അദ്ധ്യായം : 2. സാംഖ്യയോഗം
ശ്ലോകം 41
വ്യവസായാത്മികാ ബുദ്ധിഃ
ഏകേഹ കുരുനന്ദന
ബഹുശാഖാ ഹ്യനന്താശ്ച
ബുദ്ധയോവ്യവസായിനാം.
അര്‍ത്ഥം:
ഹേ കുരുനന്ദനാ, ഈ ലോകത്തില്‍ നിശ്ചയബുദ്ധി ഒന്നേയുള്ളൂ. എന്നാല്‍ നിശ്ചയത്തിലെത്തിച്ചേര്ന്നി ട്ടില്ലാത്തവരുടെ ബുദ്ധികള്‍ അനേകവഴിക്ക് തിരിയുന്നവയും അന്തമില്ലാത്തവയുമാണ്.
ഭാഷ്യം:
ഒരു വിളക്കിന്റെ ചെറിയ തീനാളം വലിയ ഒരു പ്രദേശത്തിന് മുഴുവന്‍ വെളിച്ചം നല്കുന്നതുപോലെയാണ് വിജ്ഞാനസമ്പന്നമായ ഒരു മനസ്. അതെത്ര ചെറുതാണെങ്കില്‍കൂടി അതിനെ ഒരിക്കലും തരംതാഴ്ത്തികാണരുത്. വിവേകശാലികള്‍ ഇതു ലഭിക്കുന്നതിനുവേണ്ടി വളരെ ആഗ്രഹിക്കാറുണ്ടെങ്കിലും അപൂര്‍വ്വമായേ ഇതു ഒരാള്‍ക്ക് ലഭിക്കാറുള്ളൂ. സ്പര്ശമണി മറ്റു സാധാരണ രത്നങ്ങളെപ്പോലെ ലഭിക്കുന്നതല്ല. ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ അമൃതിന്റെ ഒരു തുള്ളിയെങ്കിലും കിട്ടുകയുള്ളൂ. അതുപോലെ ധാര്‍മ്മികബുദ്ധി കൈവരിക്കുക എന്നത് വളരെ ദുഷ്കരമാണ്. സമീക്ഷണത്തില്കൂടി രൂപംപ്രാപിക്കുന്ന നിശ്ചയബുദ്ധി ഒന്നുമാത്രമേ ഈശ്വരസാക്ഷാല്ക്കാരമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുകയുള്ളൂ. അല്ലാത്തതൊക്കെ പ്രതിലോമാപരവും ചഞ്ചലസ്വഭാവമുള്ളതുമാണ്. അവിവേകികള്‍ അങ്ങനെയുള്ളതില്‍ ആമോദിതരാകുന്നു. അവര്‍ സ്വര്‍ഗീയവും ലൗകികവുമായ സുഖങ്ങളും നരകയാതനകളും അനുഭവിക്കാന്‍ ഇടയാകുമെങ്കിലും അവര്‍ക്ക് ആത്മസാക്ഷാത്കാരംകൊണ്ടുണ്ടാകുന്ന ആനന്ദാനുഭൂതിയുടെ നിഴല്‍പോലും ലഭിക്കുകയില്ല.
അദ്ധ്യായം : 2. സാംഖ്യയോഗം
ശ്ലോകം 42
യാമിമാം പുഷ്പിതാം വാചം
പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാര്‍ത്ഥ
നാന്യദസ്തീതി വാദിനഃ
അര്‍ത്ഥം:
അല്ലയോ പാര്‍ത്ഥാ, അവിവേകികളായ ഈ ആളുകള്‍ വേദവാക്യങ്ങളില്‍ ആനന്ദം കണ്ടെത്തുകയും അതില്‍ കവിഞ്ഞു മറ്റൊന്നുമില്ലെന്ന് ആലങ്കാരികമായി പ്രസംഗിക്കുകയും ചെയ്യുന്നു.
ഭാഷ്യം:
അവര്‍ വേദങ്ങളിലെ പ്രമാണങ്ങളെ അധാരമാക്കി സംസാരിക്കുകയും അതിലെ ആചാരക്രമങ്ങളെ പിന്താങ്ങി കര്‍മ്മത്തിനുള്ള പ്രാധാന്യത്തെ ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലായ്പ്പോഴും ഫലേച്ഛയോടെയാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത്. ഒരുവന് ഈ ലോകത്തില്‍ ജനിച്ചു യാഗങ്ങളും ആരാധനാക്രമങ്ങളും അനുഭവിക്കണമെന്ന് അവര്‍ പറയും. സ്വര്‍ഗീയ ഭോഗങ്ങളല്ലാതെ ആനന്ദകരമായി മറ്റൊന്നും തന്നെയില്ലെന്നും സ്വര്‍ഗ്ഗംതന്നെയാണ് എല്ലാറ്റിലുംവെച്ചു ശ്രേഷ്ഠമായ പുരുഷാര്‍ത്ഥമെന്നും ഈ മൂഢന്മാര് ഉദ്ഘോഷിക്കും.
അദ്ധ്യായം : 2. സാംഖ്യയോഗം
ശ്ലോകം 43
കാമാത്മാനഃ സ്വര്ഗപരാഃ
ജന്മകര്‍മ്മ ഫലപ്രദാം
ക്രിയാവിശേഷബഹുലാം
ഭോഗൈശ്വര്യഗതിം പ്രതി.
അര്‍ത്ഥം:
കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും ജന്മങ്ങളും മറ്റു ഭോഗൈശ്വര്യങ്ങളുടെ ആനന്ദാനുഭവത്തിനുവേണ്ടിയുള്ളതാണെന്ന് അവര്‍ വിസ്മരിക്കും. അവര്‍ കാമ സങ്കല്‍പ്പങ്ങളില്‍ത്തന്നെ മുഴുകിക്കഴിയുന്നവരും സ്വര്‍ഗ്ഗപ്രാപ്തിക്കായി ഒരുങ്ങിയിരിക്കുന്നവരുമാണ്.
ഭാഷ്യം:
അവര്‍ ആഗ്രഹസാദ്ധ്യത്തിനായി പരവശപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നു. അവരുടെ ഹൃദയം ഇന്ദ്രിയവിഷയങ്ങളിലുള്ള ആസക്തികൊണ്ട് നിറഞ്ഞിരിക്കും. അവര്‍ വിവിധ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ മതാചാര്യപ്രകാരമുള്ള പ്രമാണങ്ങള്‍ മുറതെറ്റാതെയും വിദഗ്ദ്ധമായും നിര്‍വ്വഹിക്കുകയും ചെയും.
അദ്ധ്യായം : 2. സാംഖ്യയോഗം
ശ്ലോകം 44
ഭോഗൈശ്വര്യപ്രസക്താനാം
തയാപഹൃതചേതസാം
വ്യവസായാത്മികാ ബുദ്ധിഃ
സമാധൗ ന വിധീയതേ.
അര്‍ത്ഥം:
ഫലമില്ലാതെ പുഷ്പം മാത്രമുള്ള വൃക്ഷം പോലെ വിളങ്ങുന്ന വാക്കുകള്‍ പറയുകയും അതില്‍ അപഹൃതചിത്തരാവുകയും ചെയ്യുന്ന അവരുടെ മനസ്സ് എല്ലായ്പ്പോഴും ഭോഗൈശ്വര്യങ്ങളുടെ പിന്നാലെ പോകുന്നതുകൊണ്ട് അവര്‍ക്ക് ഈശ്വരധ്യാനവിഷയത്തില് ഏകാഗ്രമായ സുബുദ്ധി ഉണ്ടാകുന്നതേയില്ല.
