കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു. പടകുടീരങ്ങളില്‍ ആളും ആരവവുമൊഴിഞ്ഞു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ മടങ്ങിയെത്തി. യുദ്ധ വൃത്താന്തങ്ങളെല്ലാം പറഞ്ഞപ്പോള്‍ രുഗ്മിണി കൃഷ്ണനോട് വിയോജിച്ചു: “അങ്ങ് ജ്ഞാനികളും സത് വൃത്തരും, ധര്‍മ്മികളുമായ ഭീഷ്മരേയും, ദ്രോണരേയും വധിക്കാന്‍ പാണ്ഡവരുടെ കൂടെ നിന്നത് അധര്‍മ്മമല്ലേ? നിരായുധരായ അവരെ വധിക്കാമോ? പാണ്ഡവരോടൊപ്പം ചേര്‍ന്ന അങ്ങേയ്ക്ക് ധര്‍മ്മച്യുതി സംഭവിച്ചിരിക്കുന്നു.”
മഹാപ്രഭു ഉത്തരം പറയാതെ ചിരിച്ചു. ഈരേഴു പതിന്നാലു ലോകങ്ങള്‍ക്കും ആധാരമായ ഭഗവാന്‍റെ ചിരിയുടെ അര്‍ത്ഥം ഗ്രഹിക്കാനാവാതെ, രുഗ്മിണി ചോദ്യം ആവര്‍ത്തിച്ചപ്പോള് ഭഗവാന്‍ അരുളിച്ചെയ്തു. ”അതേ, ഭീഷ്മരും ദ്രോണരും ധര്‍മ്മികളായിരുന്നുവെന്നതില്‍ സംശയമില്ല. ദുശ്ശാസനന്‍ രാജസഭയില്‍ വച്ച് ജ്യേഷ്ഠ പത്നിയായ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ അവര്‍ക്ക് തടയാമായിരുന്നു, നിരാലംബയായ പാഞ്ചാലിയെ സംരക്ഷിക്കാമായിരുന്നു. അവരതു ചെയ്തില്ല; ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. അതോടെ അവരുടെ ധര്‍മ്മം ക്ഷയിച്ചു. അധര്‍മ്മികളായിത്തീര്‍ന്ന അവരെ വധിച്ചതില്‍ ഒരു പാപവുമില്ല.”
“മണ്ണില്‍ പുതഞ്ഞ തേരിന്‍റെ ചക്രം ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന, നിരായുധനായ കര്‍ണ്ണനെ അര്‍ജ്ജുനന്‍ വധിച്ചപ്പോള്‍ അങ്ങ് തടഞ്ഞില്ലല്ലോ?” രുഗ്മിണി ചോദ്യമുയര്‍ത്തി.
ശ്രീകൃഷ്ണഭഗവാന്‍ മൌനം ദീക്ഷിച്ചു. ഇളം കാറ്റും, ആകാശനീലിമയിലെ വെള്ളിമേഘങ്ങളും നിശ്ചലമായി നിന്ന് ഭഗവാന്‍റെ മറുപടിക്കായി കാതോര്‍ത്തു. രുഗ്മിണിയുടെ മുഖത്തെ അക്ഷമ കനം വെയ്ക്കുന്നതു കണ്ട് ഭഗവാന്‍ അരുളി: “കര്‍ണ്ണന്‍ തികഞ്ഞ ദാനിയും, ജ്ഞാനിയും, സത് വൃത്തനുമായിരുന്നു. യുദ്ധക്കളത്തില്‍, ചക്രവ്യൂഹത്തില്‍ അകപ്പെട്ട് മരിക്കാറായി കിടന്ന അഭിമന്യു കുടിനീര്‍ ചോദിച്ചു. അടുത്തുതന്നെ വലിയ ഒരു പാത്രത്തില്‍ ജലം നിറച്ചു വെച്ചിരുന്നു. എന്നാല്‍ ദുര്യോധനന് അനിഷ്ടമാവുമെന്നു കരുതി, കര്‍ണ്ണന്‍ അഭിമന്യുവിന് ജലം കൊടുത്തില്ല. മരണാസന്നനായ ഒരാള്‍ക്ക് കുടിനീര്‍ നല്‍കുന്നത് മഹാപുണ്യമാണ്. മറിച്ച്, അതു നിഷേധിക്കുന്നതു തികഞ്ഞ അധര്‍മ്മവും. ഇതിന്‍റെ വിലയാണ് നിരായുധനായി, ദിവ്യാസ്ത്രങ്ങള്‍ മറന്ന് പടക്കളത്തില്‍ നിന്ന കര്‍ണ്ണനെ പരാജയത്തിന്‍റെ, മരണത്തിന്‍റെ രൂപത്തില്‍ തേടി വന്നത്, ആ വലിയ തെറ്റ് അദ്ദേഹത്തിന്‍റെ എല്ലാ ധര്‍മ്മത്തെയും നിഷ്പ്രഭമാക്കി.”
എത്ര പുണ്യങ്ങള്‍ ചെയ്താലും, തികഞ്ഞ ധര്‍മ്മിഷ്ഠരായി ജീവിച്ചാലും, ഒരിക്കലെങ്കിലും അധര്‍മ്മം പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ വ്യാപ്തിക്കനുസരിച്ചു കഷ്ടങ്ങള്‍ അനുഭവിക്കുക തന്നെ വേണ്ടിവരും.
ഓം നമോ ഭഗവതേ വാസുദേവായ:
No comments:
Post a Comment