അദ്ധ്യായം ഒന്ന് : അര്ജുനവിഷാദയോഗം
ശ്ലോകം 31
നിമിത്താനി ച പശ്യാമി
വിപരീതാനി കേശവ,
ന ച ശ്രേയോനു പശ്യാമി
ഹത്വാ സ്വജനമാഹവേ.
അര്ത്ഥം:
ഹേ കൃഷ്ണാ, പ്രതികൂല ശകുനങ്ങളും ഞാന് കാണുന്നു. യുദ്ധത്തില് സ്വജനത്തെ കൊന്നിട്ട് ശ്രേയസ്സുണ്ടാകുമെന്നു തോന്നുന്നില്ല.
ഭാഷ്യം:
അര്ജ്ജുനന് തുടര്ന്ന് കൃഷ്ണനോട് പറഞ്ഞു: ഭഗവാന്, നമുക്കു ഇനിയും ഇവിടെ നില്ക്കേണ്ട. ഈ സ്വജനങ്ങളെയെല്ലാം കൊല്ലണമെന്നുവരുമ്പോള് എന്റെ മനസ്സ് ദുര്ബ്ബലമാകുന്നു. വിചാരശൂന്യമായി ഞാന് പലതും പുലമ്പുന്നു.
കൗരവരെ ഞാന് കൊല്ലണമെന്നുണ്ടെങ്കില് പിന്നെ യുധിഷ്ഠിരനെയും മറ്റുള്ളവരെയും കൊന്നാലെന്ത് ഈ കൗരവരും എന്റെ ബന്ധുക്കളാണ്. അതുകൊണ്ട് ഭഗവാനേ, ഈ യുദ്ധാവേശം നശിക്കട്ടെ. ഇതു ശുദ്ധമല്ല. ഞാന് ഇതു ഇഷ്ടപ്പെടുന്നില്ല. അന്യായമായ ഈ പാപം ചെയ്തിട്ട് നാം എന്താണ് നേടുന്നത്? കൃഷ്ണാ, ഞാന് വിപരീതമായ പല ശകുനങ്ങളും കാണുന്നു. സ്വന്തം ആളുകളെ കൊലചെയ്തിട്ട് നന്മയൊന്നും എനിക്ക് തോന്നുന്നില്ല.
**അദ്ധ്യായം ഒന്ന് : അര്ജുനവിഷാദയോഗം**
ശ്ലോകം 32
ന കാംക്ഷേ വിജയം കൃഷ്ണ ,
ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ!
കിം ഭോഗൈര്ജീവിതേന വാ?
ശ്ലോകം 33
യേഷാമര്ത്ഥേ കാംക്ഷിതം നോ
രാജ്യം ഭോഗാഃ സുഖാനി ച
തേ ഇമേവസ്ഥിതാ യുദ്ധേ
പ്രാണാം സ്ത്യക്ത്വാ ധനാനി ച
ശ്ലോകം 34
ആചാര്യാഃ പിതരഃ പുത്രാഃ
തഥൈവ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൗത്രാഃ
സ്യാലാഃ സംബന്ധിനസ്തഥാ.
അര്ത്ഥം:
ഹേ കൃഷ്ണാ, ജയത്തെയോ രാജ്യത്തേയോ സുഖത്തെയോ ഞാന് ഇച്ഛിക്കുന്നില്ല. ഹേ ഗോവിന്ദാ, ഞങ്ങള്ക്ക് രാജ്യം കൊണ്ടാകട്ടെ ജീവിതം കൊണ്ടുതന്നെയാവട്ടെ എന്തൊരു പ്രയോജനമാണ് ഉള്ളത്?
ആര്ക്കുവേണ്ടി രാജ്യഭോഗസുഖങ്ങള് ഞങ്ങള് ആഗ്രഹിച്ചുവോ ആ ആചാര്യന്മാരും പിതാക്കന്മാരും പുത്രന്മാരും അപ്രകാരംതന്നെ പിതാമഹന്മാരും മാതുലന്മാരും ശ്വശുരന്മാരും പൗത്രന്മാരും സ്യാലന്മാരും അങ്ങനെ ബന്ധുക്കളും ഇതാ ജീവവും സ്വത്തും വെടിഞ്ഞു പടക്കളത്തില് വന്നു നില്ക്കുന്നു.
ഭാഷ്യം:
യുദ്ധത്തില് ഞാന് വിജയം കൊതിക്കുന്നില്ല. രാജ്യവും സുഖങ്ങളും ഞാന് കൊതിക്കുന്നില്ല. രാജ്യംകൊണ്ട് എന്ത് ഫലം? സുഖങ്ങള്കൊണ്ടോ ജീവിതംകൊണ്ടോ എന്താണ് ഫലം? സുഖം അനുഭവിക്കുന്നതിനായി എല്ലാവരെയും കൊല്ലണമെങ്കില് എനിക്ക് അങ്ങനെയുള്ള സുഖത്തിനു ആഗ്രഹമില്ല. ആ സുഖത്തിന്റെ സ്ഥാനത്ത് എന്ത് ദുരന്തവും സഹിക്കാന് ഞാന് തയാറാണ്. അതിനുവേണ്ടി ജീവിതം ബലികഴിക്കാന്പോലും എനിക്ക് മടിയില്ല.
എന്നാല്, രാജ്യാനുഭവത്തിന്റെ സുഖം അനുഭവിക്കുന്നതിനു അവരെ കൊല്ലണമെന്ന് സ്വപ്നത്തില്പോലും എനിക്ക് ചിന്തിക്കാന് കഴിയുന്നില്ല. നമ്മുടെ പൂര്വ്വജന്മാരോട് വിദ്വേഷം പുലര്ത്താനാണെങ്കില് നാം എന്തിന് ജനിക്കുകയും ജീവിക്കുകയും ചെയ്യണം? പുത്രന്മാരുണ്ടാകണമെന്നുള്ള ആഗ്രഹം എല്ലാവര്ക്കുമുണ്ട്. ഈ പുത്രന്മാര് സ്വജനങ്ങളെയെല്ലാം നശിപ്പിക്കണമെന്നു അവര് ആഗ്രഹിക്കുന്നുണ്ടോ? ബന്ധുമിത്രാദികളോട് വജ്രഹൃദയന്മാരെപ്പോലെ കഠിനമായി എങ്ങനെ നമുക്കു പെരുമാറാന് കഴിയും?
പ്രത്യുത നമുക്കു ചെയ്യാന് കഴിയുന്ന നന്മ അവര്ക്ക് ചെയ്തുകൊടുക്കണം. നാം സമ്പാദിക്കുന്നത് അവര് അനുഭവിക്കുന്നതിന് ഇടയാകണം. നമ്മുടെ ജീവിതംതന്നെ അവരുടെ താല്പര്യത്തിനായി ചെലവഴിക്കണം. നമ്മുടെ ഗോത്രജന്മാര്ക്കുവേണ്ടി നാം മറ്റുള്ള രാജ്യങ്ങളിലെ രാജാക്കന്മാരെ കീഴടക്കണം.
എന്നാല് എന്തൊരു വിധിവിംഡബനമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്ന് നോക്കുക. നമ്മുടെ സ്വയം ഗോത്രക്കാര്ത്തന്നെ ഭാര്യമാരെയും സന്താനങ്ങളെയും സമ്പത്തിനെയും ഉപേക്ഷിച്ചിട്ട് നമ്മോടു യുദ്ധം ചെയ്യാനെത്തിയിരിക്കുന്നു. ഞാന് എങ്ങനെയാണ് അവരെ കൊള്ളുന്നത്? എന്റെ ജീവനെപ്പോലെ പ്രിയങ്കരമായ അവരെ ഞാന് എങ്ങനെയാണു നശിപ്പിക്കുന്നത്? അവരെ അങ്ങ് അറിയുന്നില്ലേ? നമുക്കു വളരെയേറെ കടപ്പടുകലുള്ള ഭീഷ്മനും ദ്രോണനും അതാ നില്ക്കുന്നു. ഗുരുക്കന്മാര്, പിതാക്കന്മാര്, പുത്രന്മാര്, മുത്തച്ഛന്മാര്, അമ്മാവന്മാര്, ഭാര്യാപിതാക്കന്മാര്, ഭാര്യാസഹോദരന്മാര്, തുടങ്ങിയ മറ്റു പലവിധ ബന്ധങ്ങളും സംസാരിക്കുന്നതുതന്നെ പാപമാണ്.
**അദ്ധ്യായം ഒന്ന് : അര്ജുനവിഷാദയോഗം**
ശ്ലോകം 35
ഏതാന്ന ഹന്തുമിച്ഛാമി
ഘ്നതോപി മധുസൂദന,
അപി ത്രൈലോക്യരാജ്യസ്യ
ഹേതോഃ കിംനു മഹീകൃതേ?
അര്ത്ഥം:
അല്ലയോ മധുസൂദനാ, അവര് എന്നെ കൊല്ലുന്നതായാലും, ത്രൈലോക്യാധിപത്യം കിട്ടുമെന്ന് വന്നാല്പ്പോലും ഞാന് അവരെ കൊല്ലാന് ഇച്ചിക്കുന്നില്ല. പിന്നെയാണോ ഈ അല്പഭൂമിക്കുവേണ്ടി?
ഭാഷ്യം:
അല്ലയോ മധുസൂദനാ, എന്നെ കൊല്ലാന് നില്ക്കുന്നവരാണെങ്കില്കൂടി ഇവരെ മുപ്പാരിലുമുള്ള സാമ്രാജ്യാധിപത്യത്തിനുവേണ്ടിപ്പോലും കൊല്ലാന് ഞാന് ആഗ്രഹിക്കുന്നില്ല; ഭൂമിയുടെ ആധിപത്യത്തിനുവേണ്ടി പിന്നെ പറയാനുണ്ടോ? അവര് വഴിവിട്ടു പ്രവര്ത്തിക്കട്ടെ. നമ്മെ വധിക്കട്ടെ. എങ്കിലും അവരെ നശിപ്പിക്കുന്നതിനു മനസ്സാപോലും ഞാന് ആഗ്രഹിക്കുന്നില്ല. അവരെ നിഗ്രഹിച്ചാല് മറ്റുള്ളവര് എങ്ങനെ നമ്മെ ബഹുമാനിക്കും? ഞങ്ങള് എങ്ങനെ അങ്ങയുടെ മുഖത്ത് നോക്കും? ഓ, അനന്താ, പറയൂ.
**അദ്ധ്യായം ഒന്ന് : അര്ജുനവിഷാദയോഗം**
ശ്ലോകം 36
നിഹത്യ ധാര്ത്തരാഷ്ട്രാന് നഃ
കാ പ്രീതിഃ സ്യാജ്ജനാര്ദ്ദന,
പാപമേവാശ്രയേദസ്മാന്
ഹത്വൈതാനാതതായിനഃ
അര്ത്ഥം:
ഹേ കൃഷ്ണാ,
കൗരവരെ കൊന്നിട്ട് ഞങ്ങള്ക്ക് എന്ത് സന്തോഷമാണുണ്ടാവുക? വധാര്ഹന്മാര് തന്നെയാണെങ്കിലും ഇവരെ കൊന്നാല് ഞങ്ങളെ പാപംതന്നെ ബാധിക്കും.
ഭാഷ്യം:
ജനാര്ദ്ദനാ,
കൗരവന്മാരെ കൊല്ലുന്നതുകൊണ്ട് എന്താനന്ദമാണ് നമുക്ക് ലഭിക്കുന്നത്? ശത്രുക്കളാണെങ്കിലും ഇവരെ കൊന്നാല് നമ്മുടെ പാപം പുഷ്ടമായിത്തീരുകയേയുള്ളൂ. സ്വജനങ്ങളെ കൊന്നാല് ഞാന് കളങ്കത്തിന്റെ കൂത്തരങ്ങായി മാറും. അപ്പോള് എനിക്ക് അങ്ങയുടെ ആനന്ദദായകമായ സഹവാസം ഇല്ലാതെയാകും. വളപ്പിനു തീപിടിച്ചാല് പിന്നീട് ഒരു നിമിഷംപോലും കോകിലം അവിടെ തങ്ങുകയില്ല. ചെളിനിറഞ്ഞ തടാകം ചകോരപ്പക്ഷി ഉപേക്ഷിച്ചു പറന്നുപോകും. അതുപോലെ എന്റെ സദ്ഗുണങ്ങള് ഇല്ലാതായാല് പിന്നെ അങ്ങ് ഞങ്ങളെ വെറുക്കുകയും കൈവെടിയുകയും ചെയ്യും.
**അദ്ധ്യായം ഒന്ന് : അര്ജുനവിഷാദയോഗം**
ശ്ലോകം 37
തസ്മാന്നാര്ഹാ വയം ഹന്തും
ധാര്ത്തരാഷ്ട്രാന് സ്വബാന്ധവാന്
സ്വജനം ഹി കഥം ഹത്വാ
സുഖിനഃ സ്യാമ മാധവ.
അര്ത്ഥം:
അതുകൊണ്ട് ഞങ്ങള് സ്വബന്ധുക്കളായ കൗരവരെ കൊല്ലാന്
പാടില്ല. ഹേ കൃഷ്ണാ, എന്തെന്നാല്, സ്വജനത്തെ കൊന്നിട്ട്
എങ്ങനെ ഞങ്ങള് സുഖികളായിത്തീരും?
