തന്ത്രമെന്നാൽ മന്ത്രമല്ലാതെ മറ്റെന്തോ ആണെന്ന ധാരണ നമുക്കിടിയിലുണ്ട്. എന്നാൽ വാസ്തവത്തിൽ ഉപാസനാ സമ്പ്രദായങ്ങളുടെ ഭണ്ഡാകാരത്തെയാണ് തന്ത്രമെന്നു പറയുന്നത്. അതിന്റെ മുഖ്യാംശം മന്ത്രം തന്നെ. ദേവതകളുടെ അതായത് പ്രപഞ്ചത്തിന്റെ നിയമകശക്തികളുടെ അഥവാ ശുദ്ധസ്പന്ദനത്തിന്റെ തനി പ്രതിരൂപങ്ങളാണ് മന്ത്രങ്ങൾ. ആ മന്ത്രസ്പന്ദനങ്ങൾക്ക് ത്രികോണ വൃത്തചതുരശ്രാത്മകങ്ങളായ ക്ഷേത്രഗണിത പ്രതീകങ്ങൾ കൊടുക്കുകയാണെങ്കിൽ അവ യന്ത്രങ്ങളായി. മന്ത്രം ദേവതയുടെ സൂക്ഷ്മരൂപമാണെങ്കിൽ യന്ത്രം ദേവതയുടെ തനതായ സ്ഥൂലാകാരമാണ്. അവയുടെ മനുഷ്യ രൂപകൽപ്പനകൾ മാത്രമാണ് ധ്യാനോക്തരൂപങ്ങൾ . മന്ത്രവും യന്ത്രവും നിർവചിക്കപ്പെട്ടുകഴിയുമ്പോൾ ഈ മന്ത്രത്തിന്റെ പ്രയോഗപരമായ സങ്കേതികശാസ്ത്രത്തെ തന്ത്രമെന്നു പറയുന്നു. വളരെ വിപുലമായ ഒരു സങ്കേതിക പദ്ധതി തന്ത്രശാസ്ത്രം - അഥവാ മന്ത്രശാസ്ത്രം ആവിഷ്കരിച്ചെടുത്തീട്ടുണ്ട്. അക്ഷരസ്പന്ദനങ്ങളുടെ രഹസ്യവും , ആസനപ്രാണായാമാദിഹഠയോഗപദ്ധതികളും കുണ്ഡലിന്യുത്ഥാപനം സഹസ്രാരത്തിൽ നിന്നുള്ള അമൃതവർഷണം തുടങ്ങിയ ലയയോഗസാധനയും പ്രത്യേകസ്ഥനങ്ങളിൽ മനസ്സിനെ കേന്ദ്രീകരിച്ച് നിർത്തുന്ന ധാരണാധ്യാനസമാധികളാകുന്ന രാജയോഗമാർഗ്ഗങ്ങളും സമഞ്ജസമായി സമ്മേളിപ്പിച്ചെടുത്ത തന്ത്രസാധന പദ്ധതികൾ സുന്ദരങ്ങളും ക്ഷിപ്രഫലദായികളുമാണെന്ന് അനുഭവജ്ഞാന്മാർക്ക് പറയുവാൻ കഴിയും അതു മാത്രമല്ല തന്ത്രസാധനയിൽ ആദ്യമായി വ്യാപരിക്കുന്നവരുടെ സൗകര്യത്തിന് വേണ്ടിയുള്ള പൂജാപദ്ധതികളും താന്ത്രികമായ ഒരാവിഷ്കരണം മാത്രമാണ്. ആ പൂജയിൽ താന്ത്രീകയന്ത്രങ്ങളും ധ്യാനോക്തരൂപങ്ങളുടെ ആകൃതിൽ പണിതരൂപങ്ങളും വിഗ്രഹങ്ങളും ഉപയോഗിക്കുന്നു. പുഷ്പങ്ങളും ധൂപദീപാദികളും ചന്ദനവും വെള്ളവും നിവേദ്യങ്ങളും ശംഖും മണിയുമായി ഉട്ടനേകം സാങ്കേത്തിക ഉപകരണങ്ങളും പൂജക്ക് ആവിശ്യമുണ്ട്. പക്ഷേ പൂജ ഏറ്റവും താണപടിയിലുള്ളതാണ്. അതു ജപത്തിലേക്കും ധ്യാനത്തിലേക്കും അന്തിമമായി സാമാധിയിലേക്കുമാണ് നമ്മെ നയിക്കുന്നത്. നയിക്കുതെന്ന് മനസ്സിലാക്കുമ്പോൾ കർമ്മഭക്തി രാജജ്ഞ്നയോഗങ്ങളും തന്ത്രമാർഗ്ഗത്തിൽ സുന്ദരമായി സമ്മേളിച്ചിട്ടുള്ളത് കാണുവാൻ കഴിയും. സാങ്കൽപ്പികമായി കുണ്ഡലിന്യുത്ഥാപനം ചെയ്ത് പഞ്ചഭൂതങ്ങളുടെയും ക്രമമായ സംഹാരം സാധിച്ച് ദുഷ്കർമ്മജന്യമായ പാപപുരുഷനെ ദഹിപ്പിച്ച് ആ ഭസ്മത്തിൽ സഹാസ്രാരത്തിൽ നിന്നുള്ള അമൃതപ്ലാവനം കൊണ്ട് ദിവ്യദേഹസൃഷ്ടിചെയ്ത് വീണ്ടും പരമാത്മാവിൽ നിന്നും പഞ്ചഭൂതാത്മകമായ ശരീരം സൃഷ്ടിക്കുകയെന്ന ഭൂതശുദ്ധിക്രിയ കുണ്ഡലിനീ യോഗപ്രധാനമായ ഒരു താന്ത്രീകക്രിയയത്രേ. "ദേവാർച്ചായോഗ്യതാ പ്രാപത്യൈ ഭൂതശുദ്ധിംസമാചരാൽ" എന്ന താന്ത്രികനിർദ്ദേശം വലിയ പൂജകളിൽ അനുപേക്ഷണീയമായ ഒരു ചടങ്ങാണ്. അങ്ങനെ പവിത്രമായി തീർന്ന സാധകദേഹത്തിൽ ചില പ്രത്യേക അവയവങ്ങളിലും സർവ്വാംഗങ്ങളിലുമായി മന്ത്രചൈതന്യഭാഗങ്ങടങ്ങിയ അക്ഷരങ്ങൾ റൊട്ടിയിൽ വെണ്ണപുരട്ടുന്നതുപോലെ തൊട്ടുപുരട്ടുന്ന ക്രിയയാണ്. ന്യാസം. ന്യാസം കൊണ്ട് ശരീരം മന്ത്രമയവും ദേവതാമയവുമായി തീരുന്നു. "ശിവോഭൂത്വാ ശിവംയജേൽ" എന്ന താന്ത്രികവചനപ്രകാരം ദേവതാമയനായി തീരുന്നവനേ ദേവതയേ ഉപവസിക്കാനധികാരമുള്ളൂ. ഇതിനു അനുസൃതമായി ഉപാസകൻ ആദ്യമായി ദേവതാമയനായിതീരുന്നതിന്ന് ഗുരുനാഥന്റെ സഹായം ആവിശ്യമാണ്. അദ്ദേഹം ശിഷ്യദേഹത്തെ മേൽപറഞ്ഞവിധത്തിൽ സംസ്കരിച്ച് ദീർഘതപസ്സുകൊണ്ട് ആവിഷ്കൃതമായ തന്റെ ആത്മശക്തിയുടെ ഒരു കണിക ശിഷ്യന്റെ ശിരസ്സിൽ നിക്ഷേപിക്കുന്നു ഇതാണ് ദീക്ഷ. സ്പർശം കൊണ്ടും ദൃഷ്ടികൊണ്ടും മറ്റും ദീക്ഷകൊടുക്കാറുണ്ടെങ്കിലും സാധാരണ മന്ത്ര ചൈതന്യത്തെ പൂജിച്ച് വെച്ച് കലശത്തിൽ ആടുകയാണ് ദീക്ഷയിൽ ചെയ്യറുള്ളത്. ആ ചൈതന്യം ശിഷ്യന്റെ സ്ഥൂല സൂക്ഷമ ദേഹങ്ങളെ ആപ്ലാവനം ചെയ്യുക മാത്രമല്ല. ബ്രഹ്മരന്ഡ്രത്തിലൂടെ പ്രവേശിപ്പിച്ച് ശിഷ്യന്റെ ദേഹത്തിൽ സ്ഥാനം പിടിക്കുകകൂടി ചെയ്യുന്നു. ദീക്ഷ, ന്യാസം ഭൂതശുദ്ധി, പ്രാണപ്രതിഷ്ഠ, ധ്യാനം, മന്ത്രജപം, പൂജാ, ഹോമം തുടങ്ങി വളരെ ശാസ്ത്രീയ പദ്ധതികൾ ചേർന്ന ഉപാസനാക്രമങ്ങളാണ് തന്ത്രശാസ്ത്രത്തിലെ പ്രതിപാദ്യവിഷയങ്ങൾ. മന്ത്രദേവതയുടെ പൂജകൊണ്ടും ധ്യാനജപാദികൾ കൊണ്ടും താദാത്മ്യഭാവനകൊണ്ടും മന്ത്രസിദ്ധി ലഭിക്കുന്നു. മന്ത്രസിദ്ധിയുടെ പരമകാഷ്ഠയായി ആദ്ധ്യാത്മീകജ്ഞാനവും അദ്വൈതാനുഭൂതിയും, മോക്ഷവും കൈവരുന്നു. ഇതാണ് തന്ത്രസാധനയുടെ അന്തിമലക്ഷ്യം
**കടപ്പാട് ഗുരുപരമ്പരയോട്**
Wednesday, 2 November 2016
തന്ത്രസാധനയുടെ അന്തിമലക്ഷ്യം
Subscribe to:
Post Comments (Atom)
No comments:
Post a Comment