ഭാഷ്യം:
അര്‍ജ്ജുനാ, എല്ലാ ആരാധനയുടെയും കേന്ദ്രബിന്ദു ഈശ്വരനാണ്. ആ ഈശ്വരനെ മറന്നാണ് അവര്‍ സ്വര്‍ഗ്ഗത്തെ ആഗ്രഹിക്കുന്നത്. കര്‍പ്പൂരം കൂട്ടിവച്ചിട്ട് തീ കത്തിക്കുന്നതുപോലെയോ മധുരമുള്ള പദാര്‍ത്ഥങ്ങള്‍ പാകം ചെയ്തിട്ട് അതില്‍ വിഷം കലര്‍ത്തുന്നതുപോലെയോ, ഭാഗ്യംകൊണ്ടു ലഭിച്ച ഒരു പാത്രം അമൃത് ചവിട്ടിമറിച്ച് കളയുന്നതുപോലെയോ ആണ് ഇവരെല്ലാം ലാഭേച്ഛകൊണ്ട് അവരുടെ ധാര്മ്മികയോഗ്യതകളെ മലിനപ്പെടുത്തി, ശ്രേയസ്സിനുള്ള അര്‍ഹത നഷ്ടപ്പെടുത്തിക്കളയുന്നത്. എത്രയോപ്രയത്നിച്ചിട്ടാണ് അവര്‍ക്ക് ഈ സുകൃതം ഉണ്ടായതെന്ന് മനസ്സിലാക്കാതെയാണ് അവര്‍ വിവേകശൂന്യമായി ലൗകികസുഖങ്ങളുടെ പിന്നാലെ പായുന്നത്. അതുകൊണ്ട് അല്ലയോ അര്‍ജ്ജുനാ, ഇപ്രകാരമുള്ള ആളുകള്‍ വേദപ്രമാണങ്ങളെ വ്യാഖ്യാനിച്ചു ആസ്വാദനം നടത്തുമ്പോഴും അവരുടെ ചിത്തവൃത്തി ദുര്ദമമായിരിക്കും.
അദ്ധ്യായം : 2. സാംഖ്യയോഗം
ശ്ലോകം 45
ത്രൈഗുണ്യവിഷയാ വേദാഃ
നിസ്ത്രൈഗുണ്യോ ഭവാര്‍ജ്ജുന
നിര്‍ദ്വന്ദോ നിത്യസത്വസ്ഥഃ
നിര്യോഗക്ഷേമ ആത്മവാന്
അര്‍ത്ഥം:
അല്ലയോ അര്‍ജ്ജുനാ, വേദങ്ങള്‍ സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു മായാഗുണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നവയാകുന്നു. നീ ത്രിഗുണാതീതനായി, നിഷ്കാമനായിത്തീരണം. അന്യോന്യവിരുദ്ധങ്ങളായ ദ്വന്ദ്വങ്ങളില്നിന്നു വേര്‍വിട്ട് രണ്ടെന്ന ചിന്തയില്ലാത്തവനായിരിക്കണം. സദാ ഏകമായ സത്തയെത്തന്നെ അനുഭവിക്കുന്നവനായിരിക്കണം. ലോകത്ത് കാണുന്ന യാതൊന്നും തന്റേതായിരിക്കണമെന്ന് കൊതിക്കാത്തവനായിരിക്കണം. സദാ ആത്മാനന്ദം അനുഭവിക്കുന്നവനുമായിരിക്കണം.
ഭാഷ്യം:
അര്‍ജ്ജുനാ, ത്രിഗുണങ്ങളുടെ സംയോഗമാണ് വേദത്തില്‍ തിങ്ങിനില്ക്കുന്നത്. എന്നാല്‍ എല്ലാ ഉപനിഷത്തുക്കളും സത്വഗുണത്തെ പ്രകീര്ത്തിക്കുന്നവയാണ്. മറ്റുള്ള മതഗ്രന്ഥങ്ങള്‍ രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളെ ഉള്‍ക്കൊള്ളുന്നവയും സ്വര്‍ഗ്ഗപ്രാപ്തിക്ക് വേണ്ടിയുള്ള യജ്ഞങ്ങളുടെ ആചാരക്രമങ്ങളെ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നവയാണ്. ഇവകള്‍ സുഖദുഃഖങ്ങള്ക്കുമാത്രം കാരണമാകുന്നുവെന്ന് മനസ്സിലാക്കി നിന്റെ മനസ്സിനെ അതില്‍ വ്യാപരിപ്പിക്കരുത്. നീ ഗുണത്രയങ്ങളെ ഒഴിവാക്കുകയും ഞാനെന്നും എന്റേതെന്നും ഉള്ള വിചാരം നിന്റെ മനസ്സിനെ വിഷലിപ്തമാക്കുന്നതിന് അനുവദിക്കാതിരിക്കുകയും ആത്മാവില്‍നിന്ന് നിര്‍ഗളിക്കുന്ന ആനന്ദാനുഭൂതി ഒരു നിമിഷത്തേക്കുപോലും വിസ്മരിക്കാതിരിക്കുകയും വേണം.
അദ്ധ്യായം : 2. സാംഖ്യയോഗം
ശ്ലോകം 46
യാവാനര്‍ത്ഥ ഉദപാനേ
സര്വതഃ സംപ്ലുതോദകേ
താവാന്‍ സര്‍വേഷു വേദേഷു
ബ്രാഹ്മണസ്യ വിജാനതഃ
അര്‍ത്ഥം:
സര്‍വ്വത്ര ജലം നിറഞ്ഞിരിക്കെ ചെറുജലാശയങ്ങള്‍ (കുളം, കിണര്‍ തുടങ്ങിയവ) കൊണ്ട് എത്രത്തോളം പ്രയോജനമുണ്ട്? ബ്രഹ്മജ്ഞാനിക്ക് സര്വ്വവേദങ്ങളെക്കൊണ്ടും അത്രത്തോളം പ്രയോജനമേയുള്ളൂ.
ഭാഷ്യം:
വേദങ്ങള്‍ വിസ്തരിച്ചു ഉപദേശിക്കുകയും വിവിധ തരത്തിലുള്ള ധാര്മ്മികാചാരക്രമങ്ങള് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ശാശ്വതമായ നന്മയ്ക്ക് ഉത്തകുന്നതുമാത്രം നാം തിരഞ്ഞെടുത്തു സ്വീകരിക്കണം. സൂര്യന് ഉദിക്കുമ്പോള്‍ അനേകം വീഥികള്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞുവരും. എന്നാല്‍ നാം എല്ലാ വഴികളില്‍കൂടിയും ഒരേ സമയത്ത് നടക്കാറുണ്ടോ? ഭൂമിയില്‍ ജലം നിറഞ്ഞൊഴുകിയാലും നമ്മുടെ ആവശ്യത്തിന് വേണ്ടത് മാത്രമല്ലേ നാം എടുക്കാറുള്ളൂ. അതുപോലെ ജ്ഞാനികള്‍ വേദത്തില്‍ അടങ്ങിയിരിക്കുന്ന എല്ലാറ്റിനെയുംപറ്റി കൂലങ്കുഷമായി പര്യാലോചിച്ചിട്ട് നിത്യസത്യത്തെ (ബ്രഹ്മജ്ഞാനത്തെ) മാത്രം അംഗീകരിക്കുന്നു.
അദ്ധ്യായം : 2. സാംഖ്യയോഗം
ശ്ലോകം 47
കര്‍മ്മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന
മാ കര്‍മ്മഫലഹേതുര്‍ഭൂഃ
മാ തേ സംഗോസ്ത്വകര്‍മ്മണി.
അര്‍ത്ഥം:
നിനക്ക് കര്‍മ്മംചെയ്യുന്നതിന് മാത്രമേ അര്‍ഹതയുള്ളൂ. കര്‍മ്മഫലങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് കരുതരുത്. നീ ഒരിക്കലും ഫലത്തെ ഉദ്ദേശിച്ചു കര്‍മ്മം ചെയ്യുന്നവനായിത്തീരരുത്. എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കുന്നതില്‍ താല്പര്യവും പാടില്ല.