ഭാഷ്യം:
ആകയാല് അല്ലയോ മാധവാ, നമ്മള് ധൃതരാഷ്ട്രപുത്രന്മാരായ
ബന്ധുക്കളെ കൊള്ളുന്നത് ശരിയല്ല. സ്വന്തം ആളുകളെ
കൊന്നിട്ട് എങ്ങനെയാണ് സുഖികളായിത്തീരുന്നത്?
അതുകൊണ്ട് ഈ യുദ്ധത്തില് ഞാന് ആയുധം കൈയില്
എടുക്കുകയില്ല. അത് ഏറ്റവും അസംബന്ധമാണെന്ന് എനിക്ക്
തോന്നുന്നു. യുദ്ധത്തിനുശേഷം ഒന്നും ശേഷിക്കുകയില്ല.
ഞങ്ങള്ക്ക് അങ്ങയും നഷ്ടപ്പെടും. അത് ഞങ്ങളെ നിത്യദുഖത്തില്
ആഴ്ത്തും. തന്മൂലം കൗരവരെ കൊന്നു ഞങ്ങള്
അവശേഷിക്കുകയും ആണ്ടണ്ടിക്കുംയും ചെയ്യുകയെന്നുള്ളത്
നിശ്ചയമായും സംഭവിക്കുകയില്ല..
**അദ്ധ്യായം ഒന്ന് : അര്ജുനവിഷാദയോഗം**
ശ്ലോകം 38
യദ്യപ്യേതേ ന പശ്യന്തി
ലോഭോപഹതചേതസഃ
കുലക്ഷയകൃതം ദോഷം
മിത്രദ്രോഹേ ച പാതകം.
ശ്ലോകം 39
കഥം ന ജ്ഞേയമസ്മാഭിഃ
പാപാദസ്മാന്നിവര്ത്തിതും
കുലക്ഷയകൃതം ദോഷം
പ്രപശ്യദ്ഭിര്ജ്ജനാര്ദ്ദന.
അര്ത്ഥം:
ലോഭംകൊണ്ട് വിവേകശൂന്യമായ മനസ്സോടുകൂടിയ ദുര്യോധനാദികള് കുലക്ഷയംകൊണ്ടുണ്ടാകുന്ന ദോഷത്തെയും ബന്ധുദ്രോഹത്താലുള്ള പാപത്തെയും അറിയുന്നില്ലെങ്കിലും കുലക്ഷയംകൊണ്ടുണ്ടാക്കുന്ന ദോഷത്തെ അറിയുന്ന ഞങ്ങള് ഈ പാപത്തില്നിന്നു പിന്മാറേണ്ടതാണെന്ന് എങ്ങനെ അറിയപ്പെടാതിരിക്കും?
ഭാഷ്യം:
അമിതമായ ദ്രവ്യാഗ്രഹംകൊണ്ട് ഇരുണ്ട മനസ്സോടുകൂടിയ ദുര്യോധനാദികള്, കുലക്ഷയംകൊണ്ടുണ്ടാകുന്ന ദോഷത്തെയും മിത്രങ്ങളെ ദ്രോഹിക്കുന്നതുകൊണ്ടുണ്ടാകുന്ന പാതകത്തെയും കാണുന്നില്ലെങ്കിലും, കുലക്ഷയംകൊണ്ടുണ്ടാകുന്ന ദോഷം വ്യക്തമായി മനസ്സിലാക്കുന്ന നാം ഈ പാപത്തില്നിന്ന് പിന്വാങ്ങാതിരിക്കുന്നത് എങ്ങനെയാണ്? അഹങ്കാരത്തിന്റെ മത്തുപിടിച്ച കൗരവര് നമ്മോടു യുദ്ധത്തിനു തയ്യാറായിരിക്കുന്നെങ്കിലും നമ്മുടെ നന്മ ഏതില് സ്ഥിതിചെയ്യുന്നുവെന്ന് നാം മനസ്സിലാക്കണം. നമ്മുടെ ബന്ധുക്കളെ നമുക്ക് എങ്ങാന് കൊല്ലാന് കഴിയും? വിഷമാണെന്ന് അറിഞ്ഞാല് പിന്നെ അതെങ്ങനെ കുടിക്കും?
