ജീവന്‍മുക്തി എന്നത് ഒരു പ്രത്യേക അവസ്ഥാവിശേഷമാണ്. അത് ജനനമരണ ചക്രത്തിന്‍റെ നാശം ആണ്. കൈവല്യം കൈവരിക്കുന്നത് ദൈര്‍ഘ്യമേറിയതും, വിഷമകരവുമായ ഒരു പ്രക്രിയയാണ്. ലൌകികമായ കെട്ടുപാടുകളില്‍ കുടുങ്ങിപോകുന്നത് എളുപ്പമാണ്. ജീവന്‍മുക്തരായി നിലനില്‍ക്കണമെങ്കില്‍ വളരെയേറെ ശ്രദ്ധയും, വിവേചനവും, സുഖദുഖങ്ങളില്‍ (മാനസികവും,ശാരീരികവുമായ) ഉള്ള സമഭാവനയും അത്യാവശ്യമാണ്. ആത്യന്തിക മോചനത്തിനുള്ള മാര്‍ഗം മാര്‍ഗരഹിതമാണ്. ശീലങ്ങള്‍ എന്തും മാനസികമായ അടിമത്തത്തിലൂടെ നമ്മെ ബന്ധിപ്പിക്കുന്നു. നമ്മുടെ പതിവ് ആരാധനാ സമ്പ്രദായങ്ങള്‍, മറ്റു ശീലങ്ങള്‍, ബന്ധങ്ങള്‍, അതിനെക്കുറിച്ച് ഉള്ള പ്രതീക്ഷകള്‍, എല്ലാം ബന്ധനമാണ്. മമതാബോധം കൂടാതെ, അല്ലെങ്കില്‍ ഫലം ആഗ്രഹിക്കാതെ കര്‍മം ചെയ്യുമ്പോള്‍ നാം വിമുക്തരായി നില നില്‍ക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ജാഗ്രത്, സുഷുപ്തി, സ്വപ്ന അവസ്ഥതകളില്‍ സാക്ഷി ഭാവം നില നിര്‍ത്തുക എന്നതാണ് വിമുക്തിയിലെക്കുള്ള താക്കോല്‍. ഇവിടെ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം മമത ബോധം കൂടാതെ, അല്ലെങ്കില്‍ വിരക്തിയോടു കൂടി ജീവിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, സ്വകര്‍മങ്ങള്‍ ചെയ്യാനുള്ള മടുപ്പോ, ഒളിച്ചോട്ടമോ, അതുമല്ലെങ്കില്‍ കടമകള്‍ മോശമായ രീതിയില്‍ ചെയ്യുന്നതോ അല്ല എന്നതാണ്. നൂറു ശതമാനം സമര്‍പ്പണത്തോടും, പൂര്‍ണതയോടും കൂടി കര്‍മഫലത്തോടുള്ള ആസക്തി കൂടാതെ അവ ചെയ്തു തീര്‍ക്കുക എന്നതാണ്.
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment