ബ്രഹ്മജ്ഞസംവാദം
വിദേഹരാജാവായ ജനകന്‍ പണ്ഡിതനും ജ്ഞാനിയും ആത്മനിഷ്ഠനുമായിരുന്നു. സര്‍വ്വജ്ഞനും ധര്‍മ്മിഷ്ഠനും ലോകാരാധ്യനുമായ ജനകന്റെ രാജ്യസഭയില്‍ ധാരാളം ശാസ്ത്രചര്‍ച്ചകള്‍ നടക്കാറുണ്ട്. ജനകന്റെ പേരും പെരുമയും പാണ്ഡിത്യവും എല്ലാ ദേശത്തും പൂകള്‍പെറ്റതാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ജനകമഹാരാജാവിനെ വന്നു കാണുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്തുപോന്നു.
ഒരിക്കല്‍ വളരെ വലിയ യാഗം അദ്ദേഹം ചെയ്തു. എല്ലാ ദേശങ്ങളിലും യാഗത്തിന്റെ പെരുമയെത്തി. ധാരാളം ബ്രാഹ്മണരും പണ്ഡിതരും ആചാര്യശ്രേഷ്ഠന്‍മാരും യാഗസ്ഥലത്ത് സ്ഥലത്ത് തടിച്ചുകൂടി. അവര്‍ക്കെല്ലാം വളരെ വലിയ ദക്ഷിണകള്‍ ജനകമഹാരാജാവ് ഏര്‍പ്പാടു ചെയ്തു. കുരുദേശത്തും പഞ്ചാലദേശത്തുമുള്ള അനേകം ബ്രഹ്മണപണ്ഡിതന്മാരും ബ്രഹ്മജ്ഞാനികളുംകൂടി സഭയില്‍ സന്നിഹിതരായിരുന്നു.
യാഗസ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുന്നവരില്‍ ധാരാളം മഹാപണ്ഡിതന്മാരുമുണ്ട്. യാജ്ഞവല്ക്യന്‍, അശ്വലന്‍, ആര്‍ത്തഭാഗന്‍, ഭുജ്യു, ഉഷസ്തന്‍, കഹോലന്‍, ഗാര്‍ഗ്ഗി, ഉദ്ദാലകന്‍, ശാകല്യന്‍ തുടങ്ങിയ മഹാപണ്ഡിതന്മാരും ബ്രഹ്മജ്ഞാനിമാരും ശിഷ്യന്മാരോടുകൂടിയാണ് എത്തിയിരിക്കുന്നത്.
എല്ലാവരേയും കണ്ടിട്ട് ജനകമഹാരാജാവിന് അത്യധികം സന്തോഷമുണ്ടായി. അതേസമയം ഇവരെ ഒന്നു പരീക്ഷിക്കണമെന്നും തോന്നി. എങ്ങനെ പരീക്ഷിക്കണം?
എത്തിച്ചേര്‍ന്നിട്ടുള്ള ബ്രഹ്മണരില്‍ ആരാണ് ഏറ്റവും വലിയ പണ്ഡിതന്‍ എന്നൊന്ന് അറിയണമെന്ന് ജനകന്‍ നിശ്ചയിച്ചു. എല്ലാവരേയും പരീക്ഷിക്കുക തന്നെ. ഇവര്‍ വലിയ ദക്ഷിണ മോഹിച്ചുമാത്രം വന്നവരാണോ, അതോ ബ്രഹ്മജ്ഞാനികളാണോ എന്നു വ്യക്തമായി അറിയണം.
ജനകന്‍ നല്ലയിനം ആയിരം പശുക്കളെ യാഗശാലയ്ക്കു മുമ്പില്‍ കൊണ്ടുവന്നു കെട്ടി. ഓരോ പശുവിന്റേയും കൊമ്പുകളില്‍ പതിപ്പത്ത് കാല്‍പലം വീതം സ്വര്‍ണ്ണം കെട്ടിയിട്ടുണ്ടായിരുന്നു.
ജനകന്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പണ്ഡിതന്മാര്‍ സംശയിച്ചു. അപ്പോള്‍ അദ്ദേഹം അവരെ ബഹുമാന പൂര്‍വ്വം വണങ്ങിയിട്ട് പറഞ്ഞു:
“അല്ലയോ പൂജനീയരായ ബ്രാഹ്മണശ്രേഷ്ഠന്മാരേ, നിങ്ങളുടെ ഇടയില്‍ ഏറ്റവും വലിയ വേദപണ്ഡിതന്‍ ആരാണോ അയാള്‍ക്ക് ഈ പശുക്കളെ മുഴുവന്‍ സ്വന്തമായി വീട്ടിലേയ്ക്കു കൊണ്ടു പോകാം!”
വേദപണ്ഡിതന്മാരായ ബ്രഹ്മണരായിരുന്നു അവിടെ കൂടിയിരുന്നത്. അവര്‍ അന്യോന്യം കുറേനേരം നോക്കി. മോശക്കാരായി ആരുമില്ല. എല്ലാവര്‍ക്കും പശുക്കളില്‍ ആഗ്രഹമുണ്ട്. പക്ഷേ താന്‍ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠനാണെന്ന് ആദ്യമേ പ്രതിജ്ഞ ചെയ്ത് മുമ്പോട്ടു വരാന്‍ ധൈര്യമുണ്ടായില്ല. അപ്പോള്‍ യാജ്ഞവല്ക്യഋഷി മുമ്പോട്ട് വന്നുനിന്നിട്ട് തന്റെ ശിഷ്യനായ ബ്രഹ്മചാരിയോട് പറഞ്ഞു:
“അല്ലയോ സൗമ്യനായ സാമശ്രവസ്സേ, ഈ പശുക്കളെയെല്ലാം അഴിച്ചെടുത്ത് നമ്മുടെ ആശ്രമത്തിലേയ്ക്ക് തെളിച്ചു കൊണ്ടു പോകൂ….!”
അതുകേട്ട് ബ്രഹ്മചാരിശിഷ്യന്‍ പശുക്കളെയെല്ലാം അഴിച്ചെടുത്തുകൊണ്ട് ആശ്രമത്തിലേയ്ക്കു പോയി.
ഈ സംഭവം അവിടെ തടിച്ചുകൂടിയിരുന്ന ബ്രാഹ്മണരെയെല്ലാം പ്രകോപിതരാക്കി. അവരെല്ലാം ഉഗ്രമായി കോപിച്ചു കൊണ്ട് പരസ്പരം യാജ്ഞവല്ക്യനെതിരെ സംസാരിച്ചു തുടങ്ങി. യാജ്ഞവല്ക്യന്‍ ബ്രഹ്മിഷ്ഠതയ്ക്കുള്ള സമ്മാനം സ്വീകരിച്ചത് അംഗീകരിച്ചുകൊടുക്കാന്‍ മറ്റുള്ളവര്‍ വിസമ്മതിച്ചു. രാജാവിന്റെ ആശ്രിതനും ബ്രഹ്മനിഷ്ഠനെന്ന് സ്വയം അഭിമാനിക്കുന്നവനുമാണ് അശ്വലന്‍. രാജാവിന്റെ യാഗങ്ങളില്‍ ഋത്വിക്കായി സ്ഥാനത്തിരിക്കുന്നവനെന്ന അഹങ്കാരവുമുണ്ട്. ഉഗ്രമായി കോപിച്ചുകൊണ്ട് അദ്ദേഹം യാജ്ഞവല്ക്യനോട് ഉറക്കെ ചോദിച്ചു:
“നമ്മുടെ ഇടയില്‍ നീയാണോ ഏറ്റവും വലിയ ബ്രഹ്മിഷ്ഠന്‍!”
ആ ആക്ഷേപം കേട്ടിട്ട് യാജ്ഞവല്ക്യന്‍ ചെറുചിരിയോടെ വീനീതമായി പ്രതികരിച്ചു.
“ബ്രഹ്മിഷ്ഠനു നമസ്ക്കാരം! ഞാന്‍ പശുക്കള്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്നവനാണെന്നുമാത്രം.”
അതുകേട്ടിട്ട് യാജ്ഞവല്ക്യനുമായി വാദപ്രതിവാദം നടത്തുവാന്‍ തയ്യാറായി പണ്ഡിതന്മാര്‍ മുമ്പോട്ടു വന്നു.
ഹോതാവായ അശ്വലന്‍ ചോദിച്ചു:
“നീ ബ്രഹ്മഷ്ഠനെങ്കില്‍ എന്റെ ചോദ്യത്തിന് ഉത്തരം പറയുക. ഇതെല്ലാം മൃത്യുവിനാല്‍ (മരണത്താല്‍) വിശദീകരിക്കപ്പെട്ടതാണ്. മരണം സംഭവിക്കാത്തതായി യാതൊന്നും പ്രപഞ്ചത്തിലില്ല. എല്ലാം മരണത്തിനു കീഴടങ്ങുന്നതാണെങ്കില്‍ യാഗത്തിന്റെ യജമാനന് മൃത്യുവെന്ന അവസ്ഥയെ അതിക്രമിച്ച് മുക്തനായിത്തീരുവാന്‍ എങ്ങനെ സാധിക്കും?”
യാജ്ഞവല്ക്യന്‍ പറഞ്ഞു: “വാക്കുകൊണ്ട് യജമാനന് മൃത്യുവിനെ അതിക്രമിക്കാന്‍ സാധിക്കും.” (സ്വാഭാവികമായ അജ്ഞാനം നിമിത്തമുണ്ടാകുന്ന ഇന്ദ്രിയ – വിഷയ – സംസര്‍ഗ്ഗത്തിലുള്ള ആ സക്തിയാണ് ഇവിടെ മൃത്യു. കര്‍മ്മരൂപമായ വിഷയാസക്തിയെ അതിക്രമിക്കാന്‍ വാഗാദികളാകുന്ന ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആത്മാഭിമുഖമാക്കണം.)
അശ്വലന്‍ വീണ്ടും ചോദിച്ചു:
“യാജ്ഞവല്ക്യ, രാപകലുകള്‍ക്ക് അധീനമായിട്ടാണ് ലോകത്തില്‍ എല്ലാം. അഹോരാത്രങ്ങളാകുന്ന മൃത്യുവിന് എല്ലാം അടിപ്പെടുന്നു.എങ്കില്‍ അതിനെ എങ്ങനെ അതിക്രമിച്ച് മുക്തനായിത്തീരാനാകും?”
യാജ്ഞവല്ക്യന്‍ പറഞ്ഞു: “കണ്ണുകൊണ്ട്.” (കണ്ണുകളാകുന്ന ആദിത്യനെക്കൊണ്ട് കാലമാകുന്ന മൃത്യുവിനെ അതിക്രമിക്കുക. ആദിത്യന് രാപകലുകള്‍ സംഭവിക്കുന്നില്ല. ആദിത്യനാണ് താന്‍ എന്ന ഉപാസനകൊണ്ട് സ്വയം ആദിത്യനായിത്തീര്‍ന്നവനെ രാപകലുകള്‍ ബാധിക്കുന്നില്ല.). തുടരും ..............
Gurukripa
No comments:
Post a Comment