ഇത്രയും മനസ്സിലാക്കിക്കഴിഞ്ഞ ഒരു വ്യക്തിയെ ജീവിതത്തിലെ ഒരു പ്രാരബ്ദങ്ങളും ഒരിക്കലും ബാധിക്കുകയില്ല. കാരണം ഈ പ്രപഞ്ചത്തിലെ നിയമം അനുസരിച്ച് തന്റെ ഇന്ദ്രിയങ്ങളും മനസ്സും പ്രവര്‍ത്തിക്കുന്നു എന്നും എല്ലാറ്റിനും സാക്ഷിയായ ആ പരമാത്മാവിനെ
സക്ഷാത്കരിക്കുകയാണ് തന്റെ പരമമായ ലക്‌ഷ്യം എന്നും; ഒപ്പം ക്ഷണികവും സ്വപ്ന സദൃശവുമായ ഈ ജീവിതം ഈശ്വരാര്‍പ്പണമായി ജീവിച്ചു തീര്‍ക്കണം എന്നും അവന്‍ മനസിലാക്കുന്നു. അങ്ങിനെ മനസ്സിലാക്കി ജീവിക്കുന്ന ഒരാളാണ് യഥാര്‍ത്ഥ ഭക്തന്‍.
ഇത് കൂടാതെ ചിലര്‍ പ്രയോഗിക്കുന്ന ഒരു വാക്കാണ് ''ഈശ്വരവിശ്വാസം അഥവാ ഈശ്വരവിശ്വാസി''. അതുമായി സനാതന ധര്‍മ്മത്തിന് ഒരു ബന്ധവുമില്ല. സ്വന്തമായി ഒരു അറിവും ബുദ്ധിയും ഇല്ലാത്ത മനുഷ്യരുടെ സങ്കല്‍പ്പിക അഭയ കേന്ദ്രം മാത്രമാണ്
വിശ്വാസം. ഒരു വിശ്വസി ഒരിക്കലും സത്യത്തില്‍ എത്തിച്ചേരുന്നതല്ല. കാരണം വിശ്വാസം എല്ലാം അന്ധവിശ്വാസം തന്നെയാണ്. പതിനെട്ടു പുരാണങ്ങളിലും നാല് വേദങ്ങളിലും ഇതിഹാസങ്ങളിലും ഭഗവദ് ഗീതയിലും "വിശ്വാസം'' എന്നോ "വിശ്വസിക്കണം'' എന്നോ ഒരു വാക്ക് പോലും കാണിച്ചു തരുവാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല.
ഹൈന്ദവ ധര്‍മ്മം അനുസരിച്ച് ഈശ്വരന്‍ വിശ്വസിക്കുവാന്‍ ഉള്ളതല്ല, നേരിട്ട് അനുഭവിച്ച് അറിയുവാന്‍ ഉള്ളതാണ്. അങ്ങിനെ അറിയുക എന്നതാണ് ഓരോ ജീവന്റെയും പരമമായ ലക്‌ഷ്യം.ആ ലക്‌ഷ്യം സാധിക്കും വരെ ജനന മരണ ചക്രങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കും, അതാണ് പ്രകൃതി നിയമം
((കടപ്പാട് ഗുരുകൃപ ))
No comments:
Post a Comment