ഞാനെന്ന് ചിന്തിക്കുമ്പോൾ തന്നെ ഈ ലോകത്തിലെ ഒരു ശരീരമാണല്ലോ ഇപ്പോൾ മനസ്സിലേക്ക് വരുന്നത്!
എന്നാൽ ഞാൻ എന്നത് ഒരു ശരീരത്തിന്റെ പേരല്ല. ശരീരത്തേയും അതുൾപ്പെടുന്ന ലോകത്തേയും അറിയുന്ന ബോധമാണ് 'ഞാൻ'.
ഇതു് നന്നായി മനനം ചെയ്തുറപ്പിക്കണം . ഞാൻ അറിയുന്നതൊന്നും 'ഞാൻ ' ആകുക വയ്യ. അതിനാൽ ഇതുവരെ മനസ്സിലാക്കിയിട്ടുള്ള ഒന്നും ഞാൻ അല്ല. 'ഞാൻ' എന്തെന്ന് മനസ്സിലാക്കാനും കഴിയില്ല. കാരണം മനസ്സു തന്നെ എന്നിലാണ്. പൂർണ്ണത്തെ അംശം കൊണ്ട് അളക്കുന്നതെങ്ങിനെ?
അതിനാൽ ഞാൻ ആരാണെന്ന് മനസ്സിലാക്കുന്നതിനു പകരം ഞാൻ ആരല്ലെന്ന് മനസ്സിലാക്കിയാൽ മതി.
ശരീരത്തെ ഞാൻ അറിയുന്നു. അതിനാൽ ഞാൻ ശരീരമല്ല.
മനസ്സിനെ - ചിന്തകളെ - ഞാനറിയുന്നു. അതിനാൽ മനസ്സു ഞാനല്ല. ഇങ്ങനെ അറിയുന്നതിനെയെല്ലാം തള്ളിക്കളഞ്ഞാൽ അവശേഷിക്കുന്നതാണു് 'ഞാൻ '.
എല്ലാത്തിനേയും അറിയുന്നതുകൊണ്ട് ഞാൻ അറിവാണെന്ന് ഊഹിക്കാം. എന്നാൽ എന്താണീ അറിവിന്റെ പ്രകൃതമെന്നു് അനുഭവിച്ചറിയണം. അതിന് ഞാനല്ലാത്തതിനെയെല്ലാം തള്ളി കളഞ്ഞാൽ മാത്രം മതി. ആനന്ദ ഘന രൂപമായ 'ഞാൻ' സ്വയം അനുഭവപ്പെട്ടുകൊള്ളും.
അത് നമ്മുടെ പ്രകൃതമല്ലേ? അതിനെ നേടിയെടുക്കേണ്ടതില്ല.
ഞാൻ ശരീരവും മനസ്സും അല്ലെന്നറിയുകയും അവയുടെ പ്രശ്നങ്ങൾ എന്റെ പ്രശ്നങ്ങളാണെന്ന തെറ്റിദ്ധാരണ നീക്കുകയും ചെയ്താൽ മതി.
ഓരോ ദിവസവും നാം ജാഗ്രത് ,സ്വപനം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളിലൂടെ കടന്നുപോകുന്നു. ജാഗ്രത്തിൽ നാം ഒരു സ്ഥൂല ശരീരവും ആയി താതാത്മ്യം പ്രാപിക്കുകയും ഒരു സ്ഥൂല ലോകത്തെ അനുഭവിക്കുന്നതായി കാണുകയും ചെയ്യുന്നു. സ്വപ്നത്തിൽ ഒരു സൂക്ഷ്മ ശരീരവും ആയി താതാത്മ്യം പ്രാപിച്ച് ഒരു സൂക്ഷ്മ ലോകം അനുഭവിക്കുന്നതായി കാണുന്നു. സുഷുപ്തിയിലാകട്ടെ ഒരു ശരീരവുമായി താതാത്മ്യം പ്രാപിക്കുന്നില്ല. അപ്പോൾ ലോകത്തേയും അനുഭവിക്കുന്നില്ല.
ജാഗ്രത്തിൽ സത്യം ബോദ്ധ്യപ്പെട്ട് 'ഞാൻ' എന്ന നിർവികാരനായ സാക്ഷിയുടെ തലത്തിലേക്ക് ഉയർന്നാൽ സ്വപ്നാവസ്ഥയിലും സുഷുപ്തിയിലും അവയ്ക്കതീതമായ സാക്ഷിയായി തന്നെ നില്ക്കുവാനാകും.
അതിനാൽ ഞാൻ സ്ഥൂലമോ സൂക്ഷ്മമോ ആയ ശരീരങ്ങളോ മനസ്സോ അല്ലെന്നു് ബുദ്ധികൊണ്ടറിഞ്ഞു് അവയെ തള്ളിക്കളഞ്ഞിട്ട് ബുദ്ധിക്കും അതീതമായ ബോധതലത്തിൽ നില്ക്കണം. അതിനു പ്രയത്നം ആവശ്യമില്ല .
ശരീരവും മനസ്സും തനിക്കുള്ളിൽ ഭ്രമ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നവയാണെന്നു് അറിഞ്ഞിട്ട് അവയെ നിർവികാരമായി നോക്കി നിന്നാൽ മതി. ഈ നിർവികാരത തന്നെയാണ് ജ്ഞാനം
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment