Monday, 31 October 2016

ഈശ്വരനെ സങ്ക്ൽപ്പിക്കാൻ

1 . കാണാൻ വയ്യാത്ത വസ്തുവിന്റെ തല്പര്യം വളരെക്കാലുംകൊണ്ടു പോലും മനസ്സിലാക്കാൻ ഞെരുക്കമാണ്. പെട്ടന്ന് വേണമെങ്കിലോ?  കാണാൻ വയ്യാത്ത  ഈശ്വരന് രൂപം സങ്കൽപ്പിക്കാകൂടി വയ്യെങ്കിൽ, കാര്യം പിന്നെയും ഞെരുക്കമാണ്.

2.  ഒരാൾ അരൂപനായ ഈശ്വരനെ സങ്ക്ൽപ്പിക്കാൻ തന്നെ നിശ്ചയിക്കുകയാണെങ്കിൽ ആദ്യം വേണ്ടത് മനസ്സിൽനിന്ന് എല്ലാരൂപങ്ങളെയും  മറ്റി നിർത്തുകയാണല്ലോ. മനസ്സ് സർവ്വരൂപമുക്തമായാൽ   അയാൾക്ക് ബുദ്ധിയെ ഒരിടത്തുറപ്പിച്ചു  നിർത്താനാവുമോ? അങ്ങനെ സർവ്വരൂപമുക്തമാക്കിയാൽ ബുദ്ധിക്ക് മങ്ങലേൽക്കുകയോ ഉറക്കം വരികയോ ചെയ്യും.

3.  അതുകൊണ്ട് അറിവുള്ളവർ ഈശ്വരനെ സകാരനായിട്ടുതന്നെ സങ്ക്ൽപ്പിക്കണം . എന്നാൽ അതേ സമയം ഇക്കാണുതല്ല ഈശ്വരനെന്നും , കാണാൻ വയ്യാത്തതാണെന്നും ധരിക്കുകയും വേണം.

**കടപ്പാട്  ഗുരുപരമ്പരയോട്**

Saturday, 29 October 2016

ഈ പ്രപഞ്ചം

ഈ പ്രപഞ്ചം ആ ജഗത്പിതാവിനു സ്വന്തമാണ്. അദ്ദേഹത്തിന്റെ  ഇച്ഛയുടെ പ്രത്യക്ഷസാക്ഷാത്കാരമാണ് ഈ പ്രപഞ്ചം. നിരാകാരിയായ അദ്ദേഹം ഓരോ അണുവിലും തന്റെ സാന്നിധ്യത്തെ നിമിഷംപ്രതി അറിയിച്ചു കൊണ്ടിരിക്കുന്നു.
ഈ ഭൂമിയുടെ സ്ഥിരവാസികള്‍ നമ്മളല്ല. നമ്മുടെ യഥാര്‍ത്ഥ വാസസ്ഥലം ആ സ്നേഹമയനായ ആ ഈശ്വരന്‍റെ തിരുമാറിലാണ്. ഇവിടെ അദ്ദേഹത്തിന്റെ ഇച്ഛാനുസരണം വിരുന്നു വന്നതേയുള്ളൂ.കരുണാമൂര്‍ത്തിയായ അദ്ദേഹം ഓരോ ജീവാത്മാവിന്റെ പ്രവര്‍ത്തനത്തിലും അതീവശ്രദ്ധ പുലര്‍ത്തുന്നു. സൂക്ഷ്മ, കാരണ ലോകങ്ങള്‍ക്കും അപ്പുറത്ത് വസിക്കുന്ന സ്നേഹസമ്പന്നനായ ആ പിതാവ് തന്റെ ഗേഹം വിട്ടുപോന്ന ഓരോ ജീവാത്മാവിനു വേണ്ടിയും ക്ഷമയോടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു.

Guru kripa

അഹം ബ്രഹ്മാസ്മി

നമ്മുടെ സാധനാ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പദങ്ങളാണ് "അഹം ബ്രഹ്മാസ്മി", "തത്ത്വമസി" (ഞാൻ ബ്രഹ്മം ആകുന്നു , അത് നീ ആകുന്നു) എന്നിവ. നമ്മൾ പലപ്പോഴും ഈ പദങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് പലപ്പോഴായി പ്രയോഗിക്കാറുമുണ്ട്.

"അഹം ബ്രഹ്മാസ്മി" ആയാലും "തത്ത്വമസി" എന്നതായാലും "ഞാൻ" എന്നതും "അത് " എന്നതും എന്താന്നെന്ന് അറിയണ്ടെ. അത് അറിയാതെ എങ്ങനെ നമുക്ക് ആ സത്യത്തെ അറിയുവാൻ കഴിയും.

സാധകൻ ഞാൻ സാധന ചെയ്ത് എനിക്ക് കഴിവുകൾ അല്ലെങ്കിൽ അറിവ് സിദ്ധിച്ചു എന്ന് ചിന്തിച്ച് പ്രവർത്തിക്കുമ്പോൾ അവനിൽ അഹങ്കാരം ഉണരുന്നു. അപ്പോൾ അവൻ "അതിൽ "നിന്നും അതായത് സത്യത്തിൽ നിന്നും അകലുന്നു. അവൻ മനസ്സിലാക്കി എന്ന് പറയപ്പെടുന്ന അറിവിന്റെ അളവ് വർദ്ധിപ്പിക്കാൻ ശ്രമിക്കും തോറും അവന്റെ അഹങ്കാരം കൂടും.കാരണം അവൻ ചിന്തിക്കുന്നത് എന്റെ കഴിവ് കൊണ്ട് ഞാൻ നേടി എന്നാണ്.

സ്വാഭാവികമായും അവൻ അവന്റെ അറിവ് മറ്റുള്ളവർക്ക് ഉപയോഗപ്പെടട്ടെ എന്ന രീതിയൽ പലരോടും പങ്കുവയ്ക്കുന്നു. അങ്ങനെ സമുഹത്തിൽ ഒരു വ്യത്യസ്ത വീക്ഷണം ഉള്ള ഒരു വ്യക്തിത്ത്വമായി അവൻ മാറ്റപ്പെടുന്നു. ജാതി,മതം,സ്ഥാനം എന്നിവയെ അടിസ്ഥാനമാക്കി സമുഹം അവനെ ''ഗുരു " എന്നോ "ആത്മീയ ആചാര്യൻ " എന്ന തലക്കെട്ടോ ചാർത്തുന്നു. അത് ശരിക്കും അവന്റെ അഹങ്കാരത്തെ ഒന്നും കൂടി ഉറപ്പിക്കുന്നു.

ഈ വിധത്തിൽ ചിന്തിച്ച് ജീവിക്കുന്ന ഒരു വ്യക്തി ഒരിക്കലും തന്റെ കാഴ്ച്ചപ്പാടിൽ നിന്നും മാറി ചിന്തിക്കാൻ തയ്യാറാകില്ല.കാരണം അവൻ ഇപ്പോൾ അനുഭവിക്കുന്ന ആ അഹത്തെ ഇഷ്ടപ്പെടുന്നു. അത് അവന്റെ കണ്ണുകൾക്ക് തിമിരം ബാധിച്ചത് പോലെ സത്യമായതിനെ മറയ്ക്കുന്നു. അവൻ "അഹം ബ്രഹ്മാസ്മി", "തത്ത്വമസി" എന്നീ നിത്യസത്യങ്ങളെ മറന്നു പോകുന്നു.

"ഗുരു " എന്നാൽ ഒരു വ്യക്തിത്വം അല്ല. അജ്ഞാനം അകറ്റുന്നവൻ ആണ് ഗുരു.അജ്ഞാനം അകറ്റണമെങ്കിൽ അദ്ദേഹം ജാതി,മതം,സ്ഥാനം എന്നിവയ്ക്ക് അതീതൻ ആകണം. "ഞാൻ" എന്നതും "അത് " എന്നതും അറിഞ്ഞവൻ ആകണം. അങ്ങനെ അറിഞ്ഞ ഒരാൾക്ക് തന്നിൽ നിന്നും അന്യമായി ഒന്നിനേയും കാണുവാൻ ആകില്ല. അദ്ദേഹം വേദങ്ങളോ മന്ത്രമോ തന്ത്രമോ പഠിപ്പിച്ചെന്നു വരില്ല. ചിലപ്പോൾ പഠിപ്പിക്കാം പഠിപ്പിക്കാതെയുമിരിക്കാം. ഗുരു സത്യത്തെ ആണ് മറ്റൊരാൾക്ക് അനുഭവപ്പെടുത്തി കൊടുക്കാൻ ശ്രമിക്കുന്നത്. "സത്യം" ജാതി മത ആചാരവിചാരങ്ങൾക്കും അപ്പുറമാണ് എന്ന തിരിച്ചറിവ് ഒരു ഗുരുവിന് വളരെ വ്യക്തമായി ഉള്ളതാണ്. കാരണം ഗുരുവും സത്യവും ഭിന്നമല്ല. "അഹം ബ്രഹ്മാസ്മി", "തത്ത്വമസി" എന്നിവ അനുഭവിച്ച് അറിഞ്ഞവനാണ് ഗുരു.

ഒരു സാധകൻ തന്റെ ഗുരുവിനെ ഒരു വ്യക്തിയായി മാത്രം കാണുന്നു എങ്കിൽ അവന് പലപ്പോഴും തന്റെ ഗുരുവിൽ വിശ്വാസം നഷ്ടപ്പെടാം. കാരണം ഗുരു എപ്പോഴും തന്റെ ശിഷ്യന്റെ അഹത്തെ കരിക്കാനുള്ള മാർഗ്ഗങ്ങളായിരിക്കും സ്വീകരിക്കുന്നത്. അത് ചിലപ്പോൾ ഒരു സാധകന് വേദന ഉണ്ടാക്കാം. ആ വേദന അവന്റെ അഹത്തെ തിരിച്ചറിയാനുള്ള ഒരു ഉപാധിയായി അവന് മാറ്റുവാനായാൽ അവൻ ഗുരു പാദത്തിൽ ലയിക്കും മറിച്ചാണെങ്കിൽ അകലും. ഒരു ഗുരുവിനെ മനസ്സിലാക്കുവാൻ ഒരു സാധകൻ ആദ്യം തന്നെ തന്നെ സമർപ്പിക്കക എന്നതാണ് ചെയ്യേണ്ടത്. എങ്കിൽ മാത്രമേ ഗുരുവിന് ശിഷ്യനിൽ പരിവർത്തനമുണ്ടാക്കി അവനെ ഒരു ഉപാധിയായി മാറ്റിക്കൊണ്ട് സത്യത്തെ അനുഭവിപ്പിച്ചു കൊടുക്കാൻ സാധ്യമാവുകയുള്ളു.❤

**കടപ്പാട്  ഗുരുപരമ്പരയോട്**

അമേരിക്കന്‍ പ്രസംഗം

സര്‍വ്വകാമങ്ങളേയും ത്യജിച്ച് ആത്മാരാമനമാരാകുവിന്‍

സ്വാമി വിവേകാനന്ദന്‍

സംസ്‌കാരങ്ങളനുസരിച്ച് ഉയര്‍ന്നോ താണോ ഉള്ള ജാതികളിലായി പല ജന്‍മങ്ങള്‍ കഴിഞ്ഞേ മനുഷ്യജന്‍മം കിട്ടു. ആ ഉല്‍കൃഷ്ട ജന്‍മത്തിലേ മോക്ഷപ്രാപ്തിയുമുള്ളൂ. ദേവജന്‍മത്തേക്കാളും മറ്റു സര്‍വജന്‍മത്തേക്കാളും ഉയര്‍ന്നതത്രേ മനുഷ്യജന്‍മം. സര്‍വ്വസൃഷ്ടികളിലുംവെച്ച് അത്യുത്തമജീവി മനുഷ്യനത്രേ: എന്തുകൊണ്ടെന്നാല്‍ മനുഷ്യന്‍ മാത്രമേ മുക്തി പ്രാപിക്കൂ.

ഈ ജഗത്താകെ ബ്രഹ്മത്തിലായിരുന്നു: അതില്‍നിന്ന് എറിയപ്പെട്ടതുപോലെ പുറത്തുവന്നു ചലിച്ചുകൊണ്ടിരിക്കുന്നു. എന്തിന്? എവിടെനിന്നു പുറപ്പെട്ടുവോ അങ്ങോട്ടു മടങ്ങിച്ചെല്ലുവാന്‍ – ഡൈനാമോവില്‍നിന്നു പുറപ്പെടുന്ന വിദ്യുച്ഛക്തി ഒരു വൃത്തം മുഴുമിച്ച് ഡൈനാമോവിലെക്കു മടങ്ങുംപോലെ. അതുതന്നെ ജീവന്റേയും അവസ്ഥ. നാം ബ്രഹ്മത്തില്‍നിന്നു നിര്‍ഗ്ഗമിച്ച് സസ്യതിര്യഗാദി ജാതികളില്‍ക്കൂടെ കടന്നു മനുഷ്യജാതിയില്‍ എത്തിയിരിക്കുന്നു.

ബ്രഹ്മത്തിന് ഏറ്റവുമടുത്തത് മനുഷ്യനാണ്. ബ്രഹ്മത്തിലേക്കു തിരിയെ ചെല്ലുവാനാണ് ജീവിതസമരം: ഇതു ജനങ്ങള്‍ അറിഞ്ഞാലും ശരി, ഇല്ലെങ്കിലും ശരി. ജഗത്തില്‍, ലോഹങ്ങളിലോ സസ്യങ്ങളിലോ ജന്തുക്കളിലോ ഏതു ചലനം കാണുന്നുവോ അത് ഉല്പത്തിസ്ഥാനമായ കേന്ദ്രത്തിലേക്ക് തിരിയെ ചേര്‍ന്നു ശാന്തിയെ പ്രാപിപ്പാനുള്ള യത്‌നമത്രേ. ഒരു സമനിലയുണ്ടായിരുന്നു, അതിനു ഭംഗംവന്നു. അപ്പോള്‍പ്പിന്നെ എല്ലാ അണുക്കളും കണങ്ങളും അംശങ്ങളും ആ പൊയ്‌പോയ സമാവസ്ഥയെ പ്രാപിക്കാന്‍ യത്‌നിക്കുന്നു.