ഭാഷ്യം:
അല്ലയോ അര്‍ജ്ജുനാ, ശ്രദ്ധിക്കുക. എങ്ങനെയൊക്കെ ചിന്തിച്ചാലും നിനക്ക് അനുവര്‍ത്തിക്കാന്‍ കഴിയുന്ന ഏകമാര്‍ഗ്ഗം നിന്റെ കര്‍ത്തവ്യം നിറവേറ്റുക എന്നുള്ളതാണ്. ഇതിന്റെ നാനാവശങ്ങളും പരിഗണിച്ചതിനുശേഷം ഞാന്‍ പറയുകയാണ്, നിനക്ക് നിശ്ചയിച്ചിട്ടുള്ള കര്‍മ്മത്തില്‍നിന്ന് ഒഴിഞ്ഞുമാറരുത്. അതിന്റെ ഫലത്തില്‍ നിനക്ക് ഇച്ഛയുണ്ടാവരുത്. ദുഷ്കര്‍മ്മങ്ങളൊന്നും ചെയ്യാതെ നിഷ്കാമാനായി സല്‍കര്‍മ്മങ്ങള്‍ മാത്രം ചെയ്യുക.
അദ്ധ്യായം : 2. സാംഖ്യയോഗം
ശ്ലോകം 48
യോഗസ്ഥഃ കുരു കര്‍മ്മാണി
സംഗം ത്യക്ത്വാ ധനഞ്ജയ
സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ
സമത്വം യോഗ ഉച്യതേ.
അര്‍ത്ഥം:
അല്ലയോ അര്‍ജ്ജുനാ, ബ്രഹ്മനിഷ്ഠമായി ജയത്തിലും പരാജയത്തിലും ചിത്തത്തെ സമനിലയില്‍ നിര്‍ത്തി ഫലാസക്തിവെടിഞ്ഞു കര്‍മ്മങ്ങള്‍ അനുഷ്ഠിക്കൂ. മനസ്സിന്റെ സമനിലയാണ് ആത്മനിഷ്ഠ അഥവാ യോഗം.
ഭാഷ്യം:
അര്‍ജ്ജുനാ, ബ്രഹ്മനിഷ്ഠനായി കര്‍മ്മഫലത്തിലുള്ള ആസക്തി വെടിഞ്ഞു ജാഗ്രതയോടെ കര്‍മ്മങ്ങള്‍ ചെയ്യുക. നിന്റെ കര്‍ത്തവ്യനിര്‍വ്വഹണം വിജയത്തില്‍ കലാശിച്ചാല്‍ അമിതമായി ആഹ്ലാദിക്കരുത്. നേരെ മറിച്ച് ഏതെങ്കിലും കാരണവശാല്‍ അത് പൂര്ണ്ണമാവാതിരിക്കയോ നിഷ്ഫലമാവുകയോ ചെയ്താല്‍ നിന്റെ മനസ്സ് പതറുകയോ നീ ദുഖിതനാവുകയോ ചെയ്യരുത്. ഒരു പ്രവൃത്തി വിജയിച്ചാല്‍ നിശ്ചയമായും അത് പ്രയോജനകരമായിരിക്കും. അത് അപൂര്ണ്ണമായിരുന്നാല്പ്പോലും അത് വിജയിച്ചതായി മനസ്സില്‍ കരുതണം. എന്ത് കര്‍മ്മം ഏറ്റെടുത്താലും അത് ഈശ്വരന് സമര്‍പ്പിക്കണം. എങ്കില്‍ അത് പൂര്‍ത്തിയാകുമെന്ന് ഉറപ്പായി വിശ്വസിക്കാം. സ്വധര്മ്മാചരണത്തിലുണ്ടാകുന്ന വിജയത്തിലും പരാജയത്തിലും സമചിത്തത പാലിക്കുന്നതാണ് ഏറ്റവും വലിയ യോഗം (ആത്മനിഷ്ഠ) എന്ന് പണ്ഡിതന്മാര് പറയുന്നു.
അദ്ധ്യായം : 2. സാംഖ്യയോഗം
ശ്ലോകം 49
ദൂരേണ ഹ്യവരം കര്‍മ്മ
ബുദ്ധിയോഗാദ്ധനഞ്ജയ
ബുദ്ധൗ ശരണമന്വിച്ഛ
കൃപണാഃ ഫലഹേതവഃ
അര്‍ത്ഥം:
അല്ലയോ അര്‍ജ്ജുനാ, ഫലേച്ഛയോടുകൂടി ചെയ്യുന്ന കര്‍മ്മം നിശ്ചയബുദ്ധിയോടുകൂടി ചെയ്യപ്പെടുന്ന നിഷ്കാമകര്‍മ്മത്തെക്കാള്‍ വളരെ താണതാകുന്നു. അതുകൊണ്ട് ജ്ഞാനസിദ്ധിക്കായി നിഷ്കാമകര്‍മ്മം അനുഷ്ഠിക്കുക. സകാമന്മാരായ (ഫലത്തെ ഇച്ഛിക്കുന്നവരായ) മനുഷ്യര്‍ അനുകമ്പാര്‍ഹരാണ്.
അദ്ധ്യായം : 2. സാംഖ്യയോഗം
ശ്ലോകം 50
ബുദ്ധിയുക്തോ ജഹാതീഹ
ഉഭേ സുകൃതദുഷ്കൃതേ
തസ്മാദ് യോഗായ യുജ്യസ്വ
യോഗഃ കര്മോസു കൗശലം
അര്ത്ഥം്:
സുഖദുഃഖാദികളില് സമത്വബുദ്ധിയോടുകൂടിയവന് ഇഹലോകത്തില്തlന്നെ സുകൃതദുഷ്കൃതങ്ങളെ രണ്ടിനെയും ഉപേക്ഷിക്കുന്നു. അതിനാല്‍ നീ ജ്ഞാനോപായമായ നിഷ്കാമകര്മ്മുയോഗത്തിനായിക്കൊണ്ട് യത്നിച്ചാലും. എന്തെന്നാല്‍ കര്മ്മപങ്ങളിലുള്ള സാമര്‍ത്ഥ്യം തന്നെയാണ് യോഗമെന്ന് പറയപ്പെടുന്നത്.
ഭാഷ്യം:
അല്ലയോ അര്ജ്ജുിനാ, മനസ്സിന്റെ സമചിത്തതയാണ് യോഗത്തിന്റെ കാതല്‍. അതില്‍ വിജ്ഞാനവും കര്‍മ്മ വും സഹജമായി ഒത്തുചേര്ന്നി രിക്കുന്നു. ഫലേച്ഛയോടുകൂടിയുള്ള കര്മ്മംക നിഷ്കാമകര്മ്മമത്തെക്കാള് വിലകുറഞ്ഞതാണ്. എങ്കിലും അപ്രകാരമുള്ള കര്‍മ്മം ചെയ്തെങ്കില്‍ മാത്രമേ നിനക്ക് നിഷ്കാമകര്മ്മലത്തിലേയ്ക്കുള്ള വഴി തുറന്നുകിട്ടുകയുള്ളൂ. എന്തുകൊണ്ടെന്നാല്‍ നിഷ്കാമകര്മ്മംു സ്വാര്ത്ഥോ്ദ്ദേശ്യരഹിതമായ എല്ലാ കര്മ്മലങ്ങളുടെയും പരിസമാപ്തിയാണ്. അതുകൊണ്ട് നീ നിഷ്കാമകര്മ്മയത്തില് അഭയം തേടുക. കര്മ്മ്ഫലത്തിലുള്ള ആഗ്രഹം നിന്റെ ഹൃദയത്തില്നിഭന്ന് നിശ്ശേഷം ഒഴിവാക്കുക. നിഷ്കാമകര്മ്മംറ ചെയ്തവര്‍ ഐഹികജീവിതത്തിന്റെ മറുകര കടക്കുകയും പുണ്യപാപങ്ങളുടെ ബന്ധനത്തിനതീതരായിത്തീരുകയും ചെയ്തിട്ടുണ്ട്.
((തുടരും))
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment