Friday, 30 September 2016

ഒരു മണ്‍വിളക്കുണ്ട്

കാറ്റേല്‍ക്കാത്ത ഒരിടത്ത് ഒരു മണ്‍വിളക്കുണ്ട്. അതിലെ തീനാളം അനങ്ങാതെ നില്‍ക്കുന്നു, ചാഞ്ചല്യമില്ലാത്ത മനസ്സോടെ ആത്മസാക്ഷാത്കാരത്തിനു ശ്രമിക്കുന്നവനും അതുപോലെയാണ്. യോഗസാധനയിലൂടെ മനസ്സിനെ അധീനത്തിലാക്കി, പ്രശാന്തിയെ അറിഞ്ഞവനു കേവലമായ ആത്മദര്‍ശനം തന്നെ തൃപ്തിയേകുന്നു. ഇന്ദ്രിയസുഖങ്ങള്‍ക്ക് അതീതനായി സഞ്ചരിക്കുന്ന ആ യോഗി താന്‍ അനുഭവിച്ചറിഞ്ഞ അതിരറ്റ ആത്മാനുഭൂതി അമൂല്യമാണെന്ന് അറിയുന്നു. അതുകൊണ്ടുതന്നെ ആ ആത്മജ്ഞാനത്തില്‍നിന്നു പിന്നീടൊരിക്കലും അകലുന്നുമില്ല. ആ നേട്ടത്തിനു മുന്നില്‍ മറ്റു നേട്ടങ്ങളെല്ലാം നിഷ്പ്രഭമായിരിക്കുന്നു. ഇപ്പോള്‍ വന്‍ ദുഃഖങ്ങള്‍ പോലും ആ മനസ്സിനെ മുക്കിക്കളയുന്നില്ല. സാധാരണഗതിയില്‍ ദുഃഖങ്ങള്‍ വരുമ്പോള്‍ തകര്‍ന്നിരുന്ന മനസ്സ് ഇപ്പോള്‍ അതില്‍നിന്നു പോലും അകന്നു കഴിഞ്ഞിരിക്കുന്നു.
വ്യാമോഹങ്ങള്‍ ഒഴിഞ്ഞ മനസ്സോടെ എല്ലാ ദിശയില്‍നിന്നും ഇന്ദ്രിയ കവാടങ്ങള്‍ അടച്ചവന്‍ മനസ്സിനെ അന്തരാത്മാവില്‍ പ്രതിഷ്ഠിച്ച് പടിപടിയായി പരമാനന്ദത്തെ പുല്‍കട്ടെ. കാറ്റാടി മരം കണക്കെ ബാഹ്യവിഷയങ്ങളിലേക്ക് മനസ്സ് ആടി ഉലയുന്നുവെങ്കില്‍ അതിനെ വീണ്ടും ആത്മനിയന്ത്രണത്തിലാക്കൂ.

കടപ്പാട് ഗുരു പാരമ്പരയോട്

No comments:

Post a Comment