ഈ യത്‌നത്തില്‍ അവ പല വിധത്തില്‍ കൂടിച്ചേരുന്നു, പിരിയുന്നു. പിന്നെയും ചേരുന്നു – പ്രപഞ്ചമെന്ന പരമാശ്ചര്യദൃശ്യമായിത്തീരുന്നു. സസ്യലോകത്തിലോ പ്രാണിലോകത്തിലോ മറ്റെവിടെയെങ്കിലുമോ ഉള്ള യത്‌നങ്ങളും മത്‌സരങ്ങളും സമുദായകലഹങ്ങളും യുദ്ധങ്ങളുമെല്ലാം ആ സമാവസ്ഥയില്‍ തിരിച്ചെത്തുവാനുള്ള നിത്യയത്‌നത്തിന്റെ വിളയാട്ടമത്രേ.

സംസാരമെന്നാല്‍ ജന്‍മത്തില്‍നിന്നു മൃത്യുവിലേക്കുള്ള പോക്ക്, പ്രയാണം, ജനനമരണചക്രം എന്നാണര്‍ത്ഥം. ഈ ചക്രത്തില്‍ ചുറ്റുന്ന ജീവജാലങ്ങളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മുക്തിയെ പ്രാപിക്കും. എങ്കില്‍പ്പിന്നെ നാം അതിനുവേണ്ടി ആയാസപ്പെടുന്നതെന്തിനെന്നു ചോദ്യമുണ്ടാവാം. എല്ലാവരും മുക്തന്‍മാരാകുമെങ്കില്‍ നമുക്ക് അതും കാത്തു സ്വസ്ഥമായിരിക്കാമല്ലോ. ഒന്നിനും നാശമില്ല. എല്ലാം ബ്രഹ്മപദം പ്രാപിക്കയും ചെയ്യും.

പിന്നെ യത്‌നിച്ചു കഷ്ടപ്പെടുന്നതെന്തിന്? ഒന്നാമത്, ഈ പ്രയത്‌നമാണ് കേന്ദ്രസ്ഥാനത്തു ചെന്നെത്തുവാനുള്ള ഏകമാര്‍ഗ്ഗം. രണ്ടാമത് നാം എന്തിനു യത്‌നിക്കുന്നു എന്നു നമുക്കറിഞ്ഞുകൂടാ. അതു വേണ്ടിയിരിക്കുന്നു എന്നേ പറയാവൂ. അനേകലക്ഷത്തില്‍ ഒരാള്‍ക്കു മുക്തി പ്രാപിക്കാമെന്നു ബോധമുണ്ടാകുന്നു: മറ്റുള്ള ബഹുജനങ്ങള്‍ വിഷയങ്ങളില്‍ സംതൃപ്തന്‍മാരായി കഴിയുന്നു. ചുരുക്കം ചിലര്‍ ഉണര്‍ന്നു, കളി മതിയാക്കി, മടങ്ങിപ്പോവാന്‍ ബോധപൂര്‍വ്വം പ്രയത്‌നിക്കുന്നു: മറ്റുള്ളവര്‍ ലക്ഷ്യമറിയാതേയും.

വിഷയത്യാഗമാണ് വേദാന്തം നീളെ ഉപദേശിക്കുന്നത്; ‘മിഥ്യയെ ത്യജിച്ചു സത്യത്തെ അവലംബിക്കുക.’ ഇതിനെ ത്യജിച്ചു ബ്രഹ്മപദം പ്രാപിക്കുവാന്‍ യത്‌നിക്കുന്നതെന്തിനെന്ന് വിഷയാസക്തന്‍മാര്‍ ചോദിക്കും. ‘നമ്മുടെ ഉദ്ഭവസ്ഥാനം അതാവാം; പക്ഷേ ഈ ലോകത്തില്‍ സുഖമുണ്ട്, രസമുണ്ട്. അത് ആവോളം അനുഭവിപ്പാന്‍ ശ്രമിക്കയല്ലാതെ ത്യജിക്കുന്നതെന്തിന്? എന്തെല്ലാം പരിഷ്‌കാരങ്ങള്‍, എത്ര സുഖാനുഭവങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു! കാണുന്നില്ലേ? തീര്‍ച്ചയായും ഇവിടെ സുഖമുണ്ട്, ഇതിനെ ത്യജിക്കുന്നതെന്തിന്’ എന്ന് അവര്‍ ചോദിക്കും.

അതിന് ഇങ്ങനെ സമാധാനം പറയാം. എന്തായാലും ഇതെല്ലാം നശിക്കും, തവിടുപൊടിയായിപ്പോകും. എന്നുമാത്രല്ല, ഇതേ സുഖങ്ങള്‍ നാം എത്രയോ പ്രാവശ്യം അനുഭവിച്ചും കഴിഞ്ഞിരിക്കുന്നു. നാം ഇപ്പോള്‍ കാണുന്ന ദൃശ്യം എത്രയോ തവണ ആവര്‍ത്തിച്ചുണ്ടായിരിക്കുന്നു. ഈ ലോകം ഇതേവിധം മുമ്പു പലപ്പോഴും നടന്നിട്ടുണ്ട്. മുമ്പു പല പ്രാവശ്യവും ഞാന്‍ ഇവിടെ നിന്നു നിങ്ങളോടു സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ പറയുന്ന വാക്കുകള്‍തന്നെ മുമ്പു പല പ്രാവശ്യവും നിങ്ങള്‍ കേട്ടിട്ടുണ്ട്. ഇനിയും പലപ്പോഴും അതുണ്ടാകയും ചെയ്യും. ആത്മാവിനു ഒരു മാറ്റവുമില്ല. എന്നാല്‍ ശരീരങ്ങള്‍ മാറിവരുന്നു. ഇതെല്ലാം കാലക്രമത്തില്‍ ആവര്‍ത്തിച്ചുണ്ടാകും:

പകിടയെറിയുന്നതുപോലെതന്നെ. മൂന്നോ നാലോ പകിടയെടുത്തെറിഞ്ഞ് ഒന്നില്‍ അഞ്ച്, ഒന്നില്‍ നാല്, ഒന്നില്‍ മൂന്ന്, ഒന്നില്‍ രണ്ട് ഇങ്ങനെ വീണു എന്നു വിചാരിക്കുക. പിന്നെയും പിന്നെയും എറിഞ്ഞു കൊണ്ടിരുന്നാല്‍ ദീര്‍ഘകാലത്തിനുശേഷമെങ്കിലും ഈ എണ്ണങ്ങള്‍ ആവര്‍ത്തിച്ചു വീഴാതിരിക്കില്ല. എത്ര പ്രാവശ്യം കൂടുമ്പോള്‍ ആവര്‍ത്തിച്ചുവരുമെന്നു പറയുവാന്‍ വയ്യ. അതു യാദൃച്ഛികമാണ്. ജീവാത്മാക്കളുടേയും അവയുടെ സംബന്ധങ്ങളുടെയും കാര്യവും അതുപോലെതന്നെ.

എത്ര ദൂരപ്പെട്ടായാലും ഒരേ ഉല്പത്തികളും വിലയങ്ങളും പിന്നെയും പിന്നെയും ആവര്‍ത്തിച്ചുവരും. അതേ ജനനം, അതേ ലോകവ്യാപാരം, അതേ മരണം: ഇതെല്ലാം പിന്നെയും പിന്നെയും ഉണ്ടാകും. ചിലര്‍ ഇന്ദ്രിയങ്ങസുഖങ്ങള്‍ക്കപ്പുറം ഒന്നും കാണുന്നില്ല. ചിലര്‍ അതെല്ലാം ക്ഷണികങ്ങളും അപ്രധാനങ്ങളുമാണെന്നു കണ്ട് ഉയര്‍ന്നുപോകുവാന്‍ ആഗ്രഹിക്കുന്നു.

കീടം മുതല്‍ മനുഷ്യന്‍വരെയുള്ള വിവിധജാതികളെയും ഊഞ്ഞാല്‍യന്ത്രത്തിലെ പെട്ടിപോലെ വിചാരിക്കാം. യന്ത്രം തിരിഞ്ഞുകൊണ്ടേയിരിക്കും: പെട്ടിയില്‍ കയറിയിറങ്ങുന്നവര്‍ മാറിക്കൊണ്ടുമിരിക്കും. ഒരു ജീവന്‍ ഒരു ജാതി രൂപത്തില്‍ പ്രവേശിച്ച് അതില്‍ കുറേക്കാലം ഇരുന്ന് അതുവിട്ടു മറ്റൊന്നില്‍ പ്രവേശിക്കും. പിന്നീട് അതും വിട്ട് മറ്റൊന്നിലാകും. ഇങ്ങനെ യന്ത്രത്തില്‍ ചുറ്റിത്തിരിഞ്ഞ് ഒടുവില്‍ അതു വിട്ടിറങ്ങി മുക്തിയെ പ്രാപിക്കും.

ഭൂതഭവിഷ്യത്തുകളെ വിസ്മയകരായി ശരിക്കു പറയുവാന്‍ കഴിവുള്ളവരെപ്പറ്റി ലോകത്തില്‍ ഏതു ദേശത്തും കാലത്തും കേട്ടിട്ടുണ്ട്. അതെങ്ങനെ സാധ്യമാകുന്നു? ആത്മാവിനു പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്. അതിന് നിമിത്തനിയമത്തെ ലംഘിച്ചു മുക്തമാകുവാന്‍ സ്വതവേ ശക്തിയുണ്ട്. ഇതില്‍ മുക്തന്‍മാരുടെ ചരിത്രം ദൃഷ്ടാന്തമാണല്ലോ.

ഇങ്ങനെ പൂര്‍ണ്ണസ്വാതന്ത്ര്യം നഷ്ടമാവാതിരിപ്പുണ്ടെങ്കിലും ജീവഭാവത്തില്‍ അതിന്റെ കര്‍മ്മങ്ങള്‍ അധികഭാഗവും കാര്യകാരണനിയമത്താല്‍ ബദ്ധമാണ്. അതുകൊണ്ട് കാര്യകാരണങ്ങളെ സൂക്ഷ്മമായി ഗ്രഹിപ്പാന്‍ ശക്തിയുള്ളവര്‍ ഭൂതഭവിഷ്യത്തുകളെ ശരിയായിപ്പറയുവാനും ശക്തന്‍മാരാകുന്നു.

ഒരാഗ്രഹമോ ആവശ്യമോ ഉള്ള കാലത്തോളം പൂര്‍ണ്ണത വന്നിട്ടില്ല: അതു തീര്‍ച്ചയായ അടയാളമാണ്. സിദ്ധനും മുക്തനുമായ മനുഷ്യന് ഒരാഗ്രഹവും ഉണ്ടാവില്ല. ഈശ്വരന് ഒരാവശ്യവും ഉണ്ടാവാന്‍ വയ്യ. ആവശ്യമുള്ളവന്‍ ഈശ്വരനാകയില്ല, അപൂര്‍ണ്ണനായിരിക്കും. അതുകൊണ്ട് ഈശ്വരന് അതാണിഷ്ടം, ഇതാണിഷ്ടം, ഈശ്വരനു കോപമായി, തൃപ്തിയായി എന്നെല്ലാം പറയുന്നതു ബാലിശമായ സംസാരമെന്നല്ലാതെ അതിന്നര്‍ത്ഥമില്ല. അതുകൊണ്ട് ആചാര്യന്‍മാരെല്ലാവരും ‘ഒന്നും ആവശ്യപ്പെടരുത്. സര്‍വ്വകാമങ്ങളേയും ത്യജിച്ച് ആത്മാരാമന്‍മാരാകുവിന്‍’ എന്നുപദേശിക്കുന്നു.

പല്ലില്ലാതേയും ഇഴഞ്ഞുകൊണ്ടുമാണ് മനുഷ്യന്‍ ഭൂമിയിലേക്കു വരുന്നത്. ലോകം വിട്ടുപോകുന്നതും പല്ലില്ലാതെ ഇഴഞ്ഞുകൊണ്ടാണ്. ആദിയും അന്തവും ഒരുപോലെ. എന്നാല്‍ ആദിയില്‍ ജീവിതാനുഭവം ശൂന്യം: അന്ത്യത്തില്‍ അതു പൂര്‍ണ്ണം. ആകാശസ്പന്ദനങ്ങള്‍ അതിമന്ദമാകുമ്പോള്‍ പ്രകാശമില്ല, ഇരുട്ടാണ്. സ്പന്ദം അതിശീഘ്രമാകുമ്പോഴും ഫലം ഇരുട്ടിന്റേതാണ്. ഇങ്ങനെ ഇരുതലകള്‍ ഒരുപോലെ തോന്നാമെങ്കിലും രണ്ടും അന്യോന്യം അതിദൂരപ്പെട്ടിരിക്കുന്നു.

ചുമരിന് ഒരു കാമവുമില്ല, മുക്തപുരുഷനുമില്ല. ചുമരിനു കാമിപ്പാന്‍തക്ക ചൈതന്യമില്ല, മുക്തനു കാമിപ്പാന്‍തക്ക വസ്തുവില്ല. ലോകത്തില്‍ ഒന്നിനും ആഗ്രഹമില്ലാത്ത മണ്ടന്‍മാരുണ്ട്. അവരുടെ തലച്ചോറ് അത്രയും പ്രാകൃതമാണ്. ഒന്നിനും ആഗ്രഹമില്ലാതിരിക്കുന്നതാണുതാനും ഉച്ചാവസ്ഥ. എന്നാല്‍ ഈ രണ്ടവസ്ഥകള്‍ക്കും തമ്മില്‍ അജഗജാന്തരമുണ്ട്. ഒന്നു മൃഗത്തിനോടടുത്തത് മറ്റേത് ഈശ്വരനോടടുത്തത്.

ആത്മാവിന്റെ ബന്ധമോക്ഷങ്ങള്‍ (അമേരിക്കന്‍ പ്രസംഗം)

Friday, 28 October 2016

സാധന കേന്ദ്രങ്ങൾ

എല്ലാവർക്കും കേറി ചെല്ലാവുന്ന ഇടം അല്ല സാധന കേന്ദ്രങ്ങൾ. എന്നാൽ കേറി ചെന്നു എന്ന് തോന്നാം, പക്ഷേ അത് അവന്റെ വെറും തോന്നൽ മാത്രമായിരിക്കും. കാരണം ഇന്നോളം തന്നിലേയ്ക്ക് നോക്കുവാൻ സാധിക്കാത്തവന് എങ്ങനെ സാധനാ കേന്ദ്രത്തിലത്തുവാനാകും.

ഇനി അവൻ അവിടെ എത്തിയാല്ലോ ഒരു ഭയമോ? ഒരു ശ്വാസമുട്ടല്ലോ അനുഭവപ്പെടാം. കാരണം നിശബ്ദത യെ അവന്റെ മനസ്സ് ഭയക്കുകയാണ്. ഒരു ആന്തരിക യാത്ര ചെയ്യുന്ന സാധകന് സാധനാ കേന്ദ്രങ്ങൾ സ്വഭവനത്തേക്കാൾ അടുപ്പം ഉണ്ടാക്കും.

തന്നിലെ വൈബ്രഷൻസും സാധനാ കേന്ദ്രങ്ങളിലെ വൈബ്രഷൻസും യോജിക്കാത്തതാണ് പുറം തള്ളലിനു കാരണം.

**കടപ്പാട്  ഗുരുപരമ്പരയോട്**

Thursday, 27 October 2016

സ്വര്‍ഗ്ഗാദിലോകങ്ങള്‍ മനുഷ്യകല്പിതങ്ങള്‍


സ്വാമി വിവേകാനന്ദന്‍

ഇങ്ങനെ നോക്കുമ്പോള്‍ ആത്മാവ് ഏകന്‍മാത്രമുണ്ട്, നിത്യശുദ്ധന്‍, നിത്യപൂര്‍ണ്ണന്‍, അവികാര്യന്‍ ഒരിക്കലും വികാരപ്പെട്ടിട്ടില്ലാത്തവന്‍, അനേകമായിക്കാണുന്ന ഈ വികാരങ്ങളെല്ലാം ആ ഒരേ ആത്മാവില്‍ നമുക്കുണ്ടാകുന്ന തോന്നലുകള്‍ മാത്രം. ആ ആത്മാവില്‍ നാമരൂപങ്ങള്‍ ചിത്രീകരിച്ചതാണ് ഈ സ്വപ്നങ്ങള്‍. രൂപം നിമിത്തമാണല്ലോ തിര കടലില്‍നിന്നു ഭിന്നമായി തോന്നുന്നത്. തിരയടങ്ങുമ്പോള്‍ അതിന്റെ രൂപമുണ്ടോ? ഇല്ല, അതു മറഞ്ഞേ പോയി. തിരയുണ്ട് എന്നതു കടലുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ കടല്‍ തിരയെ ആശ്രയിച്ചിരിക്കുന്നുമില്ല. ഈ നാമരൂപങ്ങള്‍ ഏതില്‍നിന്നുളവായോ അതിനു മായ എന്നു പറയുന്നു. മായയാണ് വ്യത്യസ്തങ്ങളുത്മം വിചിത്രങ്ങളുമായ വ്യക്തികളെ നിര്‍മ്മിക്കുന്നത്.

എന്നാലും അത് സത് (ഉള്ളത്) അല്ല. അതുണ്ടെന്നു പറയുക വയ്യ. രൂപത്തിനു സ്വതവെ സത്തയില്ല. അതു മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നു. എന്നുവെച്ച് അതില്ലാത്തതാണെന്നും പറയുകവയ്യ. അതാണല്ലോ ഈ നാനാത്വമുണ്ടാക്കുന്നത്. അപ്പോള്‍ വേദാന്തദര്‍ശനപ്രകാരം ഈ മായ, അഥവാ പ്രജ്ഞാനം, അഥവാ നാമരൂപങ്ങള്‍, അഥവാ ദേശകാലനിമിത്തങ്ങളെന്ന് യൂറോപ്പില്‍ പറയുന്നത്, ജഗത്തില്‍ നാനാത്വത്തെ കാണിച്ചുതരുന്നു; വാസ്തവത്തില്‍ ഈ ജഗത്തു മുഴുവന്‍കൂടി ഒരേ ഒരു സത്ത. സത്ത രണ്ടുണ്ടെന്നു വിചാരിക്കുന്നതു തെറ്റ്; ഒന്നേയുള്ളൂ എന്നറിയുന്നതു ശരി. ഈ തത്ത്വമത്രേ ഇന്നു നമുക്കു ഭൗതികലോകത്തിലും മാനസികലോകത്തിലും ആദ്ധ്യാത്മികലോകത്തിലും ശരിയാണെന്നു തെളിയിച്ചുതരുന്നത്.

നിങ്ങളും ഞാനും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഒരേ ദ്രവ്യമഹാസമുദ്രത്തിലെ വിവിധസ്ഥാനങ്ങളുടെ വിവിധനാമങ്ങളാണെന്നും, ആ ദ്രവ്യം ആകൃതിയില്‍ തുടരെത്തുടരെ മാറിക്കൊണ്ടിരിക്കുന്നുവെന്നും ഇന്നു ശാസ്ത്രം തെളിയിച്ചിരിക്കുന്നു. പല മാസങ്ങള്‍ക്കുമുമ്പു സൂര്യനിലുണ്ടായിരുന്ന ഒരു ശക്തിലേശമാവാം ഇന്ന് ഒരു മനുഷ്യനിലുള്ളത്, അത് നാളെ ഒരു മൃഗത്തിലും മറ്റന്നാള്‍ ഒരു ചെടിയിലുമാവാം, അത് എപ്പോഴും വന്നും പോയുമിരിക്കുന്നു. ഒക്കെക്കൂടെ അഖണ്ഡമായ ഒരു അനന്തദ്രവ്യരാശി, അതില്‍ നാമരൂപഭേദങ്ങള്‍ ഉണ്ടെന്നുമാത്രം.

ഒരു സ്ഥാനത്തെ സൂര്യനെന്നു പറയുന്നു, മറ്റൊന്നിനെ ചന്ദ്രന്‍, വേറൊന്നിനെ നക്ഷത്രം, അല്ലെങ്കില്‍ മനുഷ്യന്‍, മൃഗം, സസ്യം എന്നിങ്ങനെ പറഞ്ഞുവരുന്നു. ഈ നാമങ്ങളെല്ലാം മിഥ്യ. അവയ്ക്കു സ്ഥിരസത്യത്വമില്ല, എല്ലാം പ്രതിനിമിഷം മാറിവരുന്ന ദ്രവ്യം മാത്രം. ഈ സ്ഥൂലപ്രപഞ്ചംതന്നെ മറ്റൊരു ദൃഷ്ടിയില്‍ ഒരു വിചാരസമുദ്രമാകും. അപ്പോള്‍ നാമോരോരുത്തനും അതില്‍ ഓരോ പ്രത്യേകമനസ്സിന്റെ സ്ഥാനം വഹിക്കും. നിങ്ങള്‍ ഓരോ മനസ്സ്, ഞാന്‍ ഒരു മനസ്സ്, മറ്റെല്ലാവരും മനസ്സുകള്‍. എന്നാല്‍ മനസ്സ് പരിശുദ്ധമായി, കാഴ്ച തെളിഞ്ഞു ജ്ഞാനദൃഷ്ടികൊണ്ടു നോക്കുമ്പോള്‍ ഈ പ്രപഞ്ചംതന്നെ അഖണ്ഡസത്തയായി, നിര്‍മ്മലനിര്‍വികാനിത്യവസ്തുവായി കാണപ്പെടും.

അങ്ങനെയാണെങ്കില്‍ മരണാനന്തരം ജീവന്‍മാര്‍ക്കുണ്ടെന്നു ദ്വൈതികള്‍ പറയുന്ന ത്രിവിധഗതിക്കു നിലയെന്ത്? മരണശേഷം ശിഷ്ടന്‍മാര്‍ സ്വര്‍ഗ്ഗത്തിലോ മറ്റു വല്ല ലോകത്തിലോ പോകുന്നു, ദുഷ്ടന്‍മാര്‍ ഭൂതപ്രേതാദികളോ മൃഗങ്ങളോ ആകുന്നു എന്നും മറ്റും അവര്‍ പറയുന്നതിന്റെ നിലയെന്ത്? അങ്ങനെയൊന്നുമില്ല, ആരും വരുന്നതോ പോകുന്നതോ ഇല്ലെന്നാണ് അദ്വൈതി പറയുന്നത്. വരവും പോക്കും എങ്ങനെയുണ്ടാകും? നിങ്ങള്‍ അപരിമിതം, അനന്തം; പിന്നെ നിങ്ങള്‍ക്കുപോവാനുള്ള സ്ഥാനമേത്?

ഒരു സ്‌ക്കൂളില്‍ ചെറിയ കുട്ടികളെ പരീക്ഷിക്കയായിരുന്നു. അവരോട് പരീക്ഷകന്‍ വിഡ്ഢിത്തമായി പല ദുര്‍ഘടചോദ്യങ്ങളും ചോദിച്ചു. അതിലൊന്ന്, ‘ഭൂമി എന്തുകൊണ്ട് വീണുപോകുന്നില്ല’ എന്നായിരുന്നു. ആകര്‍ഷണമെന്നോ മറ്റോ ഉള്ള ശാസ്ത്രതത്ത്വം പ്രമാണമാണെന്നു വരുത്തുവാനുള്ള ചോദ്യമാണത്. കുട്ടികളില്‍ പലര്‍ക്കും ചോദ്യത്തിന്റെ കാര്യം മനസ്സിലായില്ല. അവര്‍ എന്തെല്ലാമോ തെറ്റായ മറുപടി പറഞ്ഞു. മിടുക്കത്തിയായ ഒരു കൊച്ചു പെണ്‍കുട്ടി അതിനുത്തരമായി മറ്റൊരു ചോദ്യം ചോദിച്ചു, ‘അതെവിടേയ്ക്കു വീഴും?’ എന്ന്. പരീക്ഷകന്റെ ചോദ്യം പ്രത്യക്ഷത്തിലേ അബദ്ധം. ഈ ജഗത്തില്‍ മീതെയെന്നും താഴെയെന്നും വാസ്തവത്തിലില്ല. എല്ലാം സാപേക്ഷം.

ആത്മാവിന്റെ കാര്യത്തിലും അങ്ങനെയാണ്. അതിനെസ്സംബന്ധിച്ച് ജനനമെന്നും മരണമെന്നും പറയുന്നതു വെറും ബുദ്ധിശൂന്യത. ആരു പോകുന്നു, ആരു വരുന്നു? നിങ്ങളില്ലാത്ത സ്ഥലമേത്? ആത്മാവ് സര്‍വ്വവ്യാപി. ഇപ്പോഴേ നിങ്ങള്‍ അധിവസിക്കുന്നില്ലാത്ത സ്വര്‍ഗ്ഗമെവിടെ? സര്‍വ്വവ്യാപി എവിടെയ്ക്കു പോകും? എവിടേയ്ക്കു പോകാതിരിക്കും? അത് എവിടെയും നിറഞ്ഞിരിക്കുന്നു. സ്വര്‍ഗ്ഗലോകം, തദുപരിലോകങ്ങള്‍, അധോലോകങ്ങള്‍, ജനനം, മരണം എന്നീ ബാലിശസ്വപ്നങ്ങള്‍, മിഥ്യാഭാവനകള്‍ – എല്ലാം ജ്ഞാനിക്കു നിമിഷംകൊണ്ടു മാഞ്ഞുപോകുന്നു. ജ്ഞാനം പരിപൂര്‍ണ്ണമാകാത്തവര്‍ക്ക് ബ്രഹ്മലോകപര്യന്തം പല രംഗങ്ങളും കഴിഞ്ഞശേഷം അവ മാഞ്ഞുപോകുന്നു. അജ്ഞാനികള്‍ക്ക് അതു തുടര്‍ന്നും പോകും.

മനുഷ്യന്‍ മരിക്കുന്നു എന്നും ജനിക്കുന്നു എന്നും സ്വര്‍ഗ്ഗപ്രാപ്തിയുണ്ടെന്നും ലോകരെല്ലാം വിശ്വസിക്കുന്നതെന്തുകൊണ്ട്? ഞാന്‍ ഒരു പുസ്തകം വായിക്കുന്നു. ഒരു വശം വായിച്ച് അതു മറിച്ചു. മറ്റൊരു വശം വായിച്ച് അതും മറിച്ചു. ഇവിടെ മാറിപ്പോകുന്നതേത്? വരുന്നതും പോകുന്നതുമാര്? ഞാനല്ല, പുസ്തകത്തിലെ ഏടുകള്‍. ഈ പ്രകൃതി മുഴുവനും ആത്മാവിനുമുമ്പില്‍ പുസ്തകംപോലെയാണ്. അദ്ധ്യായങ്ങള്‍ വായിച്ചുതീരുന്നു. പുതിയ രംഗങ്ങള്‍ പ്രത്യക്ഷങ്ങളാകുന്നു. ഓരോന്നും മറിച്ചുമറിച്ചുപോകുന്നു. ആത്മാവ് എപ്പോഴും ഒന്നുതന്നെ, നിത്യം. പ്രകൃതിയാണ് മാറുന്നത്, ആത്മാവല്ല. ജനനവും മരണവും പ്രകൃതിക്കു ചേര്‍ന്നതാണ്, ആത്മാവിനല്ല. എന്നാലും അജ്ഞാനികള്‍ ഭ്രമിക്കുന്നു.

സൂര്യനാണ് ചലിക്കുന്നത്, ഭൂമിയല്ല എന്ന് നാം ഭ്രാന്തിവശാല്‍ വിചാരിക്കുംപോലെ, നാമാണ് മരിക്കുന്നത്, പ്രകൃതിയല്ല എന്ന് നാം ഭ്രമിച്ചു കളയുന്നു. ഇതെല്ലാം ഭ്രമം. തീവണ്ടി നീങ്ങുമ്പോള്‍ അരികെയുള്ള ഭൂമി നീങ്ങുന്നു എന്നു തോന്നുന്നതുപോലെയാണ് നമ്മുടെ ജനനമരണഭ്രമങ്ങളും. മനുഷ്യമനസ്സിന്റെ ഒരവസ്ഥയില്‍ ഈ സത്തയെ, ഭൂമി സൂര്യന്‍ ചന്ദ്രന്‍ നക്ഷത്രങ്ങള്‍ എന്നെല്ലാമായി കാണുന്നു. ഒരേ മനഃസ്ഥിതിയിലുള്ളവര്‍ ഒരു പോലെകാണും. എന്നാല്‍ നമുക്കു മദ്ധ്യേ മററു ജീവതലങ്ങളും അവയില്‍ അനേകലക്ഷം ജീവികളുമുണ്ടാവാം. നാം അവയെ കാണില്ല, അവര്‍ നമ്മെയും കാണില്ല. നമ്മുടെ മനഃസ്ഥിതിയോടുകൂടി നമ്മുടെ തലത്തിലുള്ളവരെ മാത്രമേ നാം കാണൂ.

സംഗീതയന്ത്രങ്ങളില്‍ ഒരേതരം സ്പന്ദാവസ്ഥയിലുള്ളവ തമ്മില്‍ത്തമ്മില്‍ സഹസ്പന്ദിക്കുംപോലെയാണിത്. ഇപ്പോള്‍ നാമിരിക്കുന്നത് ‘മനുഷ്യസ്പന്ദം’ എന്ന നിലയിലാണ്. അത് മാറിപ്പോയാല്‍ നാമിവിടെ മനുഷ്യരെ കാണില്ല, പകരം, മറ്റൊരു രംഗത്തില്‍ ദേവന്‍മാരെയോ ദേവലോകത്തെയോ കാണും: ദുഷ്ടന്‍മാര്‍ പക്ഷേ പിശാചുക്കളെയോ പൈശാചലോകത്തെയോ കാണും. ഈ ഭിന്നദര്‍ശനങ്ങളെല്ലാം ഒരേ ലോകത്തിന്റേതുതന്നെ. മനുഷ്യതലത്തില്‍നിന്നു നോക്കുമ്പോള്‍ ഭൂമി-സൂര്യ-ചന്ദ്ര-നക്ഷത്രാദികളായി കാണാകുന്ന ഈ ജഗത്തുതന്നെ ദുഷ്ടദൃഷ്ടിയില്‍ നരകമായി കാണാം.

സ്വര്‍ഗ്ഗകാംക്ഷികള്‍ക്കു സ്വര്‍ഗ്ഗമായും കാണാം. സിംഹാസനാധിരൂഢനായ ഒരു ദേവന്റെ സന്നിധിയില്‍ ചെന്ന് അദ്ദേഹത്തെ എന്നും കീര്‍ത്തിച്ചു നില്‍ക്കുന്ന നില ശ്രേയസ്സെന്നു മനോരാജ്യം കരുതിയവര്‍ മരണശേഷം അവരുടെ മനോരാജ്യത്തിന്നനുസരിച്ചു കാഴ്ചകള്‍ കാണും. ഈ ജഗത്തുതന്നെയാണ് അവരുടെ ദൃഷ്ടിയില്‍ ഒരു മഹാദിവ്യലോകമായും അതില്‍ ഈശ്വരന്‍ സിംഹാസനാധിരൂഢനായിരിക്കുന്നതായും പാര്‍ഷദന്‍മാര്‍ അങ്ങുമിങ്ങും ചലിക്കുന്നതായും തോന്നുക. ഈ സ്വര്‍ഗ്ഗാദിലോകങ്ങള്‍ മനുഷ്യകല്പിതങ്ങള്‍ മാത്രം. ആ നിലയില്‍ ദ്വൈതികള്‍ പറയുന്നത് ശരി: പക്ഷേ, അതു മനഃകല്പിതം മാത്രമാണെന്നു അദ്വൈതി പറയുന്നു.

ഈ വിവിധലോകങ്ങളും ദേവാസുരന്‍മാരും ജന്മാന്തരപ്രാപ്തികളുമെല്ലാം വെറും കഥകള്‍: ഈ മനുഷ്യജീവിതവും അത്രതന്നെ. ഈ ജീവിതമേ സത്യമായിട്ടുള്ളൂ എന്നു വിചാരിക്കുന്നതാണ് മനുഷ്യര്‍ക്ക് എപ്പോഴും പറ്റുന്ന വലിയ തെറ്റ്. മറ്റു സംഗതികള്‍ വെറും പുരാണകഥകളാണെന്നു പറയുന്നത് അവര്‍ക്ക് എളുപ്പത്തില്‍ മനസ്സിനിണങ്ങും. അതുതന്നെയാണ് സ്വന്തം ജീവിതനിലയും എന്ന് അവര്‍ ഒരിക്കലും സമ്മതിക്കില്ല.

ഈ കാണുന്നതു മുഴുവന്‍ ഒരു കെട്ടുകഥ: അതില്‍ ഏറ്റവും വലിയ അസത്യം, നാം ശരീരങ്ങളാണെന്നത്രേ. നാം ഒരിക്കലും ശരീരങ്ങളായിട്ടില്ല, ആവുകയുമില്ല. ജഗദീശ്വരസ്ഥാനത്തുള്ള നാം വെറും മനുഷ്യരാണെന്നുള്ളതാണ് കളവില്‍ മികച്ച കളവ്. ഈശ്വരനെ ആരാധിക്കുന്നില്‍ നാം നമ്മുടെ നിഗൂഢമായ ആത്മാവിനെയാണാരാധിക്കുന്നത്! നിങ്ങള്‍ ജന്മനാ പാപിയെന്നോ ദുഷ്ടനെന്നോ പറയുന്നത് അതിനീചമായ അസത്യമത്രേ.

ഇവിടെ ഒരു ശിശു കിടക്കുന്നു. അതിന്റെ മുമ്പില്‍ ഒരു സഞ്ചി നിറയെ സ്വര്‍ണ്ണവും. ഒരു കള്ളന്‍ വന്ന് അത് എടുത്തുകൊണ്ടുപോകുന്നു എന്നു വിചാരിക്കുക. അപ്പോള്‍ ശിശുവിന് അതില്‍ വല്ല ഭാവഭേദവുമുണ്ടാകുമോ? ഇല്ല. ശിശുവിന്റെ ഉള്ളില്‍ കള്ളനില്ല. അതുകൊണ്ടു പുറത്തുമില്ല. പാപികളും നീചന്‍മാരും പുറമേ നീചത്വം കാണും, സത്തുകള്‍ കാണില്ല. ആവിധത്തില്‍ ദുഷ്ടന്‍മാര്‍ ഈ ജഗത്തിനെ നരകമായി കാണും. സത്തുകള്‍ സ്വര്‍ഗ്ഗമായി കാണും, സിദ്ധന്‍മാര്‍ ഈശ്വരനായിത്തന്നെയും കാണും.

അപ്പോഴേ ദൃഷ്ടിയില്‍നിന്നു മറവുകള്‍ നീങ്ങൂ. മനസ്സു നിര്‍മ്മലമായി പരിശുദ്ധമാകുമ്പോള്‍ ദര്‍ശനമെല്ലാം മാറിക്കാണാം. എത്രയോ ലക്ഷം സംവത്‌സങ്ങളായി തന്നെ പീഡിപ്പിച്ചിരുന്ന ദുഃസ്വപ്നങ്ങള്‍ അപ്പോള്‍ മാഞ്ഞുപോകും. ഞാന്‍ മനുഷ്യനോ ദേവനോ അസുരനോ ആണ്, ഞാന്‍ താണ നിലയിലിരിക്കുന്നു, ഉയര്‍ന്ന നിലയിലിരിക്കുന്നു, ഭൂമിയില്‍ പാര്‍ക്കുന്നു, സ്വര്‍ഗ്ഗത്തില്‍ സുഖിക്കുന്നു എന്നെല്ലാം വിചാരിക്കുന്ന മനുഷ്യന്‍, അപ്പോള്‍, താന്‍ സര്‍വ്വവ്യാപി: കാലം തന്റെ മനസ്സില്‍, താന്‍ കാലത്തിന്നധീനനല്ല, ദിവ്യലോകങ്ങളെല്ലാം തന്റെ ഉള്ളില്‍, താന്‍ ഒരു സ്വര്‍ഗ്ഗത്തിലുമല്ല, മനുഷ്യരാല്‍ ചിരപൂജിതന്‍മാരായ ദേവന്‍മാരെല്ലാം തന്റെ ഉള്ളില്‍, താന്‍ ഒരു ദേവനിലും ആയിരുന്നില്ല എന്നു സാക്ഷാത്തായി കാണും.

ദേവന്‍മാരെയും അസുരന്‍മാരെയും താനാണ് സൃഷ്ടിച്ചത്, മനുഷ്യനും മൃഗവും സസ്യവും ശിലയും എല്ലാം തന്റെ സൃഷ്ടി. തന്റെ യഥാര്‍ത്ഥപ്രകൃതി സര്‍വ്വസ്വര്‍ഗ്ഗങ്ങളെക്കാള്‍ മേലെ. ഈ ജഗത്തിനെക്കാള്‍ തികവുറ്റത്, അനന്തമായ കാലത്തേക്കാള്‍ അപരിമിതം, സര്‍വ്വവ്യാപിയായ ആകാശത്തേക്കാള്‍ വ്യാപ്തികൂടിയത് എന്ന് സ്വദൃഷ്ടിയില്‍ മറവറ്റു തെളിഞ്ഞു കാണും. അപ്പോഴേ മനുഷ്യന്‍ നിര്‍ഭയനും സ്വതന്ത്രനുമാകൂ. അപ്പോള്‍ ഭ്രമങ്ങള്‍ തീര്‍ന്നു, ക്ലേശങ്ങള്‍ മാഞ്ഞു, ഭയങ്ങള്‍ നീങ്ങി, ജനനം ഇല്ലാതായി. അതോടെ മരണവും: ദുഃഖങ്ങള്‍ പറന്നുപോയി, ഒപ്പം സുഖങ്ങളും: ഭൂമി തിരോധാനം ചെയ്തു, കൂടെ സ്വര്‍ഗ്ഗവും; ദേഹം പൊയ്‌പ്പോയി. ഒരുമിച്ചു മനസ്സും: ആ മനുഷ്യനു ജഗത്താകെ അന്തര്‍ദ്ധാനം ചെയ്തതുപോലായി.

ജഗത്തിലുള്ള നാനാശക്തികളുടെ ചലനങ്ങളും അന്വേഷണങ്ങളും പരസ്പരസമ്മര്‍ദ്ദങ്ങളും എന്നെന്നേയ്ക്കും നിലച്ചു. ശക്തിയും ദ്രവ്യവുമായും, പ്രപഞ്ചവ്യവഹാരമായും. പ്രപഞ്ചംതന്നെയായും, സ്വര്‍ഗ്ഗം, ഭൂമി, സസ്യം, ജന്തു, മനുഷ്യന്‍, ദേവന്‍ എന്നീ രൂപങ്ങളിലായും പരിണമിച്ചിരുന്നതേതോ, അത് അഖണ്ഡാനന്ദനിര്‍വ്വികാരസത്തയായി രൂപാന്തരപ്പെടുകയും ആ സത്ത താന്‍തന്നെ എന്ന് മനുഷ്യന്‍ സാക്ഷാല്‍ക്കരിക്കയും ചെയ്യുന്നു.

‘നാനാനിറം പൂണ്ട മേഘങ്ങള്‍ ആകാശത്തില്‍ വെളിപ്പെട്ടു നിമിഷനേരം നിന്നു മറഞ്ഞുപോകുംപോലെ.’ ഭൂമി, സ്വര്‍ഗ്ഗം, ചന്ദ്രന്‍, ദേവന്‍ സുഖം ദുഃഖം എന്നീ വിവിധദര്‍ശനങ്ങള്‍ ആത്മാവില്‍ പ്രത്യക്ഷമാകുന്നു, മറഞ്ഞുപോകുന്നു: ശേഷിക്കുന്നത് അനന്തവും അവികാരവുമായ ആകാശം, ആത്മാവുമാത്രം. ആകാശത്തിനു മാറ്റമില്ല: മാറ്റം മേഘങ്ങള്‍ക്ക്: ആകാശം വികാരപ്പെടുന്നു എന്നു വിചാരിക്കുന്നത് അബദ്ധം. നമ്മളില്‍ അശുദ്ധിയുണ്ട്, നാം പരിമിതരാണ്, നാം വെവ്വേറെയാണ് എന്നെല്ലാം വിചാരിക്കുന്നത് തെറ്റ്. യഥാര്‍ത്ഥമനുഷ്യന്‍ ഏകാദ്വൈതസത്താമാത്രം.

**സ്വാമി വിവേകാനന്ദന്‍**