ഒരുവന്റെ വഴിയില് യാദൃശ്ചികമായി ഒരു സിംഹത്തെ കണ്ടാല് വഴിമാറി പോകുന്നതാണ് അഭിലഷണീയം. നമ്മുടെ കൈവശമുള്ള വെളിച്ചം ഉപേക്ഷിച്ചിട്ട് ഇരുട്ടത്ത് പോയിരുന്നാല് എന്ത് പ്രയോജനമാണ് നമുക്ക് സിദ്ധിക്കുക? നമ്മുടെ മുന്നില് അഗ്നിബാധ ഉണ്ടാകുമ്പോള് ഒഴിഞ്ഞുമാറിയില്ലെങ്കില് നിമിഷങ്ങള്ക്കകം അത് നമ്മെ വിഴുങ്ങിക്കളയും. എന്നതുപോലെ ഈ ദുഷ്കൃത്യങ്ങളൊക്കെ നമ്മെ ബാധിക്കുമെന്നറിഞ്ഞുകൊണ്ട് നാം എങ്ങനെ യുദ്ധത്തിനു തയാറാകും?
**അദ്ധ്യായം ഒന്ന് : അര്ജുനവിഷാദയോഗം**
ശ്ലോകം 40
കുലക്ഷയേ പ്രണശ്യന്തി
കുലധര്മ്മാഃ സനാതനാഃ
ധര്മ്മേ നഷ്ടേ കുലം കൃത്സ്നം
അധര്മ്മോഭിഭവത്യുതഃ
അര്ത്ഥം:
കുലനാശം വന്നാല് സനാതനമായ കുലധര്മ്മങ്ങള് നശിച്ചുപോകും. ധര്മ്മം നശിക്കുമ്പോള് നിശ്ചയമായും കുലത്തെ മുഴുവനും അധര്മ്മം ബാധിക്കും.
ഭാഷ്യം:
ഭഗവാനേ, കേട്ടാലും. ഈ പാപങ്ങളുടെ വലിപ്പം എത്രത്തോളമുണ്ടെന്നു ഞാന് പറയാം. കുലം ക്ഷയിച്ചാല് പരമ്പരയായി നിലനിന്നുവരുന്ന കുലാചാരങ്ങള്ക്ക് അതിയായ ഹാനി തട്ടും. കുലാചാരം നശിച്ചാല് കുലം മുഴുവനും അധര്മ്മം ബാധിച്ചു ദുഖിക്കാന് ഇടവരും.
മരക്കഷണങ്ങള് കൂട്ടിയുരച്ചാണ് അഗ്നി ജ്വലിപ്പിക്കുന്നത്. ആ അഗ്നി എല്ലാ മരങ്ങളെയും നശിപ്പിക്കുന്നു. അതുപോലെ ദ്രോഹചിന്തമൂലം ഒരു കുലത്തില്പ്പെട്ട ആളുകള് പരസ്പരം കൊല്ലുന്നതിനു തുനിഞ്ഞാല് അത് വലിയ പാപത്തിനു ഇടയാവുകയും, ആ പാപം കുലത്തെ മുഴുവന് കരിച്ചുകളയുകയും ചെയ്യുന്നു.
**അദ്ധ്യായം ഒന്ന് : അര്ജുനവിഷാദയോഗം**
ശ്ലോകം 41
അധര്മ്മാഭിഭവാലത് കൃഷ്ണ,
പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാഷു വാര്ഷ്ണേയ
ജായതേ വര്ണ്ണസങ്കരഃ
അര്ത്ഥം:
അല്ലയോ കൃഷ്ണാ, അധര്മ്മം ബാധിച്ചാല് കുലസ്ത്രീകള് ദോഷപ്പെടുന്നു. അല്ലയോ വൃഷ്ണിവംശജ, സ്ത്രീകള് ദോഷപ്പെട്ടാല് ജാതിസങ്കരം ഉണ്ടാകുന്നു.
ഭാഷ്യം:
കൃഷ്ണാ, അധര്മ്മങ്ങള് കടന്നുകൂടി ദുഷിച്ചാല് കുലത്തിലെ സ്ത്രീകള് പതിക്കാന് ഇടവരുന്നു. അല്ലയോ വൃഷ്ണിവംശജനായ കൃഷ്ണാ, സ്ത്രീകള് പതിച്ചാല് അതോടെ വര്ണ്ണസങ്കരം ഭവിക്കുന്നു. അങ്ങനെ വരുമ്പോള് ധര്മ്മാചരണങ്ങളും ശരിയായ പെരുമാറ്റവും മറ്റും നമ്മില്നിന്ന് അകന്നുമാറുന്നു. കൈയിലിരിക്കുന്ന വിളക്ക് അണച്ചിട്ട് അന്ധകാരത്തില് കൂടി നടന്നാല് സമതലത്തിലാണെങ്കില്പ്പോലും വഴുതി വീഴാന് ഇടയാകുന്നതുപോലെയാണത്.
കുലം നശിപ്പിക്കുമ്പോള് പൗരാണികമായ ആചാര്യങ്ങളും നശിക്കും. മനോനിയന്ത്രണമില്ലാതെ ഇന്ദ്രിയങ്ങള് സ്വച്ഛമായി പ്രവര്ത്തിച്ചു തുടങ്ങുമ്പോള് കുലസ്ത്രീകള്പോലും കുലടകളായിമാറും. അപ്പോള് ഉന്നതകുലജാതര് താണവരുമായി ഇടപഴുകും. കുലങ്ങളുടെ മിശ്രീകരണംകൊണ്ട് കുലധര്മ്മങ്ങള്ക്ക് ച്യുതി സംഭവിക്കും. തുറന്നസ്ഥലത്ത് വയ്ക്കുന്ന ബലിപിണ്ഡം തിന്നാന് കാക്കകള് ഇരച്ചു കയറുന്നതുപോലെ ധര്മ്മലോപം വന്ന കുലങ്ങളില് ദുഷ്കൃതങ്ങള് ഇരച്ചു കയറും.
**അദ്ധ്യായം ഒന്ന് : അര്ജുനവിഷാദയോഗം**
ശ്ലോകം 42
സങ്കരോ നരകായൈവ
കുലഘ്നാനാം കുലസ്യ ച
പതന്തി പിതരോ ഹ്യേഷാം
ലുപ്തപിണ്ഡോദകക്രിയാഃ
അര്ത്ഥം:
വര്ണ്ണസങ്കരം കുലനാശം വരുത്തുന്നവര്ക്കും കുലത്തിനും നരകഹേതുവായി ഭവിക്കുന്നു. എന്തുകൊണ്ടെന്നാല് കുലഘ്നന്മാരുടെ പിതൃക്കള് പിണ്ഡോദകക്രിയകള് ഇല്ലാതെ പതിച്ചുപോകുന്നു.
ഭാഷ്യം;
സങ്കരം കുലത്തെ നശിപ്പിക്കുന്നവരെയും കുലത്തിലെ ഭാവിസന്താനങ്ങളെയും നരകത്തില് എത്തിക്കും. സ്വര്ഗ്ഗത്തില് എത്തിയിട്ടുള്ള പൂര്വ്വികന്മാര്ക്ക് തിലോദകം തുടങ്ങിയ പിതൃപൂജകളൊന്നും ലഭിക്കാതെവരും. തന്മൂലം അവരും പിതൃലോകത്തുനിന്ന് നരകത്തിലേക്ക് പതിക്കും. അപ്പോള് അവര് സ്വര്ഗ്ഗത്തില് തുടരാന് കഴിയാതെ കുലത്തിലേക്ക് മടങ്ങിയെത്തേണ്ടിവരും. കാലില് പാമ്പുകടിയേറ്റാലും വിഷം ശരീരമൊട്ടാകെ വ്യാപിച്ചു തല്ക്ഷണം ശിരസ്സിലെത്തുന്നതുപോലെ സ്വജനങ്ങളെ കൊല്ലുന്നതു കൊണ്ടുണ്ടാകുന്ന പാപം കുലത്തെയൊട്ടാകെ
**അദ്ധ്യായം ഒന്ന് : അര്ജുനവിഷാദയോഗം**
ശ്ലോകം 43
ദോഷൈരേതൈഃ കുലഘ്നാനാം
വര്ണ്ണസങ്കരകാരകൈഃ
ഉത്സാദ്യന്തേ ജാതിധര്മ്മാഃ
കുലധര്മ്മാശ്ച ശാശ്വതാഃ
ശ്ലോകം 44
ഉത്സന്നകുലധര്മ്മാണാം
മനുഷ്യാണാം ജനാര്ദ്ദന!
നരകേ നിയതം വാസഃ
ഭവതീത്യനുശുശ്രുമ
ശ്ലോകം 45
അഹോ ബത മഹത്പാപം
കര്ത്തും വ്യവസിതാ വയം
യദ്രാജ്യസുഖലോഭേന
ഹന്തും സ്വജനമുദ്യതാഃ
അര്ത്ഥം:
കുലനാശകരുടെ വര്ണ്ണസങ്കരമുണ്ടാക്കുന്നതായ ഈ ദോഷങ്ങളാല് അനാദിയായ ജാതിധര്മ്മങ്ങളും കുലധര്മ്മങ്ങളും നശിച്ചുപോകുന്നു. അല്ലയോ ജനാര്ദ്ദനാ, കുലധര്മ്മങ്ങള് നശിച്ചുപോയിരിക്കുന്ന മനുഷ്യര്ക്ക് നരകത്തിലാണ് എന്നും വാസമെന്ന് ഞങ്ങള് കേട്ടിട്ടുണ്ട്, ഞങ്ങള് രാജ്യസുഖേച്ഛകൊണ്ട് ബന്ധുജനങ്ങളെ കൊല്ലുവാന് തുനിഞ്ഞവരാകയാല് മഹാപാപത്തെ ചെയ്യുവാനൊരുങ്ങുന്നു. അയ്യോ! ഇതെന്തൊരു മഹാകഷ്ടമാണ്.
ഭാഷ്യം:
അര്ജ്ജുനന് തുടര്ന്നു: വര്ണ്ണമിശ്രംകൊണ്ടു കുലത്തെ നശിപ്പിക്കുന്ന കുലദ്രോഹികളുടെ ദുഷ്കൃതം നിമിത്തം ചിരകാലമായി നിന്നുപോരുന്ന ജാത്യാചാരങ്ങളും കുലാചാരങ്ങളും നശിച്ചുപോകുന്നു. നഷ്ടപ്പെട്ട കുലാചാരങ്ങലോടുകൂടിയ മനുഷ്യര് എല്ലായ്പോഴും നരകത്തില് വസിക്കാന് ഇടയാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. രാജ്യത്തിലും സുഖത്തിലും ഉള്ള അതിമോഹം നിമിത്തം നാം സ്വന്തം ആളുകളെ യുദ്ധത്തില് കൊല്ലാന് ഒരുമ്പെട്ടത് വലിയ പാപം ചെയ്യാനുള്ള ഉദ്യമം തന്നെയാണ്. അത് മഹാകഷ്ടമായിപ്പോയി.
ബന്ധുക്കളുടെ കൊലകൊണ്ട് മറ്റൊരു ഗുരുതരമായ പാപംകൂടി ചെയ്യാന് ഇടയാകുന്നു. പാപകരമായ ആചാരദൂഷണം പരമ്പരാഗതമായ സംസ്കാരങ്ങളും ആചാരങ്ങളും ധ്വംസനം ചെയ്യപ്പെടുന്നു. ഒരുവന്റെ വീട്ടിലുണ്ടാകുന്ന അഗ്നിബാധ മറ്റുള്ള വീടുകളിലേക്കുകൂടി വ്യാപിച്ച് അവയേയും നശിപ്പിക്കുന്നതുപോലെ, കുലനാശം വന്ന കുലങ്ങലുമായിട്ടുള്ള ബന്ധം ബന്ധപ്പെട്ട കുലങ്ങളെയും നശിപ്പിക്കും. അവിടത്തെ സന്തതികള് നിത്യനരകത്തില്പ്പെട്ടുഴലും. അവര്ക്ക് അതില്നിന്നു യാതൊരു മോചനമാര്ഗ്ഗവുമില്ല.
അല്ലയോ ചക്രപാണീ! എന്റെ ജല്പ്പനങ്ങള് അങ്ങില് ഒരു പ്രതികരണവും ഉണ്ടാക്കാത്തതെന്തേ? അങ്ങയുടെ ഹൃദയം വജ്രത്തിനോപ്പം കാഠിന്യമുള്ളതോ? രാജ്യവും സുഖഭോഗങ്ങളുമെല്ലാം ക്ഷണികങ്ങളല്ലേ? അതറിഞ്ഞുകൊണ്ട് ബന്ധുക്കളെ കൊല്ലുന്ന തെറ്റായ കാര്യം ഒഴിവാക്കുകയല്ലേ ഞാന് ചെയ്യേണ്ടത്? എന്റെ അഗ്രജന്മാരായ ഇവരെ കൊല്ലണമെന്ന ഉദ്ദേശത്തോടെ നോക്കിയതുതന്നെ തികച്ചും മതിയായ പാപമല്ലേ?
**അദ്ധ്യായം ഒന്ന് : അര്ജുനവിഷാദയോഗം**
ശ്ലോകം 46
യദി മാമപ്രതീകാരം
അശസ്ത്രം ശസ്ത്രപാണയഃ
ധാര്ത്തരാഷ്ട്രാഃ രണേ ഹന്യുഃ
തന്മേ ക്ഷേമതരം ഭവേത്
അര്ത്ഥം:
ആയുധം ധരിച്ചിരിക്കുന്ന ദുര്യോധനാദികള് ആയുധമില്ലാത്തവനും എതിര്ക്കാത്തവനുമായ എന്നെ യുദ്ധത്തില് കൊല്ലുന്നുവെങ്കില് അത് എനിക്ക് കൂടുതല് ക്ഷേമകരമായിരിക്കും.
ഭാഷ്യം:
അര്ജ്ജുനന് വീണ്ടും പറയുകയാണ്: ആയുധധാരികളായ ധൃതരാഷ്ട്രപുത്രന്മാര് നിരായുധനും ചെറുത്തു നില്ക്കാത്തവനുമായ എന്നെ യുദ്ധത്തില് കൊല്ലുന്നുവെങ്കില് അതായിരിക്കും എനിക്ക് ഏറ്റവും നല്ലത്. ഇപ്രകാരം ജീവിക്കുന്നതിനേക്കാള് ആയുധം ഉപേക്ഷിച്ച് കൗരവരുടെ ആക്രമണത്തിനു വിധേയമായി മരിക്കുന്നതാണ് ഭേദമെന്ന് ഞാന് കരുതുന്നു. ബന്ധുക്കളെ കൊന്ന് പാപം വരുത്തി വയ്ക്കാന് ഞാന് ഇഷ്ടപ്പെടുന്നില്ല. സ്വജങ്ങളെ കൊന്ന് അനുഭവിക്കുന്ന രാജ്യസുഖം നരകയാതനയ്ക്ക് തുല്യമാണ്
**അദ്ധ്യായം ഒന്ന് : അര്ജുനവിഷാദയോഗം**
ശ്ലോകം 47
സഞ്ജയ ഉവാച:
ഏവമുക്ത്വാര്ജ്ജുനഃ സംഖ്യേ
രഥോപസ്ഥ ഉപാവിശത്
വിസൃജ്യ സശരം ചാപം
ശോകസംവിഗ്നമാനസഃ
അര്ത്ഥം:
അര്ജ്ജുനന് ഇപ്രകാരം പറഞ്ഞ് വ്യസനംകൊണ്ട് ചഞ്ചലമാനസനായിട്ട് യുദ്ധമദ്ധ്യത്തില്വെച്ച് വില്ലും ശരവും താഴെയിട്ടു തേരില് ഇരുന്നു.
ഭാഷ്യം:
സഞ്ജയന് പറഞ്ഞു: ധൃതരാഷ്ട്രരാജാവേ, കേള്ക്കുക. അര്ജ്ജുനന്റെ മനസ്സ് വല്ലാതെ ക്ഷോഭിച്ചു. തീവ്രമായ വിഷാദം അവനെ ബാധിച്ചു. അവന് തേരിനു പുറത്തേക്കു ചാടി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഒരു രാജകുമാരന് അപഹാസ്യപാത്രമാകുന്നതുപോലെ, ഗ്രഹണസമയത്ത് അംശുമാന്റെ ആഭ അസ്തപ്രഭമാകുന്നതുപോലെ, മായാമോഹിതനാകുന്ന സന്ന്യാസി തപശക്തി നഷ്ടപ്പെട്ടു നിസ്സാരനും നിന്ദിതനുമായിത്തീരുന്നതുപോലെ, രഥത്തിനു പുറത്തിറങ്ങിയ പാര്ത്ഥന് ദുഃഖപരവശനായി കാണപ്പെട്ടു. അവന് അമ്പും വില്ലും താഴെയിട്ടു. അവന്റെ കണ്ണുകള് നിറഞ്ഞൊഴുകി.
ശോകത്തില് മുഴുകിയ അര്ജ്ജുനന് വൈകുണ്ഠേശ്വരനായ ഭഗവാന് വിജ്ഞാനം വെളിപ്പെടുത്തികൊടുക്കുന്നതാണ്. വാചാലമായ ഈ കഥ കേള്ക്കുന്നതും ആനന്ദകരമാണ്. നിവൃത്തിനാഥിന്റെ ശിഷ്യനായ ജ്ഞാനദേവന് അത് വിവരിക്കുന്നതായിരിക്കും. അത്യന്തം താല്പര്യത്തോടും ജിജ്ഞാസയോടുംകൂടി അത് ശ്രദ്ധിക്കുക.
ജ്ഞാനേശ്വരന് പറഞ്ഞു:
ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്ജ്ജുനസംവാദേ
അര്ജ്ജുനവിഷാദയോഗോ നാമ
പ്രഥമോദ്ധ്യായഃ
അര്ജ്ജുനവിഷാദയോഗം എന്ന ഒന്നാം അദ്ധ്യായം കഴിഞ്ഞു.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment